ഖവാജയുടെ ഇരട്ട ശതകം നിഷേധിച്ച ഡിക്ലറേഷനുമായി ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്കയുടെ 6 വിക്കറ്റ് നഷ്ടം

സിഡ്നിയിൽ മഴ മാറി നാലാം ദിവസത്തെ കളി ആരംഭിച്ചപ്പോള്‍ ഉസ്മാന്‍ ഖവാജയുടെ ഇരട്ട ശതകം നിഷേധിച്ച ഡിക്ലറേഷനുമായി പാറ്റ് കമ്മിന്‍സ് ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഇരട്ട ശതകത്തിന് 5 റൺസ് അകലെ 195 റൺസിൽ ഖവാജ നിൽക്കുമ്പോള്‍ മൂന്നാം ദിവസത്തെ കളി പൂര്‍ണ്ണമായും മഴ കാരണം നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്ക് വിജയത്തിനായി ദക്ഷിണാഫ്രിക്കയെ വേഗത്തില്‍ ഔട്ട് ആക്കണമെന്നതിനാലായിരുന്നു പാറ്റ് കമ്മിന്‍സിന്റെ ഈ തീരുമാനം.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോള്‍ നാലാം ദിവസം 149/6 എന്ന നിലയിൽ ആണ് സന്ദര്‍ശകര്‍. 39 റൺസ് നേടിയ ഖായ സോണ്ടയാണ് ടീമിന്റെ ടോപ് സ്കോറര്‍. ടെംബ ബാവുമ 35 റൺസ് നേടി. ഓസ്ട്രേലിയയുടെ സ്കോറിന് 326 റൺസ് പിന്നിലായാണ് ദക്ഷിണാഫ്രിക്ക ഇപ്പോള്‍.

ആതിഥേയര്‍ക്കായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹാസൽവുഡ് രണ്ടും വിക്കറ്റാണ് നേടിയത്.

ലീഡ് വെറും 33 റൺസ്, നൂറ് റൺസ് പോലും തികയ്ക്കാനാകാതെ ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബെയിനിൽ രണ്ടാം ഇന്നിംഗ്സിൽ 99 റൺസിന് ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക. പാറ്റ് കമ്മിന്‍സിന്റെ അഞ്ച് വിക്കറ്റ് നേട്ടം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഓസ്ട്രേലിയ ജയിക്കുവാന്‍ വെറും 34 റൺസ് നേടിയാൽ മതി.

36 റൺസുമായി പുറത്താകാതെ നിന്ന ഖായ സോണ്ടോ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടെംബ ബാവുമ 29 റൺസും നേടി. കമ്മിന്‍സിന് പുറമെ മിച്ചൽ സ്റ്റാര്‍ക്കും സ്കോട് ബോളണ്ടും ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ഗാബയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഹാസൽവുഡ് കളിക്കില്ല, കമ്മിന്‍സ് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ഓസ്ട്രേലിയ

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ജോഷ് ഹാസൽവുഡ് കളിക്കില്ലെന്ന് അറിയിച്ച് ഓസ്ട്രേലിയ. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് താരം പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരമ്പര ഓസ്ട്രേലിയ ആധികാരികമായി വിജയിച്ചുവെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗാബയിൽ നടക്കുന്ന ആദ്യ ടെസ്റ്റിലും ഹാസൽവുഡിന് കളിക്കാനാകില്ലെന്നത് ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാണ്.

പരമ്പരയിലെ മറ്റു മത്സരങ്ങളിൽ താരം കളിക്കുമോ എന്നതിലും വ്യക്തതയില്ല. അതേ സമയം ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് ഗാബയിൽ പരിക്ക് മാറി തിരികെ എത്തുമെന്നാണ് ഓസ്ട്രേലിയന്‍ ചീഫ് സെലക്ടര്‍ ജോര്‍ജ്ജ് ബെയിലി പ്രതീക്ഷിക്കുന്നത്.

ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്റ്റീവന്‍ സ്മിത്ത്, രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റനാവും

അഡിലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത് നയിക്കും. പാറ്റ് കമ്മിന്‍സ് പെര്‍ത്ത് ടെസ്റ്റിനിടെ പരിക്കേറ്റതിനാൽ അഡിലെയ്ഡിൽ വെസ്റ്റിന്‍ഡീസിനെതിരെയുള്ള പിങ്ക ബോള്‍ ടെസ്റ്റിൽ കളിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. മത്സരത്തിൽ ടീമിലേക്ക് സ്കോട്ട് ബോളണ്ട് തിരികെ എത്തും.

മൂന്ന് വര്‍ഷം മുമ്പ് ആഷസിലാണ് ബോളണ്ട് അവസാനമായി കളിച്ചത്. ടീം മെഡിക്കൽ സ്റ്റാഫ് താരത്തിന് കളിക്കാം എന്ന് പറഞ്ഞുവെങ്കിലും സെലക്ടര്‍മാര്‍ കാത്തിരിക്കുവാന്‍ പറയുകയായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഓസ്ട്രേലിയന്‍ ടീമിൽ ഭീരുക്കളാരുമില്ല, ലാംഗറിന് മറുപടിയുമായി പാറ്റ് കമ്മിന്‍സ്

ഓസ്ട്രേലിയന്‍ ടീമിൽ ഭീരുക്കളാണെന്നും അവര്‍ക്ക് നൽകിയ ഫീഡ് ബാക്ക് അംഗീകരിക്കാനാകാതെ പോയതാണ് തന്റെ ടീമിൽ നിന്നുള്ള പുറത്താകലിന് കാരണമെന്ന ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണത്തിന് മറുപടിയുമായി ഓസ്ട്രേലിയന്‍ ടെസ്റ്റ് – ഏകദിന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഓസ്ട്രേലിയന്‍ ടീമിൽ ആരും ഭീരുക്കളല്ല എന്നാണ് താരം പ്രതികരിച്ചത്.

2021 ടി20 ലോകകപ്പ് നേടിയിട്ടും ആഷസിലെ മികവുറ്റ വിജയത്തിന് ശേഷവും താന്‍ പുറത്ത് പോകേണ്ടി വന്നത് സുതാര്യമല്ലാത്ത ഓസ്ട്രേലിയന്‍ ടീമിലെ ഭീരുക്കള്‍ കാരണമാണെന്നാണ് ലാംഗര്‍ പറഞ്ഞത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിൽ ഒരിക്കലും ഭീരുക്കള്‍ ഉണ്ടായിട്ടില്ലെന്നും തനിക്ക് സ്വകാര്യ സംഭാഷണങ്ങള്‍ പുറത്ത് വിടുവാന്‍ താല്പര്യമില്ലെന്നും പാറ്റ് കമ്മിന്‍സ് വ്യക്തമാക്കി.

ഇപ്പോള്‍ ശ്രദ്ധ ക്രിക്കറ്റിൽ നിന്ന് മാറി വേറെ വിഷയങ്ങളിലേക്ക് പോകുന്നതിൽ അതൃപ്തിയുണ്ടെന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു. ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം കുറിയ്ക്കുവാനിരിക്കുമ്പോളാണ് ജസ്റ്റിന്‍ ലാംഗറുടെ പ്രതികരണം എത്തുന്നത്.

ടി20 ലോക ചാമ്പ്യന്മാര്‍ക്കെതിരെ ടോസ് നേടി ഓസ്ട്രേലിയ, പാറ്റ് കമ്മിന്‍സിന് ഏകദിനത്തിലെ ആദ്യ ക്യാപ്റ്റന്‍സി മത്സരം

ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടി20 ലോകകപ്പ് വിജയിച്ചാണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ ഓസ്ട്രേലിയയ്ക്ക് നിരാശയായിരുന്നു ഫലം. ഫോര്‍മാറ്റ് മാറുമെന്നണ്ടെങ്കിലും മികച്ച ഫോമിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്.

