താനത് ഒരിക്കലും ചെയ്യില്ലായിരുന്നു, പൂനം റൗത്തിന്റെ തീരുമാനത്തെക്കുറിച്ച് ബെത്ത് മൂണി

അമ്പയര്‍ ഔട്ട് അല്ലെന്ന് വിധിച്ചുവെങ്കിലും സ്വയം പവലിയനിലേക്ക് തിരിക്കുവാന്‍ തീരുമാനിച്ച പൂനം റൗത്തിന്റെ തീരുമാനത്തെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 81ാം ഓവറിലാണ് സംഭവം. സോഫി മോളിനക്സ് എറിഞ്ഞ ഓവറിൽ 36 റൺസുമായി നില്‍ക്കുന്ന പൂനം താന്‍ എഡ്ജ് ചെയ്തുവെന്ന് സ്വയം അംഗീകരിച്ച് പവലിയനിലേക്ക് മടങ്ങുമ്പോള്‍ ഓസ്ട്രേലിയയ്ക്കാരുടെ അപ്പീൽ തള്ളുകയായിരുന്നു അമ്പയര്‍ ഫിലിപ്പ് ഗില്ലെസ്പി.

ആ സമയത്ത് മൈക്കിൽ ലഭ്യമായിരുന്ന ബെത്ത് മൂണിയോട് താങ്കള്‍ ഇത് പോലെ ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല എന്നാണ് താരം വ്യക്തമാക്കിയത്. സ്വയം മടങ്ങുവാന്‍ തീരുമാനിച്ചില്ലായിരുന്നുവെങ്കില്‍ ഡിആര്‍എസ് ഇല്ലാത്തതിനാൽ റൗത്തിന് തന്റെ വിക്കറ്റ് സംരക്ഷിക്കുവാന്‍ സാധിക്കുമായിരുന്നു.

പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ, 9 വിക്കറ്റിന്റെ ആധികാരിക ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കരുത്താര്‍ന്ന ഓള്‍റൗണ്ട് പ്രകടനവുമായി ഇന്ത്യ. രണ്ടാം മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

അര്‍ദ്ധ ശതകങ്ങള്‍ നേടി സ്മൃതി മന്ഥാനയും പൂനം റൗത്തും ആണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. 9 റണ്‍സ് നേടിയ ജെമൈമ റോഡ്രിഗസ്സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. സ്മൃതി 80 റണ്‍സും പൂനം 62 റണ്‍സുമാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച ഏക വിക്കറ്റ് വീഴ്ത്തിയത് ഷബ്നിം ഇസ്മൈല്‍ ആയിരുന്നു.

ആവേശപ്പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്

ഇന്ത്യ നേടിയ 205 റണ്‍സ് പിന്തുടരാനിറങ്ങിയ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ ഏഴെണ്ണം നഷ്ടമായെങ്കിലും എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 30 റണ്‍സ് കൂട്ടുകെട്ടുമായി ജോര്‍ജ്ജിയ എല്‍വിസ്-കാത്തറിന്‍ ബ്രണ്ട് കൂട്ടുകെട്ട് ഒത്തുചേര്‍ന്നപ്പോള്‍ 48.5 ഓവറില്‍ വിജയം ഉറപ്പാക്കി സന്ദര്‍ശകര്‍. 45/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് ഇംഗ്ലണ്ടിന്റെ ഈ വിജയം. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമി മൂന്നും ശിഖ പാണ്ടേ, പൂനം യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പരമ്പര നേരത്തെ തന്നെ വിജയിച്ച ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയം സ്വന്തമാക്കുവാന്‍ ഇംഗ്ലണ്ടിനു സാധിക്കുകയായിരുന്നു. 56 റണ്‍സ് നേടി ഡാനിയേല്‍ വയട്ടും 47 റണ്‍സുമായി ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റുമാണ് ഇംഗ്ലണ്ടിനായി തിളങ്ങിയ മറ്റു താരങ്ങള്‍.

