എത്രയും വേഗം ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ, പാറ്റ് കമ്മിന്‍സിന് പിറന്നാളാശംസയുമായി ദിനേശ് കാര്‍ത്തിക്ക്

പാറ്റ് കമ്മിന്‍സിന് രസകരമായ പിറന്നാളാശംസയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ സഹ താരം ദിനേശ് കാര്‍ത്തിക്. പാറ്റ് എത്രയും പെട്ടെന്ന് ഓസ്ട്രേലിയയുടെ ക്യാപ്റ്റനാകട്ടേ എന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു എന്നാണ് ദിനേശ് കാര്‍ത്തിക് ആശംസയായി അറിയിച്ചത്.

ഐപിഎല്‍ നിര്‍ത്തിവെച്ചതിനാല്‍ പാറ്റ് കമ്മിന്‍സ് ഇപ്പോള്‍ മാല്‍ദീവ്സില്‍ നാട്ടിലേക്ക് മടങ്ങുവാനായി കാത്തിരിക്കുകയാണ്. പാറ്റ് കമ്മിന്‍സ് മേയ് 8ന് തന്റെ 28ാം പിറന്നാളാണ് ആശംസിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുറത്ത് വിട്ട് വീഡിയോയില്‍ കൊല്‍ക്കത്തയുടെ മറ്റു താരങ്ങളം ആശംസ അറിയിക്കുന്നുണ്ട്.

ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍ക്ക് ആശംസയാണെന്നാണ് പാറ്റ് കമ്മിന്‍സിനെ ആന്‍ഡ്രേ റസ്സല്‍ ആശംസിച്ചത്.

ഐപിഎല്‍ തുടര്‍ന്നത് ശരിയായിരുന്നു, അത് ആളുകളെ വീട്ടിലിരിക്കുവാന്‍ സഹായിച്ചു – പാറ്റ് കമ്മിന്‍സ്

ഇന്ത്യയില്‍ കോവിഡ് വ്യാപിച്ചപ്പോളും സുരക്ഷിതമായ ബയോ ബബിളില്‍ കളി തുടര്‍ന്നത് ശരിയായ തീരുമാനമെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിദേശ താരവുമായ പാറ്റ് കമ്മിന്‍സ്. ബയോ ബബിളിലും കോവിഡ് എത്തിയതോടെയാണ് ഐപിഎല്‍ നിര്‍ത്തുവാന്‍ ബിസിസിഐ തീരുമാനിച്ചത്.

ഇന്ത്യയില്‍ താനൊരിക്കലും അസുരക്ഷിതനാണെന്ന് തോന്നിയിട്ടില്ലെന്നും ഐപിഎല്‍ നടന്നതിനാല്‍ ഏറെ ആളുകള്‍ വീട്ടില്‍ തന്നെ ഇരുന്നുവെന്നും ഇത്രയധികം കോവിഡ് കേസുകള്‍ക്കിടയില്‍ ഐപിഎല്‍ നടത്തരുതെന്ന് പറഞ്ഞതിനോട് തനിക്ക് യോജിക്കുവാനാകുന്നില്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

നാല് മണിക്കൂറുകളോളം ആണ് ആളുകള്‍ ഐപിഎല്‍ കാണുന്നതിനായി എല്ലാ ദിവസവും രാത്രി വീടുകളില്‍ ഇരുന്നിരുന്നതെന്നും ഇന്ത്യയിലെ ആളുകളുടെയും ഭൂരിഭാഗം അഭിപ്രായം അത് തുടരണമെന്നായിരുന്നുവെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

പല ആളുകളുടെയും ദൈനംദിന ജീവിതചര്യയുടെ ഭാഗമായിരുന്നു ഐപിഎല്‍ എന്നാണ് തനിക്ക് മനസ്സിലാക്കുവാനായതെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

വരുണ്‍ ചക്രവര്‍ത്തിയ്ക്കും സന്ദീപ് വാര്യര്‍ക്കും കോവിഡെന്ന് റിപ്പോര്‍ട്ടുകള്‍, പാറ്റ് കമ്മിന്‍സ് ഐസൊലേഷനില്‍

