മുംബൈയുടെ വിജയം ഉറപ്പാക്കി ക്വിന്റണ്‍ ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും

ഫോം കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്നു ഓപ്പണ്‍ ക്വിന്റണ്‍ ഡി കോക്ക് അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഐപിഎലില്‍ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ നല്‍കിയ 172 റണ്‍സ് ലക്ഷ്യം 18.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ നേടിയത്.

രോഹിത്തും ഡി കോക്കും ചേര്‍ന്ന് പവര്‍പ്ലേയില്‍ 49 റണ്‍സാണ് നേടിയത്. പവര്‍പ്ലേയുടെ അവസാന പന്തില്‍ 14 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റാണ് മുംബൈയ്ക്ക് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും(16) ഡി കോക്കിന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 34 റണ്‍സാണ് നേടിയത്. മോറിസിന് തന്നെയായിരുന്നു ഈ വിക്കറ്റും.

അവിടെ നിന്ന് ഡി കോക്കും ക്രുണാലും ചേര്‍ന്ന് മുംബൈയെ മുന്നോട്ട് നയിക്കുകയായിരുന്നു.
36 പന്തില്‍ 53 റണ്‍സായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ക്രീസില്‍ അര്‍ദ്ധ ശതകം തികച്ച ക്വിന്റണ്‍ ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും ആയിരുന്നു.

26 പന്തില്‍ 39 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നേടിയത്. ക്രുണാല്‍ പുറത്താകുമ്പോള്‍ 20 പന്തില്‍ വെറും 26 റണ്‍സ് മതിയായിരുന്നു മുംബൈയ്ക്ക്. മുസ്തഫിസുര്‍ 44 പന്തില്‍ 63 റണ്‍സ് നേടിയ കൂട്ടുകെട്ടിനെയാണ് തകര്‍ത്തത്. 18 പന്തില്‍ 25 റണ്‍സെന്ന നിലയില്‍ ബൗളിംഗ് ദൗത്യം ഏറ്റെടുത്ത ക്രിസ് മോറിസിനെ ഒരു സിക്സിനും ഫോറിനും പറത്തി കീറണ്‍ പൊള്ളാര്‍ഡും രംഗത്തെത്തിയതോടെ മുംബൈ അനായാസം ലക്ഷ്യത്തിലേക്ക് അടുത്തു.

ഡി കോക്ക് 50 പന്തില്‍ 70 റണ്‍സും കീറണ്‍ പൊള്ളാര്‍ഡ് 8 പന്തില്‍ 16 റണ്‍സും നേടി ടീമിന്റെ ഏഴ് വിക്കറ്റ് വിജയ സമയത്തില്‍ ക്രീസില്‍ നില്‍ക്കുകയായിരുന്നു.

 

 

അംലയെയും കോഹ്‍ലിയെയും പിന്തള്ളി ബാബര്‍ അസമിന്റെ റെക്കോര്‍ഡ്

ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തന്റെ 13ാം ഏകദിന ശതകം ആണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം നേടിയത്. 2019ന് ശേഷം താരം നേടുന്ന 9ാമത്തെ ശതകം ആണ് ഇന്നലത്തേത്. ഈ ശതക നേട്ടത്തില്‍ താരം ഹാഷിം അംല, വിരാട് കോഹ്‍ലി, ഡി വില്ലിയേഴ്സ് എന്നിവരുടെ റെക്കോര്‍ഡാണ്.

76 ഇന്നിംഗ്സില്‍ നിന്നാണ് ബാബര്‍ അസം തന്റെ 13ാം ശതകം പൂര്‍ത്തിയാക്കിയത്. 83 ഇന്നിംഗ്സാണ് അലം ഈ നേട്ടത്തിനായി കളിച്ചതെങ്കില്‍ ഡി കോക്കും വിരാട് കോഹ്‍ലിയും 86 ഇന്നിംഗ്സില്‍ നിന്നാണ് തങ്ങളുടെ 13ാം ഏകദിന ശതകം സ്വന്തമാക്കിയത്.

