അന്ന് ക്യാപ്റ്റൻ ആയി, ഇന്ന് പരിശീലകൻ ആയി! 20 വർഷങ്ങൾക്ക് ശേഷം സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ

ലോകകപ്പിൽ ചരിത്രത്തിൽ രണ്ടാം തവണ സെനഗൽ ലോകകപ്പ് അവസാന പതിനാറിൽ. 2002 ൽ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് കളിച്ച സെനഗൽ അന്ന് ലോക ചാമ്പ്യന്മാർ ആയ ഫ്രാൻസിനെ അടക്കം അട്ടിമറിച്ചു ഗ്രൂപ്പ് ഘട്ടം കടന്നിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് അവർ അവസാന പതിനാറിൽ എത്തുന്നത്. 2002 ലോകകപ്പിൽ ക്യാപ്റ്റൻ ആയി അവരെ ലോകകപ്പ് അവസാന പതിനാറിൽ എത്തിച്ച അലിയോ സിസെ ഇത്തവണ പരിശീലകൻ ആയാണ് അവരെ അവസാന പതിനാറിൽ എത്തിച്ചത്.

2002 ആഫ്രിക്കൻ നേഷൻസ് കപ്പിൽ ക്യാപ്റ്റൻ ആയി ടീമിനെ ഫൈനലിൽ എത്തിച്ചു എന്നും അന്ന് പെനാൽട്ടി പാഴാക്കി സിസെ വില്ലൻ ആയിരുന്നു. 2018 ൽ ലോകകപ്പിൽ സെനഗലിന് വെറും രണ്ടാം തവണ യോഗ്യത നേടി നൽകിയ സിസെക്ക് പക്ഷെ റഷ്യയിൽ നിർഭാഗ്യം വില്ലനായി. ചരിത്രത്തിൽ ആദ്യമായി ‘ഫെയർ പ്ലെ’ നിയമപ്രകാരം ആണ് അന്ന് സെനഗൽ ലോകകപ്പിൽ നിന്നു പുറത്ത് പോയത്. 2019 ൽ 17 വർഷങ്ങൾക്ക് ശേഷം ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ രാജ്യത്തെ എത്തിക്കാൻ സിസെക്ക് ആയെങ്കിലും ഫൈനലിൽ അന്ന് അൾജീരിയക്ക് മുന്നിൽ അവർ ഒരു ഗോളിന് വീണു. എന്നാൽ 2022 ൽ ഈജിപ്തിനെ പെനാൽട്ടിയിൽ മറികടന്നു സെനഗലിന് ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ നേഷൻസ് കിരീടം നേടി നൽകിയ സിസെ അന്ന് തന്റെ പെനാൽട്ടി പാഴാക്കിയതിന് പരിഹാരം ചെയ്തിരുന്നു.

ഇപ്പോൾ സൂപ്പർ താരം സാദിയോ മാനെയുടെ അഭാവത്തിലും ടീമിനെ ചരിത്രത്തിൽ വെറും രണ്ടാം തവണ ഗ്രൂപ്പ് ഘട്ടം കടത്താനും സിസെക്ക് ആയി. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ ഹോളണ്ടിനെ വിറപ്പിച്ച അവർ ഖത്തർ, ഇക്വഡോർ ടീമുകളെ തോൽപ്പിച്ചു ആണ് അവസാന പതിനാറിൽ എത്തുന്നത്. അവസാന പതിനാറിൽ മിക്കവാറും ഇംഗ്ലണ്ട് ആവും ആഫ്രിക്കൻ ചാമ്പ്യന്മാരുടെ എതിരാളികൾ. 7 വർഷമായി സെനഗലിന് തന്ത്രങ്ങൾ ഒരുക്കുന്ന സിസെ ആഫ്രിക്കൻ പരിശീലകർക്ക് തന്നെ വലിയ മാതൃക ആണ് സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടിന് മാനെയുടെ അഭാവത്തിലും സിസെയുടെ പോരാടാൻ അറിയാവുന്ന സംഘം പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നുറപ്പാണ്.

