ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച, ആറ് വിക്കറ്റ് നഷ്ടം

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയ്ക്കെതിരെ ബംഗാളിന് ബാറ്റിംഗ് തകര്‍ച്ച. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി സൗരാഷ്ട്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 78/6 എന്ന നിലയിലാണ് ബംഗാള്‍.

ജയ്ദേവ് ഉനഡ്കടും ചേതന്‍ സക്കറിയയും അടങ്ങുന്ന സൗരാഷ്ട്രയുടെ മുന്‍ നിര ബൗളര്‍മാര്‍ ബംഗാളിനെ തകര്‍ത്തെറിയുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഓവറിൽ തന്നെ അഭിമന്യു ഈശ്വരനെ ഉനഡ്കട് പുറത്താക്കിയപ്പോള്‍ സാമന്ത് ഗുപ്തയെയും സുദീപ് കുമാര്‍ ഗരാമിയെയും പുറത്താക്കി ചേതന്‍ സക്കറിയ ബംഗാളിനെ 2/3 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മനോജ് തിവാരിയെ ജയ്ദേവ് പുറത്താക്കിയപ്പോള്‍ ബംഗാള്‍ 17/4 എന്ന നിലയിലായിരുന്നു. 16 റൺസ് നേടിയ അനുസ്തൂപ് മജൂംദാറിനെ ചിരാഗ് ജനി പുറത്താക്കിയപ്പോള്‍ ബംഗാള്‍ 34/5 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി.

പിന്നീട് ആകാശ് ഘടക് – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 31 റൺസ് നേടിയാണ് ബംഗാളിന്റെ ചെറുത്ത്നില്പ് നടത്തിയതെങ്കിലും ആകാശിനെ പുറത്താക്കി ചേതന്‍ സക്കറിയ കൂട്ടുകെട്ട് തകര്‍ത്തു. 17 റൺസാണ് ആകാശ് നേടിയത്.

26 റൺസുമായി ഷഹ്ബാസ് അഹമ്മദും 5 റൺസ് നേടി അഭിഷേക് പോറലുമാണ് ക്രീസിലുള്ളത്.

 

ബംഗാളും സൗരാഷ്ട്രയും രഞ്ജി ട്രോഫി ഫൈനലിൽ

രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയും ബെംഗാളും ഫൈനലിൽ. ഇന്ന് സെമി ഫൈനലുകൾ വിജയിച്ചു കൊണ്ട് ആണ് ഇരു ടീമുകളും ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ മധ്യപ്രദേശിനെ 306 റൺസിന് പരാജയപ്പെടുത്തിയാണ് ബംഗാൾ ഫൈനലിലേക്ക് എത്തിയത്‌. മധ്യപ്രദേശിന്റെ രണ്ടാം ഇന്നിങ്സ് 241 റൺസിന് അവസാനിച്ചു. പ്രദിപ്ത പ്രമാണിക് ബെംഗാളിനായി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ബംഗാൾ ആദ്യ ഇന്നിങ്സിൽ 438 റൺസും രണ്ടാം ഇന്നിങ്സിൽ 279 റൺസും എടുത്തിരുന്നു‌. മധ്യപ്രദേശിന്റെ ഇന്നിങ്സുകൾ 170 റൺസിനും 241നും അവസാനിച്ചിരുന്നു.

നാലു വിക്കറ്റിന് കർണാടകയെ തോൽപ്പിച്ച് ആണ് സൗരാഷ്ട്ര ഫൈനലിലേക്ക് മുന്നേറിയത്. കർണാടക ഉയർത്തിയ 117 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര ആറു വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിച്ചു. കർണാടക ആദ്യ ഇന്നിങ്സിൽ 407 റൺസ് എടുത്തു. സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 527 റൺസ് എടുത്തു ലീഡ് നേടി.
രണ്ടാം ഇന്നിങ്സിൽ കർണാടകയുടെ ഇന്നിങ്സ് 234ൽ അവസാനിച്ചു.

