ത്രിരാഷ്ട്ര പരമ്പര വിജയത്തോടെ തുടങ്ങി പാക്കിസ്ഥാന്‍

ആതിഥേയരായ സിംബാബ്‍വേയ്ക്കെതിരെ 74 റണ്‍സിന്റെ വിജയം സ്വന്തമാക്കി ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഗംഭീര തുടക്കുവമായി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 182 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേ 17.5 ഓവറില്‍ 108 റണ്‍സിനു ഓള്‍ഔട്ട് ആയി. ആസിഫ് അലിയാണ് കളിയിലെ താരം.

21 പന്തില്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്ന ആസിഫ് അലി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയപ്പോള്‍ ഫകുര്‍ സമന്‍(61) ഷൊയ്ബ് മാലിക്(37*) എന്നിവരും തിളങ്ങി. ഫകര്‍ സമന്‍ പുറത്താകുമ്പോള്‍ 14.4 ഓവറില്‍ പാക്കിസ്ഥാന്‍ 120 റണ്‍സാണ് നേടിയത്.

അഞ്ചാം വിക്കറ്റില്‍ മാലിക്-ആസിഫ് കൂട്ടുകെട്ട് പുറത്താകാതെ 62 റണ്‍സാണ് നേടിയത്. സിംബാബ്‍വേയ്ക്കായി ടെണ്ടായി ചിസോരോ രണ്ടും കൈല്‍ ജാര്‍വിസ്, ചാമു ചിബാബ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്കെതിരെ പാക് ബൗളര്‍മാരായ മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാന്‍, ഹസന്‍ അലി, മുഹമ്മദ് ഹഫീസ് എന്നിവര്‍ രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. 43 റണ്‍സ് നേടിയ തരിസായി മുസ്കാന്‍ഡയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അവസാന സെക്കന്‍ഡില്‍ സമനില ഗോള്‍, ഷൂട്ടൗട്ടില്‍ തോറ്റ് പാക്കിസ്ഥാന്‍

ടൂര്‍ണ്ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പല മത്സരങ്ങളിലെന്ന പോലെ ലീഡ് നേടിയ ശേഷം വീണ്ടുമൊരു മത്സരം കൂടി കൈവിട്ട് പാക്കിസ്ഥാന്‍. ബെല്‍ജിയത്തിനെതിരെ അഞ്ചാം സ്ഥാനത്തിനായുള്ള ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് പാക്കിസ്ഥാന്‍ മുഴുവന്‍ സമയത്ത് 2-2നു സമനില പിടിച്ചുവെങ്കിലും ഷൂട്ടൗട്ടില്‍ 3-2നു വിജയം ബെല്‍ജിയം സ്വന്തമാക്കി. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയ ശേഷം രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ പോയെങ്കിലും അവസാന സെക്കന്‍ഡില്‍ പാക്കിസ്ഥാന്‍ സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു.

16ാം മിനുട്ടില്‍ അലി ഷാന്‍ ആണ് പാക്കിസ്ഥാനു മികച്ചൊരു ഫീല്‍ഡ് ഗോളിലൂടെ ലീഡ് നേടിക്കൊടുത്തത്. ആദ്യ പകുതി അവസാനിക്കുവാന്‍ മിനുട്ടുകള്‍ ബാക്കി നില്‍ക്കെ ടോം ബൂമിലൂടെ ബെല്‍ജിയം ഗോള്‍ മടക്കി. പകുതി സമയത്ത് 1-1 എന്ന സ്കോറിനു ടീമുകള്‍ പിരിഞ്ഞു. രണ്ടാം പകുതി തുടങ്ങി 4 മിനുട്ട് പിന്നിട്ടപ്പോള്‍ ഫ്ലോറന്റ് വാന്‍ ഔബല്‍ നേടിയ ഗോളിലൂടെ ബെല്‍ജിയം ലീഡ് നേടി.

