പാരീസ് ഒളിമ്പിക്സ്; ഇന്ത്യയുടെ ബോക്സിംഗ് താരം പ്രീതി പവാർ പ്രീക്വാർട്ടറിൽ

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ബോക്സിംഗ് താരം പ്രീതി പവാർ മുന്നോട്ട്. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ തി കിം ആൻ വോയ്‌ക്കെതിരെ വിജയിച്ച് കൊണ്ടാണ് പ്രീതി പവാർ തുടങ്ങിയത്. 5-0 എന്ന സംയുക്ത തീരുമാനത്തിൽ ആയിരുന്നു പ്രീതിയുടെ വിജയം. ഈ വിജയത്തോടെ അവർ പ്രീ ക്വാർട്ടറിലേക്ക് എത്തി.

മികച്ച പ്രകടനത്തോടെ വിധികർത്താക്കളിൽ നിന്ന് ഏകകണ്ഠമായ തീരുമാനം സമ്പാദിച്ച ഇന്ത്യൻ ബോക്‌സർ മത്സരത്തിലുടനീളം മികച്ചു നിന്നു. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് ആണ് പ്രീതി. പക്ഷേ ഇനി കടുത്ത എതിരാളിയാണ് മുന്നിൽ ഉള്ളത്.

ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുകയും അവരുടെ ഭാരോദ്വഹനത്തിൽ രണ്ടാം സീഡായി റാങ്ക് ചെയ്യുപ്പെടുകയും ചെയ്ത യെനി ഏരിയസിനെ ആകും അടുത്ത റൗണ്ടിൽ പ്രീതി നേരിടുക.

ചാര പ്രവർത്തന ശ്രമം, കനേഡിയൻ വനിതാ ഫുട്‌ബോൾ ടീമിന്റെ 6 പോയിന്റ് കുറച്ചു, ഒപ്പം പിഴയും, കോച്ചിനു 1 വർഷം വിലക്ക്

പുരുഷ ഫുട്‌ബോളിൽ(അണ്ടർ 23 ടൂർണമെന്റ്) നിന്നു വ്യത്യസ്തമായി വനിതാ ഫുട്‌ബോളിൽ ലോകകപ്പ് പോലെ പ്രധാനപ്പെട്ട ടൂർണമെന്റ് ആയി ആണ് ഒളിമ്പിക്സ് കണക്കാക്കപ്പെടുന്നത്. അതിനാൽ തന്നെ വളരെ വാശിയേറിയ പോരാട്ടങ്ങൾ ആണ് ഇവിടെ കാണാൻ ആവുക. അതിനിടെയിൽ ആണ് പാരീസ് ഒളിമ്പിക്സിൽ വിവാദം ആയി ചാര പ്രവർത്തന ആരോപണം കനേഡിയൻ വനിതാ ഫുട്‌ബോൾ ടീമിന് മേൽ വീഴുന്നത്. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ടീമിനെ 2-1 നു 2020 ലെ സ്വർണ മെഡൽ ജേതാക്കൾ ആയ കാനഡ പരാജയപ്പെടുത്തിയ ശേഷമാണ് ഈ ആരോപണം ഉണ്ടാവുന്നത്. 2012, 2016 ലും വെങ്കല മെഡൽ നേടിയ കാനഡ ടോക്കിയോയിൽ സ്വർണം നേടി ചരിത്രം എഴുതിയിരുന്നു.

