ഏഴ് മത്സരങ്ങളില്‍ ആദ്യ ജയം, ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് പിവി സിന്ധു

റിയോ ഒളിമ്പിക്സിനു ശേഷം തായി സു യിംഗ് എന്ന കടമ്പ കടക്കാനാകാതെ കഷ്ടപ്പെടുകയായിരുന്നു സിന്ധുവും സൈനയും. ഇപ്പോള്‍ സിന്ധു ആ കടമ്പ മികച്ചൊരു അട്ടിമറി വിജയത്തോടെ സ്വന്തമാക്കുകയായിരുന്നു. വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ 14-21, 21-16, 21-18 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്.

കഴിഞ്ഞ ഏഴ് തവണ ഏറ്റുമുട്ടിയപ്പോളും സിന്ധുവിനു തായിയെ മറികടക്കാനായിരുന്നില്ല. 61 മിനുട്ടാണ് ഈ തീപ്പാറുന്ന പോരാട്ടം നീണ്ട് നിന്നത്.

ക്വാര്‍ട്ടറില്‍ പിവി സിന്ധുവിനു തോല്‍വി

ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ പിവി സിന്ധുവിനു തോല്‍വി. ക്വാര്‍ട്ടറില്‍ ചൈനിയുടെ ഹീ ബിംഗ്ജിയാവോയോടാണ് സിന്ധുവിന്റെ തോല്‍വി. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധു അടിയറവ് പറഞ്ഞത്. 17-21, 21-17, 15-21 എന്ന സ്കോറിനാണ് 69 മിനുട്ട് നീണ്ട മത്സരത്തിനു ശേഷം സിന്ധുവിന്റെ തോല്‍വി.

കിഡംബിയുടെ മികച്ച തിരിച്ചുവരവ്, അനായാസം സിന്ധു, ഇരുവരും ക്വാര്‍ട്ടറില്‍

ചൈന ഓപ്പണ്‍ 2018 പുരുഷ വിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ശ്രീകാന്ത് കിഡംബി. ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ താരം തന്റെ രണ്ടാം റൗണ്ട് മത്സരം വിജയിച്ചത്. 45 മിനുട്ട് നീണ്ട മത്സരത്തില്‍ ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോര്‍: 10-21, 21-9, 21-9.

ഇന്ത്യയുടെ പിവി സിന്ധു തായ്‍ലാന്‍ഡിന്റെ ബുസാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയത്. സ്കോര്‍: 21-12, 21-15.

ചൈന ഓപ്പണില്‍ വിജയിച്ച് തുടങ്ങി സിന്ധു, ഡബിള്‍സ് ടീമുകള്‍ക്ക് തോല്‍വി

ചൈന ഓപ്പണില്‍ അനായാസ ജയവുമായി പിവി സിന്ധു. അര മണിക്കൂറില്‍ താഴെ മാത്രം നീണ്ട മത്സരത്തില്‍ റഷ്യന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു രണ്ടാം റൗണ്ടില്‍ കടന്നത്. സ്കോര്‍: 21-13, 21-19.

അതേ സമയം വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഢി കൂട്ടുകെട്ട് പൊരുതി കീഴടങ്ങുകയായിരുന്നു. മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ 69 മിനുട്ട് നീണ്ട മത്സരത്തിനു ശേഷം ജപ്പാന്‍ ജോഡികളോട് ടീം 19-21, 21-15, 17-21 എന്ന സ്കോറിനു അടിയറവ് പറഞ്ഞു.

പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി സഖ്യത്തിനും നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയായിരുന്നു ഫലം. ഡെന്മാര്‍ക്ക് സഖ്യത്തോട് 46 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 16-21, 25-27 എന്ന സ്കോറിനായിരുന്നു പരാജയം. രണ്ടാം ഗെയിമില്‍ അന്തിമ നിമിഷം വരെ പൊരുതി നോക്കിയെങ്കിലും മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടുവാന്‍ താരങ്ങള്‍ക്കായില്ല.

മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി കിഡംബി, സിന്ധുവും പുറത്ത്

ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് ഏഴാം തവണയും തോല്‍വിയേറ്റു വാങ്ങി ശ്രീകാന്ത് കിഡംബി. നേരിട്ടുള്ള ഗെയിമുകളിലാണ് കിഡംബിയുടെ ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വി. ഡെന്മാര്‍ക്ക് ഓപ്പണിലും മൊമോട്ടയോടായിരുന്നു കിഡംബി കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 16-21നു മുന്നിലെത്തിയ കെന്റോ രണ്ടാം ഗെയമില്‍ 17-10നു മുന്നിലായിരുന്നു. എന്നാല്‍ തുടരെ 9 പോയിന്റുകള്‍ നേടി കിഡംബി 19-17നു ലീഡ് നേടുകയും ഗെയിം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അടുത്ത നാല് പോയിന്റുകള്‍ നേടി മത്സരം കെന്റോ സ്വന്തമാക്കി. സ്കോര്‍: 16-21, 19-21.

