അവസാനം പാകിസ്ഥാന് ഒരു ജയം!! കാനഡയെ തോൽപ്പിച്ചു

ഈ ലോകകപ്പിൽ പാകിസ്ഥാൻ ആദ്യമായി വിജയിച്ചു. ഇന്ന് കാനഡയെ നേരിട്ട പാകിസ്താൻ 7 വിക്കറ്റ് വിജയമാണ് നേടിയത്. 107 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 17.3 ഓവറിൽ ലക്ഷ്യം കണ്ടു. റിസുവാനും ബാബറും ആണ് പാകിസ്താനായി തിളങ്ങിയത്. റിസുവാൻ 53 റൺസുമായി പുറത്താകാതെ നിന്നു. ബാബർ അസം 33 റൺസും എടുത്തു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത കാനഡ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസ് എടുത്തത്. ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ കാനഡ ആക്രമിച്ചു കളിച്ചു എങ്കിലും പിന്നീട് തുടരെ തുടരെ കാനഡക്ക് വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി എടുത്ത ഓപ്പണർ ജോൺസൺ ആണ് കാനഡയെ 100 കടക്കാൻ സഹായിച്ചത്.

ജോൺസൺ 44 പന്തിൽ 52 റൺസ് എടുത്തു. നാല് സിക്സും ആറ് ഫോറും ജോൺസൺ ഇന്ന് അടിച്ചു. ആരോൺ ജോൺസൺ അല്ലാതെ ആകെ രണ്ടു താരങ്ങൾ മാത്രമാണ് ഇന്ന് കാനഡ നിരയിൽ രണ്ടക്കം കടന്നത്. പാകിസ്ഥാനായി മുഹമ്മദ് അമീർ, ഹാരിസ് റഹൂഫ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

പാകിസ്ഥാൻ ടീമിനെ മൊത്തത്തിൽ മാറ്റണം എന്ന് വസീം അക്രം

ഇന്ത്യക്ക് എതിരായ പരാജയത്തിനു ശേഷം പാകിസ്ഥാൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് പാകിസ്താൻ ഇതിഹാസ താരം വസീം അക്രം. പാകിസ്താൻ ടീം മുഴുവൻ ആയു പിരിച്ചു വിടണം എന്ന് വസീം അക്രം പറഞ്ഞു. കളിക്കാർ ഒട്ടും പ്രൊഫഷണൽ അല്ല എന്നും അദ്ദേഹം പറഞ്ഞു

“ഇതിൽ പലരും 10 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു, എനിക്ക് അവരെ പഠിപ്പിക്കാൻ കഴിയില്ല. റിസ്വാന് കളി എന്താണെന്ന് ബോധമില്ല. വിക്കറ്റ് വീഴ്ത്താൻ ആണ് ബുംറയ്ക്ക് പന്ത് നൽകിയെന്നും ആ പന്തുകൾ കരുതലോടെ കളിക്കുകയായിരുന്നു ബുദ്ധിയെന്നും അദ്ദേഹം അറിയണമായിരുന്നു. എന്നാൽ റിസ്വാൻ ഒരു വലിയ ഷോട്ടിന് പോയി വിക്കറ്റ് നഷ്ടമാക്കി, ”അക്രം പറഞ്ഞു.

“ഇഫ്തിഖർ അഹമ്മദിന് ലെഗ് സൈഡിൽ ഒരു ഷോട്ട് അറിയാം. വർഷങ്ങളായി അദ്ദേഹം ടീമിൻ്റെ ഭാഗമാണ്, പക്ഷേ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

“മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലകരെ പുറത്താക്കുമെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും പാക് കളിക്കാർ കരുതുന്നു. പരിശീലകരെ നിലനിർത്താനും ടീമിനെ മുഴുവൻ മാറ്റാനുമുള്ള സമയമാണിത്,” അക്രം കൂട്ടിച്ചേർത്തു

“ഈ ടീമിൽ പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കാത്ത കളിക്കാരുണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്, നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കളിക്കാരെ വീട്ടിൽ ഇരുത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാന്റെ ബാറ്റിംഗ് ആണ് പരാജയത്തിന് കാരണമായത് എന്ന് ബാബർ അസം

ഇന്ത്യക്ക് എതിരായ മത്സരത്തിൽ പാകിസ്ഥാൻ തോൽക്കാൻ കാരണം മോശം ബാറ്റിംഗ് ആണെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. തൻ്റെ ടീം നന്നായി ബൗൾ ചെയ്തെങ്കിലും ബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിലാണ് മത്സരം തോറ്റതെന്നു ബാബർ പറഞ്ഞു. പവർപ്ലേയിൽ നന്നായി ബാറ്റ് ചെയ്യാത്തത് 10 പന്തിൽ 13 റൺസ് നേടിയ ബാബറും തിളങ്ങിയിരുന്നില്ല.

