സ്റ്റാൻ ദ മാൻ! ദ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്ന് പരിക്കേറ്റു പുറത്ത്

നൊവാക് ദ്യോക്കോവിച്ചിന്റെ മറ്റൊരു സമഗ്രാധിപത്യം ഈ യു.എസ് ഓപ്പണിൽ കാണുകയില്ലെന്നു ഉറപ്പായി. നാലാം റൗണ്ടിൽ സ്റ്റാൻ വാവറിങ്കക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റു പിന്മാറിയതോടെയാണ് ഒന്നാം സീഡും നിലവിലെ ജേതാവും ആയ സെർബിയൻ താരം പുറത്തേക്കുള്ള വഴി കണ്ടത്. 2016 ലെ ഫൈനലിൽ ഏറ്റ തോൽവിക്ക് പ്രതികാരം തേടിയാണ് നൊവാക് സ്വിസ് താരവും 23 സീഡുമായ വാവറിങ്കക്ക് എതിരായ മത്സരത്തിനു ഇറങ്ങിയത്. എന്നാൽ മുമ്പേ പരിക്ക് അലട്ടിയ നൊവാക് പൂർണമായും ശാരീരിക ക്ഷമത കൈവരിച്ചിട്ടില്ല എന്ന സംശയം ആദ്യമേ ഉണ്ടായിരുന്നു.

ആദ്യ സെറ്റ് 6-4 നേടിയ സ്റ്റാൻ ദ്യോക്കോവിച്ച് ആരാധകർക്ക് ആദ്യ ഞെട്ടൽ സമ്മാനിച്ചു. രണ്ടാം സെറ്റിൽ തനിക്ക് ആവും വിധം പൊരുതുന്ന ദ്യോക്കോവിച്ചിനെ കണ്ടു. എന്നാൽ വിട്ട് കൊടുക്കാൻ വാവറിങ്ക തയ്യാറായിരുന്നില്ല.7-5 നു രണ്ടാം സെറ്റും സ്വിസ് താരത്തിന് സ്വന്തം. ഇതോടെ മത്സരത്തിൽ തിരിച്ചു വരിക പ്രയാസം ആണെന്ന് സെർബിയൻ താരം തിരിച്ചറിഞ്ഞു. മൂന്നാം സെറ്റിൽ 2-1 നു പിന്നിൽ നിൽക്കുമ്പോൾ പരിക്ക് ഒരിക്കൽ കൂടി അലട്ടിയതോടെ പിന്മാറാൻ സെർബിയൻ താരം നിർബന്ധിതനായി. ഇതോടെ വർഷത്തെ മൂന്നാം ഗ്രാന്റ്‌ സ്‌ലാം എന്ന ലക്ഷ്യം ആണ് നോവാക്കിന്‌ നഷ്ടമാവുന്നത്.

താരത്തിന്റെ പുറത്താകൽ വലിയ സാധ്യത ആണ് മറ്റ് താരങ്ങൾക്ക് നൽകുക. 2016 ആവർത്തിക്കാൻ ആവും വാവറിങ്കയുടെ ശ്രമം. അതേസമയം ജർമ്മനിയുടെ ഡൊമനിക് കോപ്ഫറെ ആദ്യ സെറ്റിൽ പിറകെ നിന്ന ശേഷം മറികടന്ന റഷ്യയുടെ അഞ്ചാം സീഡ് ഡാനി മെദ്വദേവും ക്വാട്ടർ ഫൈനലിൽ പ്രവേശിച്ചു. ആദ്യ സെറ്റ് നഷ്ടമായ ശേഷം അടുത്ത രണ്ടു സെറ്റും നേടിയ റഷ്യൻ താരം നാലാം സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് മത്സരം സ്വന്തമാക്കിയത്. തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ലക്ഷ്യമിടുന്ന മെദ്വദേവ്‌ വാവറിങ്ക ക്വാട്ടർ ഫൈനൽ തീപാറും എന്നുറപ്പാണ്. സ്‌കോർ 3-6,6-3,6-2,7-6

