വിരാടിൽ നിന്ന് ശതകങ്ങള്‍ വേണ്ട, മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ മതി – രാഹുല്‍ ദ്രാവിഡ്

മികച്ച ഫോമിലൂടെയല്ല കുറച്ചധികം കാലമായി വിരാട് കോഹ്‍ലി പോകുന്നത്. ലെസ്റ്റര്‍ഷയറിനെതിരെയുള്ള സന്നാഹ മത്സരത്തിൽ താരം അര്‍ദ്ധ ശതകം നേടിയെങ്കിലും പഴയ വിരാടിന്റെ നിഴൽ മാത്രമാണ് വിരാട് കോഹ്‍ലി ഏറെ നാളായി.

വിരാട് കോഹ്‍ലിയിൽ നിന്ന് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത് ശതകങ്ങളല്ല മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ ആണെന്നാണ് ഇന്ത്യയുടെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. താന്‍ കണ്ടതിൽ ഏറ്റവും അധികം പരിശ്രമം നടത്തുന്ന കളിക്കാരനാണ് വിരാട് കോഹ്‍ലി എന്നും ദ്രാവിഡ് പറഞ്ഞു.

ആളുകള്‍ ശതകം ആണ് സഫലതയുടെ മാനദണ്ഡമായി കാണുന്നത്, എന്നാൽ മാച്ച് വിന്നിംഗ് ഇന്നിംഗ്സുകളാണ് ഇന്ത്യന്‍ ടീമിന് വിരാടിൽ നിന്ന് വേണ്ടതെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

ഇംഗ്ലണ്ട് എന്ത് ചെയ്തുവെന്നത് അലട്ടുന്നില്ല – രാഹുല്‍ ദ്രാവിഡ്

തലപ്പത്ത് മാറ്റം വന്നതിന് ശേഷം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ശൈലി തന്നെ മാറി മറിയുന്ന കാഴ്ചയാണ് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കണ്ടത്. ഇന്ത്യയ്ക്കായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ നാല് മത്സരങ്ങളിൽ ആധിപത്യമെങ്കിൽ ഇത്തവണ അതല്ല സ്ഥിതിയെന്നാണ് പല ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തുന്നത്.

ഇംഗ്ലണ്ട് എന്ത് ചെയ്തുവെന്നും എങ്ങനെ കളിക്കുന്നുവെന്നതിനെക്കുറിച്ചും ഇന്ത്യ ചിന്തിക്കുന്നില്ലെന്നും തങ്ങള്‍ പോസിറ്റീവ് ക്രിക്കറ്റ് വര്‍ഷങ്ങളായി കളിച്ച് വരുന്ന ടീമാണെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെ ന്യൂസിലാണ്ടിനെതിരെയുള്ള മത്സരങ്ങള്‍ അധികം കണ്ടില്ലെന്നും കഴിഞ്ഞ വര്‍ഷത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ രണ്ടാം സ്ഥാനക്കായിരുന്ന ഇന്ത്യ പോസിറ്റീവ് ക്രിക്കറ്റ് കളിച്ചുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ നേട്ടം എന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

ഈ വര്‍ഷവും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് പിന്നിലായി തന്നെ ഇന്ത്യ ഉണ്ടെന്നും ഇതുവരെ ടീം വിജയകരമായി തന്നെ മുന്നേറുകയാണെന്നും ദ്രാവിഡ് സൂചിപ്പിച്ചു.

രോഹിത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ മാത്രം – രാഹുല്‍ ദ്രാവിഡ്

എഡ്ജ്ബാസ്റ്റണിൽ രോഹിത് ശര്‍മ്മ കളിക്കില്ലെന്നത് തീരുമാനം ആയിട്ടില്ലെന്നും താരത്തിന്റെ കോവിഡ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ എടുത്ത ശേഷം മാത്രമാകും ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നും പറഞ്ഞ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്.

നേരത്തെ രോഹിത് ഈ ടെസ്റ്റിൽ കളിക്കില്ലെന്നും താരത്തിന് പകരം ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂലൈ 1ന് ആണ് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ആരംഭിയ്ക്കുന്നത്.

