ഇന്ത്യ കൊടുത്ത പരാതി ഇറാനിയൻ ക്ലബിന് വിനയായി, റൊണാൾഡോ ഇറാനിൽ എത്തുന്ന മത്സരത്തിന് ആരാധകരെ കയറ്റാനാകില്ല

ഇറാനിയൻ ക്ലബായ പെർസെപൊലിസ് ഫുട്ബോൾ ക്ലബ് ഒരു തീരാദുഖത്തിൽ ആണെന്ന് പറയാം. അവർക്ക് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കാൻ റൊണാൾഡോ അവരുടെ ഗ്രൗണ്ടിൽ എത്തുമ്പോൾ ആരാധകരെ സ്റ്റേഡിയത്തിലേക്ക് കയറ്റാൻ ആകില്ല. റൊണാൾഡോ ഇറാനിൽ എത്തുന്നതിൽ സന്തോഷിക്കുന്ന ക്ലബിന് പക്ഷെ ആ സന്തോഷം പൂർണ്ണമായി ആഘോഷിക്കാൻ ആകില്ല. എ എഫ് സിയുടെ വിലക്ക് നിലനിൽക്കുന്നതിനാൽ ആണ് പെർസെപൊലിസിന് ആരാധാകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ ആകാത്തത്.

2021ൽ എഫ് സി ഗോവയെ നേരിടുന്നതിന് മുമ്പ് ഇന്ത്യക്ക് എതിരെ അവർ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടതാണ് ഈ വിലക്കിന് കാരണം. അന്ന് ഇന്ത്യൻ വികാരം വൃണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു പെർസെപൊലിസിന്റെ സാമൂഹിക മാധ്യമത്തിലെ പോസ്റ്റ്. എ ഐ എഫ് എഫ് ഇതിൽ ഔദ്യോഗികമായി എ എഫ് സിക്ക് പരാതി നൽകി. അന്വേഷണത്തിന് ഒടുവിൽ പെർസെപൊലിസിന്റെ അടുത്ത എ സി എൽ ഹോം മത്സരം കാണികൾ ഇല്ലാതെ കളിക്കണം എന്ന് എ എഫ് സി വിധിച്ചു.

ആ ഒരു മത്സരം റൊണാൾഡോ കളിക്കാൻ വരുന്ന മത്സരമായി എന്ന നിർഭാഗ്യത്തിലാണ് പെർസെ പൊലിസ് ഉള്ളത്. എ എഫ് സിയുടെ വിധി മാറില്ല എന്നതിനാൽ തന്നെ അന്ന് ചെയ്ത തെറ്റായ പോസ്റ്റിനുള്ള ശിക്ഷ പെർസെപൊലിസ് ഇങ്ങനെ അനുഭവിക്കും.

Exit mobile version