കോവിഡ് മാനദണ്ഡം ലംഘിച്ച് ഹഫീസ്, താരത്തെ ഐസൊലേറ്റ് ചെയ്തുവെന്ന് അറിയിച്ച് ബോര്‍ഡ്

കോവിഡ് മാനദണ്ഡം ലംഘിച്ച് പാക് താരം മുഹമ്മദ് ഹഫീസ്. ബയോ ബബിളിന് പുറത്ത് ഇറങ്ങി ഗോള്‍ഫ് കളിക്കുകയും മറ്റൊരു വ്യക്തിയുമായുള്ള ചിത്രം തന്റെ ട്വിറ്ററില്‍ പങ്കുവെച്ച് ഹഫീസ് തന്നെയാണ് ഈ വിഷയം ലോകത്തെ അറിയിക്കുന്നത്. താരത്തെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

അറിയാതെ പറ്റിയ പിഴവാണ് ഇതെങ്കിലും എത്രത്തോളം പ്രധാനമുള്ളതാണ് കോവിഡ് മാനദണ്ഡങ്ങളെന്ന് ഏവരെയും ഓര്‍മ്മപ്പെടുത്തുവാന്‍ ഹഫീസിന്റെ ഈ പിഴവ് ഉപകരിക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. താരത്തിന്റെ ടെസ്റ്റ് നെഗറ്റീവാണെങ്കില്‍ മാത്രമേ ഇനി ടീമിനൊപ്പം ചേരുവാന്‍ സമ്മതിക്കുകയുള്ളു. ഫലം നാളെ ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂനിസ് ഖാനെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം – ഷൊയ്ബ് അക്തര്‍

യൂനിസ് ഖാനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ചായി നിയമിച്ചത് തെറ്റായ തീരുമാനം എന്ന് എന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍. താരത്തിനെ ദേശീയ ടീമിന് പകരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ആയിരുന്നു നിയമിക്കേണ്ടിയിരുന്നതെന്നും ദേശീയ ടീം കോച്ചായി മുഹമ്മദ് യൂസഫിനെ നിയമിക്കണമായിരുന്നുവെന്നും അക്തര്‍ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോളും നല്ല രീതിയില്‍ അല്ല നടക്കുന്നതെന്നാണ് ഈ നിയമനം സൂചിപ്പിക്കുന്നതെന്നാണ് അക്തര്‍ വെളിപ്പെടുത്തിയത്. 2017ല്‍ റിട്ടയര്‍ ചെയ്ത ശേഷം താരത്തിനെ ഇംഗ്ലണ്ട് ടൂറിന് വേണ്ടിയാണ് ബാറ്റിംഗ് കോച്ചായി നിയമിച്ചത്. താരത്തിനെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തിക്കുവാന്‍ പാക്കിസ്ഥാന്‍ ബോര്‍ഡ് ആലോചിച്ചുവെങ്കിലും അത് സാധ്യമായില്ല.

പിന്നീട് താരത്തിനെ അണ്ടര്‍ 19 ടീമിന്റെ കോച്ചായി പ്രവര്‍ത്തിക്കുവാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് നടത്തിയെങ്കിലും അത് വിജയകരമായി പരിവര്‍ത്തിച്ചില്ല. അതേ സമയം തനിക്ക് ഇത്തരത്തില്‍ ഒരുഅവസരം തന്നാല്‍ താന്‍ സൗജന്യമായി തന്റെ സേവനം നല്‍കുമെന്ന് ഷൊയ്ബ് അക്തര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരുവാന്‍ മുഹമ്മദ് അമീര്‍ ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീര്‍ ഇംഗ്ലണ്ടിലേക്ക് ഉടന്‍ യാത്രയാകുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിലേക്ക് യാത്രയായ സംഘത്തിനൊപ്പം താരം യാത്ര ചെയ്തിരുന്നില്ല. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനം സംബന്ധിച്ചാണ് താരം പാക്കിസ്ഥാനില്‍ കുടുംബത്തോടൊപ്പം ചെലഴിച്ചത്.

