വലിയ റിസ്കാണ് ടീം എടുത്തത്, അത് ശരിയായി വന്നു – ട്രാവിസ് ഹെഡിനെക്കുറിച്ച് പാറ്റ് കമമിന്‍സ്

പരിക്കേറ്റ ട്രാവിസ് ഹെഡിന് റിക്കവര്‍ ചെയ്ത് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ സെലക്ടര്‍മാര്‍ നൽകിയ പിന്തുണയും മെഡിക്കൽ ടീം നടത്തിയ ശ്രമങ്ങളും പ്രശംസനീയമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. വലിയ റിസ്കാണ് ഹെഡിനെ കളിപ്പിച്ചതിലൂടെ ഓസ്ട്രേലിയ എടുത്തതെന്നും എന്നാൽ അത് പെയ്ഡ് ഓഫ് ആയി എന്നതിൽ സന്തോഷമുണ്ടെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഓസ്ട്രേലിയ തുടരെയുള്ള രണ്ട് തോൽവികളിൽ നിന്ന് തിരിച്ചുവരവ് നടത്തി മെല്ലേ ട്രാക്കിലേക്ക് എത്തുമ്പോള്‍ ട്രാവിസ് ഹെഡ് ഓസ്ട്രേലിയയിൽ തന്റെ റിക്കവറി പ്രവൃത്തികളിൽ ഏര്‍പ്പെടുകയായിരുന്നു. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയ്ക്കിടെയാണ് ട്രാവിസിന് പരിക്കേറ്റത്.

ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ താരത്തിന് പകരക്കാരനെ പ്രഖ്യാപിക്കാതെ കാത്ത് സൂക്ഷിച്ച വിശ്വാസം തന്റെ പ്രകടനത്തിലൂടെ താരം വീട്ടുകയായിരുന്നു. ആദ്യ അഞ്ച് മത്സരങ്ങള്‍ നഷ്ടമായ ഹെഡ് ന്യൂസിലാണ്ടിനെതിരെ തന്റെ ലോകകപ്പ് അരങ്ങേറ്റത്തിൽ 59 പന്തിൽ നിന്ന് ശതകം കുറിച്ച് തുടങ്ങിയപ്പോള്‍ ഓസ്ട്രേലിയ തന്നിൽ കാത്ത് സൂക്ഷിച്ച വിശ്വാസത്തിനുള്ള പ്രകടനമാണ് താരത്തിൽ നിന്നുണ്ടായത്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ശ്രമകരമായ ചേസിൽ 48 പന്തിൽ നിന്ന് 62 റൺസാണ് ഹെഡ് നേടിയത്. ഫൈനലില്‍ 137 റൺസ് നേടി ഓസ്ട്രേലിയയെ ലോക ചാമ്പ്യന്മാരാക്കുവാനും ഹെഡിന് സാധിച്ചു.

240 റൺസ്!!! കിരീടത്തിനായി ഈ റൺസ് മതിയാകുമോ ഇന്ത്യയ്ക്ക്

ലോകകപ്പ് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത തീരുമാനം ശരിവയ്ക്കുന്ന തരത്തിലുള്ള ബൗളിംഗുമായി  ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍. കപ്പ് മോഹവുമായി എത്തിയ ഇന്ത്യയെ വെറും 240 റൺസിനാണ് ഓസ്ട്രേലിയ പിടിച്ചുകെട്ടിയത്. രോഹിത് ശര്‍മ്മ പുറത്തായതിന് ശേഷം ഇന്നിംഗ്സിന് വേഗം നൽകുവാന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയതാണ് ടീമിന് വലിയ തിരിച്ചടിയായത്. കെഎൽ രാഹുലും വിരാട് കോഹ്‍ലിയും അര്‍ദ്ധ ശതകങ്ങള്‍ നേടിയെങ്കിലും ഇന്ത്യയ്ക്ക് 240 റൺസിലേക്ക് എത്തുവാന്‍ മാത്രമേ സാധിച്ചുള്ളു.

