ഷാര്‍ജ്ജയില്‍ ഷാ ഷോയ്ക്ക് ശേഷം താണ്ടവമാടി അയ്യരും പന്തും, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഷാര്‍ജ്ജയിലെ പതിവ് തെറ്റിക്കാതെ റണ്‍സ് യഥേഷ്ടം പിറന്ന മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 228 റണ്‍സാണ് നേടിയത്. ശ്രേയസ്സ് അയ്യര്‍ 38 പന്തില്‍ നിന്ന് 88 റണ്‍സ് നേടിയെങ്കിലും അവസാന ഓവറില്‍ താരത്തിന് സ്ട്രൈക്ക് കിട്ടാതെ പോയപ്പോള്‍ അയ്യറിന് ശതകം നേടുവാന്‍ ശ്രമിക്കാന്‍ കഴിയാതെ പോയി.

മിന്നും തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ ഷാര്‍ജ്ജയിലെ ചെറിയ ഗ്രൗണ്ടില്‍ തിരഞ്ഞ് പിടിച്ച് അടിയ്ക്കുകയായിരുന്നു. 5.5 ഓവറില്‍ 56 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് 26 റണ്‍സാണ് ധവാന്‍ നേടിയത്.

Dhawanshaw

പവര്‍പ്ലേയ്ക്ക് ശേഷവും പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും റണ്‍സ് കണ്ടെത്തിയപ്പോള്‍ 10 ഓവറില്‍ നിന്ന് 89/1 എന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എത്തി.കമലേഷ് നാഗര്‍കോടിയെ സിക്സര്‍ പറത്തി 35 പന്തില്‍ നിന്ന് 53 റണ്‍സ് നേടി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

41 പന്തില്‍ നിന്ന് 73 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 41 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പൃഥ്വി ഷാ കമലേഷ് നാഗര്‍കോടിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് ശ്രേയസ്സ് അയ്യരോടൊപ്പം ബാറ്റ് വീശി ഡല്‍ഹി സ്കോര്‍ 15 ഓവറില്‍ 151 റണ്‍സിലേക്ക് എത്തിച്ചു.

അധികം വൈകാതെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ശേഷം ഋഷഭ് പന്ത് 17 പന്തില്‍ നിന്ന് 38 റണ്‍സ് നേടി പുറത്താകുകയായിരുന്നു. റസ്സലിനായിരുന്നു വിക്കറ്റ്. പന്ത് 5 ഫോറും ഒരു സിക്സുമാണ് നേടിയത്. 72 റണ്‍സ് കൂട്ടുകെട്ടാണ് പന്തും അയ്യരും ചേര്‍ന്ന് നേടിയത്.

 

കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നു, എന്നാല്‍ നിസ്സാരമായ പിഴവുകള്‍ വരുത്തിയിരുന്നു – പൃഥ്വി ഷാ

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള 44 റണ്‍സ് വിജയത്തില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചത് ഓപ്പണര്‍ പൃഥ്വി ഷാ ആണ്. 43 പന്തില്‍ 64 റണ്‍സ് നേടിയ പൃഥ്വി ഷായുടെ ബാറ്റിംഗ് മികവാണ് മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച തുടക്കം നല്‍കിയത്. തന്റെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വീകരിച്ച ശേഷം താരം പറയുന്നത് പിച്ചില്‍ നിലയുറപ്പിച്ച് വിക്കറ്റ് മനസ്സിലാക്കുക എന്നതായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നാണ്.

കഴിഞ്ഞ വര്‍ഷവും താന്‍ മികച്ച രീതിയില്‍ ബോള്‍ സ്ട്രൈക്ക് ചെയ്യുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ നിസ്സാരമായ പിഴവുകള്‍ വരുത്തുകയായിരുന്നുവെന്നും പൃഥ്വി ഷാ വ്യക്തമാക്കി. ഇത്തവണ താന്‍ കൂടുതല്‍ ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കുവാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൃഥ്വി വ്യക്തമാക്കി.

തന്റെ ബാറ്റിംഗിന്റെ ഹൈലൈറ്റ്സ് കണ്ട ശേഷം ഈ രീതിയുടെ അവലോകനം താന്‍ നടത്തുമെന്നും പൃഥ്വി ഷാ വെളിപ്പെടുത്തി. ബാറ്റ് ചെയ്യുവാന്‍ മികച്ച വിക്കറ്റായിരുന്നു ഇന്നലത്തെ മത്സരത്തിലേതെന്നും പൃഥ്വി വ്യക്തമാക്കി.

