പരിക്ക് വിനയായി, ന്യൂസിലാണ്ട് എ ടീമിനെതിരെയുള്ള മത്സരങ്ങള്‍ക്ക് പ്രസിദ്ധ് കൃഷ്ണ ഇല്ല

ന്യൂസിലാണ്ടും ഇന്ത്യയും തമ്മിലുള്ള എ സീരീസ് പരമ്പരയിൽ നിന്ന് പ്രസിദ്ധ് കൃഷ്ണ പുറത്ത്. പുറത്തിനേറ്റ പരിക്ക് കാരണം ആണ് ബെംഗളൂരിൽ നടക്കുന്ന ചതുര്‍ദിന പരമ്പരയിൽ നിന്ന് പ്രസിദ്ധ് പുറത്തായത്. ഇന്നലെ ആരംഭിച്ച ആദ്യ ചതുര്‍ദിന മത്സരത്തിൽ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല

ഇതോടെ പരിചയസമ്പത്തുള്ള ഒരു പേസറുടെ സേവനം ആണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ദിവസം ന്യൂസിലാണ്ട് എ ടീം 61 ഓവറിൽ 156/5 എന്ന നിലയിലാണ്. പ്രസിദ്ധിന് പകരക്കാരനെ ഇതുവരെ ടീം പ്രഖ്യാപിച്ചിട്ടില്ല.

സെപ്റ്റംബര്‍ 8, 15 തീയ്യതികളിലാണ് അടുത്ത രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ നടക്കുക.

നാല് ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷയറിന് വേണ്ടി സന്നാഹ മത്സരത്തിൽ ഇറങ്ങും

ഇന്ത്യന്‍ താരങ്ങളായ ഋഷഭ് പന്ത്, ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഇന്ത്യയ്ക്കെതിരെ സന്നാഹ മത്സരത്തി ലെസ്റ്റര്‍ഷയറിന് വേണ്ടി കളിക്കും. നാളെയാണ് ലെസ്റ്റര്‍ഷയര്‍ സിസിയ്ക്കെതിരെയുള്ള ഇന്ത്യയുടെ ചതുര്‍ദിന സന്നാഹ മത്സരം.

സന്ദര്‍ശക ടീമിലെ എല്ലാ താരങ്ങള്‍ക്കും സന്നാഹ മത്സരത്തിൽ അവസരം ലഭിയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ രീതി ബിസിസിഐയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ലെസ്റ്റര്‍ഷയര്‍ കൗണ്ടി ക്രിക്കറ്റും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

പടിദാറിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം രാജസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രജത് പടിദാറിന്റെ മികവാര്‍ന്ന ബാറ്റിംഗിലൂടെ കുതിയ്ക്കുകയായിരുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന ഓവറുകളിലെ മികവാര്‍ന്ന ബൗളിംഗിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍ റോയൽസ്. വെറും 34 റൺസ് മാത്രം വിട്ട് നൽകി 5 വിക്കറ്റാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിലെ അവസാന അഞ്ചോവറിൽ നേടിയത്.

15 ഓവര്‍ പിന്നിടുമ്പോള്‍ 123/3 എന്ന നിലയിലായിരുന്ന ആര്‍സിബിയ്ക്കായി ക്രീസിൽ രജത് പടിദാറും മഹിപാൽ ലോംറോറും ആയിരുന്നു ഉണ്ടായിരുന്നത്. വരാനിരുന്നത് വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ദിനേശ് കാര്‍ത്തിക്, വനിന്‍ഡു ഹസരംഗ, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ എന്നാൽ പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയിയും അവസാന ഓവറുകളിൽ തകര്‍ത്തപ്പോള്‍ നിര്‍ണ്ണായക വിക്കറ്റുകളുമായി ബോള്‍ട്ടും അശ്വിനും ടീമിനെ സഹായിച്ചു. 157 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആര്‍സിബി നേടിയത്.

