ഒലെ മാറില്ല, തിരികെ ഫോമിൽ എത്താൻ ആകുമെന്ന പ്രതീക്ഷയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

പരാജയങ്ങൾ തുടർക്കഥയാകുന്നു എങ്കിലും അതിൽ ഒന്നും പതറാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പരിശീലകൻ ആയ ഒലെയിൽ വിശ്വാസം ആർപ്പിക്കുന്നത് തുടരുകയാണ്. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം കാരിങ്ടനിൽ തിരികെയെത്തിയ ഒലെ കഴിഞ്ഞ ദിവസം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂളിനോടും വലിയ പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാമ്പിൽ അത്ര നല്ല അന്തരീക്ഷം അല്ല നിലകൊള്ളുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളിൽ ഭൂരിഭാഗവും ഒലെയുടെ കീഴിൽ ടീമിന് തിരികെ വരാൻ ആകില്ല എന്നാണ് കരുതുന്നത്.

വാൻ ഡെ ബിക്, ലിംഗാർഡ്, അലക്‌സ് ടെല്ലസ്, ഡാലോട് തുടങ്ങിയ താരങ്ങൾ ഓലേയ്ക്ക് കീഴിൽ ഒരിക്കലും അവസരം കിട്ടിയേക്കില്ല എന്നു ഭയക്കുന്നു. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പ് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിലേക്ക് തിരികേവരുന്ന റൊണാൾഡോ, ബ്രൂണോ പോലുള്ള താരങ്ങൾ ദേശീയ ടീമുകളിൽ നിരാശ കൂടി ക്ലബിനൊപ്പം മാറ്റാം എന്നായിരിക്കും ആഗ്രഹിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധിയിലിരിക്കെ അവധി എടുത്ത് ഒലെ നാട്ടിലേക്ക്

ഇന്റർ നാഷണൽ ബ്രേക്കിന്റെ സമയത്ത് കഠിന പ്രയത്നം നടത്തിയും പുതിയ തന്ത്രങ്ങൾ മെനഞ്ഞും മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ ഒലെ ഗണ്ണാർ സോൾഷ്യർ ശ്രമിക്കും എന്ന് കരുതിയവരെ ഞെട്ടിച്ച് ഒലെ നാട്ടിലേക്ക് മടങ്ങി. ഒരാഴ്ച അവധി എടുത്ത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആയി ഒലെ നോർവെയിലേക്ക് യാത്ര ആയി. രാജ്യാന്തര മത്സരങ്ങൾ ഇല്ലാത്ത ഫസ്റ്റ് ടീം അംഗങ്ങൾക്കും ഒരാഴ്ച അവധി നൽകി. താരങ്ങളോ ക്ലബോ പ്രതീക്ഷിക്കാത്ത നടപടി ആണ് എടുത്തിരിക്കുന്നത്.

ഈ സീസൺ തുടക്കം മുതൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കാൻ ഒലെയെ പുറത്താക്കണം എന്ന ആവശ്യം ശക്തമാകുന്നതിന് ഇടയിലാണ് ഈ അവധി എടുക്കൽ. ഒലെയെ പുറത്താക്കണം എന്ന ആവശ്യവുമായി നവംബർ 13ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ വലിയ പ്രതിഷേധം ഒരുക്കുന്നുണ്ട്.

റൊണാൾഡോയെ മൈക്കിൾ ജോർദാനോട് ഉപമിച്ച് ഒലെ

ഇന്നലെ അവസാന നിമിഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയത്തിൽ നിന്ന് രക്ഷിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബാസ്ക്കറ്റ്ബോൾ ഇതിഹാസം മൈക്കിൾ ജോർദാനോട് ഉപമിച്ചിരിക്കുകയാണ് ഒലെ ഗണ്ണാർ സോൾഷ്യർ. ഇന്നലെ അവസാന മിനുട്ടുകളിൽ ആയിരുന്നു റൊണാൾഡോയുടെ ഗോൾ. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഇത് മൂന്നാം തവണയാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനാകുന്നത്.

“ഫുട്ബോൾ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് റൊണാൾഡോ. ചിക്കാഗോ ബുൾസിൽ മൈക്കൽ ജോർദാൻ കാണിച്ചത് തന്നെയാണ് ഇപ്പോൾ റൊണാൾഡോ ഇവിടെ കാണിക്കുന്നത്” ഒലെ പറഞ്ഞു‌. “അവസാന നിമിഷത്തിൽ പന്ത് ആർക്കെങ്കിലും വീഴണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ക്രിസ്റ്റ്യാനോയ്ക്കാണ്. ചിക്കാഗോ ബുൾസിൽ ജോർദാന് പന്ത് കിട്ടാനാണ് ഏവരും ആഗ്രഹിച്ചിരുന്നത്” ഒലെ പറയുന്നു.

