സമനില കുരുക്കില്‍ തലൈവാസും പട്നയും

ത്യാഗരാജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് പട്ന പൈറേറ്റ്സും തമിഴ് തലൈവാസും. ഫൈനല്‍ വിസില്‍ സമയത്ത് 35 വീതം പോയിന്റ് നേടിയാണ് ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നത്. പകുതി സമയത്ത് 16-14നു പട്നയായിരുന്നു മുന്നില്‍. റെയിഡിംഗില്‍ 25-22 എന്ന നിലയിലും പ്രതിരോധത്തില്‍ 8-7നും തമിഴ് തലൈവാസായിരുന്നു മുന്നില്‍. എന്നാല്‍ 4-2നു ഓള്‍ഔട്ട് പോയിന്റുകളില്‍ പട്ന മുന്നിട്ട് നിന്നു. ഒപ്പം തന്നെ 2-0 എന്ന നിലയില്‍ അധിക പോയിന്റിലെയും ലീഡ് ടീമിനു മത്സരം സമനിലയാക്കുവാന്‍ പോന്നതായിരുന്നു.

16 പോയിന്റ് നേടിയ അജയ് താക്കൂര്‍ ആണ് മത്സരത്തിലെ ടോപ് സ്കോറര്‍. മഞ്ജീത്ത് ചില്ലര്‍ 5 പോയിന്റും സുകേഷ് ഹെഗ്ഡേ പ്രതാപ് എന്നിവര്‍ നാല് പോയിന്റും നേടി. പട്നയ്ക്കായി പര്‍ദീപ് നര്‍വാല്‍ 11 പോയിന്റും മഞ്ജീത്ത് 7 പോയിന്റും നേടി.

ചാമ്പ്യന്മാര്‍ക്ക് മുന്നില്‍ ചുവട് പിഴച്ച് ബെംഗളൂരു ബുള്‍സ്

പ്രൊ കബഡി ലീഗിലെ 82ാം മത്സരത്തില്‍ മികച്ച ത്രില്ലര്‍ വിജയവുമായി പട്ന പൈറേറ്റ്സ്. ബെംഗളൂരു ബുള്‍സിന്റെ വെല്ലുവിളികളെ അതിജീവിച്ച് പൈറേറ്റ്സ് 35-32 എന്ന സ്കോറിനാണ് വിജയം കുറിച്ചത്. 23-11നു വ്യക്തമായ ലീഡ് ഇടവേള സമയത്ത് പട്ന പൈറേറ്റ്സ് സ്വന്തമാക്കിയെങ്കിലും രോഹിത് കുമാറിന്റെ ബലത്തില്‍ മികച്ച തിരിച്ചുവരവ് ബുള്‍സ് രണ്ടാം പകുതിയില്‍ നടത്തി. അവസാന മിനുട്ടുകളില്‍ തുടരെ പോയിന്റുകള്‍ നേടി ലീഡ് ബുള്‍സ് കുറച്ച് കൊണ്ടുവന്നെങ്കിലും ഫൈനല്‍ വിസില്‍ ഏറെ വൈകാതെ മുഴങ്ങിയപ്പോള്‍ മൂന്ന് പോയിന്റിന്റെ വിജയം പട്ന പൈറേറ്റ്സ് സ്വന്തമാക്കി.

13 പോയിന്റ് നേടി രോഹിത് കുമാര്‍ ആണ് ബെംഗളൂരുവിന്റെ ടോപ് സ്കോറര്‍. പവന്‍ ഷെഹ്റാവത്ത് 6 പോയിന്റ് നേടി. പട്ന നിരയില്‍ പര്‍ദീപ് നര്‍വാല്‍ 11 പോയിന്റ് നേടി. 22-18നു ലീഡ് റെയിഡിംഗില്‍ ബെംഗളൂരുവിനായിരുന്നുവെങ്കില്‍ 10-7നു പ്രതിരോധത്തില്‍ പട്ന തിളങ്ങി. ഇരു ടീമുകളും ഓരോ തവണ മറു പക്ഷത്തെ ഓള്‍ഔട്ട് ആക്കിയ മത്സരം സ്വന്തമാക്കുവാന്‍ പട്നയെ സഹായിച്ചത് അധിക പോയിന്റുകളിലെ മുന്നേറ്റമായിരുന്നു. 5-1നു അധിക പോയിന്റുകളില്‍ പട്ന മുന്നില്‍ നിന്നു.

