പ്ലേ ഓഫ് യോഗ്യത ത്രില്ലിംഗ് ഫിനിഷിലേക്ക്!! നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഒഡീഷ എഫ്സി അഞ്ചാം സ്ഥാനത്ത്!!

പ്ലേഓഫ് സാധ്യതകൾ മങ്ങലേക്കാതെ കാത്ത് ഒഡീഷ എഫ്സി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി കൊണ്ട് ഒഡീഷ തകർപ്പൻ ജയം നേടി. നിഷു കുമാർ, വിക്റ്റർ റോഡ്രിഗസ്, ഡീഗോ മൗറിസിയോ എന്നിവർ ലക്ഷ്യം കണ്ടു. വിൽമർ ഗിൽ ആണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ഒഡീഷ അഞ്ചാം സ്ഥാനത്തേക്ക് കയറി. സീസ്ണിലെ പതിനാറാം തോൽവി ഏറ്റു വാങ്ങിയ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്ത് തന്നെ തുടർന്നു.

മൂന്നാം മിനിറ്റിൽ തന്നെ ജിതിനിലൂടെ നോർത്ത് ഈസ്റ്റിന് മികച്ചൊരു അവസരം ലഭിക്കുന്നത് കണ്ടാണ് മത്സരം ഉണർന്നത്. എന്നാൽ താരത്തിന്റെ ഷോട്ട് ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആദ്യ മിനിറ്റുകളിൽ നോർത്ത് ഈസ്റ്റ് കാര്യമായ ആക്രമണങ്ങൾ നടത്തി. പിന്നീട് പെഡ്രോ മർട്ടിന്റെ ശ്രമം സൈഡ് നെറ്റിൽ അവസാനിച്ചു. മുപ്പത്തിയാറാം മിനിറ്റിൽ ഷോർട്ട് കോർണർ ആയി കളിച്ചെത്തിയ നീക്കത്തിൽ സാഹിലിന്റെ പാസിൽ നന്തകുമാർ ലക്ഷ്യം കണ്ടു. പിറകെ ഐസക്കിന്റെ ശ്രമം കീപ്പറുടെ കൈകളിൽ അവസാനിച്ചു. രണ്ടാം ഗോളിന് വേണ്ടി 65 ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സൗൾ ക്രേസ്പോയുടെ പാസിൽ ഒന്ന് വീട്ടിയൊഴിഞ്ഞ ശേഷം വിക്ടർ റോഡ്രിഗസ് മികച്ചൊരു ഫിനിഷിങ്ങിലൂടെ ലീഡ് ഇരട്ടിയാക്കി. എൺപതിനാലാം മിനിറ്റിൽ ക്രേസ്പോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഡീഗോ മൗറീസിയോ ലക്ഷ്യത്തിൽ എത്തിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഒഡീഷ വഴങ്ങിയ പെനാൽറ്റിയ് വിൽമർ ഗിൽ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോളും കണ്ടെത്തി.

സന്തോഷ് ട്രോഫി; ഇന്ന് കേരളം ഒഡീഷക്ക് എതിരെ, വിജയിച്ചേ പറ്റൂ

സന്തോഷ് ട്രോഫിയിൽ ഇന്ന് കേരളവും ഒഡീഷയും നേർക്കുനേർ വരുന്നു. കേരളം നിലവിൽ 4 പോയിന്റുമായി 4-ാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ 2 ടീമുകൾ മാത്രമേ സെമിഫൈനലിലേക്ക് യോഗ്യത നേടൂ, അതുകൊണ്ട് തന്നെ പ്രതീക്ഷകൾ നിലനിർത്താൻ കേരളത്തിന് ഒരു വിജയം അനിവാര്യമാണ്.

ഗോവയ്‌ക്കെതിരെ തകർപ്പൻ ജയത്തോടെയാണ് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് തുടങ്ങിയതെങ്കിലും തങ്ങളുടെ രണ്ടാം മത്സരത്തിൽ കർണാടകയോട് പരാജയപ്പെട്ടു. മഹാരാഷ്ട്രയ്‌ക്കെതിരായ മൂന്നാം മത്സരത്തിൽ കേരളം 4-4ന് സമനിലയിലും പിരിഞ്ഞു. ഇതാണ് കേരളത്തിന്റെ സെമി സാധ്യത ആശങ്കയിൽ ആക്കിയത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് പേജിൽ തത്സമയ സ്ട്രീമിംഗ് ലഭ്യമാകും.

