കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ടാർഗറ്റായിരുന്ന ദിനേശ് സിംഗിനെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഡിഫൻഡർ ആയ ദിനേശ് സിംഗിനെ സ്വന്തമാക്കി. രണ്ട് വർഷത്തെ കരാറിൽ വേഴ്സറ്റൈൽ ഡിഫൻഡർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. മണിപ്പൂരിൽ ജനിച്ച ഈ ഫുട്ബോൾ താരം ഷില്ലോംഗ് ലജോംഗ്, റോയൽ വാഹിംഗ്‌ദോ തുടങ്ങിയ ക്ലബിലൂടെയാണ് യുവ കരിയർ ആരംഭിച്ചത്.

2016-ൽ റിയൽ കാശ്മീരിൽ നിന്നാണ് ദിനേശിന്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. ഒരു വർഷത്തിന് ശേഷം, TRAU FC-യിൽ കളിക്കാൻ അദ്ദേഹം സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങി. അവിടെ അദ്ദേഹം മൂന്ന് സീസണുകൾ ചെലവഴിച്ചു. 2021-22 സീസണിന് മുന്നോടിയായി അദ്ദേഹം ശ്രീനിധി ഡെക്കാണിലേക്ക് മാറി. കേരള ബ്ലാസ്റ്റേഴ്സ് താരം സൊറൈഷാം സന്ദീപ് സിംഗിന്റെ അനിയനാണ് സന്ദീപ് സിംഗ്. ബ്ലാസ്റ്റേഴ്സ് ദിനേഷ് സിങിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലേക്ക് എത്തിക്കാൻ ശ്രമിച്ചിരുന്നു.

25-കാരന്റെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ ക്ലബാകും നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. “നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ആയിരിക്കും എന്റെ ആദ്യത്തെ ഹീറോ ഐഎസ്‌എൽ ടീം. മണിപ്പൂരിൽ നിന്നുള്ള ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം ഈ ക്ലബ്ബിനെ പ്രതിനിധീകരിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്.” താരം കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

ബെംഗളൂരു എഫ് സിയുടെ നൗഷാദ് മൂസ ഇനി നോർത്ത് ഈസ്റ്റിന്റെ സഹ പരിശീലകൻ

ബെംഗളൂരു എഫ് സിയുടെ സഹ പരിശീലകനായിരുന്ന നൗഷാദ് മൂസ ഇനി നോർത്ത് ഈസ്റ്റിൽ. പെഡ്രോ ബെനാലിയുടെ കീഴിൽ അസിസ്റ്റന്റ് കോച്ചായാകും നൗഷാദ് മൂസ നോർത്ത് ഈസ്റ്റ പ്രവർത്തിക്കുക. ബെംഗളൂരുവിന്റെ യുവടീമുകളുടെ മേൽനോട്ടം ദീർഘകാലമായി വഹിക്കുന്ന നൗഷാദ് മൂസ പല യുവതാരങ്ങളുടെയും വളർച്ചയിൽ വലിയ പങ്കുവഹിച്ചിരുന്നു. എ‌എഫ്‌സി പ്രോ-ലൈസൻസുള്ള പരിശീലകനാൺ മൂസ.

2017ൽ ആയിരുന്നു മൂസ ബെംഗളൂരു എഫ്‌സിയിൽ എത്തിയത്. ബെംഗളൂരു എഫ് സിയുടെ താൽക്കാലിക ഹെഡ് കോച്ചായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

മുൻ ഫുട്ബോൾ താരമായ മൂസ എയർ ഇന്ത്യ, ചർച്ചിൽ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എഫ്സി, മഹീന്ദ്ര യുണൈറ്റഡ്, മുഹമ്മദ് സ്പോർട്ടിംഗ് എന്നിവർക്കായി 12 വർഷത്തിലേറെ നീണ്ട കരിയറിൽ കളിച്ചു. ബെംഗളൂരു എഫ്‌സി റിസർവ് ടീമിന്റെ ഹെഡ് കോച്ച് എന്ന നിലയിൽ, 2019 ലും 2020 ലും ബിഡിഎഫ്എ സൂപ്പർ ഡിവിഷൻ ലീഗ് കിരീടം നേടാനും അദ്ദേഹത്തിനായി.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ പരിശീലകനെ നിയമിച്ചു. 2 വർഷത്തെ കരാറിൽ ജുവാൻ പെഡ്രോ ബെനാലി ആണ് ടീമിന്റെ ഹെഡ് കോച്ചായി എത്തുന്നത്. ക്ലബ്ബ് ഇന്ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 54 കാരനായ ജുവാൻ പെഡ്രോ ബെനാലി യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. മുമ്പ് ഫിൻലാന്റ് ദേശീയ ടീമിന്റെ ടെക്നിക്കൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

