മികച്ച തുടക്കത്തിന് ശേഷം പവര്‍പ്ലേയില്‍ ഓപ്പണര്‍മാരെ നഷ്ടമായി മുംബൈ

ഐപിഎലിന്റെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായെങ്കിലും മികച്ച തുടക്കം നേടി മുംബൈ ഇന്ത്യന്‍സ്. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് പോകാമെന്ന മുംബൈ മോഹങ്ങള്‍ക്ക് പിയൂഷ് ചൗളയാണ് വിലങ്ങ് തടിയായത്. 16 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കും മുംബൈ നായകന്‍ രോഹിത് ശര്‍മ്മയുമാണ് ഓപ്പണിംഗില്‍ അടിച്ച് തകര്‍ത്തത് നാലോവറില്‍ 45 റണ്‍സാണ് നേടിയത്.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരം ലുംഗിസാനി ഗിഡിയെയാണ് ഡി കോക്ക് കടന്നാക്രമിച്ചത്. ലുംഗി എറിഞ്ഞ മത്സരത്തിലെ നാലാം ഓവറിലും താരത്തിന്റെ ആദ്യ ഓവറില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 18 റണ്‍സാണ് ഡി കോക്ക് നേടിയത്. രോഹിത് ശര്‍മ്മ പത്ത് പന്തില്‍ നിന്ന് 12 റണ്‍സ് നേടി പിയൂഷിന് വിക്കറ്റ് നല്‍കി മടങ്ങി.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ കറന്‍ 20 പന്തില്‍ നിന്ന് 33 റണ്‍സ് നേടിയ ഡി കോക്കിനെയും മുംബൈയ്ക്ക് നഷ്ടമായി. ഷെയിന്‍ വാട്സണ്‍ ആണ് ക്യാച്ച് സ്വന്തമാക്കിയത്. ആറ് ഓവര്‍ അവസാനിച്ചപ്പോള്‍ മുംബൈ 51 റണ്‍സാണ് നേടിയിട്ടുള്ളത്.

3TC മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്ക് ഇല്ല, ടെംബ ബാവുമ കൈറ്റ്സിനെ നയിക്കും

3TC സോളിഡാരിറ്റി കപ്പില്‍ നിന്ന് പിന്മാറി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്ക്. ഡി കോക്ക് നയിക്കാനിരുന്ന ടീമായ കൈറ്റ്സിനെ ഇനി ടെംബ ബാവുമ നയിക്കും. ഡി കോക്കിന് പകരം ടീമിലേക്ക് 24 വയസ്സുകാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റയാന്‍ റിക്കല്‍ടണിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ കാര്യമാണ് അവസാന നിമിഷത്തെ പിന്മാറ്റത്തില്‍ പറഞ്ഞിരിക്കുന്നത്.

സെഞ്ചൂറിയണില്‍ ഇന്ന് അല്പം വൈകിയാണ് മത്സരം അരങ്ങേറുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആശയമാണ് ഈ 36 ഓവര്‍ മത്സരം.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി ക്വിന്റണ്‍ ഡി കോക്ക്

കഴി‍ഞ്ഞ വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ അവാര്‍ഡ് നേടി ക്വിന്റണ്‍ ഡി കോക്ക്. ഡി കോക്ക് പുരുഷ വിഭാഗം വിജയി ആയപ്പോള്‍ വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടത് ലോറ വോള്‍വാര്‍ഡ്ട് ആണ്. ക്വിന്റണ്‍ ഡി കോക്കിന് ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും നേടിയിട്ടുണ്ട്. ലോറയ്ക്ക് ഏകദിന താരത്തിന്റെ അവാര്‍ഡും ലഭിച്ചു.

ഇത് രണ്ടാം തവണയാണ് ഡി കോക്ക് ഈ പുരസ്കാരം നേടുന്നത്. ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തില്‍ ഈ നേട്ടം രണ്ടാം തവണ നേടുന്ന ആറാം താരമാണ് ക്വിന്റണ്‍. ഈ നേട്ടം മൂന്ന് തവണ നേടിയ അഞ്ച് താരങ്ങളുണ്ട്. മകായ എന്‍ടിനി, കാഗിസോ റബാഡ, ജാക്വസ് കാലിസ്, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ് എന്നിവരാണ് ഇവര്‍.

