ടി20യില്‍ പൊരുതി വീണ് പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയ്ക്ക് 6 റണ്‍സ് ജയം

ഷൊയ്ബ് മാലിക് അവസാന നിമിഷം വരെ പൊരുതിയെങ്കിലും പാക്കിസ്ഥാനു കേപ് ടൗണിലെ ആദ്യ ടി20യില്‍ പരാജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. അവസാന ഓവറില്‍ ജയിക്കുവാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാനു 9 റണ്‍സ് മാത്രമേ നേടാനായുള്ളു. 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ടീമിനു നേടാനായത്. മാലിക് 31 പന്തില്‍ നിന്ന് 49 റണ്‍സ് നേടി അവസാന ഓവറിലെ മൂന്നാം പന്തില്‍ പുറത്തായത് പാക്കിസ്ഥാന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി.

റീസ ഹെന്‍ഡ്രിക്സ് 41 പന്തില്‍ നിന്ന് 74 റണ്‍സും ഫാഫ് ഡു പ്ലെസി 45 പന്തില്‍ 78 റണ്‍സും നേടിയെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വീണത് 200 കടക്കുന്നതില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ തടഞ്ഞു. രണ്ടാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ഫാഫ്-റീസ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കന്‍ സ്കോറിന്റെ അടിത്തറ. പാക്കിസ്ഥാനു വേണ്ടി ഉസ്മാന്‍ ഷിന്‍വാരി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്റെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത് ഷൊയ്ബ് മാലിക്(49), ഹുസൈന്‍ തലത്(40), ബാബര്‍ അസം(38) എന്നിവരുടെ സ്കോറുകളായിരുന്നു. മത്സരം പാക്കിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന 9 ഓവറിലേക്ക് കടന്നപ്പോള്‍ ടീമിനു വിജയിക്കുവാന്‍ 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 93 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനെ വട്ടം കറക്കിയെങ്കിലും മാലിക് പൊരുതി നിന്നു. അവസാന ഓവറില്‍ താരം പുറത്തായതോടെ പാക്കിസ്ഥാന്‍ പത്തി മടക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസ്, തബ്രൈസ് ഷംസി, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഏഴ് വിക്കറ്റ് ജയവും പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ക്വിന്റണ്‍ ഡി കോക്ക് വെടിക്കെട്ടില്‍ പാക്കിസ്ഥാന്‍ നിഷ്പ്രഭം

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായകമായ അഞ്ചാം ഏകദിനത്തില്‍ വിജയം കുറിച്ച് ദക്ഷിണാഫ്രിക്ക. ഏഴ് വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്ക 3-2നു പരമ്പര സ്വന്തമാക്കി. ഇന്ന് ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 240/8 എന്ന നിലയില്‍ പാക്കിസ്ഥാനെ ഒതുക്കിയ ടീം 40 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു.

58 പന്തില്‍ നിന്ന് 83 റണ്‍സ് നേടി ക്വിന്റണ്‍ ഡി കോക്കിനു പിന്തുണയായി ഫാഫ് ഡു പ്ലെസിയും(50*) റാസി വാന്‍ ഡെര്‍ ഡൂസെന്നും(50*) തിളങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ വിജയം അനായാസമായി മാറുകയായിരുന്നു. 95 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി നേടിയത്. റീസ ഹെന്‍ഡ്രിക്സ് 34 റണ്‍സ് നേടി ടീമിനായി നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു.

നേരത്തെ ഫകര്‍ സമന്റെ അര്‍ദ്ധ ശതകം മാത്രമാണ് പാക്കിസ്ഥാന്‍ നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം. ഇമാദ് വസീം 47 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഷൊയ്ബ് മാലിക് 31 റണ്‍സ് നേടി. ബാബര്‍ അസം 24 റണ്‍സും നേടി. ഇമാദ് വസീമിന്റെ അവസാന ഓവര്‍ വെടിക്കെട്ടാണ് പാക്കിസ്ഥാനെ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡ്വെയിന്‍ പ്രിട്ടോറിയസും ആന്‍ഡിലെ ഫെഹ്ലക്വായോയും രണ്ട് വീതം വിക്കറ്റ് നേടി.

