പാരീസ് ഒളിമ്പിക്സ്, ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും

പാരീസ് ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷയായ ഹോക്കിയിൽ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ബ്രിട്ടനെ നേരിടും. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാർ ആയി ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്ത്യ ഗ്രൂപ്പ് എയിൽ മൂന്നാം സ്ഥാനക്കാർ ആയ ബ്രിട്ടനെ ഒന്നാം ക്വാർട്ടർ ഫൈനലിൽ ആണ് നേരിടുക. നാളെ ഇന്ത്യൻ സമയം ഉച്ചക്ക് 1.30 നു ആണ് ഈ മത്സരം നടക്കുക.

ഇന്ത്യ ഹോക്കി

ക്വാർട്ടർ ഫൈനലിൽ ജയിക്കാൻ ആയാൽ സെമിഫൈനലിൽ ഇന്ത്യ അർജന്റീന, ജർമ്മനി മത്സരവിജയിയെ ആണ് നേരിടുക. മറ്റ് ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ സ്വർണ മെഡൽ ജേതാക്കൾ ആയ ബെൽജിയം സ്പെയിനിനെ നേരിടുമ്പോൾ കരുത്തരുടെ പോരാട്ടത്തിൽ ഓസ്‌ട്രേലിയ, ഹോളണ്ടിനെ നേരിടും. നാളെയാണ് എല്ലാ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നടക്കുക.

പൊരുതി, എങ്കിലും മനു ഭാകർ മൂന്നാം മെഡൽ എന്ന സ്വപ്നത്തിൽ എത്തിയില്ല!!

ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ പാരീസ് ഒളിമ്പിക്സിൽ 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തും . ഇന്ന് 25 മീറ്റർ പിസ്റ്റൾ റാപിഡിൽ ആണ് നിർഭാഗ്യം കാരണം മനു ഭാകറിന് മെഡൽ നഷ്ടമായത്. ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ മനു ഭാകറിന് ആയില്ല. ഇന്ന് ഫൈനലിൽ ആദ്യ സീരീസിൽ മനു ഭാകർ പിറകിൽ പോയി. എങ്കിലും അടുത്ത രണ്ട് സീസണിലും മികച്ച പ്രകടനം നടത്തി മനുഭാകർ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മനു ഭാകർ

നാലാം സീരീസിൽ മനു ഭാകർ പിറകോട്ട് പോയി.എന്നാൽ അടുത്ത സീരീസിൽ അഞ്ചിൽ അഞ്ചും നേടി മനു 18 പോയിന്റിൽ എത്തി. മൂന്നാം സ്ഥാനത്തേക്ക് കയറി. മനു 22 പോയിന്റുമായി അടുത്ത സീരീസിൽ രണ്ടാമത് എത്തി. അടുത്ത സീരീസിൽ 5-ൽ നാല് അടിച്ച് മനുഭാകർ ഒന്നാമതുള്ള യാങ് ജിനുമായി അടുത്തു.

അടുത്ത സീരീസിൽ മനു ഭാകറും എ വി മാജോറും മൂന്നാം സ്ഥാനത്തിനായി ഷൂട്ടൗട്ടിൽ എത്തി. അഞ്ചിൽ മൂന്നെണ്ണം മാത്രമെ മനു ഭാകറിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയുള്ളൂ. മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചരിത്രം നേട്ടമായ മൂന്ന് മെഡലിൽ എത്താൻ മനുവിനായില്ല.

നേരത്തെ യോഗ്യത റൗണ്ടിൽ 590 പോയിന്റുമായി മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യക്ക് ആയി പാരീസിൽ മെഡൽ നേടി നൽകിയിരുന്നു‌. .

ഒളിമ്പിക്സ് ഫുട്ബോൾ, അർജന്റീനയെ പുറത്താക്കി ഫ്രാൻസ് സെമി ഫൈനലിൽ

ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ അർജന്റീനയെ പുറത്താക്കി കൊണ്ട് ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസ് മറുപടിയില്ലാത്ത 1 ഗോളിന് ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെയാണ് ഫ്രാൻസിന്റെ ആദ്യ ഗോൾ വന്നത്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്നായിരുന്നു ഈ ഗോൾ. മറ്റേയുടെ ഒരു ഹെഡർ ആണ് ഫ്രാൻസിന് ലീഡ് നൽകിയത്. ഒലിസെ ആയിരുന്നു അസിസ്റ്റ് നൽകിയത്. ഈ ഗോളിന് മറുപടി നൽകാൻ അർജന്റീന ഏറെ ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. ആദ്യ പകുതിയിൽ അർജന്റീനയുടെ സിമിയോണിക്ക് ഒരു സുവർണ്ണ അവസരം ലഭിച്ചു. ലക്ഷെ താരത്തെ ഫ്രീ ഹെഡർ ടാർഗറ്റിൽ പോലും എത്തിയില്ല.

