സിദാനെ മാത്രമേ ഫുട്‌ബോളിൽ പെലെയുമായി താരതമ്യം ചെയ്യാൻ പറ്റൂ – എംബപ്പേ

ഫുട്‌ബോളിൽ സിനദിൻ സിദാനെ മാത്രമേ പെലെയുമായി താരതമ്യം ചെയ്യാൻ പറ്റുന്നത് എന്ന് ഫ്രാൻസ് താരം കിലിയൻ എംബപ്പേ. പി എസ് ജി താരമായ എംബപ്പേ റയൽ മാഡ്രിഡിലേക് മാറിയേക്കും എന്ന അഭ്യുഹങ്ങൾ പരക്കുന്നതിന് ഇടയിലാണ് താരം റയൽ പരിശീലകൻ കൂടിയായ സിദാനെ കുറിച്ച് ഇത്തരമൊരു അഭിപ്രായം നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

നേരത്തെ ഫുട്‌ബോൾ ഇതിഹാസം പെലെക്കൊപ്പം പാരീസിൽ പങ്കെടുത്ത പരിപാടിക്ക് ശേഷമാണ് ഫ്രാൻസ് താരം സിസുവിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. റയൽ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് 280 മില്യൺ യൂറോയോളം മുടക്കി എംബപ്പേയെ ലക്ഷ്യമിടുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. സിദാനോട് എംബപ്പേകുള്ള മികച്ച ബന്ധവും താരത്തെ ബെർണാബുവിൽ എത്തിക്കുന്നതിൽ നിർണായകമായേക്കും എന്നാണ് ഫ്രാൻസിൽ നിന്നുള്ള സൂചസകൾ.

വീണ്ടും എമ്പപ്പെ, കിരീടത്തിനരികെ പി.എസ്.ജി

ഫ്രാൻസിൽ പി.എസ്.ജി കിരീടത്തിനു ഒരു പടി കൂടി അടുത്തു. ഇന്നലെ നടന്ന മത്സരത്തിൽ പൊരുതി നിന്ന ടുളുസിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നാണ് പി.എസ്.ജി ജയിച്ചത്. മത്സരം അവസാനിക്കാൻ 16 മിനിറ്റ് മാത്രം ബാക്കി നിൽക്കെ സൂപ്പർ താരം എമ്പപ്പെയാണ് പി.എസ്.ജിയുടെ വിജയ ഗോൾ നേടിയത്. ഈ സീസണിൽ എമ്പപ്പെയുടെ 31മത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ പി.എസ്.ജി മാർക്വിഞ്ഞോസിലൂടെ ഗോൾ നേടിയെങ്കിലും ‘വാർ’ ഇടപെട്ട് ഗോൾ നിഷേധിക്കുകയായിരുന്നു. ലീഗ് 1ൽ പി.എസ്.ജിയുടെ എട്ടാമത്തെ തുടർച്ചയായ വിജയം കൂടിയായിരുന്നു ഇത്. ജയത്തോടെ ലീഗ് 1ൽ രണ്ടാം സ്ഥാനത്തുള്ള ലില്ലെയെക്കാൾ 20 പോയിന്റിന്റെ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി.

ഇഞ്ച്വറി ടൈമിൽ പി എസ് ജിയെ മറികടന്ന് ചെൽസി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ

യുവേഫ വനിതാ ചാമ്പ്യൻസ് ലീഗിൽ ചെൽസി വനിതകൾ ഫൈനലിൽ. ഇന്നലെ പാരീസിൽ നടന്ന ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ പി എസ് ജിയോട് തോറ്റെങ്കിലും അഗ്രിഗേറ്റ് സ്കോറിൽ ചെൽസി സെമിയിൽ എത്തുകയായിരുന്നു. ആദ്യ പാദത്തിൽ ചെൽസി 2-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. ഇന്നലെ രണ്ടാം പാദത്തിൽ പക്ഷെ ചെൽസി പതറി. നന്നായി കളിച്ച പി എസ് ജി ഒരു ഘട്ടത്തിൽ 2-0ന് മുന്നിൽ എത്തിയതായിരുന്നു. അതോട് അഗ്രിഗേറ്റ് സ്കോർ 2-2 എന്നായി.

