സ്മിത്തും വാര്‍ണറും വേണ്ടെന്ന് തീരുമാനിച്ചു, പാക്കിസ്ഥാനെതിരെ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ

പാക്കിസ്ഥാന്‍ ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയന്‍ സൂപ്പര്‍ താരങ്ങളും ഇപ്പോള്‍ വിലക്ക് നേരിടുന്ന താരങ്ങളെയും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരൂമാനിച്ച ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍. മാര്‍ച്ച് 28നു ഇരുവരുടെയും വിലക്ക് അവസാനിക്കുകയും അവസാന രണ്ട് മത്സരങ്ങളിലും ഇവരെ ഉള്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നില നിന്നിരുന്നുവെങ്കിലും ഇന്ത്യയ്ക്കെതിരെയുള്ള അതേ ഏകദിന സംഘത്തെ നിലനിര്‍ത്തുവാന്‍ ഓസ്ട്രേലിയ തീരുമാനിക്കുകയായിരുന്നു.

ഇരുവരും ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ അംഗമല്ലാത്തതിനാല്‍ ഇവര്‍ക്ക് ഐപിഎല്‍ മാര്‍ച്ച് 23നു ആരംഭിക്കുമ്പോള്‍ അതാത് ഫ്രാഞ്ചൈസികളിലേക്ക് എത്താനാകുമെന്നാണ് കരുതപ്പെടുന്നത്. ഡേവിഡ് വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് സംഘത്തിലും സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിനൊപ്പവുമാണ് ഐപിഎലില്‍.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഗ്ലെന്‍ മാക്സ്വെല്‍, ആഷ്ടണ്‍ ടര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ജൈ റിച്ചാര്‍ഡ്സണ്‍, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, നഥാന്‍ ലയണ്‍, ആഡം സംപ

ഇന്ത്യയുടെ ആശങ്കയകറ്റുന്ന സുരക്ഷ ഒരുക്കങ്ങളുണ്ടാകുമെന്ന് ഐസിസി

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് ഐസിസി ലോകകപ്പില്‍ വന്നേക്കാവുന്ന സുരക്ഷ പാളിച്ചകളെക്കുറിച്ച് ഇന്ത്യ ഉയര്‍ത്തിയ ആശങ്ക അകറ്റുന്ന ക്രമീകരണങ്ങള്‍ ഐസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിസിസിഐയ്ക്ക് അറിയിപ്പ് നല്‍കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഇന്നലെ ദുബായിയില്‍ നടന്ന ഐസിസി ബോര്‍ഡ് മീറ്റിംഗിലാണ് ഈ തീരുമാനം ഐസിസി കൈക്കൊണ്ടതും ബിസിസിഐയെ അത് അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഒരു അന്താരാഷ്ട്ര മത്സരയിനം എന്ന നിലയില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും ലോകകപ്പിനു ആവശ്യമായ എല്ലാ സുരക്ഷ മുന്നൊരുക്കങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഐസിസി ആതിഥേയത്വം വഹിക്കുന്ന ബോര്‍ഡുമായി ചേര്‍ന്ന് ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി എത്തുന്ന താരങ്ങള്‍, ഉദ്യോഗസ്ഥര്‍, കാണികള്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ പ്രതിജ്ഞബദ്ധരാണെന്ന് ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അറിയിക്കുകയായിരുന്നു.

എന്തെങ്കിലും സുരക്ഷ മുന്നറിയിപ്പ് ലഭിയ്ക്കുന്ന മുറയ്ക്ക് വേണ്ടത്ര സുരക്ഷ നടപടികളുമായി മുന്നോട്ട് പോകുവാനും സുരക്ഷ ഉയര്‍ത്തുവാനും ഐസിസിയ്ക്ക്ും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനും സാധിക്കുമെന്ന ഉറച്ച വിശ്വാസവും തങ്ങള്‍ക്കുണ്ടെന്ന് ഡേവിഡ് അറിയിച്ചു.

ആ രണ്ട് പോയിന്റുകള്‍ വിട്ട് നല്‍കി പാക്കിസ്ഥാനെ സഹായിക്കുന്നതിനോട് യോജിപ്പില്ല

പല മുന്‍ ഇന്ത്യന്‍ താരങ്ങളുടെയും അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിനു ശേഷം ഇന്ത്യ പാക്കിസ്ഥാന്‍ ലോകകപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങള്‍ക്കിടയില്‍ അത് ചെയ്യുന്നതിനോട് തനിക്ക് എതിരഭിപ്രായമാണെന്ന് പറ‍ഞ്ഞ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍.

