നെയ്മറിന് രണ്ട് ഗോൾ, സമനിലയിൽ കുടുങ്ങി പി.എസ്.ജി

സൂപ്പർ താരം നെയ്മർ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ പി.എസ്.ജിയെ സമനിലയിൽ തളച്ച് മൊണാകോ. 3-3നാണ് പി.എസ്.ജിയുടെ ഗ്രൗണ്ടിൽ മൊണാകോ സമനില പിടിച്ചത്. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ നെയ്മർ പി.എസ്.ജിക്ക് വേണ്ടി അവസാനം കളിച്ച 7 മത്സരങ്ങളിൽ തുടർച്ചയായി ഗോൾ നേടുകയും ചെയ്തു. നവംബർ 1ന് ശേഷം ആദ്യമായിട്ടാണ് പി.എസ്.ജി ഒരു ലീഗ് മത്സരം ജയിക്കാതെ പോവുന്നത്.

ഗോൾ മഴ കണ്ട മത്സരത്തിൽ ആദ്യ പകുതിയിൽ മാത്രം 5 ഗോളുകളാണ് പിറന്നത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ നെയ്മറിന്റെ ഗോളിൽ പി.എസ്.ജി മുൻപിൽ എത്തിയെങ്കിലും ഏഴാം മിനുട്ടിൽ ഗെൽസൺ മാർട്ടീൻസിലൂടെ മൊണാകോ സമനില പിടിച്ചു. തുടർന്ന് 13ആം മിനുറ്റിൽ മൊണാകോ ബെൻ യെഡെറിലൂടെ മത്സരത്തിൽ മുൻപിൽ എത്തിയെങ്കിലും 24 മിനുറ്റിൽ ലഭിച്ച സെൽഫ് ഗോളിൽ പി.എസ്.ജി മത്സരത്തിൽ സമനില പിടിച്ചു.

തുടർന്ന് ആദ്യ പകുതി കഴിയുന്നതിന് മുൻപ് നെയ്മറിന്റെ പെനാൽറ്റി ഗോളിലൂടെ പി.എസ്.ജി വീണ്ടും മുൻപിലെത്തുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ ഇസ്ലാം സ്ലിമാനിയിലൂടെ മൊണാകോ മത്സരത്തിൽ സമനില പിടിക്കുകയായിരുന്നു. പി.എസ്.ജിയോട് തുടർച്ചയായ 9 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് മൊണാകോ ഒരു മത്സരം സമനിലയിൽ പിടിക്കുന്നത്.

പാരിസിൽ എത്തിയതിന് ശേഷം പിഎസ്ജിക്ക് വേണ്ടി പകുതി മത്സരങ്ങളും കളിക്കാതെ നെയ്മർ

ഫുട്ബോളിലെ ട്രാൻസ്ഫർ റെക്കോർഡുകൾ കാറ്റിൽ പറത്തിയാണ് 2017ൽ ബാഴ്സലോണയിൽ നിന്നും പിഎസ്ജിയിലേക്ക് നെയ്മർ ജൂനിയർ എത്തിയത്. റെക്കോർഡ് തുകയായ 222 മില്ല്യൺ യൂറോ നൽകിയാണ് ബ്രസീലിയൻ സൂപ്പർ താരത്തെ ക്യാമ്പ് നൗവിൽ നിന്നും പാരിസിലേക്കെത്തിച്ചത്. എന്നാൽ പാരിസിലേക്ക് നെയ്മർ വന്നതിന് ശേഷം പിഎസ്ജി കളിച്ച മത്സരങ്ങളിൽ പകുതി എണ്ണത്തിൽ മാത്രമാണ് സൂപ്പർ താരം കളിച്ചത്. നെയ്മർ ഇല്ലാതെ‌യും നെയ്മറോടൊപ്പവും പിഎസ്ജി 63 മത്സരങ്ങൾ ആണു കളിച്ചത്.