ജർമ്മൻ മത്സരത്തിന് മെസ്യുട് ഓസിലിന്റെ ചിത്രവും ആയി എത്തി കാണികൾ

ജർമ്മനിയുടെ പ്രതിഷേധത്തിന് മറുപടിയായി മുൻ ജർമ്മൻ താരം മെസ്യുട് ഓസിലിന്റെ ചിത്രവും ആയി എത്തി ഖത്തർ കാണികളുടെ പ്രതിഷേധം. മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തി വൺ ലവ് ആം ബാന്റ് അണിയാൻ അനുവദിക്കാത്തത് അടക്കം ചൂണ്ടിക്കാട്ടി കഴിഞ്ഞ മത്സരത്തിൽ വാ പൊത്തി ജർമ്മൻ ടീം പ്രതിഷേധം നടത്തിയതിന് മറുപടി ആയാണ് ആതിഥേയരുടെ ഇന്നത്തെ മറുപടി.

ഇന്നത്തെ സ്‌പെയിൻ ജർമ്മനി മത്സരത്തിൽ കാണികൾ ഓസിലിന്റെ ചിത്രം ഉയർത്തി വാ പൊത്തി ജർമ്മൻ താരങ്ങൾക്ക് മറുപടി നൽകുക ആയിരുന്നു. 2018 ലോകകപ്പിലെ പരാജയത്തിന് ശേഷം വിരമിച്ച സമയത്ത് തനിക്ക് നേരെ വലിയ വംശീയ അധിക്ഷേപങ്ങൾ ഉണ്ടായി എന്നു ഓസിൽ ആരോപണം ഉന്നയിച്ചിരുന്നു. അന്ന് ജർമ്മൻ സഹതാരങ്ങൾ ആരും ഓസിലിന് പിന്തുണയും ആയി എത്തിയില്ല എന്നതും അന്ന് അവർ മൗനം പാലിച്ചു എന്നതും ഓർമ്മിപ്പിക്കാൻ ആണ് ഓസിലിന്റെ ചിത്രം ആതിഥേയ കാണികൾ ഉപയോഗിച്ചത്.

ബുധനാഴ്ച മറ്റൊരു ഫൈനൽ വരുന്നുണ്ട്, ഒരുമിച്ച് പോരാടണം – ലയണൽ മെസ്സി

അർജന്റീനക്ക് മെക്സിക്കോക്ക് എതിരെ നിർണായക ജയം സമ്മാനിച്ച ശേഷം ബുധനാഴ്ച നടക്കുന്ന നിർണായക മത്സരത്തെ കുറിച്ച് ഓർമ്മിപ്പിച്ചു ലയണൽ മെസ്സി. ഇന്ന് ജയം അനിവാര്യം ആയിരുന്നു ഇന്നത് നേടാൻ നമുക്ക് ആയി എന്നാൽ ബുധനാഴ്ച നമ്മെ മറ്റൊരു ഫൈനൽ കാത്തിരിക്കുന്നുണ്ട് എന്ന് മെസ്സി ഓർമ്മിപ്പിച്ചു.

അർജന്റീനക്ക് ആയി നമുക്ക് ഒരുമിച്ച് നിന്നു പൊരുതാം എന്നും സാമൂഹിക മാധ്യമത്തിൽ മെസ്സി എഴുതി. ബുധനാഴ്ച പോളണ്ട് ആണ് അർജന്റീനയുടെ എതിരാളി. നിലവിൽ ഗ്രൂപ്പ് സിയിൽ 3 പോയിന്റുകൾ ഉള്ള അർജന്റീന 4 പോയിന്റുകൾ ഉള്ള പോളണ്ടിനു പിന്നിൽ രണ്ടാമത് ആണ്. പോളണ്ടിനു എതിരെ ജയിച്ചാൽ അർജന്റീനക്ക് ഗ്രൂപ്പ് ജേതാക്കൾ ആയി മുന്നോട്ട് പോവാം എന്നതിനാൽ എല്ലാം നൽകി ജയിക്കാൻ ആവും അർജന്റീന ബുധനാഴ്ച ഇറങ്ങുക.

മെസ്സിക്ക് ശേഷം എൻസോ! ലോകകപ്പിൽ റെക്കോർഡ് ഇട്ട് അർജന്റീന യുവതാരം

ലയണൽ മെസ്സിക്ക് ശേഷം ലോകകപ്പിൽ അർജന്റീനക്ക് ആയി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എൻസോ ഫെർണാണ്ടസ്. മെക്സിക്കോക്ക് എതിരെ നിർണായക മത്സരത്തിൽ ലയണൽ മെസ്സിയുടെ തന്നെ പാസിൽ നിന്നായിരുന്നു എൻസോ അതുഗ്രൻ അടിയിലൂടെ സുന്ദരമായ ഗോൾ നേടിയത്.

