വരുന്നത് ഏഷ്യ കപ്പും ലോകകപ്പും!!! പരീക്ഷണങ്ങള്‍ തുടരും – രാഹുല്‍ ദ്രാവിഡ്

വെസ്റ്റിന്‍ഡീസിനോട് രണ്ടാം ഏകദിനത്തിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ വിരാട് കോഹ്‍ലിയ്ക്കും രോഹിത് ശര്‍മ്മയ്ക്കും വിശ്രമം നൽകിയിരുന്നു. ടീം കോമ്പിനേഷനിലെ പരീക്ഷണങ്ങളുമായി ഇന്ത്യ ഇനിയും മുന്നോട്ട് പോകുമെന്നും കൂടുതൽ താരങ്ങള്‍ക്ക് അവസരം നൽകുന്നതാണ് മത്സര ഫലത്തെക്കാള്‍ വലുതായി താന്‍ കാണുന്നതെന്നും ഇത് വരുന്ന ഏഷ്യ കപ്പിനും ലോകകപ്പിനുമുള്ള കോമ്പിനേഷനെ കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ളതാണെന്നും ദ്രാവിഡ് കൂട്ടിചേര്‍ത്തു.

ഏഷ്യ കപ്പിന് മുമ്പ് പരീക്ഷണങ്ങള്‍ നടത്തുവാനുള്ള ഇന്ത്യയുടെ അവസാന അവസരമാണ് ഇത്. ചില താരങ്ങള്‍ പരിക്കുമായി എന്‍സിഎയിലാണെന്നും അവര്‍ക്കുള്ള പകരക്കാര്‍ ആരെന്നത് കണ്ടെത്തേണ്ടതുണ്ടെന്നും അതിന് അവശേഷിക്കുന്ന സമയം കുറവാണെന്നും ദ്രാവിഡ് സൂചിപ്പിച്ചു.

ഈ അവസരങ്ങള്‍ നൽകുന്ന താരങ്ങളിൽ ചിലര്‍ ഈ റോളുകളിലേക്ക് ഫിറ്റാകുന്നവരാണെന്നും ദ്രാവിഡ് പറഞ്ഞു.

കളിക്കാരെ ഒരോ മത്സരത്തിനു ശേഷവും വിമർശിക്കാൻ ആവില്ല എന്ന് ദ്രാവിഡ്

സമീപകാലത്ത് മോശം ഫോമിൽ ഉള്ള ശുഭ്മാൻ ഗില്ലിനെ ഓർത്ത് ആശങ്ക ഇല്ല എന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലും ഗിൽ ഒരു പ്രധാന ഘടകമാണെന്നും യുവതാരത്തിന് അടുത്ത മത്സരത്തിൽ തന്നെ മികച്ച ഇന്നിങ്സ് കാഴ്ചവെക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും ദ്രാവിഡ് പറഞ്ഞു.

ശുഭ്മാനെ കുറിച്ച് ആലോചിച്ച് ഞാൻ അധികം വിഷമിക്കില്ല. അവൻ മനോഹരമായി ബാറ്റ് ചെയ്യുന്നു. അവൻ നന്നായി കളിക്കുന്നുണ്ട്. ദ്രാവിഡ് പറഞ്ഞു. അവൻ ശരിക്കും നല്ല ടച്ചിൽ തന്നെയാണ്. ഇത് ആർക്കും സംഭവിക്കാം. ഓരോ കളിക്കു ശേഷവും നിങ്ങൾക്ക് കളിക്കാരെ വിമർശിക്കാൻ കഴിയില്ല. ഈ കാര്യങ്ങൾ സംഭവിക്കാം. ദ്രാവുഡ് തുടർന്നു.