നേരത്തെ ഇംഗ്ലണ്ടിലേക്കുള്ള ടീമില്‍ നിന്ന് ഇതേ കാരണത്താല്‍ താരം വിട്ട് നില്‍ക്കുകയാണെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞാഴ്ച കുഞ്ഞിന്റെ ജനനത്തിന് ശേഷം താരം ഇംഗ്ലണ്ടിലേക്ക് പറക്കുവാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

പാക്കിസ്ഥാനുമായുള്ള പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ട് ഇംഗ്ലണ്ട് ബോര്‍ഡ്

പാക്കിസ്ഥാനുമായുള്ള മൂന്ന് ടെസ്റ്റിന്റെയും മൂന്ന് ടി20 മത്സരത്തിന്റെയും മത്സരക്രമം പുറത്ത് വിട്ട് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മാഞ്ചസ്റ്ററില്‍ ഓഗസ്റ്റ് 5-9 വരെയാണ് ആദ്യ ടെസ്റ്റ്. രണ്ടും മൂന്നും ടെസ്റ്റുകള്‍ സൗത്താംപ്ടണിലാണ്. ഓഗസ്റ്റ് 13-17 വരെയും ഓഗസ്റ്റ് 21-25 വരെയാണ് മത്സരങ്ങള്‍.

ടി20 മത്സരങ്ങള്‍ മൂന്നും മാഞ്ചസ്റ്ററിലാണ് നടക്കുക. ഓഗസ്റ്റ് 28, 30, സെപ്റ്റംബര്‍ 1 എന്നീ തീയ്യതികളിലാണ് മത്സരം.

ഹൈദര്‍ അലി, ഇമ്രാന്‍ ഖാന്‍, ഖാസിഫ് ബട്ടി എന്നിവര്‍ക്ക് പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേരാം

പാക്കിസ്ഥാന്‍ താരങ്ങളായ ഹൈദര്‍ അലി, ഇമ്രാന്‍ ഖാന്‍, ഖാസിഫ് ബട്ടി എന്നിവര്‍ക്ക് ഇംഗ്ലണ്ടിലേക്ക് യാത്രയാകാമെന്ന് അറിയിച്ച് ബോര്‍ഡ്. നേരത്തെ കൊറോണ പോസിറ്റീവ് എന്ന് കണ്ടെത്തിയ താരങ്ങള്‍ പിന്നീട് നടത്തിയ രണ്ട് ടെസ്റ്റുകളിലും നെഗറ്റീവ് ആയതോടെയാണ് ബോര്‍ഡ് താരങ്ങള്‍ക്ക് അനുമതി നല്‍കിയത്.

ജൂലൈ എട്ടിന് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നാണ് ബോര്‍ഡ് അറിയിച്ചത്. പാക്കിസ്ഥാന്‍ ബോര്‍ഡ് ഒരുക്കുന്ന യാത്ര സൗകര്യങ്ങളിലാവും ഈ മൂവര്‍ സംഘം യാത്രയാകുക. ആദ്യം പാക്കിസ്ഥാന്‍ താരങ്ങളില്‍ പോസിറ്റീവായ പത്ത് പേരില്‍ ഇപ്പോള്‍ ഹാരിസ് റൗഫ് മാത്രമാണ് ഇതുവരെ നെഗറ്റീവ് ആകാതിരിക്കുന്നത്.

രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും താരം ഇതുവരെ ടെസ്റ്റില്‍ നെഗറ്റീവ് ആയിട്ടില്ല. പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ തങ്ങളുടെ 14 ദിവസത്തെ ഐസൊലേഷന്‍ കാലം ചെലവഴിക്കുകയാണ്.

പാക്കിസ്ഥാന്റെ 20 ടീമംഗങ്ങള്‍ക്കും 11 ഒഫീഷ്യലുകള്‍ക്കും കോവിഡ് പരിശോധന ഒരുക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയ്ക്കെത്തിയ പാക്കിസ്ഥാന്‍ സ്ക്വാഡിനുള്ള കോവിഡ് പരിശോധന ഒരുക്കി ഇംഗ്ലണ്ട് ബോര്‍ഡ്. 20 കളിക്കാര്‍ക്കും 11 ഒഫീഷ്യലുകള്‍ക്കുമാണ് പരിശോധന ഒരുക്കിയിരിക്കുന്നത്. നേരത്തെ പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 10 താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു.

പിന്നീട് ഇവരെ ഒഴിവാക്കി ടെസ്റ്റില്‍ നെഗറ്റീവ് ആയ താരങ്ങളുമാണ് ഇന്നലെ പാക്കിസ്ഥാന്‍ സംഘം ഇംഗ്ലണ്ടിലേക്ക് യാത്രയായത്. 14 ദിവസത്തെ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷമാവും ടീം മത്സരവേദിയിലേക്ക് യാത്രയാകുന്നത്.

