പ്രതിഭ സിസിയെ പരാജയപ്പെടുത്തി അത്രേയ ക്രിക്കറ്റ് ക്ലബ്

സെലസ്റ്റിയൽ ട്രോഫിയിൽ അത്രേയ ക്രിക്കറ്റ് ക്ലബിന് ആദ്യ മത്സരത്തിൽ വിജയം. ഇന്ന് നടന്ന മത്സരത്തിൽ പ്രതിഭ സിസിയ്ക്കെതിരെ 6 വിക്കറ്റ് വിജയം ആണ് അത്രേയ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 175/9 എന്ന സ്കോറാണ് 29 ഓവറിൽ നേടിയത്.

അനസ് നസീര്‍ 52 റൺസും അക്ഷയ് മനോഹര്‍ 50 റൺസും നേടിയപ്പോള്‍ ഓപ്പണര്‍ രാഹുല്‍ ദേവ് 13 പന്തിൽ നിന്ന് 25 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. അത്രേയയ്ക്ക് വേണ്ടി ആദിത്യ ബൈജു 4 വിക്കറ്റും ജോഫിന്‍ ജോസ് 2 വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അത്രേയ 23.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 37 റൺസുമായി പുറത്താകാതെ നിന്ന അക്ഷയ് ടികെ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഉജ്വൽ കൃഷ്ണ 35 റൺസും ജോഫിന്‍ ജോസ് 27 റൺസും നേടി. 33 റൺസ് നേടിയ റോജിത് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

പ്രതിഭയുടെ മിഥുന്‍ പികെ 3 വിക്കറ്റ് നേടിയെങ്കിലും മറ്റ് ബൗളര്‍മാരിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം പുറത്ത് വരാതിരുന്നത് പ്രതിഭയ്ക്ക് തിരിച്ചടിയായി. 2 വിക്കറ്റും 27 റൺസും നേടിയ ജോഫിന്‍ ജോസ് ആണ് കളിയിലെ താരം.

വിജയം അവസാന പന്തിൽ, പ്രതിഭ സിസിയെ മുത്തൂറ്റ് മൈക്രോഫിന്‍ പരാജയപ്പെടുത്തിയത് 3 വിക്കറ്റിന്

സെലസ്റ്റിയൽ ട്രോഫിയിൽ മുത്തൂറ്റ് മൈക്രോഫിന്‍ സിസിയ്ക്ക് വിജയം. അവസാന പന്തിൽ വിജയത്തിനായി രണ്ട് റൺസ് നേടേണ്ടിയിരുന്ന മുത്തൂറ്റ് മൈക്രോഫിന്‍ വിജയം നേടുകയായിരുന്നു. ചാമ്പ്യന്‍സ് റൗണ്ടിൽ ഗ്രൂപ്പ് സി മത്സരത്തിൽ പ്രതിഭ സിസിയെ ആണ് മുത്തൂറ്റ് മൈക്രോഫിന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ സിസി 30 ഓവറിൽ 175 റൺസാണ് 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

55 റൺസുമായി ശ്രീകാന്ത് പുറത്താകാതെ നിന്നപ്പോള്‍ രാഹുല്‍ ദേവ് 34 റൺസും കെഎ അരുൺ 29 റൺസും നേടി. മുത്തൂറ്റ് മൈക്രോഫിനിനായി ബാലു ബാബു 3 വിക്കറ്റും അനൂപ്, നിഖിൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മുത്തൂറ്റ് മൈക്രോഫിനിനായി ആകാശ് പിള്ള – സഞ്ജയ് രാജ് കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 84 റൺസാണ് നേടിയത്. എന്നാൽ പിന്നീട് വിക്കറ്റുകളുമായി പ്രതിഭ സമ്മര്‍ദ്ദം സൃഷ്ടിച്ചു. 26 റൺസ് നേടിയ ആകാശിനെയും 66 റൺസ് നേടിയ സഞ്ജയിനെയും എസ് അശ്വന്ത് പുറത്താക്കിയപ്പോള്‍ മുത്തൂറ്റ് മൈക്രോഫിന്‍ 84/0 എന്ന നിലയിൽ നിന്ന് 96/2 എന്ന നിലയിലേക്ക് വീണു.

ആൽബിന്‍ ഏലിയാസ് പുറത്താകാതെ 36 റൺസുമായി ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ സഞ്ജു സ‍ഞ്ജീവും 25 റൺസ് നേടി നിര്‍ണ്ണായക സംഭാവന നൽകി. പികെ 28ാം ഓവറിൽ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ലക്ഷ്യം 2 ഓവറിൽ 19 റൺസായിരുന്നു.

