കളങ്കിതരായ കളിക്കാരെ ക്രിക്കറ്റിലേക്ക് തിരികെ വരേണ്ടതില്ല, അവര്‍ സ്വന്തം പലചരക്ക് കട നടത്തട്ടെയെന്ന് റമീസ് രാജ

അഴിമതിക്കാരോടുള്ള പാക് ബോര്‍ഡിന്റെ സമീപനത്തില്‍ പ്രതിഷേധം ഉയര്‍ത്തി റമീസ് രാജ. പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിമതിയുടെ പേരില്‍ വിലക്ക് വാങ്ങിയ താരങ്ങള്‍ ഒട്ടനവധിയാണ്. ഇന്ത്യയിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

അതേ സമയം പാക്കിസ്ഥാനില്‍ മുഹമ്മദ് അമീര്‍ വിലക്ക് കഴിഞ്ഞഅ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്ന സംഭവമുണ്ട്. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വിലക്ക് കഴിഞ്ഞ് വീണ്ടും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്തിടെ കളിപ്പിച്ചിരുന്നു.

ബോര്‍ഡിന്റെ ഇത്തരം സമീപനങ്ങളെ വിമര്‍ശിച്ച് പല മുന്‍ താരങ്ങളും രംഗത്തെത്തിയിരുന്നു. അവരില്‍ ഏറ്റവും പുതിയ ആളാണ് റമീസ് രാജ. ഇത്തരം കളങ്കിതരായ കളിക്കാര്‍ പലചരക്ക് കടകളാണ് തുറക്കേണ്ടതെന്നും ക്രിക്കറ്റിലേക്ക് അവരെ മടക്കിക്കൊണ്ടുവരുവാനായി പാക്കിസ്ഥാന്‍ ബോര്‍ഡ് മുന്‍ഗണന കൊടുക്കുന്നത് തീരെ ശരിയല്ലെന്നും പാക്കിസ്ഥാന്‍ മുന്‍ താരം റമീസ് രാജ വ്യക്തമാക്കി.

ഇത്തരം ഇളവുകളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മോശമാക്കിയതെന്ന് റമീസ രാജ പറഞ്ഞു. ഇപ്പോള്‍ ഷര്‍ജീല്‍ ഖാനിനെ വീണ്ടും ദേശീയ ടീമിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇത് ശരിയായ കാര്യമല്ല, ഇത് പാക്കിസ്ഥാന്‍ ക്രിക്കറ്റിനെ തകര്‍ക്കുമെന്ന് റമീസ് രാജ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് ഉപദേശവുമായി റമീസ് രാജ, കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കുവാന്‍ ആവശ്യപ്പെട്ട് മുന്‍ താരം

പാക്കിസ്ഥാന്‍ ഭാവിയിലേക്കുള്ള ടീമിനെ ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പുകളാണ് ടീമിന്റെ തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ടതെന്ന ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ റമീസ് രാജ. കഴിഞ്ഞ കുറച്ച് കാലമായി മോശം കാലഘട്ടത്തിലൂടെ പോകുന്ന ടീമിന്റെ പുതിയ കോച്ചും സെലക്ടറുമായി മിസ്ബയോടും ടി20 നായകന്‍ ബാബര്‍ അസമിനോടുമുള്ള റമീസിന്റെ ഉപദേശം പുതുമുഖ താരങ്ങള്‍ക്ക് ടി20യില്‍ അവസരം നല്‍കണമെന്നാണ്.

മിക്കി ആര്‍തറിന് ശേഷം കോച്ചായി എത്തിയ മിസ്ബ ആദ്യ പരമ്പരയ്ക്ക് ശേഷം ടി20യില്‍ നിന്ന് സര്‍ഫ്രാസിനെ ഒഴിവാക്കിയിരുന്നു. പിന്നീടുള്ള പരമ്പരയില്‍ ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ ഒഴിവാക്കിയ പാക്കിസ്ഥാന്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കിയത്.

