ശ്രീജേഷ് ഹീറോ!! 10 പേരുമായി പൊരുതി ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിൽ

പാരീസിൽ സെമി ഫൈനൽ ഉറപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം. പാരീസ് ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രിട്ടണെ നേരിട്ട ഇന്ത്യ ഷൂട്ടൗട്ടിലൂടെ 4-2 എന്ന സ്കോറിനാണ് ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്ന് ഒരു ചുവപ്പ് കാർഡ് കിട്ടിയതിനാൽ മൂന്ന് ക്വാർട്ടറോളം ഇന്ത്യ 10 പേരുമായാണ് കളിക്കേണ്ടി വന്നത്. മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം.

ഹോക്കി ഇന്ത്യ

ഇന്ന് ബ്രിട്ടണ് എതിരെ ഇന്ത്യ ഡിഫൻസീവ് മോഡിലാണ് മത്സരം ആരംഭിച്ചത്. ആദ്യ ക്വാർട്ടറിൽ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യക്ക് കിട്ടിയ മൂന്ന് പെനാൾട്ടി കോർണറുകൾ മുതലെടുക്കാൻ ഇന്ത്യക്ക് ആയില്ല. സ്കോർ ഗോൾ രഹിതമായി തുടർന്നു‌.

രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ താരം രോഹിദാസ് ചുവപ്പ് കാർഡ് കണ്ടതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. എന്നാലും ഇന്ത്യ പതറിയില്ല. പെനാൾട്ടി കോർണറിലൂടെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യക്ക് ലീഡ് നൽകി. അദ്ദേഹത്തിന്റെ ഈ ഒളിമ്പിക്സിലെ ഏഴാം ഗോളായിരുന്നു ഇത്‌.

രോഹിദാസിന് റെഡ് കാർഡ് ലഭിച്ച ഫൗൾ

പക്ഷെ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. ലീ മോർടണിലൂടെ ബ്രിട്ടൺ സമനില കണ്ടെത്തി. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 1-1. മൂന്നാം ക്വാർട്ടറിൽ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയെ സമനിലയിൽ നിർത്തി. അവസാന ക്വാർട്ടറിൽ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ശ്രീജേഷിന്റെ വൻ സേവ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി.

കളി ഷൂട്ടോഫിൽ എത്തിക്കാൻ ഇന്ത്യക്ക് ആയി. ബ്രിട്ടന്റെ ആദ്യ രണ്ട് കിക്കുകളും അവർ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്ത്യക്ക് ആയി ഹർമൻപ്രീതും സുഭ്ജീതും ലക്ഷ്യം കണ്ടു. സ്കോർ 2-2. ബ്രിട്ടൺ അവരുടെ മൂന്നാം കിക്ക് നഷ്ടപ്പെടുത്തി. ലലിത് ഇന്ത്യയുടെ മൂന്നാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു‌. ഇന്ത്യ 3-2ന് മുന്നിൽ. ബ്രിട്ടന്റെ നാലാം കിക്കും ശ്രീജേഷ് തടഞ്ഞു. അടുത്ത കിക്ക് ലക്ഷ്യത്തിൽ. ഇന്ത്യ സെമി ഫൈനലിൽ.

ഇന്ത്യയുടെ പരുൾ ചൗധരി ഫൈനൽ കാണാതെ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൽ ഇന്ത്യയുടെ പരുൾ ചൗധരി ഫൈനൽ കാണാതെ പുറത്ത്. ആദ്യ ഹീറ്റ്സിൽ ഒട്ടിയ ഇന്ത്യൻ താരത്തിന് 12 പേരിൽ എട്ടാം സ്ഥാനക്കാരി ആവാൻ മാത്രമെ സാധിച്ചുള്ളൂ.

Parul Chaudhary

സീസണിലെ ഏറ്റവും മികച്ച സമയം ആയ 9 മിനിറ്റ് 23.39 സെക്കന്റ് എന്ന സമയം ആണ് പാരീസിൽ ഇന്ത്യൻ താരം കുറിച്ചത്. എന്നിട്ടും അത് മുന്നോട്ട് പോവാൻ ഇന്ത്യൻ ദേശീയ ചാമ്പ്യനെ സഹായിച്ചില്ല. നിലവിൽ ഇത് വരെ അത്ലറ്റിക്സിൽ പറയത്തക്ക നേട്ടം ഉണ്ടാക്കാൻ ഇന്ത്യൻ ടീമിന് ആയിട്ടില്ല.

