ഗെയിലിനു അനുമതി ഇനിയും വൈകുമോ?

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുവാനായി ക്രിസ് ഗെയില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് സൂചന. ബോര്‍ഡില്‍ നിന്ന് അനുമതി പത്രം ലഭിയ്ക്കാത്തതാണ് താരത്തെ ലീഗില്‍ കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരിക്കുന്നതാണെന്നാണ് അറിയുന്നത്. രംഗ്പൂര്‍ റൈഡേഴ്സിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നില്ല.

ബംഗ്ലാദേശില്‍ ശനിയാഴ്ച രാവിലെ എത്തിയ താരത്തെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതിനു കാരണമായി പറഞ്ഞത് ജെറ്റ് ലാഗ് എന്നായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും താരം ടീമില്‍ ഇടം പിടിയ്ക്കാതെ വന്നതോടെയാണ് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിക്കുന്നത്. ഗെയിലിനു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനുള്ള അനുമതി പത്രം സമര്‍പ്പിക്കാനായിട്ടില്ലെന്നാണ് അറിയുവാന്‍ കഴിയുന്നത്.

അനുമതി പത്രം ലഭിയ്ക്കാത്തതിനാല്‍ ഗെയിലിനെ കളിയ്ക്കുന്നതില്‍ നിന്ന് വിലക്കിയത് ബിപിഎല്‍ ടെക്നിക്കല്‍ കമ്മിറ്റിയാണ്. നിലവിലെ ചാമ്പ്യന്മാരായ രംഗ്പൂര്‍ റൈഡേഴ്സ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ക്രിസ് ഗെയില്‍.

8 റണ്‍സ് ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്

ടൂര്‍ണ്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഖുല്‍ന ടൈറ്റന്‍സിനെയാണ് രംഗ്പൂര്‍ റൈഡേഴ്സ് കീഴടക്കിയത്. എട്ട് റണ്‍സിന്റെ ജയമാണ് രംഗ്പൂര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രംഗ്പൂര്‍ റൈഡേഴ്സ് ഓപ്പണര്‍ റൈലി റൂസോ 76 റണ്‍സിന്റെയും രവി ബൊപ്പാര നേടിയ നാല്പത് റണ്‍സിന്റെയും ബലത്തില്‍ 20 ഓവറില്‍ നിന്ന് 169 റണ്‍സ് നേടുകയായിരുന്നു. 3 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി റൂസോ-ബൊപ്പാര സഖ്യം അപരാജിതമായ നാലാം വിക്കറ്റ് കൂട്ുകെട്ടില്‍ നിന്ന് 104 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഖുല്‍നയ്ക്ക് പോള്‍ സ്റ്റിര്‍ലിംഗ്(46 പന്തില്‍ 61), ജുനൈദ് സിദ്ധിക്കി(33) കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ 90 റണ്‍സ് നേടിയെങ്കിലും പിന്നീട് ടീം 8 റണ്‍സ് അകലെ കീഴടങ്ങുകയായിരുന്നു. മഹമ്മദുള്ള 24 റണ്‍സ് നേടി പുറത്തായി. ഷൈഫുള്‍ ഇസ്ലാം രണ്ടും മഷ്റഫെ മൊര്‍തസ, ബെന്നി ഹോവല്‍, ഫര്‍ഹദ് റീസ എന്നവര്‍ ഓരോ വിക്കറ്റും നേടി.

ഉദ്ഘാടന മത്സരത്തില്‍ പിടിമുറുക്കി ബൗളര്‍മാര്‍, 3 വിക്കറ്റ് വിജയവുമായി ചിറ്റഗോംഗ് വൈക്കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പുതിയ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മേല്‍ക്കൈ നേടി ബൗളര്‍മാര്‍. ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ബൗളര്‍ റോബി ഫ്രൈലിങ്കിനു മുന്നില്‍ രംഗ്പൂര്‍ റൈഡേഴ്സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ 20 ഓവറില്‍ ടീം 98 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രവി ബൊപ്പാര നേടിയ 44 റണ്‍സാണ് 98 റണ്‍സിലേക്ക് എത്തുവാന്‍ രംഗ്പൂറിനെ സഹായിച്ചത്.

