ചുരുങ്ങിയത് നാല് ലീഗുകളിലേക്ക് മാത്രം ഇനി പാക് താരങ്ങള്‍ക്ക് അനുമതി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ താരങ്ങള്‍ മറ്റു ലീഗുകളില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി പത്രം നല്‍കുന്നത് നാല് ലീഗുകളിലേക്ക് ചുരുക്കുന്നതായി അറിയിച്ച് കൊണ്ട് തങ്ങളുടെ പുതിയ എന്‍ഒസി നയം പുറത്ത് വിട്ടു. കേന്ദ്ര കരാറോ പ്രാദേശിക കരാറോ ഉള്ള താരങ്ങള്‍ക്ക് ഇനി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉള്‍പ്പെടെ നാല് ലീഗുകളില്‍ മാത്രമേ പങ്കെടുക്കുവാനുള്ള അനുമതിയ്ക്ക് അപേക്ഷിക്കാനാകൂ.

പ്രാദേശിക താരങ്ങള്‍ ആദ്യം അതാത് അസോസ്സിയേഷനുകളെയാണ് അനുമതിയ്ക്കായി സമീപിക്കേണ്ടത്. അതിന് ശേഷം മാത്രമാണ് ബോര്‍ഡിന്റെ ഉയര്‍ന്ന കമ്മിറ്റിയിലേക്ക് ഈ ആവശ്യം എത്തിക്കേണ്ടതുള്ളുവെന്നും ബോര്‍ഡ് തീരുമാനിച്ചു. ദേശീയ താരങ്ങള്‍ക്കുള്ള അനുമതി പത്രത്തിന്റെ ഫീഡ് ബാക്ക് ദേശീയ കോച്ച്/ടീം മാനേജ്മെന്റ് എന്നിവരിലൂടെയാകും ഈ കമ്മിറ്റിയ്ക്ക് മുന്നില്‍ എത്തേണ്ടത്..

ലോകകപ്പിനു ശേഷം മിക്കി ആര്‍തറുടെയും ഇന്‍സമാമിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍

ടീം കോച്ച് മിക്കി ആര്‍തറുടെയും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലഭിയ്ക്കുന്ന സൂചനകള്‍ പ്രകാരം ലോകകപ്പിലെ ഫലം എന്ത് തന്നെ ആയാലും ഇരുവരുടെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഏകദിനത്തിലെ ടീമിന്റെ മോശം ഫോമാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡിനെ എത്തിച്ചിരിക്കുന്നത്.

ലോകകപ്പിനു മുന്നോടിയായി 11 മത്സരങ്ങളില്‍ പത്തും പാക്കിസ്ഥാന്‍ കീഴടങ്ങിയപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകായയിരുന്നു. ഇന്‍സമാമിനു പകരം മുന്‍ ഓപ്പണിംഗ് താരം അമീര്‍ സൊഹൈല്‍ സെലക്ടറായി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. മൂന്ന് വര്‍ഷത്തോളമായി പാക്കിസ്ഥാന്റെ സെലക്ടര്‍ പദവിയില്‍ നില്‍ക്കുന്നയാളാണ് ഇന്‍സമാം ഉള്‍ ഹക്ക്.

ലോകകപ്പിലെ ഇരുവരുടെയും ടീം തിരഞ്ഞെടുപ്പും ബോര്‍ഡിനു രസകരമായിട്ടില്ലെന്നും ഇതാണ് ഇവര്‍ക്കെതിരെ തിരിയുവാന്‍ പ്രേരിപ്പിച്ചതെന്നുമാണ് അറിയുന്നത്. മിക്കി ആ്ര‍തര്‍ക്ക് പകരം ആരെന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നാണ് അറിയുന്നത്. മേയ് 31നു വിന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ഉദ്ഘാടന മത്സരം. ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക.

എകോണിന്റെ പാട്ട് കേള്‍ക്കാന്‍ പോയി ഉമര്‍ അക്മലിനു പിഴ

മത്സരത്തിന്റെ തലേ ദിവസം രാത്രി ദുബായിയിലെ നിശാ ക്ലബ്ബില്‍ പോയതിനു പിഴയേറ്റു വാങ്ങി പാക്കിസ്ഥാന്‍ മധ്യ നിര താരം ഉമര്‍ അക്മല്‍. ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ഏകദിനത്തിനു മുമ്പുള്ള രാത്രി പ്രശസ്ത ഹിപ്-ഹോപ് ആര്‍ട്ടിസ്റ്റ് എകോണിന്റെ സംഗീത ഷോ കാണുവാനാണ് അക്മല്‍ പോയത്. തുടര്‍ന്ന് രാത്രി ഏറെ കഴിഞ്ഞാണ് താരം ടീമംഗങ്ങള്‍ക്കൊപ്പം ചേരുന്നത്.