Obedmccoy

വിരാട് കോഹ്‍ലിയെ(7) തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം ഫാഫ് ഡു പ്ലെസിയും രജത് പടിദാറും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. എന്നാൽ പടിദാറിന്റെ ക്യാച്ച് പരാഗ് കളഞ്ഞതോടെ രാജസ്ഥാന് വലിയ തിരിച്ചടിയായി ഇത് മാറി. പടിദാറിന്റെ വ്യക്തിഗത സ്കോര്‍ 13ൽ നില്‍ക്കുമ്പോള്‍ പ്രസിദ്ധ് കൃഷ്ണയുടെ ഓവറിലാണ് ഈ അവസരം വന്നത്.

70 റൺസാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയത്. ഒബേദ് മക്കോയി ആണ് ഫാഫിനെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 റൺസ് നേടുവാന്‍ ഫാഫ് 27 പന്തുകളാണ് നേരിട്ടത്. എന്നാൽ രജത് പടിദാര്‍ തന്റെ കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്നപ്പോള്‍ ആര്‍സിബി മികച്ച രീതിയിൽ മുന്നോട്ട് പോയി.

മാക്സ്വെല്ലും പടിദാറും അപകടകരമായ കൂട്ടുകെട്ട് സൃഷ്ടിക്കുമെന്ന ഭീതി രാജസ്ഥാന്‍ ക്യാമ്പിൽ പടര്‍ത്തിയെങ്കിലും മാക്സ്വെല്ലിനെ(24) ബോള്‍ട്ടും രജത് പടിദാര്‍(58) അശ്വിന് വിക്കറ്റും നൽകി മടങ്ങി.

19ാം ഓവറിൽ കാര്‍ത്തിക്കിനെയും വനിന്‍ഡു ഹസരംഗയെയും അടുത്തടുത്ത പന്തുകളിൽ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടി. കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറിൽ 17 റൺസ് പ്രതിരോധിക്കുവാന്‍ സാധിക്കാത്തതിൽ നിന്ന് വെറും 22 റൺസ് വിട്ട് നൽകിയാണ് പ്രസിദ്ധ് കൃഷ്ണ തന്റെ തകര്‍പ്പന്‍ സ്പെൽ പൂര്‍ത്തിയാക്കിയത്.

അവസാന ഓവര്‍ എറിയുവാനെത്തിയ ഒബേദ് മക്കോയി ഹര്‍ഷൽ പട്ടേലിനെ ആദ്യ പന്തിൽ പുറത്താക്കിയപ്പോള്‍ ഓവറിൽ നിന്ന് ആര്‍സിബിയ്ക്ക് നേടാനായത്. വെറും മൂന്ന് റൺസ് മാത്രമാണ്. അവസാന അഞ്ചോവറിൽ വെറും 33 റൺസ് വഴങ്ങി 5 വിക്കറ്റാണ് രാജസ്ഥാന്‍ നേടിയത്.

പവറാണ് പവൽ!!! വിവാദ നിമിഷങ്ങള്‍ക്ക് ശേഷം ഡൽഹി വീണു, രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

മത്സരത്തിലെ പല ഘട്ടത്തിലും ചേസിംഗിൽ രാജസ്ഥാനൊപ്പം നിന്നുവെങ്കിലും വലിയ സ്കോര്‍ മറികടക്കാനാകാതെ ഡൽഹി ക്യാപിറ്റൽസ്. അവസാന ഓവര്‍ എറിയാനെത്തിയ ഒബേദ് മക്കോയിയ്ക്ക് കാര്യങ്ങള്‍ നിസാരമായിരുന്നു. എറിയേണ്ടത് ഒരു ഡോട്ട് ബോള്‍ അല്ലെങ്കിൽ ആറ് സിക്സ് വഴങ്ങാതിരിക്കുക. എന്നാൽ താരത്തിന്റെ രണ്ടാമത്തെ ഓവറിൽ 26 റൺസ് പിറന്നതിന്റെ സമ്മര്‍ദ്ദം ഉള്ളതിനാലാണോ എന്നറിയില്ല ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മന്‍ പവൽ സിക്സര്‍ നേടി. എന്നാൽ മൂന്നാമത്തെ പന്ത് നോ ബോള്‍ ആയിരുന്നു വിളിക്കേണ്ടതെന്ന് ഋഷഭ് പന്ത് അതൃപ്തി അറിയിച്ച താരം റോവ്മന്‍ പവലിനോട് തിരികെ വരുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡൽഹി കോച്ച് പ്രവീൺ ആംറേ ഗ്രൗണ്ടിൽ ഇറങ്ങിയതും വാങ്കഡേയിൽ കാണാനായി.