2008-ൽ ജപ്പാൻ ക്ലബായ വിസൽ കോബെയുടെ മുഖ്യ പരിശീലകനായി അവർക്ക് ജെ ലീഗിലേക്ക് പ്രൊമോഷൻ വാങ്ങിക്കൊടുക്കാൻ അദ്ദേഹത്തിന് ആയിരുന്നു. 2003-ൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനൊപ്പം യുഎഇ കപ്പും, 2001-ൽ മൊറോക്കൻ ക്ലബ്ബ് എസ്.സി.സി. മുഹമ്മദീയയ്‌ക്കൊപ്പം അറബ് കപ്പിന്റെ സെമിഫൈനലും ബെനാലി എത്തിയിട്ടുണ്ട്.

മന്ദർ തമാനെ ഇനി നോർത്ത് ഈസ്റ്റിന്റെ സി ഇ ഒ

ഈസ്റ്റ് ബംഗാൾ എഫ്‌സിയിലേക്ക് പോകുമെന്ന ഊഹാപോഹങ്ങൾക്ക് ഇടയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) മന്ദർ തമാനെയെ ഔദ്യോഗികമായി നിയമിച്ചു. മുൻ ബെംഗളൂരു എഫ്‌സി സിഇഒ നോർത്ത് ഈസ്റ്റ് ഇന്ത്യൻ ക്ലബിൽ എത്തിയതായി നോർത്ത് ഈസ്റ്റ് ഇന്ന് അറിയിച്ചു. അവസാന കുറച്ച് സീസണുകളായൊ കഷ്ടപ്പെടുന്ന നോർത്ത് ഈസ്റ്റിനെ കരകയറ്റുക ആണ് മന്ദറിനു മേലുള്ള ദൗത്യം.

മുമ്പ് ബംഗളൂരു എഫ്‌സിയുടെ വിജയങ്ങളിൽ നിർണായക പങ്ക് മന്ദർ വഹിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ ആയിരുന്നു മന്ദർ ബെംഗളൂരു എഫ് സിയിൽ നിന്ന് അദ്ദേഹം രാജിവെച്ചു. 10 വർഷത്തോളം അദ്ദേഹം ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു.

നോർത്ത് ഈസ്റ്റ് ഷോ!! സൂപ്പർ കപ്പ് സെമിയിലേക്ക്

ചർച്ചിൽ ബ്രദേഴ്സിനെ മൂന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൂപ്പർ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി. വിൽമാർ ജോർദാന്റെ ഹാട്രിക്ക് ആണ് നോർത്ത് ഈസ്റ്റിന് വലിയ വിജയം നൽകിയത്. വിൽമാർ ജോർദാൻ 27 ആം മിനുട്ടിലും 43 മിനുട്ടിലും നേടിയ ഗോളുകൾ ആദ്യ പകുതിയിൽ 2-0ന്റെ ലീഡ് നോർത്ത് ഈസ്റ്റിന് നൽകി.

രണ്ടാം പകുതിയിലും വിൽമാർ ജോർദാൻ ഗോളടി തുടർന്നു. 51,70 മിനിറ്റുകളിൽ വീണ്ടും സ്കോർ ചെയ്തതോടെ കളി നോർത്ത് ഈസ്റ്റിന്റെ കയ്യിലായി. ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്.79 ,92ആം ആം മിനുട്ടുകളിൽ മലയാളി താരം ഗനി അഹമ്മദ് കൂടെ ഗോൾ നേടി വലിയ വിജയത്തിലേക്ക് അവരെ എത്തിച്ചു.