2001 ൽ ജനിച്ച 21 കാരനായ എൻസോയുടെ കരിയറിലെ ആദ്യ ഗോൾ ആയിരുന്നു ലോകകപ്പിൽ പിറന്നത്. പകരക്കാരനായി ഇറങ്ങി അർജന്റീന ജയം ബെൻഫിക്ക താരം ഉറപ്പിക്കുക ആയിരുന്നു. റിവർ പ്ലേറ്റിൽ നിന്നു ഈ സീസണിൽ ബെൻഫിക്കയിൽ എത്തിയ എൻസോ ടീമിലെ പരിക്ക് കാരണം ആണ് അർജന്റീന ടീമിൽ ഇടം പിടിച്ചത്. 2006 ലോകകപ്പിൽ 18 വയസ്സ് ഉള്ളപ്പോൾ ആയിരുന്നു മെസ്സി ഗോൾ നേടിയത്.

5 ലോകകപ്പുകളിലും അസിസ്റ്റ്! ലയണൽ മെസ്സിക്ക് പകരം വക്കാൻ ആരുമില്ല!

കളിക്കുന്ന അഞ്ചാം ലോകകപ്പിലും ഗോൾ അടിപ്പിക്കുന്ന ശീലം തുടർന്ന് ലയണൽ മെസ്സി. അഞ്ചു ലോകകപ്പുകളിൽ അസിസ്റ്റ് ചെയ്യുന്ന ചരിത്രത്തിലെ ആദ്യ താരമായും മെസ്സി ഇതോടെ മാറി. ഇതിൽ നാലു ലോകകപ്പുകളിൽ ഗോൾ നേടാനും മെസ്സിക്ക് ആയിരുന്നു.

അർജന്റീനക്ക് ഒപ്പം 2006 ൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച മെസ്സി 2010, 2014, 2018 ലോകകപ്പുകളിൽ ടീമിന് ഒപ്പം ഉണ്ടായിരുന്നു. 2014 ൽ ഫൈനലിൽ എത്താൻ ആയി എങ്കിലും ലോക കിരീടം മെസ്സിക്കും സംഘത്തിനും ജർമ്മനിക്ക് മുന്നിൽ അടിയറവ് വെക്കേണ്ടി വരിക ആയിരുന്നു. ലോകത്ത് മറ്റൊരു താരവും 3 ലോകകപ്പുകളിൽ കൂടുതൽ അസിസ്റ്റ് നൽകിയിട്ടില്ല എന്നതിനാൽ തന്നെ മെസ്സിയുടെ അസിസ്റ്റ് റെക്കോർഡിനു മാറ്റ് കൂടുതൽ ആണ്.

ലോകകപ്പ് ഗോൾ വേട്ടയിൽ മറഡോണക്ക് ഒപ്പമെത്തി ലയണൽ മെസ്സി

ലോകകപ്പിൽ ഗോൾ വേട്ടയിൽ ദൈവത്തിനു ഒപ്പമെത്തി ദൈവപുത്രൻ. ഡീഗോ മറഡോണയുടെ രണ്ടാം ഓർമ്മ ദിനത്തിന് ശേഷം നടന്ന ജയം നിർബന്ധം ആയ മത്സരത്തിൽ ഡീഗോ മറഡോണയുടെ ലോകകപ്പ് ഗോൾ റെക്കോർഡിനു ഒപ്പം ലയണൽ മെസ്സി എത്തി. ഇന്ന് തന്റെ 21 മത്തെ ലോകകപ്പ് മത്സരം കളിച്ച മെസ്സി മറഡോണയുടെ റെക്കോർഡിന് ഒപ്പം എത്തിയിരുന്നു.