ബാബര്‍ അസമിന്റെ തിരിച്ചുവരവ് പാക്കിസ്ഥാനെ വേറെ ടീമാക്കുന്നു – ക്വിന്റണ്‍ ഡി കോക്ക്

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റെ മടങ്ങി വരവ് ടീമിനെ ന്യൂസിലാണ്ടിനെതിരെ കളിച്ച ടീമിനെക്കാളും അപകടകാരിയാക്കുന്നുവെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക്.

ന്യൂസിലാണ്ടില്‍ നാണംകെട്ട രീതിയില്‍ പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്‍ ടീമില്‍ ഒട്ടേറെ മാറ്റമാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി വരുത്തിയിട്ടുള്ളത്. നാട്ടിലെ സാഹചര്യങ്ങളില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ അപകടകാരിയാണെന്നും ക്വിന്റണ്‍ ഡി കോക്ക്.

ക്വിന്റണ്‍ ഡി കോക്ക് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് നായകന്‍

ഏകദിന ക്യാപ്റ്റന്‍സിയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ക്വിന്റണ്‍ ഡി കോക്കിനെ ഏല്പിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. നേരത്തെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഗ്രെയിം സ്മിത്ത് ടെസ്റ്റില്‍ ക്വിന്റണ്‍ ഡി കോക്കിനെ ആവില്ല ക്യാപ്റ്റന്‍സി ചുമതല നല്‍കുക എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ ഡി കോക്കിനെയാണ് ചുമതല ഏല്പിച്ചിരിക്കുന്നത്.

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് ഡി കോക്കിന്റെ ആദ്യ ദൗത്യം. പരമ്പരയ്ക്കുള്ള ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റുകളുടെ പരമ്പര ഡിസംബര്‍ 26ന് ആരംഭിയ്ക്കും.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്ക്വാഡ്: Quinton de Kock (captain), Temba Bavuma, Aiden Markram, Faf du Plessis, Beuran Hendricks, Dean Elgar, Keshav Maharaj, Lungi Ngidi, Rassie van der Dussen, Sarel Erwee, Anrich Nortje, Glenton Stuurman, Wiaan Mulder, Keegan Petersen, Kyle Verreynne.

ഇംഗ്ലണ്ടിനെതിരെ 146 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക

ടോപ് ഓര്‍ഡറില്‍ ക്വിന്റണ്‍ ഡി കോക്കും ഇന്നിംഗ്സിന്റെ അവസാനത്തോടെ ജോര്‍ജ്ജ് ലിന്‍ഡേയും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും നേടിയ റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ 146 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. 6 വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഈ സ്കോര്‍.

ഡി കോക്ക് 18 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ ടെംബ ബാവുമ(13), റീസ ഹെന്‍ഡ്രിക്സ്(16), ഫാഫ് ഡു പ്ലെസി(11), ഹെയിന്‍റിച്ച് ക്ലാസ്സെന്‍(7) എന്നിവരെല്ലാം വേഗത്തില്‍ പുറത്താകുകയായിരുന്നു. 95/5 എന്ന നിലയില്‍ നിന്ന് 44 റണ്‍സ് കൂട്ടുകെട്ടുമായി റാസ്സി-ലിന്‍ഡേ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചത്.

19ാം ഓവറില്‍ ജോര്‍ജ്ജ് ലിന്‍ഡേ റണ്ണൗട്ടായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. 20 പന്തില്‍ നിന്ന് 29 റണ്‍സാണ് താരം നേടിയത്. റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് രണ്ട് വിക്കറ്റ് നേടി. റഷീദ് തന്റെ 50ാം ടി20 വിക്കറ്റും മത്സരത്തില്‍ നേടി. ഇംഗ്ലണ്ടിനായി ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് റഷീദ്.