ദക്ഷിണാഫ്രിക്കയുടെ ലുംഗിസാനി ഗിഡിയ്ക്കാണ് ഏകദിനത്തിലെയും ടി20യിലെയും മികച്ച താരത്തിനുള്ള അവാര്‍ഡ്. വര്‍ഷത്തെ പുതുമുഖ താരത്തിനുള്ള അവാര്‍ഡ് ആന്‍റിച്ച് നോര്‍ട്ജേ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ നേടിയ അഞ്ച് വിക്കറ്റാണ് താരത്തിന് ഈ നേട്ടം നല്‍കിയത്.

ഡി കോക്കിനെ ടെസ്റ്റ് ക്യാപ്റ്റനാക്കില്ലെന്ന് ഗ്രെയിം സ്മിത്ത്

ദക്ഷിണാഫ്രിക്കയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ക്യാപ്റ്റനായി ക്വിന്റണ്‍ ഡി കോക്കിനെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കുവാനില്ലെന്ന് അറിയിച്ച് പുതുതായി ദക്ഷിണാഫ്രിക്കയുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായി ചുമതലയേറ്റ ഗ്രെയിം സ്മിത്ത്. ഫാഫ് ഡു പ്ലെസി കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഴിഞ്ഞ പദവിയിലേക്ക് ആരെ എത്തിക്കുമെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനാകില്ലെന്നും സ്മിത്ത് പറഞ്ഞു.

ഡു പ്ലെസിയ്ക്ക് പകരം ആരെന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് മാത്രമേ തനിക്ക് ഇപ്പോള്‍ പറയാനാകൂ, പകരം ആരെന്നുള്ളതിന് ഉത്തരമില്ല, എന്നാല്‍ അത് ഡി കോക്ക് ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയാമെന്ന് ഗ്രെയിം സ്മിത്ത് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് നായകനാകുവാന്‍ പറ്റിയ ഒട്ടനവധി താരങ്ങളുണ്ട്, എന്നാല്‍ ഇതാണ് ശരിയായ താരമെന്ന തീരുമാനത്തിലേക്ക് എത്താറായിട്ടില്ലെന്ന് ഗ്രെയിം സ്മിത്ത് അഭിപ്രായപ്പെട്ടു.

ഡി കോക്ക് ടീമിന്റെ പ്രധാന ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ്, അതിനാല്‍ തന്നെ ടെസ്റ്റിലും കൂടി ക്യാപ്റ്റനാക്കി താരത്തിന്റെ ജോലി ഭാരംകൂട്ടാനില്ലെന്ന് ഗ്രെയിം സ്മിത്ത് വ്യക്തമാക്കി. താരത്തിനെ സ്വതസിദ്ധമായ ശൈലിയില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാനനുദവിക്കുക എന്നതാണ് ടീമിന്റെ ഇപ്പോളത്തെ ലക്ഷ്യമെന്നും സ്മിത്ത് പറഞ്ഞു.

ക്വിന്റണ്‍ ഡി കോക്കിനൊപ്പം ക്വാറന്റീന്‍ കാലം ചെലവഴിക്കുവാന്‍ താന്‍ തയ്യാറെന്ന് ഡെയില്‍ സ്റ്റെയിന്‍

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ താന്‍ ക്വാറന്റീനില്‍ കഴിയേണ്ടി വരികയാണെങ്കില്‍ അത് ക്വിന്റണ്‍ ഡി കോക്കിനൊപ്പം ആകുവാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ഡെയില്‍ സ്റ്റെയിന്‍. ഇരുവരും ക്രിക്കറ്റ് കളിക്കാത്ത സമയത്ത് മീന്‍ പിടുത്തതിന് ഒപ്പം പോകുന്ന താരങ്ങളാണ്. ലോകത്തില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് ക്വിന്റണ്‍ എന്ന് പറഞ്ഞു.