ഇതിന് ശേഷവും ഫലം വ്യത്യസ്തമാകാതിരുന്നപ്പോള്‍ ഹഫീസും മാലിക്കും തിരികെ ടീമിലേക്ക് എത്തി. എന്നാല്‍ റമീസ് രാജയുടെ അഭിപ്രായത്തില്‍ ടി20യില്‍ യുവ താരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടതെന്നാണ്. ടി20 ഫോര്‍മാറ്റ് തന്നെ യുവതാരങ്ങള്‍ക്കുള്ളതാണെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് സീനിയര്‍ താരങ്ങളെ ഒഴിവാക്കേണ്ട സമയം കഴിഞ്ഞുവെന്നും റമീസ് രാജ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ബോര്‍ഡും മിസ്ബയും പാക്കിസ്ഥാന്റെ ഭാവിയെ മുന്‍ നിര്‍ത്തിയുള്ള ടീം സെലക്ഷനാണ് നടത്തേണ്ടതെന്നും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികവ് തെളിയിക്കുന്ന ഒട്ടനവധി പ്രതിഭകള്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിലുണ്ടെന്നും റമീസ് രാജ വ്യക്തമാക്കി.

എന്ത് വിലകൊടുത്തും ഉമര്‍ അക്മല്‍ പാക് ദേശീയ ടീമിലേക്ക് എത്തുന്നത് തടയണം

ഇനിയൊരിക്കലും ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ടീമിലേക്ക് തിരികെ വരുവാന്‍ അനുവദിച്ച് കൂടായെന്ന് വ്യക്തമാക്കി മുന്‍ താരം തന്‍വീര്‍ അഹമ്മദ്. രണ്ട് വട്ടം പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ കോഡ് ലംഘിച്ച ഉമര്‍ അക്മല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. മുന്‍ പാക് പേസര്‍ ആയ തന്‍വീര്‍ അഹമ്മദ് ഇനി ഒരു അവസരം ഉമര്‍ അക്മലിന് ബോര്‍ഡ് നല്‍കേണ്ടതില്ലെ്നന് പറയുകയായിരുന്നു.

നിരവധി അവസരം ലഭിച്ചിട്ടും തന്റെ സ്ഥാനം ഉറപ്പിക്കുവാനാകുന്ന പ്രകടനം പുറത്തെടുക്കുവാന്‍ സാധിക്കാത്ത ഉമര്‍ എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. പിസിബി താരത്തിന് വളരെ അധികം അവസരം നല്‍കിയെന്നാണ് തന്‍വീറിന്റെ വാദം. പ്രകടനങ്ങളുടെ ബലത്തിലല്ല താരം തിരികെ ടീമിലെത്തിയിട്ടുള്ളതെന്നും തന്റെ ബന്ധങ്ങളാണ് താരം അതിനായി ഉപയോഗിച്ചിട്ടുള്ളതെന്നും തന്‍വീര്‍ വ്യക്തമാക്കി.

ഇനി യാതൊരു കാരണവശാലും ഈ സാഹചര്യം ഉണ്ടാകരുതെന്നെ തന്‍വീര്‍ പറഞ്ഞു. പിസിബി ചെയര്‍മാന്മാര്‍ മാറിയാലും ഉമര്‍ അക്മല്‍ തിരികെ ടീമിലെത്തും. എന്ത് കൊണ്ടാണ് ഇതെന്ന് ആരും ചിന്തിക്കുന്നില്ലെന്ന് തന്‍വീര്‍ വ്യക്തമാക്കി.