എന്നാല്‍ മത്സരം ഇംഗ്ലണ്ടിനു സ്വന്തമാക്കുവാന്‍ സഹായിച്ചത് ജോര്‍ജ്ജിയ എല്‍വിസിന്റെ പ്രകടനം തന്നെയാണ്. ഒപ്പം കാത്തറിന്‍ ബ്രണ്ടും ചേര്‍ന്നപ്പോള്‍ പരിഭ്രമം ഇല്ലാതെ ഇന്ത്യയെ കീഴടക്കുവാന്‍ ഇംഗ്ലണ്ടിനായി. എല്‍വിസ് 33 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ബ്രണ്ട് 18 റണ്‍സാണ് വിജയികള്‍ക്കായി നേടിയത്. അവസാന ഓവറിനു മുമ്പ് ബ്രണ്ട് പുറത്തായെങ്കിലും ലക്ഷ്യം രണ്ട് റണ്‍സ് അകലെ മാത്രമായിരുന്നതിനാല്‍ അടുത്ത പന്തില്‍ തന്നെ ബൗണ്ടറി നേടി വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഇന്നിംഗ്സിലെ രണ്ടാമത്തെ പന്തില്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് ജെമീമ റോഡ്രിഗസിനെ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന(66), പൂനം റൗട്ട്(56) സഖ്യം നേടിയ 129 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാല്‍ ഒരേ ഓവറില്‍ ഇന്ത്യയ്ക്ക് സ്മൃതിയെയും പൂനം റൗട്ടിനെയും നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

അടുത്ത ഓവറില്‍ മോന മേശ്രാമിനെയും അതിനടുത്ത ഓവറില്‍ മിത്താലിയെയും പുറത്താക്കി കാത്തറിന്‍ ബ്രണ്ട് തന്റെ വിക്കറ്റ് നേട്ടം മത്സരത്തില്‍ അഞ്ചാക്കി മാറ്റി. 129/1 എന്ന നിലയില്‍ നിന്ന് ഇന്ത്യ 50 ഓവര്‍ അവസാനിക്കുമ്പോള്‍ 205/8 എന്ന സ്കോറിലേക്ക് കഷ്ടപ്പെട്ട് നീങ്ങുകയായിരുന്നു. ശിഖ പാണ്ടേ(26) റണ്‍സ് നേടിയപ്പോള്‍ ദീപ്തി ശര്‍മ്മ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

അനായാസ ജയം നേടി ഇന്ത്യ, നാല് വീതം വിക്കറ്റുമായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും ബാറ്റിംഗില്‍ തിളങ്ങി സ്മൃതി

ഐസിസി ചാമ്പ്യന്‍ഷിപ്പ് മാച്ച് കൂടിയായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43.3 ഓവറില്‍ 161 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ലക്ഷ്യം 41.1 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. നത്താലി സ്കിവര്‍ 85 റണ്‍സുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര മികവ് പുറത്ത് വരാത്തതാണ് ടീമിനു തിരിച്ചടിയായത്. ഇന്ത്യയ്ക്കായി ജൂലന്‍ ഗോസ്വാമിയും ശിഖ പാണ്ടേയും 4 വീതം വിക്കറ്റ് നേടിയപ്പോള്‍ പൂനം യാദവിനു രണ്ട് വിക്കറ്റ് ലഭിച്ചു. 28 റണ്‍സ് നേടിയ ലൗറന്‍ വിന്‍ഫീല്‍ഡും 20 റണ്‍സ് നേടിയ താമി ബ്യൂമോണ്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ജെമീമ റോഡ്രിഗസിനെ വേഗത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാനയുടെയും പൂനം റൗത്ത്, മിത്താലി രാജ് എന്നിവരുടെയും മികവില്‍ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. സ്മൃതി 63 റണ്‍സും പൂനം 32 റണ്‍സും നേടി പുറത്തായപ്പോള്‍ മിത്താലി 47 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.

Exit mobile version