അടുത്ത വർഷവും താൻ മാഞ്ചസ്റ്റർ സിറ്റിയിൽ കാണും എന്ന് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള തന്റെ ക്ലബ്ബിലെ തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു‌. അടുത്ത വർഷവും താം ഇവിടെ തന്നെ കാണും എന്ന് പെപ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയാൽ പെപ് ഗ്വാർഡിയോള സൊറ്റൊ വിടും എന്ന് ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനു കൂടിയുള്ള മറുപടിയായാണ് ഗ്വാർഡിയോള താൻ ഇവിടെ തുടരും എന്ന് പറഞ്ഞത്.

“ഞാൻ അടുത്ത സീസണിൽ മാൻ സിറ്റിയിൽ തുടരും. ക്ലബ് വിടുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. ഞങ്ങൾക്കെതിരായ പ്രീമിയർ ലീഗിലെ 100 ​​ലംഘനങ്ങൾ എന്ന ആരോപണങ്ങൾക്ക് എതിരെ പൊരുതി കൊണ്ട് ഞാൻ അടുത്ത സീസണിൽ തുടരും” ഗാർഡിയോള പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ എഫ് എയുടെ അന്വേഷണത്തിൽ അടുത്ത സീസണ് ഇടയിൽ വിധി വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിധി എതിരായാൽ ക്ലബ് വിടും എന്ന് നേരത്തെ ഗ്വാർഡിയോള പറഞ്ഞിരുന്നു എങ്കിലും അദ്ദേഹം ഇപ്പോൾ അത്തരം ഒരു നിലപാടിൽ അല്ല ഉള്ളത്.

പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ച ഗാർഡിയോളയും ടീമും ഇപ്പോൾ വരാനിരിക്കുന്ന എഫ്എ കപ്പിലെയും ചാമ്പ്യൻസ് ലീലെയും ഫൈനലുകളിലേക്കു ശ്രദ്ധ തിരിച്ചിരിക്കുകയാണ്.

“കഴിഞ്ഞ ഇരുപത് വർഷത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ ആയ കോച്ചുമാരിൽ ഒരാളാണ് ഡി സെർബി”, ബ്രൈറ്റൺ പരിശീലകനെ പുകഴ്ത്തി പെപ്പ്

ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയെ വാനോളം പുകഴ്ത്തി പെപ്പ് ഗ്വാർഡിയോള. പ്രീമിയർ ലീഗിൽ അടുത്ത ബ്രൈറ്റണെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ കണുമ്പോളാണ് മാഞ്ചസ്റ്റർ സിറ്റി കോച്ച്, ഡി സെർബിയെ കുറിച്ച് സംസാരിച്ചത്. കഴിഞ്ഞ രണ്ടു ദശകത്തിൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താനായ പരിശീലകരിൽ ഒരാളാണ് ഡി സെർബിയെന്ന് പെപ്പ് പറഞ്ഞു, “യൂറോപ്പ യോഗ്യത നേടിയ ബ്രൈറ്റണ് എല്ലാ അഭിനന്ദനങ്ങളും. കഴിഞ്ഞ ഇരുപത് വർഷത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ ആയ കോച്ചുമാരിൽ ഒരാളാണ് ഡി സെർബി. അദ്ദേഹത്തിന്റെ ടീം കളിക്കുന്ന ശൈലിയിൽ മറ്റൊരു ടീമും പന്ത് തട്ടുന്നില്ല. തികച്ചും സമാനതകളില്ലാത്ത ശൈലി”.