പരിക്ക് അതിജീവിച്ച് ദ്യോക്കോവിച്ച്, യു.എസ് ഓപ്പൺ ജയങ്ങളിൽ സാമ്പ്രസിനൊപ്പം

മികച്ച പോരാട്ടം പുറത്തെടുത്ത അർജന്റീനയുടെ യുവാൻ ഇഗ്നാസിയ ലോന്റേറോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു ഒന്നാം സീഡും നിലവിലെ ജേതാവും ആയ നൊവാക് ദ്യോക്കോവിച്ച് യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ രണ്ട് സെറ്റുകളിൽ മികച്ച പോരാട്ടം നടത്തിയ അർജന്റീന താരത്തിന് എതിരെ ആദ്യമെ തന്നെ സർവീസ് നഷ്ടപ്പെടുത്തിയ ദ്യോക്കോവിച്ച്‌ പിറകിലായി. അതിനിടയിൽ ഇടത് ഷോൾഡറിനു പരിക്കേറ്റ നൊവാക് ഡോക്ടറുടെ സഹായവും തേടി. എന്നാൽ തിരിച്ചു വന്നു അർജന്റീന താരത്തിന്റെ സർവീസ് ഭേദിച്ച നൊവാക് ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് അർജന്റീന താരം നടത്തിയത്.

എന്നാൽ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ തന്റെ മികവ് ടൈബ്രേക്കറിലേക്ക് കൊണ്ട് വന്ന നൊവാക് രണ്ടാം സെറ്റ് 7-6 നു സ്വാന്തമാക്കി മത്സരം കയ്യെത്തും ദൂരത്താക്കി. മൂന്നാം സെറ്റിൽ എതിരാളിയെ നിലം തൊടാൻ കൂടി സമ്മതിച്ചില്ല ലോക ഒന്നാം നമ്പർ. 6-1 നു മൂന്നാം സെറ്റും മത്സരവും നോവാക്കിന്‌ സ്വന്തം. ജയത്തോടെ യു.എസ് ഓപ്പണിൽ 71 ജയങ്ങൾ കുറിച്ചു നൊവാക്. 5 തവണ യു.എസ് ഓപ്പൺ ജേതാവ് ആയ പീറ്റ്‌ സാമ്പ്രസിന്റെ യു.എസ് ഓപ്പൺ ജയങ്ങൾക്ക് ഒപ്പം എത്താനും ഇതോടെ സെർബിയൻ താരത്തിന് ആയി. ഏറ്റവും കൂടുതൽ യു.എസ് ഓപ്പൺ ജയങ്ങളിൽ ഇപ്പോൾ അഞ്ചാമത് ആണ് ഇരു താരങ്ങളും. ഏറ്റവും കൂടുതൽ യു.എസ് ഓപ്പൺ ജയങ്ങൾ എന്ന റെക്കോർഡ് ജിമ്മി കോർണേഴ്സിനാണ്, രണ്ടാമത് റോജർ ഫെഡററും.

സ്പാനിഷ് താരത്തെ തകർത്തു യന്ത്രമനുഷ്യൻ വീണ്ടുമൊരു വിംബിൾഡൺ ഫൈനലിൽ

തന്റെ 16 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും 5 മത്തെ വിംബിൾഡൺ കിരീടവും നേരിടുന്ന നൊവാക് ദ്യോക്കോവിച്ച്‌ തന്റെ നയം വ്യക്തമാക്കുകയാണ്. കഴിഞ്ഞ 12 ഗ്രാന്റ്‌ സ്‌ലാം സെമി ഫൈനലുകളിൽ ഒരിക്കൽ മാത്രം പരാജയം അറിഞ്ഞ നോവാക്കിന്‌ ഒരു തരത്തിലും വെല്ലുവിളി ഉയർത്താൻ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റ അഗുറ്റക്ക് ആവാതിരുന്നപ്പോൾ മത്സരം 4 സെറ്റുകളിൽ ദ്യോക്കോവിച്ചിനു സ്വന്തം. സ്പാനിഷ് താരത്തിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്തു കളി തുടങ്ങിയ നൊവാക് തന്റെ ഉദ്ദേശം തുടക്കത്തിലെ അറിയിച്ചു. വെറും 36 മിനിറ്റ് നീണ്ടു നിന്ന ആദ്യ സെറ്റ് സെർബിയൻ താരത്തിന് സ്വന്തം. ഏകപക്ഷീയമെന്നു തോന്നുന്ന വിധം മത്സരത്തിന്റെ തുടക്കം. എന്നാൽ രണ്ടാം സെറ്റിൽ വിംബിൾഡൺ സെമിഫൈനൽ പ്രവേശനം താൻ അർഹിക്കുന്നു എന്ന നിലയിലുള്ള പ്രകടനം നടത്തിയ സ്പാനിഷ് താരം ലോക ഒന്നാം നമ്പറിനു എതിരെ മികച്ച പോരാട്ടം നടത്തി.