ആരോൺ ഫിഞ്ച് വിരമിച്ച ശേഷം പാറ്റ് കമ്മിന്‍സ് ഏകദിന നായകനായ ശേഷം ആദ്യ മത്സരത്തിനാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്.

ഓസ്ട്രേലിയ: David Warner, Travis Head, Steven Smith, Marnus Labuschagne, Alex Carey(w), Marcus Stoinis, Cameron Green, Ashton Agar, Pat Cummins(c), Mitchell Starc, Adam Zampa

ഇംഗ്ലണ്ട് : Jason Roy, Philip Salt, Dawid Malan, James Vince, Sam Billings, Jos Buttler(w/c), Liam Dawson, Chris Jordan, David Willey, Luke Wood, Olly Stone

രാജ്യത്തിനായി കളിക്കുന്നതിന് വിശ്രമം വേണം, ഐ പി എൽ വേണ്ടെന്ന് വെച്ച് കമ്മിൻസ്

അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടി വിശ്രമം എടുക്കണം എന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ കളിക്കേണ്ട എന്ന തീരുമാനവുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. കഴിഞ്ഞ മൂന്ന് ഐപിഎൽ ടൂർണമെന്റുകളിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഉണ്ടായിരുന്ന കമ്മിൻസ് കൊൽക്കത്ത ടീമുമായും ഈ കാര്യം സംസാരിച്ചു തീരുമാനത്തിൽ എത്തി.

ഈ വരുന്ന വർഷത്തിൽ കുറേയേറെ അന്താരാഷ്ട്ര മത്സരങ്ങൾ ഉള്ളത് കാരണം അടുത്ത വർഷത്തെ ഐപിഎല്ലിൽ താൻ പങ്കെടുക്കില്ലെന്ന് 29 കാരനായ താരം ട്വിറ്ററിൽ കുറിച്ചു. അടുത്ത 12 മാസം ടെസ്റ്റുകളും ഏകദിനങ്ങളും കൊണ്ട് നിറഞ്ഞതാണ് എന്നും അതിനാൽ ആഷസ് പരമ്പരയ്ക്കും ലോകകപ്പിനും മുന്നോടിയായി കുറച്ച് വിശ്രമം എടുക്കേണ്ടതുണ്ട് എന്നും കമ്മിൻസ് ട്വിറ്ററിൽ കുറിച്ചു.

ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു, പാറ്റ് കമ്മിന്‍സിന് ആദ്യ ക്യാപ്റ്റന്‍സി ദൗത്യം

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. ട്രാവിസ് ഹെഡ് ഏകദിന പരമ്പരയ്ക്കഉള്ള ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ കരുതുറ്റ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബര്‍ 17ന് ആണ് ഏകദിന പരമ്പര ആരംഭിയ്ക്കുന്നത്. പാറ്റ് കമ്മിന്‍സ് ഏകദിന ക്യാപ്റ്റനായ ശേഷമുള്ള ആദ്യ പരമ്പര കൂടിയാണ് ഇത്.

ഏകദിന സ്ക്വാഡ്:Pat Cummins (C), Ashton Agar, Alex Carey (WK), Cameron Green, Josh Hazlewood, Travis Head, Marnus Labuschagne, Mitchell Marsh, Glenn Maxwell, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa

പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയുടെ പുതിയ ഏകദിന നായകന്‍

ആരോൺ ഫി‍ഞ്ച് റിട്ടയര്‍ ചെയ്ത ഒഴിവിൽ പാറ്റ് കമ്മിന്‍സിനെ ഏകദിന നായകനായി പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിന്റെ നായകന്‍ ആണ് പാറ്റ് കമ്മിന്‍സ്. ടി20 ലോകകപ്പിന് ശേഷം നവംബര്‍ 17ന് ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ മൂന്ന് ഏകദിനങ്ങളിൽ കളിക്കുന്നുണ്ട്. അതാകും പാറ്റ് കമ്മിന്‍സിന്റെ ഏകദിന ക്യാപ്റ്റനായിട്ടുള്ള ആദ്യ ദൗത്യം.

