കളം നിറഞ്ഞ് Mr. 360യും പോക്കറ്റ് ഡൈനാമോയും, കൂറ്റന്‍ സ്കോറിലേക്ക് നീങ്ങി റോയല്‍ ചലഞ്ചേഴ്സ്

എബി ഡി വില്ലിയേഴ്സിന്റെ അര്‍ദ്ധ ശതകത്തിന്റെയും പാര്‍ത്ഥിവ് പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച തുടക്കത്തിനു ശേഷം വിരാട് കോഹ്‍ലിയെ(13) നഷ്ടമായപ്പോള്‍ 3.1 ഓവറില്‍ 35 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. രണ്ടാം വിക്കറ്റില്‍ 36 റണ്‍സ് കൂടി നേടിയ ശേഷം പാര്‍ത്ഥിവിനെയും ബാംഗ്ലൂരിനു നഷ്ടമായി. 24 പന്തില്‍ നിന്ന് 43 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയത്.

71/1 എന്ന നിലയില്‍ നിന്ന് പൊടുന്നനെ 81/4 എന്ന നിലയിലേക്ക് വീണ ശേഷം എബി ഡി വില്ലിയേഴ്സും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്നാണ് ബാംഗ്ലൂരിനെ 202 റണ്‍സിലേക്ക് എത്തിച്ചത്. 121 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 20 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്.

അവസാന ഓവറുകളില്‍ സിക്സുകളിലൂടെയായിരുന്നു ബാംഗ്ലൂരിന്റെ സ്കോറിംഗ്. 19ാം ഓവറില്‍ 21 റണ്‍സും 20ാം ഓവറില്‍ 27 റണ്‍സുമാണ് എബിഡി-സ്റ്റോയിനിസ് കൂട്ടുകെട്ട് നേടിയത്.  ഒരു ഘട്ടത്തില്‍ 175 റണ്‍സ് നേടാനായാല്‍ ഭാഗ്യമെന്ന നിലയില്‍ എത്തിയ ശേഷമാണ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം.

ഡി വില്ലിയേഴ്സ് 7 സിക്സും മൂന്ന് ഫോറും സഹിതം 44 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയപ്പോള്‍ മെല്ലെ തുടങ്ങിയ മാര്‍ക്കസ് സ്റ്റോയിനിസ് 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടി ഇന്നിംഗ്സ് മികച്ച രീതിയില്‍ അവസാനിപ്പിച്ചു.

പഞ്ചാബ് ബൗളര്‍മാരില്‍ രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് തിളങ്ങിയത്. തന്റെ നാലോവറില്‍ ഒരു വിക്കറ്റ് നേടുവാന്‍ 15 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ട് നല്‍കിയത്. മുരുഗന്‍ അശ്വിന്‍ 31 റണ്‍സ് വിട്ട് നല്‍കി 1 വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി 53 റണ്‍സും ഹാര്‍ഡസ് വില്‍ജോയന്‍ 51 റണ്‍സുമാണ് വിട്ട് നല്‍കിയത്.

ഗാരിയുടെ ഉപദേശം തുണച്ചു – പാര്‍ത്ഥിവ് പട്ടേല്‍

ഏത് ബൗളറെ ആക്രമിക്കണമെന്ന് തിരഞ്ഞെടുക്കുന്നതില്‍ വരുത്തേണ്ട മാറ്റമാണ് താന്‍ വരുത്തേണ്ടതെന്ന് കോച്ച് ഗാരി കിര്‍സ്റ്റന്‍ സൂചിപ്പിച്ചതാണ് തനിക്ക് തുണയായതെന്ന് തുറന്ന് പറഞ്ഞ് പാര്‍ത്ഥിവ് പട്ടേല്‍. മത്സരത്തിനു മുമ്പ് ഗാരി തന്നോട് അധികം ചിന്തിക്കേണ്ടതില്ല, ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ഉപദേശം നല്‍കിയതെന്ന് പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