നിര്‍ണ്ണായക ഏകദിനം ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു

പാക്കിസ്ഥാനെതിരെ നിര്‍ണ്ണായക ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുത്തു. പരമ്പര 2-2 എന്ന നിലയില്‍ നില്‍ക്കെ ഏറെ നിര്‍ണ്ണായകമായ വിജയം തേടിയാണ് ഇരു ടീമുകളും എത്തുന്നത്. പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു വിലക്കുള്ളതിനാല്‍ ഷൊയ്ബ് മാലിക് ആണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാക്കിസ്ഥാനെ ഷൊയ്ബ് വിജയത്തിലേക്ക് നയിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക്, ഹാഷിം അംല, റീസ ഹെന്‍ഡ്രിക്സ്, ഫാഫ് ഡു പ്ലെസി, റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഡെയ്വിന്‍ പ്രിട്ടോറിയസ്, വില്യം മുള്‍ഡര്‍, ഡെയില്‍ സ്റ്റെയിന്‍, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക്, മുഹമ്മദ് റിസ്വാന്‍, ഇമാദ് വസീം, ഷദബ് ഖാന്‍, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ ഖാന്‍

താനാണ് ക്യാപ്റ്റനെന്ന് ഗ്രൗണ്ടിലെത്തിയ ശേഷം മാത്രമാണ് അറിഞ്ഞത്

സര്‍ഫ്രാസ് അഹമ്മദിനു നാല് മത്സരങ്ങളില്‍ നിന്നുളള വിലക്ക് ഏര്‍പ്പെടുത്തിയത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിനു മുമ്പ് തന്നെ അറിഞ്ഞിരുന്നുവെങ്കിലും താനാവും ക്യാപ്റ്റനെന്ന് അവസാന നിമിഷം മാത്രമാണ് അറിഞ്ഞതെന്ന് പറഞ്ഞ് പാക്കിസ്ഥാനെ ഇന്നലെ വിജയത്തിലേക്ക് നയിച്ച നായകന്‍ ഷൊയ്ബ് മാലിക്.

അന്ന് രാവിലെ മാത്രമാണ് സര്‍ഫ്രാസിന്റെ സസ്പെന്‍ഷന്റെ വാര്‍ത്ത അറിയുന്നത്. ഗ്രൗണ്ടിലെത്തിയതിനു ശേഷം മാത്രമാണ് താനാണ് നിയുക്ത ക്യാപ്റ്റനെന്ന് അറിയുന്നതെന്നും മാലിക് പറഞ്ഞു. ബോര്‍ഡും മാനേജ്മെന്റും ആവശ്യപ്പെടുന്ന ഏത് ചുമതലയും വഹിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും മാലിക് പറഞ്ഞു.

ആ റെക്കോര്‍ഡ് ഇനി പഴങ്കഥ, പാക്കിസ്ഥാന് 8 വിക്കറ്റ് ജയം, പരമ്പരയില്‍ ഒപ്പം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിലെ വിജയത്തോടെ പരമ്പരയില്‍ 2-2നു ഒപ്പമെത്തി പാക്കിസ്ഥാന്‍. ഉസ്മാന്‍ ഖാന്റെ നാല് വിക്കറ്റ് നേട്ടത്തിലൂടെ 164 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ശേഷം ലക്ഷ്യം 31.3 ഓവറില്‍ വിജയം ഉറപ്പാക്കുകയായിരുന്നു പാക്കിസ്ഥാന്‍. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീമിന്റെ വിജയം. ടോപ് ഓര്‍ഡറിന്റെ മികവിലാണ് പാക്കിസ്ഥാന്റെ അനായാസ ജയം.

