ബാലൺ ഡി ഓർ ഡെംബെലെക്ക്


പാരിസ്: ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) താരം ഉസ്മാൻ ഡെംബെലെക്ക്. ഈ സീസണിൽ ലീഗ് 1, കൂപ്പെ ഡി ഫ്രാൻസ്, ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാൻ പി.എസ്.ജിക്ക് ഡെംബെലെയുടെ പ്രകടനം നിർണായകമായിരുന്നു. വിങ്ങർ റോളിൽ നിന്ന് സെന്റർ ഫോർവേഡായി മാറിയ ഡെംബെലെയുടെ തന്ത്രം ശ്രദ്ധേയമായി. ഈ മാറ്റം താരത്തിന് ഈ കഴിഞ്ഞ സീസണിൽ 35 ഗോളുകൾ നേടാൻ സഹായിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെതിരെയുള്ള മികച്ച പ്രകടനവും ഇതിൽപ്പെടുന്നു.


യുവതാരം ലാമിൻ യമൽ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും, ഡെംബെലെയുടെ സ്ഥിരതയും മികവും അദ്ദേഹത്തെ മുന്നിലെത്തിച്ചു.


വനിതാ താരങ്ങളിൽ ഐതാന ബോൺമതി ചരിത്രം കുറിച്ചു. തുടർച്ചയായ മൂന്നാം തവണയും വനിതാ ബാലൺ ഡി ഓർ പുരസ്കാരം നേടിയ ബോൺമതി, ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ ഫുട്ബോൾ താരമാണ്. യൂറോ മത്സരങ്ങളുടെ തുടക്കത്തിൽ അസുഖം കാരണം കളിക്കാൻ കഴിഞ്ഞില്ലെങ്കിലും, സ്പെയിനിനെ ഫൈനലിലേക്കും ബാഴ്സലോണയെ മറ്റൊരു ലീഗ് കിരീടത്തിലേക്കും നയിച്ചതിൽ ബോൺമതിയുടെ പങ്ക് നിർണായകമായിരുന്നു. സഹതാരങ്ങളായ മാരിയോണ കാൽഡെൻറ്റേയെയും ചാമ്പ്യൻസ് ലീഗ് ജേതാവായ അലേസിയ റൂസ്സോയെയും പിന്തള്ളിയാണ് ബോൺമതി ഈ നേട്ടം കൈവരിച്ചത്.


ഡെംബെലെ ലിഗ് 1 പ്ലെയർ ഓഫ് ദി ഇയർ


പാരീസ് സെന്റ്-ജെർമെയ്ൻ മുന്നേറ്റനിര താരം ഉസ്മാൻ ഡെംബെലെ 2024-25 സീസണിലെ ലിഗ് 1 പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം നേടി. പിഎസ്ജിയെ അവരുടെ 13-ാം ഫ്രഞ്ച് ലീഗ് കിരീടത്തിലേക്കും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കും നയിച്ച മികച്ച പ്രകടനമാണ് ഡെംബെലെയെ പുരസ്കാരത്തിന് അർഹനാക്കിയത്.


ഡെംബെലെ 21 ഗോളുകളോടെ ലിഗ് 1 ലെ ടോപ് സ്കോററായിരുന്നു. എല്ലാ മത്സരങ്ങളിലുമായി 46 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുണ്ട്, അതിൽ യൂറോപ്പിലെ 8 ഗോളുകളും ഉൾപ്പെടുന്നു. കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് പോകുന്നതിന് മുമ്പ് അഞ്ച് വർഷം തുടർച്ചയായി ഈ പുരസ്കാരം നേടിയത് കിലിയൻ എംബാപ്പെ ആയിരുന്നു‌.


ഞായറാഴ്ച നടന്ന യുഎൻഎഫ്പി അവാർഡ് ദാന ചടങ്ങിൽ ലൂയിസ് എൻറിക്വെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു, അതേസമയം ഡെസിറെ ഡൂവെ മികച്ച യുവ കളിക്കാരനുള്ള പുരസ്കാരം നേടി. ലില്ലെയുടെ ഗോൾകീപ്പർ ലൂക്കാസ് ഷെവലിയർ പിഎസ്ജിയുടെ ജിയാൻലൂയിജി ഡോണറുമയെ മറികടന്ന് മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കി.