എന്നാൽ ഇത്തവണ മത്സരത്തിന് മുമ്പ് കാനഡ ന്യൂസിലാൻഡ് ടീമിന്റെ പരിശീലനത്തിന് ഇടയിൽ ഡ്രോൺ ഉപയോഗിച്ച് ചാരപ്രവർത്തനം നടത്തിയെന്നാണ് ആരോപണം ഉയർന്നത്. തുടർന്ന് ഈ ആരോപണം അന്വേഷിച്ച ഫിഫ ഇത് സത്യം ആണെന്ന് കണ്ടെത്തി. നേരത്തെയും ഇവർ ഇത് 3 ഉപയോഗിച്ച് കാണാം എന്ന ആരോപണവും പിറകെയുണ്ടായി. ഇതിനു പിന്നാലെ ഫിഫ കനേഡിയൻ ടീമിന്റെ 6 പോയിന്റ് കുറച്ചു കൊണ്ടു പിഴ ഇടുകയും അതിനു ഒപ്പം ഏതാണ്ട് 2 കോടി ഇന്ത്യൻ രൂപ പിഴ വിധിക്കുകയും ചെയ്യുക ആയിരുന്നു. ഇതിന് പുറമെ ഫിഫ ചാരപ്രവർത്തനം നടത്തിയ കനേഡിയൻ മുഖ്യ പരിശീലക ബെവ്‌ പ്രീറ്റ്സ്മാൻ സഹപരിശീലകർ ആയ ജാസ്മിൻ മാണ്ടർ, ജോയി ലോമ്പാർഡി എന്നിവരെ 1 വർഷത്തേക്ക് ഫുട്‌ബോളും ആയി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിന്നു വിലക്കുകയും ചെയ്തു. നിലവിൽ ഈ കാര്യങ്ങളെ പറ്റി ഇപ്പോൾ ആണ് അറിയുന്നത് എന്ന നിലപാട് ആണ് കനേഡിയൻ ഫുട്‌ബോൾ അസോസിയേഷൻ എടുത്തത്. പാരീസ് ഒളിമ്പിക്സിൽ ഉയർന്ന ഏറ്റവും വലിയ വിവാദം ആണ് ഇത്. ഗ്രൂപ്പ് എയിൽ 2 മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ -3 പോയിന്റ് ആണ് ഇപ്പോൾ കാനഡക്ക് ഉള്ളത്.

അവസാന നിമിഷം ജയം കണ്ടു ഇന്ത്യ, പാരീസ് ഒളിമ്പിക്സിൽ ഹോക്കി ടീം ജയത്തോടെ തുടങ്ങി

പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ പുരുഷ ഹോക്കി ടീം. പൂൾ ബിയിൽ ശക്തരായ ന്യൂസിലാൻഡ് ടീമിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. 3-2 നു ആയിരുന്നു ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ ജയം. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ ക്വാർട്ടറിൽ പെനാൽട്ടി കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ സാം ലൈനിലൂടെ ന്യൂസിലാൻഡ് ആണ് മത്സരത്തിൽ മുൻതൂക്കം നേടിയത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ കൗണ്ടർ അറ്റാക്കിൽ മന്ദീപ്‌ സിങ് നേടിയ ഗോളിൽ ഇന്ത്യ സമനില ഗോൾ കണ്ടെത്തി എത്തിയത്. കഴിഞ്ഞ ഒളിമ്പിക്സിലും താരം ഗോൾ നേടിയിരുന്നു. ന്യൂസിലാൻഡ് ഗോൾ കീപ്പർ ഡിക്സനും ഇന്ത്യൻ ഗോൾ കീപ്പർ ശ്രീജേഷും മത്സരത്തിൽ മികച്ച സേവുകൾ ആണ് നടത്തിയത്. 12 പെനാൽട്ടി കോർണറുകൾ വഴങ്ങിയ ഇന്ത്യക്ക് പലപ്പോഴും രക്ഷകൻ ആയത് ശ്രീജേഷ് ആയിരുന്നു.