നെയ്മറിനോടൊപ്പം പിഎസ്ജി 63 മത്സരങ്ങളിൽ 50 ജയവും 7 തോൽവിയും വഴങ്ങുകയും 198 ഗോളുകൾ അടിച്ച് കൂട്ടുകയും ചെയ്തു. എന്നാൽ നെയ്മർ ഇല്ലാത്ത പിഎസ്ജി 63 മത്സരങ്ങളിൽ 47 ജയവും 9 പരാജയവുമാണ് ഏറ്റുവാങ്ങിയത്. 154 ഗോളുകൾ മാത്രമാണ് നെയ്മർ ഇല്ലാത്ത പിഎസ്ജി അടിച്ച് കൂട്ടിയത്. പാരിസിലേക്കെത്തിയതിന് ശേഷം നെയ്മറിന്റെ കരിയറിൽ പരിക്ക് കരിനിഴൽ വീഴ്ത്തി. കോപ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന് വേണ്ടി പോലും കളിക്കാൻ നെയ്മറിനായിരുന്നില്ല. പിഎസ്ജിക്ക് വേണ്ടി സുപ്രധാന മത്സരങ്ങളും നെയ്മർ നഷ്ടമാക്കിയിരുന്നു.

നെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും

പിഎസ്ജി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം. നെയ്മർ ജൂനിയർ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കൽ അപ്ഡേറ്റ്സ് പങ്ക് വെച്ചത്. ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. നൈജീരിയയെ നേരിടാൻ ഇറങ്ങിയ നെയ്മർ ആകെ‌ 12 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. കാൽ മസിലിന് വേദനയനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്ബായി കളം വിടുകയായിരുന്നു. ഇത്തവണയും ഹാംസ്ട്രിംഗിലെ സ്ട്രെയിൻ തന്നെയാണ് നെയ്മറിന് വില്ലനായത്.

ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ് ബ്രൂജിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും. കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ നെയ്മറിന് കോപ അമേരിക്ക അടക്കമുള്ള വലിയ മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ സീസൺ തുടക്കത്തിലും നെയ്മറിന് കളിക്കാൻ ആയിരുന്നില്ല. കളത്തിൽ തിരിച്ചെത്തി തന്റെ പതിവ് ഫോമിലേക്ക് മടങ്ങുന്നതിനിടയിൽ വീണ്ടും പരിക്കേറ്റിരിക്കുന്നത് നെയ്മറിന്റെ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

പ്രമുഖരില്ലാതെ ഇറങ്ങിയിട്ടും ജയത്തോടെ പി.എസ്.ജി ലീഗിൽ ഒന്നാമത്

പ്രമുഖരില്ലാതെ ഇറങ്ങിയിട്ടും മെട്സിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് പി.എസ്.ജി ലീഗ് 1ൽ ഒന്നാം സ്ഥാനത്തെത്തി. നെയ്മർ, എംബപ്പേ, കവാനി, ഹെരേര എന്നിവരില്ലാതെ ഇറങ്ങിയ പി.എസ്.ജി മികച്ച പ്രകടനത്തിലൂടെ ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യ പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ ഡി മരിയയും തുടർന്ന് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ എറിക് മാക്സിം ചോപോ മോട്ടിങ്ങിലൂടെ രണ്ടാമത്തെ ഗോളും നേടി പി.എസ്.ജി വിജയമുറപ്പിക്കുകയായിരുന്നു. എറിക് മാക്സിം ചോപോ മോട്ടിങ്ങിങിന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്നാമത്തെ ഗോളായിരുന്നു ഇത്.

മത്സരത്തിന്റെ 22ആം മിനുട്ടിൽ കാണികൾ ഉയർത്തിയ ബാനറിന്റെ പേരിൽ മത്സരം കുറച്ച് നേരം നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് കാണികളുടെ ഇടയിൽ നിന്ന് ആ ബാനർ ഒഴിവാക്കിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്.  കഴിഞ്ഞ ദിവസം നീസ് – മാർസെ മത്സരത്തിനിടെ കാണികൾ ഹോമോഫോബിക് ബാനർ ഉയർത്തിയതിന് മത്സരം റഫറി നിർത്തിയിരുന്നു.

പിഎസ്ജിയുടെ ഗോൾകീപ്പറെ സ്വന്തമാക്കി ഫ്രാങ്ക്ഫർട്ട്

പിഎസ്ജിയുടെ ഗോൾ കീപ്പർ കെവിൻ ട്രാപ്പ് ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി. ഫ്രാങ്ക്ഫർട്ടാണ് ട്രാപ്പിനെ പെർമനന്റ് ഡീലിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലോണിൽ എത്തിയ ട്രാപ്പിനെ 5 വർഷത്തെ കരാറിലാണ് ഫ്രാങ്ക്ഫർട്ട് പാരിസിൽ നിന്നും ജർമ്മനിയിൽ എത്തിച്ചത്. മൂന്നു വർഷത്തിന് ശേഷം ട്രാപ്പ് തന്റെ പഴയ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ കഴിഞ്ഞ സീസണിൽ തിരിച്ചെത്തിയിരുന്നു. രണ്ടു ലീഗ് കിരീടങ്ങളടക്കം പത്ത് ട്രോഫികളാണ് പിഎസ്ജിയോടൊപ്പം താരം മൂന്നു വർഷത്തിൽ സ്വന്തമാക്കിയത്. 63 ലീഗ് 1 മത്സരങ്ങളിൽ ട്രാപ്പ് പിഎസ്ജിയുടെ വല കാത്തു.

