റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഇന്ന് മുംബൈ മിറ്റിയോഴ്‌സ്-കാലിക്കറ്റ് ഹീറോസ് പോരാട്ടം

കന്നിയങ്കത്തില്‍ മുംബൈ നേരിടുന്നത് ആരാധകരുടെ ഇഷ്ട ടീമായ കാലിക്കറ്റിനെ

ബംഗളൂരു, ഫെബ്രുവരി 4: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണിലെ രണ്ടാം ദിനം ലീഗിലെ കന്നിക്കാരായ മുംബൈ മിറ്റിയോഴ്‌സ് ഇറങ്ങുന്നു. ബെംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസാണ് മുംബൈ ടീമിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്തായിരുന്ന കാലിക്കറ്റ് ഹീറോസ് ഇത്തവണ ജയത്തോടെ സീസണ്‍ തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഇറങ്ങുന്നത്. യുവത്വവും അനുഭവപരിചയത്തും നിറഞ്ഞ താരങ്ങളാല്‍ സമ്പന്നമാണ് അരങ്ങേറ്റ സീസണ്‍ കളിക്കുന്ന മുംബൈ മിറ്റിയോഴ്‌സ് ടീം.

രണ്ട് ടീമുകളും തമ്മില്‍ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ സീസണില്‍ ആരാധകര്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല. ഇത്തവണ ആരാധക സാനിധ്യം മത്സരത്തിന് കൂടുതല്‍ ആവേശം പകരും.

ആദ്യ മത്സരത്തിനായി ടീം ശരിക്കും ആവേശത്തിലാണെന്നും, മത്സരത്തിനായി കാത്തിരിക്കാനാവുന്നില്ലെന്നും മത്സരത്തിന് മുന്നോടിയായി സംസാരിച്ച മുംബൈ മിറ്റിയേഴ്‌സ് ക്യാപ്റ്റന്‍ കാര്‍ത്തിക് എ പറഞ്ഞു. ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. സ്‌റ്റേഡിയത്തില്‍ ആരാധകരുടെ സാനിധ്യം ടീമിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യപരിശീലകന്‍ സണ്ണി ജോസഫിനെ അഭിനന്ദിച്ച കാര്‍ത്തിക്, ലീഗ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പില്‍ കോച്ചിന്റെ സാനിധ്യം ടീം ക്യാമ്പിന് എത്രമാത്രം ഗുണകരമായെന്നും വിശദീകരിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള ടീമിന്റെ പരിശീലനം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു. അദ്ദേഹം ഞങ്ങളെ വിശ്വസിക്കുകയും ഞങ്ങളുടെ കഴിവുകളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ടീമിനെ പ്രചോദിപ്പിക്കുന്നതിനും ഇത് സഹായകരമായി-കാര്‍ത്തിക് പറഞ്ഞു.

വിപുലമായ അനുഭവസമ്പത്തുള്ള യുഎസ്എ വെറ്ററന്‍ താരം മാറ്റ് ഹില്ലിങ് ആണ് ഇത്തവണ പിവിഎലില്‍ കാലിക്കറ്റ് ഹീറോസിനെ നയിക്കുന്നത്. റുപേ പ്രൈം വോളിബോള്‍ ലീഗില്‍ തന്റെ ആദ്യ സീസണ്‍ കളിക്കുന്ന താരം, ടീമിന്റെ തയ്യാറെടുപ്പിലും മൊത്തത്തിലുള്ള അനുഭവത്തിലും പൂര്‍ണ സംതൃപ്തി പങ്കുവെച്ചു. ഇന്ത്യയില്‍ ഇതൊരു വിസ്മയിപ്പിക്കുന്ന അനുഭവമാണെന്ന് മാറ്റ് ഹില്ലിങ് പറഞ്ഞു. ജനുവരി 15 മുതല്‍ ഞങ്ങള്‍ ഒരു ടീമായി കഠിന പരിശീലനത്തിലാണ്, അത് പ്രകടനത്തിലും പ്രതിഫലിപ്പിക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ടീം അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയവും സുഗമവും ഫലപ്രദവുമാണെന്നും ഹില്ലിങ് പറഞ്ഞു.

മിറ്റിയോഴ്‌സിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന്റെ പ്രതീക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാ ഗെയിമും വളരെ മത്സരബുദ്ധിയോടെയുള്ളതാവാമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ചുരുക്കിയ ഫോര്‍മാറ്റും, സൂപ്പര്‍ പോയിന്റും, സൂപ്പര്‍ സെര്‍വും അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ പ്രതിരോധത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 4 മുതല്‍ ആരംഭിച്ച ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്ത് വോളിബോള്‍ വേള്‍ഡില്‍ ടിവിയിലും മത്സരം തത്സമയം സ്ട്രീം ചെയ്യും.

റുപേ പ്രൈം വോളിബോള്‍ ലീഗിനെക്കുറിച്ച്

ഇന്ത്യയിലെ ഇന്ത്യയിലെ ഏക സ്വകാര്യ സ്‌പോര്‍ട്‌സ് ലീഗാണ് റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23. 2022 ഫെബ്രുവരിയില്‍ ഒന്നാം സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ്, സീസണ്‍ രണ്ടിലേക്ക് പ്രവേശിക്കുന്നത്. റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സീസണ്‍ 2023 ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. ഇതാദ്യമായാണ് കാണികളുടെ സാനിധ്യത്തില്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തവണ ലീഗ് മത്സരങ്ങള്‍. ആഗോള വോളിബോള്‍ സംഘടനയായ എഫ്‌ഐവിബിയുടെ വാണിജ്യ വിഭാഗമായ വോളിബോള്‍ വേള്‍ഡ്, ഇന്റര്‍നാഷണല്‍ സ്ട്രീമിങ് പാര്‍ട്ണര്‍മാരായി രണ്ടു വര്‍ഷത്തെ കരാറില്‍ ഇത്തവണ പിവിഎലുമായി കൈകോര്‍ക്കുന്നുണ്ട്. വോളിബോള്‍ വേള്‍ഡ് ടിവിയാണ് ഇന്ത്യക്ക് പുറത്ത് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെ റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23യുടെ 31 മത്സരങ്ങള്‍ തത്സമയം കാണാം.

റെയ്സണ്‍ റെബെല്ലോ, കോഡി കാള്‍ഡ്വെല്‍ മിന്നി, റുപേ പ്രൈം വോളിബോള്‍ ലീഗ് സീസണ്‍ 2വില്‍ തണ്ടര്‍ബോള്‍ട്ടിന് ആവേശകരമായ ജയത്തുടക്കം

ആദ്യ കളിയില്‍ ബംഗളൂരു ടോര്‍പ്പിഡോസിനെ തണ്ടര്‍ബോള്‍ട്ട് 3-2ന് തോല്‍പ്പിച്ച

ബംഗളൂരു, ഫെബ്രുവരി 4: എ23 റുപേ പ്രൈംവോളിബോള്‍ ലീഗിന്റെ രണ്ടാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആവേശകരമായ ജയത്തോടെ തുടക്കം കുറിച്ചു. ബംഗളൂരുവിലെ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആതിഥേയരായ ബംഗളൂരു ടോര്‍പ്പിഡോസിനെ തോല്‍പ്പിച്ചു (15-11, 15-11, 15-14, 10-15, 14-15). ജയത്തോടെ തണ്ടര്‍ബോള്‍ട്ടിന് രണ്ട് പോയിന്റായി. കൊല്‍ക്കത്തയുടെ ജന്‍ഷാദ് യു ആണ്‌ കളിയിലെ താരം.

സീസണിലെ ആദ്യ പോയിന്റുമായി സ്വെറ്റെലിന്‍ സ്വെറ്റനോവ് ബംഗളൂരു ടോര്‍പ്പിഡോസിന് മികച്ച തുടക്കം നല്‍കി. കാണികള്‍ ആവേശഭരിതരായി. ഒരു മിനിറ്റിനിടെ സ്വെറ്റനോവ് മറ്റൊരു പോയിന്റ് നേടി. എം സി മുജീബ് മനോഹരമായി ബ്ലോക്ക് ചെയ്തു. ടോര്‍പ്പിഡോസ് ലീഡ് 4-2 ആയി ഉയര്‍ത്തി. ടോര്‍പ്പിഡോ അനായാസം സെറ്റ് നേടുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു കോഡി കാള്‍ഡ്വെല്ലും ക്യാപ്റ്റന്‍ അശ്വല്‍ റായിയുടെ ബ്ലോക്കും തണ്ടള്‍ബോള്‍ട്ട്സിന് പോയിന്റുകള്‍ സമ്മാനിച്ചത്. ഇതോടെ വ്യത്യാസം 9-10 ആയി കുറച്ചു. അശ്വല്‍ സൂപ്പര്‍ സെര്‍വിലൂടെ ആദ്യമായി തണ്ടര്‍ബോള്‍ട്ട്സിന് ലീഡും നല്‍കി. ഒരു മിനിറ്റിനുള്ളില്‍ കോഡി വലയ്ക്ക് മുകളിലൂടെ പന്ത് പറത്തിയപ്പോള്‍ തണ്ടര്‍ബോള്‍ട്ട്സ് 15-11ന് സെറ്റും സ്വന്തമാക്കി.