ഇന്നും നാളെയും രണ്ട് കോവിഡ് ടെസ്റ്റുകള്‍ രോഹിത്തിന്മേൽ നടത്തുമെന്നും മത്സരത്തിന് ഇനിയും 24 മണിക്കൂറിലധികം ഉള്ളതിനാൽ തന്നെ താരത്തിന്റെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പിക്കാനാകില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

രോഹിത്തിന്റെ അഭാവത്തിൽ ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമോ എന്നതിനെക്കുറിച്ചും രാഹുല്‍ ദ്രാവിഡ് അഭിപ്രായം പറഞ്ഞില്ല. താന്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയുവാന്‍ ആയിട്ടില്ലെന്നും ഔദ്യോഗികമായ അറിയിച്ച് സെലക്ടര്‍മാരിൽ നിന്നോ ബിസിസിഐയിൽ നിന്നോ ലഭിയ്ക്കട്ടേ എന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

ടെസ്റ്റ് ക്രിക്കറ്റ് തനിക്ക് ഏറെ ഇഷ്ടം – രാഹുല്‍ ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരെയുള്ള മാറ്റി വെച്ച ടെസ്റ്റ് മത്സരത്തിനായി തയ്യാറെടുക്കുകയാണ് ഇന്ത്യന്‍ ടീം. ഇരു ടീമുകളിലും കോച്ചുമാരും ക്യാപ്റ്റന്മാരും മാറി പുതിയ മുഖങ്ങളാണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ കോച്ചായി ബ്രണ്ടന്‍ മക്കല്ലവും ബെന്‍ സ്റ്റോക്ക്സും ചുമതലയേറ്റപ്പോള്‍ ഇന്ത്യയ്ക്ക് രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയുമാണ് കോച്ചും ക്യാപ്റ്റനുമായി എത്തുന്നത്.

താന്‍ ടെസ്റ്റ് ക്രിക്കറ്റ് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റ് മികച്ച ഒന്നായിരിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. താന്‍ ടെസ്റ്റ് ക്രിക്കറ്റ് കാണുവാനും കളിക്കുവാനും കോച്ച് ചെയ്യുവാനും ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും രാഹുല്‍ ദ്രാവിഡ് സൂചിപ്പിച്ചു.

രാജ്കോട്ടിലെ പോലുള്ള ഇന്നിംഗ്സിനാണ് കാര്‍ത്തിക്കിനെ ടീമിലെടുത്തത് – രാഹുല്‍ ദ്രാവിഡ്

രാജ്കോട്ടിൽ ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡര്‍ വിഷമ സ്ഥിതിയിലായപ്പോള്‍ ദിനേശ് കാര്‍ത്തിക് 27 പന്തിൽ നേടിയ 55 റൺസാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഇത്തരം ഇന്നിംഗ്സുകള്‍ക്കായാണ് താരത്തെ തിരഞ്ഞെടുത്തതെന്നാണ് ഇന്ത്യയുടെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.

കാര്‍ത്തിക്കിന്റെ ഈ പ്രത്യേക കഴിവുകള്‍ കാരണം ആണ് അദ്ദേഹത്തെ ടീമിലെടുത്തത്. കഴിഞ്ഞ രണ്ട് -മൂന്ന് വര്‍ഷമായി അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ടെന്നും അതിന്റെ മറ്റൊരുദാഹരണം ആണ് രാജ്കോട്ടിലേതെന്നും ദ്രാവിഡ് സൂചിപ്പിച്ചു.