വിജയത്തോട് കൂടി ആറ് പോയിന്റുമായി നോർത്ത് ഈസ്റ്റ് സെമിയിലേക്ക് മാർച്ച്‌ ചെയ്തു. ഇന്ന് ചെന്നൈയിനെ 1-0ന് തോൽപ്പിച്ച മുംബൈ സിറ്റിയും ആറ് പോയിന്റിൽ എത്തി എങ്കിലും ഹെഡ് ടു ഹെഡിൽ നോർത്ത് ഈസ്റ്റ് സെമി ഉറപ്പിക്കുക ആയിരുന്നു.

നോർത്ത് ഈസ്റ്റ് വിട്ടു, ഇനി അനീസെ നേപ്പാൾ ദേശീയ ടീമിനെ പരിശീലിപ്പിക്കും

ഗോകുലം കേരളയുടെ മുൻ പരിശീലകൻ അനീസെ ഇനി നേപ്പാൾ ദേശീയ ടീമിന്റെ പരിശീലകൻ. ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ ആയി പ്രവർത്തിക്കുന്ന അനീസെയുടെ കരാർ ഈ മാസത്തോടെ അവസാനിക്കും. അതിനു ശേഷംകാകും അദ്ദേഹം നേപ്പാളിംറ്റെ ചുമതലയേൽക്കുക. ഈ സീസണിൽ പകുതുക്ക് വെച്ച് നോർത്ത് ഈസ്റ്റ് അവരുടെ നിലവിലെ പരിശീലകനായ മാർകോ ബുൽബുലിനെ പുറത്താക്കിയിരുന്നു. അപ്പോൾ ആയിരുന്നു അനീസെ പകരക്കാരനായി എത്തിയത്.

ഈ കഴിഞ്ഞ സീസൺ ഐ ലീഗിൽ ഗോകുലത്തെ ചാമ്പ്യന്മാരാക്കിയ ശേഷം അനീസെ ക്ലബ് വിട്ടിരുന്നു. ഇറ്റാലിയൻ പരിശീലകൻ വിൻസെൻസൊ ആൽബർട്ടോ അനീസെ 2020ൽ ആയിരുന്നു ഗോകുലം കേരളയിൽ എത്തിയത്. തുടർച്ചയായ രണ്ട് സീസണിൽ ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കാൻ അനീസെക്ക് ആയി. ഗോകുലത്തെ എ എഫ് സി കപ്പിൽ പരിശീലിപ്പിക്കാനും യുവ പരിശീലകന് ആയിരുന്നു. ഐ ലീഗിൽ 21 മത്സരങ്ങളുടെ അപരാജിത കുതിപ്പ് നടത്തി റെക്കോർഡ് ഇടാനും അനീസെയുടെ കീഴിൽ ഗോകുലത്തിനായിരുന്നു.

ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെ കീഴടക്കി ജംഷദ്പൂർ

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ വീണ്ടും തോൽവി ഏറ്റു വാങ്ങി നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. സ്വന്തം തട്ടകത്തിൽ ജംഷാദ്പൂരിനോടാണ് സീസണിലെ പതിനഞ്ചാം തോൽവി ഏറ്റു വാങ്ങിയത്. റിത്വിക് ദാസ്, ഡാനിയൽ ചുക്വു എന്നിവരാണ് ജംഷദ്പൂരിനായി വല കുലുക്കിയത്. ഇതോടെ പത്താം സ്ഥാനത്ത് ജംഷദ്പൂരിന് പന്ത്രണ്ട് പോയിന്റും അവസാന സ്ഥാനത്ത് നോർത്ത് ഈസ്റ്റിന് നാല് പോയിന്റും ആണുള്ളത്.