തമിഴ് തലൈവാസിനെ തകര്‍ത്തെറിഞ്ഞ് പട്ന പൈറേറ്റ്സ്

വലിയ മാര്‍ജിനില്‍ പട്ന പൈറേറ്റ്സിന്റെ ജയം. തമിഴ് തലൈവാസിനെതിരെ 18 പോയിന്റ് വ്യത്യാസത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിന്റെ വിജയം. 45-27 എന്ന സ്കോറിനാണ് പട്നയുടെ വിജയം. ഇടവേള സമയത്ത് 16-13നു നേരിയ ലീഡ് മാത്രമാണ് പട്ന സ്വന്തമാക്കിയതെങ്കിലും രണ്ടാം പകുതിയില്‍ തലൈവാസിനെ പട്ന കശക്കിയെറിയുകയായിരുന്നു.

13 പോയിന്റ് നേടിയ പര്‍ദീപ് നര്‍വാലിനൊപ്പം ദീപക് നര്‍വാലും(10) മഞ്ജീത്തും(8) തിളങ്ങിയപ്പോളാണ് പട്ന പൈറേറ്റ്സിന്റെ തകര്‍പ്പന്‍ ജയത്തിനു അരങ്ങൊരുങ്ങിയത്. 8 പോയിന്റ് നേടിയ അജയ് താക്കൂര്‍ ആണ് തലൈവാസിന്റെ ടോപ് സ്കോറര്‍. മഞ്ജീത്ത് ചില്ലര്‍ 5 പോയിന്റ് നേടി.

റെയിഡിംഗില്‍ 28-21നു പട്ന മുന്നില്‍ നില്‍ക്കുകയും പ്രതിരോധത്തില്‍ 10-4ന്റെ ലീഡും ടീം കരസ്ഥമാക്കിയിരുന്നു. മൂന്ന് തവണ പട്ന തലൈവാസിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ പട്നയ്ക്കും കാലിടറി.

ഫോമിലേക്ക് തിരിച്ചെത്തി പട്ന, ബംഗാളിനെ തകര്‍ത്തത് 20 പോയിന്റിനു

ബംഗാള്‍ വാരിയേഴ്സിനെ കശക്കിയെറിഞ്ഞ് പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ പ്രൊ കബഡി ലീഗ് മത്സരത്തില്‍ 50-30 എന്ന സ്കോറിനാണ് പട്നയുടെ ആധികാരിക ജയം. പകുതി സമയത്ത് 22-14നു മുന്നില്‍ നിന്ന് ടീം രണ്ടാം പകുതിയില്‍ 28 പോയിന്റ് കൂടി നേടി. ദീപക് നര്‍വാല്‍(13), പര്‍ദീപ് നര്‍വാല്‍(11) എന്നിവര്‍ക്കൊപ്പം അഞ്ച് പോയിന്റ് നേടി ജയ്ദീപ് കൂടിയാണ് മത്സരം പട്നയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

ബംഗാള്‍ നിരയില്‍ മനീന്ദര്‍ സിംഗ് ആണ് ടോപ് സ്കോറര്‍. 6 പോയിന്റാണ് താരം നേടിയത്. മൂന്ന് തവണ പട്ന ബംഗാളിനെ ഓള്‍ഔട്ട് ആക്കിയപ്പോള്‍ ഒരു തവണ പട്നയും ഓള്‍ഔട്ട് ആയി. 28-17നു റെയിഡിംഗിലും 15-10നു പ്രതിരോധത്തിലും പട്ന തന്നെയായിരുന്നു മുന്നില്‍.

പൊരുതി നോക്കിയെങ്കിലും തോല്‍വി ഒഴിവാക്കാനാകാതെ പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് ബെംഗളൂരു

തുടര്‍ച്ചയായ നാലാം മത്സരത്തിലും പട്ന പൈറേറ്റ്സിനു തോല്‍വി. ബെംഗളൂരു ബുള്‍സിനോട് അവസാന നിമിഷം വരെ പൊരുതിയെങ്കിലും 43-41 എന്ന സ്കോറിനു ബുള്‍സ് പട്നയെ മറികടന്ന് വിജയം ഉറപ്പാക്കി. പര്‍ദീപ് നര്‍വാല്‍ വീണ്ടും നിറം മങ്ങിയ മത്സരത്തില്‍ ദീപക് നര്‍വാലും മഞ്ജീത്തും 10 പോയിന്റ് വീതം നേടിയാണ് പട്നയെ മുന്നോട്ട് നയിച്ചത്. എന്നാല്‍ പവന്‍ ഷെഹ്റാവത്തിന്റെയും കാശിലിംഗ് അഡ്കേയുടെയും മികവില്‍ ബെംഗളൂരു വിജയം ഉറപ്പാക്കുകയായിരുന്നു. അവസാന മിനുട്ട് വരെ 41-41നു ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ അവസാന രണ്ട് റെയിഡുകളില്‍ മത്സരം ബെംഗളൂരു പിടിച്ചെടുക്കുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 21-18നു പട്നയ്ക്കായിരുന്നു ലീഡ്.

