ഇന്ത്യൻ സ്‌കീറ്റ് മിക്‌സഡ് ടീം ഒളിമ്പിക്‌സിൽ വെങ്കല മെഡൽ പോരാട്ടത്തിന് യോഗ്യത നേടി

ചരിത്ര നേട്ടത്തിൽ അനന്ത്‌ജീത് സിംഗ് നറുക്കയും മഹേശ്വരി ചൗഹാനും അടങ്ങുന്ന ഇന്ത്യൻ സ്‌കീറ്റ് മിക്‌സഡ് ടീം ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ മത്സരത്തിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്ത്യ ഷോട്ട് ഗൺ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ റൗണ്ടിലെത്തുന്നത്.

യോഗ്യതാ റൗണ്ടിൽ മഹേശ്വരി ചൗഹാൻ 74 പോയിൻ്റ് സംഭാവന ചെയ്‌തപ്പോൾ 72 പോയിൻ്റുമായി അനന്ത്‌ജീത് സിംഗ് നറുക്കയും മികച്ച പ്രകടനം നടത്തി. അവരുടെ സംയുക്ത പ്രയത്നം അവരെ മൊത്തത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സഹായിച്ചു. വെങ്കല മെഡലിനായി ചൈനയ്‌ക്കെതിരെ ആകും ഇന്ത്യ മത്സരിക്കുക.

ൽമത്സരം ഇന്ന് വൈകുന്നേരം 6:30 ന് നടക്കും, അവിടെ സ്‌കീറ്റ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടാനാണ് ഇന്ത്യൻ ജോഡി ലക്ഷ്യമിടുന്നത്.

വനിതകളുടെ ഹൈജംപ് സ്വർണം നേടി ഉക്രൈൻ താരം, പുരുഷന്മാരുടെ ഹാമർ ത്രോയിൽ കനേഡിയൻ താരം

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ ഹൈജംപ് സ്വർണം സ്വന്തമാക്കി ലോക ചാമ്പ്യൻ കൂടിയായ ഉക്രൈൻ താരം യരോസ്ലാവ മഹുചിക്. കഴിഞ്ഞ മാസം 2.10 മീറ്റർ ചാടി ഹൈജംപ് ലോക റെക്കോർഡ് ഇട്ട ഉക്രൈൻ താരം ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലം ഇത്തവണ സ്വർണം ആക്കി മാറ്റി. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 2.00 മീറ്റർ ചാടിയാണ് ഉക്രൈൻ താരം സ്വർണം ഉറപ്പിച്ചത്. പിന്നീട് 2.02 മീറ്റർ ചാടാൻ രണ്ടു തവണയും 2.04 മീറ്റർ ചാടാൻ യരോസ്ലാവ ശ്രമിച്ചു. വെള്ളി മെഡൽ നേടിയ ഓസ്‌ട്രേലിയൻ താരം നിക്കോള മൂന്നാം ശ്രമത്തിൽ 2.00 മീറ്റർ ചാടിയെങ്കിലും തുടർന്ന് 2.02 മീറ്റർ രണ്ടു പേർക്കും മറികടക്കാൻ ആവാതെ വന്നതോടെ ഉക്രൈൻ താരം സ്വർണം ഉറപ്പിക്കുക ആയിരുന്നു. 1.95 മീറ്റർ ചാടിയ ഉക്രൈന്റെ തന്നെ ഇര്യാന ഗരചെങ്കോയാണ് വെങ്കലം നേടിയത്.

പുരുഷന്മാരുടെ ഹാമർ ത്രോയിൽ കാനഡയുടെ ഈഥൻ കാറ്റ്സ്ബർഗ് ആണ് സ്വർണം നേടിയത്. ലോക ചാമ്പ്യൻ കൂടിയായ 22 കാരനായ ഈഥൻ കാനഡക്ക് ആയി ഹാമർ ത്രോയിൽ സ്വർണം നേടുന്ന ആദ്യ താരമായി മാറി. തന്റെ ആദ്യ ശ്രമത്തിൽ തന്നെ 84.12 മീറ്റർ എറിഞ്ഞ ഈഥൻ മൂന്നാം ശ്രമത്തിൽ 82.28 മീറ്ററും എറിഞ്ഞു. താരത്തിന്റെ ബാക്കിയുള്ള ശ്രമങ്ങൾ എല്ലാം ഫൗൾ ആയിരുന്നു. അതേസമയം ബാക്കിയുള്ള ആർക്കും 80 മീറ്റർ ദൂരം എറിയാൻ ആയില്ല. തന്റെ മൂന്നാം ശ്രമത്തിൽ 79.97 മീറ്റർ എറിഞ്ഞ ഹംഗേറിയൻ താരം ബെൻസ് ഹലാഷ് ആണ് ഹാമർ ത്രോയിൽ വെള്ളി മെഡൽ നേടിയത്. തന്റെ രണ്ടാം ശ്രമത്തിൽ 79.39 മീറ്റർ എറിഞ്ഞ ഉക്രൈൻ താരം മിഖാലോ കോഖൻ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.

