ആർടിക് ഓപ്പണിൽ പി വി സിന്ധു സെമിയിൽ പുറത്തായി

ഫിൻലൻഡിലെ വാന്റയിൽ നടക്കുന്ന ആർട്ടിക് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിൽ നിന്ന് പി വി സിന്ധു പുറത്ത്. ഇന്ന് സെമിഫൈനലിൽ ചൈനയുടെ വാങ് സി യിക്കെതിരെ പിവി സിന്ധു മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിലാണ് പരാജയപ്പെട്ടത്. 63 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ 12-21, 21-11, 7-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. സിന്ധുവിന്റെ വാങ്ങിനെതിരെയുള്ള ആദ്യ തോൽവിയാണിത്.

വിയറ്റ്‌നാമിന്റെ തുയ് ലിൻ എൻഗുയനെതിരെ ഇന്നലെ വിജയിച്ചാണ് സിന്ധു സെമിയിലേക്ക് എത്തിയിരുന്നത്. അവസാന 18 ടൂർണമെന്റിൽ ആകെ ഒരു തവണ മാത്രമാണ് സിന്ധു ഫൈനലിൽ എത്തിയത്. ഇന്ത്യയുടെ ആർടിക് ടൂർണമെന്റിലെ പ്രാതിനിധ്യം സിന്ധുവിന്റെ പരാജയത്തോടെ അവസാനിച്ചു.

പി വി സിന്ധു ആർടിക് ഓപ്പണിൽ സെമി ഫൈനലിൽ

ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധു ഫിൻലൻഡിൽ നടക്കുന്ന ആർട്ടിക് ഓപ്പൺ സൂപ്പർ 500 ന്റെ സെമി ഫൈനലിലെത്തി. ലോക 13-ാം നമ്പർ താരം വിയറ്റ്‌നാമിന്റെ തുയ് ലിൻ ഗുയെനെ ആണ് സിന്ധു തോൽപ്പിച്ചത്‌. 20-22, 22-20, 21-18 എന്ന സ്‌കോറിന് ആണ് സിന്ധു വിയറ്റ്നാമീസ് താരത്തെ തോൽപ്പിച്ചത്. ചൈനയുടെ വാങ് സി യിയുമായാകും സിന്ധുവിന്റെ സെമി പോരാട്ടം.

2023 സീസണിൽ ഇന്ത്യൻ താരം മത്സരിക്കുന്ന നാലാമത്തെ സെമി ഫൈനലാകും ഇത്. എന്നാൽ സിന്ധു ഇതുവരെ ഈ സീസണിൽ ഫൈനലിൽ എത്തിയിട്ടില്ല. ഫൈനൽ ഉറപ്പിക്കാൻ ആകും സിന്ധുവിന്റെ ശനിയാഴ്ചത്തെ ശ്രമം. സിന്ധു മാത്രം ആണ് ആർടിക് ഓപ്പണിൽ അവശേഷിക്കുന്ന ഇന്ത്യൻ താരം. ബാക്കി എല്ലാവരും പ്രീക്വാർട്ടറിൽ തന്നെ പുറത്തായിരുന്നു‌.

ആർടിക് ഓപ്പണിൽ ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ

ഫിൻലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന 2023 ആർടിക് ഓപ്പൺ സൂപ്പർ 500ൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ചൈനീസ് തായ്‌പേയിയുടെ വെൻ ചി ഹ്‌സുവിനെ ആണ് സിന്ധു തോൽപ്പിച്ചത്‌. 21-11, 21-10 എന്നായിരുന്നു സ്‌കോർ. വെറും 38 മിനിറ്റിനുള്ളിൽ വിജയത്തിലേക്ക് എത്താൻ സിന്ധുവിനായി.

