ജപ്പാന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ ജപ്പാന്‍ താരം സയാക തകാഹാഷിയെ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു. വനിത വിഭാഗം സിംഗിള്‍സില്‍ സൈന നെഹ്‍വാല്‍ പിന്മാറിയ ശേഷം ഇന്ത്യയുടെ കിരീട പ്രതീക്ഷയായ സിന്ധു മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ ഗെയിം പൊരുതി നേടിയ ശേഷം സിന്ധു രണ്ടാം ഗെയിമില്‍ പിന്നോട്ട് പോകുകയായിരുന്നു. എന്നാല്‍ മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവിലൂടെ സിന്ധു മത്സരം സ്വന്തമാക്കി.
നാളെ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണില്‍ നിന്ന് സൈന നെഹ്‍വാല്‍ പിന്മാറി. വനിത വിഭാഗത്തില്‍ സൈനയും പുരുഷ വിഭാഗത്തില്‍ സായി പ്രണീതും പിന്മാറുകയായിരുന്നു. പുരുഷ വിഭാഗത്തില്‍ കിഡംബിയും പ്രണോയ്‍യും ഇന്ത്യന്‍ പ്രതീക്ഷകളായി മത്സരിക്കാനിറങ്ങുന്നുണ്ട്. ഈ വര്‍ഷം തന്റെ ഫൈനല്‍ തോല്‍വിയുടെ ശാപം മാറ്റുകയെന്ന ലക്ഷ്യത്തോടെയാവും സിന്ധു നാളെ ജപ്പാന്‍ ഓപ്പണിലെ തന്റെ മത്സരങ്ങള്‍ ആരംഭിക്കുക. കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയുടെ ഫൈനലില്‍ സിന്ധുവെത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം.
മൂന്നാം സീഡായ ഇന്ത്യന്‍ താരം ജപ്പാന്റെ സയാക തക്കാഷിയോടാണ് ആദ്യ മത്സരത്തിനു ഇറങ്ങുന്നത്. ഈ സീസണില്‍ മോശം ഫോമില്‍ തുടരുന്ന ശ്രീകാന്ത് കിഡംബി ആദ്യ മത്സരത്തില്‍ ചൈനയുടെ ഹുയാംഗ് യൂക്സിയാംഗിനെ നേരിടുമ്പോള്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയാണ് പ്രണോയ്‍യുടെ എതിരാളി.
ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് കൂട്ടുകെട്ടുകളും ഇന്ത്യയുടെ പ്രതീക്ഷയായി ജപ്പാന്‍ ഓപ്പണില്‍ ഇറങ്ങുന്നുണ്ട്.
ഇന്ത്യയുടെ പിവി സിന്ധുവിനെ പരാജയപ്പെടുത്തി തായ്‍വാന്റെ തായി സു യിംഗിനു ഏഷ്യന്‍ ഗെയിംസ് വനിത വിഭാഗം സിംഗിള്‍സ് സ്വര്‍ണ്ണം. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തായി പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം സിന്ധു രണ്ടാം ഗെയിമില്‍ പുറത്തെടുത്തുവെങ്കിലും തായ്‍വാന്‍ താരത്തെ മറികടക്കുവാന്‍ സിന്ധുവിനായില്ല.
ഒട്ടനവധി പിഴവുകള്‍ വരുത്തി രണ്ട് ഗെയിമിലും സിന്ധു എതിരാളിയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റുകയും ചെയ്തു. 21-13, 21-16 എന്ന സ്കോറിനായിരുന്നു തായിയുടെ വിജയം.
ഏഷ്യന്‍ ഗെയിംസ് 2018 ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ഫൈനല്‍ സ്ഥാനം ഉറപ്പാക്കി പിവി സിന്ധു. ജയത്തോടെ സിന്ധു ഫൈനലില്‍ തായ്‍വാന്റെ തായി സു യിംഗിനെയാണ് നേരിടുന്നത്. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിമില്‍ വിജയിച്ച ശേഷം രണ്ടാം ഗെയിം കൈവിട്ടുവെങ്കിലും സിന്ധു നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 21-17, 15-21, 21-10 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.