ജംഷദ്പൂരിനെ ആധിപത്യം തന്നെ ആയിരുന്നു തുടക്കം മുതൽ. തുടർച്ചയായ ആക്രമണങ്ങളിലും തുടക്കത്തിൽ ഗോൾ മാത്രം അകന്ന് നിന്നു. ജെയ് തോമസിന്റെ ഒരു ശ്രമം പോസ്റ്റിൽ ഇടിച്ചു മടങ്ങി. ആദ്യ ഗോൾ നേടാൻ സന്ദർശകർക്ക് മുപ്പത്തിയൊൻപതാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. കോർണറിലൂടെ എത്തിയ ബോൾ ക്ലിയർ ചെയ്യുന്നതിൽ നോർത്ത് ഈസ്റ്റിന് പിഴച്ചപ്പോൾ കൂട്ടപ്പോരിച്ചിലിനോടുവിൽ ലഭിച്ച അവസരം റിത്വിക് ദാസ് വലയിൽ എത്തിക്കുകയായിരുന്നു. അൻപതിയേഴാം മിനിറ്റിൽ അടുത്ത ഗോൾ എത്തി. എതിർ പ്രതിരോധത്തെ കീറി മുറിച്ചു റാഫേൽ ക്രിവല്ലറോ നൽകിയ പാസ് ഓടിയെടുത്ത് ഡാനിയൽ ചുക്വു ലക്ഷ്യം കാണുകയായിരുന്നു. ഗോൾ മടക്കാൻ നോർത്ത് ഈസ്റ്റിൽ നിന്നും കാര്യമായ ശ്രമങ്ങൾ ഒന്നും ഉണ്ടായില്ല.

ജോസെബ ബെയ്റ്റിയയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കി

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സി താരവും സ്പാനിഷ് മിഡ്‌ഫീൽഡറുനായ ജോസെബ ബെയ്റ്റിയയുടെ സൈനിംഗ് പൂർത്തിയാക്കി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനായി താരത്തെ കൊണ്ടുവരാൻ ക്ലബ് വലിയ ട്രാൻസ്ഫർ തുക നൽകിയതായാണ് റിപ്പോർട്ട്.

ബെയ്‌റ്റിയ മുമ്പ് ഐ-ലീഗിൽ തിളങ്ങിയിട്ടുണ്ട് 2019 ൽ മോഹൻ ബഗാനൊപ്പം ഒരു കിരീടം നേടി. തുടർന്ന് 2020ൽ അദ്ദേഹം റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയിലേക്ക് മാറി, നിലവിലെ ഐ-ലീഗ് സീസണിൽ രാജസ്ഥാൻ യുണൈറ്റഡിനായി നല്ല പ്രകടനങ്ങൾ നടത്തുന്നതിന് ഇടയിലാണ് ഈ ട്രാൻസ്ഫർ.

മലയാളി യുവതാരം അലക്സ് സജി നോർത്ത് ഈസ്റ്റിലേക്ക്

മലയാളി യുവതാരം അലക്സ് സജി ഇനി നോർത്ത് ഈസ്റ്റിനായി കളിക്കും. ഹൈദരാബാദ് എഫ് സിയുടെ താരമായ അലക്സ് സജി ലോൺ അടിസ്ഥാനത്തിൽ ആണ് നോർത്ത് ഈസ്റ്റിലേക്ക് പോകുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകനായ അനീസെക്ക് ഒപ്പം മുമ്പ് ഗോകുലത്തിൽ അലക്സ് സജി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സജിയുടെ നോർത്ത് ഈസ്റ്റ് നീക്കം താരത്തിന് വലിയ നേട്ടമായി മാറും എന്ന് പ്രതീക്ഷിക്കാം.

ഗോകുലം കേരളയുടെ താരമായിരുന്ന അലക്സ് സജിയെ കഴിഞ്ഞ സീസൺ അവസാനം ആണ് ഹൈദരാബാദ് എഫ് സി സ്വന്തമാക്കിയത്. അലക്സ് സജിക്ക് 2025വരെയുള്ള കരാർ ഹൈദരബാദിൽ ഉണ്ട്. ഈ സീസൺ അവസാനം താരം തിരികെ ഹൈദരാബാദിൽ തന്നെ എത്തും. അലക്സ് സജിക്ക് ഈ സീസണിൽ ഹൈദരാബാദിൽ അവസരമേ ലഭിച്ചിരുന്നില്ല.

അവസാന മൂന്ന് സീസണായി സജി ഗോകുലം കേരളക്ക് ഒപ്പം ആയിരുന്നു. ഗോകുലത്തോടൊപ്പം രണ്ട് ഐ ലീഗ് കിരീടങ്ങൾ നേടാൻ അലക്സ് സജിക്ക് ആയിട്ടുണ്ട്.