പിന്നീട് ഗോളുകള്‍ നേടുവാന്‍ ഇരു ടീമുകള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ മത്സരം ബെല്‍ജിയത്തിനനുകൂലമായി തീരുമെന്നുള്ള നിമിഷത്തിലാണ് മത്സരത്തിന്റെ 60ാം മിനുട്ടില്‍ ഫൈനല്‍ വിസിലുകള്‍ക്ക് സെക്കന്‍ഡുകള്‍ ശേഷിക്കെ പാക്കിസ്ഥാന്റെ തൊസീക്ക് അര്‍ഷാദ് സമനില ഗോള്‍ നേടിയത്.

ഷൂട്ടൗട്ടില്‍ ഇരു ടീമുകളുടെയും ആദ്യ അവസരം ഗോളിമാര്‍ സേവ് ചെയ്യുകയായിരുന്നു. അടുത്തത് രണ്ടും ടീമുകള്‍ ഗോളാക്കി മാറ്റി ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തില്‍ അവസാന രണ്ട് ശ്രമങ്ങളും പാക്കിസ്ഥാന്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അഞ്ചാം സ്ഥാനം ബെല്‍ജിയം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൂറ്റന്‍ തോല്‍വി ഞെട്ടിക്കുന്നത്: റമീസ് രാജ

ക്രിക്കറ്റില്‍ പരാജയങ്ങള്‍ സര്‍വ്വ സാധാരണമാണ്. എന്നാല്‍ യൂത്ത് ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാന്റെ പ്രകടനം ഞെട്ടിക്കുന്നതും പല കാര്യങ്ങളും ഇനിയും ശരിയായി വരേണ്ടതുണ്ടെന്നതിന്റെയും സൂചനയാണിതെന്നാണ് മുന്‍ പാക് താരവും ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന റമീസ് രാജ അഭിപ്രായപ്പെട്ടത്. തന്റെ ട്വിറ്ററിലൂടെ റമീസ് കുറിച്ചത് ഇപ്രകാരമാണ്.

U-19 വിഭാഗത്തില്‍ തോല്‍വികളില്‍ ദുഃഖിതരാവേണ്ടതില്ലെന്നറിയാം കാരണം ഇത് അവര്‍ക്കൊരു അനുഭവമാണ്. എന്നാല്‍ പരാജയത്തിന്റെ അളവ് ഞെട്ടിക്കുന്നതാണ്. നിലവില്‍ പാക്കിസ്ഥാനിലുള്ള യുവതാരങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രേണിയിലേക്കുയരാനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നാണ് കൂറ്റന്‍ തോല്‍വിയുടെ പ്രതികരണമായി റമീസ് രാജ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഉപേക്ഷിച്ചു, ഗ്രൂപ്പ് ഡി ജേതാക്കളായതിനാല്‍ പാക്കിസ്ഥാനു മൂന്നാം സ്ഥാനം

മഴ മൂലം ടോസ് പോലും നടക്കാതെ U-19 ലോകകപ്പ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള മത്സരമാണ് ഇന്ന് മഴ മൂലം ഉപേക്ഷിച്ചത്. ഗ്രൂപ്പ് ഡി യില്‍ മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഫ്ഗാനിസ്ഥാനായിരുന്നു ജയമെങ്കിലും ഗ്രൂപ്പിലെ ജേതാക്കളായി മാറിയത് പാക്കിസ്ഥാനായിരുന്നു. അതിന്റെ അനുകൂല്യത്തില്‍ പാക്കിസ്ഥാനു മൂന്നാം സ്ഥാനം ലഭിക്കും. ഗ്രൂപ്പ് ഘടത്തില്‍ അയര്‍ലണ്ടുമായുള്ള അവസാന മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് അഫ്ഗാനിസ്ഥാനു ഇപ്പോള്‍ തിരിച്ചടിയാവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആധികാരിക ജയം, ഇന്ത്യ ഫൈനലില്‍