വേഗത്തില്‍ രണ്ട് പോയിന്റ് നേടി കൊല്‍ക്കത്ത രണ്ടാം സെറ്റിലും കുതിച്ചു. വിനീത് കുമാറിന്റെ സ്പൈക്ക് കൊല്‍ക്കത്തയ്ക്ക് ലീഡ് നല്‍കിയപ്പോള്‍ ആതിഥേയര്‍ പിന്നാക്കമായി. അലിറേസ അബലൂച്ചാണ് സെറ്റില്‍ ബംഗളൂരുവിന് ആദ്യ പോയിന്റ് നല്‍കിയത്. എന്നാല്‍ കളിയില്‍ കൊല്‍ക്കത്ത ആധിപത്യം തുടര്‍ന്നു. അഞ്ച് പോയിന്റ് ലീഡ് നേടി. എന്നാല്‍ ടോര്‍പ്പിഡോസ് തുടര്‍ച്ചയായ നാല് പോയിന്റ് നേടി അന്തരം 5-7 ആയി കുറച്ചു. കെ രാഹീല്‍ രണ്ട് പോയിന്റ് വേഗത്തില്‍ നേടി. കൊല്‍ക്കത്ത കുതിപ്പ് തുടര്‍ന്നു. വിനിത് കുമാറിന്റെ സ്പൈക്ക് കൊല്‍ക്കത്തയുടെ ലീഡ് വര്‍ധിപ്പിച്ചു. ശക്തമായ ഒരു അടിയിലൂടെ അലിറേസ അബലൂച്ചാണ് ബെംഗളൂരുവിന് സെറ്റില്‍ ആദ്യ പോയിന്റ് നേടിക്കൊടുത്തത്. എന്നാല്‍ ഇത് കളിയെ ഇത് ബാധിച്ചില്ല. തണ്ടര്‍ബോള്‍ട്ട് സെറ്റില്‍ അഞ്ച് പോയിന്റ് ലീഡ് നേടി. എന്നാല്‍ ടോര്‍പ്പിഡോസ് നാല് പോയിന്റുകള്‍ വേഗത്തില്‍ നേടി 5-7 അന്തരം കുറച്ചു. രാഹുല്‍ കെ വലയിലേക്ക് അടിച്ചു. ടോര്‍പ്പിഡോസിന് മറ്റൊരു പോയിന്റ് ലഭിച്ചു. തുടര്‍ച്ചയായ രണ്ട് സ്‌പൈക്കുകളിലൂടെ ദീപേഷ് കുമാര്‍ സിന്‍ഹ കൊല്‍ക്കത്തയെ മുന്നിലെത്തിച്ചു. സെറ്റ് 15-11ന് സ്വന്തമാക്കി. കളിയില്‍ 2-0ന് മുന്നിലെത്തുകയും ചെയ്തു.

മൂന്നാം സെറ്റിലും കോഡി തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു. മുജീബിന്റെ തകര്‍പ്പന്‍ ബ്ലോക്ക് ടോര്‍പ്പിഡോസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവര്‍ ലീഡും നേടി. കോച്ച് ഡേവിഡ് ലീ ആത്മവിശ്വാസം കൊണ്ടു. എന്നാല്‍ വിനിത് കുമാര്‍ ഒരു സ്‌പൈക്കിലൂടെ തണ്ടര്‍ബോള്‍ട്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. അന്തരം 5-8 ആയി കുറച്ചു. പിന്നാലെ ടോര്‍പ്പിഡോ ടീമിന്റെ നിന്ന് തുടര്‍ച്ചയായ രണ്ട് പിഴവുകള്‍ കൊല്‍ക്കത്തയ്ക്ക് സമനില പിടിക്കുന്നതിന് സഹായകരമായി. ടോര്‍പ്പിഡോയുടെ സ്വെറ്റനോവ് ബൗണ്ടറി ലൈനിന് പുറത്തുനിന്ന് പന്ത് തട്ടിയതോടെ തണ്ടര്‍ബോള്‍ട്ട് 13-11 ലീഡ് നേടി. ബെംഗളൂരുവിന് തിരിച്ചടിച്ചു. ഇരു ടീമുകളും 14-14ന് സമനില. എന്നാല്‍ ടോര്‍പ്പിഡോസിന്റെ ഐബിന്‍ ജോസിന് സെര്‍വില്‍ പിഴച്ചു. മൂന്നാം സെറ്റ് 15-14ന് നേടി കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് മത്സരം സ്വന്തമാക്കി.

ടോര്‍പ്പിഡോസ് നാലാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ 4-2 ന്റെ ലീഡ് നേടി. വിനിത് കുമാറിന്റെ പിഴവാണ് ടോര്‍പ്പിഡോസിനെ മത്സരത്തില്‍ നാല് പോയിന്റ് ലീഡ് നേടാന്‍ സഹായിച്ചത്. മറുവശത്ത് വിനിത് ശക്തമായ ഒരു ഷോട്ടിലുടെ കൊല്‍ക്കത്തയ്ക്ക് പോയിന്റ് നല്‍കി. ഐബിന്‍ ജോസിന്റെ മിന്നുന്ന ബ്ലോക്ക് ബംഗളൂരുവിന് 11-5ന് ലീഡ് നല്‍കി. എന്നാല്‍ ദീപേഷ് കുമാറും അശ്വല്‍ റായിയും കൊല്‍ക്കത്തയ്ക്ക് മൂന്ന് പോയിന്റ് നല്‍കി. ഐബിന്റെ മികവില്‍ ടോര്‍പ്പിഡോസ് 15-10ന് നാലാം സെറ്റ് സ്വന്തമാക്കി.

അവസാന സെറ്റില്‍ തണ്ടര്‍ബോള്‍ട്ട്‌സ് നേരത്തെ ലീഡ് നേടി. എന്നാല്‍ ടോര്‍പ്പിഡോസ് ക്യാപ്റ്റന്‍ പങ്കജ് തകര്‍പ്പന്‍ ബ്ലോക്കിലൂടെ സ്‌കോര്‍ ഒപ്പമെത്തിക്കാന്‍ ശ്രമിച്ചു. സ്രജന്‍ വലയ്ക്ക് മുകളിലൂടെ പന്ത് പറത്തിവിട്ട് ടോര്‍പ്പിഡോസിന് ലീഡ് നല്‍കി. എന്നാല്‍ ഇരുടീമുകള്‍ക്കും അധിക നേരം ലീഡില്‍ നിലയുറപ്പിക്കാനായില്ല. ഹരിപ്രസാദിന്റെ ഇരട്ട സ്പര്‍ശം ടോര്‍പ്പിഡോസിന് രണ്ട് പോയിന്റ് ലീഡ് തിരിച്ചുപിടിക്കാന്‍ സഹായകരമായി. എന്നാല്‍ ദീപേഷിന്റെ സ്‌പൈക്ക് അന്തരം വീണ്ടും കുറച്ചു. സൂപ്പര്‍ പോയിന്റ് അവസരത്തില്‍ ടോര്‍പ്പിഡോസ് പന്ത് പുറത്ത് തട്ടി കൊല്‍ക്കത്തയ്ക്ക് ലീഡ് ചെയ്യാന്‍ അവസരമുണ്ടാക്കി. എന്നാല്‍ തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടിയ ബെംഗളൂരു 14-13ന് മുന്നിലെത്തി. ഐബിന്റെ അവസാന ഷോട്ട് തണ്ടര്‍ബോള്‍ട്ടിന്റെ കളിക്കാരന്റെ ദേഹത്തുതട്ടി പുറത്തേക്ക് പോയി. ടോര്‍പ്പിഡോസ് സെറ്റ് സ്വന്തമാക്കി,.എന്നാല്‍ മത്സരം 3-2 ന് കൊല്‍ക്കത്ത നേടി.

ഞായറാഴ്ച രാത്രി ഏഴ് മണിക്ക് ബംഗളൂരു കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്സിനെ നേരിടും.