കളി എക്സ്ട്രാ ടൈമിലേക്ക് പോകും എന്ന് തോന്നിച്ച സമയത്ത് ഇഞ്ച്വറി ടൈമിൽ നേടിയ ഗോളാണ് ചെൽസിയെ സെമിയിൽ എത്തിച്ച‌ത്. മരിയെൻ മയെൾഡ ആയിരുന്നു ആഗോൾ നേടിയത്. ഇതോടെ സ്കോർ 2-1 എന്നായി‌. അഗ്രിഗേറ്റിൽ ചെൽസി 3-2 എന്ന സ്കോറിന് സെമിയിലേക്ക് കടന്നു. സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോണിനെ ആണ് ചെൽസി നേരിടുക.

എമ്പപ്പെ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലയേറിയ താരമെന്ന മൗറിനോ

പി.എസ്.ജിയുടെ സൂപ്പർ താരം എമ്പപ്പെ ലോകത്ത് നിലവിൽ ഉള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ വില കൂടിയ താരമാണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹോസെ മൗറിനോ. സൂപ്പർ താരങ്ങളായ മെസ്സിയെക്കാളും റൊണാൾഡോയെക്കാളും വിലപിടിപ്പുള്ള താരമെന്നാണ് മുൻ ചെൽസി പരിശീലകൻ കൂടിയായ മൗറിനോ അഭിപ്രായപ്പെട്ടത്.

31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാൾഡോയേക്കാളും എമ്പപ്പെക്കാണ് ട്രാൻസ്ഫർ മാർക്കറ്റിൽ വിലയുള്ളതെന്നും മൗറിനോ പറഞ്ഞു. എമ്പപ്പെയുടെ പ്രകടനങ്ങൾ അവിശ്വസനീയമാണെന്നും മൗറിനോ പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത എമ്പപ്പെ ഫ്രാൻസിന് ലോകകപ്പ് കിരീടം നേടികൊടുത്തിരുന്നു

മികച്ച ഫോമിലുള്ള എമ്പപ്പെ 30 ഗോളുകളും 17 അസിസ്റ്റുകളും പി.എസ്.ജിക്ക് വേണ്ടി ഈ സീസണിലും നേടിയിട്ടുണ്ട്. 2018ലെ ബലോൺ ഡി ഓർ പുരസ്കാരത്തിൽ എമ്പപ്പെ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.

എംബപ്പേ ലോകം കണ്ട മികച്ച താരമായി മാറുമെന്ന് നെയ്മർ

പി.എസ്.ജി യുവതാരം എംബപ്പേ ഭാവിയിൽ ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായി മാറുമെന്ന് നെയ്മർ. താനും എംബപ്പേയും തമ്മിലുള്ള ബന്ധം ഗ്രൗണ്ടിലും പുറത്തും മികച്ചതാണെന്നും നെയ്മർ കൂട്ടിച്ചേർത്തു. ബാഴ്‌സലോണയിൽ മെസ്സിയും താനും തമ്മിലുണ്ടായിരുന്ന അതെ ബന്ധമാണ് ഇപ്പോൾ താനും എംബപ്പേയും തമ്മിലുള്ളതെന്നും നെയ്മർ വ്യക്തമാക്കി.

“തങ്ങൾ പരസ്പരം സഹോദരങ്ങളെ പോലെയാണ് പെരുമാറുന്നതെന്നും പരസ്പരം അസൂയ വെച്ച് പുലർത്തുന്നുമില്ല. ഞാൻ ഇപ്പോഴും ഗോൾഡൻ ബോയ് എന്നാണ് എംബപ്പേയെ വിളിക്കുന്നത്. ഒരു നാൾ ലോകം കണ്ട മികച്ച ഫുട്ബോൾ താരമായി എംബപ്പേ മാറും. തനിക്ക് പറ്റുന്ന രീതിയിൽ താൻ എപ്പോഴും എംബപ്പേയെ സഹായിക്കാറുണ്ട്” നെയ്മാർ പറഞ്ഞു.

മൊണാകോയിൽ നിന്ന് 2017ൽ പി.എസ്.ജിയിലെത്തിയ എംബപ്പേ ഈ കാലയളവിൽ രണ്ടു ലീഗ് 1 കിരീടങ്ങൾ നേരത്തെ നേടിയിരുന്നു.ഇതിനു പുറമെ ഫ്രാൻസിന്റെ കൂടെ റഷ്യയിൽ നടന്ന ലോകകപ്പ് കിരീടവും താരം നേടിയിരുന്നു.  ഈ സീസണിൽ 24 ഗോളുകളും 6 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് എംബപ്പേ. കഴിഞ്ഞ ദിവസം പി.എസ്.ജിക്ക് വേണ്ടി 50 ഗോൾ എന്ന നേട്ടം എംബപ്പേ തികച്ചിരുന്നു.

