ഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, പാക്തിയ പാന്തേഴ്സിനെ തകര്‍ത്ത് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ കടന്ന് കാബുള്‍ സ്വാനന്‍. ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ പാക്തി പാന്തേഴ്സിനെ തകര്‍ത്താണ് കാബുള്‍ സ്വാനന്‍ ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ കാബുളിന്റെ എതിരാളികള്‍ ബാല്‍ക്ക് ലെജന്‍ഡ്സ് ആണ്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുറത്തെടുത്ത സ്വാനന്‍ നായകന്‍ റഷീദ് ഖാന്‍ ആണ് കളിയിലെ താരം. 19 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ റഷീദ് ഖാന്‍ ബൗളിംഗില്‍ 4 വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത കാബുള്‍ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. കോളിന്‍ ഇന്‍ഗ്രാം 27 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ ലൗറി ഇവാന്‍സ്(31), റഷീദ് ഖാന്‍(35*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ലൂക്ക് റോഞ്ചിയും(15), ഹസ്രത്തുള്ള സാസായിയും(24) മികച്ച തുടക്കം ടീമിനു നല്‍കിയെങ്കിലും അവര്‍ക്ക് അത് തുടരാന്‍ സാഘിച്ചില്ല. ഒരു ഘട്ടത്തില്‍ 79/4 എന്ന സ്ഥിതിയിലായിരുന്ന കാബുള്‍ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തിലാണ് 192 റണ്‍സിലേക്ക് എത്തുന്നത്. ഇതില്‍ അവസാന ഓവറില്‍ മാത്രം 20 റണ്‍സാണ് ടീം നേടിയത്. പാക്തിയയ്ക്കായി ഇസ്രു ഉഡാന, സിയാവ് റഹ്മാന്‍, ഷാഹിദ് അഫ്രീദി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ പാക്തിയ പാന്തേഴ്സിനു ആദ്യ ഓവറില്‍ തന്നെ നായകന്‍ മുഹമ്മദ് ഷെഹ്സാദിനെ നഷ്ടമായി. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ കാബുള്‍ ഒരു ഘട്ടത്തിലും പാന്തേഴ്സിനു തിരിച്ചുവരവിനു അവസരം നല്‍കിയില്ല. 14.5 ഓവറില്‍ 102 റണ്‍സിനു പാക്തിയ പുറത്തായപ്പോള്‍ 90 റണ്‍സിന്റെ ജയമാണ് കാബുള്‍ സ്വന്തമാക്കിയത്.

റഷീദ് ഖാന്‍ നാലും മുസ്ലീം മൂസ രണ്ടും വിക്കറ്റ് നേടി. വെയിന്‍ പാര്‍ണെല്‍, ജാവേദ് അഹമ്മദി, ഷാഹീദുള്ള കമാല്‍, ഫിത്രത്തുള്ള ഖവാരി എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഫൈനല്‍ മത്സരം ഇന്ന് ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം 9.30നു അരങ്ങേറും.

ലോ സ്കോറിംഗ് ത്രില്ലറില്‍ വിജയം പിടിച്ചടുത്ത് പാക്തിയ പാന്തേഴ്സ്

ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവില്‍ കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ 9 റണ്‍സിന്റെ വിജയം സ്വന്തമാക്കി പാക്തിയ പാന്തേഴ്സ്. ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 18.2 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ നൈറ്റ്സിനെ 118 റണ്‍സില്‍ പുറത്താക്കിയാണ് പാന്തേഴ്സ് വിജയം സ്വന്തമാക്കിയത്. 51 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് പാന്തേഴ്സിനായി ബാറ്റിംഗില്‍ തിളങ്ങിയത്. 23 റണ്‍സ് നേടി ഇസ്രു ഉഡാനയും നിര്‍ണ്ണായ റണ്ണുകള്‍ നേടി.