ശുഭ്മന്‍ ഗില്ലും ഇഷാന്‍ പോറലും തിളങ്ങിയ സെമി മത്സരത്തില്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ 203 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ 272 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആയി. ശുഭ്മന്‍ ഗില്ലാണ് കളിയിലെ താരം. ഫൈനലില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം നേടാനായിരുന്നു.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷാ(41), മന്‍ജോത് കല്‍റ(47) എന്നിവര്‍ക്ക് ശേഷം ശുഭ്മന്‍ ഗില്‍ നേടിയ 102 റണ്‍സിന്റെ ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ 272/9 എന്ന സ്കോര്‍ നേടുകയായിരുന്നു. മികച്ച തുടക്കത്തിനു ശേഷം ഇന്ത്യയെ പാക്കിസ്ഥാന്‍ ബൗളര്‍മാര്‍ പിടിച്ചു കെട്ടുകയായിരുന്നു. അങ്കുല്‍ റോയ് 33 റണ്‍സ് നേടി. ശുഭ്മന്‍ ഗില്‍ പുറത്താകാതെ ഒരു വശത്ത് പിടിച്ചു നിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി പാക്കിസ്ഥാന്‍ ഇന്ത്യയെ കൂറ്റന്‍ സ്കോര്‍ നേടുവാന്‍ സമ്മതിച്ചില്ല.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് മൂസ നാലും അന്‍ഷാദ് ഇക്ബാല്‍ മൂന്നും വിക്കറ്റ് നേടി.

ഇഷാന്‍ പോറല്‍ നാല് വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിരയുടെ നടുവൊടിക്കകുയായിരുന്നു കൂട്ടിനു രണ്ട് വീതം വിക്കറ്റ് നേടി ശിവ സിംഗും റിയാന്‍ പരാഗും ചേര്‍ന്നു. പാക് നിരയില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റൊഹൈല്‍ നസീര്‍ 18 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. സാദ് ഖാന്‍(15)നും റൊഹൈലിനും പുറമേ മറ്റൊരു താരത്തിനും രണ്ടക്കം കടക്കാനാകാതെ വന്നപ്പോള്‍ 29.3 ഓവറില്‍ പാക്കിസ്ഥാന്‍ 69 റണ്‍സിനു ഓള്‍ഔട്ട് ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടം

ഏതൊരു ടൂര്‍ണ്ണമെന്റായാലും ഏതൊരു കായിക ഇനമായാലും ഇന്ത്യ-പാക് പോരാട്ടം നല്‍കുന്ന ആവേശം ഒന്ന് വേറെ തന്നെയാണ്. ഇതാ മറ്റൊരു ഇന്ത്യ-പാക് പോരാട്ടം കൂടി വന്നിരിക്കുകയാണ് ഇത്തവണ യൂത്ത് ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍. ഫൈനലിലേക്ക് കടന്ന ഓസ്ട്രേലിയയെ നേരിടുവാനുള്ള അവകാശത്തിനായി ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുകയാണ് നാളെ ന്യൂസിലാണ്ടിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍. ടൂര്‍ണ്ണമെന്റില്‍ ഇരു ടീമുകളും മികച്ച ഫോമിലാണ്. പാക്കിസ്ഥാന്‍ ആദ്യ കളി അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടുവെങ്കിലും പിന്നീട് മികച്ച ജയങ്ങളുമായി സെമി വരെ എത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റില്‍ ഒരു തോല്‍വി പോലും അറിയാത്ത ഏക ടീമായാണ് ഇന്ത്യ സെമിയിലേക്ക് കടന്നത്.

നാല് മത്സരങ്ങളും വലിയ മാര്‍ജിനിലാണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. 100 റണ്‍സിനടുത്ത് മാര്‍ജിനിലാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത മത്സരങ്ങള്‍ ജയിച്ചിട്ടുള്ളത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഒരു വിക്കറ്റ് പോലും ടീമിനു നഷ്ടമായിട്ടില്ല. ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മൂന്ന് തവണ ബാറ്റ് ചെയ്യാനിറങ്ങിയ താരം മൂന്ന് തവണയും അര്‍ദ്ധ ശതകം നേടിയിരുന്നു. ഒരു പ്രാവശ്യം മാത്രം പുറത്തായ താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ 90 റണ്‍സാണ്. നായകന്‍ പൃഥ്വി ഷായും മികച്ച ഫോമിലാണ് കളിക്കുന്നത്.