ഡല്‍ഹി ഓപ്പണര്‍മാരുടെ മികവിന് ശേഷം ചെന്നൈ ബൗളര്‍മാരുടെ തിരിച്ചുവരവ്

പവര്‍പ്ലേയിലെ മോശം തുടക്കത്തിന് ശേഷം പത്തോവറില്‍ 88/0 എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും ആ തുടക്കം തുടരുവാനാകാതെ പിന്നെ വന്ന ബാറ്റ്സ്മാന്മാര്‍. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ടീം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 87 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഡല്‍ഹിയുടെ സ്കോര്‍ 175/3 എന്ന നിലയില്‍ അവസാനിച്ചു.

ഒരു ഘട്ടത്തില്‍ 200നടുത്തേക്ക് സ്കോര്‍ എത്തുമെന്ന് കരുതിയെങ്കിലും പിയൂഷ് ചൗളയുടെ വിക്കറ്റുകള്‍ ആണ് കളിയുടെ ഗതി മാറ്റിയത്. 25 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ ഋഷഭ് പന്തും ശ്രദ്ധേയമായ ഇന്നിംഗ്സ് പുറത്തെടുത്തു.

94 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പിയൂഷ് ചൗള ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 103/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് നേടിയെങ്കിലും ഡല്‍ഹി ഇന്നിംഗ്സിന് വേണ്ടത്ര വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 26 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ 19ാം ഓവറില്‍ സാം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

 

പൃഥ്വി ഷായ്ക്ക് അര്‍ദ്ധ ശതകം, 10 ഓവറില്‍ ഡല്‍ഹിയ്ക്ക് 88 റണ്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മികച്ച തുടക്കവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് തുടക്കം അത്ര മികച്ചതല്ലായിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെട്ടില്ലെങ്കിലും 36 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. സീനിയര്‍ താരം ശിഖര്‍ ധവാന്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പൃഥ്വി ഷായ്ക്കായിരുന്നു സ്കോറിംഗ് ദൗത്യം.

എന്നാല്‍ പേസര്‍മാര്‍ കളം വിട്ട് സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ ഡല്‍ഹി ഓപ്പണര്‍മാര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 35 പന്തില്‍ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷായും 24 പന്തില്‍ 30 റണ്‍സുമായി ശിഖര്‍ ധവാനും ക്രീസില്‍ നില്‍ക്കുമ്പോള്‍ പത്തോവറില്‍ ഡല്‍ഹി വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്‍സ് നേടിയിട്ടുണ്ട്.

പവര്‍പ്ലേയ്ക്ക് ശേഷമുള്ള നാലോവറില്‍ 52 റണ്‍സാണ് ഡല്‍ഹി നേടിയത്.  ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ചഹാറിനെ പൃഥ്വി ഷാ നേരിട്ടപ്പോള്‍ ചെറിയൊരു എഡ്ജ് ഉണ്ടായിരുന്നുവെങ്കിലും അതാരും കേള്‍ക്കാതെ പോയപ്പോള്‍ പൃഥ്വി ഷാ രക്ഷപ്പെടുകയായിരുന്നു. അത് മുതലാക്കിയ താരം മികച്ചൊരു അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണര്‍ ശിഖര്‍ ധവാന്‍

താന്‍ ഏറ്റവും കൂടുതല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് ശിഖര്‍ ധവാനൊപ്പമാണെന്നും അതിനാല്‍ തന്നെ അദ്ദേഹമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പണിംഗ് പാര്‍ട്ണര്‍ എന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇന്‍സ്റ്റാഗ്രാം ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

2019 മുതല്‍ ഡല്‍ഹിയിലെത്തിയ താരമാണ് ശിഖര്‍ ധവാന്‍. ടോപ് ഓര്‍ഡറില്‍ ഈ സീനിയര്‍ താരം കൂടി എത്തിയതോടെ ശ്രേയസ്സ് അയ്യര്‍ നയിക്കുന്ന ടീമിന്റെ പ്രകടനം മാറി മറിയുകയും ടീം പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തുകയും ചെയ്തു. ഇന്ത്യയുടെ യുവ താരം പൃഥ്വി ഷായും പറഞ്ഞത് താന്‍ ധവാനൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്നത് ആസ്വദിക്കുകയാണെന്നാണ്.

“സച്ചിനെ പോലെ കളിക്കാനാണ് ശ്രമം”

മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പോലെ കളിക്കാനാണ് തന്റെ ശ്രമമെന്ന് ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാ. അടുത്ത് കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്ക് അഗർവാളിനൊപ്പം പ്രിത്വി ഷായാണ് ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്തത്.

ക്രിക്കറ്റിൽ തന്റെ ആരാധനാപാത്രമായ സച്ചിൻ എപ്പോഴും തന്റെ സ്വാഭാവിക ഗെയിം കളിക്കണമെന്ന് ആവശ്യപ്പെടുകയും കളിക്കുമ്പോൾ ശാന്തനായിരിക്കണമെന്ന് ഉപദേശിച്ചെന്നും പ്രിത്വി ഷാ പറഞ്ഞു. ക്രിക്കറ്റിന്റെ ദൈവം ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ആണെന്നും പ്രിത്വി ഷാ പറഞ്ഞു.