ഷെഹ്റാവത്ത് 15 പോയിന്റും കാശിലിംഗ് 11 പോയിന്റുമാണ് നേടിയത്. രോഹിത് കുമാര്‍ ഏഴ് പോയിന്റ് നേടി. 29-22നു ബെംഗളൂരു റെയിഡിംഗില്‍ മികവ് പുലര്‍ത്തിയപ്പോള്‍ പ്രതിരോധത്തില്‍ 13-10നു പട്നയായിയിരുന്നു മുന്നില്‍. രണ്ട് തവണ ബെംഗളൂരുവിനെ ഓള്‍ഔട്ട് ആക്കുവാന്‍ പട്നയ്ക്ക് സാധിച്ചപ്പോള്‍ ബെംഗളൂരു ഒരു തവണ പട്നയെ പുറത്താക്കി.

പോരാട്ടം ഒപ്പത്തിനൊപ്പം, ഒടുവില്‍ ഒരു പോയിന്റ് വിജയം പിടിച്ചെടുത്ത് മുംബൈ

പ്രൊ കബഡി ലീഗ് സീസണ്‍ ആറിലെ ത്രില്ലര്‍ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് മുംബൈ. അത്യന്തം ആവേശകരമായ മത്സരത്തില്‍ 40-39 എന്ന സ്കോറിനാണ് മുംബൈ പട്ന പൈറേറ്റിസിനെ കീഴടക്കിയത്. മത്സരം അവസാന രണ്ട് മിനുട്ടിലേക്ക് കടന്നപ്പോള്‍ 38-36നു ലീഡ് പട്നയുടെ കൈകളിലായിരുന്നുവെങ്കിലും ആവേശകരമായി വിജയം സ്വന്തമാക്കുവാന്‍ മുംബൈയ്ക്ക് സാധിക്കുകയായിരുന്നു. ഇടവേള സമയത്ത് ഇരു ടീമുകളും 14 പോയിന്റ് വീതം നേടിയാണ് ക്രീസില്‍ നിന്നിരുന്നത്.

പട്നയുടെ പര്‍ദീപ് നര്‍വാല്‍ ആണ് 17 പോയിന്റുമായി മത്സരത്തിലെ ടോപ് സ്കോറര്‍. യു മുംബൈയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി 15 പോയിന്റ് നേടിയപ്പോള്‍ രോഹിത് ബലിയന്‍ 11 പോയിന്റും ഫസല്‍ അത്രച്ചാലി 6 പോയിന്റും നേടി ടീം വര്‍ക്കിലൂടെ വിജയം സ്വന്തമാക്കി. റെയിഡിംഗില്‍ 26-23 എന്ന സ്കോറിനു മുംബൈ മുന്നിട്ട് നിന്നപ്പോള്‍ 12-7 എന്ന നിലയില്‍ പ്രതിരോധത്തിലും മുംബൈ മെച്ചം പുലര്‍ത്തി.

എന്നാല്‍ രണ്ട് തവണ മുംബൈയെ ഓള്‍ഔട്ട് ആക്കി നാല് ഓള്‍ഔട്ട് പോയിന്റുകള്‍ പട്ന സ്വന്തമാക്കി. പട്ന 5 അധിക പോയിന്റുകള്‍ നേടിയപ്പോള്‍ മുംബൈയ്ക്ക് രണ്ട് പോയിന്റുകള്‍ മാത്രമേയുള്ളു.