മത്സരത്തിലെ ആദ്യ പോയിന്റുകള്‍ ജപ്പാന്‍ താരം അകാനെ യമാഗൂച്ചിയാണ് നേടിയതെങ്കിലും ഏറെ വൈകാതെ സിന്ധു ഒപ്പമെത്തുകയും പിന്നീട് ലീഡ് നേടുകയും ചെയ്തു. ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് സിന്ധു 11-8നു ലീഡ് നേടുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകള്‍ നേടി 15-10ന്റെ ലീഡ് നേടി. ആദ്യ ഗെയിം 21-17നു സിന്ധു സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ ഭേദപ്പെട്ട പ്രകടനമാണ് സിന്ധുവിനെതിരെ അകാനെ പുറത്തെടുത്തത്. ലീഡില്‍ നിന്ന് സിന്ധുവില്‍ നിന്ന് 11-10ന്റെ ലീഡ് ഇടവേള സമയത്ത് താരം സ്വന്തമാക്കി. ഇടവേളയ്ക്ക് ശേഷം ലീഡ് വര്‍ദ്ധിപ്പിച്ച് അകാനെ 16-13നു മുന്നിലെത്തിയിരുന്നു. അകാനെയുടെ മുന്നില്‍ പതറിപ്പോയ സിന്ധു ഗെയിം 15-21നു കൈവിടുകയായിരുന്നു.
മൂന്നാം ഗെയിമില്‍ 3-3 പോയിന്റ് വരെ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും പിന്നീട് സിന്ധു ഉഗ്രപ്രകടനം പുറത്തെടുത്ത് 9-4ന്റെ ലീഡ് നേടി. ഇടവേള സമയത്ത് സിന്ധു 11-7ന്റെ ലീഡ് സിന്ധു കരസ്ഥമാക്കി. ഇടവേളയ്ക്ക് ശേഷം ആദ്യ ഗെയിമിലെന്ന പോലെ ഫോം പ്രകടിപ്പിച്ച സിന്ധു ലീഡുയര്‍ത്തി 16-8ലേക്ക് കടന്നു. ജപ്പാന്‍ താരത്തിനു തിരിച്ചുവരവിനു അവസരം നല്‍കാതെ സിന്ധു 21-10നു മത്സരം സ്വന്തമാക്കുകയായിരുന്നു.
തായ്‍ലാന്‍ഡിന്റെ നിച്ചാവോണ്‍ ജിന്‍ഡാപോളിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ പരാജയപ്പെടുത്തി പിവി സിന്ധു. ജയത്തോടെ വനിത സിംഗിള്‍സ് സെമിയില്‍ കടന്നത് വഴി ഇന്ത്യയ്ക്കായി ഒരു മെഡല്‍ സിന്ധു ഉറപ്പാക്കിയിട്ടുണ്ട്. നേരത്തെ സഹതാരം സൈന നെഹ്‍വാലും സിംഗിള്‍സ് സെമിയില്‍ കടന്നിട്ടുണ്ട്. 21-11, 16-21, 21-14 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-7നു സിന്ധു മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം അതിവേഗം പോയിന്റുകള്‍ നേടിയ സിന്ധു 15-9നു ലീഡ് നേടുകയും തുടര്‍ന്ന് ഗെയിം 21-11 എന്ന സ്കോറിനു സ്വന്തമാക്കുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷം തായ്‍ലാന്‍ഡ് താരത്തിനു 4 പോയിന്റ് മാത്രമേ നേടാനായുള്ളു.
എന്നാല്‍ രണ്ടാം ഗെയിമില്‍ തായ്‍ലാന്‍ഡ് താരം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഘട്ടത്തില്‍ സിന്ധുവിനു മേല്‍ ലീഡ് താരം നേടിയെങ്കിലും ഇടവേള സമയത്ത് 11-8ന്റെ ലീഡ് സിന്ധു തന്നെ നിലനിര്‍ത്തി. എന്നാല്‍ ഇടവേളയ്ക്ക് ശേഷം മത്സരം കീഴ്മേല്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. താരം സിന്ധുവിനൊപ്പമെത്തുകയും പിന്നീട് 16-13നു ലീഡ് നേടുകയും ചെയ്തുവെങ്കിലും തുടരെ പോയിന്റുകളുമായി സിന്ധു സ്കോര്‍ ഒപ്പത്തിലെത്തിച്ചു. എന്നാല്‍ പിന്നീട് സിന്ധുവിനു ഒരു പോയിന്റ് പോലും നല്‍കാതെ ജിന്‍ഡാപോള്‍ ഗെയിം 21-16നു സ്വന്തമാക്കി മത്സരം നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലേക്ക് നീട്ടി.
