ഇന്ത്യന്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി വിന്‍ഡീസ് പരമ്പര

വിന്‍ഡീസിനെതിര ഇന്ത്യ കളിച്ച നാട്ടിലെ അവസാന മൂന്ന് പരമ്പരകളിലെയും ഒരു കാര്യം ശ്രദ്ധിച്ചാല്‍ അരങ്ങേറ്റക്കാര്‍ക്ക് പറുദീസയായി മാറുകയാണ് ഈ പരമ്പര എന്നത് വ്യക്തമാകുകയാണ്. അവസാന മൂന്ന് പരമ്പരകളിലും ഒരിന്ത്യന്‍ താരം ടെസ്റ്റ് പരമ്പരയിലെ കളിയിലെ താരമായി മാറുകയായിരുന്നു. ഈ പട്ടികയിലേക്ക് എറ്റവും പുതുതായി കടന്നെത്തിയ താരമാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷാ.

2011ല്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച രവിചന്ദ്രന്‍ അശ്വിന്‍ അന്ന് മാന്‍ ഓഫ് ദി സീരീസ് സ്വന്തമാക്കിയിരുന്നു. 2013ല്‍ രോഹിത് ശര്‍മ്മയും തന്റെ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. എന്നാല്‍ ടെസ്റ്റില്‍ ഇപ്പോഴും നിലയുറപ്പിക്കുവാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. 2018ല്‍ വിന്‍ഡീസ് വീണ്ടും ഇന്ത്യയിലെത്തിയപ്പോള്‍ പൃഥ്വി ഷായ്ക്കാണ് പരമ്പരയിലെ താരമാകുവാന്‍ സാധിച്ചത്.

10 താരങ്ങളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റക്കാരായി പരമ്പരയിലെ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. 1996ല്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച സൗരവ് ഗാംഗുലി അന്ന് മാന്‍ ഓഫ് ദി സിരീസ് സ്വന്തമാക്കിയിരുന്നു.

അര്‍ദ്ധ ശതകം നേടി പൃഥ്വി, ഒന്നാം സെഷന്‍ സ്വന്തമാക്കി ഇന്ത്യ

തന്റെ രണ്ടാം മത്സരത്തിലും അര്‍ദ്ധ ശതകം നേടി ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ 39 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം തികച്ച പൃഥ്വിയുടെ ബാറ്റിംഗ് മികവില്‍ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 16 ഓവറില്‍ നിന്ന്  80 റണ്‍സാണ് നേടിയിട്ടുള്ളത്. 4 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ടപ്പോള്‍ 9 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് പൃഥ്വിയ്ക്ക് കൂട്ടായിയുള്ളത്. പൃഥ്വി ഷാ 52 റണ്‍സ് നേടി.

നേരത്തെ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 311 റണ്‍സില്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ശേഷിക്കുന്ന മൂന്ന് വിക്കറ്റുകളും നേടി ഉമേഷ് യാദവ് ആണ് വിന്‍ഡീസ് ഇന്നിംഗ്സിനു അന്ത്യം കുറിച്ചത്. റോഷ്ടണ്‍ ചേസ്(106) തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം പുറത്താകുകയായിരുന്നു.

പൃഥ്വി ഷായ്ക്ക് വളരുവാനുള്ള സാഹചര്യം ഒരുക്കി നല്‍കണം: കോഹ്‌ലി

യുവ താരം പൃഥ്വി ഷായെയും ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരെയും താരതമ്യം ചെയ്യുന്നവരെ വിമര്‍ശിച്ച് വിരാട് കോഹ്‍ലി. രാജ്കോട്ടില്‍ ശതകം നേടി തന്റെ അരങ്ങേറ്റം ഉജ്ജ്വലമാക്കിയ താരത്തിനെ വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായാണ് താരതമ്യം ചെയ്യപ്പെടുവാന്‍ തുടങ്ങിയത്. എന്നാല്‍ വിരാട് കോഹ്‍ലി താരത്തെ സ്വതസിദ്ധമായ കളി പുറത്തെടുക്കുവാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു. താരത്തിനു ആവശ്യമായ സമയം അനുവദിച്ചു നല്‍കേണ്ട സമയത്ത് മുന്‍ താരങ്ങളുമായുള്ള താരതമ്യം അവസാനിപ്പിക്കണമെന്നും കോഹ്‍ലി പറഞ്ഞു.