മെക്സിക്കോക്ക് എതിരെ അർജന്റീനക്ക് ജീവൻ തിരിച്ചു നൽകി രണ്ടാം പകുതിയിൽ ബോക്സിന് പുറത്ത് നിന്ന് ഗോൾ നേടി നൽകിയ മെസ്സി ലോകകപ്പിൽ തന്റെ എട്ടാം ഗോൾ ആണ് കുറിച്ചത്. ഇതോടെ ലോകകപ്പ് ഗോൾ വേട്ടയിൽ ഡീഗോ മറഡോണക്ക് ഒപ്പവും മെസ്സി എത്തി. മത്സരത്തിൽ എൻസോ ഫെർണാണ്ടസിന് ഗോൾ അടിക്കാൻ അവസരം ഒരുക്കിയതും മെസ്സി ആയിരുന്നു. തുടർച്ചയായ ആറാം അന്താരാഷ്ട്ര മത്സരത്തിൽ ആണ് ഇന്ന് മെസ്സി ഗോൾ നേടിയത്, ഇത് കരിയറിൽ രണ്ടാം തവണയാണ് മെസ്സി ഈ നേട്ടം കൈവരിക്കുന്നത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ഇന്ന് ഘാനക്ക് എതിരായ മത്സരത്തിൽ റൊണാൾഡോ കളിയിലെ താരം ആവുക ആയിരുന്നു. പെനാൽട്ടി നേടി തുടർന്ന് ഗോൾ നേടി പോർച്ചുഗലിന് മുൻതൂക്കം നൽകിയ താരം കളിയിലെ താരം ആവുക ആയിരുന്നു.

2010 ലോകകപ്പിൽ ഐവറി കോസ്റ്റ്, ഉത്തര കൊറിയ, ബ്രസീൽ ടീമുകൾക്ക് എതിരെ കളിയിലെ താരം ആയ റൊണാൾഡോ 2014 ലോകകപ്പിൽ ഘാനക്ക് എതിരെ കളിയിലെ താരമായി. 2018 റഷ്യൻ ലോകകപ്പിൽ സ്‌പെയിൻ, മൊറോക്കോ ടീമുകൾക്ക് എതിരെ കളിയിലെ കേമൻ ആയ റൊണാൾഡോ 2022 ലോകകപ്പിലെ ആദ്യ മത്സരത്തിലും കളിയിലെ കേമൻ ആയി തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു.

ജനിച്ച നാടിനോടുള്ള ആദരവ്! കാമറൂണിനു എതിരായ ഗോൾ ആഘോഷിക്കാതെ എംബോളോ

ഖത്തർ ലോകകപ്പിൽ കാമറൂണിന് എതിരെ ഗോൾ നേടിയ ശേഷം അത് ആഘോഷിക്കാതെ സ്വിസ് മുന്നേറ്റനിര താരം ബ്രീൽ എംബോളോ. 1997 ൽ കാമറൂണിൽ ജനിച്ച എമ്പോള അഞ്ചാം വയസ്സിൽ ഫ്രാൻസിലേക്ക് കുടിയേറുക ആയിരുന്നു. തുടർന്ന് അമ്മ സ്വിസ് പൗരനെ കല്യാണം കഴിച്ചതോടെ താരം സ്വിസർലാന്റിലേക്ക് കുടുംബത്തിന് ഒപ്പം കുടിയേറി. ഇപ്പോഴും എമ്പോളയുടെ പിതാവ് കാമറൂണിൽ ആണ് ജീവിക്കുന്നത്.

ബേസൽ യൂത്ത് ടീമുകളിൽ കളിച്ചു തുടങ്ങിയ എമ്പോളക്ക് 2014 ൽ ആണ് സ്വിസ് പൗരത്വം ലഭിച്ചത്. യൂത്ത് തലത്തിൽ വിവിധ സ്വിസ് ടീമുകളിൽ കളിച്ച എമ്പോള 2015 ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2016 യൂറോ കപ്പ്, 2020 യൂറോ കപ്പ്, 2018 ലോകകപ്പ് എന്നിവയിൽ കളിച്ച താരം കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിനു എതിരായ ജയത്തിൽ ഗോൾ നേടിയിരുന്നു. ഇത്തവണ രണ്ടാം പകുതി തുടങ്ങിയ ഉടൻ ഷഖീരിയുടെ പാസിൽ നിന്നു ഗോൾ നേടിയ എമ്പോള ജനിച്ച നാടിനോടുള്ള ആദരവ് കാരണം ഗോൾ ആഘോഷം വേണ്ടെന്ന് വക്കുക ആയിരുന്നു.