തകര്‍ന്നടിഞ്ഞ കര്‍ണ്ണാടകയെ രക്ഷിച്ച് ആറാം വിക്കറ്റ് കൂട്ടുകെട്ട്

ക്യാപ്റ്റന്‍ മയാംഗ് അഗര്‍വാളിന്റെ ശതകത്തിന്റെ ബലത്തിൽ സൗരാഷ്ട്രയ്ക്കെതിരെ കര്‍ണ്ണാടക പൊരുതുന്നു. ഇന്ന് രഞ്ജി സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ കര്‍ണ്ണാടക 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയത്.

112/5 എന്ന നിലയിലേക്ക് വീണ കര്‍ണ്ണാടകയെ മയാംഗ് അഗര്‍വാള്‍ – ശ്രീനിവാസ് ശരത് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 117 റൺസുമായി തിളങ്ങിയാണ് ഒന്നാം ദിവസം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിച്ചത്.

110 റൺസുമായി മയാംഗും 58 റൺസുമായി ശ്രീനിവാസും ക്രീസിൽ നിൽക്കുകയാണ്. സൗരാഷ്ട്രയ്ക്കായി കുശാംഗ് പട്ടേൽ രണ്ട് വിക്കറ്റ് നേടി.

രഞ്ജി സെമി ഫൈനലുകള്‍ ഇന്ന്

2022-23 സീസൺ രഞ്ജി ട്രോഫി സെമി ഫൈനലുകള്‍ ഇന്ന് നടക്കും. ആദ്യ സെമിയിൽ ബംഗാളും മധ്യ പ്രദേശും ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ കര്‍ണ്ണാടക സൗരാഷ്ട്രയെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗാള്‍ ജാര്‍ഖണ്ഡിനെയും മധ്യ പ്രദേശ് ആന്ധ്രയെയും പരാജയപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്ര പഞ്ചാബിനെ മറികടന്നും കര്‍ണ്ണാടക ഉത്തരാഖണ്ഡിനെതിരെ കൂറ്റന്‍ വിജയവും നേടിയാണ് സെമി ഉറപ്പാക്കിയത്.

ഫെബ്രുവരി 16ന് ആണ് ഫൈനൽ മത്സരം നടക്കുന്നത്. വേദി നിശ്ചയിച്ചിട്ടില്ല.

രഞ്ജി ട്രോഫി സെമി ലൈനപ്പ് അറിയാം

രഞ്ജി ട്രോഫിയുടെ സെമി ലൈനപ്പ് തയ്യാറായി. ആദ്യ സെമിയിൽ മധ്യ പ്രദേശും ബംഗാളും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയിൽ കര്‍ണ്ണാടകയ്ക്ക് എതിരാളികള്‍ സൗരാഷ്ട്രയാണ്. ആദ്യ ക്വാര്‍ട്ടറിൽ ബംഗാള്‍ ജാര്‍ഖണ്ഡിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോള്‍ സൗരാഷ്ട്ര പഞ്ചാബിനെതിരെ 71 റൺസ് വിജയം ആണ് നേടിയത്.

മൂന്നാം ക്വാര്‍ട്ടറിൽ ഉത്തരാഖണ്ഡിനെതിരെ ഒരിന്നിംഗ്സിനും 281 റൺസിനും ആണ് കര്‍ണ്ണാടകയുടെ വിജയം. നാലാം ക്വാര്‍ട്ടറിൽ ആന്ധ്രയ്ക്കെതിരെ 5 വിക്കറ്റ് വിജയം നേടി മധ്യ പ്രദേശ് സെമി ഉറപ്പാക്കി.

ശ്രേയസ്സ് ഗോപാലിന് ശതകം, കര്‍ണ്ണാടകയ്ക്ക് കൂറ്റന്‍ സ്കോര്‍

ഉത്തരാഖണ്ഡിനെതിരെ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ കര്‍ണ്ണാടക 580/7 എന്ന നിലയിലാണ്.

പുറത്താകാതെ 144 റൺസുമായി ശ്രേയസ്സ് ഗോപാലിനൊപ്പം രവികുമാര്‍ സമര്‍ത്ഥ്(82), മയാംഗ് അഗര്‍വാള്‍(83), ദേവ്ദത്ത് പടിക്കൽ(69), നികിന്‍ ജോസ്(62) എന്നിവരാണ് കര്‍ണ്ണാടകയുടെ പ്രധാന സ്കോറര്‍മാര്‍.