പൃഥ്വി ഷാ മികച്ച ശേഷിയുള്ള താരമാണന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വിരാട് കോഹ്‍ലി പറഞ്ഞു. ആളുകള്‍ താരത്തെ സേവാഗിനോടും സച്ചിനോടും താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്നും വിരാട് അഭിപ്രായപ്പെട്ടു. പൃഥ്വിയെ പൃഥ്വിയായി തന്നെ വളരുവാനുള്ള സമയമാണ് നമ്മള്‍ അനുവദിക്കേണ്ടതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.

ഷാ താരതമ്യങ്ങളെ ശ്രദ്ധിക്കരുത്: അസ്ഹറുദ്ദീന്‍

അരങ്ങേറ്റ ടെസ്റ്റില്‍ വിന്‍‍ഡീസിനെതിരെ ശതകവും മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കി പൃഥ്വി ഷായ്ക്ക് ഉപദേശവുമായി മുന്‍ നായകന്‍ അസ്ഹറുദ്ദീന്‍. പൃഥ്വി ഷാ ഒരിക്കലും ഇപ്പോള്‍ നടക്കുന്ന താരതമ്യങ്ങളെ ഗൗനിക്കരുതെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്റെ അഭിപ്രായം. വിരേന്ദര്‍ സേവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുമായുള്ള താരതമ്യമാണ് ഇപ്പോള്‍ പൃഥ്വിയെ വെച്ച് ആരാധകര്‍ നടത്തുന്നത്. എന്നാല്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ തന്നെ ബാറ്റിംഗില്‍ മാത്രമാണ് പൃഥ്വി ശ്രദ്ധിക്കേണ്ടതെന്ന് അസ്ഹര്‍ പറഞ്ഞു.

തന്റെ ടെക്നിക്കിലും കഴിവിലും മാത്രം വിശ്വാസവും ശ്രദ്ധയും നല്‍കിയാല്‍ പൃഥ്വി ഷാ ഇനിയും മുന്നോട്ട് ഏറെ പോകുമെന്ന് അസ്ഹര്‍ പറഞ്ഞു. വിവിധ കാലഘട്ടത്തിലുള്ള താരങ്ങളെ താരതമ്യം ചെയ്യുന്നത് തന്നെ ശുദ്ധ അബദ്ധമാണെന്നാണ് അസ്ഹറിന്റെ അഭിപ്രായം. ഓരോ താരങ്ങളും അവരുടേതായ മേഖലകളില്‍ പ്രാവീണ്യം കൈവരിച്ചവരാണ്.

പൃഥ്വി തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം. രഞ്ജിയിലും അണ്ടര്‍ 19ലും അതാണ് യുവ താരത്തിനു റണ്‍സ് നേടിക്കൊടുക്കാവന്‍ സഹായിച്ചത്. ചില മത്സരങ്ങളില്‍ പരാജയപ്പെട്ടേക്കാം എന്നാല്‍ സ്വന്തം ശക്തിയ്ക്കനുസരിച്ച് താരം മുന്നോട്ട് പോകണമെന്നും അസ്ഹര്‍ അഭിപ്രായപ്പെട്ടു.

ഗതി പിടിക്കാതെ വിന്‍ഡീസ്, 6 വിക്കറ്റ് നഷ്ടം

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ യഥേഷ്ടം ശതകം അടിച്ചൂകുട്ടിയ പിച്ചില്‍ ഗതി പിടിക്കാതെ വിന്‍ഡീസ് ബാറ്റിംഗ് നിര. രണ്ടാം ദിവസം സ്റ്റംപ്‍സ് ആവുമ്പോള്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 649/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 94/6 എന്ന നിലയിലാണ്. റോഷ്ടണ്‍ ചേസ് 27 റണ്‍സും കീമോ പോള്‍ 13 റണ്‍സുമായി പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്. ഓപ്പണര്‍മാരെ മുഹമ്മദ് ഷമി പുറത്താക്കിയപ്പോള്‍ ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് നേടി അശ്വിനു ഒരു വിക്കറ്റ് ലഭിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി.