ശുഭ്മന്‍ ഗില്ലിനെ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ ഒന്നാം വിക്കറ്റിൽ 30 റൺസാണ് നേടിയത്. താരം 4 റൺസ് നേടി പുറത്തായപ്പോള്‍ രോഹിത് തന്റെ പതിവ് ശൈലിയിൽ ബാറ്റ് വീശി. രോഹിത്തും വിരാടും രണ്ടാം വിക്കറ്റിൽ 46 റൺസ് കൂടി നേടിയെങ്കിലും 31 പന്തിൽ 47 റൺസ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ഗില്ലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ മാക്സ്വെല്ലിനായിരുന്നു രോഹിത്തിന്റെ വിക്കറ്റ്.

തൊട്ടടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ഇന്ത്യ 81/3 എന്ന നിലയിലേക്ക് വീണു. 4 റൺസ് നേടിയ അയ്യരെ പാറ്റ് കമ്മിന്‍സ് ആണ് മടക്കിയയച്ചത്. നാലാം വിക്കറ്റിൽ കോഹ്‍ലിയും കെഎൽ രാഹുലും ചേര്‍ന്ന് കരുതലോടെ ഇന്ത്യയെ മുന്നോട്ട് നീക്കുകയായിരുന്നു. 67 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ കമ്മിന്‍സ് ആണ് പിരിച്ചത്. 54 റൺസ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് നേടി കമ്മിന്‍സ് ഈ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ഇന്ത്യ 148/4 എന്ന നിലയിലായിരുന്നു.

കോഹ്‍ലി പുറത്തായ ശേഷം കെഎൽ രാഹുല്‍ ജഡേജ കൂട്ടുകെട്ട് 30 റൺസ് നേടിയെങ്കിലും ജോഷ് ഹാസൽവുഡ് ജഡേജയെ പുറത്താക്കി ഇന്ത്യയ്ക്ക് അഞ്ചാം തിരിച്ചടി നൽകി. 66 റൺസ് നേടിയ കെഎൽ രാഹുലിനെ സ്റ്റാര്‍ക്ക് പുറത്താക്കിയതോടെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി.

മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ജസ്പ്രീത് ബുംറയെ ആഡം സംപ പുറത്താക്കി. അവസാന ഓവറുകളിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ സൂര്യകുമാര്‍ യാദവിലായിരുന്നുവെങ്കിലും 18 റൺസ് നേടിയ താരത്തെ പുറത്താക്കി ജോഷ് ഹാസൽവുഡ് ആ പ്രതീക്ഷയും തകര്‍ത്തു.

ഇന്നിംഗ്സിലെ അവസാന പന്തിൽ കുൽദീപ് റണ്ണൗട്ടായപ്പോള്‍ ഇന്ത്യ 240 റൺസിന് ഓള്‍ഔട്ട് ആയി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 3 വിക്കറ്റും പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസൽവുഡ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.

ഒരു വലിയ ആള്‍ക്കൂട്ടം നിശബ്ദരാകുന്നതിലും വലിയ സന്തോഷം എന്താണ് – പാറ്റ് കമ്മിന്‍സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് സാധ്യമായ കാര്യമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. ഒരു ലക്ഷത്തി മുപ്പതിനായിരം വരുന്ന കാണികള്‍ക്ക് മുന്നിൽ കളിക്കുക എന്നത് വലിയ നിമിഷമാണ് അത്രയും വലിയ ആള്‍ക്കൂട്ടും ഒരുപക്ഷത്തേയാവും പിന്തുണയ്ക്കുകയെങ്കിലും അവരെ നിശബ്ദരാക്കുക എന്നതിലും വലിയ സന്തോഷം എന്താണെന്നും പാറ്റ് കമ്മിന്‍സ് ചോദിച്ചു.

