നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനായി പുതിയ അപേക്ഷകള്‍ ബിസിസിഐ ക്ഷണിക്കുന്നു

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലെ ഹെഡ് ഓഫ് ക്രിക്കറ്റിലേക്ക് ബിസിസിഐ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നു. രണ്ട് വര്‍ഷമായി രാഹുല്‍ ദ്രാവിഡ് കൈയ്യാളുന്ന പദവിയിലേക്ക് അദ്ദേഹത്തിനും അപേക്ഷിക്കാമെന്നിരിക്കവേ ദ്രാവിഡിന് തന്നെ ദൗത്യം ഏല്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ പുതിയ അപേക്ഷ വന്ന സാഹചര്യത്തില്‍ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോളത്തെ കോച്ചായ രവി ശാസ്ത്രിയുടെ കരാര്‍ ടി20 ലോകകപ്പ് കഴിഞ്ഞാൽ അവസാനിക്കും.

ശ്രീലങ്കയിൽ ഇന്ത്യന്‍ ടീമിനൊപ്പം മികച്ച ടൂര്‍ ആയിരുന്നു രാഹുലിന് കോച്ചെന്ന നിലയിൽ പുറത്തെടുക്കുവാനായത്.

ഈ സാഹചര്യത്തിലും പരമ്പര തുടരുവാന്‍ സമ്മതിച്ച ബിസിസിഐയ്ക്ക് നന്ദി, പ്രത്യേക നന്ദി ദ്രാവിഡും ശിഖര്‍ ധവാനും – ദസുന്‍ ഷനക

9 പ്രധാന താരങ്ങളില്ലാതെ ശ്രീലങ്കയ്ക്കെതിരെ അവസാന രണ്ട് ടി20യിൽ കളിക്കുവാന്‍ തയ്യാറായ ബിസിസിഐയ്ക്ക് നന്ദി പറയുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡിനും പ്രത്യേക നന്ദിയുണ്ടെന്നും പരമ്പര സ്വന്തമാക്കിയ ലങ്കന്‍ നായകന്‍ പറഞ്ഞു.

ശ്രീലങ്കയുടെ ഈ ടീമിനെ നയിക്കാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഏതാനും വര്‍ഷങ്ങളായുള്ള ശ്രീലങ്കയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇതെന്നും ബംഗ്ലാദേശ് പരമ്പര മുതൽ കഴിഞ്ഞ മൂന്ന് മാസമായി മികച്ച ടീമാകുവാനായി ശ്രീലങ്കന്‍ താരങ്ങള്‍ പരിശീലിക്കുകയാണെന്നും ഷനക സൂചിപ്പിച്ചു.

ഫുള്‍ ടൈം കോച്ചാവുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല – രാഹുല്‍ ദ്രാവിഡ്

ഫുള്‍ ടൈം കോച്ചാവുന്നതിനെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. ഫുള്‍ ടൈം കോച്ചാവുന്നതിൽ ഒട്ടേറെ വെല്ലുവിളികളുണ്ടെന്നും അതിനാൽ ഇപ്പോള്‍ അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെന്നും എന്നാൽ താന്‍ ഈ അനുഭവം വളരെ അധികം ആസ്വദിച്ചുവെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഇന്ത്യയുടെ ഈ തോല്‍വിയിൽ തനിക്ക് ദുഖമില്ലെന്നും യുവതാരങ്ങള്‍ ഈ മത്സരങ്ങളിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് നീങ്ങുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

തനിക്ക് മുമ്പ് ദീപക് ചഹാറിനെ ബാറ്റിംഗിനയയ്ച്ചത് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം

ശ്രീലങ്കയിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം ആയിരുന്നു ദീപക് ചഹാറിനെ തനിക്ക് മുമ്പ് ബാറ്റിംഗിനയയ്ക്കുവാന്‍ കാരണമെന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍. മത്സരത്തിൽ പരാജയം മുന്നിൽ കണ്ട ഇന്ത്യയെ ചഹാറും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 84 റൺസ് എട്ടാം വിക്കറ്റിൽ നേടിയാണ് ലക്ഷ്യം കണ്ടത്.