നേരത്തെ വിരാട് കോഹ്‍ലി(139), രവീന്ദ്ര ജഡേജ(100*) എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടാം ദിവസം ശതകം നേടിയിരുന്നു. ഋഷഭ് പന്ത് 92 റണ്‍സില്‍ പുറത്തായപ്പോള്‍ ആദ്യ ദിവസം പൃഥ്വി ഷാ 134 റണ്‍സ് നേടി. ആദ്യ ദിവസം ചേതേശ്വര്‍ പുജാര 86 റണ്‍സും അജിങ്ക്യ രഹാനെ 41 റണ്‍സും നേടി പുറത്തായിരുന്നു. 149.5 ഓവറില്‍ നിന്നാണ് ഇന്ത്യ 649 റണ്‍സ് നേടിയത്. ജഡേജ ശതകം തികച്ച ഉടനെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വാലറ്റത്തോടൊപ്പം പൊരുതിയാണ് തന്റെ കന്നി ടെസ്റ്റ് ശതകം ജഡേജ പൂര്‍ത്തിയാക്കിയത്. 22 റണ്‍സ് നേടിയ ഉമേഷ് യാദവ് ജഡേജയ്ക്ക് മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിനായി ദേവേന്ദ്ര ബിഷൂ 4 വിക്കറ്റും അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസ് രണ്ട് വിക്കറ്റും നേടി. ഷാനണ്‍ ഗബ്രിയേല്‍, റോഷ്ടണ്‍ ചേസ്, ക്രെയിഗ് ബ്രാത്‍വൈറ്റ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

364 റണ്‍സ് നേടി ഇന്ത്യ, ഷായ്ക്ക് ടെസ്റ്റില്‍ സ്വപ്ന തുടക്കം

ടെസ്റ്റ് അരങ്ങേറ്റത്തില്‍ പൃഥ്വി ഷാ കസറിയതിനൊപ്പം ചേതേശ്വര്‍ പുജാരയും വിരാട് കോഹ്‍ലിയും റണ്‍സ് കണ്ടെത്തിയ രാജ്കോട്ട് ടെസ്റ്റിലെ ആദ്യ ദിവസം 364/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. കെഎല്‍ രാഹുലിനെ പൂജ്യത്തിനു നഷ്ടമായ ശേഷം ഇറങ്ങിയ ബാറ്റ്സ്മാന്മാരെല്ലാം തന്നെ മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ കണ്ടത്. രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് നേടി പുജാര – പൃഥ്വി ഷാ കൂട്ടുകെട്ടും അതിനു ശേഷം നാലാം വിക്കറ്റില്‍ 105 റണ്‍സ് നേടി രഹാനെ – വിരാട് കോഹ്‍ലി കൂട്ടുകെട്ടുമാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ പ്രധാനമായും മുന്നോട്ട് നയിച്ചത്.

89 ഓവറുകള്‍ ഒന്നാം ഇന്നിംഗ്സില്‍ ഒന്നാം ദിവസം ഇന്ത്യ നേരിട്ടപ്പോള്‍ 134 റണ്‍സ് നേടി പൃഥ്വി ഷാ ടോപ് സ്കോറര്‍ ആയി. പുജാര(86), രഹാനെ(41) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി 72 റണ്‍സുമായി വിരാട് കോഹ്‍ലിയും 17 റണ്‍സ് നേടി ഋഷഭ് പന്തുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

വിന്‍ഡീസിനായി ഷാനണ്‍ ഗബ്രിയേല്‍, ദേവേന്ദ്ര ബിഷൂ, ഷെര്‍മാന്‍ ലൂയിസ്, റോഷ്ടണ്‍ ചേസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

ചായയ്ക്ക് മുമ്പ് പൃഥ്വി ഷാ മടങ്ങി, ഇന്ത്യ അതി ശക്തമായ നിലയില്‍

വിന്‍ഡീസിനെതിരെ രാജ്കോട്ട് ടെസ്റ്റില്‍ ഇന്ത്യ അതി ശക്തമായ നിലയില്‍. രണ്ടാം സെഷനില്‍ ചേതേശ്വര്‍ പുജാരയെയും പൃഥ്വി ഷായെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും 232/3 എന്ന നിലയിലാണ് ഇന്ത്യ നില്‍ക്കുന്നത്. ചായയ്ക്ക് തൊട്ടുമുമ്പാണ് 134 റണ്‍സ് നേടിയ പൃഥ്വി ഷാ ദേവേന്ദ്ര ബിഷുവിനു റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയത്.