ഈ വലിയ ചലഞ്ചിന് ഓസ്ട്രേലിയ തയ്യാറാണെന്നും ഇന്ത്യ തുടരെ പത്ത് കളികള്‍ ജയിച്ചുവെങ്കില്‍ ഓസ്ട്രേലിയ തുടരെ 8 കളി ജയിച്ച് നിൽക്കുകയാണെന്നും കമ്മിന്‍സ് കൂട്ടിചേര്‍ത്തു. ആദ്യ മത്സരത്തിലെ തോൽവികള്‍ക്ക് ശേഷം ഓസ്ട്രേലിയ തിരിച്ചുവന്നത് മികച്ച രീതിയിലാണെന്നും കമ്മിന്‍സ് വ്യക്തമാക്കി.

ഇന്ത്യക്ക് എതിരായ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരുമെന്ന് കമ്മിൻസ്

പരിക്ക് കാരണം വിശ്രമത്തിൽ ഉള്ള ഓസ്ട്രേലിയ ക്യാപ്റ്റൻ കമ്മിൻസ് ലോകകപ്പിന് മുന്നോടിയായി സെപ്റ്റംബർ അവസാനം ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഓവലിൽ അഞ്ചാം ആഷസ് ടെസ്റ്റിനിടെ ആയിരുന്നു കമ്മിൻസിന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റത്. കമ്മിൻസിന് ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ 7 നും 17 നും ഇടയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ അഞ്ച് മത്സര ഏകദിന പരമ്പരയിൽ പേസ് ബൗളർ കളിക്കില്ല. “ഞാൻ ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയ്‌ക്കെതിരായ ഏകദിന മത്സരങ്ങളിലേക്കാണ് ഉറ്റു നോക്കുന്നത്. ഈ പരിക്ക് വളരെ മോശമല്ല എന്ന് താൻ വിശ്വസിക്കുന്നു. കുറച്ച് ആഴ്‌ചകൾ കൊണ്ട് അത് ശരിയാകും,” കമ്മിൻസ് പറഞ്ഞു.

ഒക്‌ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ താൻ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിൻസ് പറഞ്ഞു. ലോകകപ്പിന് ശേഷം ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ പങ്ക് വിലയിരുത്തുമെന്ന് കമ്മിൻസ് പറഞ്ഞു.

കമ്മിൻസിന് ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര നഷ്ടമാകും

അഞ്ചാം ആഷസ് ടെസ്റ്റിന് ഇടയിൽ പരിക്കേറ്റ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന് അടുത്ത മാസം ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമായേക്കും. സെപ്റ്റംബർ 22ന് ആണ് ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

കഴിഞ്ഞയാഴ്ച ഓവലിൽ നടന്ന അവസാന ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ആയിരുന്നു ഓസ്ട്രേലിയൻ പേസർക്ക് പരിക്കേറ്റത്. എന്നിട്ടും പരുക്ക് കമ്മിൻസ് ബൗളിംഗ് തുടർന്നു. പരിക്ക് സാരമുള്ളതല്ല എങ്കിലും രണ്ട് മാസത്തിനുള്ളിൽ ആറ് ടെസ്റ്റുകൾ കളിച്ച കമ്മിൻസിന് വിശ്രമം നൽകാൻ ആണ് സാധ്യത. കമ്മിൻസിന്റെ അഭാവത്തിൽ മിച്ചൽ മാർഷ് ഓസ്ട്രേലിയയെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രഹാനെ വീണു!!! അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ശര്‍ദ്ധുലും മടങ്ങി, മുന്നൂറ് കടക്കാനാകാതെ ഇന്ത്യ ഓള്‍ഔട്ട്

ലഞ്ചിന് ശേഷം ഇന്ത്യയുടെ അവശേഷിക്കുന്ന നാല് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയ. 296 റൺസിനാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്.  ലഞ്ചിന് ശേഷം 36 റൺസ് കൂടിയാണ് ഇന്ത്യ ഇന്ന് രണ്ടാം സെഷനിൽ നേടിയത്. ഓസ്ട്രേലിയയ്ക്ക് 173 റൺസിന്റെ ലീഡാണുള്ളത്.

രഹാനെയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 89 റൺസാണ് താരം നേടിയത്. പാറ്റ് കമ്മിന്സിന്റെ ബൗളിംഗിൽ മികച്ചൊരു ക്യാച്ച് പൂര്‍ത്തിയാക്കി കാമറൺ ഗ്രീന്‍ ആണ് പുറത്താക്കിയത്. 260/6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഒരു റൺസ് നേടിയപ്പോള്‍ 1 റൺസ് കൂട്ടിചേര്‍ക്കുന്നതിനിടെയാണ് ടീമിന് രഹാനെയെ നഷ്ടമായത്.

ഉമേഷ് യാദവിനെ പാറ്റ് കമ്മിന്‍സ് തന്നെ പുറത്താക്കിയപ്പോള്‍ ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് നഷ്ടമായി. ശര്‍ദ്ധുൽ താക്കൂര്‍ 51 റൺസ് നേടി കാമറൺ ഗ്രീനിന് വിക്കറ്റ് നൽകിയാണ് മടങ്ങിയത്. 13 റൺസ് നേടിയ മൊഹമ്മദ് ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി ഇന്ത്യയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തുകയായിരുന്നു.

ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഫൈനൽ!!! ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രോഹിത്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. നാല് സീമര്‍മാരെയും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തി ഇന്ത്യ ഇറങ്ങുമ്പോള്‍ രവിചന്ദ്രന്‍ അശ്വിന് ടീമിൽ ഇടം ലഭിയ്ക്കുന്നില്ല. അശ്വിന്‍ മാച്ച് വിന്നറാണെന്നും താരത്തെ പുറത്തിരുത്തേണ്ടി വരുന്നത് കഠിനമായ കാര്യമാണെന്നും രോഹിത് പറഞ്ഞു.

ഓസ്ട്രേലിയ: David Warner, Usman Khawaja, Marnus Labuschagne, Steven Smith, Travis Head, Cameron Green, Alex Carey(w), Pat Cummins(c), Mitchell Starc, Nathan Lyon, Scott Boland

ഇന്ത്യ: Rohit Sharma(c), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, Srikar Bharat(w), Ravindra Jadeja, Shardul Thakur, Umesh Yadav, Mohammed Shami, Mohammed Siraj

മരിയ കമ്മിന്‍സ് അന്തരിച്ചു!!! ഓസ്ട്രേലിയന്‍ ടീം കറുത്ത ആംബാന്‍ഡ് അണിയും

പാറ്റ് കമ്മിന്‍സിന്റെ മാതാവ് മരിയ കമ്മിന്‍സ് അന്തരിച്ചു. കമ്മിന്‍സ് ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം മാതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് അഹമ്മദാബാദ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഓസ്ട്രേലിയന്‍ ടീം കറുത്ത ആംബാന്‍ഡ് അണി‍ഞ്ഞാവും മത്സരിക്കുവാനിറങ്ങുക.

2005ൽ ആണ് മരിയയ്ക്ക് സ്തനാര്‍ബുദ്ധം കണ്ടെത്തിയത്. കഴിഞ്ഞ മാസം താരത്തിന്റെ മാതാവ് പാലിയേറ്റീവ് കെയറിലേക്ക് പ്രവേശിച്ചതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. മരിയയോടുള്ള ബഹുമാനാര്‍ത്ഥം ഓസ്ട്രേലിയന്‍ ടീം കറുത്ത ആംബാന്‍ഡ് അണിയുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

അഹമ്മദാബാദ് ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് തന്നെ ഓസ്ട്രേലിയയെ നയിക്കും

പാറ്റ് കമ്മിന്‍സിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്ത് തന്നെ ഓസ്ട്രേലിയയെ അഹമ്മദാബാദ് ടെസ്റ്റിലും നയിക്കും. ഇന്‍ഡോറിൽ സ്മിത്തിന്റെ കീഴിൽ ഓസ്ട്രേലിയ വിജയം കുറിച്ചിരുന്നു. തന്റെ മാതാവിന്റെ അസുഖം കാരണം നാട്ടിൽ തുടരുവാന്‍ പാറ്റ് കമ്മിന്‍സ് തീരുമാനിക്കുകയായിരുന്നു.

