പാരീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യ സ്വർണ മെഡലുകൾ ചൈനക്കും ഇക്വഡോറിനും

പാരീസ് ഒളിമ്പിക്സിൽ അത്ലറ്റിക്സിൽ ആദ്യ സ്വർണം നേടി ചൈനയും, ഇക്വഡോറും. ഇന്ന് നടന്ന പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇക്വഡോർ താരം ബ്രിയാൻ പിന്റാഡോ ആണ് സ്വർണം നേടിയത്. 1 മണിക്കൂർ 11 മിനിറ്റ് 55 സെക്കന്റ് എടുത്ത് ആണ് ഇക്വഡോർ താരം റേസ് പൂർത്തിയാക്കിയത്. വെള്ളി മെഡൽ ബ്രസീലിയൻ താരം ചിയോ ബോൻഫിം നേടിയപ്പോൾ സ്പാനിഷ് അത്ലറ്റ് അൽവാരോ മാർട്ടിൻ ആണ് വെങ്കലം നേടിയത്. അതേസമയം ഈ ഇനത്തിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളിൽ മുപ്പതാം സ്ഥാനത്ത് എത്തിയ വികാശ് സിങ് ആണ് മികച്ച പ്രകടനം നടത്തിയത്. 1 മണിക്കൂർ 22 മിനിറ്റ് 36 സെക്കന്റ് സമയം ആണ് വികാശ് എടുത്തത്.

ഇന്ത്യയുടെ പരംജീത് സിങ് 37 സ്ഥാനത്ത് എത്തിയപ്പോൾ ഇതിൽ മത്സരിച്ച മൂന്നാമത്തെ ഇന്ത്യൻ താരമായ അക്ഷദീപ് സിങ് ഏതാണ്ട് 6 കിലോമീറ്റർ അടുത്ത് വെച്ചു റേസിൽ നിന്നു പിന്മാറിയിരുന്നു. വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ചൈനയുടെ യാങ് ഹിയായു ആണ് സ്വർണം നേടിയത്. 2016 ശേഷം ചൈന ഈ ഇനത്തിൽ ഇത് ആദ്യമായാണ് സ്വർണം നേടുന്നത്. 1 മണിക്കൂർ 25 മിനിറ്റ് 54 സെക്കന്റ് ആണ് ചൈനീസ് താരം റേസ് പൂർത്തിയാക്കാൻ എടുത്ത സമയം. സ്പാനിഷ് താരം മരിയ പെരസ് വെള്ളി മെഡൽ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം ജെമിമ മൊട്ടാങിനു ആണ് വെങ്കലം. അതേസമയം 45 പേരുടെ റേസിൽ 41 സ്ഥാനം ആണ് ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി നേടിയത്. തന്റെ വ്യക്തിഗത സമയത്തിൽ നിന്നു ഏറെ ദൂരത്തിലുള്ള 1 മണിക്കൂർ 39 മിനിറ്റ് 55 സെക്കന്റ് എന്ന സമയം ആണ് പ്രിയങ്കക്ക് കുറിക്കാൻ ആയത്.

ആർച്ചറിയിൽ വനിത സിംഗിൾസിൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറി ബഹജൻ കൗർ

പാരീസ് ഒളിമ്പിക്സിൽ ആർച്ചറിയിൽ ഇന്ത്യക്ക് നിരാശക്ക് ഇടയിൽ ആശ്വാസം ആയി ബഹജൻ കൗർ. വനിത സിംഗിൾസിൽ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് ഇന്ത്യൻ താരം മുന്നേറി. കഴിഞ്ഞ റൗണ്ടിൽ തന്റെ സഹ ഇന്ത്യൻ താരം അങ്കിത ഭകട്ടിനെ തോൽപ്പിച്ച പോളണ്ട് താരം വയലെറ്റ മൈസോറിനെ ആണ് കൗർ തോൽപ്പിച്ചത്.

മൂന്നു സെറ്റുകളും ജയിച്ച ബഹജൻ കൗർ 6-0 എന്ന സ്കോറിന് ആണ് ജയം കണ്ടത്. 28-23, 29-26, 28-22 എന്നത് ആയിരുന്നു സ്‌കോർ നില. തുടർച്ചയായ രണ്ടാം ജയം കുറിച്ച താരം ഇനി ഇന്ന് തന്നെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ജയിക്കാൻ ആവും വില്ലു കുലക്കുക. ആർച്ചറിയിൽ വലിയ നിരാശ നേരിടുന്ന ഇന്ത്യക്ക് ഇത് ആശ്വാസം തന്നെയാണ്.