അർജന്റീന ടെസ്റ്റ് പാസായ ജർമ്മനി ഹോക്കി സെമിയിൽ ഇന്ത്യക്ക് എതിരാളികൾ

പാരീസ് ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിൽ ഇന്ത്യക്ക് ജർമ്മനി എതിരാളികൾ. ആവേശകരമായ ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ 3-2 എന്ന സ്കോറിന് മറികടന്നാണ് ജർമ്മനി സെമിഫൈനൽ ഉറപ്പിച്ചത്. ഇരു ടീമുകളും വാശിയേറിയ പോരാട്ടം കാഴ്ച വെച്ച മത്സരം തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞത് ആയിരുന്നു. മത്സരത്തിൽ ആദ്യ ക്വാർട്ടർ അവസാനിക്കാൻ ആറു മിനിറ്റ് ഉള്ളപ്പോൾ ഹിൻറിക്സിലൂടെ ജർമ്മനി ആണ് ആദ്യം മുന്നിൽ എത്തുന്നത്. എന്നാൽ അർജന്റീന 2 മിനിറ്റിനുള്ളിൽ കസെല്ല മൈകയിലൂടെ പെനാൽട്ടി കോർണറിൽ നിന്നു സമനില ഗോൾ കണ്ടത്തി. രണ്ടാം ക്വാർട്ടറിൽ പെനാൽട്ടി കോർണറിൽ നിന്നു പെനാൽട്ടി കോർണറിൽ നിന്നു നേടിയ ഗോൻസാലോയുടെ ഗോളിൽ ജർമ്മനി ആദ്യ പകുതിയിൽ 2-1 നു മുന്നിൽ എത്തി.

മൂന്നാം ക്വാർട്ടറിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ ആയില്ല. എന്നാൽ നാലാം ക്വാർട്ടർ തുടങ്ങിയ ഉടൻ തന്നെ അർജന്റീന മത്സരത്തിൽ വീണ്ടും ഒപ്പം എത്തി. അഗസ്റ്റിൻ മസില്ലിയാണ് അർജന്റീനയെ ഒപ്പം എത്തിച്ച ഗോൾ നേടിയത്. തുടർന്ന് ഇരു ടീമുകളും മികച്ച ആക്രമണം ആണ് നടത്തിയത്. എന്നാൽ കളി തീരാൻ 6 മിനിറ്റ് ബാക്കിയുള്ളപ്പോൾ ക്യാപ്റ്റൻ നിക്കളസ് വെല്ലന്റെ അതുഗ്രൻ അസിസ്റ്റിൽ നിന്നു ഗോൾ നേടിയ ജസ്റ്റസ് വെഗന്റ് ജർമ്മനിയെ വീണ്ടും മത്സരത്തിൽ മുന്നിൽ എത്തിച്ചു. അവസാന നിമിഷങ്ങളിൽ കത്തി കയറുന്ന അർജന്റീനയെ ആണ് മത്സരത്തിൽ കണ്ടത്. ഇടക്ക് ജർമ്മൻ താരത്തിന് ലഭിച്ച ഗ്രീൻ കാർഡും അവർക്ക് സഹായകമായി. അവസാന സെക്കന്റുകളിൽ അർജന്റീനക്ക് ലഭിച്ച പെനാൽട്ടി കോർണറിൽ നിന്നു ഉതിർത്ത 2 ഷോട്ടുകളും രക്ഷിച്ച ജർമ്മൻ ഗോൾ കീപ്പറും ജർമ്മൻ പ്രതിരോധവും അവർക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഇന്ത്യക്ക് കടുത്ത വെല്ലുവിളി തന്നെയാണ് സെമിയിൽ ജർമ്മനി ഉയർത്തുക.