മൂന്നാം ഗെയിമിന്റെ തുടക്കത്തില്‍ സിന്ധുവിനു മേല്‍ ജിന്‍ഡാപോള്‍ മേല്‍ക്കൈ നേടുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ 7-7നു ഇരു താരങ്ങളും ഒപ്പമെത്തിയ ശേഷം സിന്ധു ഇടവേള സമയത്ത് 11-7ന്റെ വ്യക്തമായ ലീഡ് നേടി. ഇടവേളയ്ക്ക് ശേഷം സിന്ധു തായ്‍ലാന്‍ഡ് താരത്തിനു തിരിച്ചുവരവിനു അവസരം നല്‍കാതെ മത്സരം 21-14 എന്ന സ്കോറിനു സ്വന്തമാക്കി.
സൈന നെഹ്‍വാലിനു പിന്നാലെ ഇന്ത്യയുടെ പിവി സിന്ധു ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു. 21-12, 21-15 എന്ന സ്കോറിനു ഗ്രിഗോറിയ മരിസ്കയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. അതേ സമയം ഡബിള്‍സ് ഇനത്തില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിയറവ് പറഞ്ഞു.
ചൈനയുടെ ലോക മൂന്നാം നമ്പര്‍ ജോഡിയോട് 11-21, 22-24 എന്ന സ്കോറിനാണ് ഇന്ത്യന്‍ കൂട്ടുകെട്ട് പരാജയപ്പെട്ടത്. രണ്ടാം ഗെയിമില്‍ അന്തിമ നിമിഷം വരെ പൊരുതിയെങ്കിലും ചൈനീസ് താരങ്ങള്‍ ജയം ഉറപ്പാക്കുകയായിരുന്നു.
ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് മത്സരങ്ങളില്‍ ആദ്യ റൗണ്ട മത്സരങ്ങളില്‍ വിജയിച്ച പിവി സിന്ധുവും സൈന നെഹ്‍വാലും. സിന്ധുവിനു ശ്രമകരമായ വിജയമായിരുന്നുവെങ്കില്‍ സൈനയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് വിയറ്റ്നാമിന്റെ വു തി തരംഗിനെ സിന്ധു മറികടന്നത്. 21-10, 12-21, 23-21.
അതേ സമയം 21-7, 21-9 എന്ന സ്കോറിനാണ് സൈനയുടെ വിജയം.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി സ്പെയിനിന്റെ കരോളിന മരിന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് കിരീടം മരിന്‍ നേടിയത് നേടിയത്. 21-19, 21-10 എന്ന സ്കോറിനായിരുന്നു ജയം. 45 മിനുട്ട് നീണ്ട പോരാട്ടത്തിലാണ് മരിന്റെ കിരീടധാരണം. ഒളിമ്പിക്സ് ഫൈനലിലെന്ന പോലെ ഇവിടെയും വെള്ളി മെഡല്‍ കൊണ്ട് സിന്ധു സംതൃപ്തിപ്പെടേണ്ടതുണ്ട്.
ആദ്യ ഗെയിമില്‍ ആദ്യ പോയിന്റുകള്‍ മരിനാണ് നേടിയതെങ്കിലും സിന്ധു പിന്നീട് 8-5ന്റെ ലീഡ് നേടുകയായിരുന്നു. എന്നാല്‍ തുടരെ രണ്ട് പോയിന്റ് നേടി കരോളിന മരിന്‍ ലീഡ് 8-7 ആയി കുറച്ചു. ഇടവേള സമയത്ത് സിന്ധു 11-8നു മുന്നിട്ട് നിന്നു.