അതേ സമയം ഇറ്റാലിയൻ കോച്ചിന് ബ്രൈറ്റണിൽ കഴിവ് തെളിയിക്കാൻ ആവും എന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് മികച്ച ഫലം ഉണ്ടാവുമെന്ന് കരുതിയില്ലെന്ന് പെപ് സമ്മതിച്ചു. പന്തിന്മേലുള്ള ആധിപത്യവും ഇരുപതോ ഇരുപത്തിയഞ്ചോ അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്നതും ഡി സെർബിയുടെ ടീമിന്റെ പ്രത്യേകത ആയി പെപ്പ് ചൂണ്ടിക്കാണിച്ചു. കൂടാതെ ഡിഫെൻസിവ് മിഡ്ഫീല്ഡറെന്ന പോലെ കളിക്കുന്ന ഗോൾ കീപ്പറും കൂടി ആവുമ്പോൾ മികച്ച കളി കെട്ടഴിച്ചില്ലെങ്കിൽ അവർ എതിർ ടീമിനെ നിഷ്പ്രഭരാക്കി കളയുമെന്നും പെപ്പ് സൂചിപ്പിച്ചു. “താൻ ഈ ടീമിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഇപ്പോഴത്തെ നേട്ടങ്ങൾ അവർ അർഹിക്കുന്നതാണ്. കളത്തിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതും ഫ്രീ ആയി നിൽക്കുന്ന താരത്തെ കണ്ടെത്തുന്നതിലും അവർ ഇന്ന് ലോകത്തെ ഒന്നാം നമ്പർ ആണെന്ന് പറയാം. മികച്ച താളവും ഇതുപോലെ താരങ്ങളെ ഫ്രീ ആയി നിർത്തുകയും പന്ത് കൈവശം വെക്കുമ്പോൾ ഉള്ള അക്രമണോത്സുകതയും അവരുടെ പ്രത്യേകതയാണ്”, പെപ്പ് വിശദീകരിച്ചു.

ഹാട്രിക്ക് പ്രീമിയർ ലീഗ്, സർ അലക്സ് ഫെർഗൂസന്റെ റെക്കോർഡിന് ഒപ്പം പെപ്

മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബും മാനേജർ പെപ് ഗ്വാർഡിയോളയും പ്രീമിയർ ലീഗിൽ ഒരു റെക്കോർഡ് കൂടെ സ്വന്തമാക്കി. അവരുടെ തുടർച്ചയായ മൂന്നാം ലീഗ് കിരീടം ആണ് ഇന്നലെ അവർ ഉറപ്പിച്ചത്. മുമ്പ് സർ അലക്‌സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് പ്രീമിയർ ലീഗിൽ ഹാട്രിക്ക് കിരീടം നേടിയത്. ഫെർഗൂസൺ രണ്ട് തവണ പ്രീമിയർ ലീഗിൽ ഹാട്രിക്ക് കിരീടം നേടിയിട്ടുണ്ട്.

2020/21, 2021/22 സീസണുകളിൽ പ്രീമിയർ ലീഗ് ട്രോഫി ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി ഇത്തവണ ആഴ്സണലിന്റെ ശക്തമായ പോരാട്ടം അതിജീവിച്ചാണ് ലീഗ് സ്വന്തമാക്കിയത്. ഫെർഗൂസൺ 1998-99, 1999-2000, 2000-2001 സീസണിൽ ആയിരുന്നു ആദ്യം ഹാട്രിക് പ്രീമിയർ ലീഗ് കിരീടം നേടിയത്. 2006 മുതൽ 2009 വരെ ഉള്ള സീസണുകളിൽ അദ്ദേഹം വീണ്ടും യുണൈറ്റഡിനൊപ്പം ഹാട്രിക്ക് പ്രീമിയർ ലീഗ് കിരീടം നേടി.

പെപ് ഗ്വാർഡിയോള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാത്രമല്ല ജർമ്മനിയിൽ ബയേണൊപ്പം ബുണ്ടസ് ലീഗയിലും ബാഴ്സക്ക് ഒപ്പം ലാലിഗയിലും ഹാട്രിക്ക് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.