“വെസ്റ്റിൻഡീസിലെ സാഹചര്യങ്ങൾ കഠിനമാണ്, ഇത് എളുപ്പമുള്ള ബാറ്റിംഗ് സാഹചര്യമല്ല. ശുഭ്മാൻ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് മൂന്ന് ഫോർമാറ്റുകളിലും അദ്ദേഹം വളരെ പ്രധാനപ്പെട്ട ഭാഗമാണ്. ട്രിനിഡാഡിൽ അദ്ദേഹൻ മികച്ച കളി പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.” ദ്രാവിഡ് കൂട്ടിച്ചേർത്തു.

പാകിസ്താനെതിരെ ഏഷ്യ കപ്പിൽ മൂന്ന് തവണ കളിക്കേണ്ടി വന്നാൽ അത് നല്ലതാണെന്ന് രാഹുൽ ദ്രാവിഡ്

ഇന്നലെ ഏഷ്യ കപ്പിനായുള്ള ഷെഡ്യൂൾ പുറത്ത് വന്നിരുന്നു. ഇന്ത്യയും പാകിസ്താനും ഫൈനലിൽ എത്തുക ആണെങ്കിൽ ഇരുവരും 15 ദിവസത്തിനിടയിൽ മൂന്ന് തവണ ഏറ്റുമുട്ടുന്നത് കാണാൻ ക്രിക്കറ്റ് പ്രേമികൾക്ക് ആകും. ഇങ്ങനെ നടന്നാൽ അത് നല്ലതാണെന്നും അതിനായി കാത്തിരിക്കുന്നു എന്നും ഇന്ത്യൻ പരിശീലകൻ ദ്രാവിഡ് പറയുന്നു.

“മൂന്ന് തവണ പാകിസ്ഥാനുമായി കളിക്കാൻ നിങ്ങൾ സൂപ്പർ4-ലേക്ക് ആദ്യം യോഗ്യത നേടണം, അതിനാൽ ഒരു ഘട്ടത്തിൽ ഒരു ചുവട് എന്ന നിലയിലാണ് താൻ കളിയെ കാണുന്നത്‌.” ദ്രാവിഡ് പറഞ്ഞു.

“ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്ഥാനെയുൻ നേപ്പാളിനെയും നേരിടണം എന്ന് ഞങ്ങൾക്കറിയാം, ഞങ്ങൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, നല്ല ക്രിക്കറ്റ് കളിക്കണം, ആ ഗെയിമുകൾ ജയിക്കേണ്ടതുണ്ട്, തുടർന്ന് ടൂർണമെന്റ് എവിടേക്കാണ് പോകുന്നതെന്ന് നോക്കണം. ഞങ്ങൾക്ക് അവസരം ലഭിച്ചാൽ പാകിസ്താനെതിരെ മൂന്ന് തവണ കളിക്കാം, അത് നല്ലതാണെന്ന് ഞാൻ കരുതുന്നു, അതിനർത്ഥം ഞങ്ങൾ ടൂർണമെന്റിന്റെ ഫൈനലിലെത്തും എന്നാണ്, പാകിസ്ഥാനും ഫൈനലിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.” ദ്രാവിഡ് പറഞ്ഞു.

ഞങ്ങൾ തീർച്ചയായും ഫൈനൽ വരെ കളിക്കാനും ആ ഫൈനൽ വിജയിക്കാനും ആഗ്രഹിക്കുന്നു. ഇന്ത്യൻ കോച്ച് പറഞ്ഞു

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം രാഹുൽ ദ്രാവിഡിന് വിശ്രമം

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും വിശ്രമം ലഭിക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യും അടങ്ങുന്ന ഓൾ ഫോർമാറ്റ് പര്യടനത്തിനായി ഇന്ത്യൻ ടീം നിലവിൽ കരീബിയൻ ദ്വീപിലാണ്. ആഗസ്റ്റ് 13ന് പര്യടനം സമാപിക്കും.

ദ്രാവിഡിനൊപ്പം ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ, ബൗളിംഗ് കോച്ച് പരാസ് മാംബ്രെ എന്നിവരും ഫ്ലോറിഡയിൽ നിന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ത്യയുടെ മൂന്ന് മത്സര ടി20 ഐ പരമ്പരയ്ക്കായി അയർലണ്ടിലേക്ക് ഇവർ പോകില്ല.