ജർമ്മനിക്ക് എതിരായ തകർപ്പൻ ജയത്തിനു പിന്നാലെ സ്റ്റേഡിയം വൃത്തിയാക്കി ജപ്പാൻ ആരാധകർ

ഖത്തർ ലോകകപ്പിൽ ജർമ്മനിക്ക് എതിരായ അവിശ്വസനീയ വിജയത്തിന് പിന്നാലെ സ്റ്റേഡിയം മുഴുവൻ വൃത്തിയാക്കി വീണ്ടും ലോകത്തിനു മാതൃക ആയി ജപ്പാൻ ആരാധകർ. എന്നും തങ്ങളുടെ ഇത്തരം പ്രവർത്തികൾ കൊണ്ട് ലോകത്തിന്റെ ശ്രദ്ധ ജപ്പാൻ ആരാധകർ പിടിച്ചു പറ്റാറുണ്ട്.

കഴിഞ്ഞ ലോകകപ്പിൽ പ്രീ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ വിറപ്പിച്ച ശേഷം അവസാന മിനിറ്റിലെ ഗോളുകൾക്ക് ഹൃദയം തകർന്ന പരാജയം ഏറ്റുവാങ്ങിയ ശേഷവും ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കിയ ശേഷം ആണ് കളം വിട്ടത്. ഇത്തവണ തങ്ങളുടെ വലിയ ആഘോഷത്തിന് ഇടയിലും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം മറക്കാത്ത ജപ്പാൻ ആരാധകർ ഖലീഫ സ്റ്റേഡിയം വൃത്തിയാക്കുക ആയിരുന്നു.

ഒന്നും മിണ്ടാൻ പാടില്ല, വായ് കൈകൊണ്ട് മറച്ചു ഖത്തറിൽ ജർമ്മൻ ടീമിന്റെ പ്രതിഷേധം

ഖത്തർ ലോകകപ്പിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി ജർമ്മൻ ടീം. തങ്ങൾക്ക് ‘വൺ ലവ്’ ആം ബാന്റ് നിഷേധിച്ചത് അടക്കമുള്ള വിഷയത്തിൽ ആണ് ജർമ്മനി തങ്ങളുടെ പ്രതിഷേധം ടീം ഫോട്ടോക്ക് ആയി അണിനിരന്നപ്പോൾ വ്യക്തമാക്കിയത്. വായയിൽ കൈ വച്ചു കൊണ്ടു മറച്ചാണ് എല്ലാ ജർമ്മൻ താരങ്ങളും ഫോട്ടോ എടുക്കാൻ അണിനിരന്നത്. ഈ പ്രതിഷേധം ഉയർത്തിയ ജർമ്മൻ ടീമിന്റെ നടപടിയിൽ ഫിഫ എന്തെങ്കിലും നടപടി എടുക്കുമോ എന്നു കണ്ടറിയാം.

ഇത് ഒരു രാഷ്ട്രീയ സന്ദേശം അല്ല എന്നാൽ മനുഷ്യാവകാശങ്ങൾ അനുവദിക്കാതിരിക്കാൻ സമ്മതിക്കില്ല. മനുഷ്യാവകാശങ്ങൾ എല്ലാവർക്കും ഉണ്ടാവേണ്ടത് ആണ് എന്നാൽ ഇവിടെ അത് അല്ല നടന്നത്. അതിനാൽ തന്നെ ഈ സന്ദേശവും പ്രതിഷേധവും തങ്ങൾക്ക് പ്രധാനപ്പെട്ടത് ആണ്. ഞങ്ങൾക്ക് ആം ബാന്റ് നിഷേധിച്ച നടപടി ഞങ്ങളുടെ വായ മൂടി കെട്ടിയ പോലെയാണ് അതിനാൽ തന്നെ ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് ജർമ്മൻ ടീം മത്സരത്തിന് മുമ്പ് പുറത്ത് വിട്ട സന്ദേശം.

യുവരക്തങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സ്പാനിഷ് അർമഡ എത്തുന്നു

മുൻ ജേതാക്കൾ ആയ സ്പെയിൻ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരത്തിൽ കോസ്റ്ററിക്കയാണ് ലൂയിസ് എൻറിക്വെയുടെയും സംഘത്തിന്റെയും എതിരാളികൾ. പുതു തലമുറയിലെ യുവരക്തങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് സ്പെയിൻ എത്തുന്നതെങ്കിൽ അന്തർദേശീയ തലത്തിലും ക്ലബ്ബ് തലത്തിലും ഒരുപാട് മത്സരങ്ങളുടെ തഴക്കമുള്ള കെയ്‌ലർ നവാസിനും ബ്രയാൻ റൂയിസിനും കീഴിലാണ് കോസ്റ്ററിക്ക എത്തുന്നത്.