പാന്തേഴ്സിനെ കീഴടക്കി പൈറേറ്റ്സ്, ജയം 11 പോയിന്റിനു

ജയ്പൂര്‍ പിങ്ക് പാന്തേഴ്സിനെ 41-30 എന്ന സ്കോറിനു പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 11 പോയിന്റ് ജയമാണ് പൈറേറ്റ്സ് സ്വന്തമാക്കിയത്. 22-15നു മുന്നിലായിരുന്ന പട്ന രണ്ടാം പകുതിയില്‍ മുന്നേറി ജയം സ്വന്തമാക്കുകയായിരുന്നു. 11 പോയിന്റ് നേടിയ പര്‍ദീപ് നര്‍വാളിനൊപ്പം മഞ്ജീത്ത്(10) വികാസ് കാലെ(5), ജയദീപ്(5) എന്നിവര്‍ തിളങ്ങിയപ്പോളാണ് പാന്തേഴ്സിനെ അനായാസമായി കീഴടക്കുവാന്‍ പട്നയ്ക്കായത്.

പാന്തേഴ്സിനായി ദീപക് ഹൂഡയും അനൂപ് കുമാറും 8 വീതം പോയിന്റ് നേടി. റെയിഡിംഗില്‍ ഇരു ടീമുകളും 22 പോയിന്റ് വീതം നേടി തുല്യത പാലിച്ചപ്പോള്‍ പ്രതിരോധത്തില്‍ 14-8നു പട്ന മുന്നില്‍ നിന്നു. രണ്ട് തവണ പാന്തേഴ്സിനെ ഓള്‍ഔട്ട് ആക്കിയ വഴി പട്ന 4 ഓള്‍ഔട്ട് പോയിന്റും സ്വന്തമാക്കി.

ആദ്യ പകുതിയിലെ ലീഡ് കൈവിട്ട് പട്ന, അവസാന നിമിഷം വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്

മത്സരത്തിലുടനീളം ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും അവസാന മിനുട്ടുകളില്‍ വിജയം പിടിച്ചെടുത്ത് തെലുഗു ടൈറ്റന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ 35-31 എന്ന സ്കോറിനാണ് തെലുഗു ടൈറ്റന്‍സ് പട്ന പൈറേറ്റ്സിനെ കീഴടക്കിയത്. ആദ്യ പകുതിയില്‍ 17-14നു മുന്നില്‍ നിന്നത് പട്നയായിരുന്നുവെങ്കിലും രണ്ടാം പകുതിയിലെ മികച്ച തിരിച്ചുവരവ് തെലുഗുവിനെ വിജയത്തിലേക്ക് നയിച്ചു. മത്സരം അവസാന അഞ്ച് മിനുട്ടിലേക്ക് കടന്നപ്പോള്‍ 30-30നു ഇരു ടീമുകളും ഒപ്പത്തിലായിരുന്നുവെങ്കിലും അവസാന നിമിഷങ്ങളില്‍ പട്നയ്ക്ക് ഒരു പോയിന്റ് മാത്രമേ നേടാനായുള്ളു എന്നത് ടീമിനു തിരിച്ചടിയായി.

8 പോയിന്റ് നേടിയ മഞ്ജിത്ത് ആണ് പട്നയുടെയും മത്സരത്തിലെയും ടോപ് സ്കോറര്‍. പര്‍ദീപ് നര്‍വാലിനു 5 പോയിന്റും ലഭിച്ചു അതേ സമയം രാഹുല്‍ ചൗധരിയാണ് (7) ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. വിശാല്‍ ഭരദ്വാജ്(6), നിലേഷ് സാലുങ്കേ(5), ഇറാനിയന്‍ താരങ്ങളായ അബോസാര്‍ മിഗാനി(5), മൊഹ്സന്‍ മഗ്സൗദലു(4) എന്നിവരാണ് തെലുഗു ടൈറ്റന്‍സിനെ വിജയത്തിലേക്ക് നയിച്ചത്.

റെയിഡിംഗില്‍ പട്നയ്ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ പ്രതിരോധത്തില്‍ മികവ് തെലുഗു ടൈറ്റന്‍സിനായിരുന്നു. റെയിഡിംഗ് പോയിന്റില്‍ 19-15നും ടാക്കിള്‍ പോയിന്റില്‍ 15-8നുമായിരുന്നു അതാത് ടീമുകള്‍ മുന്നില്‍. ഇരു ടീമുകളും ഓരോ തവണ ഓള്‍ഔട്ട് ആയപ്പോള്‍ തെലുഗു മൂന്ന് അധിക പോയിന്റുകളും പട്ന രണ്ട് അധിക പോയിന്റുകളും സ്വന്തമാക്കി.

