ചരിത്രം കുറിച്ച് കൃഷ്ണ പ്രസാദും വിഷ്ണു വര്‍ദ്ധനും, പുരുഷ ഡബിള്‍സ് ഫൈനലില്‍

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഫൈനലുറപ്പാക്കി ഇന്ത്യന്‍ താരങ്ങളായ കൃഷ്ണ പ്രസാദ് ഗാര്‍ഗയും വിഷ്ണു വര്‍ദ്ധന്‍ പഞ്ചാലയും. ഇന്ന് നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമില്‍ ഇംഗ്ലണ്ട് ജോഡിയെ പരാജയപ്പെടുത്തിയാണ് ഇവരുടെ ഫൈനല്‍ പ്രവേശനം.

35 മിനുട്ട് നീണ്ട മത്സരത്തില്‍ കൃഷ്ണ – വിഷ്ണു കൂട്ടുകെട്ട് കാലം ഹെമ്മിംഗ് – സ്റ്റീവന്‍ സ്റ്റാള്‍വുഡ് കൂട്ടുകെട്ടിനെ 21-17, 21-17 എന്ന സ്കോറിനാണ് കീഴടക്കിയത്.

സെമിയില്‍ എട്ടാം റാങ്കുകാരോട് പരാജയപ്പെട്ട് ഇന്ത്യന്‍ കൂട്ടുകെട്ട്

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് വനിത ഡബിള്‍സില്‍ ഇന്ത്യന്‍ കൂട്ടുകെട്ടായ അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി കൂട്ടുകെട്ടിന് പരാജയം. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനക്കാരും ടൂര്‍ണ്ണമെന്റിലെ ഒന്നാം സീഡുമായ തായ്‍ലാന്‍ഡിന്റെ ജോംഗ്കോല്‍ഫന്‍ കിടിതാരാകുല്‍ – റവിന്‍ഡ പ്രജോംഗ്ജായി കൂട്ടുകെട്ടിനോട് നേരിട്ടുള്ള ഗെയിമിലായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.

37 മിനുട്ട് നീണ്ട മത്സരത്തിന്റെ ആദ്യ ഗെയിമില്‍ ഇന്ത്യന്‍ ജോഡി പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ടീം അമ്പേ പരാജയമായി മാറുകയായിരുന്നു. സ്കോര്‍: 18-21, 21-9.

ക്വാര്‍ട്ടറില്‍ കീഴടങ്ങി കിഡംബി, മിക്സഡ് ഡബിള്‍സ് ജോഡി സെമിയില്‍

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് ജോ‍ഡിയായ ധ്രുവ് കപില – അശ്വിനി പൊന്നപ്പ. 21-13, 21-18 എന്ന സ്കോറിനായിരുന്നു ഇവരുടെ വിജയം. ബ്രിട്ടന്റെ മാക്സ് ഫ്ലിന്‍ – ജെസീക്ക പഗ് കൂട്ടുകെട്ടിനെ 29 മിനുട്ടിലാണ് ഇവര്‍ പരാജയപ്പെടുത്തിയത്.

പുരുഷ വിഭാഗം സിംഗിള്‍സില്‍ ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 19-21, 17-21 എന്ന സ്കോറിനാണ് താരം 42 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനോട് പരാജയം ഏറ്റുവാങ്ങിയത്.

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ്, ഇന്ത്യന്‍ ടീമുകളുടെ കുതിപ്പ് തുടരുന്നു

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ല്‍ ഇന്ത്യയുടെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍ സെമിയില്‍. അശ്വിനി പൊന്നപ്പ – സിക്കി റെഡ്ഡി, കൃഷ്ണ പ്രസാദ് ഗാര്‍ഗ – വിഷ്ണു വര്‍ദ്ധന്‍ കൂട്ടുകെട്ടാണ് സെമിയില്‍ കടന്നത്. അതേ സമയം ധ്രുവ് കപില – എംആര്‍ അര്‍ജ്ജുന്‍ കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. അശ്വിനി – സിക്കി കൂട്ടുകെട്ട് ഇംഗ്ലണ്ട് താരങ്ങളെ 21-14, 21-18 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

ഫ്രാന്‍സ് കൂട്ടുകെട്ടിനെയാണ് കൃഷ്ണ പ്രസാദ് – വിഷ്ണു വര്‍ദ്ധന്‍ കൂട്ടുകെട്ട് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. 21-17, 10-21, 22-20 എന്ന സ്കോറിനായിരുന്നു വിജയം.
മൂന്ന് ഗെയിം പോരാട്ടത്തിലാണ് ധ്രുവ് – അര്‍ജ്ജുന്‍ കൂട്ടുകെട്ട് പരാജയമേറ്റു വാങ്ങിയത്. 19-21, 21-18, 21-23 എന്ന സ്കോറിന് അത്യന്തം ആവേശകരമായ മത്സരത്തിലാണ് ബ്രിട്ടീഷ് താരങ്ങളോട് ഇവരുടെ പരാജയം.