യൂറോകപ്പിൽ എന്ന പോലെ തന്നെ ലൂയിസ് എൻറിക്വെ വിമർശകരെ കൂസാതെയാണ് ഇത്തവണയും ടീം തിരഞ്ഞെടുത്തത്. പോസ്റ്റിന് കീഴിൽ എൻറിക്വെയുടെ വിശ്വസ്തൻ ഉനയ് സൈമൺ എത്തുമ്പോൾ ലെഫ്റ്റ് ബാക്കിൽ പരിക്കേറ്റ ഹോസെ ഗയക്ക് പകരക്കാരനായി ആൽബ എത്തുമോ അതോ യുവതാരം ബാൾടെ എത്തുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. സെൻട്രൽ ഡിഫെൻസിൽ പാവോ ടോറസിനൊപ്പം അയ്മേരിക് ലപോർടയോ എറിക് ഗർഷ്യയോ എത്തും. റൈറ്റ് ബാക്ക് കർവഹാൾ തന്നെ കാക്കും.

മധ്യനിരയിൽ പെഡ്രി-ഗവി കോംബോ തന്നെ എത്തും. ഡിഫെൻസിവ് മിഡ് ആയി കരുത്തനായ റോഡ്രി ഉണ്ടെങ്കിലും ബസ്ക്വറ്റ്സിന്റെ അനുഭവസമ്പത്തിൽ തന്നെ കോച്ച് അഭയം തേടും. മുൻ നിരയിൽ ഫെറാൻ ടോറസിനും മൊറാട്ടക്കും ആൻസു ഫാറ്റിക്കും സ്ഥാനം ഉറപ്പാണ്. അതിവേഗക്കാരൻ നിക്കോ വില്യംസും പാബ്ലോ സറാബിയയും ബെഞ്ചിൽ നിന്നെത്തും. യേറെമി പിനോ, ഡാനി ഓൾമോ എന്നിവർക്കും എൻറിക്വെ അവസരം നൽകിയേക്കും.

കെയ്‌ലർ നവാസിന്റെ സാന്നിധ്യം തന്നെയാണ് കോസ്റ്ററിക്കയുടെ കരുത്ത്. നൂറ്റിയൻപതോളം മത്സരങ്ങൾ ദേശിയ ടീമിനായി കളിച്ചിട്ടുള്ള മധ്യനിര താരങ്ങൾ ആയ സെൽസോ ബോർഹേസ്, ബ്രയാൻ റൂയിസ്‌ എന്നിവരുടെ അനുഭവസമ്പത്തിന്റെ ബലത്തിൽ മത്സരത്തിൽ പിടിമുറുക്കാൻ ആവും കോസ്റ്ററിക്കയുടെ ശ്രമം. ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് ഒൻപതരക്കാണ് മത്സരം ആരംഭിക്കുന്നത്. ജപ്പാനും ജർമനിയും ചേർന്ന കടുപ്പമുള്ള ഗ്രൂപ്പിൽ നിന്ന് കടക്കണമെങ്കിൽ ആദ്യ മത്സരത്തിലെ വിജയം നിർണായകമാകും. അത് കൊണ്ട് തന്നെ വിട്ടുവീഴ്ച്ചകളില്ലാതെയാവും ഇരു ടീമുകളും പന്തു തട്ടുക.

36 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് കളിക്കാൻ കാനഡ, സുവർണ തലമുറയുടെ അവസാന ലോകകപ്പിന് ബെൽജിയം