ഒന്നാം വിക്കറ്റില്‍ 70 റണ്‍സ കൂട്ടിചേര്‍ത്ത് ശേഷം പാക്കിസ്ഥാനു ആദ്യ വിക്കറ്റ് നഷ്ടമായത്. 44 റണ്‍സ് നേടിയ ഫകര്‍ സമനെ ഇമ്രാന്‍ താഹിര്‍ പുറത്താക്കി. സ്കോറുകള്‍ ഒപ്പമെത്തിയപ്പോള്‍ 71 റണ്‍സ് നേടിയി ഇമാം ഉള്‍ ഹക്കിനെ ടീമിനെ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ 94 റണ്‍സാണ് ബാബര്‍ അസം-ഇമാം ഉള്‍ ഹക്ക് കൂട്ടുകെട്ട് നേടിയത്. 41 റണ്‍സുമായി ബാബര്‍ അസം പുറത്താകാതെ നിന്നപ്പോള്‍ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി മുഹമ്മദ് റിസ്വാന്‍ വിജയ റണ്‍സ് കണ്ടെത്തി.

പിങ്ക് ജഴ്സിയില്‍ കാലിടറി ദക്ഷിണാഫ്രിക്ക, 164 റണ്‍സിനു പുറത്ത്

പിങ്ക് ജഴ്സിയില്‍ കളിച്ച മത്സരങ്ങളിലൊന്നും ടീം തോറ്റിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡിന്ന് പഴങ്കഥയായേക്കും. പാക്കിസ്ഥാനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ഷഹീന്‍ അഫ്രീദി തുടക്കത്തില്‍ നില്‍കിയ പ്രഹരത്തിനു ശേഷം മൂന്നാം വിക്കറ്റില്‍ 101 റണ്‍സ് കൂട്ടുകെട്ടുമായി ഫാഫ് ബഡു പ്ലെസിയും ഹാഷിം അംലയും തിളങ്ങിയെങ്കിലും തുടര്‍ന്ന് വിക്കറ്റുകളുമായി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

അംല 59 റണ്‍സും ഫാഫ് ഡു പ്ലെസി 57 റണ്‍സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നേടിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഉസ്മാന്‍ ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഷദബ് ഖാന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി തിളങ്ങി.

4 പന്തിനിടെ മൂന്ന് വിക്കറ്റുമായി ഉസ്മാന്‍ ഖാന്‍ ആണ് ചെറുത്ത് നില്‍ക്കുകയായിരുന്നു ദക്ഷിണാഫ്രിക്കയെ കടപുഴകിയത്. തന്റെ ഓവറില്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍(18), ആന്‍ഡിലെ ഫെഹ്ലുക്വായോ(11), ഡെയില് സ്റ്റെയിന്‍(0), കാഗിസോ റബാഡ(0) എന്നിവരെ പുറത്താക്കിയ ഉസ്മാന്‍ ദക്ഷിണാഫ്രിക്കയെ 156/5 എന്ന നിലയില്‍ നിന്ന് 157/9 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു.

ജൂലായ് 2018നു ശേഷം ആദ്യമായി ഏകദിനത്തില്‍ വിക്കറ്റ് നേടി മുഹമ്മദ് അമീര്‍

തന്റെ മോശം ബൗളിംഗ് ഫോമിലൂടെ കടന്ന് പോകുന്ന പാക് താരം മുഹമ്മദ് അമീറിനു ആശ്വാസമായി ഒരു വിക്കറ്റ്. ജൂലായ് 13 2018ല്‍ ഇതിനു മുമ്പ് ഏകദിനത്തില്‍ വിക്കറ്റ് നേടിയ ശേഷം മുഹമ്മദ് അമീര്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഒരു വിക്കറ്റ് നേടുന്നത്. ഈ കാലയളവില്‍ ടീമില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന അമീര്‍ ഏഴ് മത്സരങ്ങളാണ് ഇതിനിടെ കളിച്ചത്.

275 പന്തുകള്‍ വിക്കറ്റില്ലാതെ എറിഞ്ഞ ശേഷമാണ് അമീറിനു ഇന്നത്തെ വിക്കറ്റ് ലഭിച്ചത്. 4 റണ്‍സ് നേടിയ ഡേവിഡ് മില്ലറെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് അമീര്‍ തന്റെ വിക്കറ്റ് വരള്‍ച്ചയ്ക്ക് അറുതി വരുത്തിയത്.