എംബപ്പേയെ മെരുക്കാൻ മെസ്സിയേക്കാൾ പ്രയാസം- ലിയോൺ ഡിഫൻഡർ

ഇതിഹാസ താരം ലയണൽ മെസ്സിയേക്കാൾ നേരിടാൻ പ്രയാസമുള്ള എതിരാളി കിലിയൻ എംബപ്പേ ആണെന്ന് ഫ്രഞ്ച് ക്ലബ്ബ് ലിയോണിന്റെ പ്രതിരോധ താരം മാർസെലോ. ലീഗ് 1 ൽ എംബപ്പേയെ നേരിട്ട താരം ചാമ്പ്യൻസ് ലീഗിൽ.മെസ്സിക്കെതിരെയും കളിച്ചിരുന്നു. പക്ഷെ തടായാൻ പ്രയാസമുള്ള എതിരാളിയാണ് എംബപ്പേ എന്നാണ് മാർസെലോയുടെ പക്ഷം. ലിയോണിന്റെ സെന്റർ ബാക്കാണ് മാർസെലോ.

ഈ സീസണിൽ എംബപ്പേയെ നേരിടുന്നത് തനിക്ക് കടുത്ത ജോലിയാണ് സമ്മാനിച്ചത്, സ്പീഡും പൊസിഷനിങ്ങും നോക്കുമ്പോൾ മെസ്സിയേക്കാൾ ഭാരമുള്ള ജോലി സമ്മാനിച്ചത് പി എസ് ജി താരമാണ്‌ എന്നാണ് മാർസെലോയുടെ പക്ഷം. ഏറെ വൈകാതെ ലോകത്തിലെ മികച്ച താരമായി എംബപ്പേ വളരും എന്ന പ്രതീക്ഷയും മാർസെലോ പങ്ക് വച്ചു.

ഡി മരിയയുടെ വണ്ടർ ഗോൾ, വീണ്ടും പി.എസ്.ജിയുടെ ഗോൾ മഴ

ലീഗ് 1ൽ കുതിപ്പ് തുടരുന്ന പി.എസ്.ജിക്ക് ഉജ്ജ്വല ജയം. മോണ്ട്പെല്ലിയറിനെയാണ് പി.എസ്.ജി ഗോൾ മഴയിൽ മുക്കി തോൽപ്പിച്ചത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു പി.എസ്.ജിയുടെ ജയം. ജയത്തോടെ ലീഗ് 1ൽ ഒന്നാം സ്ഥാനത്ത് 15 പോയിന്റിന്റെ ലീഡ് നിലനിർത്താനും പി.എസ്.ജിക്കായി. മത്സരത്തിലുടനീളം സൂപ്പർ താരങ്ങളായ നെയ്മറുടെയും കവാനിയുടെയും അഭാവം പി.എസ്.ജി കാണിച്ചിരുന്നില്ല.

പി.എസ്.ജിക്ക് വേണ്ടി കുർസാവയാണ് ഗോളടി തുടങ്ങിയത്. പക്ഷെ അധികം വൈകാതെ മോണ്ട്പെല്ലിയർ മത്സരത്തിൽ ഫ്ലോറൻറ് മൊള്ളറ്റിലൂടെ സമനില പിടിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡി മരിയയുടെ ലോകോത്തര ഫ്രീ കിക്ക്‌ ഗോളിൽ പി.എസ്.ജി വീണ്ടും മുൻപിലെത്തി.

രണ്ടാം പകുതിയിൽ പി.എസ്.ജി ഉഗ്രരൂപം പുറത്തെടുത്തപ്പോൾ മോണ്ട്പെല്ലിയറിന് മറുപടി ഉണ്ടായിരുന്നില്ല.  ആദ്യം എൻകുൻങ്കുവും പിന്നെ മോണ്ട്പെല്ലിയർ ക്യാപ്റ്റൻ ഡാ സിൽവയുടെ സെൽഫ് ഗോളും എംബപ്പേയുടെ ഗോളും പി.എസ്.ജിയുടെ വിജയം രാജകീയമാക്കുകയായിരുന്നു.