രണ്ടാം പകുതിയിൽ 86ആം മിനുട്ടിൽ ഒലിസെയിലൂടെ അർജന്റീന തങ്ങളുടെ രണ്ടാം ഗോൾ നേടി. വാർ പരിശോധനയിൽ ആ ഗോൾ നിഷേധിക്കപ്പെട്ടു. എങ്കിലും വിജയം ഫ്രാൻസിന് നിഷേധിക്കപ്പെട്ടില്ല.

ഈജിപ്തിനെ ആകും ഫ്രാൻസ് ഇനി സെമിയിൽ നേരിടുക. മറ്റൊരു സെമിയിൽ സ്പെയിനും മൊറോക്കോയും നേർക്കുനേർ വരും.

നീന്തൽ കുളത്തിൽ നിന്നു നാലാം ഒളിമ്പിക് സ്വർണം നീന്തിയെടുത്തു ലിയോൺ മാർചാന്ദ്

ഫ്രഞ്ച് മൈക്കിൾ ഫെൽപ്സ് എന്ന വിളിക്ക് നീതി പുലർത്തി സ്വന്തം നാട്ടിൽ നീന്തൽ കുളത്തിൽ നിന്നു നാലു സ്വർണം നീന്തിയെടുത്തു ലിയോൺ മാർചാന്ദ്. ഇന്ന് പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ സ്വർണം നേടിയ താരം ഇതിനകം തന്നെ 200 മീറ്റർ ബട്ടർ ഫ്ലെ, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്, 400 മീറ്റർ മെഡല ഇനങ്ങളിലും സ്വർണം നേടിയിട്ടുണ്ട്.

ഒളിമ്പിക് ചരിത്രത്തിൽ ഒരു ഒളിമ്പിക്സിൽ നാലു വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന വെറും മൂന്നാമത്തെ മാത്രം പുരുഷ താരമാണ് ലിയോൺ. സാക്ഷാൽ മൈക്കിൾ ഫെൽപ്സും മാർക്ക് സ്പിറ്റ്‌സും ആണ് ഇത് വരെ ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. നീന്തൽ കുളത്തിൽ അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ പ്രിയപ്പെട്ട താരമായിരിക്കുക ആണ് ഈ 22 കാരൻ.

10,000 മീറ്ററിൽ ഒളിമ്പിക് റെക്കോർഡ് തകർത്ത ജോഷുവ ചെപ്റ്റെഗെ

പാരീസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ ഒളിമ്പിക് റെക്കോർഡ് തകർത്തു സ്വർണ മെഡൽ നേടി ഉഗാണ്ടയുടെ ജോഷുവ ചെപ്റ്റെഗെ. ലോക ചാമ്പ്യൻ കൂടിയായ ചെപ്റ്റെഗെ അവസാന നിമിഷം നടത്തിയ കുതിപ്പിൽ ആണ് സ്വർണം സ്വന്തം പേരിലാക്കിയത്. 26 മിനിറ്റ് 43.14 സെക്കന്റ് സമയം കുറിച്ചാണ് താരം പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ചത്.

റേസിൽ മിക്ക സമയവും മുന്നിട്ട് നിന്ന എത്യോപ്യൻ താരം ബെരിഹു അരഗാവിയാണ് വെള്ളിമെഡൽ സ്വന്തമാക്കിയത്. അതേസമയം ടോക്കിയോ ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനം നേടിയ അമേരിക്കൻ താരം ഗ്രാന്റ് ഫിഷർ ആണ് വെങ്കലം നേടിയത്. 10,000 മീറ്ററിൽ തന്റെ സമഗ്രമായ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ് പാരീസിൽ ചെപ്റ്റെഗെ ചെയ്തത്.

ഒളിമ്പിക്സ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ജ്യോക്കോവിച്

പാരീസ് ഒളിമ്പിക്സിൽ പുരുഷ സിംഗിൾസ് ഫൈനലിലേക്ക് മുന്നേറി നൊവാക് ജ്യോക്കോവിച്. 37 വയസ്സും 74 ദിവസവും പ്രായമുള്ള ജ്യോക്കോവിച് ഇതോടെ ഒളിമ്പിക് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറി. ഫൈനലിൽ 21 കാരനായ കാർലോസ് അൽകാരസ് ആണ് സെർബിയൻ താരത്തിന്റെ എതിരാളി. അവിസ്മരണീയമായ കരിയറിൽ ഇത് വരെ ലഭിക്കാത്ത ഒളിമ്പിക് സ്വർണം എന്ന ലക്ഷ്യം ആയിരിക്കും ആദ്യ ഒളിമ്പിക് ഫൈനലിൽ ജ്യോക്കോവിച് ലക്ഷ്യം വെക്കുക.