ഇതാണ് ഫോട്ടോഫിനിഷ്!! അമേരിക്കയുടെ ലയൽസ് വേഗതയുടെ രാജാവ്!! 100 മീറ്ററിൽ ഒളിമ്പിക് ചാമ്പ്യൻ

പാരീസ് ഒളിമ്പിക്സിൽ വേഗതയുടെ രാജാവായി അമേരിക്കയുടെ നോഹ ലൈയെൽസ് . ഇന്ന് നടന്ന 100 മീറ്റർ ഫൈനൽ പോരാട്ടത്തിൽ നോഹ ലയൽസ് 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സ്വർണ്ണം സ്വന്തമാക്കിയത്. അതേ സമയത്തിൽ തന്നെ ഫിനിഷ് ചെയ്ത തോമ്പ്സൺ ഫോട്ടോഫിനിഷിൽ രണ്ടാമതായി. 1/5000 ഓഫ് സെക്കൻഡ്സിന്റെ വ്യത്യാസത്തിൽ ആണ് ഒന്നാം സ്ഥാനം നഷ്ടമായത്.

ലയൽസ് 9.784 എന്ന സമയത്തിൽ ഒന്നാമത് ആയപ്പോൾ കിഷാനെ തോംസൺ 9.789ലും ഫിനിഷ് ചെയ്തു. അമേരിക്കയുടെ കേരി ഫ്രെഡ് വെങ്കലം സ്വന്തമാക്കി. അദ്ദേഹം 9.81 സമയം കൊണ്ടാണ് ഫിനിഷ് ചെയ്തത്.

സെമി ഫൈനലിൽ എല്ലാവരും 10 സെക്കൻഡിനു താഴെ ഫിനിഷ് ചെയ്താണ് ഫൈനലിൽ എത്തിയത് എന്നത് കൊണ്ട് തന്നെ അത്ര മികച്ച പോരാട്ടമാണ് ഫൈനലിൽ പ്രതീക്ഷിച്ചത്. അതു തന്നെ സംഭവിച്ചു. മുൻ ചാമ്പ്യനായ ഇറ്റാലിയൻ താരം മാർസൽ ജേക്കബ്സ് 9.85 സെക്കൻഡ് എന്ന സമയത്തിൽ അഞ്ചാമത് ആണ് ഫിനിഷ് ചെയ്തത്.

ഹോക്കിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു ഡച്ച് പട സെമിഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ ഹോക്കിയിൽ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഡച്ച് പട സെമിഫൈനലിൽ. 2020 ടോക്കിയോ ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ ഇതേ സ്കോറിന് തോൽപ്പിച്ച ഓസ്‌ട്രേലിയയോട് അവരുടെ മധുരപ്രതികാരം ആയി ഇത്. സെമിയിൽ സ്‌പെയിൻ ആണ് ഹോളണ്ടിന്റെ എതിരാളികൾ.

വാശിയേറിയ പോരാട്ടത്തിൽ രണ്ടാം പകുതിയിൽ ആണ് മത്സരത്തിലെ ഗോളുകൾ പിറന്നത്. പെനാൽട്ടി കോർണറിൽ നിന്നു രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡുകോ നേടി നൽകിയ ഗോൾ ആണ് ഡച്ച് ടീമിന് മുൻതൂക്കം സമ്മാനിച്ചത്. തുടർന്ന് മികച്ച സോളോ ഗോളിലൂടെ വാൻ ഡാം ഡച്ച് ജയം ഉറപ്പിച്ചു. ടോക്കിയോയിൽ സ്വർണം നേടിയ ബെൽജിയത്തിനു പിന്നാലെ വെള്ളി നേടിയ ഓസ്‌ട്രേലിയയും ഇതോടെ ഒളിമ്പിക്സിൽ നിന്നു പുറത്തായി.

പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിൽ അവസാന ദിനം പിറന്നത് 2 ലോക റെക്കോർഡ്

പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിലെ അവസാന ദിനത്തിൽ രണ്ടു ലോക റെക്കോർഡുകൾ പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്റ്റെയിലിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടിയ ബോബി ഫിങ്ക് ആണ് ആദ്യം ലോക റെക്കോർഡ് കുറിച്ചത്. 14 മിനിറ്റ് 30.67 സെക്കന്റ് എന്ന ലോകറെക്കോർഡ് സമയം ആണ് ഫിങ്ക് കുറിച്ചത്. ഇറ്റലിയുടെ ഗ്രഗാറിയോ ഇതിൽ വെള്ളി മെഡൽ നേടിയപ്പോൾ അയർലൻഡ് താരം ഡാനിയേൽ വിഫൻ വെങ്കലവും നേടി. അതേസമയം കഴിഞ്ഞ 10 ഒളിമ്പിക്സുകളിലും അമേരിക്ക സ്വർണം നേടിയ പുരുഷന്മാരുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ചൈന സ്വർണം നേടി എല്ലാവരെയും ഞെട്ടിച്ചു. 3 മിനിറ്റ് 27.46 സെക്കന്റ് സമയം ആണ് ചൈന കുറിച്ചത്. അമേരിക്ക വെള്ളി മെഡലിൽ തൃപ്തിപ്പെട്ടപ്പോൾ ഫ്രാൻസ് ആണ് വെങ്കല മെഡൽ നേടിയത്.

വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ അമേരിക്കൻ ടീം ലോക റെക്കോർഡ് തിരുത്തി. 3 മിനിറ്റ് 49.63 സെക്കന്റ് എന്ന സമയം കുറിച്ച അമേരിക്കൻ ടീം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. ഓസ്‌ട്രേലിയ വെള്ളി മെഡൽ നേടിയപ്പോൾ ചൈന വെങ്കലവും നേടി. ഇന്ന് നടന്ന വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റെയിലിൽ 2.71 സെക്കന്റ് സമയം കുറിച്ച സ്വീഡന്റെ സാറാ സോസ്‌ട്രോം സ്വർണം നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ മെഗ് ഹാരിസ് വെള്ളിയും ചൈനയുടെ ചാങ് യുഫെയ് വെങ്കലവും നേടി. നീന്തൽ കുളത്തിൽ നിന്നു 7 സ്വർണവും 13 വെള്ളിയും 7 വെങ്കലവും നേടിയ അമേരിക്ക 27 മെഡലുകളും ആയി ഒന്നാം സ്ഥാനം നേടിയപ്പോൾ 7 സ്വർണവും 7 വെള്ളിയും 3 വെങ്കലവും ആയി 17 മെഡലുകൾ നേടിയ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് എത്തി. 4 സ്വർണം അടക്കം 7 മെഡലുകൾ നേടിയ ഫ്രാൻസും 3 സ്വർണം അടക്കം 8 മെഡലുകൾ നേടിയ കാനഡയും ഒരു ലോക റെക്കോർഡ് അടക്കം 2 സ്വർണം അടക്കം 11 മെഡലുകൾ നേടിയ ചൈനയും നീന്തൽ കുളത്തിൽ നേട്ടം ഉണ്ടാക്കി.

Wow! എന്താ കളി! ഗോൾഡൻ സ്ലാം! ഒളിമ്പിക്സ് സ്വർണം എന്ന സ്വപ്നം പൂർത്തിയാക്കി ജ്യോക്കോവിച്!

പാരീസ് ഒളിമ്പിക്സിൽ തന്നെക്കാൾ 16 വയസ്സ് കുറഞ്ഞ കാർലോസ് അൽകാരസിനെ തോൽപ്പിച്ചു നൊവാക് ജ്യോക്കോവിച് ഒളിമ്പിക് സ്വർണം എന്ന സ്വപ്നം പൂർത്തിയാക്കി. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെർബിയൻ താരം മത്സരത്തിൽ ജയം കണ്ടത്. ഇരു താരങ്ങളും അതുഗ്രൻ പോരാട്ടം കാണിച്ച മത്സരത്തിൽ ഇരു സെറ്റുകളും ടൈബ്രേക്കറിൽ ആണ് വിധി എഴുതിയത്. ഒളിമ്പിക്സ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായ 37 കാരനായ ജ്യോക്കോവിച്ചും ഏറ്റവും പ്രായം കുറഞ്ഞ താരമായ 21 കാരനായ അൽകാരസും അവിസ്മരണീയമായ പോരാട്ടം ആണ് സമ്മാനിച്ചത്. അവിശ്വസനീയം ആയ പോരാട്ടം ആണ് ആദ്യ സെറ്റിൽ ഇരു താരങ്ങളും നടത്തിയത്.