വണ്ടർ ഗോളുമായി റാൾതെ, ഹൈദരാബാദിന് തടയിട്ട് ഒഡീഷ; പ്ലേഓഫ്‌ ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം

ഹൈദരാബാദിന്റെ എട്ട് മത്സരങ്ങൾ നീണ്ട തോൽവി അറിയാത്ത യാത്രക്ക് അവസാനം കുറിച്ചു കൊണ്ട് ഒഡീഷക്ക് സ്വന്തം തട്ടകത്തിൽ തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഒഡീഷ നിലവിലെ ഐഎസ്എൽ ചാംപ്യന്മാരെ വീഴയത്തിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ബെംഗളൂരുവിനെ മറികടന്ന് ആറാം സ്ഥാനത്തേക്ക് കയറി പ്ലേഓഫ് സാധ്യതകൾ നിലനിർത്താനും ഒഡീഷക്കായി.

രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദിനെ വിറപ്പിക്കുന്ന തുടക്കം ആയിരുന്നു ഒഡീഷ പുറത്തെടുത്തത്. നന്ദകുമാറിന്റെയും ഡീഗോ മൗറിസിയോയുടെയും തുടർച്ചയായ ശ്രമങ്ങൾ തടഞ്ഞ് ഗുർമീത് സിങ് ഹൈദരാബാദിന്റെ രക്ഷക്കെത്തി. മുപ്പതിമൂന്നാം മിനിറ്റിൽ ഐസക് റാൽതെയിൽ നിന്നും സീസണിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നിൽ ഒഡീഷ ലീഡ് എടുത്തു. പെഡ്രോയുടെ പാസിൽ ഇടത് ഭാഗത്ത് ബോക്സിന് വാരകൾ അകലെ നിന്നും റാൾതെ പോസ്റ്റിലേക്ക് തൊടുത്തു വിട്ട മനോഹരമായ ഷോട്ട് വളഞ്ഞു വലയിലേക്ക് താഴ്ന്നിറങ്ങിയപ്പോൾ കീപ്പർക്ക് തടയിടാൻ ആയില്ല. എന്നാൽ മേധാവിത്വം പുലർത്തിയ ഒഡീഷക്ക് തിരിച്ചടി നൽകിക്കൊണ്ട് ഇടവേളക്ക് തൊട്ടുമുൻപ് നിം ഡോർജിയുടെ ഗോളിൽ സമനില നേടി. കിയാനിസെയുടെ ഫ്രീകിക്കിൽ നിന്നെത്തിയ ബോൾ കുത്തി ഉയർന്നപ്പോൾ ഹെഡർ ഉതിർത്താണ് താരം ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ പന്ത് കൈവശം വെക്കാൻ ആയിരുന്നു ഹൈദരാബാദിന്റെ ശ്രമം. എങ്കിലും ഒഡീഷ തന്നെ അവസരങ്ങൾ സൃഷ്ടിച്ചു. എഴുപതിയൊന്നാം മിനിറ്റിൽ ഒഡീഷയുടെ രണ്ടാം ഗോൾ എത്തി. ബോക്സിനുള്ളിൽ നിന്നും നന്തകുമാറിന്റെ ഷോട്ട് നേരെ ക്ലിയർ ചെയ്യാനുള്ള നിം ഡോർജിയുടെ ശ്രമം പാളിയപ്പോൾ കാലിൽ തട്ടിയ പന്ത് വലയിലേക്ക് വഴിമാറി. ഹൈദരാബാദിന്റെ പെട്ടിയിലെ അവസാന ആണിയായി ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ഡീഗോ മൗറീസിയോ പട്ടിക തികച്ചു. ബോക്സിലേക്ക് ഉയർന്നു വന്ന പാസ് നെഞ്ചിൽ സ്വീകരിച്ചു ശ്രമകരമായ ആംഗിളിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്.