ജർമ്മനിക്ക് വേണ്ടി മൂന്നു മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം, കോൺഫെഡറെഷൻ കപ്പ് നേടിയ ജർമ്മൻ ടീമിലും ഉൾപ്പെട്ടിരുന്നു. ജോവാക്കിം ലോ പ്രഖ്യാപിച്ച റഷ്യൻ ലോകകപ്പിനായുള്ള അവസാന ഇരുപതിമൂന്നംഗ സ്‌ക്വാഡിൽ ട്രാപ്പ് ഇടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിനായി മികച്ച പ്രകടനമാണ് ട്രാപ്പ് പുറത്തെടുത്തത്.

പി.എസ്.ജി താരം റാബിയോ യുവന്റസിലേക്ക്

പി.എസ്.ജി താരം അഡ്രിയാൻ റാബിയോ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിൽ എത്തുമെന്ന് ഉറപ്പായി. ഫ്രീ ട്രാൻസ്ഫറിലാണ് താരം യുവന്റസിൽ എത്തുന്നത്. പി.എസ്.ജിയിൽ ജൂൺ 30ന് കരാർ കാലാവധി അവസാനിക്കുന്നതോടെ താരത്തിന്റെ യുവന്റസിലേക്കുള്ള വരവ് ഔദ്യോകികമാവുമെന്നാണ് കരുതപ്പെടുന്നത്.

24കാരനായ റാബിയോ നാല് വർഷത്തെ കരാറിലാവും യുവന്റസിൽ എത്തുക. ഈ സീസണിൽ യുവന്റസ് ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് റാബിയോ. നേരത്തെ ആഴ്‌സണൽ താരം ആരോൺ റാംസിയെയും ഫ്രീ ട്രാൻസ്ഫറിൽ യുവന്റസ് സ്വന്തമാക്കിയിരുന്നു.  കഴിഞ്ഞ ഡിസംബർ മുതൽ  റാബിയോക്ക് പി.എസ്.ജി ടീമിൽ അവസരം ലഭിച്ചിരുന്നില്ല. താരം കരാർ പുതുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ടീമിൽ അവസരം ലഭിക്കാതിരുന്നത്.

ഈ സീസണിന്റെ അവസാനത്തോടെ പരിശീലകനായിരുന്ന അല്ലെഗ്രി ടീം വിട്ടിരുന്നു. തുടർന്ന് ചെൽസിയുടെ പരിശീലകനായിരുന്ന മൗറിസിയോ സരി യുവന്റസിൽ എത്തിയിരുന്നു.

പി.എസ്.ജിയുമായി വമ്പൻ കരാർ ഉറപ്പിച്ച് നൈക്

ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയുമായി വമ്പൻ കരാറിലെത്തി സ്പോർട്സ് രംഗത്തെ ഭീമന്മാരായ നൈക്. നിലവിൽ പി.എസ്.ജിയുടെ കിറ്റ് സ്പോൺസറായ നൈക് 2032 വരെയുള്ള ദീർഘ കരാറിലാണ് ഏർപ്പെട്ടത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ് പി.എസ്.ജി നൈകീയുമായി ഒപ്പിട്ടത്. പി.എസ്.ജിയുടെ പുരുഷ ടീമിന് പുറമെ പി.എസ്.ജിയുടെ വനിത ടീമിനും ഹാൻഡ് ബോൾ ടീമിനുള്ള ജേഴ്സി നൈക് നൽകും.

ഏകദേശം 75 മില്യൺ യൂറോയോളം ഇത് പ്രകാരം നൈക് പി.എസ്.ജിക്ക് നൽകും. 1989മുതൽ പി.എസ്.ജിയുടെ ജേഴ്സി സ്പോൺസർ ചെയ്യുന്നത് നൈകീയാണ്. 2013ലാണ് നൈകീ പി.എസ്.ജിയുമായി അവസാനം കരാർ പുതുക്കിയത്. ആ കരാർ പ്രകാരം 2022 വരെ പി.എസ്.ജിയിൽ നൈക്കിക്ക് കരാർ ഉണ്ടായിരുന്നു. ഈ കരാർ ആണ് 2032 ദീർഘിപ്പിച്ചത്.