ബയേണെ മറികടക്കാൻ ഒരു നല്ല മത്സരം പോരാ എന്ന് ഗ്വാർഡിയോള

ഇന്നലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി 3-0ന് ബയേണെ തോൽപ്പിച്ചിരുന്നു. എന്നാൽ ബയേണെ മറികടക്കാൻ ഒരു നല്ല മത്സരം പോരാ എന്നും ജർമ്മനിയിലും മികവ് കാണിക്കേണ്ടതുണ്ട് എന്നും സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞു. ഇന്നലത്തെ മത്സരം അത്ര സുഖകരമായിരുന്നില്ല. വൈകാരികമായി ഏറെ ഡിമാൻഡ് ചെയ്യുന്നത് ആയിരുന്നു എന്നും പെപ്പ് പറഞ്ഞു.

“ബയേണിനെതിരായ രണ്ടാം പാദത്തിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാം. നിങ്ങൾ മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ, അവർ ഒന്നല്ല മൂന്ന് ഗോളും സ്കോർ ചെയ്യും.അത് എനിക്കറിയാം. കളിക്കാർക്കും അത് അറിയാം.” പെപ്പ് പറഞ്ഞു

എന്റെ കളിക്കാർക്ക് മുന്നറിയിപ്പുകൾ നൽകേണ്ടതില്ല എന്നും ബയേൺ പോലുള്ള ടീമുകളെ പുറത്താക്കാൻ നിങ്ങൾക്ക് രണ്ട് മികച്ച മത്സരങ്ങൾ കളിക്കേണ്ടതുണ്ട് എന്നും പെപ് പറഞ്ഞു.

“ഇപ്പോഴേ റെക്കോർഡുകൾ എല്ലാം തകർത്താൻ ഹാളണ്ടിന് ഭാവിയിൽ ബോറടിക്കും” – ഗ്വാർഡിയോള

ഇന്നലെ ലൈപ്സിഗിന് എതിരെ അഞ്ച് ഗോൾ നേടിനിൽക്കെ ഹാളണ്ടിനെ പെപ് ഗ്വാർഡിയോള പിൻവലിച്ചിരുന്നു. 6 ഗോൾ നേടി ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഒരു മത്സരത്തിൽ ആറ് ഗോൾ നേടുന്ന ആദ്യ താരമായി ഹാളണ്ടിന് മാറാനുള്ള അവസരമാണ് താരത്തെ സബ് ചെയ്തതോടെ ഇല്ലാതായത്. എന്നാൽ ഇപ്പോൾ തന്നെ റെക്കോർഡുകൾ മറികടന്നാൽ ഹാളണ്ടിന് ഭാവിയിൽ ബോറടിക്കും എന്ന് ഗ്വാർഡിയോള പറഞ്ഞു.

“ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 5 ഗോളുകൾ എന്ന മെസ്സിയുടെ റെക്കോർഡ് തകർക്കാൻ അവസരം ലഭിച്ചപ്പോൾ ഹാലൻഡിനെ പകരക്കാരനായി പുറത്താക്കുകയാണോ എന്ന് ചോദിച്ചാൽ എന്റെ ഉത്തരം ഇതാണ്. 22-ാം വയസ്സിൽ തന്നെ ആറ് ഗോളുകൾ നേടി റെക്കോർഡ് ഭേദിച്ചാൽ ഭാവിയിൽ ഹാളണ്ടിന് ബോറടിച്ചേനെ” പെപ് പറഞ്ഞു.

“ഹാളണ്ട് ഇപ്പോഴും ചെറുപ്പമാണ്, ഇന്ന് റെക്കോർഡ് തകർക്കാത്തത് ഭാവിയിൽ അദ്ദേഹത്തിന് മെസ്സിയുടെ റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്നതിനുള്ള ഒരു അധിക പ്രോത്സാഹനമായിരിക്കണം. അത് അദ്ദേഹത്തിന് ഒരു പ്രചോദനമായിരിക്കും. മെസ്സിയുടെ ഒരു റെക്കോർഡ് തകർക്കാൻ എല്ലാ കളിക്കാരും സ്വപ്നം കാണുന്നുണ്ടാകും” പെപ് പറഞ്ഞു.