മികച്ച തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ പതറിയ മുംബൈയെ മുന്നോട്ട് നയിച്ച് ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും

ഐപിഎലിലെ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 200 റണ്‍സ്. ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ നല്‍കിയ തുടക്കത്തിന് ശേഷം അശ്വിന്റെ മുന്നില്‍ മുംബൈ പതറുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് 60 റണ്‍സ് കൂട്ടുകെട്ടുമായി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ക്വിന്റണ്‍ ഡി കോക്ക് മുംബൈയ്ക്ക് നല്‍കിയത്. ഡി കോക്ക് ഒരു വശത്ത് തകര്‍ത്തടിച്ചപ്പോള്‍ രോഹിത്തിനെ മുംബൈയ്ക്ക് വേഗത്തില്‍ നഷ്ടമാകുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ രോഹിത് കുടുങ്ങി. അശ്വിനായിരുന്നു വിക്കറ്റ്.

Ashwin

അതിന് ശേഷം സൂര്യകുമാര്‍ യാദവും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സ് മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റില്‍ 62 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 25 പന്തില്‍ നിന്ന് 40 റണ്‍സ് നേടി ഡി കോക്കിനെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിയത്. പത്തോവറില്‍ 92 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

അധികം വൈകാതെ സ്കോര്‍ നൂറിലെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനെ മുംബൈയ്ക്ക് നഷ്ടമായി. 38 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ യാദവിന്റെ വിക്കറ്റ് ആന്‍റിക് നോര്‍ക്കിയ ആണ് പുറത്താക്കിയത്. അടുത്ത ഓവറില്‍ കൈറണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കി അശ്വിന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ മത്സരത്തില്‍ മുംബൈ 101/4 എന്ന നിലയിലേക്ക് വീണു. 78/1 എന്ന നിലയില്‍ അതി ശക്തമായ നിലയില്‍ നിന്നായിരുന്നു മുംബൈയുടെ തകര്‍ച്ച.

39 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ക്രുണാല്‍ പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ 13 റണ്‍സ് നേടിയ ക്രുണാലിന്റെ വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായി. മാര്‍ക്കസ് സ്റ്റോയിനിസ് തന്റെ സ്പെല്ലിലെ ആദ്യ പന്തില്‍ തന്നെ താരത്തെ പുറത്താക്കുകയായിരുന്നു.

23 പന്തില്‍ നിന്ന് 60 റണ്‍സ് കൂട്ടുകെട്ടുമായി ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് മുംബൈയെ 5 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലേക്ക് നയിക്കുകയായിരുന്നു. 30 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ കിഷനൊപ്പം 5 സിക്സ് അടക്കം 14 പന്തില്‍ നിന്ന് 37 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും അടിച്ച് തകര്‍ത്തപ്പോള്‍ കാഗിസോ റബാഡയും ആന്‍റിക് നോര്‍ക്കിയയും തല്ല് വാങ്ങിക്കൂട്ടുകയായിരുന്നു.

 

കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ കാത്ത് രക്ഷിച്ച് കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട്, മറികടക്കാനാകുമോ സണ്‍റൈസേഴ്സിന് മുംബൈയുടെ ഈ സ്കോര്‍

സണ്‍റൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റണ്‍സ് നേടി മുംബൈ ഇന്ത്യന്‍സ്. കൈറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം ഇഷാന്‍ കിഷനും(33) സൂര്യകുമാര്‍ യാദവും(36) ക്വിന്റണ്‍ ഡി കോക്കും(25) എല്ലാം മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും ആര്‍ക്കും തങ്ങള്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറിലേക്ക് കൊണ്ടെത്തിക്കുവാന്‍ സാധിച്ചില്ല. പൊള്ളാര്‍ഡ് 25 പന്തില്‍ നിന്ന് 41 റണ്‍സാണ് നേടിയത്.

രോഹിത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായ ശേഷം മികച്ച ഫോമിലുള്ള ഡികോക്കിനെ നഷ്ടമായത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 13 പന്തില്‍ നിന്ന് 25 റണ്‍സാണ് ഡി കോക്ക് നേടിയത്. പിന്നീട് സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് 42 റണ്‍സ് നേടി മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ചുവെങ്കിലും സണ്‍റൈസേഴ്സ് സ്പിന്നര്‍മാര്‍ മികച്ച തിരിച്ചുവരവ് ടീമിനായി നടത്തി.