71/7 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 54 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയാണ് റാസയും ഇസ്രുവും ചേര്‍ന്ന് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. റാസ പുറത്തായി ഏറെ വൈകാതെ പാക്തിയയുടെ ഇന്നിംഗ്സ് അവസാനിച്ചു. 4 വിക്കറ്റ് നേടിയ സയ്യദ് ഷിര്‍ദാസിനൊപ്പം മുഹമ്മദ് നവീദ്, വഖാര്‍ സലാംഖെയില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

ഇസ്രു ഉഡാനയും ഷറഫുദ്ദീന്‍ അഷ്റഫും മൂന്ന് വിക്കറ്റ് നേടിയാണ് കാണ്ഡഹാറിന്റെ അന്തകരായത്. ഇസ്രു തന്റെ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. 27 റണ്‍സ് നേടിയ കരിം ജനത് ആണ് കാണ്ഡഹാറിന്റെ ടോപ് സ്കോറര്‍.

പാക്തിയ പാന്തേഴ്സിന്റെ കൂറ്റന്‍ സ്കോര്‍ മറികടക്കാനാകാതെ ബാല്‍ക്ക് ലെജന്‍ഡ്സ്

ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ആദ്യ തോല്‍വിയേറ്റു വാങ്ങി ബാല്‍ക്ക് ലെജന്‍ഡ്സ്. ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ഏഴാം മത്സരത്തില്‍ പാക്തിയ പാന്തേഴ്സ് ടോപ് ഓര്‍ഡറിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 204/4 എന്ന പടുകൂറ്റന്‍ സ്കോറാണ് 20 ഓവറില്‍ നിന്ന് നേടിയത്. കാമറൂണ്‍ ഡെല്‍പോര്‍ട്ട് 48 പന്തില്‍ 6 സിക്സിന്റെ സഹായത്തോടെ 70 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് ഷെഹ്സാദ്(42), ഇഹ്സാനുള്ള ജനത്(47) എന്നിവരുടെ അടിച്ച് തകര്‍ത്താണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

സമിയുള്ള ഷെന്‍വാരി(25), റഹ്മാനുള്ള ഗുര്‍ബാസ്(15) എന്നിവരും നിര്‍ണ്ണായക റണ്‍സുകള്‍ കണ്ടെത്തി. ലെ‍ജന്‍ഡ്സിനു വേണ്ടി ഗുല്‍ബാദിന്‍ നൈബ് 2 വിക്കറ്റ് നേടിയപ്പോള്‍ മിര്‍വൈസ് അഷ്റഫ് ഒരു വിക്കറ്റ് നേടി.

ശ്രീലങ്കന്‍ താരം ഇസ്രു ഉഡാനയുടെ 4 വിക്കറ്റ് നേട്ടത്തിനൊപ്പം സിയൗര്‍ റഹ്മാന്‍ ഷരീഫി മൂന്ന് വിക്കറ്റ് നേടിയാണ് പാക്തിയ പാന്തേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. 19 ഓവറില്‍ ബാല്‍ക്ക് 167 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ മത്സരം 37 റണ്‍സിനു പാക്തിയ ലെജന്‍ഡ്സ് സ്വന്തമാക്കി. 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് നബി വെറും 15 പന്തുകളില്‍ നിന്നാണ് ഈ റണ്‍സ് നേടയിത്. 10 പന്തില്‍ 20 റണ്‍സ് നേടിയ ക്രിസ് ഗെയിലിനും അധിക നേരം ക്രീസില്‍ ചെലവഴിക്കാനാകാതെ പോയത് ടീമിനു തിരിച്ചടിയായി. കോളിന്‍ മണ്‍റോയും രവി ബൊപ്പാരയും 23 റണ്‍സ് വീതം നേടിയെങ്കിലും വേഗത്തില്‍ പുറത്തായി.