എന്നാൽ ഈ സംഭവങ്ങള്‍ക്ക് ശേഷം മത്സരം തുടര്‍ന്നുവെങ്കിലും ആ മൂന്ന് പന്തുകളിൽ റോവ്മന്‍ പവൽ കാണിച്ച ഹീറോയിസം പിന്നീട് താരത്തിന് പുറത്തെടുക്കുവാന്‍ സാധിച്ചില്ല. അവസാന പന്തിൽ 15 പന്തിൽ 36 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 207/8 എന്ന നിലയിൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ 15 റൺസ് വിജയം നേടി രാജസ്ഥാന്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി.

കൂറ്റന്‍ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് മികച്ച തുടക്കമാണ് ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നൽകിയത്. ഡേവിഡ് വാര്‍ണര്‍ മടങ്ങുമ്പോള്‍ ഡൽഹി 43 റൺസാണ് 4.3 ഓവറിൽ നേടിയത്. 14 പന്തിൽ 28 റൺസ് നേടി അപകടാരിയായി മാറുകയായിരുന്ന വാര്‍ണറെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്.

അശ്വിനെ ആക്രമിക്കുവാന്‍ ശ്രമിച്ച് സര്‍ഫ്രാസ് ഖാനും പുറത്തായപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ രണ്ട് വിക്കറ്റ് ഡൽഹിയ്ക്ക് നഷ്ടമായി. എട്ടോവര്‍ വരെ പിടിച്ച് പന്തെറിയുകയായിരുന്ന രാജസ്ഥാന് പെട്ടെന്ന് കാര്യങ്ങള്‍ കൈവിടുന്നതാണ് കണ്ടത്. ഒബൈദ് മക്കോയി എറിഞ്ഞ ഓവറിൽ 26 റൺസ് പിറന്നപ്പോള്‍ 9 ഓവറിൽ 95/2 എന്ന നിലയിൽ ഡൽഹി തങ്ങളുടെ സാധ്യത നിലനിര്‍ത്തി.

എന്നാൽ അടുത്ത ഓവറിൽ സഞ്ജു അശ്വിനെ ഇറക്കിയപ്പോള്‍ താരം പൃഥ്വി ഷായുടെ വിക്കറ്റ് സ്വന്തമാക്കി. 27 പന്തിൽ 37 റൺസ് നേടിയ പൃഥ്വി മടങ്ങുമ്പോള്‍ 51 റൺസാണ് പൃഥ്വിയും പന്തും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ നേടിയത്. റിയാന്‍ പരാഗിന് 11ാം ഓവര്‍ നൽകിയ സഞ്ജുവിന് വീണ്ടും പിഴച്ചപ്പോള്‍ ഓവറിൽ നിന്ന് 22 റൺ കൂടി വന്നു.

8 ഓവര്‍ പിന്നിടുമ്പോള്‍ 69/2 എന്ന നിലയിലായിരുന്ന ഡൽഹി 11 ഓവര്‍ അവസാനിക്കുമ്പോള്‍ 121/3 എന്ന കരുതുറ്റ നിലയിലായിരുന്നു. 52 റൺസാണ് ഈ മൂന്നോവറിൽ പിറന്നത്. പ്രസിദ്ധ് എറിഞ്ഞ അടുത്ത ഓവറിൽ ചഹാല്‍ പന്തിന്റെ ക്യാച്ച് കൈവിട്ടുവെങ്കിലും അതേ ഓവറിൽ തന്നെ മികച്ചൊരു ക്യാച്ചിലൂടെ പടിക്കൽ പന്തിനെ പുറത്താക്കി. 24 പന്തിൽ 44 റൺസായിരുന്നു ഡൽഹി ക്യാപ്റ്റന്റെ സംഭാവന.

പിന്നീട് ലളിത് യാദവിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കണ്ടത്. താരം പൊരുതി നോക്കിയെങ്കിലും ലക്ഷ്യം വളരെ വലുതായതിനാൽ തന്നെ ടീമിനെ വിജയത്തിലേക്ക് എത്തിക്കു പ്രയാസമായിരുന്നു. അവസാന മൂന്നോവറിൽ 51 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്.