ജനുവരിയിൽ ദക്ഷിണാഫ്രിക്കയുമായി നാട്ടിൽ തന്നെ ഓസ്ട്രേലിയ കളിക്കുന്നുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് വേണ്ടിയുള്ള ടീമിന്റെ ഒരുക്കങ്ങള്‍ ഇനി പാറ്റ് കമ്മിന്‍സിനെ മുന്‍നിര്‍ത്തിയായിരിക്കും.

ഫിഞ്ചിന് പകരം ആര് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആകണം എന്ന് വ്യക്തമാക്കി റിക്കി പോണ്ടിങ്

ഓസ്ട്രേലിയ ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ ആരോൺ ഫിഞ്ചിന് പകരം ആര് ക്യാപ്റ്റൻ ആകണം എന്ന് വ്യക്തമാക്കി കൊണ്ട് റിക്കി പോണ്ടിംഗ് രംഗത്ത്. പേസ് ബൗളർ പാറ്റ് കമ്മിൻസ് ഏകദിനത്തിൽ ക്യാപ്റ്റൻ ആയി എത്തണം എന്നാണ് പോണ്ടിങ് പറയുന്നത്.

“സത്യം പറഞ്ഞാൽ അടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു,” പോണ്ടിങ് പറഞ്ഞു. അദ്ദേഹം ഇപ്പോൾ ടെസ്റ്റിൽ ശ്രദ്ധ കൊടുക്കുന്നത് കൊണ്ട് എല്ലാ ഏകദിനങ്ങളും കളിക്കില്ലെന്ന് എനിക്കറിയാം, എന്നാലും കമ്മിൻസ് ആകണം ക്യാപ്റ്റൻ എന്നാണ് തന്റെ അഭിപ്രായം എന്ന് പോണ്ടിങ് പറഞ്ഞു.

പാറ്റ് കമ്മിൻസ് അല്ല ക്യാപ്റ്റൻ ആകുന്നത് എങ്കിൽ അത് തനിക്ക് അഭുതമായിരിക്കും എന്നും പോണ്ടിംഗ് പറഞ്ഞു. സ്മിത്ത്, വാർണർ എന്നിവരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നും മുൻ ക്യാപ്റ്റൻ പറഞ്ഞു.

ന്യൂസിലാണ്ട് – സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ട്, സിംബാബ്‍വേ എന്നിവരുമായുള്ള ഓസ്ട്രേലിയയുടെ ഏകദിന പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സിന് വിശ്രമം നൽകിയപ്പോള്‍ ആഡം സംപ ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

സിംബാബ്‍വേ ആണ് ആദ്യം ഏകദിന പരമ്പരയ്ക്കായി എത്തുന്നത്. ഓഗസ്റ്റ് 28, 31, സെപ്റ്റംബര്‍ 3 തീയ്യതികളിൽ ടൗൺസ്വില്ലയിലെ റിവര്‍വേ സ്റ്റേഡിയത്തിലാണ് സിംബാബ്‍വേയുടെ മത്സരം.

ന്യൂസിലാണ്ടും ഓസ്ട്രേലിയയും സെപ്റ്റംബര്‍ 6, 8, 11 എന്നീ തീയ്യതികളിൽ കെയിന്‍സിലെ കാസാലിസ് സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടും.