“ഞങ്ങൾ നന്നായി ബൗൾ ചെയ്തു. ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്‌ടപ്പെടുകയും ഡോട്ട് ബോളുകൾ അധികമാവുകയും ചെയ്തു. വാലറ്റക്കാരിൽ നിന്ന് അല്ല പ്രതീക്ഷിക്കേണ്ടത്. മുൻ നിര ആയിരുന്നു കളി ജയിപ്പിക്കേണ്ടത്.” ബാബർ പറഞ്ഞു.

“ആദ്യത്തെ ആറ് ഓവറുകൾ മുതലെടുക്കാൻ ആയിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ ഒരു വിക്കറ്റ് വീണു. കാര്യമായി റൺ നേടാൻ ആയില്ല. വീണ്ടും ഞങ്ങൾ ആദ്യ ആറ് ഓവറിൽ പ്രതീക്ഷിച്ച സ്ഥലത്ത് എത്തിയില്ല.” അദ്ദേഹം പറഞ്ഞു.

“പിച്ച് നല്ലതായിരുന്നു. ഇനി അവസാന രണ്ട് മത്സരങ്ങളും ജയിക്കണം. ഞങ്ങളുടെ തെറ്റുകൾ ഇരുന്ന് ചർച്ച ചെയ്യും, അവസാന രണ്ട് മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ്,” ബാബർ അസം മത്സരത്തിന് ശേഷം പറഞ്ഞു.

ബുമ്ര മാജിക്ക്!! ബൗളിംഗ് മികവിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചു

ലോകകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച വിജയം. ഇന്ന് ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നിൽ വെച്ച 120 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പതറുക ആയിരുന്നു. അവർക് 20 ഓവറിൽ 113 റൺസ് എടുക്കാനെ ആയുള്ളൂ. ബുമ്രയുടെ തകർപ്പൻ ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

തുടക്കത്തിൽ 13 റൺസ് എടുത്ത ബാബർ അസമിനെ പാകിസ്താന് നഷ്ടമായി എങ്കിലും റിസുവാന്റെ ഇന്നിംഗ്സ് പാകിസ്താനെ തകരാതെ കാത്തു. മെല്ലെ സ്കോർ ചെയ്ത പാകിസ്താൻ 13 റൺസ് വീതം എടുത്ത് നിൽക്കെ ഉസ്മാൻ ഖാനെയും ഫഖർ സമാനെയും ചെയ്സിന് ഇടയിൽ നഷ്ടമായി.

അവസാന 6 ഓവറിൽ 40 റൺസ് ആയിരുന്നു പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനഞ്ചാം ഓവറിൽ ആദ്യ പന്തിൽ ബുമ്ര റിസുവാനെ പുറത്താക്കി. ഇത് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 44 പന്തിൽ നിന്ന് 31 റൺസ് മാത്രമാണ് റിസുവാൻ എടുത്തത്. ബുമ്ര ആ ഓവറിൽ 3 റൺസ് മാത്രമാണ് നൽകിയത്. പാകിസ്താന് ജയിക്കാൻ വേണ്ടത് 5 ഓവറിൽ 37 എന്ന സ്കോർ ആയി.

അടുത്ത ഓവറിൽ അക്സർ വിട്ടു നൽകിയത് വെറും 2 റൺസ് മാത്രം. റിക്വയേർഡ് റൺ റേറ്റ് ഉയർന്ന്യ്. 4 ഓവറിൽ 35 റൺസ് എന്നായി. അടുത്ത ഓവറിൽ ഹാർദിക് ശദബ് ഖാനെ പുറത്താക്കി. അഞ്ച് റൺസ് ആണ് ആ ഓവറിൽ വന്നത്. ജയിക്കാൻ 3 ഓവറിൽ 30 എന്നായി‌.