29ാം ഓവറിൽ ആൽബിന്‍ ഷറഫുദ്ദീനെതിരെ രണ്ട് ബൗണ്ടറി നേടിയതോടെ അവസാന ഓവറി ൽ ലക്ഷ്യം 7 റൺസായി മാറി. രഞ്ജിത് രവീന്ദ്രന്‍ മത്സരം അവസാന പന്ത് വരെ കൊണ്ടെത്തിച്ചുവെങ്കിലും മുത്തൂറ്റ് മൈക്രോഫിനിന്റെ വിജയം തടയാന്‍ ആയില്ല. ആൽബിനാണ് കളിയിലെ താരം.

രാഹുല്‍ ദേവിന് ശതകം, സന്ദീപിന് ആറ് വിക്കറ്റ്, പ്രതിഭയ്ക്ക് 110 റൺസ് വിജയം

സെലസ്റ്റിയൽ ട്രോഫിയിൽ റോവേഴ്സ് സിസിയ്ക്കെതിരെ വമ്പന്‍ വിജയം നേടി പ്രതിഭ സിസി കൊട്ടാരക്കര. ഇന്ന് മംഗലപുരം കെസിഎ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാഹുല്‍ ദേവ് നേടിയ 101 റൺസിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 27 ഓവറിൽ നിന്ന് 251 റൺസാണ് നേടിയത്. അനസ് നാസര്‍ 63 റൺസ് നേടിയപ്പോള്‍ മിഥുന്‍ 27 റൺസുമായി പുറത്താകാതെ നിന്നു. റോവേഴ്സിനായി അജീഷ് 2 വിക്കറ്റ് നേടി.

ബൗളിംഗിൽ സന്ദീപ് ആറ് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പ്രതിഭ റോവേഴ്സിനെ 18.1 ഓവറിൽ 141 റൺസിന് പുറത്താക്കുകയായിരുന്നു. 26 പന്തിൽ 61 റൺസ് നേടിയ ഓപ്പണര്‍ ഗിരീഷ് റോവേഴ്സിന് മികച്ച തുടക്കമാണ് നൽകിയതെങ്കിലും വിക്കറ്റുകളുമായി പ്രതിഭ സിസി സമ്മര്‍ദ്ദം കടുപ്പിച്ചു.

തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ മികച്ച റൺ റേറ്റുണ്ടായിരുന്നുവെങ്കിലും റോവേഴ്സ് 141 റൺസിന് ഒതുക്കി. പ്രതിഭയ്ക്കായി പികെ മിഥുന്‍ 3 വിക്കറ്റും നേടി.

തകര്‍പ്പന്‍ ജയം, ഏജീസ് സെമി ഫൈനലില്‍

നിലവിലെ ചാമ്പ്യന്മാരായ പ്രതിഭ സിസിയ്ക്കെതിരെ 91 റൺസ് വിജയം നേടി ഏജീസ്. ഇന്ന് നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഏജീസ് 139 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളെ വെറും 48 റൺസിന് എറിഞ്ഞൊതുക്കിയാണ് ടീമിന്റെ വിജയം.

വിജയത്തോടെ ഏജീസ് 26ാമത് സെലെസ്റ്റിയൽ ട്രോഫി സെമി ഫൈനലില്‍ പ്രവേശിച്ചു. പ്രതിഭയ്ക്കെതിരെ വിജയവും ടീമിനെ 125 റൺസിന് താഴെ ഒതുക്കിയാൽ സെമി ഫൈനലില്‍ പ്രവേശിക്കാമെന്നിരിക്കെയാണ് തകര്‍പ്പന്‍ ജയം ഏജീസ് സ്വന്തമാക്കിയത്.

28 റൺസ് നേടിയ ജാക്സൺ ക്ലീറ്റസ് ആണ് പ്രതിഭയുടെ ടോപ് സ്കോറര്‍. മനുകൃഷ്ണന്‍ ടോപ് ഓര്‍ഡറിൽ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാല് വിക്കറ്റ് നേടിയ മിഥുന്‍ ഏജീസിന്റെ മികച്ച വിജയം സാധ്യമാക്കുകയായിരുന്നു.