ഫ്രാൻസിനെ പുറത്താക്കി ബ്രസീൽ വനിതകൾ ഒളിമ്പിക്സ് സെമിഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഫുട്‌ബോൾ സെമിഫൈനലിലേക്ക് മുന്നേറി ബ്രസീൽ വനിതകൾ. സ്വന്തം നാട്ടിൽ സ്വർണം നേടാൻ ഇറങ്ങിയ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആണ് ബ്രസീൽ അവസാന നാലിൽ സ്ഥാനം പിടിച്ചത്. ഫ്രഞ്ച് ആധിപത്യം കണ്ട മത്സരത്തിൽ 18 മിനിറ്റിൽ ഫ്രാൻസിന് ലഭിച്ച പെനാൽട്ടി രക്ഷിച്ച ലോറനെയാണ് ബ്രസീലിന്റെ രക്ഷക ആയത്. മത്സരത്തിൽ മികച്ച സേവുകൾ നടത്തിയ ലോറനെ സകീനയുടെ പെനാൽട്ടിയും രക്ഷിക്കുക ആയിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 82 മിനിറ്റിൽ അഡ്രിയാനയുടെ പാസിൽ നിന്നു ഗാബി പോർട്ടിൽഹോ നേടിയ ഗോൾ ആണ് ബ്രസീലിനു ജയം സമ്മാനിച്ചത്. സെമിയിൽ ലോക ജേതാക്കൾ ആയ സ്‌പെയിൻ ആണ് ബ്രസീലിന്റെ എതിരാളികൾ. കൊളംബിയയോട് 2-2 നു സമനില വഴങ്ങിയ സ്‌പെയിൻ പെനാൽട്ടി ഷൂട്ട് ഔട്ടിൽ 4-2 എന്ന സ്കോറിന് ആണ് ജയിച്ചത്. മത്സരത്തിൽ 79 മിനിറ്റ് വരെ മായ്ര റാമിറസിന്റെയും ലെയ്സി സാന്റോസിന്റെയും ഗോളിൽ പിന്നിട്ടു നിന്ന സ്‌പെയിൻ ജെന്നി ഹെർമോസയുടെയും 97 മിനിറ്റിൽ ഇരിനെ പരഡസിന്റെയും ഗോളിൽ ആണ് മത്സരത്തിൽ സമനില പിടിച്ചത്.

Trinity Rodman

മുൻ ലോക ചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിൽ അമേരിക്കൻ വനിതകൾ ജപ്പാൻ വനിതകളെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു സെമിഫൈനലിൽ പ്രവേശിച്ചു. പന്ത് കൈവശം വെക്കുന്നതിൽ വലിയ ആധിപത്യം അമേരിക്ക കാണിച്ചു എങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യത പാലിച്ചു. ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം എക്സ്ട്രാ സമയത്ത് ആണ് അമേരിക്ക മത്സരത്തിലെ വിജയ ഗോൾ നേടിയത്. എക്സ്ട്രാ സമയത്തെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ക്രിസ്റ്റൽ ഡനിന്റെ പാസിൽ നിന്നു ട്രിനിറ്റി റോഡ്മാൻ ആണ് അമേരിക്കൻ വിജയഗോൾ നേടിയത്. സെമിഫൈനലിൽ ജർമ്മൻ വനിതകൾ ആണ് അമേരിക്കയുടെ എതിരാളികൾ. ചാരപ്രവർത്തന വിവാദത്തിൽ പെട്ട നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കൾ ആയ കനേഡിയൻ വനിതകളെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ജർമ്മനി തോൽപ്പിച്ചത്. ഗോൾ രഹിതമായ 120 മിനിറ്റുകൾക്ക് ശേഷം 4-2 എന്ന സ്കോറിന് ആയിരുന്നു ജർമ്മൻ ടീമിന്റെ ജയം.