2019ൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നായിരുന്നു ഡിഫൻഡറായ അലക്സ് സജി ഗോകുലത്തിൽ എത്തിയത്. വയനാട് സ്വദേശിയാണ് അലക്സ് സജി. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനും റിസേർവ്സ് ടീമിനും ഒപ്പമായിരുന്നു താരം ബ്ലാസ്റ്റേഴ്സിൽ ഉള്ളപ്പോൾ കളിച്ചിരുന്നത്.

മുമ്പ് റെഡ് സ്റ്റാർ അക്കാദമിയിലും സജി കളിച്ചിട്ടുണ്ട്. മാർ അത്നീഷ്യസ് കോളോജിന്റെ താരം കൂടിയായിരുന്നു സജി.

ഫലം കാണുന്ന അനീസെയുടെ തന്ത്രങ്ങൾ; ക്രിസ്തുമസ് സമ്മാനം ആയി നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ വിജയം

കോച്ച് അൽബെർട്ടോ അനീസെയുടെ തന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങിയപ്പോൾ നോർത്ത്ഈസ്റ്റ് യുനൈറ്റഡ് സീസണിലെ ആദ്യ വിജയം നുകർന്നു. തുടർച്ചയായ പത്ത് മത്സരങ്ങളിൽ തോൽവി അറിഞ്ഞ ശേഷം എത്തിയ ടീം മോഹൻബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. ജോർദൻ വിൽമർ ഗിൽ ആണ് മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്. തോറ്റെങ്കിലും മോഹൻബഗാൻ മൂന്നാം സ്ഥാനത്ത് തുടരും.

കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്ത മെച്ചപ്പെട്ട പ്രകടനത്തിന്റെ തുടർച്ചയാണ് നോർത്ത് ഈസ്റ്റ് ഈ മത്സരത്തിലും കാഴ്ച്ചവെച്ചത്. ആദ്യ നിമിഷങ്ങളിൽ എടികെ മോഹൻ ബഗാൻ പല തവണ എതിർ ബോക്സിന് സമീപം എത്തി. ആശിഷ് റായിയിൽ നിന്നെത്തിയ പന്തിൽ പോസ്റ്റിന് തൊട്ടു മുന്നിൽ ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന ലിസ്റ്റൻ കോളാസോ തൊടുത്ത ഷോട്ട് പക്ഷെ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. പതിയെ താളം വീണ്ടെടുത്ത നോർത്ത് ഈസ്റ്റ് അപകടകരമായ അവസരങ്ങൾ പല തവണ സൃഷ്ടിച്ചെടുത്തു. വിൽമറും എമിൽ ബെന്നിയും ഗോഗോയിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച ശേഷം പ്രതിരോധ താരത്തെ വകഞ്ഞു മാറ്റി വിൽമർ തൊടുത്ത നിലം പറ്റെയുള്ള ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. പ്രഗ്യാൻ ഗോഗോയി തൊടുത്തു വിട്ട ലോങ് റേഞ്ചർ പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി.

രണ്ടാം പകുതിയിലും ടീമുകൾ ആക്രമണം തുടർന്നു. അറുപതിയൊൻപതാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് അർഹിച്ച ഗോൾ നേടി. വലത് വിങ്ങിലൂടെ എത്തിയ ത്രൂ ബോൾ ഓടിയെടുത്ത എമിൽ ബെന്നി വിൽമറിന് അളന്നു മുറിച്ചു നൽകിയ ക്രോസ് താരം അനായാസം ഉയർന്ന് ചാടി ഹെഡറിലൂടെ വലയിൽ എത്തിച്ചു. കീപ്പർ മിർഷാദിന്റെ പ്രകടനവും നോർത്ത് ഈസ്റ്റിന് നിർണായകമായി. അവസാന മിനിറ്റുകളിൽ എമ്മിൽ ബെന്നിയുടെ പൊള്ളുന്ന ഒരു ലോങ് റേഞ്ചർ കീപ്പർ തട്ടിയകറ്റി.

