ആറു ഗോൾ ത്രില്ലറിൽ ആവേശ സമനിലയിൽ പിരിഞ്ഞ് ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റ് യുനൈറ്റഡും

ഗോളടിയിൽ ഇരു ടീമുകളും മത്സരിച്ച മികച്ച പോരാട്ടത്തിൽ പോയിന്റ് പങ്കുവെച്ച് ഈസ്റ്റ് ബംഗാളും നോർത്ത് ഈസ്റ്റും. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ മൂന്ന് ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും പിരിഞ്ഞു. മലയാളി താരങ്ങളായ ജിതിൻ ഗോളും ഗനി നിഗം അസിസ്റ്റും നൽകി നോർത്ത് ഈസ്റ്റിനായി തിളങ്ങി. ഇതോടെ ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്തും നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തും തുടരുകയാണ്.

നാല് ഗോളുകൾ പിറന്ന ആവേശകരമായ ആദ്യ പകുതിയാണ് ഇരു ടീമുകളും ആരാധകർക്ക് സമ്മാനിച്ചത്. സ്വന്തം തട്ടകത്തിൽ പത്താം മിനിറ്റിൽ തന്നെ ക്ലീറ്റൻ സിൽവയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തി. ഗോൾ വഴങ്ങിയതിന് പിറകെ നോർത്ത് ഈസ്റ്റ് സമ്മർദ്ദം ഉയർത്തിയത് മത്സരം മുറുക്കി. ഇരു ടീമുകളും ആക്രമണം തുടരുന്നതിനിടെ നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ എത്തി. മുപ്പതാം മിനിറ്റിൽ ബോക്സിന് തൊട്ടു പുറത്തു നിന്നുള്ളൊരു മികച്ച ഫിനിഷിങിലൂടെ പ്രതിബ് ഗോഗോയ് ആണ് ഗോൾ നേടിയത്. വെറും രണ്ടു മിനിറ്റിനു ശേഷം കൗണ്ടറിലൂടെ എത്തിയ നീക്കത്തിൽ ഫിലിപ്പോറ്റെക്സിന്റെ പാസിൽ നിലം പറ്റെ ഷോട്ട് ഉതിർത്ത് ജിതിൻ വല കുലുക്കിയപ്പോൾ ഈസ്റ്റ് ബംഗാൾ ഞെട്ടി. എന്നാൽ ഇടവേളക്ക് തൊട്ടു മുൻപ് സ്‌കോർ നില തുല്യമാക്കാൻ ഈസ്റ്റ് ബംഗാളിനായി. ജേർവിസിന്റെ അതിമനോഹരമായ ഒരു ബൈസൈക്കിൽ കിക്കാണ് ഈസ്റ്റ് ബംഗാളിന് തുണയായത്.

രണ്ടാം പകുതിയിലും വിജയത്തിനായി ഇരു ടീമുകളും നീക്കങ്ങൾ ആരംഭിച്ചു. അറുപത്തിനാലാം മിനിറ്റിൽ പെനൽറ്റിയുടെ രൂപത്തിൽ ഈസ്റ്റ് ബംഗാൾ വീണ്ടും ലീഡ് എടുത്തു. ബോക്സിനുള്ളിൽ നിന്നും അലക്‌സ് സജിയുടെ ഫൗൾ ആണ് പെനാൽറ്റിയിൽ കലാശിച്ചത്. കിക്ക് എടുത്ത ക്ലീറ്റൻ സിൽവക്ക് പിഴച്ചില്ല. എൺപത്തിയഞ്ചാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ഒരിക്കൽ കൂടി സമനില നേടി. മലയാളി താരം ഗനി നിഗത്തിന്റെ പാസിൽ ഇമ്രാൻ ഖാൻ ആണ് വല കുലുക്കിയത്. അവസാന നിമിഷങ്ങളിൽ ജിതിന്റെ ക്രോസിൽ പൊസിറ്റിന് തൊട്ടു മുൻപിൽ വെച്ചു റാൾതെ ഹെഡറിലൂടെ ഗോൾ നേടാനുള്ള അസുലഭ അവസരം കളഞ്ഞു കുളിച്ചു.