റുപേ പ്രൈം വോളിബോള്‍ രണ്ടാം സീസണ് ഇന്ന് തുടക്കം

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ബെംഗളൂരു ടോര്‍പ്പിഡോസിനെതിരെ

ബെംഗളൂരു: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് ബെംഗളൂരില്‍ തുടക്കം. വൈകിട്ട് 7ന് കോരമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആതിഥേയരായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. മൂന്ന് നഗരങ്ങളിലായി നടക്കുന്ന ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിവയാണ് മറ്റു ടീമുകള്‍. ബ്രാന്‍ഡന്‍ ഗ്രീന്‍വേ (യുഎസ്എ), ഹിരോഷി സെന്റല്‍സ് (ക്യൂബ), കാര്‍ത്തിക് എ, അമിത് ഗുലിയ, ഹര്‍ദീപ് സിങ് തുടങ്ങിയ മികച്ച കളിക്കാരുമായാണ് ലീഗിലെ പുതിയ ടീമായ മുംബൈ മെറ്റിയോഴ്‌സ് എത്തുന്നത്. വിനിത് കുമാര്‍ (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്), ജെറോം വിനീത് (കാലിക്കറ്റ് ഹീറോസ്), അഖിന്‍ ജി.എസ് (ചെന്നൈ ബ്ലിറ്റ്‌സ്), രഞ്ജിത് സിങ് (ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്) തുടങ്ങി ഇന്ത്യയുടെ മികച്ച താരങ്ങള്‍ വിവിധ ടീമുകളിലായി ലീഗിലുണ്ട്. വെനസ്വേലന്‍ ഒളിമ്പ്യന്‍ ജോസ് വെര്‍ഡി, പെറു നാഷണല്‍ ടീം ക്യാപ്റ്റന്‍ എഡ്വാര്‍ഡോ റോമെയ്, ഓസ്‌ട്രേലിയന്‍ ദേശീയ ടീം താരം ട്രെന്റ് ഒ’ഡിയ എന്നീ താരങ്ങളുടെ സാനിധ്യവും ആരാധകരുടെ ആവേശം കൂട്ടും. ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ മൂന്ന് നഗരങ്ങളിലായാണ് ഇത്തവണ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രത്യേകമായി പ്രമോട്ട് ചെയ്യുന്ന റുപേ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 5ന് കൊച്ചിയിലാണ് ഫൈനല്‍.

സീസണ്‍ തുടക്കത്തിന് മുന്നോടിയായി വെള്ളിയാഴ്ച ബെംഗളൂരു റിനൈസന്‍സ് ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഴുവന്‍ ടീം ക്യാപ്റ്റന്‍മാരും ടൂര്‍ണമെന്റ് സംഘാടകരും പങ്കെടുത്തു. ആദ്യ സീസണിന് ശേഷം ഞങ്ങളുടെ രണ്ടാം സീസണ്‍ ആരംഭിക്കുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ നിമിഷമാണെന്ന് റുപേ പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. സാധ്യമായ എല്ലാ വിധത്തിലും ലീഗിന്റെ വ്യാപ്തി വര്‍ധിച്ചു. ഈ വര്‍ഷം മുംബൈ മെറ്റിയോഴ്‌സ് പുതുതായി ലീഗിലെത്തി. ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷനുമായി (എഫ്‌ഐവിബി) പങ്കാളികളാവാനും ലീഗിന് സാധിച്ചു. വോളിബോള്‍ ക്ലബ് ലോകകപ്പ് ഇന്ത്യയിലേക്ക് വരുന്നുവെന്നതാണ് മറ്റൊരു കാര്യം. പി.വി.എല്‍ വിജയികള്‍ക്ക് ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ കഴിയുമെന്നത് സീസണിനെ കൂടുതല്‍ ആവേശഭരിതമാക്കും. ഈ സീസണില്‍ ഗുണനിലവാരം വളരെ മികച്ചതാണ്. ഇത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ ആയിരിക്കുമെന്നും ജോയ് ഭട്ടാചാര്യ കൂട്ടിച്ചേര്‍ത്തു.

ഭാവിയില്‍ ഒരു വനിതാ വോളിബോള്‍ ലീഗ് നമുക്ക് പ്രതീക്ഷിക്കാമെന്ന് ബേസ്‌ലൈന്‍ വെഞ്ചേഴ്‌സിന്റെ മാനേജിങ് ഡയറക്ടറും, സഹസ്ഥാപകനും, റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ കോ-പ്രൊമോട്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു. അടുത്ത കുറച്ച് വര്‍ഷത്തേക്ക് പുരുഷ ലീഗിനെ ദൃഢീകരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിടയില്‍ 70-100 വനിതാ താരങ്ങളുള്ള ഒരു പ്രധാന ഗ്രൂപ്പ് രൂപീകരിക്കുന്നതിന് ഞങ്ങള്‍ പദ്ധതിയിടുന്നുണ്ട്. വടക്കന്‍ മേഖലയിലുടനീളം ലീഗ് വ്യാപിപ്പിക്കാനും ഞങ്ങള്‍ക്ക് ലക്ഷ്യമുണ്ട്. ഉത്തരേന്ത്യയില്‍ നിന്ന് ഒരു ടീമിനെ ഉടന്‍ ലീഗില്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.വി.എലിന് നിരന്തരമായ പിന്തുണ നല്‍കിയതിന് പ്രധാന സ്‌പോണ്‍സര്‍മാരായ റുപേയോട് അദ്ദേഹം പ്രത്യേക നന്ദി രേഖപ്പെടുത്തി. ഞാന്‍ 23 വര്‍ഷമായി ഈ രംഗത്ത് ജോലി ചെയ്യുന്നു. ഞങ്ങള്‍ റുപേയെ സമീപിച്ചപ്പോള്‍ തന്നെ അവര്‍ മുന്നോട്ട് വരാന്‍ തയ്യാറായിരുന്നു. വെറുമൊരു ലോഗോ സ്ഥാപിക്കുന്നതിനേക്കാള്‍, വോളിബോളിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ കാണിച്ച പ്രത്യേക താല്‍പര്യം ഇന്ത്യയില്‍ അഭൂതപൂര്‍വമായ കാര്യമാണെന്നും തുഹിന്‍ മിശ്ര പറഞ്ഞു.

റുപേയെ പ്രതിനിധീകരിച്ച്, എന്‍.പി.സി.ഐ മാര്‍ക്കറ്റിങ് ഇന്‍ചാര്‍ജ് ലളിതാ നായക്കും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. റൂപേയുമായി സഹകരിച്ച് പ്രൈം വോളിബോള്‍ ലീഗ് കഴിഞ്ഞ വര്‍ഷം മുതല്‍ കായികരംഗത്തെ താഴെത്തട്ടില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന വോളി ഗുഡ് കള്‍ച്ചര്‍ എന്ന പേരിലുള്ള ഒരു വീഡിയോയും അവര്‍ പ്രകാശനം ചെയ്തു. ഇന്ത്യയില്‍ ഏറ്റവുമധികം കളിക്കുന്ന കായിക ഇനങ്ങളില്‍ ഒന്നായതിനാല്‍ വോളിബോള്‍ ഇന്ത്യയുടെ ഭാവിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ലളിതാ നായക്ക് പറഞ്ഞു. ഗ്രാസ് റൂട്ട് വികസനം കായികരംഗത്ത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, കാരണം ഇത് ഇന്ത്യയിലെ കളിക്കാര്‍ക്ക് വലിയ ഉത്തേജനം നല്‍കുകയും അത് അവസരങ്ങള്‍ നല്‍കുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ എതിരാളികളെ നേരിടാന്‍ തയ്യാറാണെന്നും, മികച്ച പരിശീലനമാണ് ടീം നടത്തിയതെന്നും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ക്യാപ്റ്റന്‍ അശ്വല്‍ റായ് പറഞ്ഞു. ഞങ്ങള്‍ക്ക് എതിര്‍ടീമിലുള്ള കളിക്കാരെ നന്നായി അറിയാം. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ സമര്‍ദ്ദമില്ല. ചാമ്പ്യന്മാരെപ്പോലെ പ്രകടനം നടത്താനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കാണികളുടെ സാന്നിധ്യം മത്സരത്തില്‍ ടീമിന് വലിയ ഉത്തേജനം നല്‍കുമെന്ന് ബെംഗളൂരു ടോര്‍പ്പിഡോസ് ക്യാപ്റ്റന്‍ പങ്കജ് ശര്‍മ പറഞ്ഞു. പരിശീലന സെഷനുകളില്‍ ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു. ബെംഗളൂരിലെ ആരാധകരുടെ സാനിധ്യം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് പോലെയുള്ള ശക്തമായ ടീമിനെ മറികടക്കാന്‍ ഞങ്ങളെ സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കാനാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ റുപേ പ്രൈം വോളി ലീഗ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് വോളിബോള്‍ വേള്‍ഡിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.