ചൈനയുടെ ഹി ബിംഗ്ജിയാവോയോട് നേരിട്ടുള്ള ഗെയിമുകളിലാണ് സിന്ധു പരാജയപ്പെട്ടത്. 13-21, 16-21 എന്ന സ്കോറിനു സിന്ധു പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സിംഗിള്‍സ് പ്രതീക്ഷകള്‍ അവസാനിച്ചു. നേരത്തെ സൈന നെഹ്‍വാല്‍ തായി സു യിംഗിനോട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടിരുന്നു.

അനായാസ ജയവുമായി സിന്ധു ക്വാര്‍ട്ടറിലേക്ക്

ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യയുടെ മികവാര്‍ന്ന പ്രകടനം തുടരുന്നു. വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാലിനു പിന്നാലെ പിവി സിന്ധുവും ക്വാര്‍ട്ടറില്‍ കടന്നു. ജപ്പാന്റെ സയാക സാറ്റോയെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 21-17, 21-16. നേരിട്ടുള്ള ഗെയിമുകളിലാണെങ്കിലും 46 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.

കഴിഞ്ഞാഴ്ച നടന്ന ഡെന്മാര്‍ക്ക് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ സിന്ധു പുറത്തായിരുന്നുവെങ്കിലും അതില്‍ പതറാതെ തൊട്ടടുത്ത ടൂര്‍ണ്ണമെന്റില്‍ സിന്ധു മികവ് പുലര്‍ത്തി ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. ക്വാര്‍ട്ടറില്‍ ലോക പത്താം നമ്പര്‍ താരം സംഗ് ജി ഹ്യുനിനെയാണ് സിന്ധു നേരിടുന്നത്.

പ്രതികാരം വീട്ടി സിന്ധു

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പരാജയമേറ്റു വാങ്ങിയ പിവി സിന്ധു അതേ എതിരാളിയെ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തി പകരം വീട്ടി. അമേരിക്കയുടെ ബീവെന്‍ സാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 34 മിനുട്ടിലാണ് സിന്ധു പരാജയപ്പെടുത്തിയത്. 21-17, 21-8 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ആദ്യ ഗെയിമില്‍ സാംഗ് പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ താരത്തെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്.

ഫ്രഞ്ച് ഓപ്പണ്‍ ഇന്ന് മുതല്‍, അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും

ഫ്രഞ്ച് ഓപ്പണ്‍ 2018 ഇന്ന് ആരംഭിക്കും. പുരുഷ വനിത സിംഗിള്‍സ് വിഭാഗത്തിലായി അഞ്ച് താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബി, സമീര്‍ വര്‍മ്മ, സായി പ്രണീത് എന്നിവരും വനിത സിംഗിള്‍സില്‍ സൈന നെഹ്‍വാലും പിവി സിന്ധുവും പങ്കെടുക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ഡെന്മാര്‍ക്ക് ഓപ്പണില്‍ ഫൈനലില്‍ തോല്‍വി പിണഞ്ഞെങ്കിലും വെള്ളി മെഡല്‍ നേട്ടത്തിന്റെ ആവേശത്തിലാവും സൈന എത്തുന്നത്.

അതേ സമയം സിന്ധു ഡെന്മാര്‍ക്ക് ഓപ്പണിലെ തന്റെ ആദ്യ റൗണ്ട് തോല്‍വിയുടെ ആഘാതം മറന്ന് മികച്ച ഫോമില്‍ കളിച്ച് മെച്ചപ്പെട്ടൊരു ടൂര്‍ണ്ണമെന്റാക്കി ഫ്രഞ്ച് ഓപ്പണെ മാറ്റുക എന്ന ലക്ഷ്യത്തോടെയാവും എത്തുക. ശ്രീകാന്തിനും ഡെന്മാര്‍ക്ക് ഓപ്പണില്‍ കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

അട്ടിമറി, ഡെന്മാര്‍ക്ക് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പുറത്തായി പിവി സിന്ധു

ഡെന്മാര്‍ക്ക് ഓപ്പണില്‍ ആദ്യ ദിവസം തന്നെ ഏറ്റവും വലിയ അട്ടിമറി. ടൂര്‍ണ്ണമെന്റിലെ മൂന്നാം സീഡ് പിവി സിന്ധുവിനെ ആദ്യ റൗണ്ടില്‍ അട്ടിമിറിച്ച് ലോക പത്താം നമ്പര്‍ താരം ബീവെന്‍ സാംഗ് വിജയം കൊയ്യുകയായിരുന്നു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് സിന്ധു അമേരിക്കന്‍ താരത്തോട് പരാജയമേറ്റു വാങ്ങുന്നത്.