സെമിഫൈനലിൽ ഇറ്റാലിയൻ താരം ലോറൻസോ മുസേറ്റിയെ ആണ് ജ്യോക്കോവിച് തോൽപ്പിച്ചത്. ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയെങ്കിലും ഇറ്റാലിയൻ താരം നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം സമ്മതിക്കുക ആയിരുന്നു. ആദ്യ സെറ്റ് 6-4 നു നേടിയ ജ്യോക്കോവിച് രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം നേടുകയും സെറ്റ് 6-2 നു നേടി ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. വെങ്കല മെഡൽ പോരാട്ടത്തിൽ മുസേറ്റി കനേഡിയൻ താരം ഫെലിക്സിനെ ആണ് നേരിടുക.

ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി അൽകാരസ്

പാരീസ് ഒളിമ്പിക്സ് പുരുഷ വിഭാഗം ടെന്നീസിൽ ഫൈനലിലേക്ക് മുന്നേറി കാർലോസ് അൽകാരസ് ഗാർഫിയ. ഇതോടെ ഒളിമ്പിക്സ് ടെന്നീസ് ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മാത്രം താരമായി അൽകാരസ്. 1904 ൽ 120 വർഷം മുമ്പ് റോബർട്ട് ലിറോയ്‌ മാത്രമാണ് 21 കാരനായ സ്പാനിഷ് താരത്തിലും കുറഞ്ഞ പ്രായത്തിൽ ഒളിമ്പിക് ഫൈനലിൽ എത്തിയ താരം.

സെമിഫൈനലിൽ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെയെ നേരിട്ടുള്ള സെറ്റുകൾക്ക് അക്ഷരാർത്ഥത്തിൽ അൽകാരസ് തകർക്കുക ആയിരുന്നു. ഇരു സെറ്റുകളിലും ആയി 2 ഗെയിം മാത്രമാണ് കനേഡിയൻ താരത്തിന് അൽകാരസ് നൽകിയത്. 6-1, 6-1 എന്ന സ്കോറിന് ആയിരുന്നു അൽകാരസിന്റെ ജയം. തന്റെ ആദ്യ ഒളിമ്പിക് മെഡൽ ഉറപ്പിച്ച അൽകാരസ് ഫൈനലിൽ സ്വർണം തന്നെയാവും ലക്ഷ്യം വെക്കുക.

ഇമാനെ ഖലീഫിന് പിന്തുണയും ആയി ഇന്ത്യയുടെ ദ്യുതി ചന്ദ് രംഗത്ത്

പാരീസ് ഒളിമ്പിക്സിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ആക്രമണം നേരിടുന്ന അൾജീരിയൻ താരം ഇമാനെ ഖലീഫിന് പിന്തുണയും ആയി ഇന്ത്യൻ അത്ലറ്റ് ദ്യുതി ചന്ദ് രംഗത്ത് എത്തി. 2014 ൽ തനിക്ക് എതിരെ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി testosterone അധികമാണ് എന്ന കാരണം കൊണ്ട് വിലക്ക് ഏർപ്പെത്തിയപ്പോൾ താൻ സ്വിസ് കായിക കോടതിയിൽ പോയ കാര്യം ഓർത്തെടുത്ത ദ്യുതി അന്ന് കോടതി testosterone അധികമാണ് എന്നത് കൊണ്ട് കായിക ശേഷി കൂടില്ല എന്ന വിധിയാണ് പറഞ്ഞത് എന്നു ഓർമ്മിപ്പിച്ചു.

താൻ തന്റെ ജെൻഡറിന്റെ കാര്യത്തിൽ ഒരുപാട് വിവാദങ്ങൾ നേരിട്ടത് ആണെന്ന് പറഞ്ഞ ദ്യുതി ഇമാനെക്ക് testosterone കൂടുതൽ ആണെന്ന് പറഞ്ഞു ഇറ്റാലിയൻ താരം പിന്മാറിയ നടപടി ശരിയല്ല എന്നും പറഞ്ഞു. നിരവധി പരിശോധനകൾക്ക് വിധേയമായി ആണ് കായിക താരങ്ങൾ ഒളിമ്പിക്സ് പോലൊരു വേദിയിൽ എത്തുന്നത് എന്നതിനാൽ ഇറ്റാലിയൻ താരം ഇത്തരം ഒരു വിവാദം ഉണ്ടാക്കിയത് അനാവശ്യമാണ് എന്നാണ് മുൻ ഒളിമ്പിക് സ്പ്രിന്റർ പറഞ്ഞത്. നേരത്തെ ഈ വിഷയത്തിൽ ദ്യുതിക്ക് എതിരെയും മറ്റൊരു ഇന്ത്യൻ അത്ലറ്റ് ആയ ശാന്തി സൗന്ദരരാജനും എതിരെയും പല നടപടികളും ഉണ്ടായിരുന്നു.