കട്ടിംഗിന്റെ പോരാട്ടം വിഫലം, ലെപ്പേര്‍ഡ്സിനെ കീഴടക്കി പാന്തേഴ്സ്

പാക്തിയ പാന്തേഴ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ബെന്‍ കട്ടിംഗ് നടത്തിയെങ്കിലും നാംഗാര്‍ഹര്‍ ലെപ്പേര്‍ഡ്സിനു വിജയം സ്വന്തമാക്കാനായില്ല. ഇന്നലെ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗിലെ നാലാം മത്സരത്തില്‍ 21 റണ്‍സിന്റെ ജയമാണ് പാക്തിയ പാന്തേഴ്സ് നേടിയത്. മുഹമ്മദ് ഷെഹ്സാദ്(53), കാമറൂണ്‍ ഡെല്‍പോര്‍ട്ട്(35), സമിയുള്ള ഷെന്‍വാരി(38*) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടിയ പാക്തിയ ബെന്‍ കട്ടിംഗിന്റെ 39 പന്തില്‍ നിന്നുള്ള 71 റണ്‍സിനെ അതിജീവിച്ച് ജയം സ്വന്തമാക്കി.

71 റണ്‍സും മൂന്ന് വിക്കറ്റും നേടിയ ബെന്‍ കട്ടിംഗ് ആണ് കളിയിലെ താരം. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായ മത്സരങ്ങളില്‍ താരം ഈ നേട്ടം നേടുന്നത്. 20 ഓവറില്‍ 163/6 എന്ന സ്കോര്‍ നേടിയ ലെപ്പേര്‍ഡ്സിനായി ഹസ്മത്തുള്ള ഷഹീദ് 49 റണ്‍സുമായി പുറത്താകാതെ നിന്നു.

തുടക്കം വെടിക്കെട്ടോടെ, റണ്‍ മഴയ്ക്ക് ശേഷം കാബുള്‍ സ്വാനന് ജയം

അത്യന്തം ആവേശകരമായ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ ആവേശ വിജയം നേടി കാബൂള്‍ സ്വാനന്‍. 219 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കാബൂളിന്റെ വിക്കറ്റുകള്‍ പാക്തിയ പാന്തേഴ്സ് കൃത്യമായ ഇടവേളകളില്‍ വീഴ്ത്തിയെങ്കിലും ലൗറി ഇവാന്‍സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെയും മറ്റു സഹതാരങ്ങളുടെ സംഭാവനകളും ചേര്‍ന്നപ്പോള്‍ 5 പന്തുകള്‍ ശേഷിക്കെ 3 വിക്കറ്റ് വിജയം കാബൂള്‍ നേടുകയായിരുന്നു.

39 പന്തില്‍ നിന്ന് 5 ഫോറും 6 സിക്സും സഹിതം 79 റണ്‍സ് നേടി ഇവാന്‍സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഫരീദ് അഹമ്മദ്(14*), റഷീദ് ഖാന്‍(24), മുസ്ലീം മൂസ(17) എന്നിവര്‍ക്കൊപ്പം ഹസ്രത്തുള്ള സാസായി(27), ജാവേദ് അഹമ്മദി(25) എന്നിവരും കുറഞ്ഞ പന്തുകളില്‍ സ്കോറിംഗ് നടത്തി കാബൂളിന്റെ ചേസിംഗിനു വേഗത കൂട്ടുകയായിരുന്നു. ഷറഫുദ്ദീന്‍ അഷ്റഫ്, താഹിര്‍ ഖാന്‍ എന്നിവര്‍ പാന്തേഴ്സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുഹമ്മദ് ഷെഹ്സാദ്, സിക്കന്ദര്‍ റാസ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് 4 വിക്കറ്റ് നഷ്ടത്തില്‍ പാക്തിയ പാന്തേഴ്സിനെ 218 റണ്‍സിലേക്ക് നയിച്ചത്. 40 പന്തില്‍ 78 റണ്‍സ് നേടിയ റാസ 7 സിക്സും 4 ബൗണ്ടറിയും നേടിയപ്പോള്‍ 39 പന്തില്‍ നിന്ന് 67 റണ്‍സാണ് ഷെഹ്സാദ് നേടിയത്. 7 ബൗണ്ടറിയും 5 സിക്സുമാണ് താരത്തിന്റെ സംഭാവന. കാബൂളിനു വേണ്ടി സഹീര്‍ ഷെഹ്സാദ് രണ്ടും വെയിന്‍ പാര്‍ണല്‍, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version