താന്‍ പവര്‍ പ്ലേയില്‍ ബാറ്റ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നുവെന്നും തനിക്ക് ഓപ്പണിംഗ് ചെയ്യുമ്പോള്‍ ആ ആനുകൂല്യം ലഭിയ്ക്കുന്നുണ്ടെന്നും പാര്‍ത്ഥിവ് തുറന്നു പറഞ്ഞു. അത് കൂടാതെ കോഹ്‍ലിയ്ക്കൊപ്പം ഓപ്പണിംഗും വണ്‍ ഡൗണായി എബിഡിയും എത്തുമ്പോള്‍ തനിക്ക് ഏറെയൊന്നും ചെയ്യാനില്ല എന്നതും തനിക്ക് ഏറെ ഗുണം ചെയ്യുമെന്നതാണ് സത്യസന്ധമായ കാര്യമെന്നും പാര്‍ത്ഥിവ് തുണ പറഞ്ഞു.

താന്‍ ബൗണ്ടറികള്‍ നേടുകയും സ്ട്രൈക്ക് കൈമാറുന്നതിലും ശ്രദ്ധയൂന്നാറുണ്ടെന്നാണ് താരം പറഞ്ഞത്. താന്‍ ഇപ്പോള്‍ ബാറ്റ് ചെയ്യുന്ന രീതിയില്‍ താന്‍ സന്തുഷ്ടനാണെന്നും പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കി. 37 പന്തില്‍ നിന്ന് 53 റണ്‍സാണ് പാര്‍ത്ഥിവ് ഇന്നലെ നേടിയത്. 4 സിക്സും 2 ഫോറുമായിരുന്നു പാര്‍ത്ഥിവ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

അവസാന പന്ത് ധോണി മിസ്സാക്കുമെന്ന് പ്രതീക്ഷിച്ചതേയില്ല – പാര്‍ത്ഥിവ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തന്റെ ഡയറക്ട് ത്രോയിലൂടെ ഞെട്ടിച്ച പാര്‍ത്ഥിവ് പട്ടേല്‍ പറയുന്നത് താന്‍ ധോണി ആ അവസാന പന്ത് മിസ്സാക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ്. ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറില്‍ ജയിക്കുവാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ ആദ്യ അഞ്ച് പന്തില്‍ നിന്ന് 24 റണ്‍സാണ് നേടിയത്. അവസാന പന്തില്‍ ഉമേഷ് യാദവിന്റെ സ്ലോ ലെഗ് കട്ടര്‍ ധോണി മിസ്സാക്കുകയും പാര്‍ത്ഥിവ് പട്ടേല്‍ ഡയറക്ട് ത്രോയിലൂടെ ശര്‍ദ്ധുല്‍ താക്കൂറിനെ പുറത്താക്കുകയുമായിരുന്നു.

ധോണി ഓഫ് സൈഡിലേക്ക് അടിക്കണമെന്നായിരുന്നു ഞങ്ങളുടെയും ആഗ്രഹം, കാരണം ലെഗ് സൈഡില്‍ റണ്‍സ് അടിച്ചാല്‍ ധോണി തീര്‍ച്ചയായും ഡബിള്‍ ഓടിയെടുക്കുമെന്ന് ഉറപ്പായിരുന്നു. ആ സമയത്ത് ധോണി ബീറ്റണാവുമെന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പാര്‍ത്ഥിവ് പറഞ്ഞു. അതിനാല്‍ തന്നെ ഉമേഷിനോട് ഓഫ് സ്റ്റംപിനു പുറത്ത് സ്ലോവര്‍ ബോള്‍ എറിയാനായിരുന്നു നിര്‍ദ്ദേശം. പക്ഷേ ആശ്ചര്യമെന്ന് പറയട്ടേ ആ പന്ത് ധോണി മിസ് ചെയ്യുകയായിരുന്നു, അത് താന്‍ ഒട്ടും പ്രതീക്ഷിച്ച കാര്യമല്ലെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.