“റൊണാൾഡോ ഞങ്ങൾക്ക് വേണ്ടി പലതവണ അവസാന നിമിഷം രക്ഷകനായി, എന്നേക്കാൾ കൂടുതൽ ഗോളുകൾ റൊണാൾഡോ നേടിയതിൽ എനിക്ക് വിഷമമില്ല.” ഒലെ പറഞ്ഞു.

അമദ് ദിയാലോയെ ലോണിൽ അയക്കണമോ എന്നത് ആലോചനയിൽ എന്ന് ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ പരിക്ക് മാറി തിരികെ എത്തി എങ്കിലും താരം ക്ലബിൽ തുടരുമോ അതോ ലോണിൽ പോകുമോ എന്നത് വ്യക്തമല്ല. താരത്തെ ലോണിൽ അയക്കണോ എന്നത് ഡിസംബറിൽ തീരുമാനിക്കും എന്ന് ഒലെ പറഞ്ഞു. അമദിന് പരിക്ക് വന്നത് വളരെ മോശം സമയത്തായിരുന്നു. താരം ഇപ്പോൾ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ അമദ് യുണൈറ്റഡിന്റെ അണ്ടർ 23 ടീമിനായാകും കളിക്കുക എന്ന് ഒലെ പറഞ്ഞു.

അമദ് ഭാഷ നന്നായി മെച്ചപ്പെടുത്തി എന്നും ഇത് താരം ക്ലബിലെ സാഹചര്യങ്ങളുമായി ഇണങ്ങുന്നതിന്റെ ലക്ഷണമാണെന്നും ഒലെ പറഞ്ഞു. വരും ആഴ്ചകളിൽ താരം യുണൈറ്റഡിനായി കളത്തിന് ഇറങ്ങും എന്നും അദ്ദേഹം സൂചന നൽകി. നേരത്തെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുമ്പായിരുന്നു അമദിന് പരിശീലനത്തിനിടയിൽ പരിക്കേറ്റത്. അത് അമദിനെ ലോണിൽ അയക്കാനുള്ള യുണൈറ്റഡ് ശ്രമത്തിന് തിരിച്ചടി ആയിരുന്നു. ഇനി ജനുവരി വറെ താരം യുണൈറ്റഡ് സീനിയർ ടീമിനൊപ്പം ഉണ്ടാകും. ജനുവരിയിൽ അമദിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് ഫിയൊറെന്റിന ഒരുക്കമാണ്.

“എനിക്കുമേൽ സമ്മർദ്ദം ഉണ്ട്, എന്നാൽ സ്വയം വിശ്വാസവും ഉണ്ട്” – ഒലെ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാലത്തെ ഫലങ്ങൾ തന്റെ മേൽ സമ്മർദ്ദം ഉയർത്തിയിട്ടുണ്ട് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ സമ്മതിച്ചു. അവസാന അഞ്ചു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രം ഉള്ള യുണൈറ്റഡ് ഇപ്പോൾ ആരാധകർക്ക് വലിയ നിരാശ മാത്രമാണ് നൽകുന്നത്. താൻ എപ്പോഴും ക്ലബ് മാനേജ്മെന്റുമായി സംസാരിക്കുന്നുണ്ട് എന്നും തനിക്കുമേൽ വലിയ സമ്മർദ്ദം ഉണ്ട് എന്നും ഒലെ പറഞ്ഞു. എന്നാൽ ക്ലബ് തന്നിൽ വിശ്വസിക്കുന്ന കാലത്തോളം താൻ തുടരും. അദ്ദേഹം പറഞ്ഞു.

തനിക്ക് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ട് തന്നെയാണ് വന്നത്. ആദ്യം ആറാം സ്ഥാനം പിന്നെ മൂന്നാം സ്ഥാനം കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനം. ഇത് പുരോഗമനം ആണ് കാണിക്കുന്നത്. വലിയ താരങ്ങൾ വന്നത് ടീമിനെ ശക്തമാക്കിയിട്ടുണ്ട്. ഒലെ പറഞ്ഞു. തനിക്ക് സ്വയം വിശ്വാസം ഉണ്ട് എന്നും അതുകൊണ്ട് തന്നെ തന്റേതായ രീതിയിൽ ടീമിനെ മുന്നോട്ടേക്ക് കൊണ്ട് വരാൻ ആകും എന്നും ഒലെ പറഞ്ഞു.

Exit mobile version