ബൗളിംഗില്‍ അങ്കുല്‍ റോയ് ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ്. 11 വിക്കറ്റുകളാണ് നാല് മത്സരങ്ങളില്‍ നിന്ന് റോയ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പേസ് ബൗളര്‍ കമലേഷ് നാഗര്‍കോടി തന്റെ പേസ് കൊണ്ട് ഇപ്പോള്‍ തന്നെ പലരുടെയും ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞിരിക്കുകയാണ്.

ബാറ്റിംഗാണ് പാക്കിസ്ഥാന്റെ പ്രധാന പ്രശ്നം. ബൗളിംഗ് മികവ് പുലര്‍ത്തുമ്പോളും ബാറ്റ്സ്മാന്മാര്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കണ്ടത്. അലി സര്‍യബ് ആസിഫ്, റൊഹൈല്‍ നസീര്‍ എന്നിവരാണ് കൂട്ടത്തില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തിട്ടുള്ളത്. ഷഹീന്‍ അഫ്രീദിയാണ് പാക് നിര പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരം. അയര്‍ലണ്ടിനെതിരെ 15 റണ്‍സിനു 6 വിക്കറ്റാണ് താരം നേടിയത്.

2000, 2008, 2012 വര്‍ഷങ്ങളില്‍ കപ്പ് നേടിയിട്ടുള്ള ഇന്ത്യയ്ക്ക് 2004ല്‍ പാക്കിസ്ഥാനോടും 2016ല്‍ വെസ്റ്റിന്‍ഡീസിനോടും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. പാക്കിസ്ഥാന്‍ 2004, 2006 വര്‍ഷങ്ങളിലാണ് കിരീടം ചൂടിയിട്ടുള്ളത്. മൂന്ന് തവണ ഇതിനു പുറമേ ടീം ഫൈനലില്‍ കളിച്ചിട്ടും ഉണ്ട്. 21 തവണയാണ് U-19 വിഭാഗത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. 12 തവണ ഇന്ത്യ ജയിച്ചപ്പോള്‍ 8 തവണ ജയം പാക്കിസ്ഥാനോടൊപ്പം നിന്നു. അവസാനം ഇരു ടീമുകളും ഏറ്റുമുട്ടിയത് 2014 ലോകകപ്പിലായിരുന്നു. അന്ന് 68 റണ്‍സ് നേടി സഞ്ജു സാംസണ്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടി20 ലോക റാങ്കിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചത് വഴി പരമ്പരയും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി പാക്കിസ്ഥാന്‍. പാക്കിസ്ഥാനും 126 റേറ്റിംഗ് പോയിന്റുകളാണ് കൈവശമുള്ളത്. ന്യൂസിലാണ്ട് 123 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ 121 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. 36 പോയിന്റുമായി അയര്‍ലാണ്ട് ആണ് അവസാന സ്ഥാനത്ത്(18ാം സ്ഥാനം).

ബേ ഓവലില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിന്റെ ജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. 181 റണ്‍സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിനു 163 റണ്‍സ് മാത്രമേ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു. ഷദബ് ഖാനാണ് കളിയിലെ താരം. നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് ഷദബ് രണ്ട് വിക്കറ്റ് നേടിയത്. പ്രകടനം താരത്തിനു മാന്‍ ഓഫ് ദി മാച്ച് പട്ടവും നല്‍കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പരാജയങ്ങള്‍ക്ക് അറുതി വരുത്തി പാക്കിസ്ഥാന്‍, ന്യൂസിലാണ്ടിനെതിരെ ജയം

ഒടുവില്‍ പാക്കിസ്ഥാനും ജയിച്ചു. ന്യൂസിലാണ്ടില്‍ ഏകദിനങ്ങളിലും ആദ്യ ടി20യിലും പരാജയം ഏറ്റുവാങ്ങിയ പാക്കിസ്ഥാനും ആശ്വാസമായി രണ്ടാം ടി20 മത്സരത്തില്‍ വിജയം. ഫകര്‍ സമന്‍, ബാബര്‍ അസം എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും അഹമ്മദ് ഷെഹ്സാദ്, സര്‍ഫ്രാസ് അഹമ്മദ് എന്നിവരുടെ പ്രകടനത്തില്‍ ബാറ്റിംഗ് നിര 201 റണ്‍സ് നേടിയപ്പോള്‍ ഒപ്പം നില്‍ക്കുന്ന പ്രകടനവുമായി ബൗളര്‍മാര്‍ ന്യൂസിലാണ്ടിനെ 153 റണ്‍സിനു പുറത്താക്കിയപ്പോള്‍ 48 റണ്‍സിന്റെ ജയം സ്വന്തമാക്കാന്‍ ഇന്ന് പാക്കിസ്ഥാനായി.