അദ്ദേഹം എപ്പോളും മീന്‍പിടുത്ത സംബന്ധമായ കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുക എന്നും മികച്ച പാചകകാരനുമാണ് ക്വിന്റണ്‍ എന്ന് സ്റ്റെയിന്‍ പറഞ്ഞു. തനിക്ക് പാചകമെന്നാല്‍ വെറുപ്പാണെന്നും അദ്ദേഹത്തിന്റെ ഒപ്പമുണ്ടെങ്കില്‍ മികച്ച ഭക്ഷണവും കഴിക്കാം അദ്ദേഹം കാണുന്ന ഫിഷിംഗ് വീഡിയോ എപ്പോളും കാണാനാകുമെന്നതും ഗുണകരമാണെന്ന് സ്റ്റെയിന്‍ പറഞ്ഞു.

പാക്കിസ്ഥാനില്‍ പിഎസ്എല്‍ കളിക്കുന്നതിനിടെയാണ് ടൂര്‍ണ്ണമെന്റ് നിര്‍ത്തിവെച്ചപ്പോള്‍ സ്റ്റെയിന്‍ നാട്ടിലേക്ക് മടങ്ങിയത്.

ഒരറ്റത്ത് അര്‍ദ്ധ ശതകവുമായി പൊരുതി നിന്ന് ഡേവിഡ് വാര്‍ണര്‍, 12 റണ്‍സ് വിജയം കൊയ്ത് ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടി20യില്‍ 12 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ആദ്യ ടി20യിലെ കനത്ത പരാജയത്തിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് നേടിയ തകര്‍പ്പന്‍ 70 റണ്‍സിന്റെ ബലത്തില്‍ 158/4 എന്ന സ്കോര്‍ നേടുകയായിരുന്നു. 47 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതമാണ് ഡി കോക്കിന്റെ ഇന്നിംഗ്സ്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 37 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി കെയിന്‍ റിച്ചാര്‍ഡ്സണ്‍ 2 വിക്കറ്റ് നേടുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ ഡേവിഡ് വാര്‍ണര്‍ ടോപ് ഓര്‍ഡറില്‍ പൊരുതി നിന്നുവെങ്കിലും അവസാന ഓവറില്‍ ജയിക്കുവാന്‍ 17 റണ്‍സ് നേടേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് 3 റണ്‍സാണ് നേടാനായത്. വാര്‍ണര്‍ 56 പന്തില്‍ നിന്ന് പുറത്താകാതെ 67 റണ്‍സാണ് നേടിയത്. സ്റ്റീവന്‍ സ്മിത്ത് 29 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി ഗിഡി 3 വിക്കറ്റ് വീഴ്ത്തി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

സെഞ്ചൂറിയണില്‍ 9 വിക്കറ്റുകള്‍ നഷ്ടമായി ദക്ഷിണാഫ്രിക്ക, ക്വിന്റണ്‍ ഡി കോക്കിന് ശതകം നഷ്ടം

ഇംഗ്ലണ്ടിനെതിരെ സെഞ്ചൂറിയണില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 82.4 ഓവറില്‍ ദക്ഷിണാഫ്രിക്ക 277/9 എന്ന നിലയിലാണ്. 95 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന് ശതകം നഷ്ടമായപ്പോള്‍ സുബൈര്‍ ഹംസ(39), ഫാഫ് ഡു പ്ലെസി(29), ഡ്വെയിന്‍ പ്രിട്ടോറിയസ്(33) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പൊരുതി നോക്കിയത്.

28 റണ്‍സുമായി വെറോണ്‍ ഫിലാന്‍ഡര്‍ ആണ് ക്രീസിലുള്ളത്. സാം കറന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റുവര്‍ട് ബ്രോഡിന് 3 വിക്കറ്റും ലഭിച്ചു.