സൊഹാഗ് ഗാസി 21 റണ്‍സ് നേടി. മറ്റാരും തന്നെ രണ്ടക്കം കടക്കാതെ പുറത്താകുകയായിരുന്നു. റോബി ഫ്രൈലിങ്ക് നാല് വിക്കറ്റാണ് മത്സരത്തില്‍ നിന്ന് നേടിയത്. അബു ജയേദ്, നയീം ഹസന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചിറ്റഗോംഗ് വൈക്കിംഗ്സിന്റെ ഇന്നിംഗ്സും ആടിയുലഞ്ഞാണ് മുന്നോട്ട് പോയത്. ചെറിയ സ്കോര്‍ നേടുവാന്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയ ടീം അവസാന ഓവറിലാണ് വിജം നേടിയത്. നിര്‍ണ്ണായകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 16 റണ്‍സ് നേടി റോബി ഫ്രൈലിങ്ക്(12*)-സന്‍സ്മുള്‍ ഇസ്ലാം(7*) എന്നിവരുടെ പ്രകടനമാണ് ടീമിനു നിര്‍ണ്ണായകമായത്.

27 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മുഷ്ഫിക്കുര്‍ റഹിം 25 റണ്‍സ് നേടി പുറത്തായി. മഷ്റഫെ മൊര്‍തസ രണ്ട് വിക്കറ്റ് നേടി രംഗ്പൂര്‍ റൈഡേഴ്സ് ബൗളര്‍മാരില്‍ വേറിട്ട് നിന്നു. മറ്റു ബൗളര്‍മാരും മികവ് പുലര്‍ത്തിയെങ്കിലും ലക്ഷ്യം തീരെ ചെറുതായത് റൈഡേഴ്സിനു വിനയായി.

ഡിവില്ലിയേഴ്സ് രംഗ്പൂര്‍ റൈഡേഴ്സില്‍

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്ന എബി ഡി വില്ലിയേഴ്സ് കളിക്കുക രംഗ്പൂര്‍ റൈഡേഴ്സില്‍. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരത്തെ പ്ലേയര്‍ ഡ്രാഫ്ടിനു പുറത്താണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇത്തരത്തില്‍ ടീം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് എബിഡി. അലക്സ് ഹെയില്‍സിനെ ഇതിനു സമാനമായ ടീം സ്വന്തമാക്കിയിരുന്നു. ഗെയില്‍, ഹെയില്‍സ്, ഡി വില്ലിയേഴ്സ് എന്നിങ്ങനെ മൂന്ന് മുന്‍ നിര താരങ്ങളെ ടീം സ്വന്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ദക്ഷിണാഫ്രിക്കയുടെ സാന്‍സി സൂപ്പര്‍ ലീഗ് എന്നിവയിലും ബിഗ് ബാഷിലും ഡി വില്ലിയേഴ്സ് കളിക്കുമെന്നാണ് അറിയുന്നത്.

അലക്സ് ഹെയില്‍സുമായി കരാറിലെത്തി രംഗ്പൂര്‍ റൈഡേഴ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി അലക്സ് ഹെയില്‍സ് എത്തുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരക്ഷ കാരണങ്ങളാല്‍ ദേശീയ ടീമിനൊപ്പം ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുവാന്‍ വിസമ്മതിച്ച താരം ഇപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായാണ് എത്തുന്നത്. രംഗ്പൂര്‍ റൈഡേഴ്സ് ആണ് താരത്തിനെ സ്വന്തമാക്കിയിരിക്കുന്നത്. ഡ്രാഫ്ടിനു പുറത്ത് നിന്നാണ് താരത്തിനെ രംഗ്പൂര്‍ കരാറിലെത്തിക്കുന്നത്.

ടോം മൂഡി കോച്ചായിട്ടുള്ള ടീമില്‍ കളിക്കുവാനെത്തുന്നു എന്നതും അലക്സ് ഹെയില്‍സിനു ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. മൂഡി പരിശീലിപ്പിക്കുന്ന സണ്‍റൈസേഴ്സ് ഹൈദ്രാബാദിനു വേണ്ടിയാണ് ഐപിഎലില്‍ ഹെയില്‍സ് കളിക്കുന്നത്. എബി ഡി വില്ലിയിലേഴ്സിനു വേണ്ടിയും രംഗ്പൂര്‍ തങ്ങളുടെ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ജനുവരിയില്‍ നടക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ സമയത്ത് തന്നെയാണ് ബിഗ് ബാഷ് ലീഗും യുഎഇ ടി20 ടൂര്‍ണ്ണമെന്റും അരങ്ങേറുന്നതിനാല്‍ എബി ഡി വില്ലിേയഴ്സിനെ പൂര്‍ണ്ണമായും സീസണില്‍ ടീമിനു ലഭിക്കില്ലെന്നതാണ് സ്ഥിതി. ബിഗ് ബാഷ് മത്സരങ്ങള്‍ കഴിഞ്ഞ് മാത്രമേ എബിഡി ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുവാന്‍ സാധിക്കുകയുള്ളു.

Exit mobile version