ആര്‍സിബിയ്ക്കെതിരെ തുടര്‍ച്ചയായ എട്ടാം ജയമെന്ന ചെന്നൈയുടെ മോഹം തകര്‍ത്ത് പാര്‍ത്ഥിവ് പട്ടേല്‍, 2014നു ശേഷം ചെന്നൈയ്ക്കെതിരെ ബാംഗ്ലൂരിന്റെ ആദ്യ ജയം

അവസാന ഓവറില്‍ ജയിക്കുവാന്‍ 26 റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്, ശ്രമകരമെങ്കിലും എംഎസ് ധോണി ക്രീസിലുള്ളതിനാല്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല ചെന്നൈ സൂപ്പര്‍ കിംഗ്സ്. അവസാന ഓവര്‍ എറിയാനെത്തിയത് ഉമേഷ് യാദവ്. ഇന്ന് ന്യൂബോളില്‍ ബാംഗ്ലൂര്‍ ബൗളര്‍മാരെല്ലാം തന്നെ മികച്ച ബൗളിംഗാണ് പുറത്തെടുത്തത്, അത് പോലെതന്നെ ഉമേഷ് യാദവും തന്റെ നാലോവറില്‍ മികച്ച ബൗളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. മൂന്നോവറില്‍ നിന്ന് വെറും 23 റണ്‍സ് വഴങ്ങിയാണ് ഉമേഷ് യാദവ് തന്റെ രണ്ട് വിക്കറ്റ് നേടിയത്.

എന്നാല്‍ ഉമേഷിന്റെയും ആര്‍സിബിയുടെയും ആത്മവിശ്വാസം തകര്‍ക്കുന്ന പ്രകടനമാണ് ധോണി പുറത്തെടുത്തത്. ആദ്യ പന്ത് ബൗണ്ടറി നേടിയ ധോണി, രണ്ടാമത്തെ പന്തില്‍ 111 മീറ്റര്‍ ദൂരമുള്ള സിക്സ് നേടി. മൂന്നാം പന്തില്‍ ലോംഗ് ഓഫിനു മുകളിലൂടെ സിക്സര്‍ നേടി വീണ്ടും ധോണി ബാംഗ്ലൂര്‍ ഹൃദയങ്ങള്‍ തകര്‍ത്തു. നാലാമത്തെ പന്തില്‍ ഡബിളോടിയ ധോണി അഞ്ചാം പന്തില്‍ വീണ്ടും സിക്സ് നേടിയതോടെ ലക്ഷ്യം അവസാന പന്തില്‍ രണ്ട് റണ്‍സായി മാറി.

ജയസാധ്യതയില്‍ നിന്ന് തോല്‍വിയുടെ വക്കിലേക്ക് ആര്‍സിബിയെ ഈ അഞ്ച് പന്തില്‍ ധോണി തള്ളിയിട്ട് കഴിഞ്ഞിരുന്നു. ജയമെന്നത് പാടെ മറന്ന് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിക്കാനാകുമോ എന്ന് റോയല്‍ ചലഞ്ചേഴ്സ് ഫാന്‍സ് ചിന്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ ചെന്നൈ നായകന്‍ ക്രീസില്‍ നില്‍ക്കുന്നതിനാല്‍ അവരുടെ ആരാധകര്‍ ജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.

എന്നാല്‍ അവസാന പന്ത് സ്ലോ ലെഗ്-കട്ടര്‍ എറിഞ്ഞ ഉമേഷ് യാദവ് ധോണിയെ ബീറ്റ് ചെയ്തു, കട്ട് ചെയ്യാന്‍ ശ്രമിച്ച ധോണിയെ കടന്ന് പന്ത് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേലിലേക്ക് എത്തിയപ്പോള്‍ താരം അത് കൃത്യതയോടെ എറിഞ്ഞ് കൊള്ളിച്ചപ്പോള്‍ ശര്‍ദ്ധുല്‍ താക്കൂര്‍ ക്രീസിനുള്ളില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല. ഒരു റണ്‍സിന്റെ വിജയം ആര്‍സിബി നേടിയപ്പോള്‍ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ മൂന്നാം ജയം മാത്രമല്ല ടീം നേടിയത്. ഐപിഎലില്‍ തങ്ങള്‍ക്കെതിരെ തുടരെ ഏഴ് ജയം സ്വന്തമാക്കിയ ചെന്നൈയുടെ എട്ടാം ജയമെന്ന മോഹങ്ങളെയാണ് പാര്‍ത്ഥിവ് പട്ടേലിന്റെ ആ ഡയറക്ട് ഹിറ്റ് തകര്‍ത്തത്.