ഇവരുടെ അഭാവത്തിൽ, ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 23 വരെ നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിന്റെ ചുമതല നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) പരിശീലകർ ഏറ്റെടുക്കും. വിവിഎസ് ലക്ഷ്മൺ ആയിരിക്കും മുഖ്യ പരിശീലകനായി എത്തുക. കഴിഞ്ഞ വർഷം അയർലൻഡ്, വെസ്റ്റ് ഇൻഡീസ് പര്യടനങ്ങളിൽ ലക്ഷ്മൺ പരിശീലകനായി ടീമിനൊപ്പം പ്രവർത്തിച്ചിരുന്നു.

ഫൈനലിനായി ഒരുങ്ങാൻ സമയം കിട്ടിയില്ല എന്ന് ദ്രാവിഡ്

ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഒരുങ്ങാൻ ആവശ്യത്തിന് സമയം കിട്ടിയില്ല എന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഐ പി എൽ കഴിഞ്ഞ് വെറും എട്ട് ദിവസം മാത്രമെ താരങ്ങൾക്ക് വിശ്രമം ലഭിച്ചിരുന്നുള്ളൂ. ഇംഗ്ലീഷ് സാഹചര്യവുമായി ഇണങ്ങാൻ പോലും ഇന്ത്യക്ക് സമയം ലഭിച്ചിരുന്നില്ല. ഇന്ത്യൻ താരങ്ങൾ ഐ പി എല്ലിൽ നിന്ന് ഇടവേള എടുത്ത് നേരത്തെ ഇംഗ്ലണ്ടിലേക്ക് എത്താനും ശ്രമിക്കുകയുണ്ടായില്ല.

“ഒരു പരിശീലകനെന്ന നിലയിൽ ഈ തയ്യാറെടുപ്പിൽ ഞാൻ ഒരിക്കലും സന്തുഷ്ടനാകാൻ പോകുന്നില്ല, പക്ഷേ അത് ഞാൻ അഭിമുഖീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണ്… ഞങ്ങൾ അഭിമുഖീകരിക്കുന്നു. ഷെഡ്യൂളുകൾ വളരെ ഇടുങ്ങിയതും ഇറുകിയതുമാണ്.” ദ്രാവിഡ് പറഞ്ഞു.

“നിങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോൾ, പര്യടനത്തിന് മൂന്നാഴ്ച മുമ്പ് നിങ്ങൾ ഇവിടെ വന്ന് രണ്ട് സൈഡ് ഗെയിമുകൾ കളിക്കുകയാണെങ്കിൽ, നിങ്ങൾ നന്നായി തയ്യാറെടുക്കാൻ ആകും,” മുൻ ഇന്ത്യൻ സഹതാരങ്ങളായ സൗരവ് ഗാംഗുലിയോടും ഹർഭജൻ സിങ്ങിനോടും സംസാരിക്കവെ ദ്രാവിഡ് പറഞ്ഞു.

“ഞങ്ങൾക്ക് അതിനുള്ള സമയം ലഭിച്ചില്ല, ഞങ്ങൾക്ക് കഴിയുന്നത് ചെയ്യണം, പക്ഷേ ഒഴികഴിവുകളോ പരാതികളോ ഇല്ല. ഓസ്‌ട്രേലിയയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അഞ്ച് ദിവസം അവർ ഞങ്ങളേക്കാൾ നന്നായി കളിച്ചു. ഞങ്ങൾ ഒഴികഴിവുകൾ പറയേണ്ടതില്ല, നമ്മൾ സ്വയം നോക്കേണ്ടതുണ്ട്, നമുക്ക് എന്തിൽ മെച്ചപ്പെടാം, എന്തിൽ മെച്ചപ്പെടാൻ കഴിയും, അതൊരു നിരന്തര പരിശ്രമമാണ്,” ദ്രാവിഡ് കൂട്ടിച്ചേർത്തു.

