ക്വാറന്റീന്‍ ഏഴ് ദിവസമെങ്കില്‍ പരമ്പരയുമായി മുന്നോട്ട് പോകാം – ബംഗ്ലാദേശ്

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ബംഗ്ലാദേശ്. ശ്രീലങ്കന്‍ നിയമപ്രകാരം 14 ദിവസത്തെ പൂര്‍ണ്ണ ഐസൊലേഷന്‍ സാധ്യമല്ലെന്നും അത് ഏഴ് ദിവസമാണെങ്കില്‍ മാത്രം പരമ്പരയുമായി മുന്നോട്ട് പോകാമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് നിസാമ്മുദ്ദീന്‍ ചൗധരി.

നേരത്തെ ശ്രീലങ്കയില്‍ നിന്ന് ലഭിച്ച വിവരം പ്രകാരം രാജ്യത്തെത്തുന്ന ആരായാലും 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നാണ്. കായിക താരങ്ങള്‍ക്ക് ബയോ ബബിളില്‍ പരിശീലനം പോലും ഈ സമയത്ത് പറ്റില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചതോടെ. ഇതോടെ ബംഗ്ലാദേശ് ബോര്‍ഡ് തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു.

ക്വാറന്റീന്‍ കാലം കുറയ്ക്കുവാനുള്ള ശ്രമങ്ങള്‍ ലങ്കന്‍ ബോര്‍ഡ് നടത്തി വരികയാണെന്ന് തങ്ങളോട് അറിയിച്ചിട്ടുണ്ടെന്ന് നിസാമ്മുദ്ദിന് ചൗധരി അറിയിച്ചു.

പാക്കിസ്ഥാനില്‍ ടി20 പരമ്പര കളിക്കുവാന്‍ ബംഗ്ലാദേശ് തയ്യാര്‍

ബംഗ്ലാദേശ് ടീം പാക്കിസ്ഥാനില്‍ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പര കളിക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി. ഇത് ടീമംഗങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും അവിടുത്തെ സ്ഥിതി ഗതികള്‍ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്നും ബംഗ്ലാദേശ് ചീഫ് വെളിപ്പെടുത്തി.

നേരത്തെ നിഷ്പക്ഷ വേദിയില്‍ ടെസ്റ്റ് പരമ്പര കളിക്കാമെന്ന ബംഗ്ലാദേശിന്റെ നിര്‍ദ്ദേശത്തെ പാക്കിസ്ഥാന്‍ ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി തള്ളിക്കളഞ്ഞിരുന്നു. പാക്കിസ്ഥാന്‍ കോച്ച് മിസ്ബ ഉള്‍ ഹക്കും ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശ് ടീമിലെ വിദേശ കോച്ചുമാരാണ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് എതിരെന്നാണ് അറിയുന്നത്. അവരെ സമ്മതിപ്പിച്ചാല്‍ തന്നെ അത് ഒരു വേദിയില്‍ തന്നെ എല്ലാ ടി20 മത്സരങ്ങളും നടത്തിയാല്‍ മാത്രമേ സാധ്യമാകുയുള്ളുവെന്നുമാണ് അറിയുന്നത്.

പാക്കിസ്ഥാന്‍ പര്യടനം പെട്ടെന്ന് തീരുമാനിക്കാവുന്ന ഒന്നല്ല

പാക്കിസ്ഥാനിലേക്കുള്ള ബംഗ്ലാദേശ് ടീമിന്റെ പര്യടനം പെട്ടെന്ന് തീരുമാനിക്കാവുന്ന കാര്യമല്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരി. ഐസിസിയോടും മറ്റ് അധികാരികളോടും ചര്‍ച്ച ചെയ്ത ശേഷം മാത്രമേ പാക്കിസ്ഥാനിലോട്ടുള്ള ടൂറിന്റെ മേലുള്ള തീരുമാനം എടുക്കാനാകൂ എന്നും ചൗധരി വ്യക്തമാക്കി. പാക്കിസ്ഥാനിലേക്ക് ബംഗ്ലാദേശിന്റെ അണ്ടര്‍ 16 പുരുഷ ടീമും വനിത ടീമും പര്യടനം അടുത്ത് നടത്തിയെങ്കിലും പുരുഷ ടീമിനെ വിടുവാന്‍ ബോര്‍ഡ് അത്ര സന്നദ്ധത കാണിക്കുന്നില്ല.

കോച്ചിംഗ് സ്റ്റാഫും ചില ക്രിക്കറ്റ് താരങ്ങളും പര്യടനത്തില്‍ നിന്ന് പിന്മാറിയതാണ് പരമ്പരയെ ഇപ്പോള്‍ പ്രതിസന്ധിയില്ലാക്കിയിരിക്കുന്നത്. ബംഗ്ലാദേശ് ടീമിലെ വിദേശ കോച്ചുമാരെല്ലാം തന്നെ തങ്ങള്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യുവാനില്ലെന്ന് അറിയിച്ചിരുന്നു. ഇതില്‍ മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ, ബൗളിംഗ് കോച്ച് ചാള്‍ ലാംഗ്വെള്‍ടഡ്, ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് നീല്‍ മക്കിന്‍സി എന്നിവരും ഉള്‍പ്പെടുന്നു.

പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കളിക്കേണ്ടിയിരുന്നത്.

Exit mobile version