രണ്ടാം പകുതിയിൽ മൂന്നാം ക്വാർട്ടറിൽ വിവേകിലൂടെ ഇന്ത്യ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തി. പന്ത് ഗോൾ ലൈൻ കടന്നോ എന്ന സംശയത്തിൽ ഗോൾ വീഡിയോ റഫറലിന് പോയെങ്കിലും റഫറി അനുവദിച്ച ഗോൾ അവർ അനുവദിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി നിരന്തരം ന്യൂസിലാൻഡ് ആക്രമിച്ചു കളിച്ചു. പരിചയസമ്പന്നനായ സൈമൺ ചൈൽഡിലൂടെ അവർ നാലാം ക്വാർട്ടറിൽ സമനില ഗോൾ കണ്ടെത്തുകയും ചെയ്തു. സമനിലക്ക് പോകും എന്ന് കരുതിയ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ ഇന്ത്യൻ വിജയഗോൾ വരികയായിരുന്നു. പെനാൽട്ടി കോർണറിൽ നിന്നു ഇന്ത്യ ഉതിർത്ത ഉറച്ച ഗോൾ അവസരം ന്യൂസിലാൻഡ് താരം ശരീരം കൊണ്ട് തടഞ്ഞതോടെ ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി സ്ട്രോക്ക് ലഭിച്ചു. തുടർന്നു പെനാൽട്ടി എടുത്ത ഹർമൻപ്രീത് സിങ് അത് ഗോളാക്കി മാറ്റി ഇന്ത്യക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിലെ ജയം ഇന്ത്യക്ക് നിർണായകമാണ്.

പാരീസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസ് ആദ്യ ഗ്രൂപ്പ് മത്സരം ജയിച്ചു സ്വാതിക്-ചിരാഗ് സഖ്യം

പാരീസ് ഒളിമ്പിക്സിൽ ബാഡ്മിന്റൺ ഡബിൾസ് ആദ്യ ഗ്രൂപ്പ് മത്സരം ജയിച്ചു ഇന്ത്യയുടെ സ്വാതിക്-ചിരാഗ് സഖ്യം. മൂന്നാം സീഡ് ആയ ചിരാഗ് ഷെട്ടി, സ്വാതിക് സായിരാജ് റെഡി സഖ്യം ആതിഥേയരായ ലൂകാസ്, റൊനാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. കരിയറിൽ ഫ്രഞ്ച് താരങ്ങൾക്ക് എതിരെ ഇത് വരെ തോൽവി അറിഞ്ഞിട്ടില്ല എന്ന മികവും ഇന്ത്യൻ സഖ്യം നിലനിർത്തി.

ഗ്രൂപ്പ് സിയിൽ ആദ്യ സെറ്റിൽ കുറച്ചു വെല്ലുവിളി സ്വാതിക്-ചിരാഗ് സഖ്യം നേരിട്ടെങ്കിലും സെറ്റ് 21-17 നു അവർ നേടി. തുടർന്നു രണ്ടാം സെറ്റിൽ 21-14 നു ജയം കണ്ട സ്വാതിക്-ചിരാഗ് മത്സരത്തിൽ ജയം ഉറപ്പിക്കുക ആയിരുന്നു. പാരീസ് ഒളിമ്പിക്സിൽ ലോക മൂന്നാം നമ്പർ ടീമിൽ നിന്നു ഇന്ത്യ സ്വർണം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇറാഖിനെ തോൽപ്പിച്ച് അർജന്റീന! ഒളിമ്പിക്സിലെ ആദ്യ ജയം

ഒളിമ്പിക്സ് ഫുട്ബോൾ മത്സരത്തിൽ അർജന്റീന ഇറാഖിനെ തോൽപ്പിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് തോറ്റ അർജൻറീനക്ക് ഈ വിജയം നിർണായകമാണ്.

ഒന്ന് മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ തിയാഗോ അൽമേദയിലൂടെ ആണ് അർജൻറീന ലീഡ് എടുത്തത്. ഹൂലിയൻ ആൽവരസ് ആണ് അർജൻറീനക്കായി ആ ഗോൾ ഒരുക്കിയത്. ആദ്യപകുതിയുടെ അവസാനം അയ്മൻ ഹുസൈൻ ആണ് ഇറാനായി സമനില നേടിയത്.