സിറാജ് എറിഞ്ഞ 18ആം ഓവറിൽ 9 റൺസ് വന്നു. 2 ഓവറിൽ ജയിക്കാൻ 21 റൺസ്. ബുമ്രയാണ് 19ആം ഓവർ എറിഞ്ഞത്. 3 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്ര ഇഫ്തിഖാറിന്റെ വിക്കറ്റും എടുത്തു‌. അവസാന ഓവറിൽ ജയിക്കാൻ പാകിസ്താന് 18 റൺസ്. ബുമ്ര 4 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.

അവസാന ഓവർ അർഷ്ദീപ് ആണ് അറിഞ്ഞത്. ആദ്യ പന്തിൽ അർഷ്ദീപ് ഇമാദിനെ പുറത്താക്കി.രണ്ടാം പന്തിൽ ഒരു സിംഗിൾ മാത്രമെ വന്നുള്ളൂ. അടുത്ത പന്തിലും സിംഗിൾ. നാലാം പന്തിൽ നസീം ഷാ ഒരു ബൗണ്ടറി നേടി. അവസാന 2 പന്തിൽ 12 റൺസ് വേണമായിരുന്നു ജയിക്കാൻ. അഞ്ചാം പന്തിൽ ഫോർ അടിച്ചു. ഇതോടെ ഒരു പന്തിൽ നിന്ന് 8 റൺസ് വേണം എന്നായി. അവസാന പന്തിൽ ഒരു സിംഗിൾ മാത്രം. ഇന്ത്യക്ക് രണ്ടാം വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വെറും 119 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 19 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ 42 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മൂന്നാം വിക്കറ്റിൽ 39 റൺസാണ് അക്സര്‍ പട്ടേലുമായി ചേര്‍ന്ന് പന്ത് നേടിയത്. 20 റൺസായിരുന്നു അക്സറിന്റെ സംഭാവന. പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റിൽ 31 റൺസ് നേടിയപ്പോള്‍ അതിൽ സ്കൈയുടെ സംഭാവന വെറും ഏഴ് റൺസായിരുന്നു. പന്തിന് നിരവധി അവസരം നൽകി പാക്കിസ്ഥാന്‍ സഹായിയ്ക്കുകയായിരുന്നു.

95/4 എന്ന നിലയിൽ നിന്ന് ഇന്ത്യ 96/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. പൊരുതി നിന്ന ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായത് ടീമിന് തിരിച്ചടിയായി. 31 പന്തിൽ 42 റൺസാണ് പന്ത് നേടിയത്. വാലറ്റത്തിൽ അര്‍ഷ്ദീപ്, മൊഹമ്മദ് സിറാജ് എന്നിവരുടെ സംഭാവനകളാണ് ടീമിനെ 119 റൺസിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും 3 വീതം വിക്കറ്റാണ് നേടിയത്. മൊഹമ്മദ് അമീര്‍ 2 വിക്കറ്റും നേടി.

ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം!! ലോകകപ്പ് ഇന്ന് ഫയറാകും

ഇന്ന് ലോകകപ്പിൽ നടക്കുന്ന വൻ പോരാട്ടത്തിൽ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് ന്യൂയോർക്കിൽ വച്ച് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാനാകും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് മികച്ച തുടക്കമാണ് ഇന്ത്യ നേടിയത്. ആ വിജയ പരമ്പര തുടരുകയാകും ഇന്ത്യയുടെ ലക്ഷ്യം. പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിൽ നിന്ന് കരകയറുകയാകും പാകിസ്ഥാന്റെ ലക്ഷ്യം. എന്നാൽ ഇന്ത്യക്ക് എതിരെ ലോകകപ്പിൽ അവർക്ക് അത്ര നല്ല റെക്കോർഡ് അല്ല ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ഒരു വിജയം നേടുക എന്നത് എളുപ്പമായിരിക്കില്ല.

ഇന്ത്യ ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത. സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരത്തിന് മഴയുടെ ഭീഷണി ഉണ്ടാവില്ല എന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിച്ചിന്റെ മോശം അവസ്ഥ കൊണ്ട് ഇന്നത്തെ മത്സരത്തിൽ ബാറ്റർമാർ ഒരു താളം കണ്ടെത്താൻ പ്രയാസപ്പെടാൻ സാധ്യതയുണ്ട്.