പി എസ് ജി ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കും, ആത്മവിശ്വാസത്തോടെ നെയ്മർ

പാരീസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടുമെന്ന് സൂപ്പർ താരം നെയ്മർ. മികച്ച ടീമും ബുദ്ധിമാനായ പരിശീലകനും അതിന് സഹായിക്കും എന്ന ആത്മവിശ്വാസമാണ് നെയ്മർ ഒരു അഭിമുഖത്തിൽ പങ്ക് വച്ചത്.

കഴിഞ്ഞ മാസം പരിക്കേറ്റ നെയ്മർ നിലവിൽ ടീമിന് പുറത്താണ്. കൂടാതെ സ്‌ട്രൈക്കർ കവാനിയും പുറത്താണെങ്കിലും ഓൾഡ് ട്രാഫോഡിൽ യുണൈറ്റഡിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്ത പി എസ് ജി നോകൗട്ടിൽ ഇതോടെ വ്യക്തമായ ആധിപത്യം നേടി. ഇനി പാരീസിലെ സ്വന്തം മൈതാനാണ് രണ്ടാം പാദ മത്സരം എന്നത് അവരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.

ലീഗ് 1 ൽ വർഷങ്ങളായി വ്യക്തമായ ആധിപത്യം പുലർത്തുന്ന പി എസ് ജിക്ക് പക്ഷെ ചാമ്പ്യൻസ് ലീഗിൽ ഏറെ നാളായി മോശം നിലയാണ്. എംബപ്പേ അടക്കമുള്ള പ്രതിഭകൾ ഉള്ള ടീമിന് ഉത്തവണയും കാലിടറിയാൽ അത് ഏറെ വിമർശനങ്ങൾക്ക് വഴി വെക്കും എന്നുറപ്പാണ്.

ചെൽസിയിലേക്കില്ല, അർജന്റീന താരം പി.എസ്.ജിയിൽ

അർജന്റീന മിഡ്ഫീൽഡർ ലിയനാർഡോ പാരഡേസിനെ സ്വന്തമാക്കി പി.എസ്.ജി. ഈ ട്രാൻസ്ഫർ വിൻഡോയിൽ മൊണാകോയിലേക്ക് പോയ ഫാബ്രിഗസിനു പകരക്കാരനായി ചെൽസി സ്വന്തമാക്കുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ലിയനാർഡോ പാരഡേസ്. എന്നാൽ താരത്തെ പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു. റഷ്യൻ ക്ലബായ സെനിത് സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്നാണ്  24കാരനായ ലിയനാർഡോ പാരഡേസ് പാരിസിൽ എത്തുന്നത്.

നാലര വർഷത്തെ കരാറാണ് താരവും പി.എസ്.ജിയും തമ്മിലുള്ളത്. ഏകദേശം 35 മില്യൺ പൗണ്ടിനാണ് ലിയനാർഡോ പാരഡേസിനെ പി.എസ്.ജി സ്വന്തമാക്കിയത്. അർജന്റീനക്ക് വേണ്ടി 9 മത്സരങ്ങളിൽ താരം ബൂട്ട് അണിഞ്ഞിട്ടുണ്ട്. 2017ലാണ് പാരഡേസ് സെനിത്തിൽ എത്തുന്നത്. അതിനു മുൻപ് ബൊക്ക ജൂനിയർസ്, റോമാ, എംപോളി എന്നി ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

നെയ്മറിന് പരിക്ക്,യൂണൈറ്റഡിനെതിരെ കളിക്കില്ല

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാം, ചാംപ്യമസ് ലീഗിൽ പി എസ് ജി ക്ക് എതിരായ മത്സരത്തിൽ അവരുടെ സൂപ്പർ താരം നെയ്മർ ഉണ്ടാവില്ല. പരിക്കേറ്റ താരത്തിന് കളിക്കാനാവില്ല എന്നുറപ്പായി. സ്ട്രാസ്ബർഗ് ന് എതിരായ കോപ്പ ഫ്രാൻസ് മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്.

പിഎസ്ജിയുടെയും ബ്രസീൽ ദേശീയ ടീമിന്റെയും ഡോക്ടർമാർ താരത്തിന്റെ കായിക ക്ഷമത വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫെബ്രുവരി 13 ന് നടക്കുന്ന മത്സരത്തിന് മുന്നോടിയായി അത് നടക്കാനുള്ള സാധ്യത വിരളമാണ്. ഇതേ സമയം മത്സരത്തിന് യുണൈറ്റഡിൽ കാര്യമായ പരിക്ക് പ്രശ്നങ്ങളില്ല. പുതിയ പരിശീലകൻ സോൾശ്യാറിന് കീഴിൽ മികച്ച ഫോമിലാണ് അവർ.