ഓസ്ട്രേലിയയുടെ ഏകദിന സ്ക്വാഡ്: Aaron Finch (c), Sean Abbott, Ashton Agar, Alex Carey, Cameron Green, Josh Hazlewood, Marnus Labuschagne, Mitchell Marsh, Glenn Maxwell, Steve Smith, Mitchell Starc, Marcus Stoinis, David Warner, Adam Zampa

ഡേവിഡ് വാര്‍ണര്‍ക്ക് ശതകം നഷ്ടം, ആവേശപോരിൽ പരമ്പര സ്വന്തമാക്കി ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെ നാലാം ഏകദിനത്തിൽ ആവേശകരമായ 4 റൺസ് വിജയം നേടി ആതിഥേയരായ ശ്രീലങ്ക. അവസാന ഓവറിൽ 19 റൺസ് വേണ്ടപ്പോള്‍ ഓസ്ട്രേലിയ 14 റൺസാണ് നേടിയത്. ജയത്തോടെ പരമ്പര 3-1ന് ശ്രീലങ്ക സ്വന്തമാക്കി. ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക എറിഞ്ഞ ഓവറിൽ മൂന്ന് ബൗണ്ടറി നേടി മാത്യു കുഹ്നേമന്‍(15) ലക്ഷ്യം അവസാന പന്തിൽ 5 റൺസാക്കി മാറ്റിയെങ്കിലും അവസാന പന്തിൽ താരം പുറത്തായതോടെ ചരിത്ര വിജയം നേടുവാന്‍ ശ്രീലങ്കയ്ക്കായി. 40 വര്‍ഷത്തിലാദ്യമായാണ് ശ്രീലങ്ക ഓസ്ട്രേലിയയെ നാട്ടിൽ നടക്കുന്ന ഒരു ഏകദിന പരമ്പരയിൽ പരാജയപ്പെടുത്തുന്നത്.

ഡേവിഡ് വാര്‍ണര്‍ 99 റൺസ് നേടി ടോപ് ഓര്‍ഡറിൽ പൊരുതിയെങ്കിലും താരത്തിന് ശതകം നഷ്ടമായപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വിജയം കൂടിയാണ് കൈവിടേണ്ടി വന്നത്. 259 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ 254 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഒരു ഘട്ടത്തിൽ 189/4 എന്ന നിലയിൽ ഓസ്ട്രേലിയ ശക്തമായി മുന്നേറിയപ്പോള്‍ പൊടുന്നനെയാണ് ടീം 192/7 എന്ന നിലയിലേക്ക് വീണത്. അവിടെ നിന്ന് പാറ്റ് കമ്മിന്‍സ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയന്‍ പ്രതീക്ഷയുമായി പാറ്റ് കമ്മിന്‍സ് ബാറ്റ് വീശിയപ്പോള്‍ 7 പന്ത് അവശേഷിക്കെ താരത്തെ പുറത്താക്കി കരുണാരത്നേ ഓസ്ട്രേലിയയ്ക്ക് കനത്ത പ്രഹരം ഏല്പിച്ചു. 35 റൺസായിരുന്നു പാറ്റ് കമ്മിന്‍സ് നേടിയത്. അവസാന ഓവറിൽ 19 റൺസ് വേണ്ട നിലയിൽ നിന്ന് അവസാന പന്ത് വരെ പൊരുതിയ ശേഷം ആയിരുന്നു ഓസ്ട്രേലിയന്‍ മോഹങ്ങള്‍ പൊലിഞ്ഞത്.

110 റൺസ് നേടിയ ചരിത് അസലങ്കയുടെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക 258 റൺസ് നേടിയത്. 34/3 എന്ന നിലയിലേക്ക് വീണ ടീമിനെ ധനന്‍ജയ ഡി സിൽവ(60) , ചരിത് അസലങ്ക കൂട്ടുകെട്ട് 101 റൺസ് നേടി മുന്നോട്ട് നയിച്ചു. വനിന്‍ഡു ഹസരംഗ പുറത്താകാതെ 21 റൺസ് നേടി.

ഓസ്ട്രേലിയയ്ക്കായി മാത്യൂ കുഹ്നേമന്‍, പാറ്റ് കമ്മിന്‍സ്, മിച്ചൽ മാര്‍ഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version