റുപേ പ്രൈം വോളിബോള്‍ ലീഗ്; കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കി

കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിനുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കി. ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ചും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടീമംഗങ്ങളും ചേര്‍ന്നാണ് ജേഴ്‌സി പുറത്തിറക്കിയത്. ഫെബ്രുവരി 4-ന് ബെംഗലൂരുവിലാണ് പ്രൈം വോളിബോള്‍ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

നേവി ബ്ലൂ നിറത്തിലുള്ള ജേഴ്‌സിയുടെ കോളറിന് സ്വര്‍ണനിറമാണ്. ജേഴ്‌സിയുടെ തോളിലും സ്ലീവിലും ഇടതും വലതും ഭാഗത്ത് സ്വര്‍ണ നിറത്തില്‍ സ്‌ട്രൈപ്പുകളുമുണ്ട്. സ്വര്‍ണ നിറത്തിലുള്ള ടീമിന്റെ ലോഗോയിലെ സ്വര്‍ണ നിറത്തിന് സമാനമായ സ്‌ട്രൈപ്പുകളാണ് ജേഴ്‌സിലുള്ളത്. ടീമിന്റെ ലോഗോ ജേഴ്‌സിയുടെ മുന്നില്‍ ഇടത് വശത്തും പ്രൈം വോളിബോള്‍ ലീഗിന്റെ ലോഗോ വലത് വശത്തും പുറക് വശത്തുമുണ്ട്. ജേഴ്‌സിയുടെ മുന്‍വശത്ത് നടുക്കായിട്ട് ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ലോഗോയും പിന്‍വശത്ത് പ്രസന്റിങ് പാര്‍ട്ണര്‍ എംസ്വാസ്ത്തിന്റെയും വലത് കൈയില്‍ അസോസിയേറ്റ് പാര്‍ട്ണറായ പ്രസ്റ്റിജിന്റെയും ഇടത് കൈയില്‍ ഡിലൈറ്റിന്റെയും (Dlight) ലോഗോയുണ്ട്. ഇതിന് പുറമേ കളിക്കാരുടെ പേരും നമ്പറുമുണ്ട്. ലീഗിന്റെ രണ്ടാം പതിപ്പില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കിറ്റിങ് പാര്‍ട്ണര്‍ ഡാനിഷ് ബ്രാന്‍ഡായ ഹമ്മല്‍ (Hummel) ആണ്.

റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ടീമിന് കഴിയുമെന്നതില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് എക്‌സിക്യുട്ടിവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. പരിശീലനത്തിനും ടീമെന്ന നിലയില്‍ ഇഴുകി ചേരാനും കളിക്കാര്‍ക്ക് ആവശ്യത്തിന് സമയം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗലൂരുവില്‍ ഫെബ്രുവരി 7-ന് ചെന്നൈ ബ്ലിറ്റ്‌സുമായാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആദ്യ മത്സരം. കൊച്ചിയില്‍ ഫെബ്രുവരി 25-ന് കാലിക്കറ്റ് ഹീറോസുമായാണ് ടീമിന്റെ ആദ്യ ഹോം മാച്ച്.

ചരിത്രത്തിലാദ്യമായി വോളിബോൾ ക്ലബ്‌ ലോക ചാമ്പ്യൻഷിപ്പ്‌ ഇന്ത്യയിലേക്ക്‌

കിടയറ്റ രാജ്യാന്തര വോളിബോൾ ഇന്ത്യയിലേക്ക്‌

ന്യൂഡൽഹി, ജനുവരി 31, 2023: വോളിബോൾ പുരുഷ ക്ലബ്‌ ലോക ചാമ്പ്യൻഷിപ്പിന്‌ ഇന്ത്യ ആതിഥേയരാകുമെന്ന്‌ വോളിബോൾ വേൾഡും എഫ്ഐവിബിയും പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച പ്രൊഫഷണൽ വോളിബോൾ ലീഗായ, എ23 പ്രായോജകരായ റുപേ പ്രൈം വോളിബോൾ ലീഗുമായുള്ള പങ്കാളിത്തത്തോടെ രണ്ട്‌ വർഷത്തേക്കുള്ള ആതിഥേയരായാണ്‌ ഇന്ത്യയെ പ്രഖ്യാപിച്ചത്‌.

ആതിഥേയ രാജ്യമെന്ന നിലയിൽ, 2023, 2024 വർഷങ്ങളിലെ റുപേ പ്രൈം വോളിബോൾ ലീഗിലെ ജേതാക്കൾ ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച വോളിബോൾ രാജ്യങ്ങളിൽനിന്നുള്ള ക്ലബ്ബുകളുമായി വലിയ പോരാട്ടങ്ങൾക്ക്‌ അവസരമൊരുങ്ങും. വോളിബോൾ ലോക ചാമ്പ്യൻഷിപ്‌ പോരാട്ടങ്ങളിൽ ഇന്ത്യയിൽ പ്രത്യേകമായി വിപണനം ചെയ്യുന്നത്‌ റുപേ പ്രൈം വോളിബോൾ ലീഗിന്റെ സ്ഥാപക പങ്കാളികൾ കൂടിയായ ഇന്ത്യയിലെ പ്രമുഖ സ്‌പോർട്‌സ് മാർക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈൻ വെഞ്ചേഴ്‌സാണ്‌.

2023 ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ചാമ്പ്യൻഷിപ്‌. ഈ വർഷം അവസാനം ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും.

2022-ൽ റുപേ പ്രൈം വോളിബോൾ ലീഗ് ആരംഭിച്ചതിന് ശേഷം കായികരംഗത്ത് വൻ കുതിച്ചുചാട്ടമാണ്‌ ഇന്ത്യയിൽ നടക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ ഇന്ത്യയിലേക്ക് ഈ ടൂർണമെന്റ് വഴി മികച്ച രാജ്യാന്തര വോളിബോളിനെ കൊണ്ടുവരുന്നത്‌. ലീഗിന്റെ സീസൺ 1 ഇന്ത്യയിൽ മാത്രം 133 ദശലക്ഷം പേർ ടിവിയിൽ കണ്ടു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ 84 ദശലക്ഷത്തിലധികം ആരാധകരിലേക്കുമെത്തി.

ലോകത്താകമാനം 20 വർഷത്തിലേറെയായി വോളിബോൾ ക്ലബ് ലോകചാമ്പ്യൻഷിപ് മികച്ച പുരുഷ താരങ്ങളുടെ പ്രൊഫഷണൽ ക്ലബ്ബുകളെ അവതരിപ്പിക്കുന്നു. വോളിബോൾ ലോക ചാമ്പ്യൻ പട്ടത്തിന്‌ പുറമെ 350,000 ഡോളർ സമ്മാനത്തുകയും ലഭിക്കും.

‘‘പുരുഷന്മാരുടെ ഏറ്റവും മികച്ച വോളിബോൾ ചാമ്പ്യൻഷിപ്‌ ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ എഫ്‌ഐവിബി അതീവ സന്തോഷത്തിലാണ്‌. ആതിഥേയ രാജ്യം ഉൾപ്പെടെ ലോകത്തെ മുൻനിര ക്ലബ്ബുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പാണ്‌. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആരാധകർക്ക്‌ ആവേശകരമായ വോളിബോൾ ചലനങ്ങളും കായിക താരങ്ങളുടെ അസാധ്യ പ്രകടനവും ഉറപ്പുനൽകാൻ ഞങ്ങൾക്ക്‌ കഴിയും.”‐ എഫ്‌ഐവിബി പ്രസിഡന്റ്‌ ഡോ. ആരി എസ്‌ ഗ്രാഫ എഫ്‌ പറഞ്ഞു.

ഉപഭൂഖണ്ഡത്തിൽ ആദ്യമായി ലോക ക്ലബ് ചാമ്പ്യൻഷിപ്‌ നടക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആവേശകരവും തകർപ്പൻ പോരാട്ടവീര്യമുള്ള മത്സരങ്ങൾക്കും പേരുകേട്ടതാണ് ഈ ടൂർണമെന്റ്. കൂടാതെ മികച്ച ക്ലബ്ബുകളും അത്‌ലറ്റുകളും ഉയർന്ന തലത്തിൽ മത്സരിക്കുന്നത് കാണാൻ ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആരാധകർക്ക് ടിവിയിലൂടെ കാണാനുള്ള അവസരം നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്‌‐ വോളിബോൾ വേൾഡ് സിഇഒ ഫിൻ ടെയ്‌ലർ പറഞ്ഞു.

“ഇത് ഇന്ത്യൻ കായികരംഗത്തെ ചരിത്ര നിമിഷമാണ്. ലോകമെമ്പാടുമുള്ള മികച്ച കായിക താരങ്ങൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇന്ത്യയിലേക്ക് എത്തുന്നു. ഒപ്പം നമ്മുടെ ഇന്ത്യൻ കളിക്കാർക്ക് അവർക്കെതിരെ മത്സരിക്കാൻ അവസരം ലഭിക്കുകയും ചെയ്യും. 2028 ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് ഇന്ത്യൻ വോളിബോൾ ടീമിന്‌ സഹായിക്കുന്നതിനായൂള്ള ഞങ്ങളുടെ ദൗത്യത്തിന് മുതൽക്കൂട്ടാകും. തുടർച്ചയായ വർഷങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഒരു ആഗോള കായിക മേള ഞങ്ങളുടെ കളിക്കാർക്ക് മികച്ച വേദിയും എക്സ്പോഷറും നൽകും’’‐ബേസ്‌ലൈൻ വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറും സഹസ്ഥാപകനും റുപേ പ്രൈം വോളിബോൾ ലീഗിന്റെ കോ-പ്രൊമോട്ടറുമായ തുഹിൻ മിശ്ര പറഞ്ഞു.