കറാച്ചി ഏകദിനം മുന്നോട്ടാക്കി പാക്കിസ്ഥാന്‍

കറാച്ചിയില്‍ ബംഗ്ലാദേശിനെതിരെ ഏപ്രില്‍ മൂന്നിന് നടക്കേണ്ട ഏകദിനം ഏപ്രില്‍ 1ലേക്ക് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടീമിന് തങ്ങളുടെ രണ്ടാം ടെസ്റ്റിന് വേണ്ടത്ര സമയം ലഭിയ്ക്കുന്നത് വേണ്ടിയാണ് പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ഈ മാറ്റം. മാര്‍ച്ച് 29ന് ബംഗ്ലാദേശ് കറാച്ചിയില്‍ എത്തും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ ഒരിന്നിംഗ്സിന്റെയും 44 റണ്‍സിന്റെയും വിജയം കൈവരിച്ചിരുന്നു. കറാച്ചിയില്‍ ടെസ്റ്റ് വിജയം കൈവരിക്കാനായാല്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ടീമിന് ഉയരാന്‍ കഴിയും.

ഇന്ത്യന്‍ ടീമിന് ഭീഷണി, ഇമെയില്‍ എത്തിയത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക അക്കൗണ്ടില്‍

വെള്ളിയാഴ്ച ഓഗസ്റ്റ് 16ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് ഒരു ഭീഷണി സന്ദേശം എത്തി. അത് വിന്‍ഡീസ് പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനെതിരെ ആക്രമണമുണ്ടാകുമെന്നായിരുന്നു. പാക്കിസ്ഥാന്‍ ബോര്‍ഡ് ഉടനടി അത് ഐസിസിയ്ക്ക് അയയ്ക്കുകയും ഐസിസി അത് ഇന്ത്യന്‍ ബോര്‍ഡായ ബിസിസിഐയ്ക്ക് കോപ്പിയായി അയയ്ക്കുകയും ചെയ്തു. സംഭവം ബിസിസിഐ കേന്ദ്ര മന്ത്രാലയത്തെ അറിയിക്കുകയും ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവെന്നുമാണ് അറിയുന്നത്.

ഇത്തരത്തിലൊരു ഇമെയില്‍ വന്നുവെന്നത് ബിസിസിഐ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ കൊല്ലുമെന്നാണ് സന്ദേശത്തിലെ ഉള്ളടക്കം. ഇന്ത്യന്‍ ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു. എന്നാല്‍ സന്ദേശം വ്യാജമാണെന്നാണ് വിലയിരുത്തല്‍.

മിക്കി ആര്‍തറുടെയും മറ്റ് കോച്ചിംഗ് സ്റ്റാഫിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം മുഖ്യ കോച്ച് മിക്കി ആര്‍തര്‍, ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമ്മൂദ്, ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍, പരിശീലകന്‍ ഗ്രാന്റ് ലൂഡന്‍ എന്നിവരുടെ കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. മോശം തുടക്കത്തിന് ശേഷം തിരിച്ചുവരവിന് ലോകകപ്പില്‍ പാക് ശ്രമം ഉണ്ടായെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലാണ്ടിനോട് പിന്നില്‍ പോയതിന് പിന്നാലെയാണ് ഈ തീരുമാനം.

ദേശീയ കോച്ചിംഗ് സെറ്റപ്പ് വീണ്ടും പൊടിതട്ടിയെടുക്കുവാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പുതിയ കോച്ചുമാര്‍ക്കായി ബോര്‍ഡ് വേഗത്തില്‍ തന്നെ നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ നാല് സ്ഥാനങ്ങള്‍ക്കും ഉടനടി അപേക്ഷ ക്ഷണിക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വവും പുതിയ സമീപനവുമാണ് ഇനി പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ആവശ്യമെന്ന് പിസിബി ക്രിക്കറ്റ് കമ്മിറ്റിയുടെ നിര്‍ദ്ദേശം പാലിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍.