ബോള്‍ട്ട് എറിഞ്ഞ 18ാം ഓവറിലെ ആദ്യ മൂന്ന് പന്തിൽ കാര്യമായ സ്കോര്‍ ചെയ്യുവാന്‍ ഡൽഹിയ്ക്കായില്ലെങ്കിലും അവസാന മൂന്ന് പന്തിൽ രണ്ട് സിക്സ് റോവ്മന്‍ പവൽ നേടിയതോടെ ലക്ഷ്യം 12 പന്തിൽ 36 റൺസായി മാറി. 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണ ലളിത് യാദവിനെ മടക്കിയപ്പോള്‍ താരം 24 പന്തിൽ 37 റൺസാണ് നേടിയത്. ഡൽഹിയുടെ ലക്ഷ്യം 9 പന്തിൽ 36 റൺസും ആയി വര്‍ദ്ധിച്ചു.

പ്രസിദ്ധ് ആ ഓവര്‍ വിക്കറ്റ് മെയ്ഡനായി അവസാനിപ്പിച്ചപ്പോള്‍ അവസാന ഓവറിൽ റോവ്മന്‍ പവല്‍ നേടേണ്ടിയിരുന്നത് ആറ് സിക്സുകളായിരുന്നു. ആദ്യ മൂന്ന് പന്തിൽ താരം സിക്സ് നേടിയെങ്കിലും പിന്നീട് ഗ്രൗണ്ടിൽ നടന്ന സംഭവങ്ങള്‍ ആ നേട്ടം ആവര്‍ത്തിക്കുന്നതിൽ നിന്ന് പവലിനെ തടയുകയായിരുന്നു.

ബോള്‍ട്ട് സൃഷ്ടിച്ച സമ്മര്‍ദ്ദം തനിക്ക് ഗുണം ചെയ്തു – പ്രസിദ്ധ് കൃഷ്ണ

ഏഴ് പുതിയ താരങ്ങള്‍ രാജസ്ഥാന് വേണ്ടി ഇന്നലത്തെ മത്സരത്തിൽ തങ്ങളുടെ ആദ്യ മത്സരം കളിച്ചുവെങ്കിലും ആധിപത്യത്തോടെയുള്ള പ്രകടനം ആണ് ടീം പുറത്തെടുത്തത്. ബൗളിംഗിൽ രണ്ട് വീതം വിക്കറ്റ് നേടി പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോള്‍ട്ടും തിളങ്ങിയപ്പോള്‍ ചഹാല്‍ മൂന്ന് വിക്കറ്റുമായി മുന്നിട്ട് നിന്നു.

ട്രെന്റ് ബോള്‍ട്ട് ഓപ്പണിംഗ് സ്പെല്ലിൽ സൃഷ്ടിച്ച സമ്മര്‍ദ്ദം ആണ് തനിക്ക് വിക്കറ്റ് നേടുവാന്‍ സഹായിച്ചതെന്നാണ് പ്രസിദ്ധ് കൃഷ്ണ വ്യക്തമാക്കിയത്. പിച്ചിൽ നിന്ന് മികച്ച ബൗൺസും സീമും ലഭിച്ചുവെന്നും ഗുഡ് ലെംഗ്ത്ത് ബോളുകള്‍ അടിക്കുവാന്‍ പ്രയാസം ആണെന്ന് ജോസ് ബട്‍ലര്‍ ബാറ്റിംഗിന് ശേഷം ബൗളര്‍മാരോട് പറഞ്ഞിരുന്നുവെന്നും കൃഷ്ണ വ്യക്തമാക്കി.

സൺറൈസേഴ്സിന് കഷ്ടകാലം!!! പ്രസിദ്ധ് തുടങ്ങി, ചഹാല്‍ അവസാനിപ്പിച്ചു

രാജസ്ഥാന്‍ റോയൽസിന്റെ കൂറ്റന്‍ സ്കോറായ 210 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിന് നാണംകെട്ട തോൽവി. ഇന്ന് 20 ഓവറിൽ 149 റൺസാണ് ടീം 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇതോടെ 61 റൺസിന്റെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കി.