ഐപിഎലിന്റെ സുരക്ഷ ബബിളിലേക്കും നുഴഞ്ഞ കയറി കൊറോണ. കടുത്ത സുരക്ഷ നടപടികള്‍ എടുത്ത ഐപിഎലില്‍ ഇപ്പോള്‍ മൂന്ന് താരങ്ങള്‍ കൊറോണ ഭീഷണിയിലാണെന്നാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

ഇന്നത്തെ കൊല്‍ക്കത്ത ബാംഗ്ലൂര്‍ മത്സരം മാറ്റി വയ്ക്കുകയാണെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പുതിയ തീയ്യതി ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേ സമയം കൊല്‍ക്കത്ത ക്യാമ്പില്‍ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാര്യറും കൊറോണ ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത.

ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് ഐസൊലേഷനിലാണെന്നും അറിയുന്നു. ഇന്നത്തെ മത്സരം മാത്രമാകുമോ ഉപേക്ഷിക്കുക അതോ ഇനിയങ്ങോട്ട് ഐപിഎലിനെ തന്നെ ബാധിക്കുമോ എന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറിയാമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാറ്റ് കമ്മിന്‍സിന് പവര്‍പ്ലേയില്‍ ഒരോവര്‍ മാത്രം കൊടുത്തതിന് കാരണം വ്യക്തമാക്കി ഓയിന്‍ മോര്‍ഗന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒറ്റയ്ക്ക് പൃഥ്വി ഷാ അടിച്ച് പറത്തിയപ്പോള്‍ ടീമിന് ആശ്വാസമായി മൂന്ന് വിക്കറ്റ് വീഴ്ത്തിയത് പൃഥ്വി ഷാ ആയിരുന്നു. ഓസ്ട്രേലിയയുടെ ലോകോത്തര ബൗളര്‍ 4 ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റ് നേടിയത്.

പാറ്റ് കമ്മിന്‍സ് തങ്ങളുടെ ന്യൂ ബോള്‍ ബൗളിംഗ് പ്ലാനിന്റെ ഭാഗമാണെന്നും കഴിഞ്ഞ മത്സരത്തില്‍ ശിവം മാവി നാല് ഓവറും പവര്‍പ്ലേയില്‍ എറിഞ്ഞതിനാല്‍ മാത്രമാണ് ഇത്തവണയും മാവിയ്ക്ക് ആദ്യ ഓവര്‍ കൊടുത്തതെന്നും എന്നാല്‍ പൃഥ്വി ഷായുടെ ബാറ്റിംഗ് പ്രകടനം ആദ്യ ഓവറിലെ തങ്ങളുടെ പദ്ധതിയെ തകിടം മറിച്ചുവെന്നും ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കി.

ശിവം മാവി എറിഞ്ഞ ഓവറില്‍ ആറ് ബൗണ്ടറി പായിച്ച പൃഥ്വി തുടങ്ങിയ വെടിക്കെട്ടില്‍ കൊല്‍ക്കത്ത ബൗളര്‍മാര്‍ അമ്പരന്ന് പോകുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്.

ഇത് പൃഥ്വി ഷോ, തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്തയെ വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്

ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. പൃഥ്വി ഷായുടെ ഒറ്റയാന്‍ പ്രകടനത്തിന്റെ ബലത്തില്‍ ആണ് ഡല്‍ഹി 7 വിക്കറ്റ് വിജയം നേടിയത്. 155 റണ്‍സെന്ന വിജയ ലക്ഷ്യം 16.3 ഓവറിലാണ് ഡല്‍ഹി മറികടന്നത്.

ശിവം മാവിയുടെ ആദ്യ ഓവറില്‍ 6 ഫോറോടെ തുടങ്ങിയ പൃഥ്വി ഷായെ പിടിച്ചുകെട്ടുവാന്‍ കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചുവെങ്കിലും ഷാ തന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് തുടര്‍ന്ന് 18 പന്തില്‍ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഓറഞ്ച് ക്യാപ് ഉടമയായ ശിഖര്‍ ധവനെ മറുവശത്ത് കാഴ്ചക്കാരനാക്കിയായിരുന്നു പൃഥ്വിയുടെ ഈ തകര്‍പ്പന്‍ ഷോ. ഇരുവരും ചേര്‍ന്ന് 132 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 47 പന്തില്‍ 46 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. പാറ്റ് കമ്മിന്‍സാണ് ധവാന്റെ വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് തകര്‍ത്തത്.