ഇമാനെ ഖലീഫിനോട് മാപ്പ് പറഞ്ഞു ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കരീനി

പാരീസ് ഒളിമ്പിക്സിൽ തന്നെ തോൽപ്പിച്ച ഇമാനെ ഖലീഫിനോട് താൻ നടത്തിയ മോശം പെരുമാറ്റത്തിനു താരത്തോട് മാപ്പ് പറഞ്ഞു ഇറ്റാലിയൻ ബോക്‌സർ ആഞ്ചല കരീനി. 46 സെക്കന്റുകൾക്ക് ഉള്ളിൽ മത്സരത്തിൽ നിന്നു പിന്മാറിയ കരീനി ഇമാനെക്ക് കൈ കൊടുക്കാൻ അടക്കം വിസമ്മതിച്ചിരുന്നു. തുടർന്ന് താരം നടത്തിയ പരാമർശങ്ങൾക്ക് ശേഷം രൂക്ഷമായ സോഷ്യൽ മീഡിയ ആക്രമണം ആണ് ഇമാനെ നേരിട്ടത്. നിലവിലെ വിവാദങ്ങൾ തന്നെ വേദനിപ്പിക്കുന്നത് ആയി പറഞ്ഞ ഇറ്റാലിയൻ താരം തന്റെ എതിരാളിയോട് മാപ്പ് പറയുന്നത് ആയും പറഞ്ഞു.

ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം ഉണ്ടായത്. ഒളിമ്പിക് അസോസിയേഷൻ തീരുമാനം താൻ അംഗീകരിക്കുന്നത് ആയി പറഞ്ഞ കരീനി ഇമാനെ മത്സര ശേഷം അവഗണിച്ചതിൽ ദുഃഖം രേഖപ്പെടുത്തി. താൻ അപ്പോഴത്തെ ദേഷ്യത്തിൽ ആണ് ഇമാനെക്ക് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചത് എന്നു പറഞ്ഞ ഇറ്റാലിയൻ ബോക്‌സർ ഇമാനെയോടും എല്ലാവരോടും താൻ മാപ്പ് പറയുകയാണ് എന്നും കൂട്ടിച്ചേർത്തു. ഇനി ഒരിക്കൽ താൻ ഇമാനെയെ കാണുക ആണെങ്കിൽ താൻ അൾജീരിയൻ ബോക്സറെ കെട്ടിപിടിക്കും എന്നും കരീനി കൂട്ടിച്ചേർത്തു.

ചരിത്രം കുറിച്ച് ലക്ഷ്യ സെൻ!! ഒളിമ്പിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ചരിത്രം കുറിച്ചു. ഇന്ന് ക്വാർട്ടർ ഫൈനലിൽ തായ്പെയ് താരം ചൗവിനെ തോൽപ്പിച്ച് കൊണ്ട് സെമിയിൽ എത്തി. ഒളിംപിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമായി ലക്ഷ്യ സെൻ ഇതോടെ മാറി. 19-21, 21-15, 21-12 എന്ന സ്കോറിനായിരുന്നു വിജയം.

ഇന്ന് ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ നാലു പോയിന്റിന് പിറകിൽ ആയിരുന്ന ലക്ഷ്യസെൻ ശക്തമായി തിരിച്ചുവന്നു. പക്ഷെ അവസാനം 21-19ന് ചൗ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഇരുവരും ഒപ്പത്തിനൊപ്പം ആണ് നീങ്ങിയത്. സെറ്റിലെ ഇടവേളയ്ക്ക് ശേഷം ലക്ഷ്യ മുന്നോട്ട് നീങ്ങി. 21-15ന് ലക്ഷ്യ സെൻ ഗെയിം സ്വന്തമാക്കി. കളി ഡിസൈഡറിലേക്ക് നീങ്ങി.

മൂന്നാം ഗെയിമിൽ ആധിപത്യം തുടക്കത്തിൽ തന്നെ നേടാൻ ലക്ഷ്യ സെന്നിനായി.