ഹൈദരാബാദിന് ജയിക്കാൻ സാധിച്ചിരുന്നെങ്കിൽ പ്ലേഓഫ് ഉറപ്പിക്കമായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഇതോടെ ഇനിയും കാത്തിരിക്കണം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. ബെംഗളൂരുവിനും ഈ ഫലം സമ്മർദ്ദമേറ്റും. ഇന്നതെ വിജയത്തോടെ ഒഡീഷ ആറാം സ്ഥാനത്തേക്ക് കയറി. പ്ലേഓഫ് സാധ്യത നിലനിർത്താൻ നാളെ ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം കാണേണ്ടതും അനിവാര്യമാണ്. ഇതോടെ നാളെ ബെംഗളൂരുവിൽ വെച്ചു നടക്കുന്ന മത്സരം ആവേഷകരമാകും.

ബാലാ ദേവിയെ ഒഡീഷ എഫ് സി സ്വന്തമാക്കി!!

ഇന്ത്യൻ വനിതാ ഫുട്‌ബോളിലെ ഏറ്റവും വലിയ താരമായ ബാലാ ദേവിയെ ഒഡീഷ എഫ് സി സ്വന്തമാക്കി. ഇന്ത്യൻ വനിതാ ലീഗിന് മുന്നോടിയായാണ് ഈ വലിയ സൈനിംഗ് ഒഡീഷ പൂർത്തിയാക്കിയത്. മുമ്പ് സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനായി കളിച്ചിരുന്ന താരമാണ് ബാലാ ദേവി. മണിപ്പൂരിൽ നിന്നുള്ള 33കാരിയുടെ വരവ് ഇന്ത്യൻ വനിതാ ലീഗ് തന്നെ ആവേശകരമാക്കും.

ഇന്ത്യയ്‌ക്കായി 50-ലധികം ഗോളുകൾ നേടിയിട്ടുള്ള ബാലാ ദേവി, മുമ്പ് മണിപ്പൂർ പോലീസ്, ഈസ്റ്റേൺ സ്‌പോർട്ടിംഗ് യൂണിയൻ, KRYPHSA എന്നിവയർക്കായി കളിച്ചിട്ടുണ്ട്. ഇന്ന് ബാലാ ദേവിയുടെ സൈനിംഗ് ഒഡീഷ ഔദ്യോഗികമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു.

https://twitter.com/OdishaFC/status/1623907960689946624?s=19

ആളെണ്ണം കുറഞ്ഞിട്ടും പതറാതെ ഒഡീഷ; സമനില വഴങ്ങി എഫ്സി ഗോവ

അവസാന ഇരുപത് മിനിറ്റ് പത്ത് പേരെ വെച്ചു കളിക്കേണ്ടി വന്നിട്ടും മത്സരം കൈവിടാതെ ഇരുന്ന ഒഡീഷക്ക് വിജത്തിനൊത്ത സമനില. മികച്ച കളി പുത്തെടുക്കുന്നതിനിടെ വന്ന റെഡ് കാർഡ് തിരിച്ചടി ആയെങ്കിലും ഗോവയെ സ്വന്തം തട്ടകത്തിൽ പിടിച്ചു കെട്ടാൻ അവർക്കായി. ഗോവക്ക് ആവട്ടെ ഇതോടെ നാലാം സ്ഥാനത്തിന് വലിയ ഭീഷണി ഉയരും. ഒരു മത്സരം കുറവ് കളിച്ച എടികെ ഒരേ പോയിന്റുമായി കൂടെ തന്നെ ഉണ്ട്. ഒഡീഷ ഏഴാമതാണ്.