ഫഹീം അഷ്റഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് അമീറും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി. നാല് പന്തുകളുടെ വ്യത്യാസത്തില്‍ കോളിന്‍ മണ്‍റോയെയും കെയിന്‍ വില്യംസണെയും നഷ്ടമായ ന്യൂസിലാണ്ടിനു പിന്നീട് മത്സരത്തില്‍ കരകയറാനാകാതെ പോകുകയായിരുന്നു. 37 റണ്‍സ് നേടിയ മിച്ചല്‍ സാന്റനറും 60 റണ്‍സുമായി ബെന്‍ വീലറും അവസാന ഓവറുകളില്‍ പൊരുതിയപ്പോള്‍ ന്യൂസിലാണ്ടിനു തോല്‍വിയുടെ ആഘാതം കുറയ്ക്കാനായി എന്നത് മാത്രം ആശ്വാസമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ടില്‍ ഫോം കണ്ടെത്തി പാക്കിസ്ഥാന്‍, അര്‍ദ്ധ ശതകങ്ങളുമായി ഫകര്‍ സമനും ബാബര്‍ അസവും

ഏകദിനങ്ങളിലും ടി20യിലും ആവര്‍ത്തിച്ച തോല്‍വികള്‍ക്കും ബാറ്റിംഗ് പരാജയത്തിനും ശേഷം ഫോം കണ്ടെത്തി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര. ഇന്ന് ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടുകയായിരുന്നു. ഫകര്‍ സമന്‍ 28 പന്തില്‍ 50 റണ്‍സ് നേടി പുറത്തായപ്പോള്‍ അഹമ്മദ് ഷെഹ്സാദ്(44), ബാബര്‍ അസം(പുറത്താകാതെ 29 പന്തില്‍ നിന്ന് 50 റണ്‍സ്), സര്‍ഫ്രാസ് അഹമ്മ്(24 പന്തില്‍ 41) എന്നിവരാണ് പാക്കിസ്ഥാനായി തിളങ്ങിയത്. ഫകര്‍ സമന്റെ ആദ്യ ടി20 അര്‍ദ്ധ ശതകമാണ് ഇന്ന് ന്യൂസിലാണ്ടിനെതിരെ നേടിയത്. 5 ബൗണ്ടറിയും 3 സിക്സും ഫകര്‍ അടിച്ചപ്പോ്‍ ബാബര്‍ അസം ഒരു സിക്സും അഞ്ച് ബൗണ്ടറിയുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്. സര്‍ഫ്രാസ് അഹമ്മദ് 2 ബൗണ്ടറിയും മൂന്ന് സിക്സും നേടി.

ന്യൂസിലാണ്ടിനു വേണ്ടി ബെന്‍ വീലര്‍ രണ്ടും സെത്ത് റാന്‍സ്, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നേടിയ ക്വാര്‍ട്ടര്‍ ജയവുമായി പാക്കിസ്ഥാന്‍

189 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയെങ്കിലും പാക്കിസ്ഥാനു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ചെറിയ സ്കോര്‍ പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക വിറപ്പിച്ചുവെങ്കിലും അലി സര്‍യബ് പുറത്താകാതെ നേടിയ 74 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ 13 പന്തുകള്‍ ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3 വിക്കറ്റ് ജയം നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് മൂസ(3), ഷഹീന്‍ അഫ്രീദി(2) അടങ്ങുന്ന പാക് ബൗളിംഗ് സംഘം 189/9 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ വാന്‍ഡിലെ മാക്വ‍വേട്ടു(60) ആണ് ടോപ് സ്കോറര്‍. 36 റണ്‍സ് നേടിയ ജേസണ്‍ നീമാന്‍ഡ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