പാകിസ്താനെ തോൽപ്പിക്കുന്നത് ഇന്ത്യക്ക് ലോകകപ്പ് നേടുന്നത് പോലെ – സിദ്ദു

പാകിസ്ഥാനെ തോൽപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ലോകകപ്പ് വിജയിക്കുന്നതിനു തുല്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. നാളെ ഇന്ത്യ ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് പാകിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ്.

“ഈ മത്സരത്തിൽ ആരും തോൽവി സമ്മതിക്കില്ല, പ്രതികാരത്തിൻ്റെ സംസ്കാരമാണ് ഈ മത്സരത്തിനുള്ളത്, തോൽവി അത് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. ഇവിടെ ആരും പരാജയം ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നില്ല, നിങ്ങൾ ആരോടും തോറ്റോളൂ പാകിസ്ഥാനെതിരെ തോൽക്കരുത്, പാകിസ്ഥാനെതിരെ ജയിച്ചാൽ, നിങ്ങൾ ഒരു ലോകകപ്പ് നേടിയത് പോലെയാണ്, ആളുകൾ അങ്ങനെയാണ് കാണുന്നത്,” – സിദ്ദു പറഞ്ഞു.

“ഇന്ത്യയെയും പാകിസ്താനെയും നോക്കിയാൽ ഒരു വശത്ത് ഉയർച്ചയും മറുവശത്ത് പതർച്ചയും ഉണ്ട്. പാകിസ്താൻ ഇംഗ്ലണ്ടിനെതിരെ തോറ്റു. നിങ്ങൾ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് എഞിട്ടും നിങ്ങൾ യുഎസ്എയ്‌ക്കെതിരെ തോൽക്കുന്നു. പാകിസ്ഥാൻ ടീമിന് ബാറ്റിംഗില്ല. നിങ്ങൾക്ക് അവരെ വിശ്വസിക്കാൻ കഴിയില്ല. അതേസമയം, ടി20 ലോകകപ്പിൽ ഇന്ത്യക്ക് നല്ല ബാലൻസുള്ള ടീമുണ്ട്, ”സിദ്ദു കൂട്ടിച്ചേർത്തു

ഇതിനേക്കാൾ വലിയ നാണക്കേട് പാകിസ്ഥാൻ ക്രിക്കറ്റിന് വരാനില്ല എന്ന് കമ്രാൻ അക്മൽ

ടി20 ലോകകപ്പിലെ അമേരിക്കക്ക് എതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം കമ്രാൻ അക്മൽ. ഇതിനേക്കാൾ വലിയ അപമാനം പാകിസ്താൻ ക്രിക്കറ്റിന് വരാൻ ഇല്ല എന്ന് അക്മൽ പറഞ്ഞു.

“പാകിസ്ഥാൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അപമാനം ആണ് ഇത്. സൂപ്പർ ഓവറിൽ കളി തോൽക്കുന്നത് നാണക്കേടാണ്. ഇതിലും വലിയ അപമാനം ഉണ്ടാകില്ല.” അക്മൽ പറഞ്ഞു.

“അമേരിക്ക അസാധാരണമായി കളിച്ചു. അവർക്ക് താഴ്ന്ന റാങ്കുള്ള ടീമാണെന്ന് തോന്നിപ്പിച്ചില്ല. അതാണ് അവർ കാണിച്ച പക്വതയുടെ നിലവാരം,” അക്മൽ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ഞങ്ങളേക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചതുകൊണ്ടാണ് അവർ വിജയത്തിന് അർഹരായത്. പാകിസ്താൻ ക്രിക്കറ്റിൻ്റെ യഥാർത്ഥ നിലവാരം തുറന്നുകാണിക്കപെട്ടു. നമ്മുടെ ക്രിക്കറ്റിനെ ഞങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഇത് കാണിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

പവര്‍പ്ലേയിൽ പാക്കിസ്ഥാന്‍ പിന്നിൽ പോയി – ബാബര്‍ അസം

യുഎസ്എയ്ക്കെതിരെയുള്ള മത്സരത്തിൽ ഇരു പവര്‍പ്ലേയിലും പാക്കിസ്ഥാന്‍ പിന്നിൽ പോയെന്ന് പറഞ്ഞ് ബാബര്‍ അസം. ടി20 ലോകകപ്പില്‍ യുഎസ്എയോടേറ്റ് സൂപ്പര്‍ ഓവര്‍ തോൽവിയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു പാക് നായകന്‍.