ജ്യോക്കോവിച്

ഒരു മണിക്കൂർ 34 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ഇരു താരങ്ങളും സർവീസ് നിലനിർത്താൻ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാൻ ആയത്. അൽകാരസ് 5 ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചപ്പോൾ ജ്യോക്കോവിച് 8 ബ്രേക്ക് പോയിന്റുകൾ ആണ് രക്ഷിച്ചത്. തന്റെ സർവീസിൽ സെറ്റ് പോയിന്റ് രക്ഷിച്ച അൽകാരസ്, സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ മിനി ബ്രേക്ക് കണ്ടത്തിയ ശേഷം തുടർച്ചയായി പോയിന്റുകൾ നേടി ജ്യോക്കോവിച് 7-3 ടൈബ്രേക്കർ നേടി ആദ്യ സെറ്റ് സ്വന്തം പേരിലാക്കി. രണ്ടാം സെറ്റിൽ ജ്യോക്കോവിച് തന്റെ സർവീസ് ഗെയിം മെച്ചപ്പെടുത്തിയപ്പോൾ അൽകാരസ് വിയർത്തു.

ജ്യോക്കോവിച്

തന്റെ അഞ്ചാം ഒളിമ്പിക്സിൽ സ്വർണം വിട്ടു കൊടുക്കില്ല എന്ന ഉറപ്പും ആയി പരിക്കും പ്രായവും മറികടന്നു ജ്യോക്കോവിച് കളിച്ചപ്പോൾ രണ്ടാം സെറ്റിലും ഇരു താരങ്ങളും സർവീസ് വിട്ടു കൊടുത്തില്ല. ഇടക്ക് അൽകാരസിന്റെ സർവീസിൽ വെല്ലുവിളി ഉയർത്താനും ജ്യോക്കോവിച്ചിനു ആയി. തുടർന്ന് രണ്ടാം സെറ്റിലും ടൈബ്രേക്കറിൽ തന്റെ മികവ് നിലനിർത്തിയ ജ്യോക്കോവിച് മിനി ബ്രേക്കുകൾ കണ്ടെത്തി 7-2 നു ടൈബ്രേക്കർ ജയിച്ചു ഒളിമ്പിക് സ്വർണം സ്വന്തം പേരിലാക്കി. ഒരു സെറ്റ് പോലും ടൂർണമെന്റിൽ കൈവിടാതെയാണ് ജ്യോക്കോവിച് ഒളിമ്പിക് സ്വർണം നേടുന്നത്. ടെന്നീസിൽ ഒളിമ്പിക് സ്വർണം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതോടെ ജ്യോക്കോവിച് മാറി. 24 ഗ്രാന്റ് സ്ലാം കിരീടം നേടിയ ജ്യോക്കോവിച് സ്റ്റെഫി ഗ്രാഫ്, സെറീന വില്യംസ്, റാഫ നദാൽ, ആന്ദ്ര അഗാസി എന്നിവർക്ക് ശേഷം ഗോൾഡൻ സ്ലാം നേടുന്ന അഞ്ചാമത്തെ താരവും ആയി. കണ്ണീരോടെയാണ് ജ്യോക്കോവിച് ജയം ആഘോഷിച്ചത്. വെള്ളിയിൽ തൃപ്തിപ്പെട്ടെങ്കിലും ഈ വർഷത്തെ ഏറ്റവും മികച്ച ടെന്നീസ് മത്സരം ആണ് സ്പാനിഷ് താരം അൽകാരസ് സമ്മാനിച്ചത്.

അടുത്ത ഒളിമ്പിക്സിൽ ലക്ഷ്യ സെൻ ആവും സ്വർണം നേടാൻ ഏറ്റവും കൂടുതൽ സാധ്യത – ആക്സൽസെൻ

പാരീസ് ഒളിമ്പിക്സിൽ സെമിഫൈനലിൽ പരാജയപ്പെട്ട ഇന്ത്യൻ താരം ലക്ഷ്യ സെനിനെ പ്രകീർത്തിച്ചു എതിരാളിയായ വിക്ടർ ആക്സൽസെൻ. താൻ സമീപകാലത്ത് കളിച്ച ഏറ്റവും കഠിനമായ മത്സരം ആയിരുന്നു ലക്ഷ്യ സെൻ തനിക്ക് നൽകിയത് എന്നു പറഞ്ഞ നിലവിലെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ഡാനിഷ് താരം ഇന്ത്യൻ താരത്തിന്റെ മികച്ച പ്രതിഭയാണ് ഉള്ളത് എന്നും പറഞ്ഞു.