ഇന്ത്യ എന്നും ലോകകപ്പില്‍ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കിയിട്ടുണ്ട്. ഇത്തവണയും അതിനു ടീമിനു ആവും. ആ രണ്ട് പോയിന്റുകള്‍ വെറുതേ വിട്ട് നല്‍കി പാക്കിസ്ഥാനെ ടൂര്‍ണ്ണമെന്റില്‍ സഹായിക്കുന്ന നടപടിയോട് തനിക്ക് വ്യക്തിപരമായി യോജിപ്പില്ലെന്നാണ് സച്ചിന്‍ വ്യക്തമാക്കിയത്.

ഇന്ത്യ-പാക് മത്സരം, കിട്ടിയ അപേക്ഷ 4 ലക്ഷം

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പില്‍ ജൂണ്‍ 16നു നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടി 4 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഐസിസി. മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കുറേ അധികം പേര്‍ക്ക് നിരാശരാകേണ്ടിവരുമെന്നാണ് ടൂര്‍ണ്ണമെന്റ് മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞത്. വെറും 25000 കാണികളെയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഉള്‍ക്കൊള്ളാനാകുന്നത്. ലഭ്യമായ സീറ്റിലും പതിന്മടങ്ങ് ആവശ്യക്കാരാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീവ് ഫൈനലിനു 2.7 ലക്ഷത്തിനടുത്ത് അപേക്ഷകരാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞു.

എന്നാല്‍ പുല്‍വാമ ഭീകര ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇന്ത്യ പാക്കിസ്ഥാനെ വിലക്കുവാന്‍ ഐസിസിയ്ക്ക് കത്ത് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അത് വ്യാജമാണെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കി. പല മുന്‍ ഇന്ത്യന്‍ താരങ്ങളും മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പാക്കിസ്ഥാനെ വിലക്കാന്‍ കത്ത് നല്‍കിയിട്ടില്ല: ബിസിസിഐ

പാക്കിസ്ഥാനെ വിലക്കുവാന്‍ തങ്ങള്‍ യാതൊരുവിധത്തിലുമുള്ള കത്ത് ഐസിസിയ്ക്ക് കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് ബിസിസിഐ വക്താവ്. ഇന്ത്യയ്ക്ക് പാക്കിസ്ഥാനെതിരെ കളിക്കാതിരിക്കുവാന്‍ തീരുമാനിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ പാക്കിസ്ഥാനെ കളിപ്പിക്കരുതെന്ന് പറയുവാനുള്ള അവകാശമില്ലെന്ന് ബിസിസിഐ വ്യക്തമാക്കുകയായിരുന്നു. ജൂണ്‍ 16നു നടക്കുന്ന ലോകകപ്പിലെ ഇന്ത്യ പാക് മത്സരത്തെക്കുറിച്ച് തീരുമാനം പിന്നീട് മാത്രമേ എടുക്കുകയുള്ളുവെന്നും വക്താവ് അറിയിച്ചു.

ഐസിസിയുടെ ഭരണഘടന അനുസരിച്ച് അംഗങ്ങളായ രാജ്യങ്ങള്‍ക്ക് ഐസിസിയുടെ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയുണ്ട്, അതിനു അവര്‍ യോഗ്യത മാത്രമാണ് നേടേണ്ടത്. ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടാനാകില്ലെന്നും ബിസിസിഐ അറിയിച്ചു. നേരത്തെ ബിസിസിഐ ഒരു ഉന്നതാധികാരി തന്നെ ഇന്ത്യ ഇങ്ങനെ കുറിപ്പ് നല്‍കിയാലും മറ്റു രാജ്യങ്ങളില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചേക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു.

ഈ ആവശ്യം ഇന്ത്യയ്ക്ക് ഏപ്രിലില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഉന്നിയിക്കാമെങ്കിലും ഇന്ത്യയ്ക്ക് ഇപ്പോള്‍ ഐസിസി ബോര്‍ഡില്‍ മുന്‍തൂക്കം ഇല്ല, അതിനാല്‍ തന്നെ വോട്ടിനിട്ടാല്‍ ഈ ആവശ്യം പരാജയപ്പെട്ടേക്കാം. കൂടാതെ 2021 ചാമ്പ്യന്‍സ് ട്രോഫി, 2023 ലോകകപ്പ് എന്നീ മത്സരങ്ങളുടെ ആതിഥേയത്വത്തിനു ശ്രമിക്കുന്ന ഇന്ത്യയ്ക്ക് ഈ നീക്കങ്ങള്‍ തിരിച്ചടിയാകുമെന്നും ബിസിസിഐ അധികാരികള്‍ അറിയിച്ചു.

ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ല

ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2019 ഏകദിന ക്രിക്കറ്റ് 10 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റാണ്. ഇതില്‍ തന്നെ എല്ലാ ടീമുകളും പരസ്പരം കളിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇന്ത്യ പാക്കിസ്ഥാനോട് കളിച്ചില്ലെങ്കില്‍ അത് വലിയ പ്രശ്നമാകില്ല.

ഐസിസിയ്ക്ക് ഇന്ത്യയില്ലാത്തൊരു ലോകകപ്പ് കളിക്കുക സാധ്യമല്ല, അതിനാല്‍ തന്നെ ഇന്ത്യ ശക്തമായ സന്ദേശം കൈമാറേണ്ട സാഹചര്യം കൂടിയാണ് ഇത്. പാക്കിസ്ഥാനെതിരെ ക്രിക്കറ്റ് മാത്രമല്ല എല്ലാ കായിക ഇനങ്ങളില്‍ നിന്നും ഇന്ത്യ വിട്ട് നില്‍ക്കണമെന്നും ഗാംഗുലി പറഞ്ഞു.

ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്‌ക്കരിക്കണമെന്ന് ഹർഭജൻ സിങ്

ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന 2019 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനുമായി ഗ്രൂപ്പ് ഘട്ടത്തിൽ നടക്കുന്ന മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. പുൽവാമ തീവ്രവാദി ആക്രണമവുമായി ബന്ധപ്പെട്ട് 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. തീവ്രാവദി ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഹർഭജൻ സിംഗിന്റെ പ്രതികരണം.

ക്രിക്കറ്റിൽ അടക്കം പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള ബന്ധവും വേണ്ടെന്നും ഹർഭജൻ സിങ് പറഞ്ഞു. പാകിസ്ഥാനെതിരെ കളിക്കുന്ന പോയിന്റ് ലഭിച്ചില്ലെങ്കിലും ഇന്ത്യ ലോകകപ്പിൽ മുന്നേറുമെന്നും ഹർഭജൻ പറഞ്ഞു.  രാജ്യമാണ് ആദ്യം വരേണ്ടതെന്നും ഞമ്മള് എല്ലാരും അതിന്റെ പിന്നിൽ അണിനിരക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിന് ശേഷം മാത്രം മതി പാകിസ്ഥാനുമായുള്ള മത്സരങ്ങൾ എന്നും താരം കൂട്ടിച്ചേർത്തു.  ജൂൺ 16നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരം.

സ്റ്റാര്‍ക്കിനു പ്രതീക്ഷ, പാക്കിസ്ഥാനെതിരെ മടങ്ങി വരാനാകുമെന്ന്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്ക് തന്റെ തിരിച്ചുവരവ് പാക്കിസ്ഥാനെതിരെ സാധ്യമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകകപ്പിനു മുമ്പ് താരത്തിനു തയ്യാറെടുപ്പിനു വേണ്ട മത്സര പരിചയത്തിനായി തനിക്ക് പാക്കിസ്ഥാന്‍ പരമ്പര കളിക്കുന്നതിലൂടെ സാധിക്കുമെന്നാണ് താരത്തിന്റെ അഭിപ്രായം. ഏതാനുൺ ആഴ്ചയ്ക്കുള്ളില്‍ താന്‍ വീണ്ടും ബൗളിംഗ് ആരംഭിക്കുമെന്നും മാര്‍ച്ച് 22നു ആരംഭിക്കുന്ന പരമ്പരയില്‍ താനുണ്ടാകുമെന്നുമാണ് സ്റ്റാര്‍ക്ക് പറയുന്നത്.

ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങള്‍ നഷ്ടമാകുമെങ്കിലും പാക്കിസ്ഥാനെതിരെ തനിക്ക് തിരിച്ചുവരാനാകുമെന്നാണ് സ്റ്റാര്‍ക്ക് പറയുന്നത്. ഇന്ത്യന്‍ പരമ്പരയില്‍ ഒരു ഘട്ടത്തിലും തനിക്ക് തിരിച്ചുവരവിനുള്ള സാധ്യതയില്ല. എന്നാല്‍ പാക്കിസ്ഥാനെതിരെ കാര്യങ്ങള്‍ ശരിയായ ദിശയിലാണെന്ന് സ്റ്റാര്‍ക്ക് കൂട്ടിചേര്‍ത്തു.