“ഹാളണ്ട് മെസ്സിയല്ല, ടീം സഹായിച്ചാലേ ഗോൾ നേടാൻ ആകൂ” – ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഫുട്ബോൾ ഡെയ്‌ലിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചു. ഹാലൻഡിന് ഗോളുകൾ നേടുന്നതിന് ടീം കൂടുതൽ പിന്തുണ നൽകേണ്ടതുണ്ട് എന്ന് ഗാർഡിയോള പറഞ്ഞു:

“ഗെയിമുകളിൽ ഹാലാൻഡിനെ കൂടുതൽ കണ്ടെത്താൻ കളിക്കാരോട് പറയുക എന്നത് എന്റെ ജോലിയാണ്, ഗോളുകൾ നേടുന്നതിന് അദ്ദേഹത്തിന് ടീം ആവശ്യമാണ്.”

ഗാർഡിയോള ഹാലാൻഡ് ലയണൽ മെസ്സി അല്ല എന്നും ഓർമ്മിപ്പിച്ചു. നോർവീജിയൻ മുന്നേറ്റത്തിന് ഒറ്റയ്ക്ക് ഒരു കളി തീരുമാനിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു: “അദ്ദേഹം മെസ്സിയെപ്പോലെ പന്ത് എടുത്ത് 3-4 കളിക്കാരെ ഡ്രിബിൾ ചെയ്ത് ഗോൾ നേടി കളിയുടെ വിധി തീരുമാനിക്കുന്ന താരമല്ല” ഗ്വാർഡിയോള പറഞ്ഞു.

“ഞങ്ങൾ അവനെ കുറച്ചുകൂടി നന്നായി മനസ്സിലാക്കുമ്പോൾ അവൻ ഗോളുകൾ നേടും… എനിക്ക് അതിൽ സംശയമില്ല.” ഗ്വാർഡിയോള കൂട്ടിച്ചേർത്തു.

ജെറാഡിനോട് മാപ്പ് പറഞ്ഞു ഗ്വാർഡിയോള

മുൻ ലിവർപൂൾ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർഡിനോട് പരസ്യമായി മാപ്പു പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള. 2014ലെ ടൈറ്റിൽ റേസിൽ ജെറാർഡിന്റെ സ്ലിപ്പിനെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ ഗ്വാർഡിയോള ഖേദം പ്രകടിപ്പിച്ചു. ആ സീസണിൽ ചെൽസിക്കെതിരായ ലിവർപൂളിന്റെ മത്സരത്തിനിടെയുണ്ടായ ജെറാഡിന്റെ സ്ലിപ്പ് പ്രീമിയർ ലീഗ് കിരീടം സിറ്റിയിലേക്ക് എത്താൻ സഹായിച്ചിരുന്നു.

ജെറാർഡിന്റെ സ്ലിപ്പിനും സിറ്റി ആണോ ഉത്തരവാദി എന്ന് ഗാർഡിയോള ചോദ്യം ഉന്നയിച്ചിരുന്നു. തന്റെ പരാമർശങ്ങൾ “വിഡ്ഢിത്തവും അനാവശ്യവുമാണെന്ന്” പെപ് ഇന്ന് പറഞ്ഞു. ജെറാർഡിനെക്കുറിച്ച് ഞാൻ പറഞ്ഞ എന്റെ അനാവശ്യമായ അഭിപ്രായങ്ങൾക്ക് ഞാൻ അവനോട് ക്ഷമ ചോദിക്കുന്നു. ഞാൻ അവനെയും അവന്റെ കരിയറിനെയും ബഹുമാനിക്കുന്നു എന്നും ജെറാർഡിനെ വ്യക്തിപരമായി ബന്ധപ്പെട്ട് ക്ഷമാപണം നടത്തിയിട്ടുണ്ട് എന്നും പെപ് പറഞ്ഞു.