ഷഹ്ബാസ് നദീം ഒരേ ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറില്‍ സൗരഭ് തിവാരിയെ റഷീദ് ഖാന്‍ പുറത്താക്കിയപ്പോള്‍ 81/2 എന്ന നിലയില്‍ നിന്ന് 82/5 എന്ന നിലയിലേക്ക് മുംബൈ വീണു.

റഷീദ് ഖാന്‍ തന്റെ അവസാന ഓവറില്‍ ഇഷാന്‍ കിഷനെ പുറത്താക്കുവാനുള്ള അവസരം സൃഷ്ടിച്ചുവെങ്കിലും താരം തന്നെ കിഷന്റെ ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 19 റണ്‍‍സായിരുന്നു അപ്പോള്‍ ഇഷാന്‍ കിഷന്റെ സ്കോര്‍. 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ സന്ദീപ് ശര്‍മ്മ പുറത്താക്കി.

നടരാജന്റെ ഓവറില്‍ ഔട്ട് വിധിക്കപ്പെട്ട കൈറണ്‍ പൊള്ളാര്‍ഡ് റിവ്യൂവിലൂടെ തീരുമാനം അതിജീവിച്ച ശേഷം മൂന്ന് സിക്സുകളാണ് ഓവറില്‍ നിന്ന് നേടിയത്. ജേസണ്‍ ഹോള്‍ഡറെയും സിക്സര്‍ പറത്തിയ പൊള്ളാര്‍ഡ് എന്നാല്‍ താരത്തിന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

സന്ദീപ് ശര്‍മ്മ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡറും ഷഹ്ബാസ് നദീമും രണ്ട് വീതം വിക്കറ്റ് നേടി.

 

ഡല്‍ഹിയ്ക്ക് തുടര്‍ച്ചയായ നാലാം തോല്‍വിയുടെ രുചിയറിയിച്ച് പോക്കറ്റ് ഡയനാമോ ഇഷാന്‍ കിഷന്‍

47 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ അനായാസമായ 9 വിക്കറ്റ് വിജയം നേടി മുംബൈ ഇന്ത്യന്‍സ്. ഐപിഎലില്‍ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഐപിഎല്‍ യാത്ര അവസാനത്തോടെ താളം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. ടൂര്‍ണ്ണമെന്റ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വിയിലേക്കാണ് ഇന്ന് ടീം വീണത്.

111 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഇന്ന് 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പിക്കുകയായിരുന്നു. നിര്‍ഭാഗ്യകരമായ രീതിയില്‍ ക്വിന്റണ്‍ ഡി കോക്ക് പുറത്തായപ്പോള്‍ ഒന്നാം വിക്കറ്റില്‍ താരവും ഇഷാന്‍ കിഷനും ചേര്‍ന്ന് 68 റണ്‍സാണ് നേടിയത്. 26 റണ്‍സാണ് ഡി കോക്ക് നേടിയത്. താരത്തിന്റെ വിക്കറ്റ് നോര്‍ക്കിയ ആണ് പുറത്താക്കിയത്.

ഡി കോക്ക് പുറത്തായെങ്കിലും കിഷന്‍ 37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. സൂര്യകുമാറുമായി(12*) താരം മുംബൈയെ അനായാസ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

മൈറ്റി മുംബൈ ഇന്ത്യന്‍സ്, വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് ബാറ്റിംഗ് നിര

തുടക്കത്തിലെ ഫോമില്ലായ്മയില്‍ നിന്ന് ഫോമിലക്കുയര്‍ന്ന ക്വിന്റണ്‍ ഡി കോക്ക് ഇന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മികവ് പുലര്‍ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് 176 റണ്‍സ്. ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയതെങ്കിലും കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് മുംബൈ നീങ്ങി.

ഡി കോക്ക് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്ന് നേടിയ അതിവേഗ കൂട്ടുകെട്ടാണ് മുംബൈയെ 176/6 എന്ന സ്കോറിലേക്ക് നയിച്ചത്.

ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു പോറും അടക്കം 20 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. 21 പന്തില്‍ നിന്ന് 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. മുംബൈ അവസാന മൂന്നോവറില്‍ നിന്ന് 54 റണ്‍സാണ് ഇന്ന് നേടിയത്. പൊള്ളാര്‍ഡ് 12 പന്തില്‍ 24 റണ്‍സും കോള്‍ട്ടര്‍-നൈല്‍ 12 പന്തില്‍ നിന്ന് 24 റണ്‍സും നേടി.

ഐപിഎലില്‍ തന്റെ വേഗതയേറിയ അര്‍ദ്ധ ശതകവുമായി ക്വിന്റണ്‍ ഡി കോക്ക്, ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന് മുംബൈ ഇന്ത്യന്‍സ്

കൊല്‍ക്കത്തയ്ക്കെതിരെ നേടിയ 8 വിക്കറ്റ് വിജയത്തോടെ ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്തെത്തി മുംബൈ ഇന്ത്യന്‍സ്. പാറ്റ് കമ്മിന്‍സിന്റെയും ഓയിന്‍ മോര്‍ഗന്റെയും മികവില്‍ ഇന്ന് 148/5 എന്ന സ്കോര്‍ നേടിയ കൊല്‍ക്കത്തയ്ക്ക് മുംബൈ ഓപ്പണര്‍മാര്‍ക്കെതിരെ യാതൊരു വിധത്തിലുമുള്ള വെല്ലുവിളിയും ഇന്നുയര്‍ത്താനായിരുന്നില്ല. 16.5 ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് വിജയം നേടിയത്.

44 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈയ്ക്ക് അനായാസ വിജയവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനവും നേടിക്കൊടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ 11 പന്തില്‍ നിന്ന് 21 റണ്‍സ് നേടി.

ക്വിന്റണ്‍ ഡി കോക്ക് അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ താരത്തിന് പിന്തുണ നല്‍കി. 10 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 71 റണ്‍സ് നേടിയ ഓപ്പണര്‍മാര്‍ ടീമിനെ പത്ത് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ബൗളിംഗിലേക്ക് ആദ്യമായി എത്തിയ ശിവം മാവി തന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ മടക്കിയയ്ക്കുകയായിരുന്നു.

35 റണ്‍സാണ് രോഹിത് നേടിയത്. അധികം വൈകാതെ സൂര്യകുമാര്‍ യാദവിനെ(10) വരുണ്‍ ചക്രവര്‍ത്തിപുറത്താക്കിയപ്പോള്‍ മുംബൈ 111/2 എന്ന നിലയിലായിരുന്നുവെങ്കിലും നേടുവാനുള്ള സ്കോര്‍ ചെറുതായതിനാല്‍ തന്നെ മുംബൈ ക്യാമ്പില്‍ ഇത് പരിഭ്രാന്തി പരത്തിയില്ല.

38 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നേടിയത്.

തുടക്കം ഡി കോക്ക്, പിന്നെ സൂര്യകുമാര്‍, മുംബൈയ്ക്ക് അഞ്ചാം വിജയം

ഒരു ഘട്ടത്തില്‍ ക്വിന്റണ്‍ ഡി കോക്കും സൂര്യകുമാര്‍ യാദവും തങ്ങളുടെ അര്‍ദ്ധ ശതകങ്ങളുമായി മുംബൈയെ അനായാസ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകള്‍ നേടി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ ഡല്‍ഹിയ്ക്ക് സാധിച്ചുവെങ്കിലും അഞ്ചാം ജയം സ്വന്തമാക്കുവാന്‍ മുംബൈയ്ക്കായി. 2 പന്ത് അവശേഷിക്കെയാണ് മുംബൈയുടെ 5 വിക്കറ്റ് വിജയം. ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഡല്‍ഹിയെ പിന്തള്ളി ഒന്നാമതെത്തി.