വംശീയാധിക്ഷേം, മാപ്പ് പറച്ചിലും സര്‍ഫ്രാസിനെ രക്ഷിച്ചില്ല, നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്

പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. പാക്കിസ്ഥാന്റെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കെതിരെ നടത്തിയ വംശീയാധിക്ഷേപമാണ് നടപടിയ്ക്ക് കാരണമായത്. ഐസിസിയുടെ ആന്റി-റേസിസം കോഡിന്റെ ലംഘനത്തെത്തുടര്‍ന്നാണ് നടപടി.

സര്‍ഫ്രാസ് പിന്നീട് മാപ്പപേക്ഷിച്ചു രംഗത്തെത്തിയിരുന്നു. ഫെഹ്ലുക്വായോയും ദക്ഷിണാഫ്രിക്കയും താരത്തോട് ക്ഷമിച്ചുവെന്ന് പറഞ്ഞുവെങ്കിലും മാച്ച് റഫറി നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങളും ടി20 മത്സരത്തിലെ രണ്ട് മത്സരങ്ങളുമാണ് സര്‍ഫ്രാസിനു നഷ്ടമാകുക. സര്‍ഫ്രാസിന്റെ അഭാവത്തില്‍ പാക്കിസ്ഥാനെ ഓള്‍റൗണ്ടര്‍ ഷൊയ്ബ് മാലിക് ആണ് നയിക്കുന്നത്.

പരമ്പര ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്ക നാളെ പാകിസ്താനെതിരെ പിങ്ക് കളറിൽ ഇറങ്ങും

ഏകദിന പരമ്പര ലക്ഷ്യമിട്ട് മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക നാളെ പാകിസ്താനെ നേരിടും. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ 2-1 നു ദക്ഷിണാഫ്രിക്ക മുന്നിലാണ്. പിങ്ക് കളർ കുപ്പായമിട്ടായിരിക്കും ദക്ഷിണാഫ്രിക്ക നാളെ ഇറങ്ങുക.

ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു തുടർച്ചയായി രണ്ടു മത്സരങ്ങൾ വിജയിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പരയിൽ ലീഡ് നേടിയിരിക്കുന്നത്. നാലാം മത്സരത്തിൽ വിജയം നേടിയാൽ പരമ്പര ദക്ഷിണാഫ്രിക്കക്ക് സ്വന്തമാവും. പിങ്ക് കുപ്പായമിട്ട് ഇതുവരെ കളിച്ച മത്സരത്തിൽ ഒന്നും സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടില്ല എന്നത് അവർക്ക് ആത്മവിശ്വാസമേകും.

പരമ്പരയിൽ മികച്ച രീതിയിൽ കളിച്ചിട്ടും തുടർച്ചയായി രണ്ടു പരാജയങ്ങൾ ആണ് പാകിസ്ഥാന് നേരിടേണ്ടി വന്നത്. മൂന്നാം ഏകദിനത്തിൽ ഡെക് വർത് ലൂയിസ് നിയമമാണ് പാകിസ്ഥാനെ ചതിച്ചത്. നാളത്തെ മത്സരത്തിൽ എന്ത് വില കൊടുത്തും വിജയിക്കാൻ ആയിരിക്കും പാക് ശ്രമം.

മഴ നിയമത്തില്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ മുന്നില്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വലിയ സ്കോര്‍ നേടുവാന്‍ പാക്കിസ്ഥാനു സാധിച്ചുവെങ്കിലും മഴ നിയമത്തില്‍ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇതോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തുവാനും ടീമിനായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹക്ക്(101), ബാബര്‍ അസം(69), മുഹമ്മദ് ഹഫീസ്(52), ഇമാദ് വസീം(43*) എന്നിവരുടെ മികവില്‍ 317/6 എന്ന സ്കോര്‍ നേടിയെങ്കിലും മഴ പലപ്പോഴും കളിതടസ്സപ്പെടുത്തിയ രണ്ടാം ഇന്നിംഗ്സില്‍ 187/2 എന്ന സ്കോര്‍ 33 ഓവറില്‍ നേടിയതോടെ ദക്ഷിണാഫ്രിക്ക ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 13 റണ്‍സിനു വിജയം രേഖപ്പെടുത്തി.