പ്രസിദ്ധ് കൃഷ്ണയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും ഓപ്പണിംഗ് സ്പെല്ലിൽ തന്നെ താളം തെറ്റിയ സൺറൈസേഴ്സിന് ചഹാല്‍ കൂടി എത്തിയതോടെ കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതാണ് കാണാനായത്.

40 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദര്‍, 24 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 57 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നിന്നത്. ചഹാല്‍ മൂന്നും പ്രസിദ്ധ് രണ്ടും വിക്കറ്റാണ് മത്സരത്തിൽ നേടിയത്. സൺറൈസേഴ്സിനായി വാഷിംഗ്ടൺ സുന്ദര്‍ കോള്‍ട്ടര്‍-നൈൽ എറിഞ്ഞ 17ാം ഓവറിൽ 24 റൺസ് നേടി സ്കോര്‍ നൂറ് കടത്തി സഹായിക്കുകയായിരുന്നു. ഒരു സിക്സും നാല് ഫോറുമാണ് വാഷിംഗ്ടൺ സുന്ദര്‍ നേടിയത്.

ഏഴാം വിക്കറ്റിൽ മാര്‍ക്രം – സുന്ദര്‍ കൂട്ടുകെട്ട് 19 പന്തിൽ നിന്ന് 55 റൺസാണ് നേടിയത്. 14 പന്തിൽ 40 റൺസ് നേടി വാഷിംഗ്ടൺ സുന്ദര്‍ ട്രെന്റ് ബോള്‍ട്ടിന് രണ്ടാം വിക്കറ്റ് നല്‍കി മടങ്ങി. മാര്‍ക്രം പുറത്താകാതെ 41 പന്തിൽ 57 റൺസുമായി നിന്നാണ് സൺറൈസേഴ്സിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

വിൻഡീസിനെതിരെയുള്ള തക‍‍‍ർപ്പന്‍ പ്രകടനം, പ്രസിദ്ധ് കൃഷ്ണയ്ക്ക് ലഭിച്ചത് പത്ത് കോടി, സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസ്

ഇന്ത്യയ്ക്ക് വേണ്ടി വെസ്റ്റിന്‍ഡീസ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രസിദ്ധ് കൃഷ്ണയെ 10 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 1 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ആദ്യം താല്പര്യമറിയിച്ചത് ലക്നൗ സൂപ്പര്‍ ജയന്റ്സ് ആയിരുന്നു. ഉടന്‍ തന്നെ രാജസ്ഥാനും രംഗത്തെത്തി. ലക്നൗ പിന്മാറിയപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ ലേലത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് ആണ് രംഗത്തെത്തിയത്. ഏതാനും റൗണ്ട് കഴിഞ്ഞ് ഗുജറാത്ത് പിന്മാറിയപ്പോള്‍ ലക്നൗ വീണ്ടും രംഗത്തെത്തി രാജസ്ഥാനുമായി ലേലത്തിൽ ഏര്‍പ്പെട്ടു.

ഒടുവിൽ 10 കോടി വില നല്‍കുവാന്‍ രാജസ്ഥാന്‍ തയ്യാറായതോടെ ലക്നൗ പിന്മാറുകയായിരുന്നു. കഴിഞ്ഞ സീസണിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് താരം കളിച്ചിരുന്നത്.

കീപ്പറും സ്ലിപ് ഫീൽഡറും പിടിച്ച് പുറത്താകുന്ന വിക്കറ്റുകൾ ഏറെ ആസ്വദിക്കുന്നു – പ്രസിദ്ധ് കൃഷ്ണ

തനിക്ക് ലഭിയ്ക്കുന്ന വിക്കറ്റുകളിൽ ഏറ്റവും സന്തോഷം വിക്കറ്റ് കീപ്പറോ സ്ലിപ് ഫീൽഡര്‍മാരോ പിടിച്ച് ലഭിയ്ക്കുന്നവയാണെന്ന് പറഞ്ഞ് പ്രസിദ്ധ് കൃഷ്ണ. ഇന്ത്യ വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുമ്പോളാണ് താരം ഇത് പറഞ്ഞത്.