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ബെൽജിയം കാനഡ പോരാട്ടം. നീണ്ട 36 വർഷങ്ങൾക്ക് ശേഷം 1986 നു ശേഷം ഇത് ആദ്യമായാണ് കാനഡ ലോകകപ്പ് കളിക്കാൻ എത്തുന്നത്. ചരിത്രത്തിൽ ഇത് ആദ്യമായാണ് ലോകകപ്പിൽ ബെൽജിയം കാനഡയെ നേരിടുന്നത്. മുമ്പ് ഒരിക്കൽ സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ബെൽജിയം ആണ് ജയം കണ്ടത്. തങ്ങളുടെ സുവർണ തലമുറയും അവസാന ലോകകപ്പ് ആണ് ബെൽജിയത്തിന് ചിലപ്പോൾ ഇത്. കഴിഞ്ഞ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി മൂന്നാം സ്ഥാനക്കാർ ആയ അവർക്ക് ഇത്തവണ എങ്കിലും റോബർട്ടോ മാർട്ടിനസിന് കീഴിൽ അത്ഭുതം കാണിക്കാൻ ആവും എന്ന പ്രതീക്ഷയുണ്ട്. പ്രതിരോധത്തിൽ പ്രായം ബെൽജിയത്തെ തളർത്തുന്നുണ്ട്. കോർട്ടോയിസിന് മുന്നിൽ ആൾഡർവിയറൾഡ്, വെർത്തോങൻ എല്ലാവർക്കും പ്രായമായി. ഡെന്റോക്കർ അതിനാൽ തന്നെ അവരുടെ പ്രതിരോധത്തിൽ ഇറങ്ങിയേക്കും.

വിങ് ബാക്ക് ആയി മുനയിയർ, കരാസ്‌കോ എന്നിവർ തിളങ്ങേണ്ടത് അവർക്ക് ആവശ്യമാണ്. മധ്യനിരയിൽ ടിലമൻസ്, വിറ്റ്സൽ എന്നിവർ ഇറങ്ങുമ്പോൾ മുന്നേറ്റത്തിൽ അവസരങ്ങൾ സൃഷ്ടിച്ചും ഗോൾ അടിച്ചും ഡി ബ്രിയുനെ, ഏദൻ ഹസാർഡ് എന്നിവർ ഉണ്ടാവും. ബെൽജിയത്തിന്റെ പ്രധാന എഞ്ചിൻ ആയി വർഷങ്ങളായി കളിക്കുന്ന ഇവർക്ക് വലിയ സഹായം ആവും ഉഗ്രൻ ഫോമിലുള്ള ബ്രൈറ്റണിന്റെ ട്രൊസാർഡിൽ നിന്നു ലഭിക്കുക. മുന്നേറ്റത്തിൽ റോമലു ലുക്കാക്കു പരിക്ക് മൂലം കളിക്കില്ല എന്നത് ബെൽജിയത്തിന് തിരിച്ചടി തന്നെയാണ്. ബാത്ഷുവായിയെ ഉപയോഗിച്ച് ഈ കുറവ് നികത്താൻ ആവും ബെൽജിയം ശ്രമം. അതേസമയം തങ്ങളുടെ സുവർണ തലമുറ യുവതാരങ്ങളുമായും ആണ് കാനഡ എത്തുന്നത്.

1986 ൽ ഒരേ തവണ ലോകകപ്പ് കളിച്ചപ്പോൾ ഒരു ഗോൾ പോലും നേടാൻ ആവാത്ത അവരെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് ആ റെക്കോർഡ് തിരുത്താനുള്ള വേദിയാണ്. മധ്യനിരയിലേക്ക് കയറി മുന്നേറ്റത്തെ സഹായിച്ചു കളിക്കുന്ന ബയേണിന്റെ അൽഫോൺസോ ഡേവിസ്, ലില്ലെ മുന്നേറ്റതാരം ജോനാഥൻ ഡേവിഡ്, സെയിൽ ലാറിൻ എന്നിവർ ആണ് കാനഡയുടെ പ്രധാന കരുത്ത്. തങ്ങളുടെ മേഖലയിൽ നിന്ന് ഒന്നാമത് ആയി ലോകകപ്പ് യോഗ്യത നേടിയ കാനഡ അവിടെ ഏറ്റവും കൂടുതൽ ഗോൾ നേടുകയും ഏറ്റവും കുറവ് ഗോൾ വഴങ്ങുകയും ചെയ്‌ത ടീം ആയിരുന്നു. മുമ്പ് വനിത ടീമുകളും ആയി ലോകകപ്പിന് എത്തിയ പരിശീലകൻ ജോൺ ഹെർഡ്മാനു കീഴിൽ ആണ് കാനഡ ഇറങ്ങുക. ഇന്ന് അർധരാത്രി ഇന്ത്യൻ സമയം 12.30 അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.

Exit mobile version