സീസൺ അവസാനത്തോടെ റാബിയോ പാരീസ് വിട്ടേക്കും

പി എസ് ജി യുടെ ഫ്രഞ്ച് മിഡ്ഫീൽഡർ അഡ്രിയാൻ റാബിയോ ഈ സീസൺ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പി എസ് ജി സ്ഥിതീകരിച്ചു. ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ട്ടർ ആന്ററോ ഹെന്രിക്കെയാണ് ഇക്കാര്യം ഉറപ്പിച്ചത്. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന താരത്തിന് ഇതോടെ ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ ക്ലബ്ബ് വിടാനാകും.

ബാഴ്സലോണ, യുവന്റസ്, ടോട്ടൻഹാം ടീമുകൾ താരത്തിനായി സജീവമായി രംഗത്തുണ്ട്. ഇതോടെ ഒരു പക്ഷെ ജനുവരിയിൽ തന്നെ താരത്തിനായി ഈ ക്ലബ്ബ്കൾ ട്രാൻഫർ പോരാട്ടം നടത്തിയേക്കും. പി എസ് ജി താരത്തിനായി നിരവധി കരാർ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഒപ്പിടാൻ താരം തയ്യാറായിരുന്നില്ല.

നെയ്മറിന്റേയും സഹ താരങ്ങളുടെയും അഭിനയത്തെ വിമർശിച്ച് യുർഗൻ ക്ളോപ്പ്

പാരീസ് സെയിന്റ് ജർമ്മൻ താരങ്ങളുടെ മത്സരത്തിനിടയിലെ അഭിനയത്തെ നിശിതമായി വിമർശിച്ച് ലിവർപൂൾ പരിശീലകൻ ക്ളോപ്പ് രംഗത്ത്. നെയ്മറും സംഘവും ലിവർപൂളിനെ ഇറച്ചി വെട്ടുകാരെ പോലെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫൗളുകൾക്ക് പ്രതികരിച്ചത് എന്നാണ് ലിവർപൂൾ പരിശീലകൻ ആരോപിച്ചത്. ലിവർപൂൾ 2-1 ന് തോറ്റ മത്സരത്തിൽ ആകെ 8 മഞ്ഞ കാർഡുകൾ ഉപയോഗിച്ചതിന് 6 എണ്ണവും ലിവർപൂളിന്റെ കളിക്കാരാണ് നേടിയത്.

കളിയുടെ സ്പിരിറ്റിന് ചേരാത്ത നടപടികളാണ് പാരീസ് താരങ്ങളുടെ പക്ഷത്ത് നിന്ന് ഉണ്ടായത് എന്നാണ് ക്ളോപ്പ് ആരോപിച്ചത്. ഓരോ തവണ വീഴുമ്പോഴും ഇപ്പോൾ മരിക്കും എന്ന രീതിയിലാണ് അവർ അഭിനയിച്ചത്, തൊട്ടടുത്ത നിമിഷം അവർ പ്രശ്നം ഒന്നും ഇല്ലാതെ എണീറ്റ് നിൽക്കുകയും ചെയ്തു. ഇത്തരം നടപടികൾ കളിക്ക് ഒരിക്കലും ഗുണം ചെയ്യില്ല. ജോ ഗോമസിനെ പോലൊരു കളിക്കാരൻ ഒരിക്കലും ഫൗൾ ചെയ്യുന്ന ആളല്ല, പക്ഷെ പി എസ് ജി താരങ്ങളുടെ അഭിനയം കാരണം ഗോമസ് ചുവപ്പ് കാർഡ് ലഭിക്കുന്നതിന് അടുത്തെത്തി.

ഇന്നലത്തെ തോൽവിയോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താകുന്നതിന്റെ വക്കിലാണ് ലിവർപൂൾ. ആൻഫീൽഡിൽ അവരുടെ അവസാന മത്സരത്തിൽ നാപോളിയോട് ജയിക്കേണ്ടത് അവർക്ക് സാധ്യത നിലനിർത്താൻ അത്യാവശ്യമാണ്.

Exit mobile version