കോവിഡ് പ്രൊട്ടോക്കോൾ ലംഘിച്ചാൽ നാല് മത്സരങ്ങളിൽ നിന്ന് വിലക്കോ നൂറ് ശതമാനം മാച്ച് ഫീസോ പിഴ, പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കടുത്ത നിയന്ത്രണം

ജൂണിൽ വീണ്ടും ആരംഭിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബോർഡ്. യുഎഇയിൽ പുനരാരംഭിക്കുന്ന ടൂർണ്ണമെന്റിൽ കോവിഡ് പ്രൊട്ടോക്കോൾ ലംഘനം നടത്തുന്ന താരങ്ങൾക്ക് നാല് മത്സരങ്ങളിൽ വിലക്കോ 100 ശതമാനം മാച്ച് ഫീസ് പിഴയോ ഈടാക്കാനാണ് തീരുമാനം.

അബു ദാബിയിലാണ് മത്സരങ്ങൾ നടക്കുക. കറാച്ചിയിൽ ഫെബ്രുവരിയിൽ ആരംഭിച്ച പിഎസ്എൽ ബയോ ബബിളിനുള്ളിൽ കോവിഡ് വ്യാപിച്ചതിനാലാണ് നിർത്തിവെച്ചത്. താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ടീമംഗങ്ങൾക്കുമെല്ലാം ഈ നിയമം ബാധകമാണ്. ബയോ ബബിൾ ലംഘനങ്ങളെ മൂന്ന് തലത്തിലാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. മാസ്ക് ധരിക്കാത്തത്, കൈ സാനിറ്റൈസ് ചെയ്യാത്തത് എല്ലാം മൈനർ ബ്രീച്ചായും കോവിഡ് ലക്ഷണങ്ങൾ പങ്കുവെക്കാത്തതും ആർടിപിസിആർ ടെസ്റ്റിൽ കൃത്രിമം കാണിക്കുന്നതും മേജർ ബ്രീച്ചിൽ പെടും.

അബു ദാബിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്തുവാന്‍ അനുമതി നല്‍കി യുഎഇ സര്‍ക്കാര്‍

വാക്സിനേഷന്‍ എടുത്താല്‍ മാത്രമേ മത്സരങ്ങള്‍ അബു ദാബിയില്‍ നടത്തുവാന്‍ അനുവദിക്കുകയുള്ളുവെന്ന യുഎഇ സര്‍ക്കാരിന്റെ ആദ്യ തീരുമാനത്തില്‍ മാറ്റം. പാക്കിസ്ഥാന്‍ ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് ഇപ്പോള്‍ അനുകൂല അനുമതി നേടിയെടുത്തിരിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന ഏറ്റവും പുതിയ വിവരം.

യുഎഇ സര്‍ക്കാരില്‍ നിന്ന് വേണ്ട എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചത്. ഫ്രാഞ്ചൈസികളുമായി ഇനി ഓണ്‍ലൈന്‍ മീറ്റിംഗ് നടത്തിയ ശേഷം ഭാവി നടപടികളുമായി ബോര്‍ഡ് മുന്നോട്ട് പോകുമെന്നാണ് അറിയുന്നത്. അവശേഷിച്ച തടസ്സങ്ങളെല്ലാം മാറ്റി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ബാക്കി മത്സരങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബോര്‍ഡിന് സാധിക്കുമെന്നാണ് പിസിബി ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ പറഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ നടക്കില്ല

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ നടക്കില്ലെന്നും അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ചതായി വാര്‍ത്ത. പാക്കിസ്ഥാനില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയിലാണ് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നത്. തുടര്‍ന്ന് ജൂണില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാമെന്നാണ് കരുതിയതെങ്കിലും പാക്കിസ്ഥാനില്‍ കളികള്‍ വേണ്ടെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടു.