41 പന്തില്‍ 82 റണ്‍സ് നേടി പൃഥ്വി ഷാ വിജയം 9 റണ്‍സ് അകലെയുള്ളപ്പോളാണ് പുറത്തായത്. 11 ഫോറും 3 സിക്സും നേടിയ താരത്തിന്റെ വിക്കറ്റും പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. അതേ ഓവരില്‍ തന്നെ പന്തിന്റെ(16) വിക്കറ്റും പാറ്റ് കമ്മിന്‍സ് വീഴ്ത്തി.

കൂടുതല്‍ ഐപിഎല്‍ താരങ്ങള്‍ സംഭാവനയുമായി മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു

ഐപിഎലില്‍ പാറ്റ് കമ്മിന്‍സ് ഓക്സിജന്‍ വാങ്ങുന്നതിനും മറ്റുമായി പിഎം കെയേഴ്സിലേക്ക് 50000 ഡോളര്‍ തുക സംഭാവന ചെയ്തിരുന്നു. ഒരു ഓസ്ട്രേലിയന്‍ താരം മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ താരങ്ങള്‍ ഇത്തരത്തില്‍ ഐപിഎലില്‍ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മുന്‍ പാക്കിസ്ഥാന്‍ താരം പറഞ്ഞു.

കോവിഡ് സാഹചര്യങ്ങള്‍ അതി രൂക്ഷമാകുന്ന ഘട്ടത്തില്‍ ഏതാനും താരങ്ങള്‍ ഐപിഎലില്‍ നിന്ന് പിന്മാറിയിരുന്നു. അതില്‍ ഓസ്ട്രേലിയന്‍ താരങ്ങളാണ് കൂടുതല്‍. അപ്പോളാണ് ഐപിഎലില്‍ നിന്ന് പിന്മാറാതെ സംഭാവന നല്‍കുവാന്‍ പാറ്റ് കമ്മിന്‍സ് മുന്നോട്ട് വന്നത്.

പഞ്ചാബിനെ പിടിച്ചുകെട്ടി കൊല്‍ക്കത്ത, 120 റണ്‍സ് കടത്തിയത് ക്രിസ് ജോര്‍ദ്ദന്റെ സംഭാവന

ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് ടീം നേടിയത്. 31 റണ്‍സ് നേടിയ മയാംഗ് അഗര്‍വാള്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ നിക്കോളസ് പൂരന്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ 19 വീതം റണ്‍സ് നേടി.
ഓപ്പണിംഗ് കൂട്ടുകെട്ട് നേടിയ 36 റണ്‍സാണ് ഇന്നത്തെ ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി കൊല്‍ക്കത്ത ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. അവസാന ഓവറുകളില്‍ 30 റണ്‍സ് നേടി ക്രിസ് ജോര്‍ദ്ദന്‍ ആണ് പഞ്ചാബ് കിംഗ്സിന്റെ സ്കോര്‍ നൂറ് കത്തിയത്. 18 പന്ത് നേരിട്ട താരം മൂന്ന് സിക്സ് നേടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും സുനില്‍ നരൈന്‍,  പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

31/5 എന്ന നിലയില്‍ നിന്ന് ഏവരും എഴുതിത്തള്ളിയ കൊല്‍ക്കത്തയെ വിജയത്തിന് 19 റണ്‍സ് അകലെ വരെ എത്തിച്ച് പാറ്റ് കമ്മിന്‍സ്, നിര്‍ണ്ണായക ഇന്നിംഗ്സുകളുമായി ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും

ഐപിഎലില്‍ 19 റണ്‍സിന്റെ ജയം സ്വന്തമാക്കി ചെന്നൈ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 220 റണ്‍സ് നേടിയ ടീം എതിരാളികളായ കൊല്‍ക്കത്തയെ 202 റണ്‍സില്‍ പിടിച്ചുകെട്ടുകയായിരുന്നു. ദീപക് ചഹാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്ന കൊല്‍ക്കത്ത 31/5 എന്ന നിലയിലേക്ക് തകരുകയായിരുന്നു. ഇതില്‍ നാല് വിക്കറ്റും ചഹാര്‍ തന്നെയാണ് വീഴ്ത്തിയത്. അവിടെ നിന്ന് ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും അവസാനം പാറ്റ് കമ്മിന്‍സും ചെന്നൈ ക്യാമ്പില്‍ പരിഭ്രാന്തി പരത്തുകയായിരുന്നു.