ഹഫീസിന്റെ ടെസ്റ്റ് വീണ്ടും നടത്തി പാക്കിസ്ഥാന്‍ ബോര്‍ഡ്, താരം വീണ്ടും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍

പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവായി മുഹമ്മദ് ഹഫീസ്. താരം ആദ്യം കോവിഡ് പോസിറ്റീവ് എന്ന് ബോര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്വന്തമായി താരം ടെസ്റ്റ് നടത്തുകയും താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് താരം ട്വിറ്ററില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബോര്‍ഡ് താരത്തിന്റെ പരിശോധന വീണ്ടും നടത്തിയത്. അത് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.

താരത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. താരത്തിന്റെ വ്യക്തിഗമായ പരിശോധനയ്ക്ക് വിധേയനാകുവാന്‍ എല്ലാവിധ അവകാശങ്ങളുമുണ്ടെങ്കിലും അദ്ദേഹം ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും പിസിബി സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.

താരം ഈ വിഷയം കൈകാര്യം ചെയ്തതില്‍ ബോര്‍ഡിന് വലിയ തരത്തിലുള്ള അതൃപ്തിയാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.

പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ ഈ ഞായറാഴ്ചയെത്തും, പിന്നെ 14 ദിവസത്തെ ക്വാറന്റൈന്‍

സ്ക്വാഡിലെ പത്തോളം താരങ്ങള്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തപ്പെട്ടുവെങ്കിലും പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിലേക്ക് മുന്‍ നിശ്ചയ പ്രകാരം തന്നെ യാത്രയാകുമെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഞായറാഴ്ച ജൂണ്‍ 28ന് പാക്കിസ്ഥാന്‍ ടീം ഇംഗ്ലണ്ടില്‍ എത്തുമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ടീമിന്റെ 14 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് വോര്‍സ്റ്റര്‍ഷയറിലാണ്. പിന്നീട് ജൂലൈ 13ന് ടീം ഡെര്‍ബിഷയര്‍ കൗണ്ടി ഗ്രൗണ്ടിലേക്ക് ആദ്യ ടെസ്റ്റിനായി യാത്രയാകും.

സ്വകാര്യ ലാബില്‍ പരിശോധന നടത്തി മുഹമ്മദ് ഹഫീസ്, കോവിഡ് നെഗറ്റീവ്

താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ്. ഇന്നലെ പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധന ഫലത്തില്‍ താരം ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരണം വന്നിരുന്നു. ഇതോടെ പാക്കിസ്ഥാനില്‍ 10 ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് ആണെന്ന് തിരിച്ചറിയുകയായിരുന്നു.

https://twitter.com/MHafeez22/status/1275689746765840395

ഹഫീസ് ട്വിറ്ററിലൂടെയാണ് താനും കുടുംബവും രണ്ടാം പരിശോധനയ്ക്ക് വിധേയനായെന്നും അതിന് ശേഷം താന്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയെന്നും പറഞ്ഞത്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ടിലേക്കുള്ള 29 അംഗ സംഘത്തില്‍ അംഗമായിരുന്നു ഹഫീസ്. ഇപ്പോള്‍ പത്ത് താരങ്ങള്‍ ആണ് കോവിഡ് ബാധിച്ചുവെന്ന് ബോര്‍ഡ് തന്നെ വ്യക്തമാക്കിയത്.

പത്ത് താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചുവെങ്കിലും പരമ്പര മുന്നോട്ട് പോകുമെന്ന് തന്നെയാണ് പാക്കിസ്ഥാന്‍ സിഇഒ വസീം ഖാന്‍ വ്യക്തമാക്കുന്നത്.

പാക്കിസ്ഥാന്‍ താരങ്ങളുടെ കോവിഡ് രോഗാവസ്ഥ ഒരു ഭീഷണി, എന്നാല്‍ പരമ്പര നടക്കുമെന്നാണ് കരുതുന്നത് – ആഷ്‍ലി ജൈല്‍സ്

പത്തോളം പാക്കിസ്ഥാന്‍ താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയ ശേഷം ഇംഗ്ലണ്ടിലേക്കുള്ള പാക്കിസ്ഥാന് ‍പരമ്പര നടക്കുമോ എന്നത് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ഇന്നലെ ആദ്യം മൂന്ന് താരങ്ങള്‍ പോസിറ്റീവ് ആയപ്പോള്‍ പ്രതികരിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‍ലി ജൈല്‍സ് പറഞ്ഞത്, ഇതൊരു വിഷമയാണെങ്കിലും പരമ്പരയെ അത് ബാധിച്ചേക്കില്ല എന്നായിരുന്നു.