കാൻസലോ മികച്ച താരം, താരത്തിന്റെ ആഗ്രഹം പോലെ ബയേണിൽ കൂടുതൽ സമയം ലഭിക്കട്ടെ : പെപ്പ്

മാഞ്ചസ്റ്റർ സിറ്റിയുടെ നിർണായക താരങ്ങളിൽ ഒരാളായ ജാവോ കാൻസലോ ഏവരെയും ഞെട്ടിച്ചു കൊണ്ട് ബയേണിലേക്ക് ചേക്കേറിയ ശേഷം പ്രതികരണം അറിയിച്ച് പെപ്പ് ഗ്വാർഡിയോള. അവസാന സീസണുകളിൽ ടീമിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ച താരമായിരുന്നു കാൻസലോ എന്നും എല്ലാ മത്സരങ്ങളും കളിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത് എന്നും പെപ്പ് ചൂണ്ടിക്കാണിച്ചു. “ലോകക്കപ്പിന് ശേഷം പ്രീ സീസണിൽ താൻ ടീമിനോടൊപ്പം ചില പുതിയ തന്ത്രങ്ങൾ പരീക്ഷിച്ചു. ഈ പ്രകടനങ്ങൾ തന്നെ സംതൃപ്തനാക്കി. ചില താരങ്ങൾക്ക് കൂടുതൽ സമയം നൽകാൻ താൻ ആഗ്രഹിച്ചു.” പെപ്പ് പറഞ്ഞു. എന്നാൽ കാൻസലോയും മികച്ച പ്രകടനം തന്നെയാണ് കാൻസലോ പരിശീലന സെഷനുകളിലും പുറത്തെടുത്തത് എന്നും പെപ്പ് പറഞ്ഞു. എപ്പോഴും കളത്തിൽ ഇറങ്ങുന്നത് തന്നെയാണ് താരത്തെ കൂടുതൽ സംതൃപ്തനാകുന്നത് എന്നും അതിനാൽ തന്നെ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിനങ്ങളിൽ താരത്തിന് ബയേണിലേക്ക് പോകാനുള്ള ആഗ്രഹത്തിന് തങ്ങൾ സമ്മതം മൂളുകയായിരുന്നു എന്നും പെപ്പ് ചൂണ്ടിക്കാണിച്ചു.

ബയേണിലേക്ക് ചെക്കറിയ താരത്തിന് എല്ലാ ഭാവുകങ്ങളും നേർന്ന ഗ്വാർഡിയോള, എന്നാൽ സീസണിന് ശേഷം കാൻസലോയുടെ ഭാവി എന്താകും എന്ന് ഉറപ്പില്ലെന്നും അറിയിച്ചു. സിറ്റി അവസാനം നേടിയ പ്രിമിയർ ലീഗ് കിരീടങ്ങളിൽ കാൻസലോയുടെ നിർണായക സ്വാധീനം ഉണ്ടായിരുന്നു എന്നും പെപ്പ് പറഞ്ഞു. ടോട്ടനവുമായുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്ന പെപ്പ്, അന്റോണിയോ കോന്റെ മികച്ച രീതിയിൽ തന്നെ ടീമിനെ ഒരുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ട്രാൻസ്ഫർ വിൻഡോ ഉഴുതുമറിച്ച ചെൽസിയെ കുറിച്ചുള്ള ചോദ്യത്തിന്, മുൻപ് തങ്ങളെ ബാൻ ചെയ്യാൻ എട്ടോ ഒൻപതോ ടീമുകൾ പ്രീമിയർ ലീഗിൽ പരാതി നൽകിയ സംഭവം ഓർമിപ്പിച്ചു.

“ചാമ്പ്യൻസ് ലീഗ് കിരീടം നേടാതെ തന്റെ സിറ്റി ദൗത്യം പൂർണ്ണമാകില്ല” – പെപ്

ചാമ്പ്യൻസ് ലീഗ് നേടിയില്ലെങ്കിൽ, മാഞ്ചസ്റ്റർ സിറ്റിയിലെ തന്റെ സമയം പൂർണമാകില്ല എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. ഞങ്ങൾ ആഗ്രഹിക്കുന്ന ട്രോഫിയാണ് ചാമ്പ്യൻസ് ലീഗ് എന്ന് ഞാൻ സമ്മതിക്കുന്നു, തീർച്ചയായും ഞങ്ങൾ ചാമ്പ്യൻസ് ലീഗ് നേടിയില്ലെങ്കിൽ ഇവിടെ എന്റെ കാലഘട്ടം പൂർത്തിയാകില്ല. 51 കാരനായ പെപ് പറഞ്ഞു.