ബാഡ്മിന്റൺ ഡബിൾസിൽ മിന്നും ജയവുമായി ഗ്രൂപ്പ് ജേതാക്കൾ ആയി സ്വാതിക്-ചിരാഗ് സഖ്യം

ലോക ഏഴാം നമ്പർ സഖ്യമായ ഇന്തോനേഷ്യയുടെ മുഹമ്മദ് റിയാൻ, ഫജർ അൽഫിയാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഇന്ത്യയുടെ ചിരാഗ് ഷെട്ടി, സ്വാതിക് സായിരാജ് റെഡി സഖ്യം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റൺ ഡബിൾസ് ഗ്രൂപ്പ് സിയിൽ കളിച്ച 3 മത്സരങ്ങളും ജയിച്ച സ്വാതിക്-ചിരാഗ് ഗ്രൂപ്പ് ജേതാക്കളും ആയി. ക്വാർട്ടർ ഫൈനലിൽ മറ്റു ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ ആണ് അവർ നേരിടുക.

ഒളിമ്പിക്സിൽ മിന്നും ഫോമിലുള്ള ഇന്ത്യൻ സഖ്യം മത്സരത്തിൽ പൂർണ ആധിപത്യം ആണ് പുലർത്തിയത്. ആദ്യ സെറ്റ് 21-13 നു നേടിയ സ്വാതിക്-ചിരാഗ് ആദ്യം തന്നെ നയം വ്യക്തമാക്കി. തുടർന്ന് രണ്ടാം സെറ്റിലും 21-13 എന്ന സ്കോറിന് തന്നെ ജയം കണ്ട അവർ മത്സരവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സ്വന്തം പേരിലാക്കി. ഒളിമ്പിക്സിൽ ഗ്രൂപ്പ് ജേതാക്കൾ ആവുന്നതും ക്വാർട്ടർ ഫൈനലിലും എത്തുന്ന ആദ്യ ഇന്ത്യൻ ഡബിൾസ് ടീം ആയും അവർ മാറി.

ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മനു ഭാകർ

തോക്കിന്റെ പ്രശ്നം കാരണം പരാജയപ്പെട്ടു ടോക്കിയോയിൽ കണ്ണീർ അണിഞ്ഞു നിന്ന അതേ മനു ഭാകർ ഇന്ന് പാരീസിൽ ചരിത്രം എഴുതിക്കൊണ്ടാണ് അതിനു പ്രതികാരം ചെയ്യുന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഒളിമ്പിക്സിൽ 2 മെഡലുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരമായി മനു മാറി. 2 ഒളിമ്പിക്സ് മെഡലുകൾ ഉള്ള അപൂർവം ഇന്ത്യൻ താരങ്ങളുടെ പട്ടികയിലേക്കും മനു എത്തി.

ഇന്ന് സരബ്‌ജോത് സിങിന് ഒപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ വെങ്കലം നേടിയാണ് മനു തന്റെ രണ്ടാം മെഡൽ പാരീസിൽ നേടിയത്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ മനു വെങ്കല മെഡൽ നേടിയിരുന്നു. ഇന്ത്യക്കായി ഒളിമ്പിക് മെഡൽ നേടിയ ആദ്യ വനിത ഷൂട്ടറും കൂടിയാണ് മനു. ഇനി വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ഷൂട്ട് ചെയ്യാൻ ഇറങ്ങുന്ന മനു പാരീസിൽ മൂന്നാം മെഡൽ ആവും ലക്ഷ്യം വെക്കുക. 22 കാരിയായ മനുവിൽ ഇനിയും ഇന്ത്യ ഭാവി ഒളിമ്പിക്സുകളിലും മെഡലുകൾ പ്രതീക്ഷിക്കുന്നുണ്ട്.

ഒളിമ്പിക്സ് പ്രീ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടേബിൾ ടെന്നീസ് താരമായി മണിക ബത്ര

പാരീസ് ഒളിമ്പിക്സിൽ ചരിത്രം എഴുതി ഇന്ത്യയുടെ മണിക ബത്ര. ഒളിമ്പിക്സിൽ വനിത സിംഗിൾസിൽ അവസാന പതിനാറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി മണിക മാറി. റൗണ്ട് ഓഫ് 32 ൽ പോണ്ടിച്ചേരി സ്വദേശിയും ഇന്ത്യൻ വംശജയും ആയ 19 കാരി ഫ്രഞ്ച് താരം പ്രിതിക പാവാഡയെ ആണ് 18 സീഡ് ആയ മണിക തോൽപ്പിച്ചത്. മികച്ച സർവീസ് ഗെയിം ആണ് ഇന്ത്യൻ താരത്തിന്റെ ജയത്തിൽ നിർണായകമായത്.