രണ്ടാം പകുതിയിൽ വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച അർജൻറീന 63ആം മിനിറ്റിൽ ലൂസിയാനോ ഗുണ്ടോയിലൂടെ രണ്ടാം ഗോൾ നേടി. അവസാനം ഇസെക്വേൽ കൂടെ അർജൻറീനക്ക് ആയി ഗോൾ നേടിയതോടെ അവർ വിജയം ഉറപ്പിച്ചു. ആൽവരസ് ആണ് ഈ ഗോളും ഒരുക്കിയത്

രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അർജൻറീനമ്മ് മൂന്ന് പോയിന്റാണ് ഗ്രൂപ്പിൽ ഉള്ളത്. ഇനി അവസാന മത്സരത്തിൽ അർജൻറീന ഉക്രൈനെ ആകും നേരിടുക

നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച് ഇന്ത്യൻ ടേബിൾ ടെന്നീസ് താരം ഹർമീത് ദേശായി

ഇന്ത്യൻ ടേബിൾ ടെന്നീസ് താരം ഹർമീത് ദേശായി പാരീസ് 2024 ഒളിമ്പിക്‌സിലെ പുരുഷ സിംഗിൾസ് ഇനത്തിൻ്റെ പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ന് നടന്ന മത്സരത്തിൽ ദേശായി ജോർദാൻ്റെ സായിദ് അബോ യമാനെ തോൽപ്പിച്ചു. 11-7, 11-9, 11-5, 11-5 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഹർമീതിന്റെ വിജയം.

മത്സരത്തിലുടനീളം അസാധാരണമായ കഴിവും ആധിപത്യവും ഇന്ത്യൻ താരം പുലർത്തി. ഈ വിജയത്ത് റൗണ്ട് ഓഫ് 64ലേക്ക് ഹർമീതിനെ എത്തിച്ചു. ഇന്ന് പൊതുവെ നിരാശയാർന്ന ദിവസത്തിൽ ഇന്ത്യക്ക് ഈ വിജയം ഊർജ്ജവും പ്രതീക്ഷയും നൽകും.

പാരീസ് ഒളിമ്പിക്സ്, ബാഡ്മിന്റൺ സിംഗിൾസിൽ ആദ്യ മത്സരം ജയിച്ചു ലക്ഷ്യ സെൻ

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ യുവതാരം ലക്ഷ്യ സെൻ ബാഡ്മിന്റൺ സിംഗിൾസിൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു. തന്റെ അഞ്ചാം ഒളിമ്പിക്സ് കളിക്കുന്ന ഗ്വാട്ടിമാലൻ താരം കെവിൻ ഗോർഡോനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ യുവതാരം മറികടന്നത്. ആദ്യ സെറ്റിൽ സെൻ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്.

ആദ്യ സെറ്റ് 21-8 നു സ്വന്തമാക്കിയ ഇന്ത്യൻ താരം എതിരാളിക്ക് ഒരവസരവും നൽകിയില്ല. എന്നാൽ രണ്ടാം സെറ്റിൽ തുടക്കം മുതൽ ഗോർഡോൻ മുന്നിട്ട് നിന്നു. എന്നാൽ 20-16 പിന്നിട്ടു നിന്ന സമയത്ത് സെറ്റ് പോയിന്റുകൾ രക്ഷിച്ചു തുടർച്ചയായ 6 പോയിന്റുകൾ നേടി സെൻ 22-20 നു സെറ്റ് നേടി മത്സരം സ്വന്തമാക്കുക ആയിരുന്നു. താരത്തിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത് ആണ്.

പാരീസ് ഒളിമ്പിക്സ്, അനായാസ ജയം കുറിച്ച് ജ്യോക്കോവിച്ചും അൽകാരസും രണ്ടാം റൗണ്ടിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ ടെന്നീസിൽ അനായാസ ജയം കുറിച്ച് ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഓസ്‌ട്രേലിയൻ താരം മാത്യു എബ്‌ഡനു ഒരൊറ്റ ഗെയിം മാത്രം മത്സരത്തിൽ നൽകിയാണ് സെർബിയൻ താരം ജയം കണ്ടത്. ആദ്യ സെറ്റ് 6-0 നും രണ്ടാം സെറ്റ് 6-1 നും ആണ് ജ്യോക്കോവിച് ജയിച്ചത്. തന്റെ ആദ്യ വ്യക്തിഗത ഒളിമ്പിക് സ്വർണം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിനു രണ്ടാം റൗണ്ടിൽ റാഫേൽ നദാൽ കളിമണ്ണ് മൈതാനത്ത് എതിരാളിയായി വരാൻ ആണ് സാധ്യത.