നേരത്തെ ഏജീസ് 139 റൺസാണ് ആദ്യം ബാറ്റ് ചെയ്ത് നേടിയത്. 28.2 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ ഏജീസിനായി 33 റൺസുമായി വിനൂപ് എസ് മനോഹരന്‍ ടോപ് സ്കോറര്‍ ആയി. മുഹമ്മദ് ഷാനു(24), അഖിൽ എംഎസ്(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

പ്രതിഭയ്ക്ക് വേണ്ടി ഷറഫുദ്ദീന്‍ എന്‍‍എം നാല് വിക്കറ്റും വിനിൽ, നിധീഷ്, ശ്രീനാഥ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ചാമ്പ്യന്മാര്‍ക്ക് ആദ്യ മത്സരത്തിൽ കാലിടറി, പ്രതിഭയ്ക്കെതിരെ വിജയവുമായി മാസ്റ്റേഴ്സ് റോയൽ

നിലവിലെ സെലെസ്റ്റിയൽ ട്രോഫി ചാമ്പ്യന്മാരായ പ്രതിഭ സിസിയ്ക്ക് ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ തിരിച്ചടി. മാസ്റ്റേഴ്സ് റോയൽ സിസിയോട് ടീം പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രതിഭ 165 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ മാസ്റ്റേഴ്സ് ആര്‍സിസി 28.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

പ്രതിഭയ്ക്ക് വേണ്ടി കെഎ അരുൺ 69 റൺസും പിഎസ് സച്ചിനും 40 റൺസ് നേടിയപ്പോള്‍ മാസ്റ്റേഴ്സ് ആര്‍സിസി നിരയിൽ അജിത് നാല് വിക്കറ്റും പവന്‍ രാജ് മൂന്നും അഖിൽ സക്കറിയ 2 വിക്കറ്റും നേടി.

64 റൺസുമായി പുറത്താകാതെ നിന്ന അക്ഷയ് മനോഹര്‍, 50 റൺസ് നേടിയ സഞ്ജയ് രാജ് എന്നിവരാണ് മാസ്റ്റേഴ്സിന്റെ പ്രധാന സ്കോറര്‍മാര്‍. സിന്‍ഡോ മൈക്കൽ 20 റൺസും വിനു കുമാര്‍ പുറത്താകാതെ 16 റൺസും നേടിയപ്പോള്‍ 28.1 ഓവറിൽ 169/6 എന്ന സ്കോര്‍ നേടി 4 വിക്കറ്റ് വിജയം കൈക്കലാക്കി.

 

 

ബേസില്‍ മാത്യുവിന്റെ ഓള്‍റൗണ്ട് ഷോ, 63 റണ്‍സ് വിജയത്തോടെ ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി

എസ്ബിഐ എ ടീമിനെതിരെ 63 റണ്‍സിന്റെ മികവാര്‍ന്ന വിജയം കുറിച്ച് പ്രതിഭ സിസി. ആദ്യം ബാറ്റ് ചെയ്ത് 257/8 എന്ന സ്കോര്‍ നേടിയ പ്രതിഭ എതിരാളികളെ 36.4 ഓവറില്‍ 194 റണ്‍സിന് പുറത്താക്കിയാണ് വിജയം ഉറപ്പാക്കിയത്. ശ്രീരാജ് മൂന്നും ബേസില്‍ മാത്യു, അക്വിബ് ഫസല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് എസ്ബിഐയെ എറിഞ്ഞിട്ടത്.

എസ്ബിഐ നിരയില്‍ ടോപ് സ്കോറര്‍ ആയത് 41 റണ്‍സ് നേടിയ കെജെ രാകേഷ് ആയിരുന്നു. സിഎം തേജസ്(28), ആകാശ്(24) എന്നിവര്‍ക്കൊപ്പം കെവിന്‍ ഓസ്കാറും(21), സിപി ഷാഹിദും(22*) ചെറുത്ത് നില്പിന് ശ്രമിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി പ്രതിഭ ബൗളര്‍മാര്‍ മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു.

നേരത്തെ ബേസില്‍ മാത്യു(51), ശ്രീനാഥ്(46), വിഷ്ണു വിനോദ്(46) എന്നിവരുടെ മികവിലാണ് പ്രതിഭ 257 എന്ന സ്കോര്‍ നേടിയത്.തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് ബേസിലിനെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.

നാളെ നടക്കുന്ന ഫൈനലില്‍ അത്രേയ ഉല്‍ഭവ് ആണ് പ്രതിഭയുടെ എതിരാളികള്‍. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണെ കീഴടക്കിയാണ് അത്രേയ ഫൈനല്‍ സ്ഥാനം ഉറപ്പാക്കിയത്.