5 പന്ത് അവശേഷിക്കവെ ിന്ത്യ വിജയം നേടുമ്പോള്‍ ചഹാര്‍ 69 റൺസുമായി പുറത്താകാതെ നിന്നു. ഭുവി 19 റൺസാണ് നേടിയത്. ഇതിന് മുമ്പ് 12 റൺസായിരുന്നു ഏകദിനത്തിലെ ചഹാറിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ഇന്ത്യ എ ടീമിന് വേണ്ടി രാഹുല്‍ ദ്രാവിഡിന് കീഴിൽ കളിച്ചിട്ടുള്ള ചഹാര്‍ അന്ന് ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതാണ് രാഹുല്‍ ദ്രാവിഡ് താരത്തിനെ ബാറ്റിംഗ് ഓര്‍ഡറിൽ നേരത്തെ അയയ്ച്ചതെന്നും ഭുവി പറ‍‍ഞ്ഞു.

ലൂസ് ബോളുകള്‍ക്കായി കാത്തിരുന്നു, രാഹുല്‍ സാര്‍ ഒരു ഉപദേശവും നല്‍കിയില്ല – പൃഥ്വി ഷാ

ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ ശിഖര്‍ ധവാന്റെയും ഇഷാന്‍ കിഷന്റെയും അര്‍ദ്ധ ശതകങ്ങളെ മറികടന്ന് പൃഥ്വി ഷാ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. താരം 24 പന്തിൽ 43 റൺസ് നേടി പുറത്താകുമ്പോള്‍ ഇന്ത്യ 5.3 ഓവറിൽ 58 റൺസ് നേടിയിരുന്നു.

കോച്ച് രാഹുല്‍ ദ്രാവിഡ് തനിക്ക് യാതൊരു ഉപദേശവും നല്‍കിയില്ലെന്നും താന്‍ ലൂസ് ബോളുകള്‍ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും പൃഥ്വി ഷാ വ്യക്തമാക്കി. പിച്ച് ബാറ്റിംഗിന് അനുകൂലമായിരുന്നുവെന്നും രണ്ടാം ഇന്നിംഗ്സിൽ അത് ആദ്യ ഇന്നിംഗ്സിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ് തനിക്ക് തോന്നുന്നതെന്നും പൃഥ്വി ഷാ വ്യക്തമാക്കി.

താന്‍ പേസ് ഇഷ്ടപ്പെടുന്നുവെന്നും എന്നാൽ ഹെൽമറ്റിൽ പന്ത് കൊണ്ടതിന് ശേഷം തന്റെ ഫോക്കസ് നഷ്ടമാകുകയായിരുന്നുവെന്നും പൃഥ്വി ഷാ പറഞ്ഞു.

രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഴുവന്‍ സമയ കോച്ചായി നിയമിക്കുന്നില്ലെങ്കിൽ അത് അതിശയമായിരിക്കും

ഇന്ത്യയെ ശ്രീലങ്കന്‍ ടൂറിൽ പരിശീലിപ്പിക്കുന്ന ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ ആയ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ കോച്ചായി ഉടന്‍ നിയമിക്കുമെന്ന് പറഞ്ഞ് ഡബ്ല്യു വി രാമന്‍. അത് സംഭവിച്ചില്ലെങ്കിൽ അത് അതിശയമായിരിക്കുമെന്നും രാമന്‍ പറഞ്ഞു. ഇന്ത്യയുടെ അണ്ടര്‍ 19, എ ടീം പരിശീലകനായി മികച്ച ഫലം കൊണ്ടുവന്നിട്ടുള്ള പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.