ക്വാർട്ടർ ഫൈനലിൽ സിന്ധു ഇനി തുയ് ലിൻ എൻഗുയെനെ നേരിടും. ഒരു വർഷം മുമ്പ് 2022-ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിനിടെയുണ്ടായ പരിക്കിൽ നിന്ന് കരകയറിയത് മുതൽ ഫോമിൽ എത്താൻ പ്രയാസപ്പെടുക ആണ് സിന്ധു. മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500-നിടെയാണ് അവസാനമായി അവർ സെമി കളിച്ചത്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ സിന്ധു നിരാശപ്പെടുത്തിയിരുന്നു.

മറ്റൊരു മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് 16 റൗണ്ടിൽ ജപ്പാന്റെ കാന്ത സുനേയാമയോട് 15-21, 12-21 എന്ന സ്‌കോറിന് തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

ആർട്ടിക് ഓപ്പണിൽ മുൻ ലോക ചാമ്പ്യ ഒകുഹാരെയെ മറികടന്ന സിന്ധു

ഏഷ്യൻ ഗെയിംസിലെ നിരാശയ്ക്ക് ശേഷം ആർട്ടിക് ഓപ്പണിൽ ഇറങ്ങിയ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി വി സിന്ധുവിന് ഒരു മികച്ച വിജയം. ആർടിക് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ രണ്ട് മുൻ ലോക ചാമ്പ്യന്മാർ പരസ്പരം കളിക്കുന്നത് കണ്ട മത്സരത്തിൽ, പിവി സിന്ധു വിജയിക്കുക ആയിരുന്നു.

സിന്ധു ജപ്പാനീസ് നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകൾക്ക് ആണ് പരാജയപ്പെടുത്തിയത്. ഇതോടെ അവർ ആർട്ടിക് ഓപ്പണിന്റെ രണ്ടാം റൗണ്ടിലെത്തി. 21-13, 21-6 എന്നായിരുന്നു സ്കോർ.

ഇന്ത്യക്ക് നിരാശ, പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്ത്

ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ ഒരു നിരാശ. മെഡൽ പ്രതീക്ഷ ആയിരുന്ന പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ പുറത്തായി. നിലവിൽ 15-ാം റാങ്കുകാരിയായ സിന്ധുവിന് ഇന്ന് ബിംഗ്ജിയാവോയെ മറികടക്കാൻ ആയില്ല. 47 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 16-21, 12-21 എന്ന സ്‌കോറിനാണ് സിന്ധു തോറ്റത്.

ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ പോരാട്ടത്തിൽ സിന്ധു നേരത്തെ ബിംഗ്ജിയാവോയെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഇത് ആവർത്തിക്കാൻ ആയില്ല. സിന്ധുവിന്റെ സമീപകാലത്തെ മോശം ഫോം കൂടിയാണ് ഇന്നത്തെ കളിയിൽ പ്രതിഫലിച്ചത്‌. 2014 ഇഞ്ചിയോണിൽ വെങ്കലവും 2018 ജക്കാർത്തയിൽ വെള്ളിയും നേടിയ സിന്ധുവിന് ഒരു ഏഷ്യൻ മെഡൽ കൂടെ നേടാതെ നിരാശയോടെ മടങ്ങേണ്ടി വന്നു.

പി വി സിന്ധുവും ഏഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനല

രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ഏഷ്യൻ ഗെയിംസിൽ ക്വാർട്ടറിലേക്ക് പ്രവേശിച്ചു. നേരിട്ടുള്ള ഗെയിം വിജയത്തോടെ ആണ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിലേക്ക് സിന്ധു എത്തിയത്. പുത്രി കുസുമ വർദാനിക്കെതിരെ 21-16, 21-16 എന്ന സ്‌കോറിന് ആണ് പ്രീക്വാർട്ടറിൽ സിന്ധു വിജയിച്ചത്‌.

ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹി ബിംഗ്ജിയാവോയ്‌ക്കെതിരെ സിന്ധു കളിക്കുക. നേപ്പാളിന്റെ രസില മഹാർജനെതിരെ 21-10, 21-4 എന്ന സ്കോറിന് വിജയിച്ചാണ് ബിങ്ജിയാവോ ക്വാർട്ടറിൽ എത്തിയത്.