“ഞങ്ങളുടെ ലീഗിന് ഇതൊരു വലിയ വാർത്തയാണ്. റുപേ പ്രൈം വോളിബോൾ ലീഗിലെ എല്ലാ ടീമുകൾക്കും മികച്ച പ്രകടനം നടത്താനുള്ള പ്രോത്‌സാഹനമാണ്‌ ഇത്‌ നൽകുന്നത്‌.അങ്ങനെ അവർക്ക് ക്ലബ് ലോക ചാമ്പ്യൻഷിപ്പിൽ കളിക്കാനും കഴിയും. ഇന്ത്യയിലെ വോളിബോൾ ആരാധകർക്ക്‌ ഈ ആഗോള കായികമേള ആവേശകരമായ അനുഭവമായിരിക്കും നൽകുക. ഇന്ത്യൻ മണ്ണിൽ മികച്ച വോളിബോളിനായിരിക്കും അവർ സാക്ഷ്യം വഹിക്കുക‐ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ഉടമയും പ്രൈം വോളിബോൾ ലീഗ് ബോർഡ് ചെയർമാനുമായ തോമസ് മുത്തൂറ്റ് പറഞ്ഞു.

എ23 പ്രായോജകരായ റുപേ പ്രൈം വോളിബോൾ ലീഗ് ഫെബ്രുവരി നാല്‌ ശനിയാഴ്ച മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന് പുറത്ത് വോളിബോൾ വേൾഡ് ടിവിയിൽ തത്സമയം സ്ട്രീം ചെയ്യും. ലോക ക്ലബ് ചാമ്പ്യൻഷിപ്പിനായി യോഗ്യതയുള്ള ടീമുകളും അവസാന മത്സരക്രമവും പിന്നീട് പ്രഖ്യാപിക്കും. ടൂർണമെന്റിലെ മത്സരങ്ങൾ ആഗോളതലത്തിൽ വോളിബോൾ വേൾഡ് ടിവിയിലൂടെ കാണാനാകുമെന്ന്‌ ആരാധകർക്ക്‌ പ്രതീക്ഷിക്കാം.

(Press Release)

കൊല്‍ക്കത്തന്‍ ഇടിമുഴക്കം, റുപേ പ്രൈം വോളിബോള്‍ ലീഗ് കിരീടം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സിന്

ഹൈദരാബാദ്, 27 ഫെബ്രുവരി 2022: അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്ത് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് റുപേ പ്രൈം വോളിബോള്‍ ലീഗ് ചാമ്പ്യന്‍മാരായി. ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 15-13, 15-10, 15-12 എന്ന സ്‌കോറിനാണ് കൊല്‍ക്കത്തയുടെ ജയം. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനീത് കുമാര്‍ കളിയിലെ താരമായി.

ആദ്യ സെറ്റില്‍ അഹമ്മദാബാദ് തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയപ്പോള്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് 5-3ന് മുന്നിലെത്തി. വിനീത് കുമാര്‍ മികവ് കാട്ടിയതോടെ കൊല്‍ക്കത്ത ആധിപത്യം തുടര്‍ന്നു. 10-8ന്റെ ലീഡായി. എന്നാല്‍ ഷോണ്‍ ടി ജോണിന്റെ സ്പൈക്കിലൂടെ അഹമ്മദാബാദ് തിരിച്ചടിച്ചു. 13-13ന് ഒപ്പമെത്തി. വിനീത് കുമാറിന്റെ ഉശിരന്‍ സെര്‍വിലൂടെ ഒന്നാം സെറ്റ് 15-13ന് തണ്ടര്‍ബോള്‍ട്ട്സ് നേടി.

വിനീത് കുമാറിനൊപ്പം ക്യാപ്റ്റന്‍ അശ്വല്‍ റായിയും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനായി മിന്നിയപ്പോള്‍ രണ്ടാം സെറ്റില്‍ അവര്‍ 9-5ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് രാഹുലിന്റെ ഊഴമായിരുന്നു. സൂപ്പര്‍ പോയിന്റിന്റെ കൂടി ആനുകൂല്യത്തില്‍ എതിര്‍പ്പുകളൊന്നുമില്ലാതെ 15-10ന് സെറ്റ് നേടി കളിയില്‍ തണ്ടര്‍ബോള്‍ട്ട്സ് 2-0ന് മുന്നിലെത്തി.

മൂന്നാം സെറ്റിലും ഉശിരന്‍ പ്രകടനം തുടര്‍ന്നു കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്. 8-5ന് മുന്നിലെത്തി. മനോജ് എല്‍.എമ്മിലൂടെ അഹമ്മദാബാദ് കളിയില്‍ പിടിച്ചുനിന്നു. എന്നാല്‍ ഉജ്വല സ്പൈക്കുകളിലൂടെ കൊല്‍ക്കത്ത കളംനിറഞ്ഞപ്പോള്‍ സ്‌കോര്‍ 11-8 എന്ന നിലയിലായി. പിന്നാലെ അധികം വിയര്‍ക്കാതെ 15-12ന് മൂന്നാം സെറ്റും ചാമ്പ്യന്‍ഷിപ്പും ഉറപ്പിച്ചു കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്.

വിനീത് കുമാറാണ് (കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്) സീസണിലെ മൂല്യമേറിയ താരം (മോസ്റ്റ് വാല്യബ്ള്‍ പ്ലേയര്‍). ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ എസ്.വി ഗുരു പ്രസാദാണ് ഭാവി വാഗ്ദാനം. മികച്ച സ്പൈക്കറായി അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിന്റെ അംഗമുത്തുവും, ബ്ലോക്കറായി ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ ഇ.ജെ ജോണ്‍ ജോസഫും തെരഞ്ഞെടുക്കപ്പെട്ടു. ഷോണ്‍ ടി ജോണാണ് (അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്) ഫാന്റസി താരം.

റുപേ പ്രൈം വോളിബോൾ ലീഗ് കിരീടത്തിനായി കൊൽക്കത്ത-അഹമ്മദാബാദ് പോരാട്ടം

ഹൈദരാബാദ്, 26 ഫെബ്രുവരി 2022: പോരാട്ട വീര്യം നിറഞ്ഞ 23 മത്സരങ്ങൾക്ക് ശേഷം, ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച റുപേ പ്രൈം വോളിബോൾ ലീഗിന്റെ കലാശക്കളി. വൈകിട്ട് 6.50ന് തുടങ്ങുന്ന കിരീടപ്പോരിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും.

വ്യാഴാഴ്ച നടന്ന ആദ്യ സെമിയിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 4-1ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസിനെ 3-0ന് പരാജയപ്പെടുത്തിയാണ്
കൊൽക്കത്ത തണ്ടർബോൾട്ട്സ് ഫൈനലിന് യോഗ്യത നേടിയത്. ലീഗിൽ ആകെ 7 ടീമുകളാണ് പങ്കെടുത്തത്. ലീഗ് ഘട്ടത്തിൽ മുന്നിലെത്തിയ ആദ്യ നാലു ടീമുകൾ സെമി ഫൈനലിൽ മത്സരിച്ചു. കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ലീഗ് ഘട്ടത്തിൽ പുറത്തായി. കാലിക്കറ്റ് ഹീറോസിൻ്റെ പോരാട്ടം സെമിയിലും അവസാനിച്ചു.

ഫൈനലിൽ ടീം പ്രതിരോധക്കളി മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്ന് അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ക്യാപ്റ്റൻ മുത്തുസാമി പറഞ്ഞു. മുൻ മത്സരങ്ങളിലെ തെറ്റുകൾ തിരുത്തി ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മുത്തു സാമി പ്രത്യാശ പ്രകടിപ്പിച്ചു.

സെമിഫൈനൽ വിജയത്തിന് ശേഷം വളരെ ആത്മവിശ്വാസത്തോടെയാണ് ഞങ്ങൾ ഫൈനൽ മത്സരത്തിന് ഇറങ്ങുന്നതെന്ന് കൊൽക്കത്ത ക്യാപ്റ്റൻ അശ്വൽ റായ് പറഞ്ഞു. റുപേ പ്രൈം വോളിബോൾ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യയും ഫൈനലിന് മുന്നോടിയായുള്ള വെർച്വൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസ് പൊരുതിത്തോറ്റു, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഫൈനലില്‍

ഹൈദരാബാദ്, 25 ഫെബ്രുവരി 2022: ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമിയില്‍ കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് ഫൈനലില്‍. സ്‌കോര്‍ 16-14, 15-10, 17-15. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാറാണ് കളിയിലെ താരം. 2022 ഫെബ്രുവരി 27ന് (ഞായറാഴ്ച) നടക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ ഫൈനലില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും.