മാര്‍ച്ച് 2-13 വരെയാണ് ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പര. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനു മുമ്പ് ഫെബ്രുവരി അവസാനത്തില്‍ ടീം രണ്ട് ടി20 മത്സരങ്ങളിലും പങ്കെടുക്കും. പാക്കിസ്ഥാനെതിരെ മാര്‍ച്ച് 22 മുതല്‍ 31 വരെ അഞ്ച് ഏകദിനങ്ങളിലാണ് ഓസ്ട്രേലിയ കളിയ്ക്കുന്നത്.

പാക്കിസ്ഥാന്‍ ഓസ്ട്രേലിയ ഏകദിന പരമ്പര മാര്‍ച്ച് 22നു

പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പര മാര്‍ച്ച് 22നു ആരംഭിക്കും. യുഎഇ വേദിയാകുന്ന മത്സരങ്ങളിലെ ആദ്യത്തേത് ഷാര്‍ജ്ജയിലാണ് നടക്കുന്നത്. രണ്ടാം മത്സരവും അവിടെ തന്നെയാണ്. മൂന്നാം മത്സരം അബു ദാബിയിലും നാല് അഞ്ച് മത്സരങ്ങള്‍ക്ക് ദുബായിയും വേദിയാവും. നിലവിലെ ലോക ചാമ്പ്യന്മാരാണ് ഓസ്ട്രേലിയയെങ്കിലും അടുത്തിടെ അത്ര മികച്ച പ്രകടനമല്ല ടീം പുറത്തെടുത്തിരിക്കുന്നത്.

റാങ്കിംഗില്‍ പാക്കിസ്ഥാനു തൊട്ടുപുറകെയാണ് ഓസ്ട്രേലിയ. രണ്ട് പോയിന്റ് അധികമുള്ള പാക്കിസ്ഥാന്‍ അഞ്ചാമതും ഓസ്ട്രേലിയ ആറാം സ്ഥാനത്തുമാണ് നില്‍ക്കുന്നത്. ലോകകപ്പിനു തൊട്ടു മുമ്പുള്ള ഇരു ടീമുകളുടെയും മുന്നൊരുക്കമായാണ് ഏകദിന പരമ്പരയെ വിലയിരുത്തപ്പെടുന്നത്.

മാര്‍ച്ച് 22, 24, 27, 29, 31 എന്നീ തീയതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് മത്സരങ്ങളും ഡേ നൈറ്റ് രീതിയിലാണ് നടക്കുക.

പൊരുതി നോക്കി ക്രിസ് മോറിസ്, ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി അമീറും ഷദബ് ഖാനും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 27 റണ്‍സ് വിജയം സ്വന്തമാക്കി പാക്കിസ്ഥാന്‍. 169 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരെ 141/9 എന്ന നിലയില്‍ ചെറുത്ത് നിര്‍ത്തിയാണ് പാക്കിസ്ഥാന്‍ ടി20 പരമ്പരയിലെ ആശ്വാസ വിജയം കണ്ടെത്തിയത്.

ക്രിസ് മോറിസ് 29 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെ പൊരുതിയെങ്കിലും മുഹമ്മദ് അമീറും ഷദബ് ഖാനും വീഴ്ത്തിയ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു. 55 റണ്‍സ് നേടിയ മോറിസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 41 റണ്‍സ് നേടി പുറത്തായി.

പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും ഷദബ് ഖാനും ഫഹീം അഷ്റഫും രണ്ടും വിക്കറ്റാണ് നേടിയത്.

ആ മഹാരഥന്മാര്‍ക്കൊപ്പം ചേരാനാകുന്നതില്‍ സന്തോഷം: സര്‍ഫ്രാസ്

പാക്കിസ്ഥാനെ ലോകകപ്പില്‍ നയിക്കാനാകുന്നത് മഹത്തരമായ കാര്യമാണ്. അതു പോലെ തന്നെ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, മിസ്ബ ഉള്‍ ഹക്ക് എന്നിങ്ങനെയുള്ള മഹാരഥന്മാര്‍ മുമ്പ് തെളിച്ച പാതയിലൂടെ ടീമിനെ നയിക്കുവാനുള്ള അവസരമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് പാക്കിസ്ഥാന്റെ ലോകകപ്പ് നായകനായി തന്നെ നിയമിച്ചതിനെക്കുറിച്ചുള്ള സര്‍ഫ്രാസ് അഹമ്മദിന്റെ പ്രതികരണം.