രണ്ടാം ടെസ്റ്റിന് ശേഷം ആണ് താരം നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്ന് സ്റ്റീവന്‍ സ്മിത്തിനെ ഓസ്ട്രേലിയ നായക ദൗത്യം ഏല്പിക്കുകയായിരുന്നു. മാര്‍ച്ച് 9 മുതൽ 13 വരെ ആണ് നാലാം ടെസ്റ്റ് നടക്കുക.

മൂന്നാം ടെസ്റ്റിന് കമ്മിന്‍സ് ഇല്ല, സ്മിത്ത് നയിക്കും

ഓസ്ട്രേലിയയുടെ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിന് ഇല്ല. താരത്തിന്റെ മാതാവിന് അസുഖം വന്നതിനാലാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. സ്റ്റീവ് സ്മിത്ത് ആണ് ഇന്‍ഡോര്‍ ടെസ്റ്റിൽ ഓസ്ട്രേലിയയെ നയിക്കുന്നത്.

താന്‍ ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്നില്ലെന്നും തനിക്ക് തന്ന എല്ലാവിധ പിന്തുണയ്ക്കും ക്രിക്കറ്റ് ഓസ്ട്രേലിയയോട് നന്ദി അറിയിക്കുന്നതായും കമ്മിന്‍സ് വ്യക്തമാക്കി.

പാറ്റ് കമ്മിൻസ് ഓസ്ട്രേലിയയിലേക്ക് പോയി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഓസ്ട്രേലിയയിലേക്ക് മടങ്ങി. തന്റെ കുടുംബത്തിൽ ഒരു അടിയന്തര സാഹചര്യം വന്നത് കൊണ്ടാണ് താരം നാട്ടിലേക്ക് പോകുന്നത് എന്ന് ഓസ്ട്രേലിയ അറിയിച്ചു. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ തന്റെ ടീം ആറ് വിക്കറ്റിന് തോറ്റതിന് തൊട്ടുപിന്നാലെയാണ് കമ്മിൻസിന്റെ യാത്ര.

മാർച്ച് ഒന്നിന് ഇൻഡോറിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിൽ കമ്മിൻസ് ഉണ്ടാകില്ല. എന്നാൽ ടെസ്റ്റ് ആരംഭിക്കും മുമ്പ് കമ്മിൻസ് മടങ്ങിയെത്തും എന്നാണ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്. അഥവാ കമ്മിൻ മടങ്ങി വരാതിരുന്നാൽ സ്റ്റീവ് സ്മിത്ത് ടീമിനെ നയിക്കും. നേരത്തെ കമ്മിൻസിന്റെ അഭാവത്തിൽ രണ്ട് തവണ സ്മിത്ത് ടീമിനെ നയിച്ചിരന്നു.

കളി ഓസ്ട്രേലിയ കൈവിട്ടതാണെന്ന് കമ്മിൻസ്

ബോർഡർ-ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരായ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മത്സരം ആറ് വിക്കറ്റിന് ജയിച്ച ആതിഥേയർ നാല് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് മുന്നിലെത്തി.

ആദ്യ ഇന്നിംഗ്‌സിൽ 260 റൺസിന്റെ മാന്യമായ സ്‌കോർ നേടിയിട്ടും ഓസ്‌ട്രേലിയ കളി നഷ്ടപ്പെടുത്തുക ആയിരുന്നു എന്ന് കമ്മിൻസ് പറഞ്ഞു. ഇന്ത്യ നന്നായി ബാറ്റ് ചെയ്തു എന്നും അവരുടെ ഒന്ന് രണ്ട് കൂട്ടുകെട്ടുകൾ തകർക്കാൻ ഞങ്ങൾക്ക് ആയില്ല എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് കളിയിലും പ്രത്യേകിച്ച് ഈ മത്സരത്തിൽ വ്ഹില ഘട്ടത്തിൽ ഞങ്ങൾ മുന്നിൽ ആയിരുന്നു. അവിടെ നിന്നുള്ള തോൽവി വേദനാജനകമാണെന്നും ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. രണ്ട് മത്സരങ്ങളും ഓസ്‌ട്രേലിയയെ സംബന്ധിച്ച് നിരാശയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Exit mobile version