രോഹിത് ശര്‍മ്മയെ(5) അഞ്ചാം ഓവറില്‍ നഷ്ടമാകുമ്പോള്‍ 31 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. രോഹിത് മടങ്ങിയെങ്കിലും ക്വിന്റണ്‍ ഡി കോക്കിന് നിര്‍ത്തുവാന്‍ ഉദ്ദേശമില്ലായിരുന്നു. ഡല്‍ഹി ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് അടിച്ച് തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം 33 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

എന്നാല്‍ അധികം വൈകാതെ രവിചന്ദ്രന്‍ അശ്വിന്‍ താരത്തെ പുറത്താക്കിയപ്പോള്‍ 53 റണ്‍സായിരുന്നു ഡി കോക്കിന്റെ സംഭാവന. സൂര്യകുമാര്‍ യാദവിനൊപ്പം 46 റണ്‍സാണ് ഡി കോക്ക് രണ്ടാം വിക്കറ്റില്‍ മുംബൈയ്ക്ക് വേണ്ടി നേടിയത്. ഓപ്പണര്‍മാര്‍ മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവ് നിര്‍ത്തുവാനുള്ള തീരുമാനത്തിലായിരുന്നില്ല.

ഡല്‍ഹി ബൗളര്‍മാരെ അടിച്ച് തകര്‍ത്ത മുംബൈ താരം 30 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും അതിന് ശേഷം സ്കോറര്‍മാരെ ബുദ്ധിമുട്ടിക്കാതെ മടങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മടങ്ങിയതോടെ അനായാസമായിരുന്ന ചേസില്‍ മുംബൈ ക്യാമ്പില്‍ ആദ്യമായി പരിഭ്രാന്തി പടര്‍ന്നു. മാര്‍ക്കസ് സ്റ്റോയിനിസിനായിരുന്നു പാണ്ഡ്യയുടെ വിക്കറ്റ്.

എന്നാല്‍ ഇഷാന്‍ കിഷനും കൈറണ്‍ പൊള്ളാര്‍ഡും ചേര്‍ന്ന് സംയമനത്തോടെ ബാറ്റ് വീശിയപ്പോള്‍ മുംബൈയുടെ ലക്ഷ്യം അവസാന മൂന്നോവറില്‍ 18 റണ്‍സായി മാറി. റബാഡ എറിഞ്ഞ 18ാം ഓവറില്‍ ഇഷാന്‍ കിഷന്‍ രണ്ടാം പന്തില്‍ സിക്സര്‍ നേടുകയായിരുന്നു. പൃഥ്വിയുടെ കൈകളില്‍ തട്ടിയാണ് പന്ത് സിക്സര്‍ പോയത്. അടുത്ത പന്തില്‍ വീണ്ടുമൊരു വലിയ ഷോട്ടിന് ശ്രമിച്ച കിഷന്റെ വിക്കറ്റ് റബാഡ നേടി. 15 പന്തില്‍ 28 റണ്‍സ് നേടിയ താരത്തിനെ അക്സര്‍ പട്ടേല്‍ മികച്ച ക്യാച്ചിലൂടെയാണ് പവലിയനിലേക്ക് മടക്കിയത്.

റബാഡയുടെ ഓവറില്‍ നിന്ന് കിഷനെ നഷ്ടമായെങ്കിലും മുംബൈ 8 റണ്‍സ് നേടിയിരുന്നു. ഇതോടെ 12 പന്തില്‍ 10 റണ്‍സ് നേടേണ്ടിയിരുന്ന മുംബൈയ്ക്ക് ആന്‍റിക് നോര്‍കിയയുടെ ഓവറില്‍ വെറും മൂന്ന് റണ്‍സാണ് നേടാനായത്. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 7 റണ്‍സായി.

പൊള്ളാര്‍ഡ് 14 പന്തില്‍ 11 റണ്‍സും ക്രുണാല്‍ പാണ്ഡ്യ 7 പന്തില്‍ 12 റണ്‍സും നേടിയാണ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്. 14 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഫോമിലേക്ക് മടങ്ങിയെത്തി ക്വിന്റണ്‍ ഡി കോക്ക്, ക്രുണാല്‍ പാണ്ഡ്യയുടെ തകര്‍പ്പനടിയില്‍ 200 കടന്ന് മുംബൈ ഇന്ത്യന്‍സ്

ഐപിഎലില്‍ ഈ സീസണിലെ റണ്‍സ് വരള്‍ച്ച അവസാനിപ്പിച്ച് ക്വിന്റണ്‍ ഡി കോക്ക്. ഇന്ന് സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ നഷ്ടമാകുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്.