മണിക ബത്ര – ഫയൽ ചിത്രം

12 സീഡ് ആയ ഫ്രഞ്ച് താരത്തിന് എതിരെ പ്രതീക്ഷിക്കാത്ത നിലയിലുള്ള ആധിപത്യം പുലർത്തിയ മണിക 4-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും മികച്ച പോരാട്ടം കണ്ടെങ്കിലും രണ്ടും നാലും സെറ്റുകൾ മണിക ആധിപത്യം ആണ് കണ്ടത്. 11-9 നു ആദ്യ സെറ്റും 11-6 നു രണ്ടാം സെറ്റും നേടിയ മണിക മൂന്നാം സെറ്റിൽ 5 സെറ്റ് പോയിന്റുകൾ പാഴാക്കിയെങ്കിലും സെറ്റ് 11-9 നു നേടി. തുടർന്ന് നാലാം സെറ്റ് 11-7 നു നേടി മത്സരം സ്വന്തം പേരിലാക്കി ചരിത്രം എഴുതുക ആയിരുന്നു ഇന്ത്യൻ താരം.

ടേബിൾ ടെന്നീസിൽ 17 കാരന് മുന്നിൽ പരാജയപ്പെട്ടു ഇന്ത്യയുടെ ഹർമീത് ദേശായി പുറത്ത്

പാരീസ് ഒളിമ്പിക്സ് ടേബിൾ ടെന്നീസിൽ പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യയുടെ ഹർമീത് ദേശായി പുറത്ത്. 31 കാരനായ ഇന്ത്യൻ താരം ഫ്രഞ്ച് യുവതാരവും ലോക അഞ്ചാം റാങ്കുകാരനും ആയ 17 കാരൻ ഫെലിക്‌സ് ലെബ്രനോട് ആണ് പരാജയം വഴങ്ങിയത്. മത്സരത്തിൽ ഒരവസരവും ഇന്ത്യൻ താരത്തിന് ലഭിച്ചില്ല.

ഫ്രാൻസ് സ്വർണം തന്നെ പ്രതീക്ഷിക്കുന്ന യുവതാരം മികച്ച മത്സരം ആണ് പുറത്ത് എടുത്തത്. ഏകപക്ഷീയമായ നാലു സെറ്റുകൾക്ക് ആണ് ഫ്രഞ്ച് താരത്തിന്റെ ജയം. ആദ്യ രണ്ട് സെറ്റുകൾ 11-8, 11-8 എന്ന സ്കോറിന് നേടിയ ഫ്രഞ്ച് താരം മൂന്നാം സെറ്റ് 11-6 നും നേടി. തുടർന്ന് നാലാം സെറ്റ് 11-8 നു നേടിയ താരം ഇന്ത്യൻ താരത്തിന്റെ പരാജയം ഉറപ്പാക്കി.

ജയിച്ചു കയറി നദാൽ! ഒളിമ്പിക്സ് രണ്ടാം റൗണ്ടിൽ നദാൽ, ജ്യോക്കോവിച് പോരാട്ടം

പാരീസ് ഒളിമ്പിക്സ് രണ്ടാം റൗണ്ടിൽ സ്വപ്ന പോരാട്ടത്തിന് വേദിയാകും. ഇതിഹാസ താരങ്ങൾ ആയ റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച് എന്നിവർ ആണ് രണ്ടാം റൗണ്ടിൽ നേർക്കുനേർ വരിക. സ്വപ്ന പോരാട്ടത്തിന് ആരാധകർ ആവേശത്തോടെ ആണ് കാത്തിരിക്കുന്നത്. ആദ്യ റൗണ്ടിൽ ഹംഗേറിയൻ താരം മാർട്ടൻ ഫുക്സോവിക്സിനെ മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ ആണ് നദാൽ തോൽപ്പിച്ചത്. 2022 ഫ്രഞ്ച് ഓപ്പൺ ഫൈനലിന് ശേഷം നദാൽ പാരീസിൽ നേടുന്ന ആദ്യ ജയം ആണ് ഇത്.