2014നു ശേഷം ഇതാദ്യമായാണ് ആര്‍സിബി ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തുന്നത്.

ഈ നാല് തോല്‍വികള്‍ ഞങ്ങള്‍ അര്‍ഹിക്കുന്നില്ല

ഐപിഎലില്‍ തുടരെ നാല് കളികള്‍ തോറ്റ ഏക ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. ഇതില്‍ രാജസ്ഥാനോടും മുംബൈയോടും ടീം മികച്ച രീതിയില്‍ പൊരുതി നോക്കിയപ്പോള്‍ യാതൊരു ചെറുത്ത് നില്പുമില്ലാതെയാണ് സണ്‍റൈസേഴ്സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്സിനോടും ബാംഗ്ലൂര്‍ കീഴടങ്ങിയത്. വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും തങ്ങളുടെ മികച്ച ഫോമിലേക്ക് ഉയരാത്തതിനൊപ്പം ഏറെ പ്രതീക്ഷയുണ്ടായിരുന്ന മധ്യനിര കൂടി കൈവിട്ടതോടെയാണ് ഈ നാല് മത്സരങ്ങളില്‍ തകര്‍ച്ചയിലേക്ക് റോയ്ല‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വീണത്.

ഈ നാല് മത്സരങ്ങളിലും തോല്‍ക്കുവാന്‍ മാത്രം മോശം ടീമല്ല തങ്ങളുടേതെന്നാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥിവ് പട്ടേല്‍ വ്യക്തമാക്കുന്നത്. നാല് മത്സരങ്ങളില്‍ മൂന്ന് ഓപ്പണര്‍മാര്‍ക്കൊപ്പം ഇന്നിംഗ്സ് തുടങ്ങിയ പാര്‍ത്ഥിവ് മാത്രമാണ് റോയല്‍ ചലഞ്ചേഴ്സ് നിരയിലെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത താരം.

നാല് തോല്‍വികള്‍ക്ക് ശേഷം ടീമിനു വിഷമമില്ലെന്നോ സന്തോഷവാന്മാരാണെന്നോ പറയുന്നത് സത്യസന്ധമല്ലായെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഡ്രെസ്സിംഗ് റൂമില്‍ ഏവരും പൊസിറ്റീവായാണ് കാര്യങ്ങളെ നോക്കി കാണുന്നത്, ഞങ്ങളുടെ ശേഷിയെന്താണെന്നും ഈ നാല് തോല്‍വികള്‍ ഞങ്ങള്‍ അര്‍ഹിക്കുന്നില്ലായെന്നും ടീമംഗങ്ങളോട് ഏവരും സംസാരിച്ച് കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ത്ഥിവ് വ്യക്തമാക്കി.

തന്റെ വ്യക്തിഗത പ്രകടനങ്ങളില്‍ തനിക്ക് സന്തോഷമുണ്ടെങ്കിലും അത് കൂടുതല്‍ സന്തോഷം ലഭിയ്ക്കുന്നത് ടീം കൂടി വിജയിക്കുമ്പോളാണ്.

ശ്രേയസ്സ് ഗോപാലിനു മുന്നില്‍ തകര്‍ന്ന് ആര്‍സിബി, രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍

മികച്ച തുടക്കത്തിനു ശേഷം വീണ്ടും ആര്‍സിബി തകര്‍ന്നപ്പോള്‍ രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍. പാര്‍ത്ഥിവ് പട്ടേലിന്റെ 67 റണ്‍സിന്റെ ബലത്തില്‍ രാജസ്ഥാനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടുകായയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് 31 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മോയിന്‍ അലി 9 പന്തില്‍ 18 റണ്‍സുമായി ക്രീസില്‍ ഒപ്പം നിന്നു. രാജസ്ഥാന്‍ ബൗളര്‍മാരില്‍ ശ്രേയസ്സ് ഗോപാല്‍ 3 വിക്കറ്റ് നേടി.