ആദ്യസെറ്റില്‍ കാലിക്കറ്റാണ് ലീഡെടുത്തത്. ക്യാപ്റ്റന്‍ ജെറോം വിനിത് ഗംഭീരമായ സ്‌പൈക്കുകള്‍ സൃഷ്ടിച്ചതോടെ ഹീറോസ് 12-8ന് ലീഡ് നേടി. എന്നാല്‍, തണ്ടര്‍ബോള്‍ട്ട്‌സിന്റെ വിനിത് കുമാറും മാത്യു അഗസ്റ്റും തങ്ങളുടെ മിന്നും പ്രകടനം പുറത്തെടുത്ത് സ്‌കോര്‍ 12-12ന് സമനിലയിലാക്കി. അതിനുശേഷം, ഇരുടീമുകളും തകര്‍പ്പന്‍ പോരാട്ടം നടത്തി, രാഹുലിന്റെ ഗംഭീരമായ ഒരു സെര്‍വിലൂടെ 16-14ന് കൊല്‍ക്കത്ത സെറ്റ് അവസാനിപ്പിച്ചു.

രണ്ടാം സെറ്റില്‍ മാത്യു അഗസ്റ്റും രാഹുലും ഉജ്ജ്വലമായ സ്‌പൈക്കുകള്‍ നടത്തി, തണ്ടര്‍ബോള്‍ട്ട് 10-7ന് മുന്നിലെത്തി. ഹീറോസിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ ജെറോം വിനിതിന്റെ ശ്രമം. എന്നാല്‍ അഗസിന്റെ ഒരു മികച്ച ബ്ലോക്ക് കൊല്‍ക്കത്തയെ ഒരു സൂപ്പര്‍ പോയിന്റ് നേടാനും 14-9ന് വന്‍ ലീഡ് നേടാനും സഹായിച്ചു. രണ്ടാം സെറ്റ് 15-10ന് അവസാനിപ്പിച്ച് തണ്ടര്‍ബോള്‍ട്ട്‌സ് മത്സരത്തില്‍ 2-0ന്റെ ലീഡ് നേടി.

മൂന്നാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ് തിരിച്ചുവരവ് നടത്തി. ജെറോമും ഡേവിഡ് ലീയും തലയുയര്‍ത്തി നിന്നതോടെ കാലിക്കറ്റ് 7-0ന് വന്‍ ലീഡ് നേടി. കൊല്‍ക്കത്ത പതിയെ തിരിച്ചുവന്നു. രാഹുലിന്റെ രണ്ട് സൂപ്പര്‍ സെര്‍വുകള്‍ കൊല്‍ക്കത്തയെ സ്‌കോര്‍ 11-11ന് സമനിലയിലാക്കാന്‍ സഹായിച്ചു. എന്നാല്‍ ജെറോമിന്റെ സ്‌പൈക്കും, ലീയുടെ ബ്ലോക്കും 13-12ന് ഹീറോസിന്റെ ലീഡ് നിലനിര്‍ത്തി. അഗസ്റ്റിന്റെ പ്രകടനത്തില്‍ കാലിക്കറ്റ് വിറച്ചു, കൊല്‍ക്കത്തയ്ക്ക് 15-14ന് മാച്ച് പോയിന്റ് ലഭിച്ചു. ഒരു മാച്ച് പോയിന്റ് സേവ് ചെയ്ത ഹീറോസ് കൊല്‍ക്കത്തയുടെ വിജയം നീട്ടിയെങ്കിലും സ്‌കോര്‍ 16-15ല്‍ നില്‍ക്കെ തണ്ടര്‍ബോള്‍ട്ട്‌സിന് അനുകൂലമായ റിവ്യൂ ലഭിച്ചു. 17-15ന് സെറ്റ് അവസാനിപ്പിച്ച അവര്‍ പ്രഥമ റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ കലാശക്കളിക്കും യോഗ്യത നേടി.

2022 ഫെബ്രുവരി 27 ഞായറാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെ നേരിടും.

വരുന്നു കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ്, പ്രഖ്യാപനവുമായി പ്രൈം വോളിബോള്‍

ഹൈദരാബാദ്, 25 ഫെബ്രുവരി 2022: റുപേ പ്രൈം വോളിബോള്‍ ലീഗിന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള കായിക പ്രേമികളുടെ ആവേശാജനകമായ പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍, കേരളം കേന്ദ്രീകരിച്ച് കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ് തുടങ്ങാന്‍ തീരുമാനിച്ചതായി പ്രൈം വോളിബോള്‍ ലീഗിന്റെ സ്ഥാപക പങ്കാളികള്‍ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ടൂര്‍ണമെന്റിന്റെ പ്രഖ്യാപനം. ജില്ലകളില്‍ നിന്നുള്ള ടീമുകളായിരിക്കും വോളിബോള്‍ ലീഗില്‍ പങ്കെടുക്കുക. ഈ വര്‍ഷം മധ്യത്തോടെ ടൂര്‍ണമെന്റ് തുടങ്ങും. ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സിനായിരിക്കും കേരള പ്രീമിയര്‍ വോളിബോള്‍ ലീഗിന്റെയും വിപണന അവകാശം.

മേഖലാ അടിസ്ഥാനത്തിലുള്ള വോളിബോള്‍ ലീഗിനായി ഓരോ ടീമുകള്‍ക്കും കേരളത്തിന് പുറമെ മറ്റൊരു സംസ്ഥാനത്തില്‍ നിന്നോ വിദേശത്ത് നിന്നോ നിശ്ചിത എണ്ണം താരങ്ങളെ തിരഞ്ഞെടുക്കാം. ലീഗ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നതിനായി ചില ടി.വി ചാനലുകളുമായി കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ് സംഘാടകര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.

വോളിബോള്‍ താരങ്ങള്‍ക്ക് താഴെത്തട്ടില്‍ ഒരുവേദി നല്‍കുന്നതിനായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വോളിബോള്‍ ലീഗുകള്‍ സ്ഥാപിക്കുക എന്നതാണ് പ്രൈം വോളിബോള്‍ ലീഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ വിശാലമായ കാഴ്ച്ചപ്പാട്. പ്രൈം വോളിബോള്‍ ലീഗിലെ ഫ്രാഞ്ചൈസികളില്‍ കളിക്കുന്നതിനായി താരങ്ങളെ കണ്ടെത്തി അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും മേഖലാ അടിസ്ഥാനത്തിലുള്ള ലീഗുകള്‍ ഉപയോഗപ്പെടുത്തും.

നിരവധി വര്‍ഷങ്ങളായി മികച്ച വോളിബോള്‍ താരങ്ങളുടെ വിളനിലമാണ് കേരളം. കൂടാതെ അനേകം ഇതിഹാസ വോളിബോള്‍ താരങ്ങളെയും കേരളം രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഈ സംസ്ഥാനത്തിന്റെ അളവറ്റ കായിക പ്രേമം കൂടി കണക്കിലെടുത്താണ് മേഖല അടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പ്രദേശാധിഷ്ഠിത ലീഗുകളില്‍ ആദ്യത്തേതിന് കേരളത്തില്‍ തന്നെ തുടക്കമിടുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി റുപേ പ്രൈം വോളിബോള്‍ ലീഗിന് അതിശയകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും, വോളിബോള്‍ ആവേശം വര്‍ഷം മുഴുവന്‍ തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഇതേകുറിച്ച് സംസാരിച്ച ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് സഹസ്ഥാപകനും എംഡിയുമായ തുഹിന്‍ മിശ്ര പറഞ്ഞു. ഇന്ത്യയില്‍ മേഖലാടിസ്ഥാനത്തിലുള്ള നിരവധി വോളിബോള്‍ ലീഗുകള്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, അവയില്‍ ആദ്യത്തേത് കേരള പ്രീമിയര്‍ വോളിബോള്‍ ലീഗായിരിക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റുപേ പ്രൈം വോളിബോള്‍ ലീഗില്‍ പ്രതിഭാധനരായ നിരവധി താരങ്ങള്‍ കാണികളെ അമ്പരപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു, കേരള പ്രീമിയര്‍ വോളിബോള്‍ ലീഗിലൂടെ കൂടുതല്‍ കഴിവുള്ള താരങ്ങളെ കണ്ടെത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്-അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വോളിബോളിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. കേരളത്തില്‍ താഴെത്തട്ടില്‍ തന്നെ മികച്ച രീതിയില്‍ ബന്ധപ്പെട്ടിരിക്കുന്ന ഗെമിയാണിത്. കൂടാതെ രാജ്യത്തിനായി മികച്ച താരങ്ങളെ സൃഷ്ടിക്കുന്ന സമ്പന്നമായ പാരമ്പര്യവും കേരളത്തിനുണ്ട്. കേരള പ്രീമിയര്‍ ലീഗ് വോളിബോള്‍, പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള വോളിബോള്‍ പ്രതിഭകള്‍ക്ക് ഒരു വലിയ വേദിയായിരിക്കും. ഈ കായികരംഗത്തെ ജനകീയമാക്കുന്നതില്‍ ലീഗ് ഒരു വലിയ മാറ്റം വരുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. താരങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ അനുയോജ്യമായ ഒരു പ്ലാറ്റ്‌ഫോം നല്‍കി, അവരുടെ വളര്‍ച്ചയില്‍ ക്രിയാത്മകമായി സ്വാധീനിക്കുന്നതിന് മറ്റൊരു അവസരം കൂടി കെപിഎലുമായുള്ള ബന്ധം ഞങ്ങള്‍ക്ക് നല്‍കുന്നു. ഇന്ത്യയില്‍ വോളിബോളിന്റെ സുസ്ഥിര വികസനം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണ് കേരള പ്രീമിയര്‍ വോളിബോള്‍ ലീഗിന്റെ രൂപീകരണവും അതിനോടുള്ള ഞങ്ങളുടെ പിന്തുണയുമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി കേരളത്തിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിലൊന്നാണ് വോളിബോളെന്നും, അതിനാല്‍ കേരളത്തിലെ വോളിബോള്‍ താരങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവതാരങ്ങള്‍ക്ക് കേരള പ്രീമിയര്‍ വോളിബോള്‍ ലീഗില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള മഹത്തായ അവസരം ലഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ബീക്കണ്‍ ഇന്‍ഫോടെക് എംഡിയും, കാലിക്കറ്റ് ഹീറോസ് സഹ ഉടമയുമായ സഫീര്‍ പി.ടി പറഞ്ഞു. ടൂര്‍ണമെന്റിലൂടെ കഴിവുള്ള വോളിബോള്‍ താരങ്ങളെ കണ്ടെത്താനും, കേരളത്തില്‍ വോളിബോള്‍ കായികരംഗം കൂടുതല്‍ വളരുന്നതും പരിണമിക്കുന്നതും കാണാനും ഞങ്ങള്‍ക്ക് കാത്തിരിക്കാനാവുന്നില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൈം വോളിബോള്‍ ലീഗില്‍ 84 ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്. ഇവിടെ അവസരം ലഭിക്കാത്ത കേരളത്തിലെ നിരവധി താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ കേരള പ്രീമിയര്‍ വോളിബോള്‍ ലീഗ് വേദിയൊരുക്കും. നിരവധി താരങ്ങളെ കേരളത്തില്‍ മാത്രമല്ല, രാജ്യമൊട്ടാകെ പ്രശസ്തരാക്കാനും ഈ പ്രാദേശിക ലീഗ് സഹായിക്കും-സഫീര്‍ കൂട്ടിച്ചേര്‍ത്തു.