ഗോൾ മഴയുമായി ഹൈദരാബാദ് എഫ്‌സി; നോർത്ത് ഈസ്റ്റിന് വീണ്ടും തോൽവി!!

ഐഎസ്എൽ പോയിന്റ് തലപ്പത്ത് പോര് മുറുക്കി കൊണ്ട് ഹൈദരാബാദിന്റെ മിന്നുന്ന വിജയം. ഒന്നിനെതിരെ ആറു ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ തകർത്ത് കൊണ്ട് ഹൈദരാബാദ് എഫ്‌സി ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. ഇരുപതിയെട്ട് പോയിന്റുള്ള നിലവിലെ ചാംപ്യന്മാർക്ക് ഒരു പോയിന്റ് പിറകിൽ ഒരു മത്സരം കുറച്ചു കളിച്ച മുംബൈ ഉണ്ട്. ഇതോടെ ഗോൾ വ്യത്യാസത്തിലും മുംബൈയോടടുക്കാൻ ഹൈദരാബാദിനായി. കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ വിജയം നേടിയ നോർത്ത് ഈസ്റ്റിന് വീണ്ടും തോൽവിലേക്ക് കൂപ്പുകുത്തി.

സ്വന്തം തട്ടകത്തിൽ ഹൈദരാബാദിന്റെ തേരോട്ടമായിരുന്നു മത്സരത്തിൽ. കഴിഞ്ഞ മത്സരങ്ങളിൽ മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്ന പ്രകടനത്തിന്റെ മിന്നലാട്ടങ്ങൾ നോർത്ത് ഈസ്റ്റ് ഈ മത്സരത്തിലും പ്രകടിപ്പിച്ചെങ്കിലും ഹൈദരാബാദിനെ പിടിച്ചു കെട്ടാൻ അതൊന്നും മതിയായില്ല. എട്ടാം മിനിറ്റിൽ ഹൈദരാബാദ് ആദ്യ ഗോൾ നേടി. കോർണറിൽ നിന്നെത്തിയ ബോളിൽ സമർഥമായി മാർക്കിങ്ങിൽ നിന്നും ഒഴിഞ്ഞു മാറി യാവിയർ സിവെറിയോ ഉതിർത്ത ഷോട്ടിലൂടെയാണ് ഹൈദരാബാദ് എഫ്‌സി അക്കൗണ്ട് തുറന്നത്. ബോർഹ ഹെറെരയുടെയും സിവെറിയോയുടെയും തുടർച്ചയായ ശ്രമങ്ങൾ മിർഷാദ് രക്ഷപ്പെടുത്തി. ഒഗ്ബച്ചേയുടെ അക്രോബാറ്റിക് ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇരുപത്തിനാലാം മിനിറ്റിൽ അടുത്ത ഗോൾ എത്തി. നോർത്ത് ഈസ്റ്റ് താരങ്ങളെ ഓരോന്നായി മറികടന്ന് ബോക്സിന് പുറത്തു നിന്നും ബോർഹ ഹെറെരയുടെ ഷോട്ട് കീപ്പറേയും മറികടന്ന് പോസ്റ്റിലേക്ക് കയറി. ആറ് മിനിറ്റിന് ശേഷം ഒരിക്കൽ കൂടി ഹൈദരാബാദ് എതിർ വല കുലുക്കി. ഫ്രീകിക്കിൽ നിന്നെത്തിയ ബോൾ ക്ലിയർ ചെയ്തത് ബോക്സിനുകളിൽ തന്നെ വീണപ്പോൾ ഓടിയെത്തിയ ഒഡെയ് ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. മൂന്ന് ഗോൾ വഴങ്ങിയിട്ടും വിട്ടു കൊടുക്കാൻ തയ്യാറല്ലാതിരുന്ന നോർത്ത് ഈസ്റ്റ് മുപ്പത്തിയാറാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചു നേടി. ബോക്സിലേക്ക് എത്തിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഹൈദരാബാദ് ഡിഫെൻസിന് പിഴച്ചപ്പോൾ പ്രഗ്യാൻ ഗോഗോയി നൽകിയ അവസരത്തിൽ ആരോൺ ഇവാൻസ് വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ഇരു ടീമുകളും അക്രമണത്മക ഫുട്ബോൾ തന്നെ കാഴ്ച്ച വെച്ചു. എഴുപതിമൂന്നാം മിനിറ്റിൽ വിങ്ങിലൂടെ എത്തിയ യാസിർ പോസ്റ്റിന് മുന്നിലേക്കായി നൽകിയ പാസിൽ ബൂട്ട് വെച്ച് യാവിയർ സിവെറിയോ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. നാല് മിനിറ്റിനു ശേഷം ഹാളിചരണിന്റെ പാസിൽ ക്യാനീ സെ വീണ്ടും വലകുലുക്കി. കോർണറിൽ നിന്നെത്തിയ പന്തിൽ ക്യാനീസെയയുടെ ഹെഡറിൽ കീപ്പർ തടുത്ത പന്ത് ഗൗരവ് ബോറയിൽ തട്ടി സെൽഫ്‌ ഗോൾ ആയി പരിണമിച്ചപ്പോൾ ഗോൾ പട്ടിക പൂർത്തിയായി.