മത്സരം ജയിക്കുവാനുള്ള ഇതേ ആവേശം ടീം തുടര്‍ന്നാല്‍ താന്‍ സന്തോഷവാന്‍

ആദ്യ മത്സരത്തിലേതില്‍ നിന്ന് കൃത്യമായ ലൈനിലും ലെഗ്ത്തിലും പന്തെറിയുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആയതാണ് ഈ മത്സരത്തില്‍ നിന്നുള്ള ഏറ്റവും വലിയ പോസിറ്റീവ് കാര്യമായി താന്‍ കണക്കാക്കുന്നതെന്ന് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ‍ഡി കോക്ക്. വേഗത്തില്‍ തെറ്റ് തിരുത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്. കൃത്യമായ സ്ഥാനങ്ങളില്‍ ബൗള്‍ ചെയ്യുവാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഇതില്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നുവെന്നും ഡി കോക്ക് വ്യക്തമാക്കി.

ഫീല്‍ഡിംഗിലും ബൗളര്‍മാര്‍ മികച്ച് നിന്നുവെന്നും വിജയത്തിനായുള്ള ആവേശം കുറയാതെ ഈ ടീം നിലനിര്‍ത്തുകയാണെങ്കില്‍ മത്സര ഫലം എന്ത് തന്നെയായാലും തനിക്ക് സന്തോഷമാകുമെന്നും ഡി കോക്ക് പറഞ്ഞു.

ക്യാപ്റ്റനായി ആദ്യ വിജയം, ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം റണ്‍സ് തികച്ച് ക്വിന്റണ്‍ ഡി കോക്ക്

ബെംഗളൂരുവില്‍ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ 9 വിക്കറ്റ് വിജയം ക്യാപ്റ്റനെന്ന നിലയില്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ആദ്യ വിജയം കൂടിയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ന് തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയ താരം ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആയിരം റണ്‍സ് തികയ്ക്കുകയും ചെയ്തു. 52 പന്തില്‍ നിന്ന് 79 റണ്‍സുമായി ഡി കോക്ക് പുറത്താകാതെ നില്‍ക്കുകയായിരുന്നു.

ടി20 ക്രിക്കറ്റില്‍ 5000 റണ്‍സും താരം ഇന്ന് തികച്ചു.

ടി20 പരമ്പര സമനിലയിലാക്കി ദക്ഷിണാഫ്രിക്ക

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ 9 വിക്കറ്റ് ജയം സ്വന്തമാക്കി ടി20 പരമ്പര സമനിലയിലാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 134/9 എന്ന സ്കോറിന് പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കയെ നായകന്‍ ക്വിന്റണ്‍ ഡി കോക്ക് ആണ് ജയത്തിലേക്ക് നയിച്ചത്. 16.5 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോള്‍ ഡി കോക്ക് 79 റണ്‍സുമായി പുറത്താകാതെ നിന്നു.

27 റണ്‍സ് നേടി തനിക്കൊപ്പം നിന്ന ടെംബ ബാവുമയോടൊപ്പം രണ്ടാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ 64 റണ്‍സാണ് നേടിയത്. 52 പന്ത് നേരിട്ട ഡി കോക്ക് 79 റണ്‍സ് നേടിയതില്‍ ആറ് ഫോറും 5 സിക്സും അടങ്ങുന്നു.
.
10.1 ഓവറില്‍ റീസ ഹെന്‍ഡ്രിക്സുമായി 76 റണ്‍സ് കൂട്ടുകെട്ട് ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ക്വിന്റണ്‍ ഡി കോക്ക് നേടിയിരുന്നു. 28 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയെങ്കിലും പകരമെത്തിയ ടെംബ ബാവുമയുമായി ചേര്‍ന്ന് ടീമിനെ ഡി കോക്ക് മുന്നോട്ട് നയിച്ചു.

ക്യാപ്റ്റന്‍സി തന്റെ കരിയറിലെ പുതിയ വഴിത്തിരിവ്

ക്യാപ്റ്റന്‍സി തന്റെ കരിയറിലെ പുതിയ വഴിത്തിരിവാണെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ പുതിയ നായകന്‍ ക്വിന്റണ്‍ ഡി കോക്ക്. ഇതിന് മുമ്പ് ടീമിനെ രണ്ട് തവണ താരം നയിച്ചപ്പോളും തോല്‍വിയായിരുന്നു ഫലം. അന്ന് സ്ഥിരം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ പരിക്കാണ് താരത്തിന് അവസരം നല്‍കിയതെങ്കില്‍ ഇപ്പോള്‍ സ്ഥിരം ക്യാപ്റ്റനായി ദക്ഷിണാഫ്രിക്ക ഡി കോക്കിനെ നിയമിക്കുകയായിരുന്നു.