രണ്ടാം മിനിറ്റിൽ തന്നെ ഗോവയുടെ ഗോൾ കണ്ടാണ് മത്സരം ഉണർന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും ഒഡീഷയിൽ നിന്നും അൽവരോ വാസ്ക്വസ് പിടിച്ചെടുത്ത മിസ്‌പാസ് നോവ സാദോയിലേക്ക് എത്തുമ്പോൾ താരം ബോക്സിലേക്ക് ഓടിക്കയറി അനായാസം കീപ്പറെ മറികടക്കുകയായിരുന്നു. ആദ്യ പകുതി അവസാനത്തോട് അടുത്തതോടെ ഒഡീഷ കൂടുതൽ അക്രമണങ്ങൾ മേനഞ്ഞെടുത്തു. ഐസക്കിന്റെ ബോസ്‌കിനുള്ളിൽ നിന്നുള്ള ഷോട്ട് ലക്ഷ്യത്തിൽ നിന്നും വളരെ അകന്ന് പോയി. നാല്പത്തിമൂന്നാം മിനിറ്റിൽ സമനില ഗോൾ എത്തി. ഐസക്കിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് അതിമനോഹരമായ ഫിനിഷിങ്ങിലൂടെ വലയിൽ എത്തിച്ച് ഡീഗോ മൗറീസിയോ ആണ് സ്‌കോർ നില തുല്യമാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തോടെ ഇരു പോസ്റ്റുകളിലേക്കും തുടരെ ആക്രമണങ്ങൾ എത്തി. ഒഡീഷ കൂടുതൽ മികച്ച നീക്കങ്ങൾ നടത്തി. എന്നാൽ അറുപതിയേഴാം മിനിൽ ഒഡീഷക്ക് വലിയ തിരിച്ചടി നൽകി കൊണ്ട് സഹിൽ പൻവാറിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നു. പക്ഷെ ഇത് മുതലെടുക്കാൻ ഗോവക്ക് ആയില്ല. പിന്നീട് തുടരെ സബ്ബ് ഇറക്കി കൊണ്ട് ഒഡീഷ മത്സരം കൈവിടാതിരിക്കാൻ ശ്രദ്ധിച്ചു. അവസാന നിമിഷങ്ങളിൽ ഡീഗോ മൗറിസിയോയുടെ ബ്ലോക്ക് ചെയ്ത് അൻവർ അലി ഗോവൻ ടീമിന്റെ രക്ഷകൻ ആയി. ആളെണ്ണം മുതലാക്കാൻ പുതിയ തന്ത്രങ്ങൾ ഒന്നും പയറ്റാത്തിരുന്ന ഗോവക്ക് വിജയം നഷ്ടമായത് വലിയ തിരിച്ചടി ആവും

തിരിച്ചടി ആയി റഫറിയുടെ തീരുമാനങ്ങൾ, ഒഡീഷയുമായി സമനിലയിൽ പിരിഞ്ഞു ചെന്നൈയിൻ എഫ്സി

റഫറിയുടെ വിവാദ തീരുമാനങ്ങൾ കണ്ട മത്സരത്തിൽ ചെന്നൈയിനെ സമനിലയിൽ തളച്ച് ഒഡീഷ എഫ്സി. ചെന്നൈയിൽ വെച്ചു നടന്ന മത്സരത്തിൽ ഒഡീഷയുടെ ആദ്യ ഗോൾ അടക്കം റഫറിയുടെ തീരുമാനങ്ങൾ ചെന്നൈയിൻ എഫ്സിക്ക് തിരിച്ചടി ആയി. ഇതോടെ ഒഡീഷ ആറാമതും ചെന്നൈയിൻ എട്ടാമതും തുടരുകയാണ്.

ചെന്നൈയിന് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ കൃത്യമായ മുൻതൂക്കം. എന്നാൽ ഗോൾ നേടാൻ കഴിഞ്ഞത് ഒഡീഷക്ക് ഉണർവേകി. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചെന്നൈയിൻ ആക്രമണങ്ങളിൽ ഒഡീഷ പ്രതിരോധം വിറച്ചു. അനിരുദ്ധ് ഥാപയുടെ ക്രോസിൽ വിൻസി ബാറേറ്റോയുടെ മികച്ചൊരു ഹെഡർ അമരിന്ദർ സിങ് രക്ഷിച്ചെടുത്തു. ഇരുപത്തിനാലാം മിനിറ്റിൽ കളിയുടെ ഗതിക്ക് എതിരായി ഗോൾ നേടിക്കൊണ്ട് ഒഡീഷ ആതിഥേയരെ ഞെട്ടിച്ചു. ഐസക് റാൾതെയുടെ ത്രൂ ബോൾ പിടിച്ചെക്കുമ്പോൾ ഡീഗോ മൗറീസിയോ ഓഫ്‌സൈഡ് പൊസിഷനിൽ ആയിരുന്നെങ്കിലും റഫറിയുടെ കനിവിൽ ഒഡീഷ മത്സരത്തിൽ ലീഡ് എടുത്തു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ സമനില ഗോൾ നേടിക്കൊണ്ട് ചെന്നൈയിൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. ഇടത് വിങ്ങിൽ ആകാശ് സാങ്വാന്റെ ക്രോസിലേക്ക് ഓടിയെടുത്ത അനിരുദ്ധ് ഥാപയാണ് വല കുലുക്കിയത്. പിന്നീട് ഐസക്ക് റാൾതെ ഗോൾ നേടിയെങ്കിലും ഇത്തവണ റഫറി ഓഫ്‌സൈഡ് വിധിച്ചിരുന്നു.