നേരത്തെ 116 റൺസിന് ഉത്തരാഖണ്ഡിന്റെ ആദ്യ ദിവസം തന്നെ കര്‍ണ്ണാടക പുറത്താക്കിയിരുന്നു. ഇപ്പോള്‍ 464 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കര്‍ണ്ണാടകയുടെ കൈവശമുള്ളത്.

മികച്ച ബാറ്റിംഗ് തുടര്‍ന്ന് പോണ്ടിച്ചേരി

പരസ് ഡോഗ്രയുടെ മികവിൽ കേരളത്തിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി പോണ്ടിച്ചേരി. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ പോണ്ടിച്ചേരി 355/6 എന്ന നിലയിലാണ്.

85 റൺസ് നേടിയ അരുൺ കാര്‍ത്തിക്കിന്റെ വിക്കറ്റ് പോണ്ടിച്ചേരിയ്ക്കായി 148 റൺസുമായി പരസ് ഡോഗ്ര ക്രീസിലുണ്ട്. ബേസിൽ തമ്പിയാണ് അരുൺ കാര്‍ത്തിക്കിന്റെ വിക്കറ്റ്.  48 റൺസ് നേടിയ ആകാശ് കാര്‍ഗാവേയുടെ വിക്കറ്റ് പോണ്ടിച്ചേരിയ്ക്ക് ലഞ്ചിന് മുമ്പ് നഷ്ടപ്പെടുകയായിരുന്നു.

കേരള കർണാടക മത്സരം സമനിലയിൽ, കർണാടക ക്വാർട്ടർ ഉറപ്പിച്ചു

കേരള കർണാടക പോരാട്ടം സമനിലയിൽ അവസാനിച്ചു. കേരളത്തിന്റെ രണ്ടാം ഇഞിങ്സ് 94-4 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനം ആയത്. 37 റൺസുമായി സച്ചിൻ ബേബി കേരളത്തിന്റെ രണ്ടാം ഇന്നിങ്സിലെയും ടോപ് സ്കോറർ ആയി. ആദ്യ ഇന്നിങ്സിൽ സച്ചിൻ ബേബ്ബി 142 റൺസ് എടുത്തിരുന്നു.

ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ കർണാടക രഞ്ജി ക്വാർട്ടർ ഉറപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ കർണാടക 485/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. അവർ 143 റൺസിന്റെ ലീഡ് ആണ് നേടിയത്.

മായങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ആയിരുന്നു കർണാടക വലിയ സ്കോർ ആദ്യ ഇന്നിങ്സിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നിധീഷ്, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതവും സിജോ മോൻ, അക്ഷയ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

കർണാടക ഡിക്ലയർ ചെയ്തു, കേരളത്തിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടം

കേരള കർണാടക പോരാട്ടം സമനിലയിലേക്ക് എത്താൻ സാധ്യത. രണ്ടാം ഇന്നിങ്സിൽ കർണാടക 485/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. അവർ 143 റൺസിന്റെ ലീഡ് ആണ് നേടിയത്. രണ്ടാം ഇന്നിങ്സ് ബാറ്റു ചെയ്യാൻ ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. 10/1 എന്ന നിലയിലാണ് കേരളം ഉള്ളത്. റൺ ഒന്നും എടുക്കാതെ രോഹൻ എസ് കുന്നുമ്മൽ ആണ് പുറത്തായത്. 2 റണ്ണുമായി രാഹുൽ പിയും 8 റണ്ണുമായി രോഹൻ പ്രേമും ആണ് ക്രീസിൽ ഉള്ളത്.

ഇപ്പോഴും കേരളം 133 റൺസ് പിറകിലാണ്. മായങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ച്വറിയുടെ മികവിൽ ആയിരുന്നു കർണാടക വലിയ സ്കോർ ആദ്യ ഇന്നിങ്സിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ കേരളത്തിനായി വൈശാഖ് ചന്ദ്രൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. നിധീഷ്, ജലജ് സക്സേന എന്നിവർ രണ്ട് വിക്കറ്റ് വീതവും സിജോ മോൻ, അക്ഷയ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