ലക്ഷ്യ സെൻ

നിലവിൽ 22 കാരനായ ലക്ഷ്യ സെൻ ആവും നാലു വർഷങ്ങൾക്ക് ശേഷം അടുത്ത ഒളിമ്പിക്സിൽ സ്വർണം നേടാൻ കൂടുതൽ സാധ്യതയുള്ളത് എന്നും ആക്സൽസെൻ കൂട്ടിച്ചേർത്തു. മുൻ ജൂനിയർ ഒന്നാം നമ്പർ താരവും ബോയ്സ് ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവും ആയ ലക്ഷ്യ 2021 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിരുന്നു. നാളെ നടക്കുന്ന ഒളിമ്പിക് വെങ്കല മെഡൽ പോരാട്ടത്തിൽ ലക്ഷ്യ മലേഷ്യൻ താരം ലീ ഷി ഹിയയെ ആണ് നേരിടുക. വെങ്കലം നേടാൻ ആയാൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരമായി ലക്ഷ്യ സെൻ മാറും.

ഹോക്കിയിൽ ഒളിമ്പിക് ജേതാക്കൾ ആയ ബെൽജിയത്തെ അട്ടിമറിച്ചു സ്‌പെയിൻ സെമിയിൽ

അവിശ്വസനീയ ജയവും ആയി പാരീസ് ഒളിമ്പിക്സ് ഹോക്കി സെമിഫൈനലിലേക്ക് മുന്നേറി സ്‌പെയിൻ. ഇതിഹാസ താരങ്ങൾ അടങ്ങിയ ബെൽജിയത്തെ നാടകീയവും വാശിയേറിയതും ആയ മത്സരത്തിൽ 3-2 എന്ന സ്കോറിന് ആണ് സ്‌പെയിൻ പരാജയപ്പെടുത്തിയത്. ഇത് 16 വർഷങ്ങൾക്ക് ശേഷമാണ് സ്‌പെയിൻ ഒളിമ്പിക് സെമിയിൽ എത്തുന്നത്. ഗോൾ രഹിതമായ ആദ്യ 2 ക്വാർട്ടറുകൾക്കും ശേഷം മൂന്നും നാലും ക്വാർട്ടറുകളിൽ 5 ഗോളുകൾ ആണ് മത്സരത്തിൽ പിറന്നത്.

ജോസെ ബസ്റ്റരയിലൂടെ മൂന്നാം ക്വാർട്ടറിൽ സ്‌പെയിൻ ആദ്യ ഗോൾ നേടിയപ്പോൾ ആർതർ ഡി സ്ലൂവറിലൂടെ 37 സെക്കന്റിനുള്ളിൽ ബെൽജിയം ഗോൾ മടക്കി. നാലാം ക്വാർട്ടറിൽ മത്സരം തീരാൻ 6 മിനിറ്റുള്ളപ്പോൾ പെനാൽട്ടി കോർണറിൽ നിന്നു മാർക് റെയ്നെ സ്പെയിനിന് രണ്ടാം ഗോൾ നേടി നൽകി. തുടർന്ന് 2 മിനിറ്റിനുള്ളിൽ മാർക് മിറാലസ് കൂടി ഗോൾ നേടിയതോടെ സ്‌പെയിൻ ജയം ഉറപ്പിച്ചത് ആയി കരുതി. എന്നാൽ മത്സരം തീരാൻ 2 മിനിറ്റ് ഉള്ളപ്പോൾ പെനാൽട്ടി കോർണറിൽ നിന്നു ഗോൾ നേടി മത്സരം 3-2 ആക്കിയ ഹെൻഡ്രിക്‌സ് അലക്സാണ്ടർ ബെൽജിയത്തിനു പ്രതീക്ഷ നൽകി. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായുള്ള ബെൽജിയം മുന്നേറ്റങ്ങൾ സർവ്വവും ഉപയോഗിച്ച് തടഞ്ഞ സ്‌പെയിൻ അവിസ്മരണീയ ജയം നേടുക ആയിരുന്നു. സെമിയിൽ ഹോളണ്ട്, ഓസ്‌ട്രേലിയ മത്സര വിജയിയെ ആണ് സ്‌പെയിൻ നേരിടുക.

