ഗയാന ആമസോണ്‍ വാരിയേഴ്സിന് പുതിയ ക്യാപ്റ്റന്‍, ടീമിനെ നയിക്കുക പഞ്ചാബ് കിംഗ്സ് താരം

പഞ്ചാബ് കിംഗ്സ് താരവും വെസ്റ്റിന്‍ഡീസ് നിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ നിക്കോളസ് പൂരന്‍ കരീബിയന്‍ ലീഗ് ഫ്രാഞ്ചൈസിയായ ആമസോണ്‍ ഗയാന വാരിയേഴ്സിനെ നയിക്കും. ക്രിസ് ഗ്രീനില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം നിക്കോളസ് പൂരനിലേക്ക് എത്തുന്നത്. മോശം ഐപിഎല്‍ സീസണിന് ശേഷം തന്റെ മികവ് പുറത്തെടുക്കുവാനുള്ള അവസരമാണ് നിക്കോളസ് പൂരന് വന്നെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സ്ക്വാഡില്‍ നിന്ന് പൂരനൊപ്പം 11 താരങ്ങളെ ടീം നില നിര്‍ത്തിയിട്ടുണ്ട്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ബ്രണ്ടന്‍ കിംഗ്, ഇമ്രാന്‍ താഹിര്‍, നവീന്‍ ഉള്‍ ഹക്ക് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാനെ ടീമില്‍ നിന്ന് ഒഴിവാക്കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചു.

16 വിക്കറ്റ് നേടിയ മുജീബ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം.

ഈ ചിത്രം തന്റെ തിരിച്ചുവരവിനുള്ള പ്രഛോദനമായി ഉപയോഗിക്കും – നിക്കോളസ് പൂരന്‍

ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തിവയ്ക്കേണ്ട സാഹചര്യം വന്നതില്‍ ഏറെ സങ്കടമുണ്ടെന്നും അതിന് പിന്നിലുള്ള കാരണങ്ങളും ഹൃദയഭേകമാണെന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരവും പഞ്ചാബ് കിംഗ്സ് മധ്യ നിര താരവുമായ നിക്കോളസ് പൂരന്‍. ഈ സീസണിലെ പരാജയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു താരമാണ് നിക്കോളസ് പൂരന്‍.

നാല് ഡക്ക് ആണ് സീസണില്‍ താരം കളിച്ച ആറ് മത്സരങ്ങളില്‍ നേടിയത്. ഉയര്‍ന്ന സ്കോര്‍ കൊല്‍ക്കത്തയ്ക്കെതിരെയുള്ള 19 റണ്‍സ്. രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ ഡല്‍ഹിയ്ക്കെതിരെ നേടിയ 9 റണ്‍സാണ്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരെ താരത്തിന് അവസരവും ലഭിച്ചില്ല.

Nicholaspooran

കൊല്‍ക്കത്തയ്ക്കെതിരെ പുറത്തായ തന്റെ സ്റ്റംപ്സ് തെറിക്കുന്ന ചിത്രവും അതിന്റെ താഴെ സ്കോര്‍ സ്റ്റാറ്റിക്സും അടങ്ങിയ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍റോയുടെ ഒരു ചിത്രം പങ്കുവെച്ച് തന്റെ ട്വിറ്ററില്‍ നിക്കോളസ് പൂരന്‍ കുറിച്ചത് തന്റെ തിരിച്ചുവരവിനുള്ള പ്രഛോദനമായി താന്‍ ഈ ചിത്രത്തെ ഉപയോഗിക്കും എന്നാണ്.