എട്ട് നിലയിൽ പൊട്ടി നോർത്ത് ഈസ്റ്റ്, രണ്ടാം സ്ഥാനം തിരിച്ചു പിടിച്ച് ഒഡീഷ

ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തോൽവികൾക്ക് അന്ത്യമില്ല. കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സി, നോർത്ത് ഈസ്റ്റിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്തു. നന്ദ കുമാറും ജെറിയും വിജയികൾക്കായി ഗോൾ നേടിയപ്പോൾ റോക്കാർസെല്ലയാണ് മറുപടി ഗോൾ കണ്ടെത്തിയത്. എട്ട് മത്സരങ്ങളിൽ നിന്നും നോർത്ത് ഈസ്റ്റിന്റെ എട്ടാം തോൽവി ആണിത്. പോയിന്റ് ഏതുമില്ലാതെ ടേബിളിൽ അവസാന സ്ഥാനത്ത് തുടരുകയാണവർ. ഒഡീഷ ആവട്ടെ രണ്ടാം സ്ഥാനം ഹൈദരാബാദിൽ നിന്നും തിരിച്ചു പിടിച്ചു.

ഇരു ടീമുകളും എതിർ മുഖത്തേക്ക് ആക്രമിച്ചു കളിക്കുന്നത് കണ്ടാണ് ആദ്യ മിനിറ്റുകൾ കടന്ന് പോയത്. ഇരുപത്തിനാലാം മിനിറ്റിൽ ഒഡീഷ ലീഡ് നേടി. മികച്ച പാസുകൾ കോർത്തിണക്കിയ മുന്നേറ്റത്തിനൊടുവിൽ എതിർ പ്രതിരോധക്കാരെ കബളിപ്പിച്ച് മൗറിസിയോ നൽകിയ പന്തിൽ നിന്നും നന്ദ കുമാർ വല കുലുക്കുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഡിഫെൻസിന്റെ എല്ലാ പോരായ്മകളും കണ്ട ഗോൾ ആയിരുന്നു ഇത്. അറുപതാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ എത്തി. റോക്കാർസെല ആണ് വല കുലുക്കിയത്. സബ് ആയി എത്തിയ താരത്തിന്റെ മത്സരത്തിലെ ആദ്യ ടച്ച് ആയിരുന്നു അത്. എന്നാൽ എഴുപതിയെട്ടാം മിനിറ്റിൽ ഒഡീഷ ലീഡ് തിരിച്ചു പിടിച്ചു. സൗൾ ക്രേസ്പോയുടെ ഷോട്ട് കീപ്പർ അരിന്ദം ഭട്ടാചാര്യ തടുതത്തിട്ടെങ്കിലും അവസരം കാത്തിരുന്ന ജെറി ഒട്ടും പിഴച്ചില്ല.

വിജയിച്ചെ പറ്റൂ, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അവരുടെ സീസണിലെ അഞ്ചാം മത്സരത്തിന് ഇറങ്ങുകയാണ്. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. അവസാന മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന് വിജയ വഴിയിലേക്ക് എത്തേണ്ടത് അത്യാവശ്യമാണ്. എതിരാളികൾ ആയ നോർത്ത് ഈസ്റ്റ് ആകട്ടെ കളിച്ച നാലു മത്സരങ്ങളും പരാജയപ്പെട്ടു നിൽക്കുകയാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ലീഗിൽ അവസാന സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് 3 പോയിന്റുമായി 9ആം സ്ഥാനത്തും നിൽക്കുന്നു‌. ഇരുടീമുകൾക്കും വിജയം ആവശ്യമായതു കൊണ്ട് തന്നെ ഒരു നല്ല മത്സരം പ്രതീക്ഷിക്കാം‌.

കേരള ബ്ലാസ്റ്റേഴ്സ് ഈസ് ബംഗാളിനോട് വിജയിച്ചതിനു ശേഷം എടികെ, ഒഡീഷ, മുംബൈ സിറ്റി എന്നി ടീമുകളോട് പരാജയപ്പെടുകയുണ്ടായി. 4 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് ഡിഫൻസും അറ്റാക്കും എല്ലാം ഇപ്പോൾ പ്രശ്നമാണ്.

പരിക്ക് മാറിയ അപോസ്തൊലിസ് ഇന്ന് ടീമിൽ ഉണ്ടാകും. ആദ്യ ഇലവനിൽ കേരള ബ്ലാസ്റ്റേഴ്സ് വലിയ മാറ്റങ്ങൾ ഇന്ന് വരുത്തിയേക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Exit mobile version