കേരള പ്രീമിയര്‍ വോളിബോള്‍ ലീഗിന്റെ തീയതിയും വേദിയും ഉടന്‍ പ്രഖ്യാപിക്കും.

റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സെമിയിൽ കൊൽക്കത്ത തണ്ടർബോൾട്ട്‌സ് കാലിക്കറ്റ് ഹീറോസിനെ നേരിടും

ഹൈദരാബാദ്, 24 ഫെബ്രുവരി 2022: 2022 ഫെബ്രുവരി 25 വെള്ളിയാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന റുപേ പ്രൈം വോളിബോൾ ലീഗിന്റെ സെമി-ഫൈനൽ 2-ൽ കൊൽക്കത്ത തണ്ടർബോൾട്ട്സ് കാലിക്കറ്റ് ഹീറോസിനെ നേരിടാൻ ഒരുങ്ങുകയാണ്.

കാലിക്കറ്റിനെതിരായ മത്സരത്തിന് മുന്നോടിയായി സംസാരിച്ച കൊൽക്കത്ത തണ്ടർബോൾട്ട് ക്യാപ്റ്റൻ അശ്വൽ റായ് പറഞ്ഞു, “കോഴിക്കോട് ഹീറോകൾക്കായി ഞങ്ങൾ പദ്ധതികൾ ആവിഷ്കരിക്കും. ഫൈനലിലെത്താൻ ഞങ്ങL പരമാവധി ശ്രമിക്കുm. സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തെത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പക്ഷേ ഞങ്ങളുടെ പ്രധാന ലക്ഷ്യം മത്സരത്തിൽ വിജയിക്കുക എന്നതാണ്.”

ടീം മെച്ചപ്പെടേണ്ട വശങ്ങളെക്കുറിച്ചും ക്യാപ്റ്റൻ പറഞ്ഞു, “അവരുടെ അവസാന മത്സരത്തിൽ കാലിക്കറ്റ് നന്നായി കളിച്ചു. എന്നാൽ അവരുടെ ഫോമിനെക്കുറിച്ച് ഞങ്ങൾ ചിന്തിക്കില്ല. ഞങ്ങളുടെ അവസാന മത്സരത്തിൽ ഞങ്ങൾ ചില ചെറിയ പിഴവുകൾ വരുത്തി. ഞങ്ങൾ അവയിൽ പ്രവർത്തിക്കും. ഒപ്പം ഒരു ടീമെന്ന നിലയിൽ കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കു.”

തന്റെ ടീം ശരിയായ ദിശയിലേക്ക് നീങ്ങുകയാണെന്ന് കാലിക്കറ്റ് ഹീറോസിന്റെ ഡേവിഡ് ലീ പറഞ്ഞു, “സെമി ഫൈനൽസിൽ സ്ഥാനം പിടിച്ചതിന് ശേഷം ഞങ്ങൾ വളരെ ആവേശത്തിലായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് ശേഷം ഞങ്ങളുടെ ടീം അൽപ്പം തളർന്നിരുന്നു. ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെതിരെ 5-0 ന് വിജയിച്ചതിന് ശേഷം ഒരു തിരിച്ചുവരവ് അത് സന്തോഷം നൽകി. ഞങ്ങൾ ശരിയായ ദിശയിലേക്ക് നീങ്ങുകയാണ്.” അദ്ദേഹം പറഞ്ഞു.

സെമി ഫൈനൽ മത്സരത്തിൽ ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ലീ പറഞ്ഞു, “ഞങ്ങളുടെ പ്രതിരോധ ഗെയിമും സെർവ് സ്വീകരിക്കുന്നതും വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ കഴിഞ്ഞ മത്സരത്തിലും ഞങ്ങളുടെ പാസിംഗും ശ്രദ്ധേയമായിരുന്നു. കൊൽക്കത്ത നന്നായി കളിക്കുന്നുണ്ട്. നന്നായി, അവർ നന്നായി സെർവ് ചെയ്യുന്നു, അതിനാൽ സെർവുകൾ ലഭിക്കുമ്പോൾ ഞങ്ങൾ നന്നായി വിജയിക്കണം. മറ്റേതൊരു ഗെയിമും പോലെയാണ് ഞങ്ങൾ സെമി-ഫൈനലിനെ സമീപിക്കാൻ പോകുന്നത്. ഞങ്ങൾ ഓരോ പോയിന്റിനും വേണ്ടി പോരാടാൻ പോകുന്നു, മത്സരം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ”

2022 ഫെബ്രുവരി 25 വെള്ളിയാഴ്ച 1850 മണിക്ക് കൊൽക്കത്ത തണ്ടർബോൾട്ടും കാലിക്കറ്റ് ഹീറോസും സെമി ഫൈനൽ 2-ൽ പരസ്പരം ഏറ്റുമുട്ടും.

റുപേ പ്രൈം വോളിബോള്‍ ലീഗ്: അഹമ്മദാബാദിന്റെ സ്മാഷില്‍ കൊച്ചി സ്‌പൈക്കേഴ്‌സ് പുറത്ത്

ഹൈദരാബാദ്, 22 ഫെബ്രുവരി 2022: കോര്‍ട്ടിലും പുറത്തും അത്യാവേശം നിറഞ്ഞ മത്സരത്തില്‍, കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ രണ്ടിനെതിരെ മൂന്നുസെറ്റുകള്‍ക്ക് തോല്‍പ്പിച്ച് അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ചൊവ്വാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15-14, 15-14, 11-15, 14-15, 15-10 എന്ന സ്‌കോറിനാണ് ഗുജറാത്ത് ടീമിന്റെ ജയം. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ഷോണ്‍ ടി ജോണ്‍ കളിയിലെ താരമായി. തോല്‍വിയോടെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തായി. ബുധനാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊച്ചി ടീം, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനെ നേരിടും. 6 മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഡിഫന്‍ഡേഴ്‌സ് പത്തുപോയിന്റുകള്‍ നേടി ലീഗില്‍ ഒന്നാമന്‍മാരായി. കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് എന്നീ ടീമുകളും സെമിഫൈനലിന് യോഗ്യത നേടി.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിന്റെ ക്യാപ്റ്റന്‍ മുത്തുസാമിയുടെ തകര്‍പ്പന്‍ സ്‌പൈക്കിലൂടെ ടീം ആദ്യ സെറ്റില്‍ 6-4ന് മുന്നിലെത്തി. പക്ഷേ, ബ്ലൂ സ്‌പൈക്കേഴ്‌സ് കോഡി കാള്‍ഡ്്‌വെലിലൂടെ ശക്തമായി പൊരുതി സ്‌കോര്‍ 10-10ന് സമനിലയിലാക്കി. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി പോയിന്റ് നിലനിര്‍ത്തി. സ്‌കോര്‍ 14-14ല്‍ നില്‍ക്കെ ബ്ലൂ സ്‌പൈക്കേഴ്‌സിന് സെര്‍വ് നഷ്ടമായി, അഹമ്മദാബാദ് 15-14ന്
ആദ്യ സെറ്റ് നേടി.