അതേസമയം ലെബനാൻ താരം ഹാദി ഹബീബിനെ 6-3, 6-1 എന്ന സ്കോറിന് മറികടന്ന നിലവിലെ വിംബിൾഡൺ ജേതാവും രണ്ടാം സീഡും ആയ കാർലോസ് അൽകാരസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഈ വർഷം ഒളിമ്പിക് സ്വർണം കൂടി ലക്ഷ്യം വെക്കുന്ന അൽകാരസ് അനായാസ ജയം ആണ് നേടിയത്. അതേസമയം വനിത വിഭാഗം ആദ്യ റൗണ്ടിൽ ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക് റൊമാനിയൻ താരം ഇറിനെ കമേലിയയെ 6-2, 7-5 എന്ന സ്കോറിന് മറികടന്നു രണ്ടാം റൗണ്ടിൽ എത്തി.

പാരീസ് ഒളിമ്പിക്സ്, ഇന്ത്യക്ക് ആശ്വാസമായി മനു ഭാകർ ഷൂട്ടിങ് ഫൈനലിൽ

പാരീസ് ഒളിമ്പിക്സിൽ നിരാശയുടെ ആദ്യ ദിനത്തിൽ ഇന്ത്യക്ക് ആശ്വാസമായി മനു ഭാകർ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ ആണ് താരം ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. 580 പോയിന്റുകൾ നേടിയ മുൻ ലോക ഒന്നാം നമ്പർ താരമായ 22 കാരി മൂന്നാമത് ആയാണ് ഫൈനൽ ഉറപ്പിച്ചത്. താരത്തിന് ഒപ്പം മത്സരിച്ച റിത്വം സംഗ്വാനു 573 പോയിന്റുകളും ആയി 15 സ്ഥാനത്ത് ആണ് എത്താൻ ആയത്.

Manu Bhaker

3 കൊല്ലം മുമ്പ് ടോക്കിയോ ഒളിമ്പിക്സിലെ കണ്ണീർ ആണ് ഇത്തവണത്തെ പ്രകടനത്തോടെ മനു മായിച്ചു കളഞ്ഞത്. അന്ന് വലിയ പ്രതീക്ഷയോടെ ഷൂട്ട് ചെയ്ത താരം യോഗ്യതയിൽ 12 മത് ആവുക ആയിരുന്നു. 582 പോയിന്റ് നേടിയ ഹംഗേറിയൻ ഷൂട്ടർ വെറോണിക മേജർ ആണ് യോഗ്യതയിൽ ഒന്നാമത് എത്തിയത്. നാളെ 3.30 നു ആണ് ഫൈനൽ ആരംഭിക്കുക.

10m എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ഫൈനൽ യോഗ്യത നേടാൻ ആകാതെ ഇന്ത്യൻ താരങ്ങൾ

ഇന്ത്യൻ ഷൂട്ടിംഗിന് ഒരു നിരാശ കൂടെ. സരബ്ജോത് സിങ്ങും അർജുൻ സിംഗ് ചീമയും പാരീസ് 2024 ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു. സരബ്‌ജോത് സിംഗ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും 577 പോയിൻ്റുമായി 9-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ടൈ-ബ്രേക്കിംഗ് റൂൾ കാരണം ആണ് അദ്ദേഹം ഫൈനലിൽ നിന്ന് പുറത്തായത്. അദ്ദേഹത്തിൻ്റെ കുറഞ്ഞ സെൻട്രൽ ഷോട്ടുകൾ നിർണ്ണായക ഘടകമായി മാറി. യോഗ്യതാ കട്ട്-ഓഫ് 17 Xs ഉള്ള 577 പോയിൻ്റായിരുന്നു, അതേസമയം സരബ്‌ജോട്ടിന് 16 Xs മാത്രമെ ഉണ്ടായിരുന്നുള്ളൂ.