പാക്കിസ്ഥാന്‍ നിരയിലും കാര്യമായ ബാറ്റിംഗ് പ്രകടനം അലി സര്‍യബ് ഒഴികെ ആരും തന്നെ പുറത്തെടുത്തില്ല. എന്നാല്‍ ഒരു വശത്ത് പിടിച്ച് നിന്ന് അലി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. സാദ് ഖാന്‍(26), റൊഹൈല്‍ നസീര്‍(23) എന്നിവരാണ് 20നു മേലെ റണ്‍സ് എടുത്ത് ബാറ്റ്സ്മാന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രക്ഷകനായി മണ്‍റോ, ആദ്യ ടി20 ന്യൂസിലാണ്ടിനു

പാക്കിസ്ഥാന്റെ ചെറിയ സ്കോറെങ്കിലും ന്യൂസിലാണ്ടിന്റെ തുടക്കം പാളിയതോടെ സമ്മര്‍ദ്ദത്തിലായ ആതിഥേയരുടെ രക്ഷയ്ക്കെത്തി കോളിന്‍ മണ്‍റോ. തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ വീണ് 8/2 എന്ന നിലയില്‍ ആയ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്ക് ടോം ബ്രൂസ്(26)-കോളിന്‍ മണ്‍റോ കൂട്ടുകെട്ട് എത്തുകയായിരുന്നു. 49 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ ബ്രൂസ് പുറത്തായെങ്കിലും മണ്‍റോ തന്റെ വെടിക്കെട്ട് തുടര്‍ന്നു. 43 പന്തില്‍ 46 റണ്‍സ് നേടി മണ്‍റോ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ആദ്യ ടി20യില്‍ 7 വിക്കറ്റ് ജയം ന്യൂസിലാണ്ടിനു സ്വന്തമായി. റോസ് ടെയിലര്‍ 22 റണ്‍സുമായി മണ്‍റോയ്ക്ക് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ടെയിലറും മണ്‍റോയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 49 റണ്‍സാണ് നേടിയത്. 25 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ന്യൂസിലാണ്ട് ജയം.

പാക്കിസ്ഥാനു വേണ്ടി റുമ്മാന്‍ റയീസ് രണ്ടും ഷദബ് ഖാന്‍ ഒരു വിക്കറ്റും നേടി. ബാബര്‍ അസമിന്റെയും(41), ഹസന്‍ അലിയുടെയും(23) ബാറ്റിംഗാണ് പാക്കിസ്ഥാനെ 105 എന്ന സ്കോറിലേക്ക് എത്തിച്ചത്. ന്യൂസിലാണ്ടിനായി മൂന്ന് വിക്കറ്റുമായി ടിം സൗത്തി, സെത്ത് റാന്‍സ് എന്നിവര്‍ ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

105നു പുറത്തായി പാക്കിസ്ഥാന്‍, ടി20 പരമ്പരയിലും മോശം തുടക്കം

ന്യൂസിലാണ്ടിനെതിരെ ആദ്യ ടി20 മത്സരത്തിലും പാക്കിസ്ഥാനും മോശം തുടക്കം. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന് വരുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് ബാറ്റ്സ്മാന്മാര്‍ക്ക് മാത്രമാണ് രണ്ടക്കം പാക് നിരയില്‍ കടക്കാനായത്. ബാബര്‍ അസം(41), ഹസന്‍ അലി(23) എന്നിവര്‍ ആണവര്‍. 19.4 ഓവറില്‍ ന്യൂസിലാണ്ട് പാക്കിസ്ഥാനെ 105 റണ്‍സിനു ഓള്‍ഔട്ട് ആക്കി.

ടിം സൗത്തിയും സെത്ത് റാന്‍സും ന്യൂസിലാണ്ട് നിരയില്‍ മൂന്ന് വിക്കറ്റ് വീതം നേടി തിളങ്ങി. മിച്ചല്‍ സാന്റനറിനു രണ്ട് വിക്കറ്റ് ലഭിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version