രണ്ടാം സെറ്റിൽ നൊവാക്കിന്റെ രണ്ടാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത സ്പാനിഷ് താരം 6-4 നു രണ്ടാം സെറ്റ് സ്വന്തമാക്കി നൊവാക്കിനു വെല്ലുവിളി ഉയർത്തി. മുമ്പ് 10 പ്രാവശ്യം ഏറ്റുമുട്ടിയപ്പോൾ 7 തവണയും ജയിച്ചത് നൊവാക് ആണെങ്കിലും അവസാന രണ്ട് തവണയും ജയം സ്പാനിഷ് താരത്തിനു ഒപ്പമായിരുന്നു. എന്നാൽ 47 മിനിറ്റു നീണ്ട രണ്ടാം സെറ്റിന് മറുപടി നൊവാക് നൽകാൻ പോകുന്നതെ ഉണ്ടായിരുന്നുള്ളു. മൂന്നാം സെറ്റിൽ സ്പാനിഷ് താരത്തിന്റെ മൂന്നാം സർവീസ് ഭേദിച്ച നൊവാക് മത്സരത്തിൽ വ്യക്തമായ മുൻതൂക്കം നേടി. 43 മിനിറ്റു നീണ്ട മൂന്നാം സെറ്റ് 6-3 നു സ്വന്തമാക്കിയ നിലവിലെ ചാമ്പ്യൻ വീണ്ടുമൊരു വിംബിൾഡൺ ഫൈനലിലേക്കുള്ള അകലം വെറും ഒരു സെറ്റ് ആയി കുറച്ചു.

നാലാം സെറ്റിൽ സ്പാനിഷ് താരത്തിന്റെ പോരാട്ടത്തിന് വലിയ ബലം ഉണ്ടായിരുന്നില്ല. ബാറ്റിസ്റ്റയുടെ രണ്ടും മൂന്നും സർവീസ് തുടർച്ചയായി ഭേതിക്കപ്പെട്ടപ്പോൾ മത്സരത്തിന്റെ വിധി കുറിക്കപ്പെട്ടു. 6-2 നു നാലാം സെറ്റും മത്സരവും സ്വന്തമാക്കി യന്ത്രമനുഷ്യൻ എന്നു വിളിപ്പേരുള്ള നൊവാക് ദ്യോക്കോവിച്ച്‌ തുടർച്ചയായ മറ്റൊരു വിംബിൾഡൺ ഫൈനലിലേക്ക്. ഈ ഫോമിൽ നൊവാക്കിനെ തോൽപ്പിക്കാൻ ആർക്കെങ്കിലും ആകുമോ എന്നത് തന്നെയാവും ഞായറാഴ്ച ടെന്നീസ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം. ഫൈനലിൽ ചരിത്രത്തിലെ എക്കാലത്തെയും മഹത്തായ രണ്ടു താരങ്ങളിൽ ഒരാൾ ആവും സെർബിയൻ താരത്തിന്റെ എതിരാളി എന്നതിനാൽ തന്നെ തന്റെ മഹത്വം നിർണയിക്കാനുള്ള മത്സരം കൂടിയാവും നൊവാക് ദ്യോക്കോവിച്ചിനു ഈ ഫൈനൽ.