രോഹിത്തിനെ നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സായിരുന്നു മുംബൈ നേടിയത്. പിന്നീട് 42 റണ്‍സ് നേടിയ ഡി കോക്ക് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടിനെ സിദ്ധാര്‍ത്ഥ് കൗള്‍ തകര്‍ക്കുകയായിരുന്നു. സൂരക്യകുമാര്‍ യാദവ് ആണ് കൂട്ടുകെട്ടില്‍ കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. 18 പന്തില്‍ നിന്ന് 27 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്.

പിന്നീട് ക്വിന്റണ്‍ ഡി കോക്ക് തന്റെ ബാറ്റിംഗ് ടോപ് ഗിയറിലേക്ക് മാറ്റി സണ്‍റൈസേഴ്സ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു.  പത്തോവറില്‍ 90/2 എന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യന്‍സ്. മറുവശത്ത് ഇഷാന്‍ കിഷനും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ 13 ഓവറില്‍ 126/2 എന്ന നിലയിലേക്ക് മുംബൈ നീങ്ങി.

45 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അടുത്ത ഓവറിലെ ആദ്യ പന്തില്‍ തന്നെ റഷീദ് ഖാന്‍ തകര്‍ത്തു. 39 പന്തില്‍ നിന്ന് 67 റണ്‍സാണ് ഡി കോക്ക് നേടിയത്. 23 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ ഇഷാന്‍ കിഷനെ മികച്ചൊരു ക്യാച്ചിലൂടെ മനീഷ് പാണ്ടേ പിടിച്ചപ്പോള്‍ സന്ദീപ് ശര്‍മ്മയ്ക്ക് തന്റെ രണ്ടാം വിക്കറ്റ് ലഭിച്ചു.

അവസാന ഓവറുകളില്‍ പൊള്ളാര്‍ഡ്-ഹാര്‍ദ്ദിക് കൂട്ടുകെട്ടിനെയാണ് മുംബൈ ആശ്രയിച്ചതെങ്കിലും കഴിഞ്ഞ മത്സരങ്ങളിലെ തരത്തിലുള്ള സ്കോറിംഗ് വേഗത ടീമിന് കൈവരിക്കാനായില്ല. 26 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയ ഹാര്‍ദ്ദിക് -പൊള്ളാര്‍ഡ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ സിദ്ധാര്‍ത്ഥ് കൗള്‍ തകര്‍ക്കുകയായിരുന്നു. 19 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക് 28 റണ്‍സ് നേടിയത്.

പാണ്ഡ്യ പുറത്തായ ശേഷം അവസാന നാല് പന്തുകള്‍ കളിക്കുവാനെത്തിയ ക്രുണാല്‍ പാണ്ഡ്യ 2 സിക്സും 2 ഫോറും സഹിതം 20 റണ്‍സ് നേടിയപ്പോള്‍ മുംബൈ 208 എന്ന സ്കോറിലേക്ക് എത്തി. കൈറണ്‍ പൊള്ളാര്‍ഡ് 13 പന്തില്‍ 25 റണ്‍സ് നേടി.

അവസാന ഓവറില്‍ സിദ്ധാര്‍ത്ഥ് കൗള്‍ 21 റണ്‍സ് വഴങ്ങിയപ്പോള്‍ തന്റെ നാലോവര്‍ സ്പെല്ലില്‍ 64 റണ്‍സ് വിട്ട് നല്‍കി 2 വിക്കറ്റ് നേടി. സന്ദീപ് ശര്‍മ്മയ്ക്കും രണ്ട് വിക്കറ്റ് നേടി. ടി നടരാജനും റഷീദ് ഖാനും റണ്‍സ് വിട്ട് നല്‍കാതെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു.

 

Exit mobile version