ഡെംബലെ ഫിറ്റ്നസ് വീണ്ടെടുത്തു, ഇന്ന് ആഴ്സണലിന് എതിരെ കളിക്കും


ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ആഴ്സണലിനെതിരെ കളിക്കാൻ ഒസ്മാൻ ഡെംബെലെ ഫിറ്റാണെന്ന് പാരീസ് സെന്റ്-ജെർമെയ്ൻ സ്ഥിരീകരിച്ചു. ആദ്യ പാദത്തിൽ വിജയ ഗോൾ നേടിയ വിംഗർക്ക് പേശിവേദന ഉണ്ടായിരുന്നെങ്കിലും താരം പൂർണ്ണ പരിശീലനത്തിലേക്ക് മടങ്ങിയെത്തി.


ഈ സീസണിൽ പി എസ് ജിക്കായി ഗംഭീര ഫോമിൽ ആണ് ഡെംബലെ കളിക്കുന്നത്. താരം ഇന്ന് ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയേക്കും. ആദ്യ പാദത്തിൽ പ്മെഇ എസ് ജി 1-0ന് വിജയിച്ചിരുന്നു. 31 ന് മ്യൂണിച്ചിൽ നടക്കുന്ന ഫൈനലിൽ ഇന്റർ മിലാനെയോ ബാഴ്സലോണയെയോ ആകും ഇന്ന് വിജയിക്കുന്ന ടീം നേരിടുക.

പരിക്കേറ്റ് കുണ്ടേ, ഡെംബലെ; ആശങ്കയിൽ ഫ്രാൻസും ബാഴ്‌സയും

ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ജൂൾസ് കുണ്ടേയും ഒസ്മാൻ ഡെമ്പലേയും പരിക്കേറ്റ് കയറിയത് ആശങ്കയുണർത്തി. ഇരു താരങ്ങൾക്കും മത്സരം പൂർത്തിയാക്കാൻ ആയില്ല. ജൂൾസ് കുണ്ടേക്ക് ആദ്യ പകുതിയുടെ ഇരുപതാം മിനിറ്റിൽ തന്നെ തിരിച്ചു കൂടാരത്തിലേക്ക് കയറേണ്ടി വന്നു. ഇടത് തുടക്കുണ്ടായ പരിക്കാണ് താരത്തിന് തിരിച്ചടി ആയത്. പകരക്കാരൻ ആയി വില്യം സാലിബ എത്തി. ആദ്യ കാഴ്ച്ചയിൽ പരിക്ക് ഗുരുതരമാണെന്ന തോന്നൽ ആണുണ്ടാക്കിയത്. മുന്നേറ്റ താരം ഡെംബലെക്ക് രണ്ടാം പകുതിയിലാണ് പരിക്ക് വിനയായത്. എങ്കിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടെന്ന സൂചന ഇല്ല.

ഇരു താരങ്ങളും അടുത്ത കാലത്ത് ദീർഘമായ പരിക്കിന്റെ പിടിയിൽ ആയിരുന്നു എന്നത് ബാഴ്‌സ ഫാൻസിനും ആശങ്ക ഉണർത്തുന്നുണ്ട്. ഇരുവരുടേയും പരിക്കിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസം തന്നെ അറിയാൻ കഴിഞ്ഞേക്കും. ഇരു താരങ്ങളും ഫ്രാൻസിന്റെ അടുത്ത മത്സരത്തിൽ ഇറങ്ങിയേക്കില്ല.

ഇത് കൂടാതെ ഗോൾ കീപ്പർ മെയ്ഗ്നനേയും പരിക്കിന്റെ ആശങ്കയെ തുടർന്ന് ആദ്യ പകുതിയോടെ പിൻവലിക്കേണ്ടി വന്നിരുന്നു. കരീം ബെൻസിമ, കാൻറെ, പോഗ്ബ തുടങ്ങി പ്രമുഖ താരങ്ങൾ എല്ലാം പരിക്കിന്റെ പിടിയിൽ ആയിരിക്കെ ഫ്രാൻസ് ടീമിൽ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. എങ്കിലും മികച്ച പകരക്കാർ ഉള്ളതിനാൽ അവരെ വെച്ച് ഈ താരങ്ങളുടെ അസാന്നിധ്യം മറികടക്കാൻ ദിദിയർ ഡെഷാംപ്സിന് കഴിഞ്ഞേക്കും.

Exit mobile version