ഉമ്പർട്ടിനെ തകർത്തു ദ്യോക്കോവിച്ച്‌,ബ്രിട്ടീഷ് പ്രതീക്ഷ കാത്ത് കോന്റ

പതിവ് കാഴ്ചകൾ തന്നെയായിരുന്നു വിംബിൾഡനിൽ കണ്ടത്. നൊവാക് ദ്യോക്കോവിച്ച് എന്ന യന്ത്രമനുഷ്യന് ഒരു തരത്തിലും വെല്ലുവിളിയാവാൻ ഫ്രഞ്ച് താരം 21 കാരൻ ഉഗോ ഉമ്പർട്ടിനു ആവാതിരുന്നപ്പോൾ നിലവിലെ ചാമ്പ്യന്റെ നാലാം റൗണ്ട് ജയം അനായാസമായി. 66 റാങ്കുകാരനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു നൊവാക്കിന്റെ ജയം. തന്റെ ആദ്യ വിംബിൾഡൺ കളിക്കുന്ന ഉമ്പർട്ടിന്റെ ആദ്യ സെറ്റിലെ രണ്ടാം സർവീസ് തന്നെ തന്റെ അഞ്ചാം വിംബിൾഡൺ കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച്‌ ബ്രൈക്ക് ചെയ്തു. 6-3 നു ആദ്യ സെറ്റ് സ്വന്തമാക്കിയ നൊവാക് പിന്നെ തിരിഞ്ഞു നോക്കിയില്ല. രണ്ടാം സെറ്റിലും ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത നൊവാക്‌ തന്റെ മാരകമായ പ്രകടനം തുടർന്നപ്പോൾ വീണ്ടും ഉമ്പർട്ടിന്റെ സർവീസ് ഭേദിക്കപ്പെട്ടു. 6-2 നു രണ്ടാം സെറ്റും ദ്യോക്കോവിച്ചിനു.

ഏതാണ്ട് ആദ്യ സെറ്റിന്റെ തനിയാവർത്തനം കണ്ട മൂന്നാം സെറ്റിൽ ഉമ്പർട്ടിന്റെ സർവീസ് ഭേദിച്ച് നൊവാക് ജയം കുറിച്ചു. 6-3 നു മൂന്നാം സെറ്റും മത്സരവും നോവാക്കിന്‌. 2014, 2015 നു ശേഷം തുടർച്ചയായ രണ്ടാം വിംബിൾഡൺ ലക്ഷ്യമിടുന്ന നൊവാക്‌ തന്റെ മാരക ഫോമിൽ തുടരുകയാണ്. എന്നും എതിരാളിയെ അതിശയിപ്പിക്കുന്ന മെയ്‌വഴക്കം ദ്യോക്കോവിച്ചിന് ഇപ്പോഴും കൂട്ടുണ്ട് എന്നത് പലരുടെയും നെഞ്ചിടിപ്പ് കൂട്ടും. സ്പാനിഷ് താരം ഫെർണാണ്ട വെർഡേസ്ക്കയെ 4 സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടന്നു ക്വാട്ടറിൽ കടന്ന 21 സീഡ് ഡേവിഡ് ഗോഫിൻ ആണ് നൊവാക്കിന്റെ ക്വാട്ടറിലെ എതിരാളി. മറ്റൊരു മത്സരത്തിൽ നാട്ടുകാരൻ തന്നെയായ സാൻഡ്ഗ്രാന്റെ 4 സെറ്റ് പോരാട്ടത്തിൽ മറികടന്ന അമേരിക്കയുടെ സാം ക്യൂരെയും ക്വാട്ടറിൽ പ്രവേശിച്ചു. റാഫേൽ നദാൽ ആണ് ക്വാട്ടറിൽ വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരത്തിന്റെ എതിരാളി.

അതേസമയം വനിതകളിൽ ബ്രിട്ടീഷ് പ്രതീക്ഷയായ ജൊഹാന കോന്റയും ആദ്യ എട്ടിൽ എത്തി. മുൻ വിംബിൾഡൺ ചാമ്പ്യനായ 6 സീഡ് പെട്ര ക്വിവിറ്റോവയെ ആണ് 19 സീഡ് കോന്റ മറികടന്നത്. 3 സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷമായിരുന്നു കോന്റയുടെ ജയം. കാണികളുടെ പിന്തുണയോടെ രണ്ടാം സെറ്റിൽ ആദ്യമേ തന്നെ ക്വിവിറ്റോവയുടെ സർവീസ് മറികടന്ന കോന്റ 6-2 നു വ്യക്തമായ ആധിപത്യത്തോടെ രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റിലും മികച്ച പ്രകടനം തുടർന്ന കോന്റ 6-4 നു മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. വിംബിൾഡൺ കിരീടം കൊതിക്കുന്ന ആഥിതേയരുടെ ഏറ്റവും വലിയ പ്രതീക്ഷ ആണ് കോന്റ. മാരത്തോൺ പോരാട്ടത്തിൽ നാട്ടുകാരിയും 3 സീഡുമായ കരോലിന പ്ലിസ്‌കോവയെ അട്ടിമറിച്ച കരോലിന മുച്ചോലിനയും ക്വാട്ടറിൽ പ്രവേശിച്ചു. ഒരു സെറ്റ് പിന്നിൽ നിന്ന ശേഷം രണ്ടാം സെറ്റ് നേടിയ ശേഷം 24 ഗെയിമുകൾ നീണ്ട കടുത്ത മൂന്നാം സെറ്റ് പോരാട്ടത്തിനു ശേഷമായിരുന്നു കരോലിനയുടെ ആവേശകരമായ ജയം. സ്‌കോർ – 4-6, 7-5, 13-11.