രവി ശാസ്ത്രിയുടെ കാലാവധി കഴിഞ്ഞ് രാഹുല്‍ ദ്രാവിഡിന്റെ നിയമനം ഉണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നും ഡബ്ല്യു വി രാമന്‍ കൂട്ടിചേര്‍ത്തു. എന്ന് അത് സംഭവിക്കുമെന്ന് ഉറപ്പില്ലെങ്കിലും ഉടനെ തന്നെ അതുണ്ടാവുമെന്നാണ് തന്റെ അഭിപ്രായം എന്നും മുന്‍ ഇന്ത്യന്‍ വനിത ടീം മുഖ്യ കോച്ചായ ഡബ്ല്യു വി രാമന്‍ വ്യക്തമാക്കി.

രാഹുല്‍ ദ്രാവിഡിൽ നിന്ന് ക്രിക്കറ്റ് പഠിക്കുവാന്‍ അവസരം ലഭിച്ച താരങ്ങള്‍ ഭാഗ്യവാന്മാരാണ് – സഞ്ജു സാംസൺ

രാഹുല്‍ ദ്രാവിഡിൽ നിന്ന് ക്രിക്കറ്റ് പഠിക്കുവാന്‍ അവസരം ലഭിച്ച താരങ്ങള്‍ ഭാഗ്യവാന്മാരാണെന്ന് പറഞ്ഞു സഞ്ജു സാംസൺ. ഇന്ത്യ എ ടീമിലെയോ ജൂനിയര്‍ സംഘത്തിലെയോ താരങ്ങള്‍ക്ക് രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ ഉള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ട്രയൽസിന് പോയ ദിവസം താനിന്നും ഓര്‍മ്മിക്കുന്നുണ്ടെന്ന് സഞ്ജു വ്യക്തമാക്കി.

താനന്ന് നന്നായി ബാറ്റ് ചെയ്തപ്പോള്‍ രാഹുല്‍ ദ്രാവിഡ് തന്നെ വിളിച്ച് എന്റെ ടീമിന് വേണ്ടി കളിക്കുന്നുവോ എന്നാണ് ചോദിച്ചതെന്നും അത് തനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷമാണെന്നും സഞ്ജു സൂചിപ്പിച്ചു. ഇന്ത്യയുടെ ശ്രീലങ്കന്‍ ടൂറിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ ആ ടീമിൽ നല്ലൊരു ശതമാനം താരങ്ങള്‍ രാഹുലിന്റെ കീഴിൽ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളിൽ കളിച്ചവരാണെന്നുള്ള പ്രത്യേകത കൂടിയുണ്ട്.

ഇന്ത്യയെ നയിക്കുവാനാകുന്നത് വലിയ ബഹുമതി – ശിഖര്‍ ധവാന്‍

ഇന്ത്യയെ അന്താരാഷ്ട്ര മത്സരത്തിൽ നയിക്കാനാകുന്നത് വലിയ ബഹുമതിയായാണ് താന്‍ കാണുന്നതെന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍. ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ട് പരമ്പയുമായി ടൂര്‍ ചെയ്യുമ്പോള്‍ ബിസിസിഐ 20 അംഗ രണ്ടാം നിരയെയാണ് ശ്രീലങ്കയിലേക്ക് അയയ്ച്ചത്.

ആറോളം താരങ്ങളാണ് ഈ പരമ്പരയിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്നത്. താന്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ എ ടീമിൽ കളിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്ക് മികച്ച ഒത്തിണക്കമുണ്ടെന്നും പറഞ്ഞ ധവാന്‍ ലങ്കന്‍ പരമ്പരയിലും അത് തുടരുമെന്ന് കരുതുകയാണെന്ന് വ്യക്തമാക്കി.

മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും വളരെ അധികം പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശിഖര്‍ ധവാന്‍ കൂട്ടിചേര്‍ത്തു.