അമ്പെയ്ത്തിൽ മെഡൽ നേടാനായില്ല, എങ്കിലും അഭിമാനകരമായ പോരാട്ടം കാഴ്ചവെച്ച് ഇന്ത്യ

പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിന്റെ മിക്സഡ് ടീം ഇവന്റിൽ ഇന്ത്യൻ സഖ്യം ആയ അങ്കിത-ധീരജ് സഖ്യത്തിന് നിരാശ. അമേരിക്കയ്ക്ക് എതിരായ വെങ്കല മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. 6-2 എന്ന സ്കോറിന് വിജയിച്ചാണ് അമേരിക്ക മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായി അമ്പെയ്ത്തിൽ മെഡൽ നേടാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

അമേരിക്കയ്ക്ക് എതിരായ വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ആദ്യ സെറ്റ് 38-37ന് പരാജയപ്പെട്ടു. രണ്ടാം സെറ്റ് 37-35നും അമേരിക്ക വിജയിച്ചു. രണ്ടാം സെറ്റിൽ ശക്തമായി ഇന്ത്യൻ സഖ്യം തിരികെ വന്നു. 38-33ന് സെറ്റ് സ്വന്തമാക്കി. സ്കോർ 2-4 എന്നായി. അവസാന സെറ്റിൽ പക്ഷെ ഈ പ്രകടനം തുടരാൻ ഇന്ത്യക്ക് ആയില്ല. 6-2ന് അമേരിക്ക ജയിച്ച് മെഡൽ ഉറപ്പിച്ചു.

നേരത്തെ സെമിയിൽ കൊറിയൻ സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കല മാച്ചിലേക്ക് വന്നത്. അങ്കിത ഭകത് – ധീരജ് ബൊമ്മദേവര കൂട്ടുകെട്ട് ഈ മെഡൽ നേട്ടത്തോടെ പുതിയ ചരിത്രം കുറിച്ചു. ക്വാർട്ടറിൽ ഇന്ന് സ്പെയിനിനെതിരെ 5-3 വിജയത്തോടെയാണ് ഇവര്‍ സെമിയിൽ കടന്നത്. നേരത്തെ ഇന്തോനേഷ്യയ്ക്കെതിരെ 5-1ന്റെ വിജയവും അവർ നേടിയിരുന്നു.

ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ നാലാം മെഡൽ ആണിത്. നേരത്തെ ഷൂട്ടിംഗിൽ ഇന്ത്യ മൂന്ന് മെഡൽ നേടിയിരുന്നു. കഴിഞ്ഞ ഒളിമ്പിക്സിലെ 7 മെഡൽ എന്ന നേട്ടത്തിലേക്ക് ഇന്ത്യ ഇപ്പോൾ അടുക്കുകയാണ്.

ഇത്രക്ക് വെറുപ്പ് നേടാൻ ഇമാനെ ഖലീഫ് ചെയ്ത തെറ്റ് എന്താണ്?വ്യാജവാർത്തയുടെ വാസ്തവം എന്ത്?

നിലവിൽ കായിക ലോകവും ആഗോള തലത്തിൽ രാഷ്ട്രീയപരമായും വലിയ ചൂട് പിടിച്ച ചർച്ചയായ വിഷയമാണ് ഇന്നലെ പാരീസ് ഒളിമ്പിക്സിൽ അൾജീരിയയുടെ ഇമാനെ ഖലീഫ്, ഇറ്റലിയുടെ ആഞ്ചല കരീനി എന്നിവർ തമ്മിലുള്ള 66 കിലോഗ്രാം വെൽട്ടർവെയിറ്റ് ബോക്സിങ് മത്സരം. മത്സരത്തിൽ 46 സെക്കന്റുകൾക്ക് ഉള്ളിൽ ഇറ്റാലിയൻ താരം മത്സരത്തിൽ നിന്നു പരാജയം സമ്മതിച്ചു പിന്മാറുക ആയിരുന്നു. അതിനു ശേഷം ഇമാനെക്ക് കൈ കൊടുക്കാൻ പോലും തയ്യാറാവാത്ത ആഞ്ചല റഫറിയോട് കയർക്കുന്നതും അതി വൈകാരികമായി കരഞ്ഞു കൊണ്ട് പോവുന്നതും കണ്ടു. തുടർന്ന് മത്സര ശേഷം താൻ മത്സരിച്ചത് ഒരു പുരുഷന് എതിരെ ആണെന്ന തരത്തിൽ പ്രതികരണം നടത്തിയ ആഞ്ചല തനിക്ക് എതിരെ ഒളിമ്പിക് കമ്മിറ്റി അനീതിയാണ് എന്നും പറഞ്ഞു. ഇതിനു ശേഷം വിഷയം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചൂട് പിടിച്ച ചർച്ചക്ക് ആണ് വഴി വെച്ചത്. ഇമാനെക്ക് എതിരെയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് എതിരെയും രൂക്ഷമായ പ്രതികരണങ്ങൾ ഉണ്ടായപ്പോൾ ഇറ്റാലിയൻ താരത്തെ പിന്തുണച്ചു സാക്ഷാൽ ഇറ്റാലിയൻ പ്രധാനമന്ത്രിയും, ട്വിറ്റർ ഉടമ എലോൺ മസ്ക്, ഹാരി പോട്ടർ എഴുത്തുകാരി ജെ.കെ റോളിംഗ് തുടങ്ങിയവരും എത്തി.