ബേസില്‍ മാത്യുവിന് അര്‍ദ്ധ ശതകം, മികച്ച പ്രകടനവുമായി ശ്രീനാഥും വിഷ്ണു വിനോദും, പ്രതിഭയ്ക്ക് മികച്ച സ്കോര്‍

സെലസ്റ്റ്യല്‍ ട്രോഫി സെമി ഫൈനലില്‍ പ്രതിഭ സിസിയ്ക്ക് 257 റണ്‍സ്. എസ്ബിഐ എ ടീമിനെതിരെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭ ബേസില്‍ മാത്യുവിന്റെ അര്‍ദ്ധ ശതക പ്രകടനത്തിനൊപ്പം ശ്രീനാഥ്, വിഷ്ണു വിനോദ് എന്നിവരുടെ മികവുറ്റ ബാറ്റിംഗിന്റെ കരുത്തിലാണ് 257 റണ്‍സിലേക്ക് എത്തിയത്. 45 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീനെ(9) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും ബേസില്‍ മാത്യു മികച്ച രീതിയല്‍ ബാറ്റ് വീശിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് 6.4 ഓവറില്‍ 49 റണ്‍സ് നേടിയിരുന്നു. അധികം വൈകാതെ ബേസില്‍ മാത്യുവിനെ ടീമിന് നഷ്ടമായി. 41 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ശേഷമാണ് ബേസില്‍ മടങ്ങിയത്. 6 ഫോറും 3 സിക്സും അടങ്ങിയതായിരുന്നു ബേസിലിന്റെ ഇന്നിംഗ്സ്.

പിന്നീട് അക്വിബ് ഫസലും(24) ശ്രീനാഥും(46) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിചേര്‍ത്തു. ഫസല്‍ പുറത്തായ ശേഷം ശ്രീനാഥിന് കൂട്ടായി വിഷ്ണു വിനോദ് എത്തുകയായിരുന്നു. 46 റണ്‍സ് നേടിയ വിഷ്ണു വിനോദിനെ പ്രതിഭയ്ക്ക് നഷ്ടമാകുമ്പോള്‍ 35.1 ഓവറില്‍ ടീം സ്കോര്‍ 196 റണ്‍സായിരുന്നു. അധികം വൈകാതെ ശ്രീനാഥിനെയും ടീമിന് നഷ്ടമായി.

ശ്രീരാജ്(26), എന്‍എം ഷറഫുദ്ദീന്‍(15), രഞ്ജിത്ത് രവീന്ദ്രന്‍(10*) എന്നിവരും അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ 257 എന്ന മികച്ച സ്കോറിലേക്ക് പ്രതിഭ എത്തി. എസ്ബിഐയ്ക്ക് വേണ്ടി വിനൂപ് മനോഹരന്‍ 4 വിക്കറ്റ് നേടി.

40 റണ്‍സിന് ഓള്‍ഔട്ട് ആയി കോഴിക്കോട് ഡിസിഎ, 7 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി സെമിയിലേക്ക്

സെലസ്റ്റിയല്‍ ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ച് പ്രതിഭ സിസി. ഇന്ന് നടന്ന മത്സരത്തില്‍ കോഴിക്കോട് ഡിസിഎ ടീമിനെതിരെ ആധികാരിക വിജയവുമായാണ് ടീം സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത കോഴിക്കോട് 16.4 ഓവറില്‍ 40 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടി അശ്വന്തും പികെ മിഥുനുമാണ് പ്രതിഭ ബൗളര്‍മാരില്‍ തിളങ്ങിയത്. 16 റണ്‍സ് നേടിയ ഹഫീഫ് ആണ് കോഴിക്കോടിന്റെ ടോപ് സ്കോറര്‍. മൂന്നോവറില്‍ നിന്ന് 3 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റ് നേടിയ അശ്വന്ത് ആണ് കളിയിലെ താരം. പികെ മിഥുന്‍ 2.4 ഓവറില്‍ നിന്ന് 6 റണ്‍സ് വിട്ട് നല്‍കിയാണ് പ്രതിഭയ്ക്കായി തന്റെ 3 വിക്കറ്റ് നേടിയത്.

11.2 ഓവറില്‍ 44 റണ്‍സ് നേടിയാണ് പ്രതിഭ സിസി ലക്ഷ്യം മറികടന്നത്. ചെറിയ ലക്ഷ്യം  പിന്തുടര്‍ന്ന പ്രതിഭയ്ക്ക് 3 വിക്കറ്റുകളാണ് തുടക്കത്തില്‍ നഷ്ടമായത്. അക്ഷയ് കെസി ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തി കോഴിക്കോട് നിരയിലെ ആശ്വാസകരമായ പ്രകടനം പുറത്തെടുത്തു.