നോർത്ത് ഈസ്റ്റിനെ നിലംപരിശാക്കി എടികെ മോഹൻബഗാൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ജയവുമായി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്. മോഹൻബഗാന് വേണ്ടി ലിസ്റ്റണും സുഭാശിഷ് ബോസും ഗോളടിച്ചപ്പോൾ നോർത്ത് ഈസ്റ്റിന് വേണ്ടി അരോൺ ഇവാൻസ് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ഗോൾ നേടി. ഇന്ത്യൻ സൂപ്പർ ലീഗിൽ 50മത്സരത്തിൽ ജയം നേടാൻ മറൈനേഴ്സിനായി.

കളിയുടെ തുടക്കത്തിൽ തന്നെ അക്രമിച്ച് കളിക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനായി. വൈകാതെ ബഗാൻ ഗോൾ വലകുലുക്കിയെങ്കിലും ദിമിട്രി പെട്രാറ്റോസ് ഓഫ് സൈടായിരുന്നു. പിന്നീട് 35ആം മിനുട്ടിലാണ് ലിസ്റ്റണിന്റെ ഗോൾ പിറക്കുന്നത്. രണ്ടാം പകുതി അവസാനിക്കാനിരിക്കെ ഒരു ഡൈവിംഗ് ഹെഡ്ഡറുമായി ആരോൺ എവാൻസ് ഗോളടിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് വിലയേറിയ ഒരു പോയന്റ് സ്വന്തമാക്കി എന്ന് കരുതിയിരിക്കെയാണ് ശുഭാഷിഷ് ബോസിന്റെ വെടിക്കെട്ട് ഹെഡ്ഡർ പിറക്കുന്നത്. ഈ ജയം എടികെ മോഹൻ ബഗാനെ 10പോയന്റുമായി ഐഎസ്എൽ ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചു.

നോർത്ത് ഈസ്റ്റിനെ തകർത്തെറിഞ്ഞ് ഹൈദരാബാദ് എഫ്സി !

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ജയവുമായി ഹൈദരാബാദ് എഫ്സി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഹൈദരാബാദ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റെഡിനെ തോൽപ്പിച്ചത്. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി ഒഗ്ബചെ, നർസാറി, ഹെരേര എന്നിവരാണ് ഗോളടിച്ചത്. ഇന്നത്തെ ജയത്തോട് കൂടി ഹൈദരാബാദ് എഫ്സി പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തി.