ഇതിനെത്തുടര്‍ന്ന് ജൂണില്‍ യുഎഇയില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുവാന്‍ ചര്‍ച്ചകള്‍ യുഎഇ ബോര്‍ഡുമായി പിസിബി തുടങ്ങിയെങ്കിലും അതില്‍ അന്തിമമായ തീരുമാനം എടുക്കുവാന്‍ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും

ബയോ ബബിളില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജൂണില്‍ ആരംഭിയ്ക്കും എന്ന് അറിയിച്ച് പിസിബി. മത്സരങ്ങളെല്ലാം കറാച്ചിയില്‍ ആവും നടക്കുക എന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഫ്രാഞ്ചൈസികളും ഗവേണിംഗ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബോര്‍ഡ് ഈ തീരുമാനത്തിലെത്തിയത്.

ഏപ്രിലില്‍ പാക്കിസ്ഥാന്‍ ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തുന്നതിനാല്‍ തന്നെ ജൂണില്‍ മാത്രമാണ് ചെറിയൊരു ഇടവേള പിഎസ്എലിനായി ലഭ്യമായിട്ടുള്ളത്. ജൂണ്‍ കഴിഞ്ഞ് അധികം വൈകാതെ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ജൂണില്‍ എത്ര വിദേശ താരങ്ങള്‍ പിഎസ്എലില്‍ പങ്കെടുക്കുവാനുണ്ടാകുമെന്നതില്‍ വലിയ വ്യക്തതയില്ല.

20 മത്സരങ്ങളാണ് ടൂര്‍ണ്ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് സിംബാബ്‍വേ പര്യടനം കഴിഞ്ഞ് മേയ് 13ന് എത്തുന്ന ടീം ജൂണ്‍ 26ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകും. ഈ കാലയളവിനുള്ളില്‍ ആണ് പിഎസ്എല്‍ നടത്തുവാനുള്ള ജാലകം ബോര്‍ഡ് തിരയുന്നത്.

ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയം ഇല്ല – പിസിബി മുഖ്യന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021 മാറ്റി വെച്ചതുമായി ബന്ധപ്പെട്ട് ആരാണ് കുറ്റക്കാരനെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് വസീം ഖാന്‍. ലീഗില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ലീഗ് നിര്‍ത്തി വയ്ക്കുവാനുള്ള സാഹചര്യം ഉണ്ടായത്.

ലീഗിലെ ബയോ ബബിള്‍ മോശം രീതിയിലാണ് ക്രമീകരിച്ചതെന്ന് നിശിതമായ വിമര്‍ശനവുമായി വിവിധ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലീഗ് തത്കാലം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്.

ഒരു കൂട്ടര്‍ മാത്രം വിചാരിച്ചാല്‍ ഈ വിഷമ സ്ഥിതിയില്‍ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടക്കില്ലെന്നും ബയോ ബബിളില്‍ അതിന്റെ അച്ചടക്കത്തില്‍ കഴിയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അതുണ്ടാകാത്തതിനാലാണ് ഇപ്പോള്‍ ഈ വിഷമ സ്ഥിതിയുണ്ടായതെന്നും വസീം ഖാന്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള സമയം അല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ പരസ്പരം പോരാടുവാനുള്ള സമയം അല്ലെന്നും ഈ തടസ്സം ലീഗുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും നഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു. അതില്‍ ബോര്‍ഡ്, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.

തടസ്സങ്ങളില്ലാതെ പാക്കിസ്ഥാനില്‍ നടത്തുന്ന ആദ്യ പിഎസ്എല്‍ സീസണാവും ഇതെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വെച്ചത് പാക്കിസ്ഥാനിലെ ക്രിക്കറ്റിനെ ബാധിക്കും

കോവിഡ് കേസുകളുടെ വര്‍ദ്ധനവിനാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ബാദ്ധ്യസ്ഥരായി മാറിയിരുന്നു. ബയോ ബബിളില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നത് ബോര്‍ഡ് ഒരുക്കിയ ക്രമീകരണങ്ങളിലെ പാളിച്ചയാണെന്നാണ് മുന്‍ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായി ഇന്‍സമാം ഉള്‍ ഹക്ക് പറയുന്നത്.