Rafa Nadal

പലപ്പോഴും മത്സരത്തിൽ മികച്ച വെല്ലുവിളി ആണ് നദാൽ നേരിട്ടത്. ആദ്യ സെറ്റിൽ ഹംഗേറിയൻ താരത്തെ നദാൽ നിലം തൊടീച്ചില്ല. സെറ്റ് 6-1 നു നേടിയ നദാൽ താൻ മികവിൽ ആണ് എന്ന സൂചന നൽകി. എന്നാൽ രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ നദാലിന് മേൽ ആധിപത്യം നേടിയ മാർട്ടൻ ഒടുവിൽ സെറ്റ് 6-4 നു നീട്ടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ നിർണായക സർവീസ് ബ്രേക്ക് കണ്ടത്തിയ നദാൽ സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരം സ്വന്തമാക്കുക ആയിരുന്നു. 2 തവണ മാച്ച് പോയിന്റ് രക്ഷിക്കാൻ ആയെങ്കിലും തോൽവി ഒഴിവാക്കാൻ ഹംഗേറിയൻ താരത്തിന് ആയില്ല.

പാരീസ് ഒളിമ്പിക്സിൽ ജയിച്ചു തുടങ്ങി എച്ച്.എസ് പ്രണോയ്

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ജയിച്ചു തുടങ്ങി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. ഗ്രൂപ്പ് കെയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സീഡ് ചെയ്ത താരമായ പ്രണോയ് ജർമ്മൻ താരം ഫാബിയാൻ റോത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്.

ഇടക്ക് തന്നെ അലട്ടിയ ശാരീരിക ബുദ്ധിമുട്ടും താരം അതിജീവിച്ചു. ആദ്യ സെറ്റിൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനാൽ തന്നെ സെറ്റ് കടുപ്പമായിരുന്നു. സെറ്റ് 21-18 നു ആണ് താരം നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ കൂടുതൽ ആധിപത്യം പ്രണോയ് കാണിച്ചു. സെറ്റ് 21-12 നു നേടിയ താരം മത്സരം സ്വന്തം പേരിലാക്കി.

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ സുമിത് നാഗൽ ആദ്യ റൗണ്ടിൽ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ഏക ടെന്നീസ് സിംഗിൾസ് താരമായ സുമിത് നാഗൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്. മികച്ച പോരാട്ടത്തിന് ഒടുവിൽ ആണ് ഇന്ത്യൻ താരം ആതിഥേയ താരമായ കോരന്റിൻ മൗറ്ററ്റിനോട് തോറ്റ് പുറത്ത് പോയത്. മൂന്നു സെറ്റ് മികച്ച പോരാട്ടം ആണ് കാണികൾ എതിരായിട്ടും നാഗൽ നടത്തിയത്.

ആദ്യ സെറ്റിൽ ഫ്രഞ്ച് താരത്തിന്റെ മികവ് ആണ് കാണാൻ ആയത്. സെറ്റ് താരം 6-2 എന്ന സ്കോറിന് സ്വന്തമാക്കി. എന്നാൽ രണ്ടാം റൗണ്ടിൽ നാഗൽ അതിനാണയത്തിൽ തിരിച്ചടിച്ചു. സെറ്റ് 6-2 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. എന്നാൽ മൂന്നാം സെറ്റിൽ അവസാനം 7-5 നു കീഴടങ്ങി പരാജയം സമ്മതിക്കാൻ മാത്രമെ ഇന്ത്യൻ നമ്പർ 1 താരത്തിന് സാധിച്ചുള്ളൂ.

ആർച്ചറിയിൽ നിരാശ, ഇന്ത്യൻ വനിത ടീം ക്വാർട്ടർ ഫൈനലിൽ പുറത്ത്

ആർച്ചറിയിൽ ഇന്ത്യക്ക് വമ്പൻ നിരാശ. ക്വാർട്ടർ ഫൈനലിൽ ഡച്ച് ടീമിനെ നേരിടാൻ ഇറങ്ങിയ ഇന്ത്യൻ ടീം 3 സെറ്റും കൈവിട്ടു 6-0 എന്ന സ്കോറിന് ആണ് ഇന്ത്യൻ ടീം പുറത്തായത്. ദീപിക കുമാരി, അങ്കിത, ബഹജാൻ എന്നിവർ അടങ്ങിയ ടീം ആണ് ഇന്ത്യക്ക് ആയി ഇറങ്ങിയത്.