ഒരു പുരുഷന് എതിരെ സ്ത്രീയെ മത്സരിക്കാൻ ഇറക്കിയ ഒളിമ്പിക് കമ്മിറ്റിയുടെ വോക്ക് രാഷ്ട്രീയത്തിനു വിമർശനം എന്ന പേരിൽ ഒരുപാട് പേർ ട്രാൻസ് വിഭാഗത്തിന് എതിരെ അടക്കം കടുത്ത വെറുപ്പ് ആണ് സാമൂഹിക മാധ്യമങ്ങളിൽ ചൊറിഞ്ഞത്. എന്നാൽ എന്താണ് വാസ്തവം എന്നു തിരക്കാൻ ഈ കയറു പൊട്ടിച്ച ആളുകൾ ഒന്നും തയ്യാറായില്ല എന്നത് ആയിരുന്നു വാസ്തവം. അതിനാൽ തന്നെ ഇതിന്റെ വാസ്തവം നമുക്ക് ഇവിടെ പരിശോധിക്കാം. ഇമാനെ ഖലീഫ് ഒരു പുരുഷൻ ആണ് അല്ല ട്രാൻസ് സ്ത്രീ ആണ് എന്ന വിമർശനം ആണ് ചിലർ ഉയർത്തിയത്. എന്നാൽ 1999 ൽ ഒരു സ്ത്രീയായി ജനിച്ച ഇമാനെ എങ്ങനെയാണ് പുരുഷൻ ആയത് എന്നു ഇവർ ആരും ഉത്തരം പറഞ്ഞില്ല. ലിംഗ മാറ്റം നിരോധിച്ച, ട്രാൻസ് ജനങ്ങൾക്ക് എതിരെ വരെ ക്രൂരമായ മത നിയമങ്ങൾ ഉള്ള ഒരു ഇസ്‌ലാമിക രാജ്യമായ അൾജീരിയയിൽ എങ്ങനെയാണ് ഇമാനെ പുരുഷൻ ആവുക എന്ന ചോദ്യത്തിന് ആണെങ്കിൽ ഇവർക്ക് ഉത്തരവും ഇല്ല. അതിനാൽ തന്നെ എന്താണ് ഇവിടെ വിഷയം എന്നു നോക്കാം.

2018 ൽ കരിയർ ആരംഭിച്ച ഇമാനെ ലോക ചാമ്പ്യൻഷിപ്പിൽ പരാജയത്തോടെയാണ് തന്റെ അന്താരാഷ്ട്ര കരിയർ തുടങ്ങുന്നത്. തുടർന്ന് 2020 ടോക്കിയോ ഒളിമ്പിക്സിൽ ആദ്യ റൗണ്ടിൽ ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ പുറത്തായി കൊണ്ടാണ് താരം തന്റെ ഒളിമ്പിക് അരങ്ങേറ്റം നടത്തുന്നത് പോലും. 2022 പക്ഷെ ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തിയ ഇമാനെ ആദ്യമായി ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്ന അൾജീരിയൻ വനിത താരമായി. എന്നാൽ ഫൈനലിൽ ഐറിഷ് ബോക്‌സർ ഏമി ബ്രോഡ്ഹസ്റ്റിനോട് ഇമാനെ ഫൈനലിൽ പരാജയപ്പെട്ടു. എന്നാൽ 2023 ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തിയ ഇമാനെയെ ഫൈനലിന് മണിക്കൂറുകൾക്ക് മുമ്പ് അയോഗ്യ ആക്കുന്നതോടെയാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇമാനെയെയും തായ്‌വാൻ താരം ലിൻ യു ടിങിനെയും അന്ന് ഇന്റർനാഷണൽ ബോക്സിങ് അസോസിയേഷൻ(IBA) വിലക്കുക ആയിരുന്നു.

ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ കണ്ടെത്തിയത് ആണ് വിലക്കിനു കാരണം എന്നായിരുന്നു IBA പ്രസിഡന്റ് ഉമർ ക്രമ്ലേവ് പറഞ്ഞത്. എന്നാൽ ഇവരുടെ ശരീരത്തിൽ XY ക്രോമസോമുകൾ ഉള്ളതിനോ, പുരുഷ ഹോർമോൺ ആയി അറിയപ്പെടുന്ന testosterone ന്റെ അളവ് കൂടുതൽ ആണ് എന്നതിനോ ഉള്ള തെളിവുകൾ IBA പുറത്ത് വിട്ടില്ല എന്ന വിമർശനം അന്ന് തന്നെ ഉയർന്നിരുന്നു. അതേസമയം എത്ര ചോദിച്ചിട്ടും ഇവരിൽ എന്ത് പരിശോധന ആണ് നടത്തിയത് എന്ന കാര്യം പുറത്തു വിടാൻ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷൻ തയ്യാറായില്ല. ഇത് രഹസ്യമായ പരിശോധനയാണ് എന്ന നിലപാട് ആയിരുന്നു IBA ക്ക് ഉണ്ടായിരുന്നത്. എന്നാൽ ചില സ്ത്രീകളിൽ XY ക്രോമസോമുകൾ ഉള്ളത് കൊണ്ട് അവർ സ്ത്രീ അല്ലാതെയാവുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാനോ അവർക്ക് മറ്റ് താരങ്ങൾക്ക് മേൽ കൂടുതൽ ആനുകൂല്യം ലഭിക്കും എന്ന വാദത്തിനു വലിയ തെളിവ് നിരത്താനോ തയ്യാറാവാത്ത IBA എന്ത് പരിശോധന ആണ് ഇവർക്ക് മേൽ നടത്തിയത് എന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ(IOC) ചോദ്യത്തിനോ ഉത്തരം നൽകിയില്ല.

നേരത്തെ തന്നെ കടുത്ത അഴിമതിക്കും കെടുകാര്യസ്ഥതക്കും പേരുകേട്ട IBA യെ കഴിഞ്ഞ 2 ഒളിമ്പിക്സുകളിൽ വിലക്കിയ IOC 2023 ൽ അവരുടെ വിലക്ക് പിൻവലിച്ചെങ്കിലും ഈ ഒളിമ്പിക്സിൽ ഒളിമ്പിക് കമ്മിറ്റിയുടെ പാരീസ് ബോക്സിങ് യൂണിറ്റ് ആണ് ഇത്തവണയും ബോക്സിങ് നടത്തിയത്. അതിനാൽ തന്നെ IBA നിയമം പാലിക്കാത്ത IOC ഈ താരങ്ങളെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ അനുമതി നൽകുക ആയിരുന്നു. തുടർന്ന് ആദ്യ റൗണ്ടിൽ 66 കിലോഗ്രാം വെൽട്ടർവെയിറ്റ് വിഭാഗത്തിൽ രണ്ടാം റൗണ്ട് മത്സരത്തിലെ ഇറ്റാലിയൻ താരത്തിന്റെ പിന്മാറ്റത്തിലൂടെയാണ് ഇത്തരത്തിൽ വലിയ വിവാദം നേരിടുന്നത്. സാധാരണ ലൈറ്റ് വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കുന്ന ആഞ്ചല കരീനി വെൽട്ടർവെയിറ്റ് വിഭാഗത്തിൽ മത്സരിക്കേണ്ടി വന്ന നിരാശയും പരാജയം സമ്മതിച്ചു വിവാദം ഉണ്ടാക്കാൻ ആയി വന്ന കായിക താരത്തിന് ചേരാത്ത മനോഭാവവും ഈ വിവാദം വലുതാവാൻ കാരണമായി എന്നത് ആണ് വാസ്തവം. അതിനു പുറമെ ട്രാൻസ് കമ്മ്യൂണിറ്റിക്ക് എതിരെ വെറുപ്പ് പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ഉപയോഗിക്കുന്ന വലിയ വിഭാഗം ആളുകളും ഈ വിവാദം കത്തിക്കാൻ കാരണമായി.