മത്സരത്തില്‍ 83 റണ്‍സ് നേടി പുറത്താകാതെ നിന്ന റീസ ഹെന്‍ഡ്രിക്സ് ആണ് കളിയിലെ താരം. ഫാഫ് ഡു പ്ലെസി 40 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 108 റണ്‍സ് നേടിയതാണ് ആതിഥേയര്‍ക്ക് അനുകൂലമായി മത്സരം മാറ്റിയത്.

ശതകം തികച്ചയുടന്‍ പുറത്തായി ഇമാം, പാക്കിസ്ഥാനെ മുന്നൂറ് കടത്തി മാലിക്കും ഇമാദ് വസീമും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ വലിയ സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിനൊപ്പം ബാബര്‍ അസവും മുഹമ്മദ് ഫഹീസും അര്‍ദ്ധ ശതകങ്ങള്‍ നേടി തിളങ്ങിയപ്പോള്‍ 317/6 എന്ന വലിയ സ്കോറാണ് പാക്കിസ്ഥാന്‍ നേടിയത്. ഇമാം പുറത്തായ ശേഷം അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി ഷൊയ്ബ് മാലിക്-ഇമാദ് വസീം കൂട്ടുകെട്ടാണ് പാക്കിസ്ഥാന്റെ സ്കോര്‍ 300 കടത്തിയത്.

അരങ്ങേറ്റം നടത്തിയ ബ്യൂറന്‍ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ഫകര്‍ സമനെ മടക്കി അയയ്ക്കുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് നാലായിരുന്നു. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇമാമും ബാബര്‍ അസവും ചേര്‍ന്ന് 132 റണ്‍സാണ ചേര്‍ത്തത്. 69 റണ്‍സ് നേടിയ ബാബര്‍ അസമിനെ ഡെയില്‍ സ്റ്റെയിന്‍ പുറത്താക്കിയപ്പോള്‍ മുഹമ്മദ് ഹഫീസ് ഇമാം ഉള്‍ ഹക്കിനു കൂട്ടായി എത്തി. ഇരുവരും ചേര്‍ന്ന് 84 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി. 45 പന്തില്‍ നിന്ന് 52 റണ്‍സാണ് ഹഫീസ് നേടിയത്.

തന്റെ ശതകം തികച്ച് ഉടന്‍ തന്നെ ഇമാം ഉള്‍ ഹക്കും(101) പുറത്തായെങ്കിലും ഷൊയ്ബ് മാലികും ഇമാദ് വസീമും ചേര്‍ന്ന് പാക്കിസ്ഥാന്റെ സ്കോര്‍ മുന്നോട്ട് നയിച്ചു. ഹഫീസിന്റെ വിക്കറ്റ് റബാഡയ്ക്കും ഇമാമിനെ ഷംസിയുമാണ് പുറത്താക്കിയത്. 35 റണ്‍സ് നേടിയ മാലിക്കിനെ റബാഡ പുറത്താക്കിയപ്പോള്‍ 23 പന്തില്‍ 43 റണ്‍സ് നേടി പുറത്താകാതെ ഇമാദ് വസീം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി റബാഡയും ഡെയില്‍ സ്റ്റെയിനും രണ്ട് വീതം വിക്കറ്റ് നേടി.

ഫകര്‍ സമനു പിന്നിലായി വേഗതയേറിയ ആയിരം ഏകദിന റണ്‍സ് തികച്ച് ഇമാം ഉള്‍ ഹക്ക്

ഏകദിനത്തില്‍ പാക്കിസ്ഥാനു വേണ്ടി ആയിരം റണ്‍സ് തികച്ച് ഇമാം ഉള്‍ ഹക്ക്. അതും ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമെന്ന് ബഹുമതിയോടെ. 19 ഇന്നിംഗ്സുകളില്‍ നിന്നാണ് ഇമാം ഉള്‍ ഹക്ക് ഈ നേട്ടം കുറിച്ചത്. 18 ഇന്നിംഗ്സുകളില്‍ നിന്ന് ആയിരം റണ്‍സ് തികച്ച ഫകര്‍ സമന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ തന്റെ വ്യക്തിഗത സ്കോര്‍ 90ല്‍ എത്തിയപ്പോളാണ് ഇമാം ഉള്‍ ഹക്ക് ഈ നേട്ടം കൊയ്തത്.

Exit mobile version