തുടരെ മൂന്ന് വിക്കറ്റുകളെല്ലാം പോയാൽ ഏത് ടീമും പിന്നോട്ട് പോകുമെന്നും ബൗളിംഗിലും ആദ്യ ആറോവറിൽ പ്രഭാവം സൃഷ്ടിക്കാന്‍ പാക്കിസ്ഥാനായില്ലെന്നും ബാബര്‍ തുറന്ന് പറഞ്ഞു. മധ്യ ഓവറുകളിൽ സ്പിന്നര്‍മാര്‍ക്കും വിക്കറ്റ് നേടാനായില്ല എന്നും ബാബര്‍ അസം വ്യക്തമാക്കി.

വളരെ പ്രയാസകരമായ ഫലമാണ് ഇതെന്നും പക്ഷേ മൂന്ന് ഡിപ്പാര്‍ട്മെന്റിലും യുഎസ്എ തങ്ങളെക്കാള്‍ മികച്ച് നിന്നുവെന്നും ബാബര്‍ അസം വ്യക്തമാക്കി.

ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എല്ലാത്തിലും പാകിസ്ഥാൻ മോശമായിരുന്നു – ബാബർ അസം

അമേരിക്കയെ ചെറിയ ടീമാണെന്ന ലാഘവത്തോടെ നേരിട്ടതാണ് പാകിസ്ഥാൻ തോൽക്കാൻ കാരണം എന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം‌. എല്ലാ മേഖലയിലും പാകിസ്താൻ മോശമായിരുന്നു എന്ന് ബാബർ പറഞ്ഞു. സൂപ്പർ ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലായിരുന്നു പാകിസ്താനെ അമേരിക്ക തോൽപ്പിച്ചത്.

“നിങ്ങൾ ഏത് ടൂർണമെൻ്റിൽ വരുമ്പോഴും നിങ്ങൾ എല്ലായ്പ്പോഴും മികച്ച തയ്യാറെടുപ്പ് നടത്തുന്നു. ഇത് ഒരുതരം മാനസികാവസ്ഥയാണെന്ന് നിങ്ങൾക്ക് പറയാം. നിങ്ങൾ ഇത്തരമൊരു ടീമിനെതിരെ വരുമ്പോൾ നിങ്ങൾ അൽപ്പം ലാഘവത്തോടെ കാര്യങ്ങൾ എടുക്കുന്നു. നിങ്ങൾ ഒരു ടീമിനെയും അങ്ങനെ കണക്കാക്കരുത്.” ബാബർ പറഞ്ഞു.

“നിങ്ങളുടെ പദ്ധതി നടപ്പിലാക്കിയില്ലെങ്കിൽ, അത് ഏത് ടീമിന് എതിരായാലും നിങ്ങൾ തോൽക്കും. ഞങ്ങൾ മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്തുന്നു. പക്ഷെ കളിയിൽ ആ പ്രകടനം നടത്തുന്നില്ല,ഞങ്ങൾ ഒരു ടീമെന്ന നിലയിൽ ഞങ്ങളുടെ പദ്ധതികൾ നടപ്പിലാക്കുന്നില്ല,” ബാബർ പറഞ്ഞു

“ഫീൽഡിംഗ്, ബൗളിംഗ്, ബാറ്റിംഗ് എല്ലാത്തിലും ഞങ്ങൾ മോശമായിരുന്നു. ആദ്യ 6 ഓവറുകൾ- ഞങ്ങൾ മുത ഞാൻ കരുതുന്നു. ” ബാബർ പറഞ്ഞു.