ഒരു പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡ് വട്ടപൂജ്യം ആണെന്ന് മുൻ പാകിസ്ഥാൻ താരം

ഒരു പരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡ് വട്ടപൂജ്യം ആണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി. “ഞാൻ ഒരു വലിയ രാഹുൽ ദ്രാവിഡ് ആരാധകനാണ്, എന്നും ആരാധകനായി, തുടരും. അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്, ഒരു ഇതിഹാസമാണ്. എന്നാൽ പരിശീലകനെന്ന നിലയിൽ അദ്ദേഹം തികച്ചും പൂജ്യമാണ്. അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്ന് ദൈവത്തിന് അറിയാം” ബാസിത് അലി പറഞ്ഞു.

ഡബ്ല്യുടിസി ഫൈനലിൽ ദ്രാവിഡ് എടുത്ത തീരുമാനങ്ങളെ ബാസിത് വിമർശിച്ചു. ബൗൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ ഇന്ത്യൻ ടീം മത്സരത്തിൽ പരാജയപ്പെട്ടുവെന്നും അലി പറഞ്ഞു.

“ആദ്യത്തെ രണ്ട് മണിക്കൂറിനെക്കുറിച്ച് ആശങ്കപ്പെട്ട് ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത നിമിഷം തന്നെ ഇന്ത്യ മത്സരം തോറ്റു. ഇന്ത്യയുടെ ബൗളിംഗ് ഐപിഎൽ പോലെയായിരുന്നു.” മുൻ പാകിസ്ഥാൻ ബാറ്റർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഇന്ത്യയ്ക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് ചെറിയ സ്കോറിൽ പുറത്താക്കുകയും നാലാം ഇന്നിംഗ്‌സിൽ ഒരു അത്ഭുതം പ്രതീക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഇന്ത്യ ഫീൽഡ് ചെയ്‌ത 120 ഓവറിൽ എനിക്ക് 2-3 കളിക്കാർ മാത്രമേ ഫിറ്റായി കാണാൻ കഴിഞ്ഞുള്ളൂ – രഹാനെ, കോഹ്‌ലി, ജഡേജ. ബാക്കിയുള്ളവർ ഒക്കെ ക്ഷീണിതരായി കാണപ്പെട്ടു,” അലി അവകാശപ്പെട്ടു.

സസ്സെക്സിന്റെ നായകനെന്ന നിലയിൽ ഇംഗ്ലണ്ട് സാഹചര്യങ്ങളെക്കുറിച്ച് പുജാരയ്ക്ക് ആരെക്കാളും അറിവുണ്ട് – രാഹുല്‍ ദ്രാവിഡ്

കൗണ്ടിയിൽ മികച്ച ഫോമിൽ കളിച്ച ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് മികവ് മാത്രമല്ല സസ്സെക്സ് നായകനെന്ന നിലയിൽ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും ടീമിന് ഗുണം ചെയ്യുമെന്ന് പറഞ്ഞ് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ജൂൺ 7ന് ലണ്ടനിലെ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ.

രണ്ട് വര്‍ഷത്തെ കഠിന പ്രയത്നം ആണ് ഇന്ത്യയെ ഇവിടെ വരെ എത്തിച്ചതെന്നും ലോകത്തിലെ മികച്ച ടീമാകുവാനുള്ള അവസരത്തിനായി ഇന്ത്യ കഠിനാദ്ധ്വാനം ഏറെ ചെയ്തിട്ടുണ്ടെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. ഈ ഫൈനൽ അവസരത്തിനായി ടീം ഏറെ കാത്തിരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടീമിലൊന്നാകുവാന്‍ ഏവരും ഏറെ മോഹിക്കുന്ന കാര്യമാണെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.