കാര്‍ത്തിക് ക്രീസിലെത്തി താരത്തെ എന്തിനാണോ ടീമിലെടുത്തത് അത് ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം ഉണ്ടെന്നും അത് ഇന്ത്യന്‍ ടീമിനും വളരെ അധികം സാധ്യതകള്‍ നൽകുന്നുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഐ.പി.എല്ലിൽ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നെന്ന് രാഹുൽ ദ്രാവിഡ്

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഐ.പി.എല്ലിൽ ഹർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച രീതി തനിക്ക് ഇഷ്ട്ടപെട്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ക്യാപ്റ്റനായി ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിന് കിരീടം നേടിക്കൊടുക്കാൻ ഹർദിക് പാണ്ഡ്യക്കായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്ക് മുൻപ് സംസാരിക്കുകയായിരുന്നു രാഹുൽ ദ്രാവിഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു. ഐ.പി.എൽ ഫൈനൽ കളിച്ച താരങ്ങൾക്ക് ഒരു ദിവസം അധികം അവധി നൽകിയിട്ടുണ്ടെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ടി20 ലോകകപ്പിനുള്ള ടീം കോമ്പിനേഷനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട് – രാഹുൽ ദ്രാവിഡ്

2022 ടി20 ലോകകപ്പിനുള്ള ടീം കോമ്പിനേഷനെക്കുറിച്ച് ഇന്ത്യയ്ക്ക് ഉത്തമ ബോധ്യമുണ്ടെന്ന് പറഞ്ഞ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ഘട്ടം കടക്കാതെയാണ് ഇന്ത്യ പുറത്ത് പോയത്.

തനിക്കും രോഹിത്തിനും ടി20 ലോകകപ്പിന് വേണ്ട സ്ക്വാഡ് എന്താണെന്നതിൽ വ്യക്തതയുണ്ടെന്ന് രാഹുല്‍ വ്യക്തമാക്കി. ഒരു സെറ്റ് ഫോര്‍മുല ടി20യിൽ ഇല്ലെങ്കിലും തനിക്കും രോഹിത്തിനും സെലക്ടര്‍മാര്‍ക്കും ടീം മാനേജ്മെന്റിനും സന്തുലിതമായ സ്ക്വാഡ് എന്താകണമെന്ന ബോധ്യമുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

പന്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് താരവുമായി ചര്‍ച്ച ചെയ്യും – രാഹുല്‍ ദ്രാവിഡ്

ഋഷഭ് പന്തിനെ അറ്റാക്കിംഗ് ബാറ്റ്സ്മാന്‍ എന്ന നിലയിൽ ടീം ഇനിയും പിന്തുണയ്ക്കുമെന്ന് അറിയിച്ച് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. എന്നാൽ താരത്തിന്റെ ഷോട്ട് സെലക്ഷനെക്കുറിച്ച് അദ്ദേഹവുമായി സംസാരിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി.

കാഗിസോ റബാഡയ്ക്കെതിരെ പുറത്തിറങ്ങി അടിക്കുവാന്‍ ശ്രമിച്ചാണ് പന്ത് പൂജ്യത്തിന് പുറത്തായത്. വളരെ നിര്‍ണ്ണായക ഘട്ടത്തിൽ പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതിനെ സുനിൽ ഗവാസ്കര്‍ ഉള്‍പ്പെടെ പല മുന്‍ താരങ്ങളും വിമര്‍ശിച്ചിരുന്നു.

ഋഷഭ് പന്ത് ഈ ശൈലിയിലാണ് കളിക്കുന്നതെന്നും അത് താരത്തിനും ടീമിനും ഗുണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞ രാഹുല്‍ ദ്രാവിഡ് എന്നാൽ ഷോട്ട് സെലക്ഷനെക്കുറിച്ച് തീര്‍ച്ചയായും താരവുമായി സംസാരിക്കുമെന്ന് അറിയിച്ചു.

നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെ – രാഹുല്‍ ദ്രാവിഡ്

ക്രിക്കറ്റിലെ ഓവര്‍ റേറ്റ് നിയമങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പരാതിയില്ലെന്ന് പറഞ്ഞ് ഇന്ത്യയുടെ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയ്ക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റ് കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴയായി കുറച്ചിരുന്നു.

ഇതിൽ തങ്ങള്‍ക്ക് പ്രത്യേക അതൃപ്തിയൊന്നുമില്ലെന്നും നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരു പോലെയാണെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യ നാല് സീമര്‍മാരെയാണ് കളിപ്പിച്ചതെന്നും ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥ വളരെ ചൂടേറിയതായിരുന്നുവെന്നും അതിനാലാണ് നിശ്ചിത സമയത്ത് ഒരോവര്‍ പിന്നിലായി പോയതെന്നും ദ്രാവിഡ് സൂചിപ്പിച്ചു.