ആദ്യ സെറ്റിന് ശേഷം തീർത്തും നിരാശ നൽകുന്ന രണ്ടും മൂന്നും സെറ്റുകൾ ആണ് ഇന്ത്യൻ താരങ്ങൾ സമ്മാനിച്ചത്. ആദ്യ സെറ്റിൽ 52-51 നു നന്നായി പൊരുതിയ ഇന്ത്യൻ ടീം പക്ഷെ രണ്ടാം സെറ്റ് 54-49 മൂന്നാം സെറ്റ് 53-48 നും ആണ് കൈവിട്ടത്. ആർച്ചറിയിൽ ഇനി വ്യക്തിഗത ഇനങ്ങളിൽ ആണ് ഇന്ത്യൻ പ്രതീക്ഷ.

സെമിഫൈനൽ യോഗ്യത നേടാൻ ആയില്ലെങ്കിലും പാരീസിൽ ഇന്ത്യൻ അഭിമാനമായി 14 കാരി നീന്തൽ താരം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ അഭിമാനമായി 14 കാരിയായ നീന്തൽ താരം ദിനിധി ദേസിങ്കു. ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം ആയിരുന്ന ദിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റെയിലിൽ ഹീറ്റസിൽ ഒന്നാം സ്ഥാനത്ത് ആണ് എത്തിയത്. എന്നാൽ 2 മിനിറ്റ് 06.96 സെക്കന്റ് സമയം കുറിച്ച താരത്തിന് മൊത്തത്തിൽ 23 സ്ഥാനത്ത് ആണ് എത്താൻ ആയത്. ഇതോടെ ആദ്യ 16 പേർ എത്തുന്ന സെമിഫൈനലിൽ താരത്തിന് യോഗ്യത നേടാൻ ആയില്ല.

2 പേർ മാത്രം ആയിരുന്നു നീന്തലിൽ ഇന്ത്യക്ക് ആയി മത്സരിക്കാൻ ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് എത്തിയ ശ്രീഹരി നടരാജ് ഇന്ത്യൻ പ്രതീക്ഷയായി. എന്നാൽ 55.01 സെക്കന്റിൽ നീന്തൽ പൂർത്തിയാക്കിയ താരത്തിനും സെമിഫൈനൽ യോഗ്യത നേടാൻ ആയില്ല. മൊത്തം 33 സ്ഥാനത്ത് ആണ് താരം ഫിനിഷ് ചെയ്തത്. സെമിഫൈനൽ യോഗ്യത ഇല്ലെങ്കിലും അടുത്ത ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തുന്നത് ആണ് 14 കാരി ദിനിധിയുടെ പ്രകടനം.

ടേബിൾ ടെന്നീസിൽ മണിക ബത്ര മുന്നോട്ട്, ശരത് കമാൽ പുറത്ത്

പാരീസ് ഒളിമ്പിക്സിൽ ടേബിൾ ടെന്നീസിൽ ഇന്ത്യൻ പ്രതീക്ഷയായ മണിക ബത്ര വനിതാ സിംഗിൾസിൽ അവസാന 32 ലേക്ക് മുന്നേറി. 18 സീഡ് ആയ ഇന്ത്യൻ താരം ബ്രിട്ടന്റെ അന്ന ഹർസയെ 5 ഗെയിം മത്സരത്തിൽ 11-8, 12-10, 11-9, 9-11, 11-5 എന്ന സ്കോറിന് ആണ് മറികടന്നത്.

Sharath Kamal

അതേസമയം ഇന്ത്യൻ ഇതിഹാസ താരം ശരത് കമാൽ ഒളിമ്പിക് സിംഗിൾസിൽ നിന്നു പുറത്തായി. 6 ഗെയിം നീണ്ടു നിന്ന മത്സരത്തിൽ സ്ലോവാനിയൻ താരം ഡെനി കൗസലിനോട് 12-10, 9-11, 6-11, 7-11, 11-8, 10-12 എന്ന സ്കോറിന് ഖിയാണ് ശരത് കമാൽ തോറ്റത്. അവസാന സെറ്റിൽ നിരവധി സെറ്റ് പോയിന്റുകൾ കൈവിട്ടാണ് ഇന്ത്യൻ താരം പരാജയം ഏറ്റുവാങ്ങിയത്.

Exit mobile version