താരം ക്യാപ്റ്റന്‍സിക്ക് അനുയോജ്യനായ വ്യക്തിയാണെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ കോച്ച് ഓട്ടിസ് ഗിബ്സണും ടീമിലെ സഹതാരം ഡേവിഡ് മില്ലറും പറയുന്നത്. തന്റെ കരിയറിലെ പുതിയ വഴിത്തിരിവാണ് ഈ ദൗത്യമെന്നാണ് മൊഹാലിയിലെ ടി20 മത്സരത്തിന് മുന്നോടിയായി താരം പറഞ്ഞത്. പരമ്പരയിലെ ആദ്യ മത്സരം ടോസ് പോലും നടക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഈ അധിക ചുമതലയെക്കുറിച്ച് താന്‍ അധികം ചിന്തിക്കുന്നില്ലെന്നും ഡി കോക്ക് പറഞ്ഞു. അത് തനിക്ക് അധിക ചുമതല നല്‍കുന്നുവെന്നത് ശരി തന്നെ, പക്ഷേ തന്നെ എത്തരത്തില്‍ ബാധിക്കുമെന്ന് തനിക്ക് ഇപ്പോള്‍ അറിയില്ലെന്നും ഡി കോക്ക് പറഞ്ഞു. പോസിറ്റീവായാണോ നെഗറ്റീവായാണോ തന്നെ ഇത് ബാധിക്കുന്നത് വഴിയെ മാത്രമേ അറിയുള്ളുവെന്നും താരം വ്യക്തമാക്കി.

ഇന്ത്യന്‍ പരമ്പര ഭാവിയിലേക്കുള്ള ടീം പടുത്തുയര്‍ത്തുവാനുള്ള അവസരം

ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുവാനുള്ള പരമ്പരയായാണ് ഇന്ത്യന്‍ ടീമിനെതിരെയുള്ള ടി20 പരമ്പരയെ കാണുന്നതെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ എനോച്ച് ക്വേ. ഫാഫ് ഡു പ്ലെസിയ്ക്ക് പകരം ചെറിയ ഫോര്‍മാറ്റില്‍ ക്വിന്റണ്‍ ഡി കോക്കിനെ ക്യാപ്റ്റനാക്കിയ ദക്ഷിണാഫ്രിക്ക അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളാരംഭിച്ചിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ ഡി കോക്കിനാവും ഇനി ക്യാപ്റ്റന്‍സിയെന്ന സൂചനയും ദക്ഷിണാഫ്രിക്കന്‍ ടീം ഡയറക്ടര്‍ പറഞ്ഞു.

ലോകകപ്പിലെ ദാരുണമായ പ്രകടനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒട്ടേറെ മാറ്റമാണ് വന്നത്. കോച്ച് ഓട്ടിസ് ഗിബ്സണ്‍ പുറത്ത് പോയപ്പോള്‍ ഡു പ്ലെസിയുടെ ക്യാപ്റ്റന്‍സി ടെസ്റ്റില്‍ മാത്രമായി ബോര്‍ഡ് ഒതുക്കി. ക്വിന്റണ്‍ ഡി കോക്കില്‍ വിശ്വാസമുണ്ടെന്നും തങ്ങളുടെ സ്ക്വാഡില്‍ ആവശ്യത്തിനുള്ള പ്രതിഭകളുണ്ടെന്നും ക്വേ പറഞ്ഞു. ഫാഫ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും വലിയ സംഭാവനകളാണ് നല്‍കിയതെങ്കിലും ഇനിയുള്ള ഭാവി പരിപാടികള്‍ ക്വിന്റണ്‍ ഡി കോക്കിന്റെ നേതൃത്വത്തിലാവും ചെറിയ ഫോര്‍മാറ്റിലെന്നും അതിനുള്ള തുടക്കമാണ് ഇതെന്നും എനോച്ച് വ്യക്തമാക്കി.

Exit mobile version