ഓവര്‍ നിരക്കിലാണ് ഇന്ത്യ മെച്ചപ്പെടുവാനുള്ളതെന്നും അതിന്റെ ചര്‍ച്ച ടീം നടത്തിയിട്ടുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി.

വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനും ലീഡറും ആണെന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റനും ലീഡറും ആണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ നടക്കാനിരിക്കെയാണ് രാഹുൽ ദ്രാവിഡിന്റെ പ്രതികരണം. ടെസ്റ്റ് ക്രിക്കറ്റിന്റെ ഒരുപാട് സ്നേഹിക്കുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി എന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയാണ് വിരാട് കോഹ്‌ലി. ടെസ്റ്റിൽ 66 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച വിരാട് കോഹ്‌ലി 39 മത്സരങ്ങളിൽ ഇന്ത്യക്ക് ജയം നേടി കൊടുത്തിട്ടുണ്ട്. 2016ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം വിരാട് കോഹ്‌ലി ഓസ്ട്രേലിയ, വെസ്റ്റിൻഡീസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

80 ടെസ്റ്റുകളിൽ ഹര്‍ഭജന്റെ റെക്കോര്‍ഡ് മറികടക്കാനാകുന്നത് മികച്ച നേട്ടം – രാഹുല്‍ ദ്രാവിഡ്

ഹര്‍ഭജന്‍ സിംഗിന്റെ 417 വിക്കറ്റുകളെന്ന നേട്ടം മറികടന്ന് ഇന്ത്യയുടെ മൂന്നാമത്തെ മികച്ച ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരനായ അശ്വിന്റെ നേട്ടം മികവേറിയതെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്.

80 ടെസ്റ്റുകളിൽ നിന്ന് ആണ് ഈ നേട്ടം അശ്വിന്‍ സ്വന്തമാക്കിയത്. അതേ സമയം ഹര്‍ഭജന്‍ സിംഗ് 23 ടെസ്റ്റുകള്‍ അശ്വിനെക്കാള്‍ അധികം കളിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇരു താരങ്ങള്‍ക്കും ഒപ്പം കളിച്ച വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ മാച്ച് വിന്നര്‍മാരാണ് ഈ രണ്ട് താരങ്ങളുമെന്നും അശ്വിന്റെ 80 ടെസ്റ്റിലെ ഈ നേട്ടം അഭിനന്ദാര്‍ഹമാണെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മ്മയും ഡ്രസ്സിംഗ് റൂം റിലാക്സ്ഡ് ആയി നിലനിര്‍ത്തുന്നു – വെങ്കടേഷ് അയ്യര്‍

ഇന്ത്യയുടെ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാമെന്ന് പറഞ്ഞ് വെങ്കടേഷ് അയ്യര്‍. ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് വെങ്കടേഷ് അയ്യര്‍.

ഇരുവര്‍ക്കും ഡ്രസ്സിംഗ് റൂം റിലാക്സ്ഡ് ആയി നിലനിര്‍ത്തുവാനുള്ള മികച്ച കഴിവുണ്ടെന്നാണ് താരം പറഞ്ഞത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് അയ്യര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് അവസരം ലഭിയ്ക്കാനിടയാക്കിയത്.

തനിക്ക് ഇരുവരുടെയും മികച്ച പിന്തുണയാണ് ലഭിച്ചതെന്നും താന്‍ സമ്മര്‍ദ്ദമില്ലാതെയാണ് ഈ അവസരങ്ങള്‍ ആഘോഷിച്ചതെന്നും തനിക്ക് തന്റെ കളി പുറത്തെടുക്കുവാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ തന്നിരുന്നുവെന്നും തന്റെ കഴിവിൽ പൂര്‍ണ്ണ വിശ്വാസമാണെന്നും ഇരുവരും അറിയിച്ചുവെന്നും അയ്യര്‍ വ്യക്തമാക്കി.

Exit mobile version