ബൗളിംഗ് ആക്ഷന്‍ പരിശോധന ഇനി ലാഹോറിലും

ബൗളിംഗ് ആക്ഷന്‍ പരിശോധനയ്ക്കായി ലാഹോറിലെ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയന്‍സസിന് അനുമതി നല്‍കി ഐസിസി. ഔദ്യോഗിക പരിശോധന കേന്ദ്രമായാണ് ഐസിസി ഈ കേന്ദ്രത്തെ അംഗീകരിക്കുന്നത്. ലോകത്തിലെ ഇത്തരത്തില്‍ അംഗീകാരം ലഭിച്ച അഞ്ചാമത്തെ കേന്ദ്രമാണ് ലാഹോറിലേത്. ബ്രിസ്ബെയിനിലെ നാഷണല്‍ ക്രിക്കറ്റ് സെന്റര്‍, ചെന്നൈയിലെ ശ്രീ രാമചന്ദ്ര യൂണിവേഴ്സിറ്റി, ലൗഗ്ബറോ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ എന്നിവയാണ് മറ്റ് അംഗീകൃത കേന്ദ്രങ്ങള്‍.

ലാഹോറിലെ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അനുമോദിക്കുവാനും ഐസിസി ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ജെഫ് അല്ലാര്‍ഡൈസ് തയ്യാറായി. തെറ്റായ ആക്ഷനുകള്‍ തിരുത്തുവാനുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിബദ്ധതയെ ഇത് സൂചിപ്പിക്കുന്നു എന്നും ജെഫ് പറഞ്ഞു.

പട്ടാളത്തൊപ്പി, ഇന്ത്യയ്ക്ക് നല്‍കിയത് പ്രത്യേക അനുമതി

ഇന്ത്യ പട്ടാളത്തൊപ്പി അണിഞ്ഞ് റാഞ്ചി ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിട്ടതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയില്ലായെന്നും ഐസിസിയ്ക്ക് അത്തരം ഒരു നിലപാടില്ലെന്നും വ്യക്തമാക്കി ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍. ഐസിസി സ്പോര്‍ട്സും രാഷ്ട്രീയവും ഇടകലര്‍ത്തുവാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയ്ക്ക് പട്ടാളത്തൊപ്പി അണിയുവാനുള്ള അവസരം നല്‍കിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അവര്‍ അനുമതി തേടിയപ്പോള്‍ ഒരു തവണത്തേക്കെന്ന നിലയിലാണ് ഈ അനുമതി നല്‍കിയത്.

പുല്‍വാമ ആക്രമണത്തില്‍ നഷ്ടപ്പെട്ട വ്യക്തികള്‍ക്ക് ആദരാഞ്ജലിയും അവരുടെ കുടുംബത്തിനോടുള്ള സഹാനുഭൂതിയ്ക്കു വേണ്ടിയും അവരുടെ കുടുംബത്തിനു ഫണ്ട് സ്വരൂപിക്കുവാനുള്ള ആവശ്യത്തെ മുന്‍ നിര്‍ത്തിയാണ് ഐസിസിയുടെ അനുമതി. അതിനാല്‍ തന്നെ ഇതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും ഡേവിഡ് റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കി.

സംഭവത്തിനു ശേഷം ഐസിസി മുമ്പ് ഇത്തരം ചെയ്തികള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഇന്ത്യയ്ക്കെതിരെയും നടപടിയാവശ്യമാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യയ്ക്കെതിരെ നടപടി വേണമെന്ന് പാക്കിസ്ഥാന്‍ ഐസിസിയോട് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തുവെങ്കിലും അന്ന് തന്നെ ഐസിസി അതിനെ അവഗണിച്ചിരുന്നു.