സിറ്റി മാനേജർ എന്ന നിലയിൽ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ഒമ്പത് പ്രധാന ട്രോഫികൾ ഗ്വാർഡിയോള നേടിയിട്ടുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ അദ്ദേഹം സിറ്റിക്ക് ഒപ്പം കിരീടത്തിൽ മുത്തമിട്ടില്ല. ബാഴ്‌സലോണയിൽ പരിശീലകനായിരിക്കെ രണ്ട് തവണ അദ്ദേഹം യു സി എൽ കിരീടം നേടയിരുന്നു.

ചാമ്പ്യൻസ് ലീഗ് ഞങ്ങളുടെ പക്കലില്ലാത്ത ട്രോഫിയാണ്, ഞങ്ങൾ അത് സ്വന്തമാക്കാൻ എല്ലാം ചെയ്യും. അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ RB ലെപ്‌സിഗിനെ ആൺ നേരിടേണ്ടത്.

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടു വർഷത്തെ കരാർ കൂടി ഒപ്പ് വക്കും എന്നു സൂചന

പെപ് ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ടു വർഷം കൂടി തുടരും എന്നു ഇംഗ്ലീഷ് മാധ്യമം ദ അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 2022/2023 സീസൺ അവസാനം സിറ്റിയിൽ ഗാർഡിയോളയുടെ കരാർ അവസാനിക്കും. നിലവിൽ അബുദാബിയിൽ ഉള്ള ഗാർഡിയോള പുതിയ കരാറിൽ ഒപ്പ് വക്കാൻ മാഞ്ചസ്റ്റർ സിറ്റി ഉടമകളോട് സമ്മതം മൂളി എന്നാണ് റിപ്പോർട്ട്.

ഇതോടെ 2025 വരെ സൂപ്പർ പരിശീലകൻ സിറ്റിയിൽ തുടരും. 2016 ൽ സിറ്റിയിൽ എത്തിയ 51 കാരനായ ഗാർഡിയോള അതിനു ശേഷം നാലു വീതം പ്രീമിയർ ലീഗ്, ലീഗ് കപ്പ് ഒരു എഫ്.എ കപ്പ് കിരീടങ്ങൾ അവർക്ക് ആയി നേടി നൽകിയിരുന്നു. ബാഴ്‌സലോണയിൽ സാധിച്ച പിന്നീട് ബയേണിലും ഇപ്പോൾ സിറ്റിയിലും ആവർത്തിക്കാൻ ആവാത്ത ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് ഗാർഡിയോള ഇനിയും ലക്ഷ്യം വക്കുന്നത്.

തന്റെ ഏറ്റവും മികച്ച പരിശീലകൻ പെപ്പ് തന്നെ, എൻറിക്വേ ബാഴ്‌സ വിടരുത് എന്നായിരുന്നു ആഗ്രഹം: മെസ്സി

തന്റെ മുൻ പരിശീലകരെ കുറിച്ച് മനസ് തുറന്ന് ലയണൽ മെസ്സി. മുൻ അർജന്റീനൻ താരമായിരുന്ന ജോർജെ വൽദാനോയുടെ “യൂണിവേഴ്സോ വൽദാർനോ” എന്ന പരിപാടിയിൽ സംബന്ധിക്കുകയായിരുന്നു അദ്ദേഹം. പെപ്പ് ഗ്വാർഡിയോള, എൻറിക്വേ എന്നിവരെ കുറിച്ച് മെസ്സി സംസാരിച്ചു.