വിജയികള്‍ക്കായി ശ്രീനാഥും(17*) അക്വിബ് ഫസലും(13*) ചേര്‍ന്നാണ് വിജയം ഉറപ്പാക്കിയത്. 17/3 എന്ന നിലയില്‍ ഒത്തുകൂടിയ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 27 റണ്‍സാണ് നേടിയത്.

അടിച്ച് തകര്‍ത്ത് വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും, പ്രതിഭ സിസിയ്ക്ക് അഞ്ച് വിക്കറ്റ് വിജയം

രഞ്ജി താരങ്ങളായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും അടിച്ച് തകര്‍ത്തപ്പോള്‍ മുത്തൂറ്റ് യമഹ മാസ്റ്റേഴ്സിനെതിരെ 5 വിക്കറ്റ് വിജയം നേടി പ്രതിഭ സിസി. ഇന്ന് 165 റണ്‍സ് ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ പ്രതിഭയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും 9.5 ഓവറില്‍ 103 റണ്‍സാണ് നേടിയത്. 39 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും അടക്കം 69 റണ്‍സ് നേടിയ വിഷ്ണുവിന്റെ വിക്കറ്റാണ് പ്രതിഭയ്ക്ക് ആദ്യം നഷ്ടമായത്. 35 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ അസ്ഹറുദ്ദീനും പുറത്തായ ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായി 135/5 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും ഷറഫുദ്ദീനും(17*) രഞ്ജിത്ത് രവീന്ദ്രനും(9*) ചേര്‍ന്ന് ടീമിനെ 23.4 ഓവറില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. മാസ്റ്റേഴ്സിന് വേണ്ടി കാര്‍ത്തിക് ബി നായര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സിന് വേണ്ടി കൃഷ്ണ പ്രസാദും അഭയ് ജോടിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ടീമിനെ 164/5 എന്ന സ്കോറിലേക്ക് നയിച്ചത്. 22/2 എന്ന നിലയില്‍ നിന്ന് 103 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയത്. അഭയ് 52 റണ്‍സ് നേടിയപ്പോള്‍ 76 റണ്‍സാണ് കൃഷ്ണ പ്രസാദ് നേടിയത്. അതുല്‍ 20 റണ്‍സും ടീമിനായി നേടി. പ്രതിഭയ്ക്ക് വേണ്ടി ശ്രീരാജ് രണ്ട് വിക്കറ്റ് നേടി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ കളിയിലെ താരം, എസ്ബിഐ എ ടീമിനെ മറികടന്ന് പ്രതിഭ സിസി ആദ്യ ഘട്ട ജേതാക്കള്‍

സെലസ്റ്റിയല്‍ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിന് മുന്നോടിയായി നടത്തിയ ആദ്യ ഘട്ട റൗണ്ട് ഫൈനലില്‍ ജേതാക്കളായി കൊട്ടാരക്കര പ്രതിഭ സിസി. ഇന്ന് മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ബേസില്‍ മാത്യുവും അക്വിബ് ഫസലും തിളങ്ങിയപ്പോള്‍ എസ്ബിഐ എ ടീം നല്‍കിയ 153 റണ്‍സെന്ന വിജയ ലക്ഷ്യം പ്രതിഭ 25.4 ഓവറില്‍ മറികടക്കുകയായിരുന്നു. വിഷ്ണു വിനോദ് 18 റണ്‍സുമായി പുറത്താകാതെ നിന്നു.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 49 റണ്‍സും ബേസില്‍ മാത്യു 40 റണ്‍സും നേടിയപ്പോള്‍ അക്വിബ് ഫസല്‍ 32 റണ്‍സുമായി പുറത്താകാതെ ടീമിനെ ഏഴ് വിക്കറ്റ് ജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത എസ്ബിഐ നിരയില്‍ അര്‍ദ്ധ ശതകം നേടിയ അഭിരാം മാത്രമാണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തത്. അഭിരാം 51 റണ്‍സ് നേടി പുറത്തായ ശേഷം 112/8 എന്ന നിലയിലായിരുന്ന ടീമിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ അനില്‍ കുമാറും അനീഷും ചേര്‍ന്നാണ്.