56 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു 17-21, 21-16, 18-21 എന്ന സ്കോറിനാണ് പരാജയമേറ്റു വാങ്ങിയത്.

ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, സിന്ധുവിനും തോല്‍വി

ചൈന ഓപ്പണിലെ ഇന്ത്യയുടെ അവസാന പ്രതീക്ഷയായ പിവി സിന്ധുവിനും തോല്‍വി. പുരുഷ സിംഗിള്‍സില്‍ കിഡംബിയുടെ പരാജയത്തിനു തൊട്ടുപിന്നാലെയാണ് സിന്ധുവും ഇന്ന് തോല്‍വിയേറ്റു വാങ്ങിയത്. ചൈനയുടെ യുഫെയ് ചെന്നിനോട് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോല്‍വി.

52 മിനുട്ട് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 11-21, 21-11, 15-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി.

പിവി സിന്ധു ചൈന ഓപ്പണ്‍ ക്വാര്‍ട്ടറിലേക്ക്, നേട്ടം പൊരുതി നേടിയ ജയത്തിലൂടെ

ഇന്ത്യയുടെ പിവി സിന്ധു ചൈന ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. തന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ആദ്യ ഗെയിം കൈവിട്ട ശേഷമാണ് സിന്ധുവിന്റെ തിരിച്ചുവരവ്. ലോക 24ാം നമ്പര്‍ താരം ബുസാനനിനോടാണ് സിന്ധുവിന്റെ ജയം. ആദ്യ ഗെയിം 21-23നു പിന്നില്‍‍ പോയെങ്കിലും പിന്നീട് രണ്ടാം ഗെയിമില്‍ വ്യക്തമായ മേധാവിത്തതോടെ ജയിച്ച സിന്ധു നിര്‍ണ്ണായകമായ മൂന്നാം ഗെയിമിലും തായ്‍ലാന്‍ഡ് താരത്തിന്റെ ചെറുത്ത് നില്പ് അതിജീവിച്ച് വിജയം കൊയ്തു.

സ്കോര്‍: 21-23, 21-13, 21-18.

ജയിക്കാനായത് കിഡംബിയ്ക്ക് മാത്രം, ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

ജപ്പാന്‍ ഓപ്പണില്‍ ഇന്ത്യന്‍ താരങ്ങളുടെ നിരാശാജനകമായ പ്രകടനം. ശ്രീകാന്ത് കിഡംബി ഒഴികെ മറ്റു താരങ്ങളെല്ലാം തന്നെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ കിഡംബിയില്‍ മാത്രമായി ഒതുങ്ങി. സിംഗിള്‍സില്‍ സിന്ധുവും പ്രണോയ്‍യും പുരുഷ ഡബിള്‍സില്‍ മനു അട്രി-സുമീത് റെഡ്ഢി കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ടും പരാജയപ്പെടുകയായിരുന്നു.

ശ്രീകാന്ത് കിഡംബി ഹോങ്കോംഗിന്റെ വിംഗ് കി വിന്‍സെന്റ് വോംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-15, 21-14 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. അതേ സമയം 18-21, 19-21 എന്ന സ്കോറിനു ചൈനയുടെ ഫാംഗ്ജി ഗാവോടോണ് പിവി സിന്ധുവിന്റെ പരാജയം. എച്ച് എസ് പ്രണോയും നേരിട്ടുള്ള ഗെയിമുകളില്‍ 14-21, 17-21 എന്ന സ്കോറിനു ഇന്തോനേഷ്യയുടെ ആന്തണി സിനിസുക ഗിണ്ടിംഗിനോട് പരാജയം ഏറ്റുവാങ്ങി.

ഡബിള്‍സില്‍ പുരുഷ വിഭാഗത്തില്‍ മനു അട്രി-സുമിത് റെഡ്ഢി കൂട്ടുകെട്ട് പൊരുതിയാണ് പരാജയപ്പെട്ടത്. 18-21, 21-16, 12-21 എന്ന സ്കോറിനു ചൈനീസ് കൂട്ടുകെട്ടിനോട് ഇവര്‍ പരാജയപ്പെട്ടപ്പോള്‍ മിക്സഡ് ഡബിള്‍സില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു പരാജയം. സിക്കി റെഡ്ഢി-പ്രണവ് ജെറി ചോപ്ര കൂട്ടുകെട്ട് മലേഷ്യന്‍ ടീമിനോട് 16-21, 16-21 എന്ന സ്കോറിനു പരാജയപ്പെട്ടു.

Exit mobile version