കഴിഞ്ഞ തവണയും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ ഇത് സംഭവിച്ചുവെന്നും ഇനി മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങളെ പാക്കിസ്ഥാനിലേക്ക് അയയ്ക്കുമോ എന്നത് വലിയൊരു ചോദ്യമാണെന്നും ഇന്‍സമാം വ്യക്തമാക്കി. ഈ വീഴ്ച നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നാണ് മുന്‍ നായകനും പാക്കിസ്ഥാന്‍ ടീമിന്റെ മുന്‍ സെലക്ടറുമായിരുന്ന ഇന്‍സമാമിന്റെ പക്ഷം.

കോവിഡ് കേസുകളുടെ വര്‍ദ്ധനവ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം

ഏഴ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മാറ്റി വയ്ക്കുവാന്‍ തീരുമാനം. ആദ്യം ഡാനിയേല്‍ ക്രിസ്റ്റ്യന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയാണ് എന്ന് വിവരം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടിരുന്നു. അതിന് ശേഷം ലഭിച്ച ഏറ്റവും പുതിയ വിവരപ്രകാരം ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുവാന്‍ ഫ്രാഞ്ചൈസികളുമായുള്ള മീറ്റിംഗിന് ശേഷം പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പത്തോളം താരങ്ങള്‍ക്കാണ് ടൂര്‍ണ്ണമെന്റിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെത്തുടര്‍ന്ന് ഡാനിയേല്‍ ക്രിസ്റ്റ്യന്‍ പിന്മാറുകയാണെന്ന് തുറന്ന് പറഞ്ഞിരുന്നു. അതിന് പിന്നാലെ കൂടുതല്‍ വിദേശ താരങ്ങള്‍ ഇത്തരത്തില്‍ ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കണം അല്ലേല്‍ മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് അറിഞ്ഞത്.

ഈ സമയത്ത് ടൂര്‍ണ്ണമെന്റ് നടത്തുന്നത് മനുഷ്യ ജീവനുകളുടെ വിലയെ കരുതി ഒഴിവാക്കേണ്ട ഒരു കാര്യമാണെന്നാണ് തങ്ങള്‍ക്ക് പറയുവാനുള്ളതെന്ന് കറാച്ചി കിംഗ്സ് അറിയിച്ചു.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ 2 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കോവിഡ് കേസുകള്‍ കൂടി

ഫവദ് അഹമ്മദിന്റെ കോവിഡ് സ്ഥിരീകരണത്തിന് ശേഷം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നടത്തിയ കൊറോണ പരിശോധനയില്‍ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 244 ആളുകളില്‍ ആണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ ഇതില്‍ രണ്ട് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ഒരു പ്രാദേശിക സപ്പോര്‍ട്ട് സ്റ്റാഫിനും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് പേരെയും പ്രത്യേകം ഹോട്ടല്‍ നിലകളിലായാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്ന് പാക്കിസ്ഥാന്‍ സമയം ഏഴ് മണിക്ക് നടക്കുവാനുള്ള മത്സരം നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതി നല്‍കും – ബോര്‍ഡ്

ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാനുള്ള അനുമതി നല്‍കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ ആഭ്യന്തര ലീഗിന്റെ തീയ്യതികളുമായി പിഎസ്എലിന്റെ തീയ്യതികള്‍ പ്രശ്നമുണ്ടാക്കാതത്തിനാലാണ് അനുമതി നല്‍കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ക്രിസ് ലിന്നിന് പകരം തമീം ഇക്ബാലിനെ ലാഹോര്‍ ഖലന്തേഴ്സ് സ്വന്തമാക്കിയപ്പോള്‍ മോയിന്‍ അലിയ്ക്ക് പകരം മുള്‍ത്താന്‍ സുല്‍ത്താന്‍സ് മഹമ്മുള്ളയെ സ്വന്തമാക്കി. നേരത്തെ ലങ്ക പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കിയിരുന്നില്ല.

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തും

പിഎസ്എലിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഇന്ന് ചേര്‍ന്ന പാക്കിസ്ഥാന്‍ ബോര്‍ഡ് ഓഫ് ഗവേണേഴ്സ് മീറ്റിംഗിലാണ് തീരുമാനം. ടെലികോണ്‍ഫറന്‍സ് വഴിയായിരുന്നു മീറ്റിംഗ്. അടുത്ത സീസണില്‍ പേഷ്വാറിനെ പുതിയ വേദിയായി പ്രഖ്യാപിക്കുവാനും തീരുമാനിച്ചു.

ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയാകും 2021 സീസണിന്റെ നടത്തിപ്പ്. 7.76 ബില്യണ്‍ പാക്കിസ്ഥാനി രൂപയാണ് അടുത്ത സീസണനിായി പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തേതിലും പത്ത് ശതമാനും കുറവാണ് ഈ തുക.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവസാന ഘട്ട മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടത്തുവാന്‍ ശ്രമവുമായി പാക്കിസ്ഥാന്‍ ബോര്‍ഡ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അവസാന ഘട്ടത്തിലേക്ക് കടന്നപ്പോളാണ് കൊറോണ വ്യാപനം മൂലം ലോകം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. വിദേശ താരങ്ങളുടെ മടങ്ങിപ്പോകും ക്രിക്കറ്റ് തന്നെ നിര്‍ത്തുവാന്‍ ബോര്‍ഡുകള്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ പാക്കിസ്ഥാന്‍ ബോര്‍ഡും പിഎസ്എല്‍ 2020 നിര്‍ത്തി വെച്ചു.

ഈ വര്‍ഷം തന്നെ ടൂര്‍ണ്ണമെന്റിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുമെന്നാണ് അറിയുന്നത്. പ്ലേ ഓഫ് മത്സരങ്ങള്‍ നടത്തുവാനുള്ള അവസരമായി ബോര്‍ഡ് കാണുന്നത് ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെങ്കില്‍ ലഭിയ്ക്കുന്ന ജാലകമാണ്.

ശേഷിക്കുന്ന ചുരുക്കം ചില മത്സരങ്ങള്‍ ഈ കാലയളവില്‍ നടത്താനാകുമെന്നാണ് ബോര്‍ഡിന്റെ വിശ്വാസം. ടി20 ലോകകപ്പ് സമയത്തേക്ക് കാര്യങ്ങള്‍ മെച്ചമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഐപിഎല്‍ നടത്തുവാന്‍ ഇന്ത്യന്‍ ബോര്‍ഡും കിണഞ്ഞ് ശ്രമിക്കുന്നുണ്ട്.

കോച്ചുമാര്‍ തരുന്ന സ്വാതന്ത്ര്യം തന്നെ വേറൊരു ബൗളറാക്കി മാറ്റുന്നു – മുഹമ്മദ് അമീര്‍

പിഎസ്എലില്‍ വിക്കറ്റുകള്‍ കൊയ്ത് മുന്നേറിയ താരമാണ് മുഹമ്മദ് അമീര്‍. ഓസ്ട്രേലിയന്‍ പര്യടനത്തിന് തൊട്ടുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുന്നുണ്ട്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ തനിക്ക് മികവ് പുലര്‍ത്താനായതിന്റെ കാരണം താരം വ്യക്തമാക്കുകയായിരുന്നു.

ബൗളര്‍മാര്‍ക്ക് വേണ്ട സ്വാതന്ത്ര്യം കോച്ചുമാര്‍ തരികയാണെങ്കില്‍ തന്നെ തങ്ങള്‍ക്ക് മികച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കുവാനുള്ള പ്രഛോദനം ആകുമെന്ന് മുഹമ്മദ് അമീര്‍ സൂചിപ്പിച്ചു. തനിക്ക് വസീം അക്രമും ഡീന്‍ ജോണ്‍സും നല്‍കിയ ഉപദേശം ഒരോവറില്‍ നിന്നെ രണ്ട് ബൗണ്ടറി അടിച്ചാലും ടീമിന് വിക്കറ്റ് ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണം എന്നതായിരുന്നുവെന്ന് മുഹമ്മദ് അമീര്‍ വ്യക്തമാക്കി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിംഗ്സിന് വേണ്ടിയാണ് മുഹമ്മദ് അമീര്‍ കളിക്കുന്നത്.

Exit mobile version