ലങ്കന്‍ പര്യടനത്തിന് ശേഷം സീനിയര്‍ ടീം മാനേജ്മെന്റിന് കൂടുതൽ താരങ്ങളെ സെലക്ഷനായി നല്‍കുകയാണ് ലക്ഷ്യം – രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം കഴിയുമ്പോള്‍ സീനിയര്‍ ടീം മാനേജ്മെന്റിന് കൂടുതൽ സെലക്ഷന്‍ സാധ്യത നല്‍കുവാനുള്ള താരങ്ങളെ നല്‍കുകയെന്നതായിരിക്കും തന്റെയും മറ്റു കോച്ചിംഗ് സ്റ്റാഫുകളുടെയും ലക്ഷ്യമെന്ന് പറഞ്ഞ് രാഹുല്‍ ദ്രാവിഡ്. ലോകകപ്പ് വരാനിരിക്കവേ ഈ സംഘത്തിൽ നിന്ന് എല്ലാ താരങ്ങള്‍ക്കും ഇടം ലഭിച്ചില്ലെങ്കിലും ഏതാനും താരങ്ങള്‍ക്ക് ഇടം ലഭിച്ചാൽ തന്നെ അത് വലിയ നേട്ടമായി താന്‍ കരുതുമെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

രണ്ടോ മൂന്നോ സ്ഥാനത്തേക്കാവും ഈ സംഘത്തിലെ യുവ താരങ്ങളിൽ നിന്നുള്ള തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സെലക്ടര്‍മാരും ഇന്ത്യന്‍ ടീം മാനേജ്മെന്റും ദ്രാവിഡിൽ നിന്ന് അതാണ് ഉറ്റുനോക്കുന്നത്. എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുക പ്രായോഗികമല്ലെങ്കിലും ചില താരങ്ങള്‍ക്ക് ലോകകപ്പിനുള്ള ടീമിൽ ഇടം നേടുവാനുള്ള അവസരമായിരിക്കും ഇതെന്ന് ദ്രാവിഡ് സൂചിപ്പിച്ചു.

അണ്ടര്‍ 19, ഇന്ത്യ എ ടീം എന്നിവയോടൊപ്പം പ്രവര്‍ത്തിക്കുന്നതിൽ നിന്ന് വിഭിന്നമായ സമീപനമായിരിക്കണം തനിക്ക് ഈ ടീമിനൊപ്പം എടുക്കേണ്ടി വരികയെന്നും ്ത് താന്‍ മനസ്സിലാക്കുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ലക്ഷ്യം പരമ്പര വിജയിക്കുക, എല്ലാ യുവ താരങ്ങള്‍ക്കും അവസരം നല്‍കുക അസാധ്യം – രാഹുല്‍ ദ്രാവിഡ്

ശ്രീലങ്കയിൽ പരമ്പര സ്വന്തമാക്കുക എന്നത് തന്നെയാണ് ഇന്ത്യയുടെ മുഖ്യ ലക്ഷ്യമെന്നും യുവ താരങ്ങള്‍ക്കെല്ലാം അവസരം നല്‍കുക എന്നത് പ്രായോഗികമായ കാര്യമല്ലെന്നും പറഞ്ഞ് ലങ്കയിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ഐപിഎലിൽ മികവ് തെളിയിച്ച ആറ് പുതുമ താരങ്ങളാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിലുള്ളത്.

ചെറിയ ടൂര്‍ ആയതിനാൽ തന്നെ ഇവരിലെല്ലാവര്‍ക്കും അവസരം നല്‍കുവാന്‍ സാധിച്ചേക്കില്ലെന്നത് സത്യമാണെന്നും 20 മികച്ച കളിക്കാരുള്ള സംഘത്തിൽ എല്ലാവര്‍ക്കും അവസരം ലഭിയ്ക്കുമെന്ന് ചിന്തിക്കുന്നത് അസാധ്യമായ കാര്യമാണെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ഏറ്റവും മികച്ച കോമ്പിനേഷനാവും ടീം മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുകയെന്നും അവസരം ലഭിച്ചില്ലെങ്കിലും സീനിയര്‍ താരങ്ങളിൽ നിന്ന് ഏറെ പഠിക്കുവാന്‍ യുവതാരങ്ങള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ മത്സരങ്ങള്‍ അണ്ടര്‍ 19, എ ടീം എന്നിവയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിചേര്‍ത്തു.