“ഐ പി എൽ കഴിഞ്ഞ് ഒരാഴ്ച കൊണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കളിക്കുക എളുപ്പമല്ല” – ദ്രാവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌ പി‌ എൽ) ഫൈനൽ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കുക വെല്ലുവിളി ആണെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. മെയ് 28ന് ആണ് ഐപിഎൽ ഫൈനൽ. അതു കഴിഞ്ഞ് 9 ദിവസങ്ങൾക്ക് ശേഷം ജൂൺ 7 മുതൽ ലണ്ടനിലെ ഓവലിൽ ഡബ്ല്യുടിസി ഫൈനലും നടക്കും. ഇന്ത്യ ഫൈനലിൽ ഓസ്‌ട്രേലിയയെ ആണ് നേരിടേണ്ടത്.

ഡബ്ല്യുടിസിയിലെ ഇതുവരെയുഌഅ ഇന്ത്യയുടെ പ്രകടനത്തെ ദ്രാവിഡ് പ്രശംസിച്ചു, നാട്ടിലും പുറത്തും ആറ് പരമ്പരകൾ കളിച്ചതിന് ശേഷം ഫൈനലിലേക്ക് യോഗ്യത നേടുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഐ പി എൽ ഫൈനലും WTC ഫൈനലും തമ്മിൽ കുറച്ചു ദിവസങ്ങളേ ഉള്ളൂ എന്നത് ആശങ്ക നൽകുന്നുണ്ട്. എങ്കിലും അതിനായി ടീമിനെ ഒരുക്കാൻ ആകും എന്ന് അദ്ദേഹം പറഞ്ഞു.

“കളിക്ക് ഫലം കിട്ടുന്ന പിച്ചിൽ കളിക്കാൻ ആണ് എല്ലാവരും ആഗ്രഹിക്കുക” – ദ്രാവിഡ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായുള്ള പിച്ചുകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചർച്ചയ്‌ക്കെതിരെ ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഇരു ടീമുകളും അവർക്ക് ഏത് പിച്ചുകൾ നൽകിയാലും പൊരുത്തപ്പെടണമെന്ന് ഇന്ത്യൻ കോച്ച് പ്രസ്താവിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അവസാനം മത്സരം നടക്കാനിരിക്കെ ആണ് ദ്രാവിഡ് സംസാരിച്ചത്‌. ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 2-1 ന് മുന്നിട്ട് നിൽക്കുകയാണ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് യോഗ്യത ഉറപ്പിക്കേണ്ടതിനാൽ ഫലം സൃഷ്ടിക്കാൻ കഴിയുന്ന വിക്കറ്റുകൾ ഒരുക്കാനാണ് നോക്കുന്നതെന്ന് ദ്രാവിഡ് പറഞ്ഞു. “ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും സംഭവിക്കുന്നുണ്ട്,” അദ്ദേഹം പറഞ്ഞു. “അഹമ്മദാബാദിലെ പിച്ച് നല്ലതാണ്, പിച്ചുകളെ ചുറ്റിപ്പറ്റി ഒരുപാട് അനാവശ്യമായ ചർച്ചകൾ നടക്കുന്നുണ്ട്, പിച്ച് എന്തായാലും, അവയിൽ കളിക്കാൻ പഠിക്കണം. രണ്ട് ടീമുകൾക്കും ഒരുപോലെയാണ് പിച്ച്” ദ്രാവിഡ് പറഞ്ഞു മ്

കോഹ്‍ലിയുടെ ടി20 ടീമിലെ സ്ഥാനം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല – രാഹുല്‍ ദ്രാവിഡ്

വിരാട് കോഹ്‍ലിയുടെ ടി20 ടീമിലെ സ്ഥാനം കഴിഞ്ഞ വര്‍ഷം വരെ ചോദ്യചിഹ്നമായിരുന്നുവെന്ന ഒരു ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തെ പാതിവഴിയിൽ തടഞ്ഞ് രാഹുല്‍ ദ്രാവിഡ്. ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാഹുല്‍ ദ്രാവിഡ് കോഹ്‍ലിയുടെ സ്ഥാനം ഒരിക്കലും ടീം മാനേജ്മെന്റ് ചോദ്യം ചെയ്തിട്ടില്ലെന്ന് പറയുകയായിരുന്നു.