നീന്തൽ കുളത്തിൽ ലോക റെക്കോർഡ് കുറിച്ചു സ്വർണം നേടി അമേരിക്കൻ മിക്‌സഡ് റിലെ ടീം

പാരീസ് ഒളിമ്പിക്സിൽ നീന്തൽ കുളത്തിൽ ലോക റെക്കോർഡ് കുറിച്ചു സ്വർണം നേടി അമേരിക്കൻ മിക്‌സഡ് റിലെ ടീം. മിക്‌സഡ് 4×100 മീറ്റർ മെഡലെ റിലെയിൽ ആണ് റയാൻ മർഫി, നിക് ഫിങ്ക്, ഗ്രചൻ വാൽഷ്, ടോറി ഹസ്ക് എന്നിവർ അടങ്ങിയ ടീം ലോക റെക്കോർഡ് ആയ 3 മിനിറ്റ് 37.43 സെക്കന്റ് എന്ന സമയം കുറിച്ചത്. കടുത്ത പോരാട്ടം ആണ് 3 മിനിറ്റ് 37.55 സെക്കന്റ് സമയം കുറിച്ചു വെള്ളി മെഡൽ നേടിയ ചൈനയിൽ നിന്നു അമേരിക്ക നേരിട്ടത്. 3 മിനിറ്റ് 38.76 സെക്കന്റ് സമയം കുറിച്ച ഓസ്‌ട്രേലിയ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.

Summer McIntosh
Kristóf Milák

വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡലയിൽ കാനഡയുടെ സമ്മർ മക്ലന്തോഷ് സ്വർണം നേടി. 2 മിനിറ്റ് 06.56 സെക്കന്റ് എന്ന ഒളിമ്പിക് റെക്കോർഡ് സമയം ആണ് 17 കാരിയായ സമ്മർ കുറിച്ചത്. ഒരു ഒളിമ്പിക്സിൽ 3 സ്വർണം നേടുന്ന ആദ്യ കനേഡിയൻ താരമായും സമ്മർ മാറി. ഈ ഇനത്തിൽ അമേരിക്കയുടെ കേറ്റ് ഡഗ്ലസ് വെള്ളി മെഡൽ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം കെയ്ലീ മക്നിയോൺ വെങ്കല മെഡലും നേടി. അതേസമയം 100 മീറ്റർ ബട്ടർഫ്ലെയിൽ ഹംഗേറിയൻ താരം ക്രിസ്റ്റോഫ്‌ മിലാക് സ്വർണം നേടി. 49.90 സെക്കന്റ് എന്ന സമയത്തിൽ ആണ് നീന്തൽ പൂർത്തിയാക്കിയത്. കനേഡിയൻ താരങ്ങൾ ആയ ജോഷുവ ലിയെന്റോ ഈ ഇനത്തിൽ വെള്ളിയും ഇല്യ ഖറും വെങ്കല മെഡലും നേടി.

ട്രിപ്പിൾ ജംപ് സ്വർണം നേടി ഡൊമിനികക്ക് ആദ്യ ഒളിമ്പിക് മെഡൽ സമ്മാനിച്ചു തിയ ലഫോണ്ട്

പാരീസ് ഒളിമ്പിക്സിൽ വനിത ട്രിപ്പിൾ ജംപ് സ്വർണം നേടി ഡൊമിനികക്ക് ആദ്യ ഒളിമ്പിക് മെഡൽ സമ്മാനിച്ചു തിയ ലഫോണ്ട്. ട്രിപ്പിൾ ജംപിൽ തന്റെ രണ്ടാം ശ്രമത്തിൽ 15.02 മീറ്റർ ചാടിയാണ് 30 കാരിയായ തിയ ലഫോണ്ട് ഡൊമിനികക്ക് ചരിത്ര ഒളിമ്പിക് സ്വർണം നേടി നൽകിയത്. 14.87 മീറ്റർ ചാടിയ ജമൈക്കൻ താരം ഷനെയിക റിക്കറ്റ്സ് ആണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. അതേസമയം 14.67 മീറ്റർ ചാടിയ അമേരിക്കയുടെ ജാസ്മിൻ മൂർ ആണ് ട്രിപ്പിൾ ജംപിൽ വെങ്കല മെഡലും നേടി.

പുരുഷന്മാരുടെ ഡികാതലോണിൽ 22 കാരനായ നോർവെ താരം മാർക്കസ് റൂത്ത് ഒളിമ്പിക് സ്വർണം സ്വന്തമാക്കി. ഈ ഇനത്തിൽ 1980 നു ശേഷം സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ് ആണ് അദ്ദേഹം. 8,796 പോയിന്റുകൾ നേടിക്കൊണ്ടാണ് 10 ഇനങ്ങൾ ഉള്ള ഡികാതലോണിൽ 6 ഇനങ്ങളിൽ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയാണ് റൂത്ത് സ്വർണം നേടുന്നത്. 8,748 പോയിന്റ് നേടിയ ജർമ്മൻ താരം ലിയോ നീഗബൗർ ഇതിൽ വെള്ളി മെഡൽ നേടിയപ്പോൾ 8,711 പോയിന്റുകൾ നേടിയ ഗ്രനാഡയുടെ ലിന്റൻ വിക്ടർ ആണ് ഇതിൽ വെങ്കല മെഡലും നേടി.