ഉച്ച ഭക്ഷണത്തിനു ശേഷം ചേതേശ്വര്‍ പുജാരയെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. അരങ്ങേറ്റക്കാരന്‍ ഷെര്‍മന്‍ ലൂയിസിനു വിക്കറ്റ് നല്‍കിയാണ് പുജാരയുടെ മടക്കം. 86 റണ്‍സാണ് താരം രാജ്കോട്ടില്‍ നേടിയത്. ഇന്ത്യയ്ക്കായി 4 റണ്‍സുമായി വിരാട് കോഹ്‍ലിയും റണ്ണൊന്നുമെടുക്കാതെ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.

അരങ്ങേറ്റത്തില്‍ ശതകവുമായി പൃഥ്വി ഷാ, അതും നൂറ് പന്തില്‍ താഴെ, നേട്ടം കൊയ്യുന്ന മൂന്നാമത്തെ താരം

അരങ്ങേറ്റ മത്സരത്തില്‍ ശതകം നേടുകയും അതും നൂറ് പന്തില്‍ താഴെ മാത്രം നേടുകയും ചെയ്തത് വഴി അപൂര്‍വ്വ നേട്ടവുമായി പൃഥ്വി ഷാ. ഇന്ത്യയുടെ 293ാം ടെസ്റ്റ് താരമായി രാജ്കോട്ടില്‍ തന്റെ ടെസ്റ്റ് കരിയര്‍ ആരംഭിച്ച പൃഥ്വി ഷാ 99 പന്തില്‍ നിന്ന് ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ശിഖര്‍ ധവാന്‍, ഡ്വെയിന്‍ സ്മിത്ത് എന്നിവര്‍ക്ക് പിന്നിലായി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന താരമായി മാറി.

സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യയ്ക്കായി ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ഇന്ത്യയ്ക്കായി അരങ്ങേറ്റത്തില്‍ ശതകം നേടുന്ന ഏറ്റവും പ്രായം കുറ‍ഞ്ഞ താരമാണ് പൃഥ്വി ഷാ. മുഹമ്മദ് അഷ്റഫുള്‍ ആണ് അരങ്ങേറ്റത്തില്‍ ശതകം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം. ഹാമിള്‍ട്ടണ്‍ മസകഡ്സ, സലീം മാലിക്ക് എന്നിവര്‍ക്ക് പിന്നിലായാണ് ഷാ ഇപ്പോള്‍ നിലകൊള്ളുന്നത്. 18 വയസ്സും 329 ദിവസവുമാണ് ഷായുടെ പ്രായം.

 

രാഹുലിനെ നഷ്ടമായ ശേഷം ആദ്യ സെഷന്‍ സ്വന്തമാക്കി ഇന്ത്യ, ഷായ്ക്കും പുജാരയ്ക്കും അര്‍ദ്ധ ശതകം

രാജ്കോട്ട് ടെസ്റ്റിലെ ആദ്യ സെഷന്‍ ഇന്ത്യയ്ക്ക് സ്വന്തം. ഇന്നിംഗ്സിലെ ആറാം പന്തില്‍ ലോകേഷ് രാഹുലിനെ ഷാനണ്‍ ഗബ്രിയേല്‍ പുറത്താക്കിയ ശേഷം ഒന്നാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യുയുടെ പൂര്‍ണ്ണാധിപത്യമാണ് കണ്ടത്. പുജാര മെല്ലെയാണ് തുടങ്ങിയതെങ്കിലും പൃഥ്വി ഷാ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വിന്‍ഡീസിനെ ഏറെ പിന്നിലാക്കി കുതിച്ചു.

രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ നിന്ന് 130 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 56 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച പൃഥ്വി ഷാ 11 ബൗണ്ടറിയുമായി 75 റണ്‍സാണ് ലഞ്ചിനു പിരിയുമ്പോള്‍ നേടിയിരിക്കുന്നത്. 74 പന്തില്‍ നിന്ന് 56 റണ്‍സുമായി പുജാരയും ക്രീസില്‍ നില്‍ക്കുന്നു. 67 പന്തില്‍ നിന്നാണ് പുജാര തന്റെ 19ാം അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

ഷാ തുടങ്ങി, അര്‍ദ്ധ ശതകവുമായി

തന്റെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ അര്‍ദ്ധ ശതകം നേടി പൃഥ്വി ഷാ. ഇന്നിംഗ്സ് തുടക്കത്തില്‍ കെഎല്‍ രാഹുലിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും പതറാതെ ബാറ്റ് വീശിയ പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. പേസ് ബൗളര്‍മാരെയും സ്പിന്നര്‍മാരെയും സധൈര്യം നേരിട്ട ഷാ 56 പന്തില്‍ നിന്നാണ് തന്റെ അര്‍ദ്ധ ശതകം നേടിയത്. 7 ബൗണ്ടറിയുള്‍പ്പെടെയാണ് ഈ നേട്ടം.

18 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സാണ് നേടിയിട്ടുള്ളത്. 39 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ഷായ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

രാജ്കോട്ടില്‍ അരങ്ങേറ്റം കുറിച്ച് പൃഥ്വി ഷാ, ഇന്ത്യ ബാറ്റ് ചെയ്യും

ഇന്ത്യ-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് രാജ്കോട്ടില്‍ തുടക്കം. ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പൃഥ്വി ഷാ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേക കൂടിയുണ്ട് രാജ്കോട്ടിലെ ഈ ടെസ്റ്റ് പരമ്പരയ്ക്ക്. വ്യക്തിഗത കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കെമര്‍ റോച്ച് ഇല്ലാതെയാണ് വിന്‍ഡീസ് നിര മത്സരത്തിനിറങ്ങുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഹൈദ്രാബാദില്‍ ഒക്ടോബര്‍ 12നു അരങ്ങേറും. ജേസണ്‍ ഹോള്‍ഡറിനു പകരം ക്രെയിഗ് ബ്രാത്‍വൈറ്റാണ് വിന്‍ഡീസിനെ നയിക്കുന്നത്. ഷെര്‍മന്‍ ലൂയിസ് വിന്‍ഡീസിനായി അരങ്ങേറ്റം കുറിയ്ക്കും.

ഇന്ത്യ: പൃഥ്വി ഷാ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി

വിന്‍ഡീസ്: ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, സുനില്‍ അംബ്രിസ്, ഷായി ഹോപ്, റോഷ്ടണ്‍ ചേസ്, കീറണ്‍ പവല്‍, ഷെയിന്‍ ഡോവ്റിച്ച്, ഷെര്‍മന്‍ ലൂയിസ്, ദേവേന്ദ്ര ബിഷൂ, ഷാനണ്‍ ഗബ്രിയേല്‍, കീമോ പോള്‍

ഷായ്ക്ക് രവി ശാസ്ത്രിയുടെ ഉപദേശം ഇത്

രഞ്ജിയില്‍ എന്താണോ ചെയ്തത്, അത് അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുക, ഇതാണ് തന്നോട് ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞതെന്ന് അറിയിച്ച് പൃഥ്വി ഷാ. നാളെ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്ന പൃഥ്വി ഷായോട് ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് അടിച്ചു കൂട്ടുന്നതിനായി എന്താണോ ചെയ്തിരുന്നത് അത് തന്നെ ആവര്‍ത്തിക്കാനാണ് കോച്ച് ഉപദേശിക്കുന്നത്.

തികഞ്ഞ് ആത്മവിശ്വാസത്തോടെ ബാറ്റ് വീശുവാനാണ് താരത്തിനു വിരാട് കോഹ്‍ലിയും നല്‍കുന്ന ഉപദേശം. നെറ്റ്സിലും പരിശീലന സെഷനുകളിലും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതും തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാറുണ്ടെന്ന് ഇന്ത്യയുടെ അടുത്ത മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൃഥ്വി ഷാ അഭിപ്രായപ്പെട്ടു.

Exit mobile version