തീരുമാനം ബിസിസിയുടേത്, ആ രണ്ട് പോയിന്റുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് ഗൗതം ഗംഭീര്‍

ഇന്ത്യ പാക് മത്സരം ഇന്ത്യ ഉപേക്ഷിക്കണമോ വേണ്ടയോ എന്ന ആദ്യ റൗണ്ട് അഭിപ്രായങ്ങള്‍ താരങ്ങളും മുന്‍ താരങ്ങളും രാഷ്ട്രീയക്കാരും ആരാധകരുമെല്ലാം പങ്കുവെച്ച ശേഷം തന്നോട് ഇതേ ചോദ്യം വീണ്ടും ചോദിച്ച റിപ്പോര്‍ട്ടര്‍മാരോട് മനസ്സ് തുറന്ന് ഗൗതം ഗംഭിര്‍. അന്തിമ തീരുമാനം അത് ബിസിസിഐയുടേതാണെന്ന് പറഞ്ഞ ഗംഭീര്‍ തന്നെ സംബന്ധിച്ച് ആ രണ്ട് പോയിന്റ് അത്ര പ്രാധാന്യമുള്ളതല്ലെന്നും ഇന്ത്യ മത്സരം ഉപേക്ഷിക്കണമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞു.

ഏതൊരു ക്രിക്കറ്റ് മത്സരത്തെക്കാളും തനിക്ക് പ്രാധാന്യം ജവാന്മാരാണെന്നും രാജ്യം തന്നെയാണ് ആദ്യ സ്ഥാനം അര്‍ഹിക്കുന്നതെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. പാക്കിസ്ഥാനെ ഐസിസി ലോകകപ്പില്‍ നിന്ന് വിലക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടുവെങ്കിലും അത് സാധ്യമല്ലെന്ന് ഐസിസി അറിയിക്കുകയുണ്ടായിരുന്നു.

താഹിറിനും മോയിന്‍ അലിയ്ക്കുമെതിരെ ആകാമെങ്കില്‍ ഇന്ത്യയ്ക്കെതിരെയും നടപടി വേണമെന്ന് എഹ്സാന്‍ മാനി

ഇന്ത്യ പട്ടാളത്തൊപ്പിയണിഞ്ഞ് ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തിയ വിഷയത്തില്‍ നടപടി വേണമെന്ന പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ആവശ്യം മുന്‍ കാലത്ത് ഇത്തരം നിലപാടുകള്‍ സ്വീകരിച്ച താരങ്ങള്‍ക്കെതിരെയുള്ള ഐസിസി നടപടി ചൂണ്ടിക്കാണിച്ച് കൊണ്ടു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനിയാണ് മുമ്പ് ഇമ്രാന്‍ താഹിറിനെതിരെയും മോയിന്‍ അലിയ്ക്കെതിരെയും സമാനമായ കാര്യത്തില്‍ നടപടി എടുത്ത ചരിത്രം ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിക്കുന്നത്.

2014ല്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെ ഐസിസി വിലക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ട് ദിവസം “സേവ് ഗാസ”, “ഫ്രീ പാലസ്തീന്‍” ആം ബാന്‍ഡുകള്‍ അണിഞ്ഞ് കളത്തിലിറങ്ങിയതിനു അന്നത്തെ മാച്ച് റഫറി ഡേവിഡ് ബൂണ്‍ താരത്തെ ഐസിസിയുടെ വേഷ നിയമാവലിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയിരുന്നു. അന്ന് ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിന്റെ നിലാപാട് രാഷ്ട്രീയപരമല്ലെന്നും മനുഷ്യത്വപരമായ സമീപനമാണെന്നും വാദിച്ചിരുന്നു.

സമാനമായ രീതിയില്‍ ശ്രീലങ്കയ്ക്കെതിരെ 2017ല്‍ ടി20 മത്സരത്തിനിടെ ഇമ്രാന്‍ താഹിറും ഐസിസിയുടെ നടപടി നിേരിട്ടു. അന്ന് അസേല ഗുണരത്നേയെ പുറത്താക്കിയ ശേഷം തന്റെ ജഴ്സി ഊരി പാക്കിസ്ഥാനി പോപ് ഐക്കണ്‍ ജുനൈദ് ജംഷേദിന്റെ ചിത്രം അടങ്ങിയ ടിഷര്‍ട്ട് വെളിപ്പെടുത്തിയിരുന്നു. അന്ന് ഈ രണ്ട് സംഭവങ്ങളിലും ഐസിസി നടപടി എടുത്തുവെങ്കില്‍ ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്നാണ് എഹ്സാന്‍ മാനിയുടെ വാദം.