ഇന്നിംഗ്സിലെ അവസാന പന്തില്‍ 20 റണ്‍സ് നേടിയ അനില്‍കുമാര്‍ പുറത്താകുന്നതിന് മുമ്പ് കൂട്ടുകെട്ട് 40 റണ്‍സാണ് നേടിയത്. അനീഷ് 19 റണ്‍സ് നേടി. പ്രതിഭയ്ക്ക് വേണ്ടി പികെ മിഥുന്‍ മൂന്ന് വിക്കറ്റും ശ്രീരാജ് രവീന്ദ്രന്‍ രണ്ട് വിക്കറ്റും നേടുകയായിരുന്നു.

ബൗളിംഗില്‍ തിളങ്ങി ഷറഫുദ്ദീനും മിഥുനും, 34 റണ്‍സിന് സ്വാന്റണ്‍സിനെ പരാജയപ്പെടുത്തി പ്രതിഭ സിസി

സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ഘട്ടത്തിലെ രണ്ടാം സെമിയില്‍ വിജയം കരസ്ഥമാക്കി പ്രതിഭ സിസി. സ്വാന്റണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 25 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും എതിരാളികളെ 21.2 ഓവറില്‍ 102 റണ്‍സിന് പുറത്താക്കി 34 റണ്‍സിന്റെ വിജയവുമായി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഫൈനലില്‍ എസ്ബിഐ എ ടീം ആണ് പ്രതിഭയുടെ എതിരാളികള്‍.

അമീര്‍ സീഷന്‍ കഴിഞ്ഞ മത്സരത്തിലെ പോലെ ഈ മത്സരത്തിലും തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ സീഷന് ലഭിച്ചില്ല. 51 റണ്‍സ് നേടിയ താരം റണ്ണൗട്ടായതോടെ ടീമിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഫര്‍ദീന്‍ റഫീക്ക് 21 റണ്‍സ് നേടി. പ്രതിഭയ്ക്കായി ഷറഫുദ്ദീന്‍ നാലും മിഥുന്‍ 3 വിക്കറ്റും നേടിയാണ് സ്വാന്റണ്‍സിനെ തളച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭയ്ക്കായി ശ്രീനാഥ് 32 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. രഞ്ജിത്ത്(29), വിഷ്ണു വിനോദ്(24), ഷറഫുദ്ദീന്‍(22) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. സ്വാന്റണ്‍സിന് വേണ്ടി ഹരികൃഷ്ണനും ഷഹിന്‍ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റിബിന്‍ വര്‍ഗ്ഗീസിന് രണ്ട് വിക്കറ്റ് ലഭിച്ചു.

യോര്‍ക്ക്ഷയര്‍ സിസിയെ പരാജയപ്പെടുത്തി പ്രതിഭ സിസി

ഇംപീരിയല്‍ കിച്ചന്‍ യോര്‍ക്ക്ഷയര്‍ സിസിയെ 43 റണ്‍സിന് പരാജയപ്പെടുത്തി പ്രതിഭ സിസി കൊട്ടാരക്കര. ഇന്ന് നടന്ന മത്സരത്തില്‍ പ്രതിഭ സിസി ആദ്യം ബാറ്റ് ചെയ്ത് 172/9 എന്ന സ്കോര്‍ നേടിയപ്പോള്‍ യോര്‍ക്ക്ഷയര്‍ 129 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. പികെ മിഥുനിന്റെ നാല് വിക്കറ്റ് പ്രകടനം ആണ് പ്രതിഭയുടെ വിജയം സാധ്യമാക്കിയത്. എം ബേസില്‍, അശ്വന്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 27 റണ്‍സ് നേടിയ നീരജ് ആണ് യോര്‍ക്ക്ഷയറിന്റെ ടോപ് സ്കോറര്‍. 24.2 ഓവറിലാണ് യോര്‍ക്ക്ഷയര്‍ ഓള്‍ഔട്ട് ആയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭയ്ക്കായി 52 റണ്‍സുമായി ശ്രീരാജും 39 റണ്‍സ് നേടി പുറത്താകാതെ നിന്ന മിഥുനുമാണ് താരങ്ങളായത്. 26 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തിലാണ് പ്രതിഭ തങ്ങളുടെ 172 റണ്‍സ് നേടിയത്. യോര്‍ക്ക്ഷയറിന്വേണ്ടി ശ്രീജിത്ത് ശിവറാം മൂന്ന് വിക്കറ്റും അതുല്‍ജിത്ത്, നാസി എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് മിഥുനിനെ മത്സരത്തിലെ താരം ആയി തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version