രണ്ടാം പകുതി ആരംഭിച്ചു ഉടനെ തന്നെ ഒഡീഷ ലീഡ് തിരിച്ചു പിടിച്ചു. നന്ദകുമാറിന്റെ ക്രോസ് പിടിച്ചെടുത്തു രണ്ടു എതിർ താരങ്ങളെ മറികടന്ന് ഐസക് റാൾതെയാണ് ഒഡീഷക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. അൻപതിയേഴാം മിനിറ്റിൽ അബ്‌ദ്നാസർ ഖയാതിയുടെ ഗോളിൽ ചെന്നൈയിൻ ഒരിക്കൽ കൂടി സ്‌കോർ നില തുല്യമാക്കി. വിൻസി ബറേറ്റോ ബോസ്‌കിന് മുന്നിലേക്കായി നൽകിയ പാസ് ക്ലിയർ ചെയ്തത് ഖയാതിയുടെ കാലുകളിൽ എത്തിയപ്പോൾ താരം അനായാസം ലക്ഷ്യം കാണുകയായിരുന്നു. പിന്നീട് ഖയാതിയെ ലാൽറുവാത്താര വീഴ്ത്തിയതിന് റഫറി പെനാൽറ്റി അനുവദിച്ചില്ല. താരത്തിന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ കൊണ്ടു തെറിച്ചതോടെ ഭാഗ്യവും ചെന്നൈയിന്റെ കൂടെയില്ലെന്ന് ഉറപ്പായി.

വീണ്ടും വിജയ വഴിയിൽ എടികെ മോഹൻ ബഗാൻ, ഒഡീഷക്ക് നിരാശ

രണ്ടു മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി എടികെ മോഹൻബഗാൻ. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അവർ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തി. ദിമിത്രി പെട്രാഡോസ് ആണ് ഇരു ഗോളുകളും നേടിയത്. അതേ സമയം സീസണിന്റെ രണ്ടാം പകുതിയിലെ മോശം ഫോം ഒഡീഷ തുടരുകയാണ്. അവസാന എഴു മത്സരങ്ങളിലെ അഞ്ചാം തോൽവി വഴങ്ങിയ ടീം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. എടികെ മൂന്നാം സ്ഥാനത്തേക്ക് കയറി.

എടികെയുടെ ആധിപത്യം തന്നെ ആയിരുന്നു തുടക്കം മുതൽ. വെറും മൂന്നാം മിനിറ്റിൽ തന്നെ ഒഡീഷ പ്രതിരോധം പിളർത്താൻ അവർക്കായി. മൻവീർ സിങ്ങിന്റെ ക്രോസ് ക്ലീയർ ചെയ്യുന്നതിൽ ഒഡീഷ പ്രതിരോധത്തിന് പിഴച്ചപ്പോൾ പെട്രാഡോസ് അനായാസം വല കുലുക്കി. രണ്ടാം പകുതിയിൽ തുടർച്ചയായ സബ്സ്റ്റിട്യൂഷനുകളുമായി മത്സരത്തിലേക്ക് തിരിച്ചു വരാൻ ഒഡീഷ ശ്രമം നടത്തി. എൺപതാം മിനിറ്റിൽ എടികെയുടെ വിജയം ഉറപ്പിച്ച ഗോൾ എത്തി. ആശിഷ് റായുടെ ക്രോസിലാണ് ഇത്തവണ പെട്രാഡോസ് ലക്ഷ്യം കണ്ടത്. ഇഞ്ചുറി ടൈമിൽ ആഷിക് കുരുണിയൻ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയി.