തുടർച്ചയായ മൂന്നാം ഒളിമ്പിക്സിലും ഷോട്ട് പുട്ടിൽ സ്വർണവും വെള്ളിയും നേടി അമേരിക്കൻ താരങ്ങൾ

പാരീസ് ഒളിമ്പിക്സിൽ ഷോട്ട് പുട്ടിൽ സ്വർണം നേടി അമേരിക്കൻ താരം റയാൻ ക്രോസർ. തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം ഷോട്ട് പുട്ടിൽ സ്വർണം നേടുന്നത്. തന്റെ മൂന്നാം ശ്രമത്തിൽ 22.90 മീറ്റർ എറിഞ്ഞ റയാൻ സ്വർണം ഉറപ്പാക്കുക ആയിരുന്നു. അതേസമയം അമേരിക്കയുടെ തന്നെ ജോ കോവാക്സ് ഈ ഇനത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. അവസാന ശ്രമത്തിൽ എറിഞ്ഞ 22.15 മീറ്റർ ദൂരമാണ് താരത്തിന് വെള്ളി നേടി നൽകിയത്.

തുടർച്ചയായ മൂന്നാം ഒളിമ്പിക്സിൽ ആണ് താരം വെള്ളി മെഡൽ നേടുന്നത്. 22.15 മീറ്റർ തന്നെ എറിഞ്ഞ ജമൈക്കയുടെ രജിന്ത്ര കാംപൽ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. ഒരേ ദൂരമാണ് എറിഞ്ഞത് എങ്കിലും മികച്ച രണ്ടാമത്തെ ദൂരമാണ് അമേരിക്കൻ താരത്തിന് വെള്ളി മെഡൽ നൽകിയത്. അതേസമയം 4×400 മീറ്റർ മിക്‌സഡ് റിലെയിൽ ഹോളണ്ട് സ്വർണം നേടി. ഹീറ്റ്സിൽ ലോക റെക്കോർഡ് കുറിച്ച അമേരിക്കൻ ടീമിനെ 3 മിനിറ്റ് 7.43 സെക്കന്റിൽ റിലെ പൂർത്തിയാക്കിയാണ് ഡച്ച് ടീം സ്വർണം നേടിയത്. 3 മിനിറ്റ് 7.74 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ അമേരിക്കക്ക് വെള്ളി മെഡൽ മാത്രമാണ് നേടാൻ ആയത്. 3 മിനിറ്റ് 8.01 സെക്കന്റിൽ റിലെ പൂർത്തിയാക്കിയ ബ്രിട്ടൻ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.

മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി കേറ്റി ലെഡകി

സാക്ഷാൽ മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി അമേരിക്കൻ നീന്തൽ താരം കാത്തലീൻ ‘കേറ്റി’ ലെഡകി. ഇന്ന് വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റെയിൽ നീന്തലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസിനെ മറികടന്നു സ്വർണം നേടിയ ലെഡകി തുടർച്ചയായ നാലാം ഒളിമ്പിക്സിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. 8 മിനിറ്റ് 11.04 എന്ന സമയം ആണ് ലെഡകി ഇന്ന് കുറിച്ചത്.

ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു വ്യക്തിഗത ഇനത്തിൽ നാലു തവണ ഒളിമ്പിക് സ്വർണം നേടാൻ മൈക്കിൾ ഫെൽപ്സിന് മാത്രമെ ആയിട്ടുള്ളു. പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ ആണ് ഫെൽപ്സ് തുടർച്ചയായ നാലു ഒളിമ്പിക്സുകളിൽ സ്വർണം നേടിയത്. ഇത് കൂടാതെ തന്റെ ഒമ്പതാം ഒളിമ്പിക് സ്വർണം ആണ് ലെഡകി ഇന്ന് നീന്തിയെടുത്തത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടുന്ന അമേരിക്കൻ വനിത താരം എന്ന റെക്കോർഡും ലെഡകി സ്വന്തമാക്കി.