ലക്ഷ്യ സെൻ സെമിയിൽ വീണു, ഇനി വെങ്കലത്തിനായി പോരാടാം

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ മെഡൽ ഉറപ്പിക്കാൻ ആകാതെ സെമിയിൽ വീണു. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെ നേരിട്ട ലക്ഷ്യ സെൻ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്. 22-20, 21-14 എന്ന സ്കോറിനായിരുന്നു ഡാനിഷ് താരത്തിന്റെ വിജയം. ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ലക്ഷ്യ സെന്നിന് ഇതോടെ നഷ്ടമായത്. ഇനി ലക്ഷ്യ സെൻ വെങ്കല മാച്ചിൽ വെങ്കല മെഡലിനായി പോരാടും

ലക്ഷ്യ സെൻ

ആദ്യ ഗെയിമിൽ തുടക്കത്തിൽ ലക്ഷ്യ സെൻ പിറകോട്ട് പോയെങ്കിലും ശകതമായി ലക്ഷ്യ സെൻ തിരികെ വന്നു. 20-17 എന്ന് ഒരു ഘട്ടത്തിൽ ആയെങ്കിലും 3 ഗെയിം പോയിന്റ് ലക്ഷ്യസെൻ നഷ്ടമാക്കി. ഗെയിം 22-20ന് അക്സൽസെൻ സ്വന്തമാക്കി.

രണ്ടാം ഗെയിം തുടക്കത്തിൽ 7-0ന് മുന്നിൽ എത്താൻ ലക്ഷ്യ സെന്നിന് ആയി. എന്നാൽ രണ്ടാം ഗെയിമിലും ലക്ഷ്യ സെൻ ആ ലീഡ് കളയുന്നതാണ് കണ്ടത്. ആ ഗെയിം 21-14ന് ജയിച്ച് ഡാനിഷ് താരം ഫൈനലിലേക്ക് മുന്നേറി.

ഇന്ത്യയുടെ ജസ്‌വിൻ ആൾഡ്രിനു ലോങ് ജംപിൽ ഫൈനലിലേക്ക് യോഗ്യതയില്ല

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ജസ്‌വിൻ ആൾഡ്രിനു ലോങ് ജംപിൽ ഫൈനലിലേക്ക് യോഗ്യത നേടാൻ ആയില്ല. ഗ്രൂപ്പ് ബിയിൽ യോഗ്യതക്ക് ഇറങ്ങിയ ജസ്‌വിനു 7.61 മീറ്റർ എന്ന ദൂരം ആണ് ചാടാൻ ആയത്. ആദ്യ രണ്ട് ശ്രമങ്ങളും ഫൗൾ ആയപ്പോൾ മൂന്നാം ശ്രമത്തിൽ ആണ് താരം ഇത് മറികടന്നത്.

Jeswin Aldrin

8.15 മീറ്റർ ചാടിയാൽ ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമായിരുന്നു. അല്ലെങ്കിൽ യോഗ്യതയിൽ ആദ്യ 12 എത്തണം ആയിരുന്നു. എന്നാൽ ഇന്ത്യൻ താരത്തിന് 16 പേർ അടങ്ങിയ ഗ്രൂപ്പ് ബിയിൽ നിന്നു 13 സ്ഥാനം ആണ് നേടാൻ ആയത്. പാരീസിൽ അത്ലറ്റിക്സിൽ ഇന്ത്യൻ നിരാശ തുടരുകയാണ് നിലവിൽ.

പാരീസ് ഒളിമ്പിക്സ്, ലോവ്ലിന ക്വാർട്ടറിൽ വീണു

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന ലോവ്ലിന സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് നടന്ന 75 കിലോഗ്രാം വനിതാ ബോക്സിംഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ ലി ക്വിയാൻ ആയിരുന്നു ലോവ്ലിനയുടെ എതിരാളി. 1-4 എന്ന വിധിക്ക് ആണ് ലൊവ്ലിന പരാജയപ്പെട്ടത്.

ലോവ്ലിന

നോർവേയുടെ സുന്നിവ ഹോഫ്‌സ്റ്റാഡിനെ തോൽപ്പിച്ച് ആയിരുന്നു ലോവ്‌ലിന ബോർഗോഹെയ്ൻ 75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. ലോവ്ലിനയുടെ രണ്ടാം ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നമാണ് ഇതോടെ നഷ്ടമായത്.

Exit mobile version