സിന്ധുവും പ്രണോയിയും പ്രീക്വാർട്ടറിലേക്ക് മുന്നേറി

ഹാങ്‌ഷൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലെ ബാഡ്മിന്റൺ മത്സരത്തിൽ ഇന്ത്യൻ താരങ്ങളായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി. മുൻ ലോക ചാമ്പ്യൻ സിന്ധു 21-10, 21-15 എന്ന സ്‌കോറിന് ലോക 21 നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ വെ ചി ഹ്സുവിനെ ആണ് തോൽപ്പിച്ചത്‌. ഇന്തോനേഷ്യയുടെ പുത്രി കുസുമ വർദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാങ് കാ വിങ്ങിനെയോ ആകും സിന്ധു അടുത്തതായി നേരിടുക.

മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്ബാത്തിനെ 25 മിനിറ്റിനുള്ളിൽ 21-9 21-12 എന്ന സ്‌കോറിന് മറികടന്നാണ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് കടന്നത്. ജോർദാന്റെ ബഹദീൻ അഹമ്മദ് അൽഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ അദ്ദേഹം അടുത്ത റൗണ്ടൽ നേരിടും.

ഓസ്ട്രേലിയന്‍ ഓപ്പൺ ക്വാര്‍ട്ടറിൽ സിന്ധുവിന് തോൽവി

ഓസ്ട്രേലിയന്‍ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് പരാജയം. അമേരിക്കയുടെ ബീവെന്‍ ചാംഗിനോട് നേരിട്ടുള്ള ഗെയിമിലായിരുന്നു സിന്ധുവിന്റെ പരാജയം. 12-21, 17-21 എന്ന സ്കോറിനാണ് ലോക റാങ്കിംഗിൽ 12ാം സ്ഥാനത്തുള്ള അമേരിക്കന്‍ താരത്തോട് സിന്ധു പിന്നിൽ പോയത്.

ഈ വര്‍ഷം കളിച്ച 14 ടൂര്‍ണ്ണമെന്റുകളിൽ താരം ഒരു കിരീടം പോലും നേടിയിട്ടില്ല. ഒരു ഫൈനലും മൂന്ന് സെമിയിലും സിന്ധു എത്തിയെങ്കിലും ഏഴ് ആദ്യ റൗണ്ട് തോൽവികളും താരം ഏറ്റു വാങ്ങി.

ജപ്പാന്‍ ഓപ്പൺ, ആദ്യ റൗണ്ടിൽ പുറത്തായി സിന്ധു, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തിൽ ലക്ഷ്യയ്ക്ക് വിജയം

പിവി സിന്ധുവിന്റെ മോശം ഫോം തുടരുന്നു. താരം ജപ്പാന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ ചൈനയുടെ മാന്‍ യി ജാംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുകയായിരുന്നു. വെറും 32 മിനുട്ട് മാത്രം നീണ്ട മത്സരത്തിനൊടുവിൽ 12-21, 13-21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്. ലോക റാങ്കിംഗിൽ പതിനെട്ടാം സ്ഥാനത്താണ് ചൈനീസ് താരം.

ഇത് ഏഴാമത്തെ ടൂര്‍ണ്ണമെന്റിലാണ് സിന്ധു ആദ്യ റൗണ്ടിൽ ഈ വര്‍ഷം പുറത്താകുന്നത്. ചൈനീസ് താരത്തോട് കഴിഞ്ഞ മൂന്ന് മത്സരത്തില്‍ രണ്ടിലും സിന്ധു തോൽവിയേറ്റ് വാങ്ങി.

അതേ സമയം ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ത്യയുടെ തന്നെ പ്രിയാന്‍ഷു രജാവതിനെ മറികടന്ന് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പൊരുതി നേടിയ വിജയം ആണ് ലക്ഷ്യയുടേത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിൽ 21-15, 12-21, 24-22 എന്ന സ്കോറിനാണ് ലക്ഷ്യ വിജയം ഉറപ്പാക്കിയത്.