2017ൽ തന്റെ 17മത്തെ വയസ്സിൽ ദുലീപ് ട്രോഫിയിൽ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായി പ്രിത്വി ഷാ മാറിയിരുന്നു. നേരത്തെ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് പ്രിത്വി ഷാ മറികടന്നത്.

അര്‍ദ്ധ ശതകങ്ങളുമായി പൃഥ്വി ഷാ, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ഇന്ത്യ 242 റണ്‍സിന് ഓള്‍ഔട്ട്

വെല്ലിംഗ്ടണിന് പുറമെ ക്രൈസ്റ്റ്ചര്‍ച്ചിലും തകര്‍ന്ന് ഇന്ത്യയുടെ ബാറ്റിംഗ് നിര. മൂന്ന് താരങ്ങള്‍ നേടിയ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യന്‍ ഇന്നിംഗ്സില്‍ 242 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പൃഥ്വി ഷാ(54), ചേതേശ്വര്‍ പുജാര(54) , ഹനുമ വിഹാരി(55) എന്നിവരുടെ പ്രകടനങ്ങളാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്.

അവസാന വിക്കറ്റില്‍ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചെറുത്തുനില്പുയര്‍ത്തി 26 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 242 റണ്‍സിലേക്ക് എത്തുകയായിരുന്നു. ന്യൂസിലാണ്ടിനായി കൈല്‍ ജൈമിസണ്‍ 5 വിക്കറ്റ് നേടി. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് നേടിയിട്ടുണ്ട്. 27 റണ്‍സുമായി ടോം ലാഥവും 29 റണ്‍സ് നേടിയ ടോം ബ്ലണ്ടലുമാണ് ന്യൂസിലാണ്ടിനായി ക്രീസില്‍ നില്‍ക്കുന്നത്. ഇന്ത്യയുടെ സ്കോര്‍ മറികടക്കുവാന്‍ ന്യൂസിലാണ്ട് 179 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

രണ്ടാം ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് തിരിച്ചടി, പ്രിത്വി ഷാക്ക് പരിക്ക്

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങാനിരിക്കെ ഇന്ത്യക്ക് പരിക്ക് ഭീഷണി. ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാ ഇന്ന് പരിക്ക് മൂലം ടീമിനൊപ്പം പരിശീലനം നടത്തിയില്ല. ഇടത് കാലിൽ നീര് വന്നതോടെ താരം പരിശീലനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യക്ക് ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ് വളരെ നിർണായകമാണ്.

ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പ്രിത്വി ഷാക്ക് കഴിഞ്ഞിരുന്നില്ല. ആദ്യം ഇന്നിങ്സിൽ 16 റൺസ് എടുത്തും രണ്ടാം ഇന്നിങ്സിൽ 14 റൺസ് എടുത്തുമാണ് പ്രിത്വി ഷാ പുറത്തായത്. നാളെ അവസാന വട്ട പരിശോധനകൾക്ക് ശേഷം മാത്രമേ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ പ്രിത്വി ഷായെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവു. പ്രിത്വി ഷാ ഫിറ്റ്നസ് തെളിയിച്ചില്ലെങ്കിൽ യുവതാരം ശുഭ്മൻ ഗിൽ ആവും ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങുക.

പൃഥ്വി ഷായ്ക്ക് പിന്തുണയും മയാംഗ് അഗര്‍വാളിന് പ്രശംസയുമായി കോഹ്‍ലി

ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് പിന്തുണയുമായി വിരാട് കോഹ്‍ലി. പൃഥ്വി ന്യൂസിലാണ്ടിലെ വെല്ലിംഗ്ടണില്‍ 16, 14 എന്ന സ്കോറുകളാണ് നേടിയത്. താരത്തിന്റെ പരാജയത്തിലും പിന്തുണയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി എത്തുകയായിരുന്നു. പൃഥ്വി ഇന്ത്യയ്ക്ക് പുറത്ത് വെറും രണ്ട് മത്സരങ്ങളാണ് കളിച്ചിട്ടുള്ളതെന്നും നാച്വറല്‍ സ്ട്രോക്ക് മേക്കറായ താരം അതിനാല്‍ തന്നെ റണ്‍സ് ഉടനെ കണ്ടെത്തുമെന്നും വിരാട് അഭിപ്രായപ്പെട്ടു.

ഇരു ഇന്നിംഗ്സിലും മികച്ച പ്രകടനം പുറത്തെടുത്ത മയാംഗ് അഗര്‍വാളിനെയും പ്രശംസിക്കുവാന്‍ കോഹ്‍ലി മറന്നില്ല. മയാംഗ് ആദ്യ ഇന്നിംഗ്സില്‍ 34 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സുമാണ് വെല്ലിംഗ്ടണില്‍ നേടിയത്.