പാക് നായകന്‍ സര്‍ഫ്രാസ് തന്നെ

ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് തന്നെയായിരിക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി. സര്‍ഫ്രാസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് തന്നെയായിരിക്കുമെന്ന് മാനി പ്രഖ്യാപിച്ചത്. വംശീയമായ അധിക്ഷേപത്തിനു ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ താരത്തിനു നാല് മത്സരങ്ങളില്‍ സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. അതിനു ശേഷം ഷൊയ്ബ് മാലിക് ആണ് ടീമിനെ നയിച്ചത്. തുടര്‍ന്ന് ലോകകപ്പിനു വേറെ നായകനാവും പാക്കിസ്ഥാനുണ്ടാകുക എന്ന തരത്തിലുള്ള വാര്‍ത്ത പരക്കുകയായിരുന്നു.

സര്‍ഫ്രാസ് ഓസ്ട്രേലിയ്ക്കെതിരെയുള്ള ഏകദിനങ്ങളിലും ലോകകപ്പിലും ടീമിനെ നയിക്കുമെന്ന് പറഞ്ഞ മാനി അതിനു ശേഷമുള്ള കാര്യങ്ങള്‍ ലോകകപ്പിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പ്രഖ്യാപിച്ചു.

അന്വേഷണ സംഘത്തിനു കൈക്കൂലി നല്‍കുവാന്‍ ശ്രമം, നാസിര്‍ ജംഷദ് കുറ്റക്കാരന്‍

പാക്കിസ്ഥാന്‍ വിലക്കിയ താരം നാസിര്‍ ജംഷീദിനു കൂടുതല്‍ ശിക്ഷ നടപടിയുമായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി. സ്പോട്ട് ഫിക്സിംഗിന്റെ അന്വേഷണത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് കൈക്കൂലി വാഗ്ദാനം ചെയ്തതിനാണ് ജംഷദിനെതിരെ ചാര്‍ജ്ജ് ചെയ്യുവാന്‍ എന്‍സിഎ തീരുമാനിച്ചിരിക്കുന്നത്. മറ്റു രണ്ട് വ്യക്തികളോടൊപ്പമാണ് നാസിറിനെയും കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. മൂവരോടും ജനുവരി 15നു മാഞ്ചസ്റ്റര്‍ മജിസ്ട്രേറ്റ്സ് കോടതിയില്‍ ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംഘടിപ്പിച്ച ലീഗുകളിലെ മത്സരങ്ങളിലെ സ്പോട്ട് ഫിക്സിംഗ് ആരോപണങ്ങളിന്മേലുള്ള അന്വേഷണത്തിലാണ് ഇടപെടലുകള്‍ നടത്തുവാന്‍ നാസിര്‍ ശ്രമിച്ചത്. ഖാലിദ് ലത്തീഫ്, ഷര്‍ജീല്‍ ഖാന്‍ എന്നിവര്‍ കുറ്റക്കാരായി കണ്ടെത്തിയ സ്പോട്ട് ഫിക്സിംഗിനു പിന്നിലെ സൂത്രധാരനായി പാക്കിസ്ഥാന്‍ ബോര്‍ഡ് കണ്ടെത്തിയത് നാസി്‍ ജംഷീദിനെയാണ്.

ലത്തീഫിനും ഷര്‍ജീലിനും അഞ്ച് വര്‍ഷം വിലക്കും നാസിറിനു പത്ത് വര്‍ഷത്തെ വിലക്കുമാണ് കഴിഞ്ഞ ഓഗസ്റ്റില്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്.

Exit mobile version