Deepakchahar

ആദ്യ ഓവറില്‍ ശുഭ്മന്‍ ഗില്ലിനെയും രണ്ടാം ഓവറില്‍ നിതീഷ് റാണയെയും വീഴ്ത്തിയ ചഹാര്‍ തന്റെ മൂന്നാം ഓവറില്‍ ഓയിന്‍ മോര്‍ഗനെയും സുനില്‍ നരൈനെയും വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി. രാഹുല്‍ ത്രിപാഠിയെ ലുംഗിസാനി എന്‍ഗിഡി പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത തോല്‍വി ഉറപ്പാക്കി.

ആറാം വിക്കറ്റി ആന്‍ഡ്രേ റസ്സലും ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയ്ക്കായി പൊരുതി നോക്കുകയായിരുന്നു. 81 റണ്‍സാണ് 6 ഓവറില്‍ നിന്ന് റസ്സല്‍ – കാര്‍ത്തിക്ക് കൂട്ടുകെട്ട് നേടിയത്. 22 പന്തില്‍ 54 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്നു റസ്സലിന്റെ വിക്കറ്റ് സാം കറന്‍ വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.

പാറ്റ് കമ്മിന്‍സും ദിനേശ് കാര്‍ത്തിക്കും ഏഴാം വിക്കറ്റില്‍ 34 റണ്‍സ് നേടിയെങ്കിലും 24 പന്തില്‍ 40 റണ്‍സ് നേടിയ കൊല്‍ക്കത്ത മുന്‍ നായകന്റെ വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയായി. മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ 75 റണ്‍സായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്.

സാം കറന്‍ എറിഞ്ഞ 16ാം ഓവറില്‍ നാല് സിക്സും ഒരു ബൗണ്ടറിയും അടക്കം 30 റണ്‍സ് പാറ്റ് കമ്മിന്‍സ് നേടിയപ്പോള്‍ ലക്ഷ്യം 24 പന്തില്‍ 45 റണ്‍സായി കുറഞ്ഞു. എന്നാല്‍ മൂന്ന് വിക്കറ്റ് മാത്രമായിരുന്നു കൊല്‍ക്കത്തയുടെ പക്കലുണ്ടായിരുന്നത്.

അടുത്ത ഓവറില്‍ കമലേഷ് നാഗര്‍കോടിയുടെ വിക്കറ്റ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായപ്പോള്‍ സ്ട്രൈക്ക് വീണ്ടും പാറ്റ് കമ്മിന്‍സിന്റെ പക്കലെത്തി. എന്‍ഗിഡി എറിഞ്ഞ ഓവറില്‍ അധികം റണ്‍സ് വന്നില്ലെങ്കിലും അടുത്ത ഓവറില്‍ 23 പന്തില്‍ നിന്ന് കമ്മിന്‍സ് തന്റെ അര്‍ദ്ധ ശതകം തികച്ചു. 12 റണ്‍സാണ് ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 18ാം ഓവറില്‍ പിറന്നത്. ഇതോടെ ലക്ഷ്യം 12 പന്തില്‍ 28 ആയി മാറി

19ാം ഓവര്‍ എറിയുവാന്‍ ധോണി സാം കറനെ തന്നെ ദൗത്യം ഏല്പിച്ചപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞിരുന്നു. ഓവറില്‍ 8 റണ്‍സ് മാത്രം വന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറില്‍ 20 റണ്‍സായി മാറി.