മറുവശത്ത്, അർജുൻ സിംഗ് ചീമ 574 പോയിൻ്റുമായി 18-ാം സ്ഥാനത്തെ് ആണ് ഫിനിഷ് ചെയ്തത്. നേരത്തെ ഇന്ത്യയുടെ 10m എയർ റൈഫിൾ മിക്സ്ഡ് ടീമും ഫൈനലിൽ എത്തുന്നതിൽ പരാജയപ്പെട്ടിരുന്നു.

പാരീസ് ഒളിംപിക്‌സ്, ആദ്യ സ്വർണം ചൈനക്ക്

പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ടീം ഇനത്തിൽ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിലും ഈ ഇനത്തിൽ ഇവർ ആണ് സ്വർണം നേടിയത്. ഹോങ് യുറ്റിംഗ്, ഷെങ് ലിയാഹോ സഖ്യം ആണ് ചൈനക്ക് ആദ്യ സ്വർണം സമ്മാനിച്ചത്.

ദക്ഷിണ കൊറിയക്ക് ആണ് ഈ ഇനത്തിൽ വെള്ളി. അവരുടെ കെം ജി-ഹിയോൻ, പാർക്ക് ഹ-ഹും സഖ്യം ആണ് ആണ് അവർക്ക് ആയി വെള്ളി നേടിയത്. അതേസമയം ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങൾ ആയ അലക്‌സാന്ദ്രയും സത്പയെവ് ഇസ്‌ലാമും വെങ്കല മെഡലും സ്വന്തമാക്കി.

പാരീസ് ഒളിമ്പിക്സ്, ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് നിരാശ

പാരീസ് ഒളിമ്പിക്സ് ആദ്യ ദിനം ഷൂട്ടിങ് ഇനത്തിൽ ഇന്ത്യക്ക് നിരാശയുടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്‌സഡ് ഡബിൾസിൽ ഇന്ത്യക്ക് ആയി മത്സരിച്ച രണ്ടു ടീമുകൾക്കും മെഡലിന് ആയുള്ള മത്സരത്തിലേക്ക് മുന്നേറാൻ ആയില്ല. അർജുൻ ബാബുറ്റ, രമിത ജിൻഡാൽ സഖ്യം മികച്ച പ്രകടനം ആണ് നടത്തിയത് എങ്കിലും അവർക്ക് 628.7 പോയിന്റുകളും ആയി ആറാം സ്ഥാനത്ത് ആണ് എത്താൻ ആയത്. ആദ്യ നാലിൽ എത്തിയാൽ മാത്രമെ മെഡൽ മത്സരങ്ങൾക്ക് യോഗ്യത നേടാൻ ആവുമായിരുന്നുള്ളൂ.

അതേസമയം ഇന്ത്യക്ക് ആയി മത്സരിച്ച മറ്റൊരു ടീമായ സന്ദീപ് സിങ്, എലവെനിൽ വലറിവാൻ സഖ്യത്തിനും ആദ്യ നാലിൽ എത്താൻ ആയില്ല. 626.3 പോയിന്റുകൾ നേടാൻ ആയ അവർക്ക് 12 സ്ഥാനത്ത് ആണ് എത്താൻ ആയത്. അർജുൻ, രമിത സഖ്യത്തിന് ഒരു പോയിന്റ് വ്യത്യാസത്തിൽ ആണ് മെഡൽ നഷ്ടമായത്. കഴിഞ്ഞ ഒളിമ്പിക്സിൽ പ്രതീക്ഷിച്ച മികവ് പുറത്ത് എടുക്കാത്ത ഷൂട്ടർമാറിൽ നിന്നു ഇന്ത്യ ഇത്തവണ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്.

Exit mobile version