കളിയുടെ തുടക്കത്തിൽ തന്നെ ബർതലമോവ് ഒഗ്ബചെയുടെ ഗോളിൽ ഹൈദരാബാദ് എഫ്സി മുന്നിലെത്തി. രണ്ടാം പകുതിയിൽ ഒഗ്ബചെ ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും മറ്റൊരു സുവർണ്ണാവസരം ബാറിൽ തട്ടി പുറത്ത് പോവുകയും ചെയ്തിരുന്നു. രണ്ടാം പകുതിയിൽ തന്നെയാണ് നർസറിയും ഹെരേരയും ഗോളടിച്ചത്. അരിന്ദം ഭട്ടാചാര്യയുടെ വെടിക്കെട്ട് പെർഫോമൻസാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തോൽവി മൂന്നിൽ ഒതുക്കിയത്.

മാർസെലീനോ രാജസ്ഥാനിൽ നിന്ന് യുടേൺ എടുത്ത് നോർത്ത് ഈസ്റ്റിൽ

അവസാന കുറേ സീസണുകളിലായി ഐ എസ് എല്ലിലെ പ്രധാന മുഖമായ മാർസെലീനോ തിരികെ ഐ എസ് എല്ലിൽ എത്തി. താരത്തെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കിയതായി അറിയിച്ചു. ഐ ലീഗ് ക്ലബായ രാജസ്ഥാൻ യുണൈറ്റഡ് മാർസെലീനീയുമായി കരാർ ധാരണയിൽ ആവുകയും താരം അവർക്ക് ഒപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. അവിടെ നിന്ന് രാജസ്ഥാനായി ഒരു കളി പോലും കളിക്കാതെയാണ് താരം നോർത്ത് ഈസ്റ്റിലേക്ക് എത്തുന്നത്.

രാജസ്താൻ യുണൈറ്റഡ് നേരിടുന്ന പ്രശ്നങ്ങൾ ആണ് മാർസെലീനോ അവിടം വിടാനുള്ള കാരണം എന്നാണ് അറിയുന്നത്. ബ്രസീലിലെ സെക്കൻഡ് ഡിവിഷൻ ക്ലബായ‌ തൊബതെയിൽ കളിക്കുക ആയിരുന്നു മാർസെലീനോ. അവസാനമായി എ ടി കെ മോഹൻ ബഗാന് വേണ്ടിയാണ് മാർസെലീനോ ഐ എസ് എല്ലിൽ കളിച്ചത്. ഒഡീഷ വിട്ട് കഴിഞ്ഞ സീസൺ പകുതിക്ക് ആയിരുന്നു മാർസെലീനോ ബഗാനിൽ എത്തിയത്.

ഐ എസ് എല്ലിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും അവസാന രണ്ട് സീസണുകൾ മാർസെലീനോയ്ക്ക് അത്ര നല്ലതായിരുന്നില്ല. 2016ൽ ഡെൽഹി ഡൈനാമോസിലൂടെ ആയിരുന്നു മാർസെലീനോ ആദ്യമായി ഇന്ത്യയിൽ എത്തിയത്. ആ സീസണിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ താരത്തിനായിരുന്നു‌. അതിനു ശേഷം പൂനെ സിറ്റി, ഹൈദരാബാദ് എന്നിവർക്കായും കളിച്ചു. ഐ എസ് എല്ലിൽ 33 ഗോളുകളും 18 അസിസ്റ്റും മാർസെലോയുടെ പേരിൽ ഉണ്ട്.

ടി പി രഹ്നേഷിനെ നിലനിർത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

മലയാളികളുടെ അഭിമാന താരമായ ടി പി രഹ്നേഷിന്റെ കരാർ പുതുക്കാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തീരുമാനിച്ചു. ഐ എസ് എൽ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ കൂടെയുണ്ട് രഹ്നേഷ്. നോർത്ത് ഈസ്റ്റിനായി 44 മത്സരങ്ങളിൽ രഹ്നേഷ് ഗ്ലോവ് അണിഞ്ഞിട്ടുള്ള രഹ്നേഷ് ഒരു വർഷത്തേക്കാണ് രഹ്നേഷിന്റെ കരാർ പുതുക്കിയിരിക്കുന്നത്‌.