ദോഹ ഓപ്പൺ: ജോക്കോവിച്ച് പുറത്ത്

ദോഹ ഓപ്പണിന്റെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിന് ഞെട്ടിക്കുന്ന തോൽവി. സ്‌പെയിനിന്റെ അഗൂത് ആണ് ജോക്കോവിച്ചിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ അട്ടിമറിച്ചത്. ആദ്യ സെറ്റ് 6-3 എന്ന സ്കോറിന് നിഷ്പ്രയാസം നേടിയ ശേഷമായിരുന്നു ജോക്കോവിച്ച് വീണത്. ടൂർണമെന്റിലെ ഏഴാം സീഡാണ് അഗൂത്. ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെർഡിച്ചിനെയാണ് അഗൂത് നേരിടുക.

ഇന്ത്യയിൽ നടക്കുന്ന മുൻ ചെന്നൈ ഓപ്പണും ഇപ്പോൾ മഹാരാഷ്ട്ര ഓപ്പൺ ആയി മാറിയ ടൂർണമെന്റിൽ സൗത്താഫ്രിക്കയുടെ കെവിൻ ആൻഡേഴ്സൺ ഇവോ കാർലോവിച്ചിനെ നേരിടും. രണ്ടുപേരും കൂറ്റൻ സർവ്വുകൾക്ക് പേരുകേട്ട താരങ്ങളാണ് എന്നത് മത്സരം കടുത്താതാക്കും.

ജോക്കോവിച്ചിനെ വീഴ്‍ത്തി കാചനോവ് ചാമ്പ്യൻ

പാരിസ് മാസ്റ്റേഴ്‌സിൽ റെക്കോർഡ് ലക്ഷ്യമാക്കി ഇറങ്ങിയ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ കാചനോവ് കരിയറിലെ ആദ്യ മാസ്റ്റേഴ്‌സിൽ മുത്തമിട്ടു. റാഫേൽ നദാലിന്റെ 33 മാസ്റ്റേഴ്സ് കിരീടങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താനുള്ള നോവാക്കിന്റെ മോഹങ്ങൾക്ക് താൽക്കാലിക പ്രഹരമേല്പിച്ചായിരുന്നു റഷ്യൻ താരത്തിൻറെ വിജയം.

ഒരു സെറ്റ് പോലും നോവാക്കിന് നൽകാതെയാണ് കാചനോവ് വിജയിച്ചത് എന്നത് ശ്രദ്ധേയമാണ്. സ്‌കോർ 7-5,6-4. തോറ്റെങ്കിലും ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ജോക്കോവിച്ച് തിരിച്ചെത്തി. നദാൽ മത്സരങ്ങൾക്ക് ഇറങ്ങാതെ പിന്മാറിയതും ജോക്കോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി. വർഷാവസാനത്തെ എടിപി ടൂർ ഫൈനൽസാണ് ഇനി സീസണിൽ അവശേഷിക്കുന്നത്

32 മാസ്റ്റേഴ്സ് കിരീടങ്ങൾ, ഒന്നാം സ്ഥാനം 35 പോയിന്റ് അകലെ

തൊട്ടതെല്ലാം പൊന്നാണ് നൊവാക് ജോക്കോവിച്ചിന്. ഫോമിന്റെ പാരമ്യത്തിലാണ് ഈ സെർബിയൻ ഇതിഹാസം. ഈ വർഷം വിംബിൾഡൺ കിരീടം, യുഎസ് ഓപ്പൺ കിരീടം, എല്ലാ മാസ്റ്റേഴ്സ് കിരീടങ്ങളും അങ്ങനെ നേട്ടങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോൾ ഷാങ്ഹായിൽ നാലാം കിരീടമെന്ന റെക്കോർഡ്. ഫെഡററെ തോല്പിച്ചെത്തിയ കോറിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്ത് കിരീടം നേടിയത് വഴി ഒന്നാം സ്ഥാനത്തിലേക്ക് ഇനി 35 പോയിന്റ് ദൂരം മാത്രം. 6-4,6-4 എന്ന സ്കോറിനാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. പരിക്ക് മൂലം റാഫേൽ നദാൽ കളിച്ചില്ല എന്നത് ജോക്കോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി.