ഒഡീഷയോടുള്ള കണക്ക് തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്!! ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക്

ഒഡീഷയിലേറ്റ പരാജയത്തിന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കണക്കു തീർത്തു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരം അവസാനിക്കാൻ നാലു മിനുട്ട് മാത്രം ഇരിക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയ ഗോൾ നേടിയത്.

ഇന്ന് ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങളിൽ ഇരു ടീമുകളും കാര്യമായി സൃഷ്ടിച്ചിരുന്നില്ല. ഒഡീഷ എഫ് സിക്ക് എതിരെ ഡിഫൻസിൽ ഊന്നിയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ കളിച്ചത്. ലൂണയ്ക്കോ കലിയുഷ്നിക്കോ ഒന്നും ദിമിത്രസിന് അറ്റാക്കിൽ നല്ല അവസരങ്ങൾ നൽകാൻ ആയില്ല.

ഒഡീഷയും കാര്യമായ അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ കൂടുതൽ ഓപ്പൺ ആയ പോരാട്ടം കാണാൻ ആയി‌. കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. സഹൽ ആയിരുന്നു പല അറ്റാക്കുകളും ആരംഭിച്ചത്. സബ്ബായി ഇറങ്ങിയ നിഹാലിന് സഹൽ ഒരു നല്ല അവസരം ഒരുക്കി കൊടുത്തു എങ്കിലും നിഹാലിന് ഫുൾ സ്ട്രെച്ച് ചെയ്തിട്ടും ആ ബോൾ കണക്ട് ചെയ്യാൻ ആയില്ല.

ഇതിനു പിന്നാലെ ജെസ്സലിന്റെ ഒരു ഷോട്ട് അമ്രീന്ദർ സേവ് ചെയ്തു. തുടർച്ചയായി വന്ന സഹലിന്റെ ആക്രൊബാറ്റിക്ക് ശ്രമം പുറത്ത് പോയി.

82ആം മിനുട്ടിൽ ലൂണ എടുത്ത ഒരു തന്ത്രപരമായ ഫ്രീകിക്ക് ജെസ്സലിന് അവസരം നൽകി. ജെസ്സലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. റീബൗണ്ടിൽ ഗോൾ ആക്കി മാറ്റാൻ ലെസ്കോവിചിന് അവസരം വന്നെങ്കിലും ഒഴിഞ്ഞ പോസ്റ്റിൽ പന്ത് എത്തിക്കാൻ ലെസ്കോവിചിനായില്ല.

അധികം വൈകിയില്ലം ബ്ലാസ്റ്റേഴ്സ് 86ആം മിനുട്ടിൽ ലീഡ് എടുത്തു. അമ്രീന്ദർ സിങിന്റെ ഒരു പിഴവാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗുണമായത്. ബ്രൈസിന്റെ ക്രോസ് പിടിക്കാൻ അമ്രീന്ദറിനായില്ല. ഫാർ പോസ്റ്റിൽ എത്തിയ സന്ദീപ് ഫ്രീ ഹെഡർ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.

പിന്നെ വിജയം ഉറപ്പിക്കാനുള്ള പോരാട്ടം ആയിരുന്നു. അവസാന വിസിൽ വരെ പൊരുതി കൊണ്ട് ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു. അവസാന ഏഴ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞിട്ടില്ല. 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഒഡീഷ ആറാം സ്ഥാനത്താണ്.

തൊയ്ബ സിംഗിന്റെ കരാർ ഒഡീഷ പുതുക്കി

ഒഡീഷ എഫ് സിയുടെ യുവതാരമായ തൊയ്ബ സിങ് ക്ലബിൽ കരാർ പുതുക്കി‌. പുതുതായി മൂന്നു വർഷത്തെ കരാറിലാണ് താരം ഒപ്പുവെച്ചത്. 20കാരനായ തൊയ്ബ അവസാന രണ്ടു വർഷമായി ഒഡീഷ എഫ് സിക്ക് ഒപ്പം ഉണ്ട്. വേർസറ്റൈൽ താരമായ തൊയ്ബ ഫുൾബാക്കായും സെന്റർ ബാക്കായും മിഡ്ഫീൽഡറായും കളിക്കാറുണ്ട്. മുമ്പ് പഞ്ചാബ് എഫ് സിയുടെ താരമായിരുന്നു.

ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 16 ടീമുകളെ തൊയ്ബ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ 9 മത്സരങ്ങളിലും ഒഡീഷക്കായി കളിച്ചിട്ടുണ്ട്. ആകെ 28 മത്സരങ്ങൾ താരം ഒഡീഷക്ക് വേണ്ടി കളിച്ചു. മിനേർവ അക്കാദമിയിലൂടെ വളർന്ന താരമാണ്.

https://twitter.com/OdishaFC/status/1602998376533921792?s=19

ഒഡീഷയെ വീഴ്ത്തി എഫ് സി ഗോവയുടെ തിരിച്ചു വരവ്

തുടർ തോൽവികൾക്ക് ശേഷം ഒഡീഷയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി എഫ് സി ഗോവ വീണ്ടും വിജയവഴിയിൽ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രിസൻ ഫെർണാണ്ടസ്, നോവ സദോയി, അൽവരോ വാസ്ക്വസ് എന്നിവരാണ് ഗോൾ വല കുലുക്കിയത്. രണ്ടു അസിസ്റ്റും ഒരു ഗോളുമായി സദോയി ആണ് ഗോവയുടെ വിജയത്തിൽ നിർണായകമായത്. ഇതോടെ ഗോവ പതിനഞ്ചു പോയിന്റുമായി അഞ്ചാമത് എത്തി. ഒഡീഷ പതിനെട്ട് പോയിന്റുമായി നാലമതാണ്.

ഗോൾ രഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അറുപത്തിയഞ്ചാം മിനിറ്റിൽ നന്ദ കുമാർ ചുവപ്പ് കണ്ടു പുറത്തായത് ഒഡീഷയുടെ ആളെണ്ണത്തെ ബാധിച്ചു. ഇതു മുതലെടുത്തു അക്രമണം കനപ്പിച്ച ഗോവക്ക് എഴുപതിനാലാം മിനിറ്റിൽ ആദ്യ ഗോൾ കണ്ടെത്താൻ ആയി. സാദോയിയുടെ വ്യക്തിഗത മികവിൽ എത്തിയ ബോൾ കൃത്യമായ റണ്ണോടെ ബ്രിസൻ ഫെർണാണ്ടസ് വലയിലേക്ക് തള്ളി വിട്ടു.

നാല് മിനിറ്റിനു ശേഷം ഗോവ ലീഡ് വർധിപ്പിച്ചു. കളം നിറഞ്ഞു കളിച്ചു ആദ്യ ഗോളിന് വഴിയൊരുക്കിയ സദോയിയാണ് ഇത്തവണ വല കുലുക്കിയത്. തൊണ്ണൂറാം മിനിറ്റിൽ ഒരിക്കൽ കൂടി വല കുലുക്കാൻ സദോയിക്ക് അവസരം ലഭിച്ചെങ്കിലും താരം അൽവരോ വാസ്ക്വസിന് പന്ത് കൈമാറി. താരം അനായാസം തന്റെ ആദ്യ ഗോൾ കണ്ടെത്തി.

എട്ട് നിലയിൽ പൊട്ടി നോർത്ത് ഈസ്റ്റ്, രണ്ടാം സ്ഥാനം തിരിച്ചു പിടിച്ച് ഒഡീഷ

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോൽവികൾക്ക് അന്ത്യമില്ല. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. നന്ദ കുമാറും ജെറിയും വിജയികൾക്കായി ഗോൾ നേടിയപ്പോൾ റോക്കാർസെല്ലയാണ് മറുപടി ഗോൾ കണ്ടെത്തിയത്. എട്ട് മത്സരങ്ങളിൽ നിന്നും നോർത്ത് ഈസ്റ്റിന്റെ എട്ടാം തോൽവി ആണിത്. പോയിന്റ് ഏതുമില്ലാതെ ടേബിളിൽ അവസാന സ്ഥാനത്ത് തുടരുകയാണവർ. ഒഡീഷ ആവട്ടെ രണ്ടാം സ്ഥാനം ഹൈദരാബാദിൽ നിന്നും തിരിച്ചു പിടിച്ചു.