ലോണടിസ്ഥാനത്തിൽ മുമ്പ് ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ ടീമിലും രഹ്നേഷ് കളിച്ചിട്ടുണ്ട്‌. സായിയിലും ഗോൾഡൻ ത്രെഡ്സിലും വിവാ കേരളയിലും കളിച്ചാണ് രഹ്നേഷ് കരിയർ തുടങ്ങിയത്. ഷിലോംഗ് ലജോങ്ങിനു വേണ്ടിയും രഹ്നേഷ് വല കാത്തിട്ടുണ്ട്.

രഹ്നേഷിനെ കൂടാതെ മൂന്ന് താരങ്ങളുടെ കരാർ കൂടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതുക്കി. റീഗൻ സിംഗ്, ലാൽറമ്പുയിയ ഫനായ്, റൌളിംഗ് ബോർജസ് എന്നിവരാണ് നോർത്ത് ഈസ്റ്റിൽ തുടരാൻ തീരുമാനിച്ചവർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോവയെ വീഴ്ത്തി നോര്‍ത്തീസ്റ്റ്

ഐഎസ്എല്‍ 40ാം മത്സരത്തില്‍ ഗോവയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്ന് ഗുവഹാട്ടിയിലെ ഇന്ദിര ഗാന്ധി അത്‍ലറ്റിക് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ അയ്യായിരത്തോളം വരുന്ന കാണികളുടെ മുന്നില്‍ വെച്ചാണ് ഗോവയെ 2-1 എന്ന മാര്‍ജിനില്‍ ഹൈലാന്‍ഡേഴ്സ് വീഴ്ത്തിയത്. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയപ്പോള്‍ രണ്ടാം ഗോളില്‍ നോര്‍ത്തീസ് വിജയ ഗോള്‍ കണ്ടെത്തി.

പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് വിട പറഞ്ഞത്. ആദ്യ പകുതിയുടെ 21ാം മിനുട്ടില്‍ മാര്‍സീനോ ആണ് ഹൈലാന്‍ഡേഴ്സിനെ മുന്നിലെത്തിച്ചത്. ഏഴ് മിനുട്ടുകള്‍ക്ക് ശേഷം എഫ് സി ഗോവ ഗോള്‍ മടക്കി. മാന്വല്‍ അരാനയാണ് സമനില ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഒന്ന് രണ്ട് അവസരങ്ങള്‍ കൂടി സൃഷ്ടിക്കാന്‍ ടീമിനായെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

രണ്ടാം പകുതി തുടങ്ങി ഏഴ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ നോര്‍ത്തീസ്റ്റ് തങ്ങളുടെ രണ്ടാം ഗോളും മത്സരത്തിലെ ലീഡും നേടി. സീമിന്‍ലെന്‍ ഡൗംഗല്‍ ആയിരുന്നു ഗോള്‍ നേടിയത്. പത്താം നമ്പര്‍ താരവും ആദ്യ ഗോളിനു ഉടമയുമായ മാര്‍സിനോ ആയിരുന്നു അസിസ്സ്റ്റിനു ഉടമ.

ഗോള്‍ലൈന്‍ സേവുകളും രഹ്നേഷിന്റെ തകര്‍പ്പന്‍ സേവുകളുമെല്ലാം തന്നെ ഗോവന്‍ ആക്രമണത്തിനെതിരെ പിടിച്ച് നില്‍ക്കുവാന്‍ നോര്‍ത്തീസ്റ്റിനെ പ്രാപ്തരാക്കുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ മാര്‍സീനോയ്ക്ക് പകരം മലയാളിത്താരം അബ്ദുള്‍ ഹക്കുവിനെ ഇറക്കി നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ പ്രതിരോധം കൂടുതല്‍ ശക്തിയാക്കി.

അഞ്ച് മിനുട്ട് അധിക സമയം നല്‍കിയെങ്കിലും ഗോള്‍ മടക്കുവാനുള്ള ഗോവന്‍ ശ്രമങ്ങള്‍ വിജയം കാണാതെ പോയപ്പോള്‍ നോര്‍ത്തീസ്റ്റിനു നാട്ടിലെ ആരാധകരുടെ മുന്നില്‍ ജയം സ്വന്തമാക്കാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version