നിലവിലെ ചാമ്പ്യനായ ഫെഡറർക്ക് സെമിയിൽ കാലിടറിയതോടെ രണ്ടാം സ്ഥാനവും സ്വന്തമായി. കഴിഞ്ഞ 18 പ്രൊഫഷണൽ മത്സരങ്ങളിലും ജോക്കോവിച്ച് തോൽവി അറിഞ്ഞിട്ടില്ല എന്നതും കൂടെ നോക്കിയാൽ ജോക്കോവിച്ചിന് പോന്ന എതിരാളികൾ ഇപ്പോൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. ഇനിയും 3 ആഴ്ചകൾ കൂടെ ശേഷിക്കുന്നതിനാൽ നദാലിൽ നിന്ന് ഒന്നാം സ്ഥാനവും നൊവാക് തട്ടിയെടുക്കുമെന്നതിൽ സംശയമില്ല.

ജോക്കോവിച്ച് സംപ്രാസിനൊപ്പം

തുടർച്ചയായ രണ്ട് ഗ്രാൻഡ്സ്ലാം കിരീട നേട്ടത്തോടെ നൊവാക് ജോക്കോവിച്ച് പിസ്റ്റൾ പീറ്റിന്റെ 14 ഗ്രാൻഡ്സ്ലാം എന്ന റെക്കോർഡിനൊപ്പം എത്തി. നേരത്തേ വിംബിൾഡണിൽ ജേതാവായ നൊവാക് എതിരാളികൾക്ക് ഒരു പഴുതും നൽകാതെയാണ് യുഎസ് ഓപ്പണിൽ മുത്തമിട്ടത്. ചൂട് ദുഷ്കരമാക്കിയ ഈ വർഷത്തെ യുഎസ് ഓപ്പണിൽ മാനസികമായും, ശാരീരികമായും മികച്ച് നിന്ന ജോക്കോവിച്ച് അർജന്റീനയുടെ ഡെൽപോട്രോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് കിരീടം നേടിയത്. സ്‌കോർ 6-3,7-6,6-3. യുഎസ് ഓപ്പൺ വിജയത്തോടെ റാങ്കിങ്ങിൽ രണ്ടാമത് എത്തിയ നൊവാക് നദാലുമായുള്ള പോയിന്റ് വ്യത്യാസം 1000 ൽ താഴെയാക്കി കുറച്ചു. ഇതോടെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം മുറുകി.

ആദ്യ സെറ്റിൽ നിറം മങ്ങിയ ഡെൽപോട്രോയ്ക്ക് രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മുതലാക്കുന്നതിൽ പരാജയപ്പെട്ടു. ഡെൽപോട്രോയുടെ രണ്ടാമത്തെ ഗ്രാൻഡ്സ്ലാം ഫൈനൽ ആയിരുന്നു ഇത്. 2009 ൽ റോജർ ഫെഡറർക്കെതിരെ നാടകീയ വിജയത്തോടെ ഡെൽപോട്രോ യുഎസ് ഓപ്പൺ നേടിയിട്ടുണ്ട്. ഗ്രാൻഡ്സ്ലാമുകളിൽ ഫെഡറർ, നദാൽ, ജോക്കോവിച്ച് വിജയത്തോടെയാണ് ഈ വർഷവും സമാപിക്കുന്നത്. യുവതാരങ്ങൾക്ക് വലിയ മത്സരങ്ങളിൽ മികവ് കണ്ടെത്താൻ കഴിയുന്നില്ല എന്നത് ടെന്നീസിനെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാർത്തയല്ല.