ഇത്തരം ഒരു ചുമതല തനിക്ക് ലഭിക്കുന്നതില്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞ സര്‍ഫ്രാസ് താന്‍ ടീമിനെ രണ്ട് വര്‍ഷമായി നയിക്കുന്നു. ഇത്രയും കാലം ടീമിനെ നയിച്ചത് തന്നെ വലിയ കാര്യമാണ് കാരണം തന്റെ ക്യാപ്റ്റന്‍സി തന്നെ ഓരോ പരമ്പരയിലെ പ്രകടനത്തിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് മുമ്പ് തന്നെ പറഞ്ഞിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്തിയെങ്കില്‍ അത് തന്നെ തനിക്ക് ലഭിയ്ക്കുന്ന വലിയ അംഗീകാരമാണ്.

താന്‍ ഇപ്പോള്‍ ടീമിനെ ഓസ്ട്രേലിയന്‍ പരമ്പരയിലും ലോകകപ്പിലും നയിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും സര്‍ഫ്രാസ് പറഞ്ഞു.

രണ്ടാം ടി20യിലും പാക്കിസ്ഥാനു പരാജയം, കളിയിലെ താരമായി ഡേവിഡ് മില്ലര്‍

ഫാഫ് ഡു പ്ലെസിയ്ക്ക് പകരം നായക സ്ഥാനത്തെത്തിയ ഡേവിഡ് മില്ലറുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേടിയ 188 റണ്‍സിനു ശേഷം പാക്കസിഥാനെ 181 റണ്‍സില്‍ ചെറുത്ത് നിര്‍ത്തി 7 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണആഫ്രിക്ക. ബാബര്‍ അസം 90 റണ്‍സ് നേടി പൊരുതിയെങ്കിലും ഹുസൈന്‍ തലത്(55) അല്ലാതെ മറ്റു താരങ്ങള്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 11 തുടര്‍ ടി20 പരമ്പര വിജയം സ്വന്തമാക്കി മുന്നേറിയ പാക്കിസ്ഥാന്റെ ജൈത്രയാത്രയാണ് ദക്ഷിണാഫ്രിക്ക അവസാനിപ്പിച്ചത്.

രണ്ടാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷമാണ് പാക്കിസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചത്. 147/1 എന്ന നലയില്‍ നിന്ന് അടുത്ത 33 റണ്‍സ് നേടുന്നതിനിടെ പാക്കിസ്ഥാനു 6 വിക്കറ്റുകളാണ് നഷ്ടമായത്. ആന്‍ഡിലെ ഫെഹ്ലുക്വായോയുടെ 3 വിക്കറ്റുകളാണ് മത്സര ഗതി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി മാറ്റിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 15 റണ്‍സുള്ളപ്പോള്‍ പാക്കിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഫെഹ്ലുക്വായോ മത്സരം മാറ്റി മറിച്ചത്. ആദ്യ പന്തില്‍ ഷൊയ്ബ് മാലിക് ബൗണ്ടറി നേടുകയും അടുത്ത പന്തില്‍ സിംഗിള്‍ നേടിയും അവസാന നാല് പന്തില്‍ ലക്ഷ്യം 10 റണ്‍സാക്കി കുറച്ചിരുന്നു. എന്നാല്‍ അടുത്ത നാല് പന്തില്‍ ഷൊയ്ബ് മാലികിനെയും ഹസന്‍ അലിയെയും പുറത്താക്കി പാക് പ്രതീക്ഷകളെ ബൗളര്‍ തകര്‍ക്കുകയായിരുന്നു. ബാബര്‍ അസം 58 പന്തില്‍ നിന്നാണ് 90 റണ്‍സ് നേടിയത്. ക്രിസ് മോറിസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്സ് എന്നിവര്‍ ആതിഥേയര്‍ക്ക് വേണ്ടി 2 വീതം വിക്കറ്റ് നേടി.

ഡേവിഡ് മില്ലര്‍ പുറത്താകാതെ 29 പന്തില്‍ നിന്ന് 65 റണ്‍സും റാസി വാന്‍ ഡെര്‍ ഡൂസെന്‍(27 പന്തില്‍ 45), റീസ ഹെന്‍ഡ്രിക്സ്(28), ജാന്നെമാന്‍ മലന്‍(33) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ 3 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സിലേക്ക് നയിച്ചത്. മില്ലര്‍ 4 ബൗണ്ടറിയും 5 സിക്സും അടക്കമായിരുന്നു തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്. മില്ലര്‍ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആതിഥേയര്‍ 2-0നു പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Exit mobile version