20 ശതമാനം മാച്ച് ഫീസാണ് ബോര്‍ഡ് താരത്തിനു പിഴയായി ചുമത്തിയത്. അടുത്തിടെ മാത്രമാണ് പാക്കിസ്ഥാന്‍ ടീമിലേക്ക് താരം മടങ്ങിയെത്തിയത്. അക്മല്‍ തന്നെ ഷൂട്ട് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ടീമിലെ അസ്വാരസ്യങ്ങളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന്‍ 190 റണ്‍സിനു ഓള്‍ഔട്ട് ആയി പവലിയനിലേക്ക് തിരികെ എത്തിയപ്പോള്‍ ടീമംഗങ്ങളെ കോച്ച് മിക്കി ആര്‍തര്‍ എടുത്ത് കുടഞ്ഞുവെന്ന വാര്‍ത്തകളെ തള്ളി പാക്കിസ്ഥാന്‍ ബോര്‍ഡ്. സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി, അസാദ് ഷഫീക്ക് എന്നിവരുടെ മോശം ഷോട്ടുകള്‍ക്ക് താരങ്ങളെ ഏറെ പഴി പറഞ്ഞ പാക്കിസ്ഥാന്‍ മുഖ്യ കോച്ചിന്റെ നടപടിയെ തുടര്‍ന്ന് ടീമില്‍ വലിയ എതിര്‍പ്പുണ്ടെന്നാണ് പാക്കിസ്ഥാന്‍ പ്രാദേശിക മീഡിയകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ഫ്രാസും കോച്ചും തമ്മില്‍ വാക്ക് തര്‍ക്കത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ ഇവയെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ബോര്‍ഡ് ടീം മാനേജ്മെന്റിനു വേണ്ടി പത്രക്കുറിപ്പിറക്കിയത്. മികച്ച തുടക്കത്തില്‍ നിന്നാണ് പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നത്.

100/1 എന്ന നിലയില്‍ നിന്ന് 190 റണ്‍സിനു ടീം ഓള്‍ഔട്ട് ആയതോടെ വലിയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ നല്‍കാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങള്‍ അസ്ഥാനത്താകുകയായിരുന്നു.

ഉത്തേജക വിവാദം, അഹമ്മദ് ഷെഹ്സാദിനു 4 മാസം വിലക്ക്

ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്സാദിനു 4 മാസത്തെ വിലക്ക് നല്‍കി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ജൂലൈ 2018 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുന്നതെന്നും അതു വരെ എല്ലാവിധ ക്രിക്കറ്റില്‍ നിന്നും താരത്തെ വിലക്കിയതായും ബോര്‍ഡ് വ്യക്തമാക്കി. ഏപ്രിലില്‍ നടന്ന പാക്കിസ്ഥാന്റെ പ്രാദേശിക ഏകദിന ടൂര്‍ണ്ണമെന്റായ പാക്കിസ്ഥാന്‍ കപ്പിനിടെയാണ് താരത്തിന്റെ സാംപിളുകള്‍ പരിശോധിക്കുകയും ശേഷം പരിശോധനയില്‍ പരാജയപ്പെടുകയും ചെയ്തത്.

ഉത്തേജക പരിശോധനിയിലെ പരാജയത്തിന്റെ വലിക്ക് നവംബര്‍ 11 2018ല്‍ അവസാനിച്ച് താരത്തിനു വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങി വരാം. വിലക്ക് കൂടാതെ ഈ കാലയളവില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുന്ന വേദികളില്‍ താരം ആന്റി ഡോപിംഗിനെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്തേതായുമുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി.

എതിരില്ലാതെ എഹ്സാന്‍ മാനി, പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

നജാം സേഥിയ്ക്ക് പകരക്കാരനായി പുതിയ ചെയര്‍മാനായി എഹ്സാന്‍ മാനി തിരഞ്ഞെടുക്കപ്പെട്ടു. മറ്റാരും തന്നെ മാനിയ്ക്കെതിരെ നാമനിര്‍ദ്ദേശം നല്‍കാത്തതിനാല്‍ എതിരില്ലാതെയാണ് മാനി തിരഞ്ഞെടുക്കപ്പെട്ടത്. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലേക്ക് മാനിയുടെ പേര് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആണ് നിര്‍ദ്ദേശിച്ചത്. പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ഭരണഘടന പ്രകാരം രാജ്യത്തിന്റെ പ്രധാനമന്ത്രി ബോര്‍ഡിന്റെ പേട്രണ്‍ ആണ്.

മാനിയുടെ പേപ്പറുകള്‍ പരിശോധിച്ച ശേഷം താരം പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രഖ്യാപനം പിസിബിയുടെ ഇലക്ഷന്‍ കമ്മീഷണര്‍ റിട്ടേര്‍ഡ് ജസ്റ്റിസ് അഫ്സല്‍ ഹൈദര്‍ പ്രഖ്യാപിക്കുകയായിരുന്നു.

Exit mobile version