ജോക്കോവിച്ച് × നിഷിക്കോരി സെമി

യുഎസ് ഓപ്പൺ ടെന്നീസിന്റെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ജപ്പാന്റെ കീ നിഷിക്കോരി സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിടും. മുൻ ചാമ്പ്യൻ കൂടിയായ മരിയൻ സിലിച്ചിനെതിരെ 5 സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വിജയിച്ചാണ്‌ നിഷിക്കോരി സെമിയിൽ പ്രവേശിച്ചത്. യുഎസ് ഓപ്പൺ ഫൈനലിൽ സിലിച്ചിൽ നിന്നേറ്റ തോൽവിയ്ക്ക് മധുരപ്രതികാരം കൂടിയായി നിഷിക്കോരിയുടെ വിജയം. ആദ്യ സെറ്റും നാലാം സെറ്റും നഷ്ടപ്പെട്ട ശേഷം 6-4 എന്ന സ്കോറിന് നിർണ്ണായക അഞ്ചാം സെറ്റ് സ്വന്തമാക്കിയാണ് ഏഷ്യയിൽ നിന്നുള്ള താരം സെമി ഉറപ്പിച്ചത്‌. സ്‌കോർ : 2-6, 6-4,7-6,4-6,6-4.

സ്വിസ് ഇതിഹാസം റോജർ ഫെഡററെ ഞെട്ടിച്ച് കൊണ്ട് ക്വാർട്ടറിലേക്ക് എത്തിയ ഓസ്‌ട്രേലിയയുടെ ജോണ് മിൽമാന് പക്ഷേ ആ പ്രകടനം നോവാക്കിനെതിരെ പുറത്തെടുക്കാൻ സാധിച്ചില്ല. കടുത്ത ചൂടിൽ അരങ്ങേറിയ മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇത്തവണത്തെ വിംബിൾഡൺ ജേതാവ് കൂടിയായ ജോക്കോവിച്ചിന്റെ വിജയം. സ്‌കോർ : 6-3,6-4,6-4.

വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മാഡിസൺ കീസ് സ്‌പെയിനിന്റെ നുവാരോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് സെമിയിൽ പ്രവേശിച്ചു. സെമിയിൽ ജപ്പാന്റെ ഒസാക്കയാണ് കീയുടെ എതിരാളി. രണ്ടാം സെമിയിൽ സെറീന സെവസ്റ്റോവയെ നേരിടും.

ജോക്കോവിച്ച്, വീനസ് പുറത്ത്

വിംബിൾഡൺ ചാമ്പ്യനും, ഒമ്പതാം സീഡുമായ നൊവാക് ജോക്കോവിച്ച് റോജേഴ്‌സ് കപ്പിൽ നിന്നും പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിസിപ്പാസ് ആണ് നൊവാക്കിനെ മൂന്ന് സെറ്റുകളിൽ അട്ടിമറിച്ചത്. സ്‌കോർ 6-3,6-7,6-3. വാവ്‌റിങ്കയെ തോൽപ്പിച്ച് നദാലും, ഇസ്‌നറെ തോൽപ്പിച്ച് കാച്ചനോവും, കനേഡിയൻ പ്രതീക്ഷയായ ഷാപ്പവലോവിനെ തോൽപ്പിച്ച് റോബിൻ ഹാസേയും, ക്രൊയേഷ്യയുടെ മരിയൻ സിലിച്ചും, ജർമ്മനിയുടെ സ്വരേവും അവസാന എട്ടിൽ ഇടം നേടിയിട്ടുണ്ട്.

വനിതകളിൽ ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പാണ് വീനസിനെ തോൽപ്പിച്ചത്. ഷറപ്പോവയെ തകർത്ത് ഗ്രാസിയയും, ബെർട്ടൻസും, സ്വിറ്റൊലിനയും, മെർട്ടൻസും അവസാന എട്ടിൽ ഇടം നേടി.

പുരുഷ ഡബിൾസിൽ ആൻഡേഴ്‌സൻ-ജോക്കോവിച്ച് സഖ്യവും വിംബിൾഡൺ ചാമ്പ്യന്മാരായ സോക്ക്-ബ്രയാൻ സഖ്യങ്ങളും ക്വാർട്ടർ ഫൈനലിലേക്ക് കടന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്ക് സപ്പോർട്ട്, ജോക്കോവിച്ചിനെതിരെ സെർബിയയിൽ രോഷം