സിന്ധുവിന് പരാജയം, പ്രണോയ് ക്വാര്‍ട്ടറിൽ

തായി സു യിംഗിനോട് വീണ്ടും പരാജയം ഏറ്റുവാങ്ങി പിവി സിന്ധു. തായ്വാന്‍ താരത്തോട് തുടര്‍ച്ചയായ 9ാം തവണ തോൽവിയേറ്റുവാങ്ങിയ ഇന്ത്യന്‍ താരം ഇന്ന് 18-21, 16-21 എന്ന സ്കോറിനാണ് ഇന്തോനേഷ്യ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പരാജയപ്പെട്ടത്. സിന്ധു കഴിഞ്ഞ 9 ടൂര്‍ണ്ണമെന്റിൽ ഏഴിലും രണ്ടാം റൗണ്ട് കടക്കാനാകാതെയാണ് പുറത്താകുന്നത്.

അതേ സമയം പുരുഷ സിംഗിള്‍സിൽ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ക്വാര്‍ട്ടറിൽ കടന്നു. 21-18, 21-16 എന്ന സ്കോറിന് എന്‍ജി കാ ലോംഗ് ആന്‍ഗസിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തിയ പ്രണോയ് ലോക നാലാം നമ്പര്‍ ജപ്പാന്റെ കൊടൈ നരോകയോടാണ് ഏറ്റുമുട്ടുക. മുമ്പ് നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജപ്പാന്‍ താരത്തിനായിരുന്നു വിജയം.

ലോക ഒന്നാം നമ്പറിനോട് തോറ്റ് സിന്ധു സിംഗപ്പൂര്‍ ഓപ്പണിൽ നിന്ന് പുറത്ത്

സിംഗപ്പൂര്‍ ഓപ്പൺ ആദ്യ റൗണ്ടിൽ നിന്ന് പുറത്തായി പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു പൊരുതി വീണത്. ആദ്യ ഗെയിം സിന്ധു നേടിയെങ്കിലും പിന്നീടുള്ള ഗെയിമുകളിൽ സിന്ധുവിന് കാലിടറി.

21-18, 19-21, 17-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ പരാജയം.

മലേഷ്യൻ മാസ്റ്റേഴ്സ്, പി വി സിന്ധു സെമിയിൽ പുറത്ത്

മലേഷ്യൻ മാസ്റ്റേഴ്സിലെ സിന്ധുവിന്റെ കുതിപ്പ് സെമിയിൽ അവസാനിച്ചു. ശനിയാഴ്ച നടന്ന സെമിയിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ തുൻജുങ്ങിനോട് 14-21, 17-21 എന്ന സ്‌കോറിന് തോറ്റാണ് ഇന്ത്യയുടെ പിവി സിന്ധു മലേഷ്യൻ മാസ്റ്റേഴ്‌സിൽ നിന്ന് പുറത്തായത്.

കഴിഞ്ഞ മാസം മാഡ്രിഡ് മാസ്റ്റേഴ്‌സിന്റെ ഫൈനലിലും സിന്ധു തുൻജംഗിനോട് ആയിരുന്നു തോറ്റത്. അന്ന് 8-21, 8-21 എന്ന സ്‌കോറിനായിരിന്നു പരാജയം. ഇന്ന് ഓപ്പണിംഗ് ഗെയിമിൽ 12-10 എന്ന ലീഡ് എടുത്ത ശേഷമാണ് സിന്ധു കളി കൈവിട്ടത്. അവിടെ നിന്ന് റ തുഞ്ചുങ് തുടർച്ചയായി ആറ് പോയിന്റുകൾ നേടിയത് സിന്ധുവിനെ തകർത്തു കളഞ്ഞു.

Story Highlight: Malaysia Masters: Sindhu crashes out after straight games defeat in semi-final.

Exit mobile version