ഇരു ടീമുകളും എതിർ മുഖത്തേക്ക് ആക്രമിച്ചു കളിക്കുന്നത് കണ്ടാണ് ആദ്യ മിനിറ്റുകൾ കടന്ന് പോയത്. ഇരുപത്തിനാലാം മിനിറ്റിൽ ഒഡീഷ ലീഡ് നേടി. മികച്ച പാസുകൾ കോർത്തിണക്കിയ മുന്നേറ്റത്തിനൊടുവിൽ എതിർ പ്രതിരോധക്കാരെ കബളിപ്പിച്ച് മൗറിസിയോ നൽകിയ പന്തിൽ നിന്നും നന്ദ കുമാർ വല കുലുക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഡിഫെൻസിന്റെ എല്ലാ പോരായ്മകളും കണ്ട ഗോൾ ആയിരുന്നു ഇത്. അറുപതാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ എത്തി. റോക്കാർസെല ആണ് വല കുലുക്കിയത്. സബ് ആയി എത്തിയ താരത്തിന്റെ മത്സരത്തിലെ ആദ്യ ടച്ച് ആയിരുന്നു അത്. എന്നാൽ എഴുപതിയെട്ടാം മിനിറ്റിൽ ഒഡീഷ ലീഡ് തിരിച്ചു പിടിച്ചു. സൗൾ ക്രേസ്പോയുടെ ഷോട്ട് കീപ്പർ അരിന്ദം ഭട്ടാചാര്യ തടുതത്തിട്ടെങ്കിലും അവസരം കാത്തിരുന്ന ജെറി ഒട്ടും പിഴച്ചില്ല.

ഇഞ്ച്വറി ടൈം വിന്നർ, ഒഡീഷ ഈ സീസണിൽ വേറെ ലെവൽ

ഒഡീഷ എഫ് സി ഈ സീസണിൽ തകർപ്പൻ ഫോമിൽ ആണ്. അവർ ഇന്ന് ഒരു തകർപ്പൻ വിജയം കൂടെ നേടിയിരിക്കുകയാണ്. ഒഡീഷയിൽ ഇന്ന് നടന്ന ഒരു ത്രില്ലറിന് ഒടുവിൽ 3-2ന്റെ വിജയമാണ് ഒഡീഷ ചെന്നൈയിന് എതിരെ നേടിയത്. അതും ഒരു ഇഞ്ച്വറി ടൈം ഗോളിന്റെ ബലത്തിൽ.

ഇന്ന് 31ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ ഒഡീഷയെ മുന്നിൽ എത്തിച്ചു. ഈ ലീഡ് ഒഡീഷ ആദ്യ പകുതിയിൽ നിലനിർത്തി. രണ്ടാം പകുതിയിൽ തുടക്കത്തിൽ ഡിയേഗോ മൊറീസിയോ ഒരു പെനാൾട്ടിയിലൂടെ ഒഡീഷയുടെ ലീഡ് ഇരട്ടിയാക്കി.

ഇവിടെ നിന്ന് ചെന്നൈയിൻ തിരിച്ചടിച്ചു. 60ആം മിനുട്ടിൽ എൽ ഹയാതിയുടെ ഫിനിഷ് അവരെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 2-1. പിന്നെ സമനില ഗോളിനായുള്ള ശ്രമം. അവസാനം ഇഞ്ച്വറി ടൈമിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഹയാതി തന്നെ സമനില ഗോളും നേടി.

സമനിലയിൽ തൃപ്തിപ്പെടാൻ ഒഡീഷ ഒരുക്കമായിരുന്നില്ല. അവർ പൊരുതി 96ആം മിനുട്ടിൽ നന്ദകുമാറിലൂടെ വിജയ ഗോൾ നേടി.

7 മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒഡീഷ ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ചെന്നൈയിൻ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Exit mobile version