ഇന്ന് നടക്കുന്ന റഷ്യൻ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യയെ സപ്പോർട്ട് ചെയ്ത നൊവാക് ജോക്കോവിച്ചിനു നേരെ രൂക്ഷ വിമർശനം. നൊവാക് ജോക്കോവിച്ചിന്റെ ജന്മ നാടായ സെർബിയയിലാണ് താരത്തിനെതിരെ ആരാധകരും പൊതുജനങ്ങളും വിമർശനവുമായി രംഗത്ത് വന്നത്. വർഷങ്ങൾ നീണ്ടു നിന്ന യുദ്ധങ്ങളുടെ ഫലമായിരുന്നു ബാൾക്കൻ രാജ്യങ്ങളുടെ പിറവി. കാലമേറെയായിട്ടും രക്ത ചൊരിചിലുകൾക്ക് ഇതുവരെ ജനങ്ങൾ മാപ്പ് നൽകിയിട്ടില്ല. അത് കാരണം ക്രൊയേഷ്യയെ സപ്പോർട്ട് ചെയ്ത നൊവാക് ജോക്കോവിച്ചിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

ഫ്രാൻസിനെതിരായി നടക്കുന്ന ഫൈനലിൽ ക്രൊയേഷ്യക്ക് സപ്പോർട്ട് അറിയിച്ചു കൊണ്ട് ജോക്കോവിച്ച് ഇൻസ്റ്റാഗ്രാമിൽ ഇട്ട ഫോട്ടോയാണ് ഇപ്പോൾ വിമര്ശനങ്ങൾ ഉയരാൻ കാരണമായത്. ക്രൊയേഷ്യയുടെ ലോകകപ്പ് ഹീറോസിന്റെ ഒപ്പമാണ് ജോക്കോവിച്ച് ചിത്രമെടുത്തത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ഫൈനലിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജോക്കർ തിരിച്ചെത്തി

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് അത്ര സുഖകരമായിരുന്നില്ല നൊവാക് ജോക്കോവിച്ചിന്. നദാലും, ഫെഡററും ഭരിക്കുന്ന ഗ്രാൻഡ്സ്ലാമുകളിൽ പലപ്പോഴും കാലിടറി വീണു ഈ സെർബിയൻ താരം. എന്നാൽ വലിയ മത്സരങ്ങൾ ജയിക്കേണ്ടത് എങ്ങനെയെന്ന് നൊവാക് മറന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ വിജയം. അഞ്ച് സെറ്റുകളിൽ ലോക ഒന്നാം നമ്പർ താരമായ സാക്ഷാൽ റാഫേൽ നദാലിനെയാണ് നൊവാക് മറികടന്നത്. (സ്‌കോർ 6-4,3-6,7-6,3-6,10-8)

ഇന്നലെ കളിച്ച 3 സെറ്റുകളിൽ 2 സെറ്റുകൾ നേടിയിരുന്ന സെർബിയൻ താരത്തിന് ഫൈനൽ പ്രവേശനത്തിന് അവശേഷിക്കുന്ന 2 സെറ്റുകളിൽ ഒന്ന് മാത്രം നേടിയാൽ മതിയായിരുന്നു എന്നാൽ നാലാം സെറ്റ് നദാൽ നേടിയതോടെ മത്സരം ടൈബ്രേക്കർ ഇല്ലാത്ത അവസാന സെറ്റിലേക്ക് നീണ്ടു.

ആദ്യം സർവ്വ് ചെയ്യുന്നതിന്റെ ആനുകൂല്യം പൂർണ്ണമായും മുതലെടുത്ത നൊവാക് 10-8 എന്ന സ്കോറിന് നദാലിൽ നിന്ന് സെറ്റും മത്സരവും സ്വന്തമാക്കി എന്നുവേണം പറയാൻ. 2016 ന് ശേഷം ആദ്യമായി ഗ്രാൻഡ്സ്ലാം ഫൈനൽ കളിക്കാൻ പോകുന്ന നൊവാക് ജോക്കോവിച്ചിനെ കത്തിരിക്കുന്നത് സൗത്ത് ആഫ്രിക്കയുടെ കെവിൻ ആൻഡേഴ്‌സനാണ്‌.

ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 6 മത്സരങ്ങളിൽ ജോക്കോവിച്ച് 5-1 എന്ന നിലയിൽ മുന്നിട്ട് നിൽക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും പുൽകോർട്ടിൽ ഫെഡററെ വീഴിത്തിയ കെവിനെ മറികടക്കുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നതുറപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version