ഫ്രാൻസിൽ നെയ്മറിനെ മറികടന്ന് എമ്പപ്പെ മികച്ച താരം

പ്രൊഫെഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും മികച്ച യുവതാരത്തിലിനുള്ള പുരസ്കാരവും സ്വന്തമാക്കി പി.എസ്.ജി താരം എമ്പപ്പെ. ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഈ രണ്ടു അവാർഡുകളും ഒരു താരം സ്വന്തമാക്കുന്നത്. 20 കാരനായ ഈ ലോകകപ്പ് ജേതാവ് ഈ സീസണിൽ 32 ഗോളുകൾ പി.എസ്.ജിക്ക് വേണ്ടി നേടിയിരുന്നു. ഈ പ്രകടനമാണ് എമ്പപ്പെക്ക് അവാർഡ് നേടി കൊടുത്തത്.

പി.എസ്.ജി സഹ താരങ്ങളായ നെയ്മർ, ഡി മരിയ, ലില്ലേ താരം നിക്കോളാസ് പെപെ, റെന്നീസ് ഫോർവേഡ് ഹതീം ബെൻ അഫ്ര എന്നിവരെ മറികടന്നാണ് എമ്പപ്പെ അവാർഡ് സ്വന്തമാക്കിയത്. ഇത് തുടർച്ചയായ മൂന്നാമത്തെ വർഷമാണ് എമ്പപ്പെ മികച്ച യുവ താരത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്. ഈ വർഷത്തെ ടീം ഓഫ് ഓഫ് ദി ഇയറിലും എമ്പപ്പെ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നെയ്മറായിരുന്നു പ്രൊഫഷണൽ ഫുട്ബോൾ അസോസിയേഷന്റെ മികച്ച താരം.

നെയ്മറെ ക്യാപ്റ്റനാക്കില്ലെന്ന് പി.എസ്.ജി പരിശീലകൻ

അടുത്ത സീസണിൽ പി.എസ്.ജിയുടെ ക്യാപ്റ്റനായി നെയ്മറെ നിയമിക്കാൻ ഉദ്ദേശമില്ലെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂഹൽ. നിലവിൽ പി.എസ്.ജിയുടെ ക്യാപ്റ്റന്മാരായ തിയാഗോ സിൽവയെയും മാർക്വിഞ്ഞൊസിനെയും മാറ്റാൻ തനിക്ക് ഉദ്ദേശമില്ലെന്നും അവരുടെ പ്രകടനത്തിൽ തൃപ്തനാണെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. ഫ്രാൻസ് ലീഗ് മത്സരത്തിന് ശേഷം ആരാധകനുമായി വാക്കേറ്റം നടത്തിയതുമായി ബന്ധപ്പെട്ട നെയ്മറിന് ലഭിച്ച വിലക്ക് അംഗീകരിക്കുന്നെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു.

ഒരു ലീഡർ ആണെന്ന് കാണിക്കാൻ പല വഴികളുണ്ട്, നെയ്മർ ഫുട്ബോളിൽ ഒരു ആർട്ടിസ്റ്റാണ്,അദ്ദേത്തിന്റെ ധൈര്യം കൊണ്ടും ഈ കഴിവുകൊണ്ടും നെയ്മറിന് ക്യാപ്റ്റൻ ആവാമെന്നും എന്നാൽ നിലവിലുള്ള ക്യാപ്റ്റന്മാരെകൊണ്ട് താൻ തൃപ്തനാണെന്നും ടൂഹൽ പറഞ്ഞു. സീസണിൽ ലീഗ് 1 കിരീടം നേരത്തെ നേടിയ പി.എസ്.ജി സീസണിന്റെ അവസാനത്തോടെ ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. അവസാനം കളിച്ച 7 മത്സരങ്ങളിൽ ഒന്ന് മാത്രമാണ് പി.എസ്.ജി ജയിച്ചത്.