എന്ത് പരിശോധന ആണ് ഇമാനെയിൽ നടത്തിയത് എന്നു പറയാത്ത IBA ആവട്ടെ വിഷയത്തിൽ താരത്തെ ചെന്നായ കൂട്ടത്തിനു ഇട്ട് കൊടുത്ത പോലെയും പ്രവർത്തിച്ചു. തുടർന്ന് താരത്തിന് പിന്തുണയും ആയി എത്തിയ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി എല്ലാ പരിശോധനക്ക് വിധേയമായ മത്സരിക്കാൻ പൂർണ യോഗ്യതയുള്ള ആളാണ് ഇമാനെ എന്നും IBA യുടെ മനോഭാവം മോശമാണ് എന്നും വ്യക്തമാക്കി. നിലവിൽ ഇമാനെയെ പിന്തുണച്ചു നിരവധി താരങ്ങൾ ആണ് രംഗത്ത് വന്നത്. അതേസമയം ചിലർ വിമർശിച്ചും രംഗത്ത് എത്തി. ഇമാനെ ഇങ്ങനെയാണ് ജനിച്ചത് എന്നത് കൊണ്ട് തന്നെ താരം ചെയ്തത് തെറ്റ് അല്ല എന്നാണ് ഇമാനെയെ ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽപ്പിച്ച ഏമി ബ്രോഡ്ഹസ്റ്റ് അഭിപ്രായപ്പെട്ടത്. ഇമാനെക്ക് മറ്റുതാരങ്ങൾക്ക് മേൽ വലിയ ആധിപത്യം ഉണ്ടായിരുന്നു എങ്കിൽ താരം എങ്ങനെയാണ് മുമ്പ് 9 സ്ത്രീ ബോക്‌സർമാരും ആയി പരാജയപ്പെട്ടത് എന്നും ഏമി ചോദിച്ചു. ചെറുപ്പത്തിൽ ഫുട്‌ബോൾ കളിച്ചു തുടങ്ങി പിന്നീട് ബോക്സിങ് റിംഗിലേക്ക് മാറിയ ഇമാനെ ചെറുപ്പത്തിൽ പെൺകുട്ടികൾ ബോക്സിങ് ചെയ്യരുത് എന്ന അച്ഛന്റെ വിലക്ക് അതിജീവിച്ചു ആണ് ഒരു ബോക്‌സർ ആയി വളർന്നു വന്നത്. പരിശീലനത്തിന് പോവാനുള്ള ബസ് കൂലിക്ക് ആയി ഇരുമ്പ് കഷ്ണങ്ങൾ വിറ്റു പണം ഉണ്ടാക്കിയ ചരിത്രവും താരത്തിന് ഉണ്ട്.

ജനിച്ചപ്പോൾ ഉണ്ടായ ജനിതകമായ പ്രത്യേകതകൾ അത് എല്ലാവരെപ്പോലെയും അല്ല എന്നത് കൊണ്ട് ഒരാൾ ഒരു കായിക ഇനത്തിൽ നിന്നു മാറ്റി നിർത്തുന്നത് എങ്ങനെയാണ് എന്നത് ആണ് ഇവിടെ പ്രസക്തമാവുന്ന ചോദ്യം. അവർക്ക് മറ്റു സ്ത്രീകളെക്കാൾ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നത് പരിശോധനയിൽ കുറ്റമറ്റ രീതിയിൽ തെളിയിക്കാത്ത സമയത്ത് പിന്നെ അവരെ കളിപ്പിക്കാതെ മാറ്റി നിർത്തുന്നതും അവരെ ഇങ്ങനെ അക്രമിക്കുന്നതും ആണ് ഏറ്റവും വലിയ ക്രൂരത. അതിനാൽ തന്നെ നിങ്ങൾ വ്യക്തമായി അവർക്ക് ശാരീരികമായി ആനുകൂല്യങ്ങൾ ലഭിക്കുന്നു എന്നു തെളിയിക്കുന്നത് വരെ ജനിതകമായി ജനിച്ച അന്ന് മുതൽ സ്ത്രീയായ, സ്ത്രീ ആയി ജീവിക്കുന്ന ഏതൊരാൾക്കും സ്ത്രീകളുടെ കായിക ഇനത്തിൽ പങ്കെടുക്കാൻ വ്യക്തമായ സ്വാതന്ത്ര്യം ഉണ്ട് അത് അൾജീരിയയുടെ ഇമാനെ ഖലീഫിന് ആവട്ടെ ഇന്ത്യയുടെ പി.ടി ഉഷ ആവട്ടെ, ദ്യുതി ചന്ദ് ആവട്ടെ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമെന്യ ആവട്ടെ അമേരിക്കയുടെ സെറീന വില്യംസ് ആവട്ടെ. നിലവിൽ ഹംഗറിയുടെ ലുക ഹമോറിയെ ഓഗസ്റ്റ് 3 നു ക്വാർട്ടർ ഫൈനലിൽ നേരിടാൻ ഒരുങ്ങുന്ന ഇമാനെക്ക് തനിക്ക് നേരെ വരുന്ന ഈ ഭീകര സോഷ്യൽ മീഡിയ ആക്രമണം അതിജീവിക്കാൻ ആവുമോ എന്നു കണ്ടു തന്നെ അറിയാം.

പിൻകുറിപ്പ് : പാരീസ് ഒളിമ്പിക്സിൽ ലോകം മൊത്തം ഇമാനെ ഖലീഫ് ചർച്ച ആവുമ്പോൾ തന്നെയാണ് 12 വയസ്സുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച ഡച്ച് ബീച്ച് വോളിബോൾ താരം സ്റ്റീവൻ വാൻ ഡെ വെൽഡെ അത്രവലിയ വലിയ ശിക്ഷയോ വിമർശനമോ വെറുപ്പോ പോലും ലഭിക്കാതെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് എന്നത് ആണ് ഇതിന്റെ ഏറ്റവും വലിയ വിരോധാഭാസം.

Exit mobile version