രണ്ടാം പകുതി പുരോഗമിക്കവേ നാല് പോയിന്റ് ലീഡ് നിലനിര്‍ത്തി സിന്ധു 15-11നു മുന്നിലെത്തിയെങ്കിലും മരിന്‍ മികച്ച തിരിച്ചുവരവ് നടത്തി ആദ്യ ഗെയിമില്‍ 16-15നു ലീഡ് നേടി. പിന്നീട് ഓരോ പോയിന്റിനും തീവ്രമായ പോരാട്ടം ഇരുവരും പുറത്തെടുത്തപ്പോള്‍ മത്സരം ആവേശകരമായി മാറി. 18-18നു ഒപ്പം നിന്ന ശേഷം രണ്ട് ഗെയിം പോയിന്റുകള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം ആദ്യ ഗെയിം 21-19നു വിജയിച്ചു.
രണ്ടാം ഗെയിമില്‍ സിന്ധുവിനുമേല്‍ വ്യക്തമായ ആധിപത്യമാണ് കരോളിന മരിന്‍ നേടിയത്. 7-1നു തുടക്കത്തില്‍ ലീഡ് നേടിയ മരിന്‍ സിന്ധുവിനു തിരിച്ചുവരവിനു അവസരം നല്‍കാതെ ഇടവേള സമയത്ത് 11-2 ന്റെ ലീഡ് കരസ്ഥമാക്കി. ആദ്യ പകുതിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനം സിന്ധു ഇടവേളയ്ക്ക് ശേഷം പുറത്തടുത്തുവെങ്കിലും അപ്രാപ്യമായ ലീഡായിരുന്നു മരിന്‍ കൈവശപ്പെടുത്തിയിരുന്നത്.
രണ്ടാം ഗെയിമും മത്സരവും 21-10 എന്ന സ്കോറിനു സ്വന്തമാക്കി കരോളിന മരിന്‍ തന്റെ ലോക കിരീടം സ്വന്തമാക്കുകയായിരുന്നു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടന്ന് പിവി സിന്ധു. ഫൈനലില്‍ സ്പെയിനിന്റെ കരോളിന മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. നാളെ നടക്കുന്ന ഫൈനല്‍ മത്സരം ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തിന്റെ തനിയാവര്‍ത്തനമാണ്. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളില്‍ സിന്ധു ജപ്പാന്റെ അകാനെ യമാഗൂച്ചിയെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 24-22. 55 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
നേരത്തെ നടന്ന സെമിയില്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ പരാജയപ്പെടുത്തിയാണ് മരിന്‍ ഫൈനലില്‍ എത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സ്പാനിഷ് താരത്തിന്റെ തിരിച്ചുവരവ്. 13-21, 21-16, 21-13 എന്ന സ്കോറിനായിരുന്നു കരോളിന മരിന്റെ ജയം.
സിന്ധുവിന്റെ മത്സരത്തില്‍ ആദ്യ ഗെയിമിലെ 0-5നു പിന്നില്‍ നിന്ന ശേഷം മികച്ച തിരിച്ചുവരവാണ് സിന്ധു നടത്തിയത്. ആദ്യ പകുതിയില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമായിരുന്നുവെങ്കിലും യമാഗൂച്ചിയ്ക്കായിരുന്നു ഇടവേള സമയത്ത് 11-10 ന്റെ ലീഡ്. പിന്നീട് മത്സരത്തിലേക്ക് തിരികെ എത്തിയ സിന്ധു 19-13നു ലീഡ് കൈക്കലാക്കി. പിന്നീട് മൂന്ന് പോയിന്റുകള്‍ കൂടി ജപ്പാന്‍ താരം നേടിയെങ്കിലും ഗെയിം 21-16നു സിന്ധു സ്വന്തമാക്കി.