തോല്‍വി ഒഴിയാതെ യുപി, പട്നയോടും തോല്‍വി

തുടര്‍ തോല്‍വികളില്‍ ആടിയുലഞ്ഞ് യുപി യോദ്ധ. ഇന്ന് പ്രൊ കബഡി ലീഗിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനോട് 43-37 എന്ന സ്കോറിന് പരാജയമേറ്റു വാങ്ങുകയായിരുന്നു യുപി യോദ്ധ. ഇടവേള സമയത്ത് ലീഡ് രണ്ട് പോയിന്റായി ചുരുക്കുവാന്‍ യുപിയ്ക്കായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ മെച്ചപ്പെട്ട പ്രകടനവുമായി പട്ന പൈറേറ്റ്സ് വിജയം ഉറപ്പാക്കുകയായിരുന്നു. പകുതി സമയത്ത് 19-17നായിരുന്നു വിജയികള്‍ ലീഡ് ചെയ്തത്.

ശ്രീകാന്ത് ജാഥവിന്റെയും(17 പോയിന്റ്) ഋഷാംഗ് ദേവഡിഗയുടെയും(11) പ്രകടന മികവിനെ പര്‍ദീപ് നര്‍വാലിലൂടെയും(14) ദീപക് നര്‍വാലിലൂടെയും(10) പിടിച്ച് നില്‍ക്കുവാന്‍ പട്നയ്ക്ക് സാധിക്കുകയായിരുന്നു. റെയിഡിംഗിലും(29-28) ടാക്കിള്‍ പോയിന്റുകളിലും(8-6) നേരിയ ലീഡ് പട്നയ്ക്ക് നേടുവാന്‍ സാധിച്ചതും ടീമിനു തുണയായി.

രണ്ട് തവണ യുപി മത്സരത്തില്‍ ഓള്‍ഔട്ട് ആയപ്പോള്‍ പട്ന പുറത്തായത് ഒരു തവണയാണ്. അധിക പോയിന്റുകളിലും 2-1നു പട്ന മുന്നിട്ടു നിന്നു.

ചാമ്പ്യന്മാര്‍ക്കും ജയം, യുപിയുടെ വെല്ലുവിളി അതിജീവിച്ച് പട്ന പൈറേറ്റ്സ്

പ്രൊ കബഡി ലീഗിലെ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും രണ്ടാം മത്സരത്തില്‍ ജയം സ്വന്തമാക്കി പട്ന പൈറേറ്റ്സ്. യുപി യോദ്ധയുടെ വെല്ലുവിളിയെ അതിജീവിച്ച് 43-41 എന്ന സ്കോറിനാണ് ടീമിന്റെ വിജയം. ഇടവേള സമയത്ത് 21-20നു നേരിയ ലീഡ് പട്നയ്ക്കായിരുന്നു. രണ്ടാം പകുതിയിലും പര്‍ദീപ് നര്‍വാളിന്റെ മാസ്മരിക പ്രകടനത്തില്‍ വിജയം നേടുവാന്‍ പട്നയ്ക്ക് സാധിച്ചു. ആദ്യ പകുതിയ അവസാനിക്കുവാന്‍ 4 മിനുട്ടില്‍ താഴെ മാത്രമുള്ളപ്പോള്‍ 20-15നു യുപി ലീഡ് നേടിയെങ്കിലും പിന്നീട് വന്‍ തിരിച്ചുവരവ് പട്ന നടത്തുകയായിരുന്നു.

16 പോയിന്റുമായി പര്‍ദീപ് നര്‍വാളിനു പിന്തുണയായി ദീപക് നര്‍വാള്‍(7), ജവഹര്‍(5) എന്നിവരും തിളങ്ങിയപ്പോള്‍ യുപി നിരയില്‍ ശ്രീകാന്ത് ജാധവ്(12), ഋഷാംഗ് ദേവഡിഗ(8), പ്രശാന്ത് കുമാര്‍ റായ്(6) എന്നിവരാണ് തിളങ്ങിയവര്‍.

റെയ്ഡിംഗില്‍ 27-26നു യുപിയായിരുന്നു മുന്നിലെങ്കില്‍ 11-7നു പ്രതിരോധത്തില്‍ പട്ന പിടിമുറുക്കി. ഇരു ടീമുകളും രണ്ട് തവണ പുറത്തായപ്പോള്‍ അധിക പോയിന്റില്‍ നേരിയ മുന്‍തൂക്കം (3-2) യുപി സ്വന്തമാക്കി. എന്നാല്‍ പ്രതിരോധത്തിലെ മികവില്‍ പട്ന മത്സരം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.