ഏതോരു ഫാസ്റ്റ് ബൗളറും ആഗ്രഹിക്കുന്ന കാഴ്ചയാണ് പന്ത് കീപ്പറുടെ കൈവശത്തേക്ക് പറന്നെത്തുന്നതെന്നും അഹമ്മദാബാദിലെ പിച്ചിൽ പേസര്‍മാര്‍ക്ക് മികച്ച അവസരമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഏറെകാലമായി പരിശീലനം നടത്തുകയായിരുന്നുവെന്നും വിജയ് ഹസാരെ ട്രോഫിയിലും താന്‍ ഏതാനും മത്സരങ്ങളില്‍ കളിച്ചതും ഗുണം ചെയ്തുവെന്ന് പ്രസിദ്ധ് കൃഷ്ണ സൂചിപ്പിച്ചു.

പ്രസിദ്ധ് കൃഷ്ണ ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹം – ഹ‍‍ർഭജൻ സിംഗ്

ഇന്ത്യയ്ക്കായി രണ്ടാം ഏകദിനത്തിൽ നാല് വിക്കറ്റ് നേടി ഇന്ത്യയുടെ വിജയത്തിൽ സുപ്രധാന പങ്ക് വഹിച്ച പ്രസിദ്ധ് കൃഷ്ണ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കണമെന്നാണ് തന്റെ ആഗ്രഹം എന്ന് പറ‍ഞ്ഞ് ഹർഭജൻ സിംഗ്.

12 റൺസ് മാത്രം വിട്ട് നല്‍കി 9 ഓവറിൽ 4 വിക്കറ്റ് നേടിയ താരം മൂന്ന് മെയ്ഡന്‍ ഓവറുകളും എറിഞ്ഞു. തന്റെ ഏകദിന കരിയറിൽ ഇതുവരെയുള്ള 6 മത്സരങ്ങളിൽ നിന്ന് താരം 15 വിക്കറ്റാണ് നേടിയിട്ടുള്ളത്.

ഓസ്ട്രേലിയയിലെ ബൗൺസ് ഉള്ള പിച്ചുകളിൽ താരം ഏറെ ഫലപ്രദം ആകുമെന്നും പ്രസിദ്ധ് കൃഷ്ണയ്ക്ക് അധിക ബൗൺസ് കണ്ടെത്താനുള്ള കഴിവുണ്ടെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

ജസ്പ്രീത് ബുംറയ്ക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് സൃഷ്ടിക്കുവാന്‍ താരത്തിന് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നതായും ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടു.

വിൻഡീസിനെ തകര്‍ത്തെറിഞ്ഞ് പ്രസിദ്ധ് കൃഷ്ണ, ഇന്ത്യയ്ക്ക് 44 റൺസ് വിജയം

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് അത്ര ശരിയായില്ലെങ്കിലും വെസ്റ്റിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യയ്ക്ക് 44 റൺസ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 237/9 എന്ന സ്കോറാണ് നേടിയത്.

അതേ സമയം പ്രസിദ്ധ് കൃഷ്ണയുടെ 4 വിക്കറ്റ് നേട്ടം വിന്‍ഡീസ് ബാറ്റിംഗിനെ തകര്‍ത്തെറിയുകയായിരുന്നു. 46 ഓവറിൽ വെസ്റ്റിന്‍ഡീസ് 193 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 44 റൺസ് നേടിയ ഷമാര്‍ ബ്രൂക്ക്സ് ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ഷായി ഹോപ് 27 റൺസ് നേടി.

76/5 എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ ഷമാര്‍ ബ്രൂക്ക്സും അകീൽ ഹൊസൈനും ചേര്‍ന്ന് നേടിയ 41 റൺസാണ് മുന്നോട്ട് നയിച്ചത്. ഷമാര്‍ പുറത്തായ ശേഷം ഫാബിയന്‍ അല്ലനെ കൂട്ടുപിടിച്ച് അകീൽ 42 റൺസ് കൂടി നേടി.

എന്നാൽ അല്ലനെ സിറാജും അകീലിനെ താക്കുറും പുറത്താക്കിയതോടെ 159/6 എന്ന സ്കോറിൽ നിന്ന് 159/8 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു.