രണ്ടാം ഗെയിമിലും യമാഗൂച്ചി തന്നെയാണ് തുടക്കത്തില്‍ മുന്നിലെത്തിയത്. ഇടവേള സമയത്ത് താരം 11-7നു മുന്നിലായിരുന്നു. ഒരു ഘട്ടത്തില്‍ 19-12നു മുന്നിലെത്തി താരം ഗെയിം സ്വന്തമാക്കുവാന്‍ 2 പോയിന്റ് അകലെയായിരുന്നു. തുടര്‍ന്ന് 7 പോയിന്റുകള്‍ തുടര്‍ച്ചയായി നേടിയാണ് സിന്ധു ജപ്പാന്‍ താരത്തിനൊപ്പമെത്തിയത്. അവിടെ നിന്ന് മാച്ച് പോയിന്റില്‍ സിന്ധുവെത്തിയെങ്കിലും ജപ്പാന്‍ താരം 20-20നു ഒപ്പമെത്തി.
പിന്നീട് യമാഗൂച്ചിയ്ക്ക് ഗെയിം പോയിന്റും സിന്ധുവിനു മാച്ച് പോയിന്റും മാറി മാറി ലഭിച്ച മത്സരത്തിനൊടുവില്‍ 24-22 നു സിന്ധു ജയം കരസ്ഥമാക്കി ഫൈനലിലേക്ക് യാത്രയാകുകയായിരുന്നു.
നൊസോമി ഒഖുഹാരയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി പിവി സിന്ധു സെമിയില്‍. ഇന്ന് നടന്ന തീപാറും മത്സരത്തില്‍ 58 മിനുട്ട് പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ഇരു ഗെയിമുകളിലും ഒപ്പത്തിനൊപ്പം ഇരു താരങ്ങളും പൊരുതിയെങ്കിലും അവസാന നിമിഷം സിന്ധു മുന്നിലെത്തുകയായിരുന്നു. സ്കോര്‍: 21-17, 21-19.
ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധു മുന്നിലായിരുന്നു. പിന്നീട് സിന്ധു 17-13 ന്റെ ലീഡ് നേടി മത്സരത്തില്‍ ഏറെ മുന്നിലെത്തുകയായിരുന്നു. ഒടുവില്‍ ആദ്യ ഗെയിം 21-17 എന്ന സ്കോറിനു സിന്ധു കൈക്കലാക്കി. രണ്ടാം ഗെയിമില്‍ ഒരു ഘട്ടത്തില്‍ ഒഖുഹാര 9-3നു ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും ഇടവേള സമയത്ത് ലീഡ് നില 8-11 ആയി സിന്ധു കുറച്ച് കൊണ്ടുവന്നു.
ഇടവേളയ്ക്ക് ശേഷം മൂന്ന് പോയിന്റ് നേടി ജപ്പാന്‍ താരത്തിനൊപ്പം സിന്ധു എത്തി. പിന്നീട് ഇരു താരങ്ങളും ലീഡ് മാറി മാറി നേടി. 19-19 ല്‍ ഇരു താരങ്ങളും ഒപ്പമെത്തിയെങ്കിലും സിന്ധു ഗെയിം 21-19നു നേടി സെമി ഉറപ്പിച്ചു.
കൊറിയയുടെ ജി ഹ്യുന്‍ സംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധു. ജയത്തോടെ സിന്ധു ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 42 മിനുട്ട് നീണ്ട് മത്സരത്തിന്റെ ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത ചെറുത്ത് നില്പ് കൊറിയന്‍ താരത്തില്‍ നിന്ന് സിന്ധു നേരിട്ടു.
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിത വിഭാഗം സിംഗിള്‍സില്‍ പിവി സിന്ധുവിനു ജയം. രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 35 മിനുട്ട് നീണ്ട മത്സരത്തില്‍ സിന്ധു ഇന്തോനേഷ്യയുടെ ഫിട്രിയാനിയെയാണ് തോല്പിച്ചത്. സ്കോര്‍: 21-14, 21-9.
പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി സഖ്യം മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ പരാജയം സമ്മതിച്ചു. ആദ്യ ഗെയിം 24-22നു ജയിച്ച ശേഷം പിന്നീടുള്ള ഗെയിമുകളില്‍ 13-21, 16-21 എന്ന സ്കോറിനായിരുന്നു ടീമിന്റെ തോല്‍വി. 1 മണിക്കൂറിലധികം നീണ്ട മത്സരത്തിനൊടുവില്‍ ജപ്പാന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡികളുടെ പരാജയം.