ചരിത്രം കുറിച്ച് തമിഴ് തലൈവാസ്, മൂന്ന് വട്ടം ചാമ്പ്യന്മാരെ പരാജയപ്പെടുത്തി തുടക്കം

അടിമുടി മാറി പ്രൊകബഡി ആറാം സീസണിനു എത്തിയ തമിഴ് തലൈവാസിനു നാട്ടിലെ ആദ്യ ജയം. കഴിഞ്ഞ സീസണില്‍ ചെന്നൈയില്‍ വെച്ച് വിജയം കിട്ടാക്കനിയായ ശേഷം ഇത്തവണ മൂന്ന് വട്ടം ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സിനെ പരാജയപ്പെടുത്തിയാണ് തമിഴ് തലൈവാസ് പ്രൊ കബഡിയുടെ ഏറ്റവും പുതിയ സീസണിനു തുടക്കം കുറിച്ചത്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ 42-26 എന്ന പോയിന്റിനു തമിഴ് തലൈവാസ് പട്‍ന പൈറേറ്റ്സിനെ പരാജയപ്പെടുത്തുകയായിരുന്നു.

അജയ് താക്കൂറും സുര്‍ജീത്ത് സിംഗും മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ തലൈവാസിനെ റെയിഡ് പോയിന്റുകളില്‍ ഒപ്പം പിടിക്കുവാന്‍ പര്‍ദീപ് നര്‍വാലിനും മന്‍ജീത്തിനും അല്പമെങ്കിലും സാധിച്ചുവെങ്കിലും പ്രതിരോധത്തില്‍ തലൈവാസ് എറെ മുന്നിലായിരുന്നു. 14 പോയിന്റ് നേടിയ അജയ് താക്കൂറും 7 പോയിന്റുമായി സുര്‍ജ്ജിത്തും തലൈവാസിനെ നയിച്ചു. പര്‍ദീപ് നര്‍വാല്‍ 11 പോയിന്റ് നേടിയപ്പോള്‍ പുതുതായി എത്തിയ മന്‍ജീത്ത് 8 പോയിന്റുമായി പട്ന നിരയില്‍ തിളങ്ങി.

റെയിഡിംഗില്‍ തമിഴ് തലൈവാസ് 24 പോയിന്റ് നേടിയപ്പോള്‍ പട്ന പൈറേറ്റ്സ് 21 പോയിന്റാണ് നേടിയത്. പ്രതിരോധത്തില്‍ 11 പോയിന്റുമായി തമിഴ് തലൈവാസ് 2 പോയിന്റ് മാത്രം നേടിയ പട്നയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. ആറ് ഓള്‍ഔട്ട് പോയിന്റ് വിജയികള്‍ സ്വന്തമാക്കിയപ്പോള്‍ എതിരാളികള്‍ രണ്ട് പോയിന്റ് മാത്രമാണ് ലഭിച്ചത്.

പ്രൊ കബഡി ആറാം സീസണിനു നാളെത്തുടക്കം

പ്രൊ കബഡിയുടെ ആറാം സീസണിനു നാളെത്തുടക്കം. ഒക്ടോബര്‍ 7നു ആരംഭിച്ച് ജനുവരി ഏഴ് വരെയാണ് ഈ സീസണ്‍ മത്സരങ്ങള്‍ അരങ്ങേറുക. സോണ്‍ എ സോണ്‍ ബി എന്നിങ്ങനെ 12 ടീമുകളെ തരം തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ചെന്നൈയിലാണ് പ്രൊ കബഡി ലീഗിന്റെ ആദ്യ ഘട്ടം നടക്കുന്നത്.

സോണ്‍ ബിയില്‍ തമിഴ് തലൈവാസ് നിലവിലെ ചാമ്പ്യന്മാരായ പട്ന പൈറേറ്റ്സുമാണ് നാളെ ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം മത്സരത്തില്‍ പുനേരി പള്‍ട്ടനും യുമുംബയും ഏറ്റുമുട്ടും.

സോണ്‍ എ: ദബാംഗ് ഡല്‍ഹി, ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്, ഹരിയാന സ്റ്റീലേഴ്സ്, ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്, പുനേരി പള്‍ട്ടന്‍, യു മുംബ

സോണ്‍ ബി: ബംഗാളഅ‍ വാരിയേഴ്സ്, ബെംഗളൂരു ബുള്‍സ്, പുനേരി പള്‍ട്ടന്‍, തമിഴ് തലൈവാസ്, തെലുഗു ടൈറ്റന്‍സ്, യുപി യോദ്ധാസ്

Exit mobile version