നെയ്മറിന് യുവേഫയുടെ ശിക്ഷ, യൂറോപ്യൻ മത്സരങ്ങളിൽ നിന്ന് വിലക്ക്

പാരീസ് സെയ്ന്റ് ജർമ്മൻ സൂപ്പർ താരം നെയ്മർ ജൂനിയറിന് വിലക്ക്. 3 യൂറോപ്യൻ മത്സരങ്ങളിൽ നിന്നാണ് താരത്തെ വിലക്കിയത്. പി എസ് ജിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ തോൽവിക്ക് പിന്നാലെ റഫറിമാരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിനാണ് താരത്തെ യുവേഫ വിലക്കിയത്.

യുനൈറ്റഡിനോട് വഴങ്ങിയ തോൽവിക്ക് പിന്നാലെ നെയ്മർ ഇൻസ്റ്റഗ്രാമിൽ റഫറിമാരെ ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവർ എന്നാണ് വിശേഷിപ്പിച്ചത്. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ താരം തെറ്റ് ചെയ്തതായി കണ്ടെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത സീസണിൽ പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 3 മത്സരങ്ങൾ ഇതോടെ താരത്തിന് നഷ്ടമാകും.

പരിക്ക് മാറി, നെയ്‌മർ തിരിച്ചെത്തുന്നു

പരിക്ക് മാറിയ പി എസ് ജി സൂപ്പർ താരം നെയ്മർ ജൂനിയർ തിരിച്ചെത്തുന്നു. ഈ ആഴ്ച്ച തന്നെ താരം പി എസ് ജി ക്ക് വേണ്ടി കളത്തിൽ തിരിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് താരം വീണ്ടും പന്ത് തട്ടാൻ ഒരുങ്ങുന്നത്.

ജനുവരി 23 നാണ് താരം കാലിന് പരിക്ക് പറ്റി പുറത്ത് പോകുന്നത്. പക്ഷെ ഈ ആഴ്ച്ച മോണക്കോക്ക് എതിരെ താരം കളിക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ മത്സരത്തിൽ ഒരു പോയിന്റ് നേടിയാൽ പി എസ് ജി ഫ്രാൻസിലെ ജേതാക്കളാകും. ലില്ലേക്കും നാന്റസിനും എതിരെ തുടർച്ചയായ 2 കളികളിൽ തോറ്റ പി എസ് ജി ഏറെ ആഗ്രഹിക്കുന്ന സമയത്താണ് സൂപ്പർ താരം തിരിച്ചെത്തുന്നത് എന്നത് അവർക്ക് ആശ്വാസമാകുന്ന ഒന്നാണ്. കിരീട ആഘോഷങ്ങളിൽ തിരിച്ചെത്തുന്നത് നെയ്മറിനും സന്തോഷം നൽകുമെന്ന് ഉറപ്പാണ്.

ബാഴ്സലോണ വിടാൻ തീരുമാനിച്ചത് നെയ്മർ ചെയ്ത മണ്ടത്തരം- റിവാൾഡോ

ബ്രസീൽ താരം നെയ്മർ ജൂനിയർ ബാഴ്സലോണയിൽ നിന്ന് പി എസ് ജി യിൽ ചേരാൻ തീരുമാനിച്ചത് വലിയ മണ്ടത്തരമായിരുന്നെന്ന് ബ്രസീൽ ഇതിഹാസവും മുൻ ബാഴ്സലോണ താരവുമായ റിവാൾഡോ. നെയ്മർ സ്പാനിഷ് ഫുട്‌ബോളിലേക്ക് മടങ്ങി എത്തുമെന്ന പ്രത്യാശ പ്രകടിപ്പിച്ച റിവാൾഡോ അത് റയൽ മാഡ്രിഡിലേക് ആണെങ്കിലും പ്രശ്നമില്ല എന്ന നിലപാടുകാരനാണ്.

2017 ലാണ് 222 മില്യൺ യൂറോയുടെ കരാറിൽ താരം ഫ്രഞ്ച് തലസ്ഥാനത്ത് എത്തുന്നത്. പക്ഷെ പരിക്കുകളും മറ്റും താരത്തെ ഏറെ അലട്ടി. കൂടാതെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യം വച്ച് പണം ചിലവാക്കിയ പി എസ് ജി പക്ഷെ പിന്നീടുള്ള 2 സീസണിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പുറത്തായി. നെയ്മർ വലിയ പിഴവാണ് വരുത്തിയത്, അയാൾ അത് തിരിച്ചറിയും എന്നാണ് പ്രതീക്ഷ എന്നാണ് റിവാൾഡോ പറഞ്ഞത്.

Exit mobile version