മായങ്ക് 150ഉം കടന്ന് മുന്നോട്ട്, കർണാടക ശക്തമായ നിലയിൽ

കേരളവും കർണാടകയും തമ്മിലുള്ള രഞ്ജി മത്സരം ഇന്ന് ലഞ്ചിന് പിരിയുമ്പോൾ കർണാടക 246-4 എന്ന നിലയിൽ നിൽക്കുകയാണ്. ലീഡ് നേടാൻ അവർക്ക് ഇനി 96 റൺസ് കൂടിയേ വേണ്ടു. 150ഉം കടന്ന് മുന്നേറിയ മായങ്ക് അഗർവാൾ ആണ് കർണാടകയെ മികച്ച നിലയിൽ എത്തിച്ചത്. 152 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് മായങ്ക്. 289 പന്തിൽ നിന്ന് ആണ് 152 റൺസ് താരം നേടിയത്. 10 ഫോറും 4 സിക്സും മായങ്കിന്റെ ഇന്നിങ്സിൽ ഉണ്ട്.

54 റൺസ് എടുത്ത നികിൻ ജോസ്, 29 റൺസ് എടുത്ത ദേവ്ദത്ത് പഠിക്കൽ, റൺസ് ഒന്നുൻ എടുക്കാതെ മനീഷ് പാണ്ടെ, സമാരത് എന്നിവരാണ് ഇതുവരെ പുറത്തായത്. വൈശാഖ്, നിധീഷ്, ജലജ്, അക്ഷയ് ചന്ദ്രൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

342 റൺസിന് കേരളം ഓള്‍ഔട്ട്, സച്ചിന്‍ ബേബി 141 റൺസ്, ജലജ് സക്സേനയ്ക്ക് 57 റൺസ്

കര്‍ണ്ണാടകയ്ക്കെതിരെ രഞ്ജി ട്രോഫിയിൽ 342 റൺസ് നേടി കേരളം. ഇന്ന് രണ്ടാം ദിവസം സച്ചിന്‍ ബേബിയുടെയും ജലജ് സക്സേനയുടെയും ബാറ്റിംഗ് മികവിനൊപ്പം സിജോമോനും പൊരുതി നിന്നാണ് കേരളത്തിനെ ഇന്ന് 342 റൺസിലേക്ക് എത്തിച്ചത്.

സച്ചിന്‍ ബേബി 141 റൺസ് നേടിയപ്പോള്‍ ജലജ് സക്സേന 57 റൺസ് നേടി പുറത്തായി. വത്സൽ ഗോവിന്ദാണ്(46) ഒന്നാം ദിവസം തിളങ്ങിയ താരം. സിജോമോന്‍ ജോസഫ് 24 റൺസ് നേടി.

കര്‍ണ്ണാടകയ്ക്കായി വാസുകി കൗശിക് ആറ് വിക്കറ്റുമായി ബൗളിംഗിൽ തിളങ്ങി.

സക്സേനയുടെ ചിറകിലേറി കേരളം, സർവീസസിനെ തകർത്തെറിഞ്ഞ ജയം!!

തുമ്പ : മാന്ത്രിക വിരലുകളുമായി ജലജ് സക്സേന, രണ്ടാം ഇന്നിംഗ്സിൽ മാത്രം 8 വിക്കറ്റ്!! 341 ലക്ഷ്യം പിന്തുടർന്ന സർവീസസിനെ 136 റൺസിന് ചുരുട്ടിക്കൂട്ടി കേരളം 204 റൺസിന്റെ വിജയം സ്വന്തമാക്കി.

കരുതലോടെ ബാറ്റിങ് തുടങ്ങിയ സർവീസിന് ആദ്യ വിക്കറ്റ് ടീം സ്കോർ 61ൽ നിൽക്കെ നഷ്ടമായി. വൈശാഖ് ചന്ദ്രന്റെ പന്തിൽ സബ് ഫീൽഡറായ യുവതാരം ഷോൺ റോജർ ക്യാച്ച് എടുത്ത് സർവീസസ് ഓപ്പണർ എസ്‌ ജി രോഹില്ലയെ (28 റൺസ്) പുറത്താക്കി.