കോഹ്‍ലി 2022ലെ ഐസിസി ടി20 ടീമിൽ ഇടം പിടിച്ചിട്ടു എന്ത് കൊണ്ട് ടി20യിൽ കളിക്കുന്നില്ലെന്ന ചോദ്യത്തിന് അത് കോഹ്‍ലിയുടെ തീരുമാനം ആണെന്നും വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായുള്ള തീരുമാനം ആണെന്നും കൂട്ടിചേര്‍ത്തു.

രാഹുലിനെക്കാള്‍ ടി20 ഫോര്‍മാറ്റിനെക്കുറിച്ച് നെഹ്റയ്ക്ക് അറിയാം – ഹര്‍ഭജന്‍ സിംഗ്

ഇന്ത്യയുടെ ടി20 കോച്ചിംഗ് സംഘത്തിലേക്ക് ആശിഷ് നെഹ്റയെ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. നിലവിലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെക്കാള്‍ ഈ ഫോര്‍മാറ്റിനെക്കുറിച്ച് ആശിഷ് നെഹ്റയ്ക്ക് അറിയാം എന്നാണ് ഹര്‍ഭജന്‍ സിംഗ് പറഞ്ഞത്.

അതിനാൽ തന്നെ ദ്രാവിഡ് കോച്ചെന്ന നിലയിൽ മികച്ച് നിൽക്കുന്നുവെങ്കിലും ഈ ഫോര്‍മാറ്റിൽ ആശിഷ് നെഹ്റയുടെ സേവനും ഇന്ത്യ ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.

നിലവിലെ ഐപിഎൽ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ കോച്ചാണ് ആശിഷ് നെഹ്റ. ദ്രാവിഡിനെ ടി20 കോച്ചിംഗ് സ്ഥാനത്ത് നിന്ന് മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും പകരം നെഹ്‍റയെക്കൂടി കോച്ചിംഗ് സെറ്റപ്പിൽ ഉള്‍പ്പെടുത്തി 2024 ലോകകപ്പിനുള്ള ടീം സൃഷ്ടിച്ചെടുക്കണമന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ദ്രാവിഡിന് വിശ്രമം, ലക്ഷമൺ ഇന്ത്യയെ പരിശീലിപ്പിക്കും

വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചീഫ് വിവിഎസ് ലക്ഷ്മൺ പരിശീലിപ്പിക്കും. ഇന്ത്യയുടെ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് വിശ്രമം നൽകാൻ ആണ് തീരുമാനം.

നവംബർ 18 മുതൽ 30 വരെ മൂന്ന് ടി20 മത്സരങ്ങളും ഏകദിന മത്സരങ്ങളും ആണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ കളിക്കേണ്ടത്. ലോകകപ്പിൽ സെമിയിൽ നിന്ന് പുറത്തായ ദ്രാവിഡ് ഇന്ത്യയിൽ ചെന്ന് വിശ്രമിക്കും.

ക്യാപ്റ്റൻ രോഹിത് ശർമ്മ, മുൻ ക്യാപ്റ്റൻ വിരാട് കോലി, ഓപ്പണർ കെഎൽ രാഹുൽ, സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ താരങ്ങൾക്കും പര്യടനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഹൃഷികേശ് കനിത്കർ (ബാറ്റിംഗ്), സായിരാജ് ബഹുതുലെ (ബൗളിംഗ്) എന്നിവരടങ്ങുന്ന ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള എൻസിഎ കോച്ചിംഗ് സംഘം ന്യൂസിലാൻഡിലേക്കുള്ള ടീമിനൊപ് ചേരുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

Exit mobile version