ചരിത്രം! വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്ററിൽ സ്വർണം നേടി സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ്. ചരിത്രത്തിൽ ഇത് ആദ്യമായാണ് സെന്റ് ലൂസിയ ഒരു ഒളിമ്പിക് മെഡൽ നേടുന്നത്. വെല്ലുവിളി ഉയർത്തിയ അമേരിക്കൻ താരങ്ങളെ തുടക്കം മുതൽ നിഷ്പ്രയാസം തകർത്തു കൊണ്ടു 10.72 സെക്കന്റ് എന്ന സമയം കുറിച്ചാണ് ജൂലിയൻ സ്വർണം ഓടിയെടുത്തത്.

സെമിഫൈനലിൽ 10.84 സെക്കന്റ് സമയം കുറിച്ച ജൂലിയൻ ഫൈനലിലെ സമയം കൊണ്ട് പുതിയ ദേശീയ റെക്കോർഡും തന്റെ ഏറ്റവും മികച്ച സമയവും കുറിച്ചു. മോശം തുടക്കം ആണ് ലഭിച്ചത് എങ്കിലും 10.87 സമയം കൊണ്ട് 100 മീറ്റർ പൂർത്തിയാക്കിയ അമേരിക്കൻ താരം ഷ’കാരി റിച്ചാർഡ്സൻ വെള്ളിമെഡൽ നേടിയപ്പോൾ 10.92 സെക്കന്റിൽ 100 മീറ്റർ പൂർത്തിയാക്കിയ അമേരിക്കയുടെ തന്നെ മെലിസ ജെഫേർസൻ ആണ് വെങ്കല മെഡൽ നേടിയത്.

നിശാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ വീണു, വീണ്ടും ഇന്ത്യക്ക് മെഡൽ നഷ്ടം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലിനായുള്ള കാത്തിരിപ്പ് തുടരും. ബോക്സർ നിശാന്ത് ദേവ് ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ ഒരു മെഡൽ കൂടെ ഇന്ത്യക്ക് കയ്യെത്തും ദൂരത്തിൽ നഷ്ടമായി. 71 കിലോഗ്രാം വിഭാഗത്തിൽ പുരുഷ ബോക്സിംഗിൽ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങിയ നിശാന്ത് ദേവ് രണ്ടാം സീഡായ വെർദെ ആൽവരസിനോട് ആണ് സ്പ്ലിറ്റ് ഡിസിഷനിൽ പരാജയപ്പെട്ടത്.

നിശാന്ത് ദേവ്

മെക്സിക്കൻ താരത്തിന് എതിരെ വേഗതയാർന്ന തുടക്കമാണ് നിശാന്ത് നടത്തിയത്. ആദ്യ റൗണ്ടിൽ നിശാന്ത് 4-1ന്റെ അനുകൂല കാർഡ് നേടി. രണ്ടാം റൗണ്ടിൽ ഡിഫൻസിലേക്ക് നീങ്ങിയ നിശാന്തിന് തിരിച്ചടിയായി. 3-2ന് മെക്സിക്കൻ താരം രണ്ടാം റൗണ്ട് നേടി എങ്കിലും നിശാന്ത് പ്രതീക്ഷ കാത്തു. അവസാനം വിധി വന്നപ്പോൾ നിശാന്ത് പരാജയപ്പെട്ടു.

23കാരനായ നിശാന്ത് ദേവ് മുമ്പ് ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻ്റിൽ നടന്ന IBA പുരുഷന്മാരുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 71 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. താരത്തിന്റെ ആദ്യ ഒളിമ്പിക്സ് ആണ് ഇത്.

വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം!

വനിത ടെന്നീസ് സിംഗിൾസ് സ്വർണം നേടി ചരിത്രം എഴുതി ചൈനീസ് താരം ക്വിൻവെൻ ചെങ്. ഇത് ആദ്യമായാണ് ഒരു പുരുഷ/വനിത ടെന്നീസ് താരം ചൈനക്ക് ആയി ഒളിമ്പിക് സ്വർണം നേടുന്നത്. ക്രൊയേഷ്യൻ താരം ഡോണ വെകിചിനെ ആണ് ഫൈനലിൽ ചൈനീസ് താരം തോൽപ്പിച്ചത്.