രണ്ടാം സെറ്റില്‍ 8-7ന് ഡിഫന്‍ഡേഴ്‌സ് ലീഡെടുത്തു. ഷോണ്‍ ടി ജോണും, അംഗമുത്തുവും തകര്‍പ്പന്‍ പ്രകടനം നടത്തി. കാള്‍ഡ്‌വെല്‍ ഉജ്ജ്വല സ്മാഷ് സൃഷ്ടിച്ച് സ്‌കോര്‍ 13-13 എന്ന നിലയില്‍ സമനിലയിലാക്കി. എന്നാല്‍ പോരാട്ടം തുടര്‍ന്ന അഹമ്മദാബാദ് 15-14ന് രണ്ടാം സെറ്റും സ്വന്തം പേരിലെഴുതി. എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സ്മാഷും ക്യാപ്റ്റന്‍ കാര്‍ത്തിക്കിന്റെ ഒരു സൂപ്പര്‍ സര്‍വും മൂന്നാം സെറ്റില്‍ 7-2ന് ബ്ലൂ സ്‌പൈക്കേഴ്‌സ് വന്‍ ലീഡ് സമ്മാനിച്ചു. ദീപേഷ് കുമാര്‍ സിന്‍ഹയുടെ സ്‌പൈക്കിലൂടെ കുതിച്ച കൊച്ചി, ഒടുവില്‍ 15-11ന് സെറ്റ് സ്വന്തമാക്കി.

എറിന്‍ വര്‍ഗീസിന്റെ തകര്‍പ്പന്‍ സെര്‍വിലൂടെ ബ്ലൂ സ്‌പൈക്കേഴ്‌സ് നാലാം സെറ്റിലും 8-5ന് മുന്നിലെത്തി. 11-8ന് ടീം മുന്നില്‍ നില്‍ക്കെ അഹമ്മദാബാദ് രണ്ട് ഉജ്ജ്വല സ്മാഷുകള്‍ പുറത്തെടുത്തു, എന്നാല്‍ എറിന്റെ കരുത്തുറ്റ സ്‌പൈക്കുകള്‍ക്ക് ഡിഫന്‍ഡേഴ്‌സിന് മറുപടിയുണ്ടായില്ല. നാലാം സെറ്റ് 15-14 ന് അവസാനിപ്പിച്ച ബ്ലൂ സ്‌പൈക്കേഴ്‌സ് മത്സരം സമനിലയിലാക്കി. ആധിപത്യം വീണ്ടെടുത്ത ഡിഫന്‍ഡേഴ്‌സ് അവസാന സെറ്റില്‍ 10-6ന് നാല് പോയിന്റ് ലീഡ് നേടി. അംഗമുത്തുവിന്റെ ഗംഭീരമായ ബ്ലോക്ക് ഒരു സൂപ്പര്‍ പോയിന്റ് നേടാനും 13-7 എന്ന സ്‌കോറിന് ആധിപത്യം സ്ഥാപിക്കാനും അവരെ സഹായിച്ചു. ആവേശപ്പോരിനൊടുവില്‍ 15-10ന് അഹമ്മദാബാദ് സെറ്റും മത്സരവും അവസാനിപ്പിച്ചു.

പ്രൈം വോളിബോള്‍ ലീഗ്: ചെന്നൈ ബ്ലിറ്റ്‌സിന് രണ്ടാം ജയം, പുറത്ത്

ഹൈദരാബാദ്, 20 ഫെബ്രുവരി 2022: അഖിന്‍ ജിഎസ്, നവീന്‍ രാജാ ജേക്കബ് എന്നിവരുടെ കരുത്തില്‍ റുപേ പ്രൈം വോളിബോള്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരം ജയിച്ച് ചെന്നൈ ബ്ലിറ്റ്‌സ്. ഞായറാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു ടോര്‍പ്പിഡോസിനെ 9-15, 15-12, 15-13, 15-9, 12-15 എന്ന സ്‌കോറിനാണ് ചെന്നൈ തോല്‍പിച്ചത്. സെമിഫൈനല്‍ കാണാതെ പുറത്തായെങ്കിലും വിജയത്തോടെ ലീഗ് പോരാട്ടം അവസാനിപ്പിക്കാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞു. ആറ് മത്സരങ്ങളില്‍ ആകെ രണ്ട് വിജയങ്ങളാണ് ചെന്നൈ നേടിയത്. ചെന്നൈ ബ്ലിറ്റ്‌സിന്റെ അഖിന്‍ ജി.എസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. .

ചെന്നൈ ബ്ലിറ്റ്‌സിന്റെ ചില അനാവശ്യ പിഴവുകള്‍ ആദ്യ സെറ്റില്‍ ബെംഗളൂരു ടോര്‍പ്പിഡോസിന് 7-3ന് ലീഡ് നല്‍കി. പങ്കജ് ശര്‍മയും രോഹിത്തും മികച്ച പ്രകടനം നടത്തി. സാരംഗ് ശാന്തിലാലിന്റെ സൂപ്പര്‍ സെര്‍വിലൂടെ ബെംഗളൂരു ആദ്യ സെറ്റ് 15-9ന് സ്വന്തമാക്കി. പങ്കജിന്റെ രണ്ട് മികച്ച സ്‌പൈക്കുകളിലൂടെ രണ്ടാം സെറ്റില്‍ 7-2ന് ബെംഗളൂരു ആധിപത്യം പുലര്‍ത്തി. എന്നാല്‍ ഫെര്‍ണാണ്ടോ ഗോണ്‍സാലസിന്റെ രണ്ട് ഗംഭീര സെര്‍വുകളിലൂടെ ചെന്നൈ ബ്ലിറ്റ്‌സ് തിരിച്ചടിച്ച് 10-9ന് ലീഡ് നേടി. അഖിന്റെ ഒരു തകര്‍പ്പന്‍ സ്മാഷ് ചെന്നൈയുടെ ലീഡ് ഉയര്‍ത്തി. ഒടുവില്‍ 15-12ന് രണ്ടാം സെറ്റ് അവസാനിപ്പിച്ച് ബ്ലിറ്റ്‌സ് മത്സരത്തിലേക്ക് തിരിച്ചെത്തി.

അഖിന്‍ ഉജ്ജ്വലമായ സ്‌പൈക്കിലൂടെ മൂന്നാം സെറ്റില്‍ ചെന്നൈ 7-5ന് ലീഡ് നേടി. തിരിച്ചടിച്ച ബെംഗളൂരു പങ്കജ് ശര്‍മയുടെയും രഞ്ജിത് സിങിന്റെയും മികവില്‍ 9-8ന് ലീഡ് പിടിച്ചു. നവീന്‍ രാജ ജേക്കബ് തലയുയര്‍ത്തി നിന്നതോടെ ബ്ലിറ്റ്‌സ് തിരിച്ചെത്തി, 14-13ന് ലീഡ് നേടിയ ചെന്നൈ ടീം 15-13ന് മൂന്നാം സെറ്റും നേടി.

നാലാം സെറ്റില്‍ നവീന്‍ രാജ ജേക്കബും ബ്രൂണോ ഡ സില്‍വയും ചേര്‍ന്ന് ചെന്നൈയെ നയിച്ചു, 8-6ന് ടീം ലീഡ് നേടി. അഖിന്റെ സ്‌പൈക്ക് ചെന്നൈക്ക് ഒരു സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു. ലവ്മീത് കടാരിയ ബെംഗളൂരുവിനെ മത്സരത്തില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ചെന്നൈയുടെ കുതിപ്പ് തടയാനായില്ല. 15-9ന് ബെംഗളൂരു കീഴടങ്ങി. കടുത്ത പോരാട്ടം നടത്തിയ ഇരുടീമുകളും അവസാന സെറ്റില്‍ 8-8ന് സമനിലയിലെത്തി. ജോബിന്‍ വര്‍ഗീസിന്റെ ഒരു സെര്‍വ് നഷ്ടമായതോടെ ബെംഗളൂരു സൂപ്പര്‍ പോയിന്റ് നേടി 13-12ന് മുന്നില്‍. കെയ്ല്‍ ഫ്രണ്ടിന്റെ ഒരു തകര്‍പ്പന്‍ സ്‌പൈക്കിന് പിന്നാലെ ഒരു സെറ്റ് കൂടി നേടി ബെംഗളുരു ടോര്‍പ്പിഡോസ് പോരാട്ടം അവസാനിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന മത്സരത്തില്‍ കാലിക്കറ്റ് ഹീറോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും. *സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ ഹീറോസിന് ജയം അനിവാര്യമാണ്.*

Exit mobile version