പുരുഷ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ന്റെ റൗണ്ട് ഓഫ് 32ല്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം. ഇന്ന് കൃഷ്ണ പ്രസാദ് ഗാര്‍ഗ – വിഷ്ണു വര്‍ദ്ധന്‍ ജോഡിയും എംആര്‍ അര്‍ജ്ജുന്‍ – ധ്രുവ് കപില ജോഡിയും തങ്ങളുടെ മത്സരങ്ങള്‍ വിജയിക്കുകയായിരുന്നു.

ധ്രുവ് – അര്‍ജ്ജുന്‍ കൂട്ടുകെട്ട് ഇംഗ്ലണ്ട് താരങ്ങളെ 21-14, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ കൃഷ്ണ പ്രസാദ് – വിഷ്ണു കൂട്ടകെട്ട് ഇന്തോനേഷ്യന്‍ താരങ്ങളെ 21-10, 21-17 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടില്‍ കടന്നത്.

പ്രണോയിയ്ക്കെതിരെ ജയവുമായി കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാമിനെതിരെ കിഡംബിയ്ക്ക് ജയം

ഓര്‍ലീന്‍സ് മാസ്റ്റേഴ്സിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടം. ഇതില്‍ കിരണ്‍ ജോര്‍ജ്ജും ശ്രീകാന്ത് കിഡംബിയും വിജയം കുറിയ്ക്കുകയായിരുന്നു. കിര‍ണ്‍ ജോര്‍ജ്ജ് പാരുപ്പള്ളി കശ്യപിനെ പുറത്താക്കിയപ്പോള്‍ അജയ് ജയറാമിനെതിരെയാണ് ശ്രീകാന്ത് കിഡംബിയുടെ വിജയം. ചിരാഗ് സെന്നിനും വിജയം ഒപ്പം കൂട്ടുവാന്‍ സാധിച്ചു.

മിക്സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്ര – സിക്കി റെഡ്ഡി കൂട്ടുകെട്ട് ഓസ്ട്രേിയന്‍ താരങ്ങളെ പരാജയപ്പെടുത്തിയപ്പോള്‍ ധ്രുവ് കപില – അശ്വിനി പൊന്നപ്പ ജോഡിയും വിജയം ഉറപ്പാക്കി.

വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ ഇറ ശര്‍മ്മയ്ക്ക് വിജയം നേടാനായി. പുരുഷ വിഭാഗത്തില്‍ പാരുപ്പള്ളി കശ്യപും രാഹുല്‍ ഭരദ്വാജും പരാജയപ്പെട്ട് പുറത്താകുകയായിരുന്നു.

ഓര്‍ലീന്‍സ് മാസ്റ്റേഴ്സില്‍ ജയത്തോടെ സൈന തുടങ്ങി

ഓര്‍ലീന്‍സ് മാസ്റ്റേഴ്സ് 2021ല്‍ വിജയത്തോടെ സൈന നെഹ്‍വാല്‍. ഇന്ന് നടന്ന മത്സരത്തില്‍ സൈന അയര്‍ലാണ്ടിന്റെ റേച്ചല്‍ ഡാറാഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-9, 21-5 എന്ന സ്കോറിന് 21 മിനുട്ടില്‍ പരാജയപ്പെടുത്തുകയായിരുന്നു.

ഇന്നലെ നടന്ന മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ മിഥുന്‍ മഞ്ജുനാഥ്, കിരണ്‍ ജോര്‍ജ്ജ്, അജയ് ജയറാം എന്നിവര്‍ വിജയം നേടിയപ്പോള്‍ ആലാപ് മിശ്ര, ശുഭാങ്കര്‍ ഡേ എന്നിവര്‍ പരാജയം ഏറ്റുവാങ്ങി.

Exit mobile version