ഫൈനലിൽ ഏകപക്ഷീയമായ ജയം ആണ് ചെങ് നേടിയത്. ആദ്യ സെറ്റിൽ 6-2 നു ജയിച്ച ചെങ് രണ്ടാം സെറ്റ് 6-3 നു ആണ് ജയിച്ചത്. അതേപോലെ ആദ്യമായി ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന ക്രൊയേഷ്യൻ താരമാണ് വെകിച്. ചൈനയുടെ കായിക മികവ് ആണ് ടെന്നീസിലും നിലവിൽ കണ്ടത്. ഒളിമ്പിക് ടെന്നീസ് സ്വർണം നേടുന്ന ആദ്യ ഏഷ്യൻ താരമാണ് ചെങ്.

വെറുപ്പ് അതിജീവിച്ചു ഒളിമ്പിക് മെഡൽ ഉറപ്പിച്ചു ഇമാനെ ഖലീഫ്!

പാരീസ് ഒളിമ്പിക്സിൽ മെഡൽ ഉറപ്പിച്ചു അൾജീരിയൻ ബോക്‌സർ ഇമാനെ ഖലീഫ്. ചരിത്രത്തിൽ ആദ്യമായി ആണ് ഒരു അൾജീരിയൻ വനിത ബോക്‌സർ ഒളിമ്പിക് മെഡൽ ഉറപ്പിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ഹംഗേറിയൻ താരം ലൂക അന്ന ഹമോറിയെ ആണ് ഇമാനെ തോൽപ്പിച്ചത്. മികച്ച പോരാട്ടം ആണ് ഇരു താരങ്ങളും ഇന്ന് നൽകിയത്.

ഇമാനെ ഖലീഫ്

ബോക്സിങ് വെൽട്ടർവെയിറ്റ് 66 കിലോഗ്രാം വിഭാഗത്തിൽ ആദ്യ റൗണ്ടിൽ ഇമാനെ ആധിപത്യം കണ്ടെങ്കിലും രണ്ടാം റൗണ്ടിൽ ഹംഗേറിയൻ താരം പൊരുതി. ഇടക്ക് ഇമാനെയുടെ ഒരു പോയിന്റിന് ഫൈൻ ഇട്ടു. മൂന്നാം റൗണ്ടിൽ നന്നായി പൊരുതിയെങ്കിലും ഇമാനെ ജയം ഉറപ്പിക്കുക ആയിരുന്നു. ഒടുവിൽ ജഡ്ജിമാരുടെ നേരിട്ടുള്ള തീരുമാന പ്രകാരം 5-0 ത്തിനു ആണ് ഇമാനെ ജയം കണ്ടത്.

അടുത്ത ഒളിമ്പിക്സിൽ ഇന്ത്യക്കായി ഇതിനേക്കാൾ മികച്ച പ്രകടനം നടത്താനായി പ്രയത്നിക്കും – മനു ഭാകർ

പാരീസിൽ നടന്ന ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ നേടിയ മനു ഭാകർ അടുത്ത ഒളിമ്പിക്സിൽ ഇതിനേക്കാൾ നല്ല പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കും എന്ന് പറഞ്ഞു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ നാലാമത് ഫിനിഷ് ചെയ്ത മനു തനിക്കു മേൽ മൂന്നാം മെഡലിന്റെ സമ്മർദ്ദം ഇല്ലായിരുന്നു എന്ന് പറഞ്ഞു.

മനു ഭാകർ

“ഒരു മൂന്നാം മെഡൽ നേടുന്നതിനുള്ള സമ്മർദ്ദങ്ങളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ എനിക്ക് തീർച്ചയായും എൻ്റെ പരമാവധി ചെയ്യണം എന്നും മികച്ച മത്സരം കാഴ്ചവെക്കണം എന്നും ഉണ്ടായിരുന്നു, അതിൽ മാത്രം ഞാൻ ശ്രദ്ധിച്ചു.” ഭാക്കർ കൂട്ടിച്ചേർത്തു.

“നാലാമത്തെ സ്ഥാനം തീർച്ചയായും വലിയ സ്ഥാനമല്ല. ഇപ്പോൾ എനിക്ക് രണ്ട് മെഡലുകളും അടുത്ത തവണത്തേക്കായി കഠിനമായി പ്രയത്നിക്കാൻ ധാരാളം പ്രചോദനവും ഉണ്ട്, ഞാൻ പരമാവധി ശ്രമിക്കും, കഠിനാധ്വാനം ചെയ്യും.” മനു പറഞ്ഞു

Exit mobile version