രാഹുലിന്റെ സഹ പരശീലകരായി ടി ദിലീപും പരസ് മാംബ്രേയും ലങ്കയിലേക്ക്

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിന് ഫീല്‍ഡിംഗ് കോച്ചും ബൗളിംഗ് കോച്ചുമായി എത്തുന്നത് യഥാക്രമം ടി ദിലീപും പരസ് മാംബ്രേയും. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ സഹായികളായി ഇവരാകും ലങ്കയിലുണ്ടാകുക. ഇന്ത്യ ജൂലൈ 13 മുതൽ 25 വരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ശ്രീലങ്കയിൽ കളിക്കുക. ശിഖര്‍ ധവാന്‍ ആണ് ടീമിന്റെ നായകൻ.

ദിലീപ് ഹൈദ്രാബാദ് ടീമിന്റെ ഫീൽഡിംഗ് കോച്ചാണ്. മുമ്പ് ഇന്ത്യ എ ടീമിനൊപ്പം താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ൽ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ചാകുവാന്‍ താരത്തിനെ അഭിമുഖം ചെയ്ത എംഎസ്കെ പ്രസാദ് സെലക്ഷന്‍ കമ്മിറ്റി മികച്ച അഭിപ്രായമാണ് ദിലീപിനെക്കുറിച്ച് പറ‍‍ഞ്ഞത്.

 

ഇന്ത്യയുടെ ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് രാഹുൽ ദ്രാവിഡിനെ അഭിനന്ദിക്കണം – ഡേവിഡ് വാര്‍ണര്‍

ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് എക്കാലത്തെക്കാളും ശക്തമായ നിലയിലാണുള്ളത്. പല മുന്‍ നിര താരങ്ങളും ഇല്ലാതെ ഇന്ത്യ ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഇന്ത്യ ലങ്കയിലേക്ക് രണ്ടാം നിര ടീമിനെയാണ് അയയ്ക്കുന്നതെങ്കിലും അതിശക്തമായ ടീമാണ് ശിഖര്‍ ധവാന്റെ കീഴിൽ ശ്രീലങ്കയിലേക്ക് യാത്രയാകുന്നത്. ഇത് ഇന്ത്യയുടെ ഭാവി താരങ്ങളിലുള്ള വൈവിധ്യത്തെയാണ് കാണിക്കുന്നത്.

ഇത്രയധികം താരങ്ങള്‍ ഉയര്‍ന്ന് വന്നതിന് ഐപിഎൽ ഒരു പ്രധാന ഘടകമാണ്. ഐപിഎലിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത താരങ്ങളെയാണ് ലങ്കയിലേക്ക് പരിഗണിച്ചിരിക്കുന്നത്. എന്നാൽ രാഹുൽ ദ്രാവിഡ് ആണ് ഇന്ത്യയുടെ ഭാവിയെ വാര്‍ത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്നാണ് ഡേവിഡ് വാര്‍ണറുടെ അഭിപ്രായം.

ഐപിഎൽ മികച്ച പ്ലാറ്റ്ഫോം ആണ് അതിനൊപ്പം ക്രെഡിറ്റ് കൊടുക്കേണ്ട വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ് എന്ന് വാര്‍ണര്‍ സൂചിപ്പിച്ചു. ഈ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിക്കുവാനുള്ള സംവിധാനം സൃഷ്ടിച്ചെടുക്കുന്ന വ്യക്തി ദ്രാവിഡ് ആണെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ അണ്ടര്‍ 19, എ ടീം കോച്ചായി പ്രവര്‍ത്തിച്ച ദ്രാവിഡ് ഇപ്പോള്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവനാണ്. ദ്രാവിഡ് ആണ് കോച്ചായി ഇന്ത്യയെ ശ്രീലങ്കയിലേക്ക് അനുഗമിക്കുക.

Exit mobile version