അവസാന ഓവറിലെ ആദ്യ പന്തില്‍ ഡബിള്‍ ഓടാന്‍ നോക്കിയ കൊല്‍ക്കത്തയ്ക്ക് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ പ്രസിദ്ധ കൃഷ്ണയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമാകുകയായിരുന്നു. പാറ്റ് കമ്മിന്‍സ് പുറത്താകാതെ 34 പന്തില്‍ 66 റണ്‍സുമായി നിന്നു. റസ്സലും കമ്മിന്‍സും ആറ് വീതം സിക്സുകളാണ് നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ പുറത്താകലിന് ശേഷം താളം തെറ്റി മുംബൈ ബാറ്റിംഗ്, റസ്സലിന് അഞ്ച് വിക്കറ്റ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇന്ന് തങ്ങളുടെ ഐപിഎലിലെ രണ്ടാം മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 152 റണ്‍സ്. മുംബൈ ഈ സ്കോറിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നഷ്ടപ്പെട്ട ശേഷം മുംബൈ ബാറ്റിംഗിന് താളം തെറ്റുന്ന കാഴ്ചയാണ് കണ്ടത്. ഒരു ഘട്ടത്തില്‍ 86/1 എന്ന അതിശക്തമായ നിലയിലായിരുന്നു മുംബൈ 10.2 ഓവറില്‍.

സൂര്യകുമാര്‍ യാദവ് 36 പന്തില്‍ നിന്ന് നേടിയ 56 റണ്‍സും രോഹിത് ശര്‍മ്മ നേടിയ 43 റണ്‍സുമാണ് മുംബൈ ടോപ് ഓര്‍ഡറില്‍ തിളങ്ങിയത്.

ക്രിസ് ലിന്നിന് പകരം ടീമിലെത്തിയ ക്വിന്റണ്‍ ഡി കോക്കിനെ(2) രണ്ടാം ഓവറില്‍ തന്നെ മുംബൈയ്ക്ക നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സായിരുന്നു. വരുണ്‍ ചക്രവര്‍ത്തിയായിരുന്നു വിക്കറ്റ് നേടിയത്. പിന്നീട് രോഹിത്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 76 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

മികച്ച ഫോമില്‍ ബാറ്റ് വീശുകയായിരുന്നു സൂര്യകുമാര്‍ യാദവ് 36 പന്തില്‍ നിന്ന് 56 റണ്‍സ് നേടി മുന്നേറുന്നതിനിടെ ഷാക്കിബിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഇഷാന്‍ കിഷനെയും രോഹിത് ശര്‍മ്മയെയും(43) പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ മുംബൈ 115/4 എന്ന നിലയിലേക്ക് 15.2 ഓവറില്‍ ഒതുങ്ങി.

ഹാര്‍ദ്ദിക് പാണ്ഡ്യ(15)യുടെ വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ മുംബൈയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. കീറണ്‍ പൊള്ളാര്‍ഡിനെയും മാര്‍ക്കോ ജാന്‍സനെയും പുറത്താക്കി ആന്‍ഡ്രേ റസ്സലും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുംബൈ 126/7 എന്ന നിലയിലേക്ക് വീണു. 40 റണ്‍സ് നേടുന്നതിനിടെയാണ് ആറ് വിക്കറ്റ് മുംബൈയ്ക്ക് നഷ്ടമായത്.

എട്ടാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചഹാറും ചേര്‍ന്ന് 12 പന്തില്‍ നിന്ന് നേടിയ 24 റണ്‍സ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് എത്തുവാന്‍ മുംബൈയെ സഹായിച്ചത്. 9 പന്തില്‍ 15 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയെ ആന്‍ഡ്രേ റസ്സല്‍ അവസാന ഓവറില്‍ പുറത്താക്കുകയായിരുന്നു.

18ാം ഓവറില്‍ മാത്രം തന്റെ ബൗളിംഗ് ആരംഭിച്ച ആന്‍ഡ്രേ റസ്സല്‍ 5 വിക്കറ്റാണ് നേടിയത്. 8 റണ്‍സ് നേടിയ രാഹുല്‍ ചഹാര്‍ ആണ് ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായത്.

ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് രവിചന്ദ്രന്‍ അശ്വിന്‍, ആദ്യ പത്തില്‍ ഇടം പിടിച്ച ഏക സ്പിന്നര്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ബൗളിംഗ് മികവിന്റെ ബലത്തില്‍ ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് രവിചന്ദ്രന്‍ അശ്വിന്‍. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സിനും ന്യൂസിലാണ്ടിന്റെ നീല്‍ വാഗ്നറിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് രവിചന്ദ്രന്‍ അശ്വിന്‍.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളാണുള്ളത്. ഒമ്പതാം സ്ഥാനവുമായി ജസ്പ്രീത് ബുംറയും ആദ്യ പത്തില്‍ ഇടം പിടിച്ചു. അതേ സമയം ആദ്യ പത്തില്‍ ഇടം പിടിച്ച ഏക സ്പിന്നറാണ് അശ്വിന്‍.

സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ് കമ്മിന്‍സിന് 114 വോട്ടാണ് ലഭിച്ചത്. ഓസ്ട്രേലിയന്‍ പരിമിത ഓവര്‍ നായകന്‍ ആരോണ്‍ ഫിഞ്ച് 97 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തി.

ഇത് സ്മിത്തിന്റെ മൂന്നാമത്തെ അലന്‍ ബോര്‍ഡര്‍ മെഡല്‍ ആണ്. റിക്കി പോണ്ടിംഗിനും മൈക്കല്‍ ക്ലാര്‍ക്കിനും ഈ മെഡല്‍ നാല് തവണ കിട്ടിയിരുന്നു. ഈ വര്‍ഷത്തെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന താരമായും തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവ് സ്മിത്തായിരുന്നു.

പാറ്റ് കമ്മിന്‍സ് ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ടെസ്റ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആഷ്ടണ്‍ അഗര്‍ ടി20 താരമായും തിരഞ്ഞെടുക്കപ്പെട്ടു.

ഇത് പുതു ചരിത്രം, ഗാബ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു

ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം 328 റണ്‍സെന്ന വിജയ ലക്ഷ്യം ചേസ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം ആണ് നേടിയത്. 32 വര്‍ഷത്തിന് ശേഷമാണ് ഗാബയില്‍ ഓസ്ട്രേലിയയെ ഒരു ടീം പരാജയപ്പെടുത്തുന്നത്. പരിക്കേറ്റ പല പ്രമുഖ താരങ്ങളുമില്ലാതെ കളിച്ച ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ രണ്ടാം നിര ബൗളിംഗുമായാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ടെസ്റ്റിലെ നവാഗതരും പരിചയസമ്പത്ത് അധികമില്ലാത്തവരുമായ താരങ്ങള്‍ അത്ഭുതം സൃഷ്ടിക്കുന്ന കാഴ്ചയാണ് ബ്രിസ്ബെയിനില്‍ കണ്ടത്.

ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത് ശുഭ്മന്‍ ഗില്‍ ആണെങ്കില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയത് ഋഷഭ് പന്തിന്റെ ഇന്നിംഗ്സ് ആയിരുന്നു. ചേതേശ്വര്‍ പുജാര ആദ്യ രണ്ട് സെഷനുകളില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ പ്രതിരോധം തീര്‍ത്ത് മടുപ്പിച്ചപ്പോള്‍ പല തവണ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ പ്രഹരമേറ്റു വാങ്ങേണ്ടി വന്നിരുന്നു പുജാരയ്ക്ക്.

മത്സരം അവസാന 20 ഓവറിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയത്തിനായി 100 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കൈവശം ഏഴ് വിക്കറ്റ്. എന്നാല്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയുടെ പുതിയ മതിലായ ചേതേശ്വര്‍ പുജാരയുടെ പ്രതിരോധം ന്യൂ ബോള്‍ എടുത്ത ശേഷം രണ്ടാം പന്തില്‍ ഭേദിക്കുകയായിരുന്നു.

9 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെയും പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യ 265/5 എന്ന നിലയിലായി. എന്നാല്‍ ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും തങ്ങളുടെ മികവാര്‍ന്ന ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന കാഴ്ചയാണ് കണ്ടത്.

ലക്ഷ്യം പത്ത് റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ 22 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്താക്കി നഥാന്‍ ലയണ്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. പന്തുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്.

പിന്നീട് ശര്‍ദ്ധുല്‍ താക്കൂറിനെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഋഷഭ് പന്ത് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. പന്ത് പുറത്താകാതെ 89 റണ്‍സ് നേടിയാണ് ഇന്ത്യയുടെ ചരിത്ര വിജയം കൈപ്പിടിയിലൊതുക്കിയത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version