പാകിസ്താനെതിരെ കുൽദീപ് ഇന്ത്യൻ ഇലവനിൽ ഉണ്ടാകണം – ആകാശ് ചോപ്ര

സ്പിന്നർ കുൽദീപ് യാദവ് പാകിസ്ഥാനെതിരായ ഇന്ത്യൻ മത്സരത്തിൽ കളിക്കണം എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കുൽദീപ് യാദവിനെ കളിപ്പിച്ചിരുന്നില്ല. ജിയോ സിനിമയിൽ ഇന്ത്യ പാകിസ്താൻ മത്സരത്തെ കുറിച്ച് സംസാരിക്കവെ ആണ് കുൽദീപിനെ കുറിച്ച് ചോപ്ര പറഞ്ഞത്. ജൂൺ 9നാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം നടക്കുന്നത്.

“ഈ മത്സരം വൈകാരികമായ പോരാട്ടമായിരിക്കും, വ്യക്തമായും രണ്ടു ടീമുകൾക്കുമുള്ള കഴിവുകൾ തുല്യമാണ്. ഇരു ടീമുകൾക്കും സ്റ്റേഡിയത്തിലെ ആരാധകരിൽ നിന്ന് ഏതാണ്ട് തുല്യ പിന്തുണ ലഭിക്കും. മത്സരത്തിൽ പിച്ച് എങ്ങനെ പെരുമാറുമെന്ന് പറയാൻ വളരെ പ്രയാസമാണ്, പക്ഷേ ടോസ് നിർണായകമാകും. കാരണം ആരു ജയിച്ചാലും ആദ്യം പന്തെറിയുകയും പവർപ്ലേ നിയന്ത്രിക്കാൻ നോക്കുകയും ചെയ്യും.” ആകാശ് പറഞ്ഞു.

“കുൽദീപ് യാദവ് കളിക്കണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു, എന്നാൽ ഇന്ത്യ ആദ്യ മത്സരത്തിലെ അതേ ടീമിനൊപ്പം ഈ മത്സരത്തിനും ഇറങ്ങാനാണ് സാധ്യത” ആകാശ് ചോപ്ര പറഞ്ഞു. കുൽദീപ് ഈ ഐപിഎൽ സീസണിൽ 11 മത്സരങ്ങൾ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

T20 ലോകകപ്പ്, പാകിസ്താൻ നാണംകെട്ടു!! അത്ഭുതം കാണിച്ച് അമേരിക്ക!!

ടി20 ലോകകപ്പ് 2024ൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ പാകിസ്താൻ അമേരിക്കയോട് പരാജയപ്പെട്ടു. അമേരിക്ക സൂപ്പർ ഓവർ വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് പാകിസ്താനെ തോൽപ്പിച്ചത്. ഈ ലോകകപ്പിനെ ആവേശത്തിലേക്ക് ഉയർത്തുന്ന മത്സരമാണ് ഇന്ന് കാണാൻ ആയത്. സൂപ്പർ ഓവറിൽ 19 വിജയിക്കാൻ വേണ്ടിയിരുന്ന പാകിസ്താന് അതെടുക്കാൻ ആയില്ല. അമേരിക്ക ചരിത്ര വിജയം നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 20 ഓവറിൽ 159-7 റൺസ് ആയിരുന്നു എടുത്തത്. ചെയ്സ് ചെയ്ത അമേരിക്കയും 157 റൺസ് എടുത്തതോടെയാണ് കളി സൂപ്പർ ഓവറിലേക്ക് എത്തിയത്. ഇന്ന് അവസാന ഓവറിൽ അമേരിക്കയ്ക്ക് ജയിക്കാൻ 15 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ഹാരിസ് റഹൂഫ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസ് അടിച്ച് കളി ടൈ ആക്കാൻ അമേരിക്കയ്ക്ക് ആയി.

26 പന്തിൽ നിന്ന് 36 റൺസ് എടുത്ത ആരോൺ ജോൺസും 14 പന്തിൽ 14 എടുത്ത എൻ ആർ കുമാറും ആണ് കളി ടൈ ആക്കിയത്. അവസാന പന്തിൽ ജയിക്കാൻ 5 വേണ്ടപ്പോൾ 4 അടിച്ച് സമനിലയിൽ ആക്കിയത് കുമാറായിരുന്നു.