ഒന്നാം വിക്കറ്റില്‍ 49 റണ്‍സ് നേടി മുന്നോട്ട് നീങ്ങുകയായിരുന്നു പാര്‍ത്ഥിവ്-വിരാട് കൂട്ടുകെട്ടില്‍ വിരാടിനെ(23) പുറത്താക്കിയ ശ്രേയസ്സ് ഗോപാല്‍ അടുത്ത ഓവറുകളില്‍ എബി ഡി വില്ലിയേഴ്സിനെയും(13), ഷിമ്രണ്‍ ഹെറ്റ്മ്യറിനെയും(1) പുറത്താക്കി.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് പാര്‍ത്ഥിവിനു കൂട്ടായി എത്തിയ ശേഷമാണ് ടീമിന്റെ സ്കോര്‍ നൂറ് കടന്നത്. 73/3 എന്ന നിലയില്‍ നിന്ന് 126/4 എന്ന സ്കോറിലേക്ക് ടീമിനെ നയിക്കുവാന്‍ ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിനു സാധിച്ചിരുന്നു. നാലാം വിക്കറ്റില്‍ 53 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.  41 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലിനെ ജോഫ്ര ആര്‍ച്ചര്‍ ആണ് പുറത്താക്കിയത്. 9 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതായിരുന്നു പാര്‍ത്ഥിവിന്റെ പ്രകടനം.

ബാംഗ്ലൂരിന്റെ നടുവൊടിച്ച് ഹര്‍ഭനും ഇമ്രാന്‍ താഹിറും, പൊരുതി നോക്കിയത് പാര്‍ത്ഥിവ് പട്ടേല്‍ മാത്രം

ഐപിഎല്‍ 12ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വക നാണംകെട്ട ബാറ്റിംഗ് പ്രകടനം. ആദ്യ ഓവറുകളില്‍ തുടര്‍ന്ന തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ബുദ്ധിമുട്ടിയ ടീമിനെ ചെന്നൈ സ്പിന്നര്‍മാര്‍ വരിഞ്ഞുകെട്ട് കീഴടക്കുകയായിരുന്നു. ടോപ് ഓര്‍ഡറിനെ ഹര്‍ഭജനും മധ്യനിരയെ ഇമ്രാന്‍ താഹിറും കശക്കിയെറിയുകയായിരുന്നു.

ഇമ്രാന്‍ താഹിര്‍ തന്റെ നാലോവര്‍ സ്പെല്ലില്‍ വെറും 9 റണ്‍സ് വിട്ട് നല്‍കി ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. നാലോവറില്‍ 20 റണ്‍സിനു മൂന്ന് വിക്കറ്റാണ് ഹര്‍ഭജന്‍ സിംഗ് നേടിയത്. പാര്‍ത്ഥിവ് പട്ടേല്‍ 29 റണ്‍സ് നേടി ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍ ആയി. 17.1 ഓവറില്‍ ബാംഗ്ലൂര്‍ 70 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഡ്വെയിന്‍ ബ്രാവോ ഒരു വിക്കറ്റും നേടി. അവസാന വിക്കറ്റായിയാണ് പാര്‍ത്ഥിവ് പട്ടേല്‍ പുറത്തായത്.

തമ്പിയ്ക്കും സന്ദീപിനും രണ്ട് വീതം വിക്കറ്റ്, 97/4 എന്ന നിലയില്‍ ഗുജറാത്ത്

കേരളത്തിനെ 185 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ബാറ്റിംഗില്‍ 97/4 എന്ന നിലയില്‍ ഗുജറാത്ത്. ആദ്യ ഓവറുകളില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായെങ്കിലും പിന്നീട് ഗുജറാത്ത് 52 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ഭേദപ്പെട്ട നിലയിലേക്ക് നീങ്ങുകയായിരുന്നു. സന്ദീപ് വാര്യര്‍ ഓപ്പണര്‍മാരെ രണ്ടും പുറത്താക്കിയപ്പോള്‍ പാര്‍ത്ഥിവ് പട്ടേലിനെ പുറത്താക്കിത് ബേസില്‍ തമ്പിയായിരുന്നു.