അകീൽ ഹൊസൈന്‍ 34 റൺസ് നേടി പുറത്തായി. ഇരുവരും പുറത്തായ ശേഷം ഒഡീന്‍ സ്മിത്ത് ശര്‍ദ്ധുൽ താക്കൂറിനെ തുടരെ സിക്സുകള്‍ക്ക് പായിച്ചപ്പോള്‍ അവസാന 10 ഓവറിൽ വിന്‍ഡീസിന് ജയിക്കുവാന്‍ വേണ്ടിയിരുന്നത് 67 റൺസായിരുന്നു. എന്നാൽ ടീമിന്റെ കൈവശം വെറും 2 വിക്കറ്റാണുണ്ടായിരുന്നത്.

ഇന്ത്യന്‍ ക്യാമ്പിൽ പരിഭ്രാന്തി പരത്തിയ ഒഡീന്‍ സ്മിത്തിനെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയതോടെ ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ ഇന്ത്യ പരമ്പര 2-0ന് നേടി.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ പ്രസീദ് കൃഷ്ണയും

ഇന്ത്യയും ഇംഗ്ലണ്ടനും തമ്മിൽ നാളെ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ കർണാടക ഫാസ്റ്റ് ബൗളർ പ്രസീദ് കൃഷ്ണയെ ഉൾപ്പെടുത്തി. ടീം മാനേജ്മെന്റിന്റെ ആവശ്യപ്രകാരമാണ് താരത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി കളിച്ച പ്രസീദ് കൃഷ്ണ 6 വിക്കറ്റും വീഴ്ത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങിയത് മുതൽ സ്റ്റാൻഡ്‌ബൈ താരമായി പ്രസീദ് കൃഷ്ണ ഇംഗ്ലണ്ടിലുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്നിംഗ്സ് തോൽവിയേറ്റുവാങ്ങിയ ഇന്ത്യക്ക് പരമ്പരയിൽ തിരിച്ച് വരാനുള്ള അവസരമാണ് നാലാം ടെസ്റ്റ്. നാളെ ഓവലിൽ വെച്ചാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ്.

India’s squad : Rohit Sharma, KL Rahul, Mayank Agarwal, Cheteshwar Pujara, Virat Kohli (Captain), Ajinkya Rahane (vice-captain), Hanuma Vihari, Rishabh Pant (wicket-keeper), R. Ashwin, Ravindra Jadeja, Axar Patel, Jasprit Bumrah, Ishant Sharma, Mohd. Shami, Md. Siraj, Shardul Thakur, Umesh Yadav, Wriddhiman Saha (wicket-keeper), Abhimanyu Easwaran, Prithvi Shaw, Suryakumar Yadav, Prasidh Krishna

പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിലേക്ക് പറക്കുന്നത് ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രം

കോവിഡ് പോസിറ്റീവ് ആയ പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത് ഫിറ്റ്നെസ്സ് തെളിയിച്ചാല്‍ മാത്രമെന്ന് അറിയിച്ച് ബിസിസിഐ വക്താവ്. താരത്തിന്റെ ബാക്കപ്പ് താരമായി ഇംഗ്ലണ്ടിലേക്കുള്ള സ്ക്വാഡില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചതോടെ താരം ആദ്യം നെഗറ്റീവായ ശേഷം ഫിറ്റ്നെസ്സ് തെളിയിക്കണമെന്നും അതിന് മൂന്നാഴ്ച സമയമുണ്ടെന്നുമാണ് ബിസിസിഐയില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

താരം ബയോ ബബിളില്‍ നിന്ന് പുറത്ത് പോകുന്നത് വരെ കുഴപ്പമില്ലാതെയായിരുന്നുവെന്നും ബാംഗ്ലൂരിലെ വീട്ടിലെത്തിയ ശേഷമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നുമാണ് ബിസിസിഐയുടെയും അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത്. വൃദ്ധിമന്‍ സാഹ ഫിറ്റ്നെസ്സ് തെളിയിക്കേണ്ടത് പോലെ പ്രസിദ്ധ് കൃഷ്ണയും ഇതേ നടപടികളിലൂടെ പോകേണ്ടി വരുമെന്നാണ് ബിസിസിഐയുടെ നിലപാട്.

Exit mobile version