അമേരിക്കയ്ക്ക് ആയി 38 പന്തിൽ 54 റൺസ് എടുത്ത മൊനാക് പട്ടേൽ. 35 റൺസ് എടുത്ത ആൻഡ്രസ് ഗസ് എന്നിവരും തിളങ്ങി. നേരത്തെ ആദ്യം ബാറ്റു ചെയ്ത പാകിസ്താനായി 44 റൺസ് എടുത്ത ബാബർ അസമും 25 പന്തിൽ 40 എടുത്ത ശദബ് ഖാനും ആണ്‌ തിളങ്ങിയത്.

സൂപ്പർ ഓവറിൽ ആമിർ എറിഞ്ഞ ഓവറിൽ ആരോൺ ജോൺസും ഹർമീതും ചേർന്ന് അമേരിക്കയ്ക്ക് ആയി 18 റൺസ് എടുത്തു. 8 എക്സ്ട്ര ആണ് സൂപ്പർ ഓവറിൽ വന്നത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താനായി ഇഫ്തിഖാരും ഫഖർ സമാനും ആണ് ഇറങ്ങിയത്. അമേരിക്കയ്ക്ക് ആയി നെറ്റ്രവാൽക്കർ പന്തെറിഞ്ഞു. ആദ്യ പന്തിൽ റൺ വന്നില്ല. രണ്ടാം പന്തിൽ ഇഫ്തിഖർ ഫോർ അടിച്ചു. പിന്നെ 4 പന്തിൽ വേണ്ടത് 15 റൺസ്. അടുത്ത പന്ത് വൈഡ്. 4 പന്തിൽ 14 ആയി ചുരുങ്ങി.

മൂന്നാം പന്തിൽ ഇഫ്തിഖർ ഒരു സിക്സിന് ശ്രമിക്കവെ ഔട്ട് ആയി. 3 പന്തിൽ ജയിക്കാൻ 14 റൺസ്. ശദബ് ഖാൻ ആണ് അടുത്തതായി കളത്തിൽ എത്തിയത്. ഒരു വൈഡ് കൂടെ വന്നു. ജയിക്കാൻ 3 പന്തിൽ 13 റൺസ്. അടുത്ത പന്തിൽ എഡ്ജിൽ ഒരു ഫോർ. 2 പന്തിൽ ജയിക്കാൻ 9 റൺസ്. അടുത്ത പന്തിൽ 2 റൺസ്. അവസാന പന്തിൽ ജയിക്കാൻ 7 റൺസ്. വന്നത് ഒരു റൺ മാത്രം. വിജയം ഉറപ്പിച്ച നിമിഷം.

അമേരിക്ക ലോകകപ്പിലെ ആദ്യ മത്സരത്തിൽ കാനഡയെ തോൽപ്പിച്ചിരുന്നു. ലോകകപ്പിനു മുമ്പ് അമേരിക്ക ബംഗ്ലാദേശിനെതിരായ പരമ്പരയും നഷ്ടപ്പെടുത്തിയിരുന്നു.

ഗ്രൗണ്ടിലേക്ക് ഒരു മണിക്കൂർ ദൂരം, പാകിസ്താന്റെ പരാതി പരിഹരിച്ച് പുതിയ ഹോട്ടൽ നൽകി ICC

പാകിസ്താൻ ടീമിന്റെ പരാതി പരിഗണിച്ച് അവരുടെ ഹോട്ടൽ ഐ സി സി മാറ്റി നൽകി. ഗ്രൗണ്ടിലേക്ക് 90 മിനിറ്റ് ഡ്രൈവ് ചെയ്ത് പോകാൻ ഉള്ള പ്രശ്നത്തിൽ പാകിസ്താൻ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഐസിസി പാകിസ്ഥാൻ ടീമിനെ ന്യൂയോർക്കിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി.

ന്യൂയോർക്കിലെ വെസ്റ്റ്ബറിയിലെ ലോംഗ് ഐലൻഡിലെ സ്റ്റേഡിയത്തിൽ നിന്ന് അഞ്ച് മിനിറ്റ് മാത്രം ദൂരെയുള്ള ഒരു ഹോട്ടലിലേക്ക് ടീമിനെ മാറ്റിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. ഈ ഞായറാഴ്ച ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് പാകിസ്താൻ ഇപ്പോൾ.

ന്യൂയോർക്കിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഗ്രൗണ്ടിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള ഒരു ഹോട്ടലിലാണ് താമസിക്കുന്നത്.

Exit mobile version