ഗ്വാർഡിയോള തന്നെയാണ് തന്നെ പരിശീലിപ്പിച്ച ഏറ്റവും മികച്ച കോച്ച് എന്ന് മെസ്സി പറഞ്ഞു. അദ്ദേഹം ബാഴ്‌സലോണയിൽ കാണിച്ചു തന്നത് വീണ്ടും ആവർത്തിക്കുക അസംഭവ്യമാണെന്നും മെസ്സി കൂട്ടിച്ചെർത്തു. പെപ്പ് ഫുട്ബോളിന് “പരിക്കുകൾ” ഉണ്ടാക്കി വെച്ചതായി മെസ്സി തമാശ രൂപേണ പറഞ്ഞു. “അദ്ദേഹത്തിന് കീഴിൽ എല്ലാം അനായാസമായി തോന്നിപ്പിച്ചു, അത് പകർത്താനും പലരും ശ്രമിച്ചു. പക്ഷെ പിന്നീട് താൻ തിരിച്ചറിഞ്ഞു, എന്താണ് അദ്ദേഹത്തോടൊപ്പം പടുത്തിയർത്തിയിരുന്നത് എന്ന്” മെസ്സി പറഞ്ഞു.

എൻറിക്വേക്കൊപ്പം ഉണ്ടായ ഒരസാധാരണ സംഭവത്തെ കുറിച്ചും മെസ്സി പറഞ്ഞു. 2015ൽ സീസണിന്റെ ഇടക്ക് ഇടവേള കഴിഞ്ഞു ജനുവരിയിൽ മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ എൻറിക്വേ തന്നെ പിൻവലിച്ചു. ശേഷം തങ്ങൾ തമ്മിൽ ചെറിയ തരത്തിൽ വാഗ്വാദം നടന്നു. എന്നാൽ അതിനു ശേഷം എല്ലാം പഴയതിനെക്കാൾ നന്നായി. പിന്നീട് ഗാഢമായ ബന്ധമാണ് താനും എൻറിക്വെയും തമ്മിൽ തുടരുന്നത് എന്നും മെസ്സി ഓർത്തെടുത്തു. എൻറിക്വെ ബാഴ്‌സ വിടാൻ ഉദ്ദേശിച്ച സമയത്തു തങ്ങൾ വീണ്ടും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തെ നിർബന്ധിച്ചിരുന്നു എന്നും എന്നാൽ അദ്ദേഹം സന്നദ്ധനായില്ല എന്നും മെസ്സി പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ രൂപം തിങ്കളാഴ്ച സംപ്രേഷണം ചെയ്യും.

മാഞ്ചസ്റ്റർ സിറ്റി ജനുവരിയിൽ ആരെയും ടീമിൽ പുതുതായി എത്തിക്കില്ല – ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റി ഈ വരുന്ന ജനുവരിയിൽ ആരെയും പുതുതായി ടീമിൽ എത്തിക്കില്ലെന്നു വ്യക്തമാക്കി പരിശീലകൻ പെപ് ഗാർഡിയോള. നിലവിൽ തങ്ങൾക്ക് മികച്ച ടീം ആണ് ഉള്ളത് എന്നു വ്യക്തമാക്കിയ അദ്ദേഹം ടീമിലേക്ക് പുതുതായി ആരെയും ആവശ്യമില്ല എന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനം ഡോർട്ട്മുണ്ടിൽ നിന്നു ടീമിൽ എത്തിയ പ്രതിരോധതാരം അകാഞ്ചി ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി അവസാനം ടീമിൽ എത്തിച്ച താരം. ഇതിനു മുമ്പ് ഹാളണ്ട്, അൽവാരസ് എന്നിവരെയും അവർ ടീമിൽ എത്തിച്ചിരുന്നു. നിലവിൽ പ്രീമിയർ ലീഗിൽ രണ്ടാമതുള്ള അവർ ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ ആർ.ബി ലൈപ്സിഗിനെയും നേരിടും.

Exit mobile version