പിന്നീടങ്ങോട്ട് സർവ്വം ജലജ് ജാലവിദ്യ! രവി ചൌഹാനെയും (7 റൺസ്) തുടർന്ന് വന്ന രാഹുൽ‌ സിങിനെയും (7 റൺസ്) വിക്കറ്റിന് മുന്നിൽ കുടുക്കിയ ജലജ് സക്സേന, സർവീസസ് ക്യാപ്റ്റൻ രജത് പലിവാളിനെ റൺസൊന്നും എടുക്കും മുൻപേ തന്നെ സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ചു. പിന്നീട്, കേരള ബൗളർമാരെ സമർത്ഥമായി നേരിട്ട് അർധ ശതകം പൂർത്തിയാക്കി സർവീസസിനെ മുന്നോട്ട് നയിച്ച സുഫിയാൻ അലത്തെ (52 റൺസ്) റണ്ണൗട്ടാക്കിയതും ജലജ് സക്സേന തന്നെ. സുഫിയാൻ പുറത്താകുമ്പോൾ 5-98 എന്ന നിലയിൽ നിന്ന സർവീസസിനെ തന്റെ പന്ത്രാണ്ടാം ഓവറിൽ 2 വിക്കറ്റ് കൂടി വീഴത്തി സക്സേന 110/7 എന്ന നിലയിലേക്ക് താഴ്ത്തി. വിക്കറ്റ് കീപ്പർ എൽ എസ്‌ കുമാറിന്റെ (5 റൺസ്) കുറ്റി തെറിപ്പിച്ച ശേഷം, പുൽകിത് നാരംഗിനെ (6 റൺസ്) സൽമാൻ നിസാറിന്റെ കൈകളിലേക്ക് എത്തിച്ച് തന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഇരുപത്തിയേഴാം 5 വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

കേരള ടീം ©KCA

110/7 എന്ന നിലയിൽ ലഞ്ചിന് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച സർവീസസിന് മൂന്നാം ഓവറിൽ തന്നെ എം എസ്‌ രതി (1 റൺസ്) നഷ്ടമായി. ജലജ് സക്സേനയുടെ പന്തിൽ, കേരള ക്യാപ്റ്റൻ സിജോമോൻ ജോസഫിനായിരുന്നു ക്യാച്ച്. ശേഷം, അർപിത് ഗുലേറിയയെ (1 റൺസ്) രോഹൻ പ്രേമിന്റെ കൈകളിലേക്കും എത്തിച്ച സക്സേന, കൂറ്റനടികൾക്ക് ശ്രമിച്ചിരുന്ന പി എസ്‌ പൂനിയയുടെ (18 റൺസ്) വിക്കറ്റ് തെറിപ്പിച്ച് കേരള വിജയം പൂർത്തിയാക്കി.

ആദ്യ ഇന്നിംഗ്സിൽ 4/19 എന്ന നിലയിൽ ബാറ്റിംഗ് തകർന്ന കേരളത്തിനെ 327 റൺസിലേക്ക് എത്തിച്ചത്, 159 റൺസ് നേടിയ‌ സച്ചിൻ ബേബിയാണ്. അർധ ശതകം നേടിയ സിജോമോൻ ജോസഫും (55 റൺസ്) മധ്യനിര ബാറ്റർ സൽമാൻ നിസാറും (42 റൺസ്) മികച്ച പിന്തുണ നൽകി. പിന്നീട്, സ്കസേനയും സിജോമോൻ ജോസഫും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി 229 റൺസിന് സർവീസസിനെ പുറത്താക്കി 98 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കേരള രണ്ടാം ഇന്നിംഗ്സിലും 93 റൺസോടെ സച്ചിൻ ബേബിയാണ് മികച്ച് നിന്നത്. 48 റൺസോടെ‌ ഗോവിന്ദ് വത്സലും, 40 റൺസോടെ സൽമാൻ നിസാറും നല്ല പിന്തുണ നൽകി.

രണ്ട് ഇന്നിംസിലുമായി 11 വിക്കറ്റ് നേടിയ ജലജ് സക്സേനയും 252 റൺസ് നേടിയ സച്ചിൻ ബേബിയുമാണ് ഈ മത്സരത്തിലെ വിജയശില്പികൾ. കളിയിലെ താരമായി സച്ചിൻ ബേബിയെ തിരഞ്ഞെടുത്തു. ഇനി കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം‌.

Exit mobile version