എന്നാല്‍ ഇന്ന് ഏഴ് താരങ്ങള്‍ കൂടി കോവിഡ് ബാധിച്ചുവെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് അറിയിച്ചതോടെ സംഭവം കൈവിട്ട് പോകുന്ന സ്ഥിതിയിലേക്ക് മാറിയിട്ടുണ്ട്. 29 താരങ്ങളെയാണ് പാക്കിസ്ഥാന്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കായി പ്രഖ്യാപിച്ചത്. അതില്‍ തന്നെ 10 താരങ്ങള്‍ ഇപ്പോള്‍ അസുഖ ബാധിതരായിരിക്കുകയാണ്.

ഇവരാരും തന്നെ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കില്ല എന്നത് ഉറപ്പായിട്ടുണ്ട്. ഞായറാഴ്ചയാണ് ടീം ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നത്. സ്ക്വാഡില്‍ പകുതിയ്ക്ക് അടുത്ത് താരങ്ങളാണിപ്പോള്‍ കോവിഡിന് പിടിയിലായിരിക്കുന്നത്. ജൈല്‍സ് പ്രതികരണം നടത്തിയ ശേഷമുള്ള സ്ഥിതി പൂര്‍ണ്ണമായി മാറിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ പകരം താരങ്ങളെ പ്രഖ്യാപിക്കുമോ അതോ പരമ്പര ഉപേക്ഷിക്കുന്ന സാഹചര്യം ഉടലെടുക്കുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ഏഴ് പാക് താരങ്ങള്‍ക്ക് കൂടി കോവിഡ്, ഫകര്‍ സമനും മുഹമ്മദ് ഹഫീസും പൊസിറ്റീവ്

പാക്കിസ്ഥാന്റെ ഏഴ് താരങ്ങള്‍ക്ക് കൂടി കോവിഡ് എന്ന സ്ഥിരീകരണം പുറത്ത് വരുന്നു. ഇന്ന് പുറത്ത് വന്ന ഫലങ്ങളില്‍ മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഫകര്‍ സമന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍, കാശിഫ് ബട്ടി, മുഹമ്മദ് ഹസ്നൈന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പത്ത് താരങ്ങളാണ് കോവിഡ് ബാധിതരായിരിക്കുന്നത്. നേരത്തെ ഷദബ് ഖാന്‍, ഹാരിസ് റൗഫ്, ഹൈദരലി എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.

ഇത് പാക്കിസ്ഥാന്‍ ബോര്‍ഡ് തന്നെ സ്ഥിരീകരിച്ച വാര്‍ത്തയാണ്. പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പരമ്പര ഇനി സാധ്യമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

നാളെ ഫലം എത്തുക 23 താരങ്ങളുടെ കൂടി, പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയിലോ?

ഇന്ന് പരിശോധിച്ച അഞ്ച് താരങ്ങളില്‍ മൂന്ന് പേരുടെയും ഫലം കോവിഡ് പോസിറ്റീവ് ആയതോടെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയില്‍ ആകുമോ എന്ന സംശയത്തിലാണ് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവരെയാണ് ഇന്ന് പോസിറ്റീവ് ആയി കണ്ടെത്തിയത്. ഉസ്മാന്‍ ഷിന്‍വാരി, ഇമാദ് വസീം എന്നിവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

ഈ താരങ്ങള്‍ക്ക് യാതൊരുവിധ രോഗ ലക്ഷണങ്ങളും ഇല്ലായിരുന്നു എന്നതാണ് അറിയുവാന്‍ കഴിയുന്നത്. ഇവര്‍ മൂന്ന് പേരെയും സെല്‍ഫ് ഐസൊലേഷനിലേക്ക് മാറുവാന്‍നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പിസിബി മെഡിക്കല്‍ പാനല്‍ അറിയിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

നാളെ 23 താരങ്ങളുടെ കൂടി ഫലം എത്തുവാന്‍ ഇരിക്കവെ ഇംഗ്ലണ്ടിലേക്കുള്ള പരമ്പരയ്ക്കായി ടീമിന് യാത്ര പോകുവാന്‍ മതിയായ താരങ്ങളുണ്ടാകുമോ എന്നതാണ് ഇപ്പോള്‍ ബോര്‍ഡിനെ അലട്ടുന്ന പ്രശ്നം. പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കുവാനിരിക്കുന്നത്.

Exit mobile version