36 പന്തില്‍ നിന്ന് 43 റണ്‍സുമായി പാര്‍ത്ഥിവ് പട്ടേല്‍ അപകടകാരിയായി മാറുന്നതിനിടയിലാണ് ബേസില്‍ തമ്പി വിക്കറ്റ് നേടിയത്. റുജുല്‍ ഭട്ട്(10*), ധ്രുവ് റാവല്‍(12*) എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്.

കേരളത്തിന്റെ ഇന്നിംഗ്സിനു വെറും 88 റണ്‍സ് മാത്രം പിന്നിലായാണ് ഗുജറാത്ത് സ്ഥിതി ചെയ്യുന്നത്.

പരിക്ക് ഗുരുതരം, സാഹ ടെസ്റ്റ് പരമ്പര കളിക്കുക സംശയത്തില്‍

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ സാഹയുടെ പങ്കാളിത്തം സംശയത്തിലെന്ന് സൂചനകള്‍. ഐപിഎലിനിടെ ഏറ്റ പരിക്കില്‍ നിന്ന് താരം ഇതുവരെ പൂര്‍ണ്ണായും ഭേദപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നിലവില്‍ ജസ്പ്രീത് ബുംറയുടെ സേവനം ടി20യിലും ഏകദിനങ്ങളിലും നഷ്ടമായ ഇന്ത്യയ്ക്ക് വാഷിംഗ്ടണ്‍ സുന്ദറിനെയും നഷ്ടമായിരുന്നു.

അതേ സമയം ജസ്പ്രീത് ബുംറ ടെസ്റ്റിനു ഫിറ്റ്നെസ് തെളിയിക്കുന്നതിന്റെ ഭാഗമായി താരത്തിനെ ഏകദിനങ്ങളില്‍ നിന്നും വിശ്രമം അനുവദിക്കുകയായിരുന്നു. ഐപിഎലില്‍ ശിവം മാവിയുടെ പന്തില്‍ നിന്നാണ് സാഹയ്ക്ക് പരിക്കേറ്റത്. മെഡിക്കല്‍ ടീമില്‍ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം പരിക്ക് വിചാരിച്ചതിലും ഗുരുതരമാണെന്നാണ് മനസ്സിലാക്കുന്നത്.

പരിക്ക് ഭേദമാകാത്ത പക്ഷം ദിനേശ് കാര്‍ത്തിക്ക് ടീമിലെത്തിയേക്കും. അഫ്ഗാനിസ്ഥാനെതിരെ സാഹയ്ക്ക് പകരം ദിനേശ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ മത്സരത്തിനിറക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സെഞ്ചൂറിയണില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും, മൂന്ന് മാറ്റങ്ങളോടെ ഇന്ത്യ

സെഞ്ചൂറിയണില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കഏറ്റ ഡെയില്‍ സ്റ്റെയിനിനു പകരം ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റും മത്സരത്തില്‍ കുറിക്കും. അതേ സമയം പരമ്പര നിലനിര്‍ത്തുന്നതിനുള്ള ശ്രമത്തിനായി മൂന്ന് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയിരിക്കുന്നത്. പാര്‍ത്ഥിവ് പട്ടേല്‍ കീപ്പര്‍ സ്ഥാനത്തേക്ക് വരുമ്പോള്‍ ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മ്മയും ശിഖര്‍ ധവാനു പകരം കെഎല്‍ രാഹുലും ടീമിലെത്തി.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ഹാഷിം അംല, എബി ഡി വില്ലിയേഴ്സ്, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡിക്കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, മോണേ മോര്‍ക്കല്‍

ഇന്ത്യ: മുരളി വിജയ്, ലോകേഷ് രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, രോഹിത് ശര്‍മ്മ, പാര്‍ത്ഥിവ് പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version