പ്രിത്വി ഷോയിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ജയം

വെടിക്കെട്ട് പ്രകടനവുമായി തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ പ്രിത്വി ഷായുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ന്യൂസിലാൻഡ് എ ടീമിനെ 12 റൺസിന് തോൽപ്പിച്ച് ഇന്ത്യ എ ടീം. 100 പന്തിൽ 2 സിക്സറുകളും 22 ഫോറുമായി 150 റൺസ് എടുത്ത പ്രിത്വി ഷായുടെ പ്രകടനമാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 8 മാസത്തെ വിലക്ക് കഴിഞ്ഞ ന്യൂസിലാൻഡ് പരമ്പരയിലാണ് പ്രിത്വി ഷാ ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറിൽ 372 റൺസിന് എല്ലാരും ഓൾ ഔട്ട് ആവുകയായിരുന്നു. പ്രിത്വി ഷായുടെ സെഞ്ചുറിക്ക് പുറമെ 41 പന്തിൽ 58 റൺസ് എടുത്ത വിജയ് ശങ്കറിന്റെ അർദ്ധ സെഞ്ചുറി പ്രകടനവും ഇന്ത്യയുടെ സ്കോറിന് ഉയർത്തി. തുടർന്ന് ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് മാത്രമാണ് എടുക്കാനായത്. ന്യൂസിലാൻഡിന് വേണ്ടി സെഞ്ചുറി പ്രകടനം നടത്തിയ ജാക്ക് ബോയ്‌ലും അർദ്ധ സെഞ്ചുറി നേടിയ ഫിൻ അലനുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ജാക് ബോയ്ൽ 130 റൺസും ഫിൻ അലൻ 87 റൺസുമെടുത്ത് പുറത്തതായി. ഇന്ത്യക്ക് വേണ്ടി ഇഷാൻ പോരലും ക്രൂണാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഫിറ്റ്നസ് തെളിയിച്ചു, പ്രിത്വി ഷാ ന്യൂസിലാൻഡിലേക്ക് തിരിക്കും

രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ പ്രിത്വി ഷാ ന്യൂസിലാൻഡിലേക്ക് തിരിക്കും. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ താരം ഫിറ്റ്നസ് തെളിയിച്ചതോടെയാണ് പ്രിത്വി ഷാ ന്യൂസിലാൻഡ് പരമ്പരയിൽ ഇന്ത്യ എടീമിന് വേണ്ടി കളിക്കുമെന്ന് ഉറപ്പായത്.

കർണാടകക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയാണ് പ്രിത്വി ഷായുടെ തോളിന് പരിക്കേറ്റത്. തുടർന്ന് കഴിഞ്ഞ ദിവസം താരം ബെംഗളുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടത്തിയ യോയോ ടെസ്റ്റിൽ ജയിക്കുകയായിരുന്നു. ജനുവരി 22ന് തുടങ്ങുന്ന ഇന്ത്യ എ – ന്യൂസിലാൻഡ് എ ഏകദിന മത്സരത്തിൽ പ്രിത്വി ഷാ കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

പരിക്ക് മാറിയതോടെ ഇന്ത്യയുടെ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിൽ മൂന്നാമത്തെ ഓപ്പണറായി പ്രിത്വി ഷാ സ്ഥാനം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

തകര്‍പ്പന്‍ ഇരട്ട ശതകവുമായി പൃഥ്വി ഷാ

ന്യൂസിലാണ്ട് ടൂറിനുള്ള ടെസ്റ്റ് ടീമില്‍ താനും പരിഗണനയിലുണ്ടെന്ന് അറിയിക്കുന്ന രഞ്ജി പ്രകടനവുമായി പൃഥ്വി ഷാ. 174 പന്തില്‍ നിന്ന് 201 റണ്‍സുമായി പുറത്താകാതെ ബറോഡയ്ക്കെതിരെ തകര്‍പ്പന്‍ ഇരട്ട ശതകമാണ് പൃഥ്വി ഷാ നേടിയത്. 19 ഫോറും 7 സിക്സും അടങ്ങിയ ഇന്നിംഗ്സാണ് താരം പുറത്തെടുത്തത്. വിലക്കിന് ശേഷമുള്ള സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും ഭേദപ്പെട്ട പ്രകടനം പൃഥ്വി പുറത്തെടുത്തിരുന്നു.

ഇപ്പോള്‍ മുംബൈയുടെ ഈ സീസണിലെ കന്നി രഞ്ജി മത്സരത്തില്‍ തന്നെ തീ പാറും പ്രകടനമാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പൃഥ്വി നേടിയിരിക്കുന്നത്.

Exit mobile version