പത്ത് മുന്‍ നിര വിന്‍ഡീസ് താരങ്ങള്‍ ബംഗ്ലാദേശ് പരമ്പരയില്‍ നിന്ന് പിന്മാറി

ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ ഉള്‍പ്പെടെ 10 മുന്‍ നിര താരങ്ങള്‍ വിന്‍ഡീസിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്ന് പിന്മാറി. നിക്കോളസ് പൂരന്‍, കൈറണ്‍ പൊള്ളാര്‍ഡ്, എവിന്‍ ലൂയിസ്, ഷായി ഹോപ്, ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ഡാരെന്‍ ബ്രാവോ, ഷമാര്‍ ബ്രൂക്ക്സ്, റോസ്ടണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രെല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

ക്രെയിഗ് ബ്രാത്‍വൈറ്റിനെ ടെസ്റ്റ് ടീമിന്റെയും ജേസണ്‍ മുഹമ്മദിനെ ഏകദിന ടീമിന്റെയും ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് വിന്‍ഡീസിന്റെ കോവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം താരങ്ങള്‍ക്ക് വിദേശ ടൂറുകളില്‍ നിന്ന് പിന്മാറുവാനുള്ള അവസരം ലഭിയ്ക്കും.

ജനുവരി 10ന് ടീം ബംഗ്ലാദേശില്‍ എത്തുമെന്നാണ് അറിയന്നത്. ജനുവരി 20, 22, 25 തീയ്യതികളില്‍ ഏകദിനങ്ങളും ഫെബ്രുവരി 3, 11 തീയ്യതികളില്‍ ടെസ്റ്റ് മത്സരങ്ങളും നടക്കും.

 

ടെസ്റ്റ് സ്ക്വാഡ്: Kraigg Brathwaite (captain), Jermaine Blackwood (vice-captain), Nkrumah Bonner, John Campbell, Rahkeem Cornwall, Joshua Da Silva, Shannon Gabriel, Kavem Hodge, Alzarri Joseph, Kyle Mayers, Shayne Moseley, Veerasammy Permaul, Kemar Roach, Raymon Reifer, Jomel Warrican

ഏകദിന സ്ക്വാഡ്: Jason Mohammed (captain), Sunil Ambris (vice-captain), Nkrumah Bonner, Joshua Da Silva, Jahmar Hamilton, Chemar Holder, Akeal Hosein, Alzarri Joseph, Kyle Mayers, Andre McCarthy, Kjorn Ottley, Rovman Powell, Raymon Reifer, Romario Shepherd, Hayden Walsh jr

നിക്കോളസ് പൂരനും ബിഗ്ബാഷിലേക്ക്, സ്റ്റാര്‍സുമായി കരാര്‍

ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത നിക്കോളസ് പൂരനെ സ്വന്തമാക്കി ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സ്. കഴിഞ്ഞാഴ്ച ക്ലബ് ജോണി ബൈര്‍സ്റ്റോയെ സ്വന്തമാക്കിയിരുന്നു. അടുത്താഴ്ച മൂന്നാമത്തെ താരമായി ഹാരിസ് റൗഫിനെ ടീം സ്വന്തമാക്കുമെന്നാണ് അറിയുന്നത്.

നിലവില്‍ ന്യൂസിലാണ്ട് പര്യടനത്തിനായി വിന്‍ഡീസ് ദേശീയ ടീമിനൊപ്പം ആയ പൂരന്‍ ബിഗ് ബാഷിലെ ആദ്യ ചില മത്സരങ്ങളില്‍ കളിക്കില്ലെന്നാണ് അറിയുന്നത്. തന്റെ അന്താരാഷ്ട്ര ഡ്യൂട്ടി അവസാനിപ്പിച്ച ശേഷമാവും താരം ഓസ്ട്രേലിയയിലേക്ക് എത്തുക.

ന്യൂസിലാണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ട്രാന്‍സ്-ടാസ്മാന്‍ ട്രാവല്‍ ബബിള്‍ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ന്യൂസിലാണ്ടില്‍ നിന്ന് മടങ്ങുന്ന താരം ക്വാറന്റൈനില്‍ കഴിയേണ്ടി വരില്ല.

ഓള്‍ ഹെയില്‍ ക്രിസ് ഗെയില്‍, ഗെയിലടിയില്‍ തളര്‍ന്ന് രാജസ്ഥാന്‍ ബൗളര്‍മാര്‍

രാജസ്ഥാന്‍ റോയല്‍സ് നല്‍കിയ അവസരം മുതലാക്കി തന്റെ വെടിക്കെട്ട് ബാറ്റിംഗ് ക്രിസ് ഗെയില്‍ പുറത്തെടുത്തപ്പോള്‍ ഏറെ നിര്‍ണ്ണായ മത്സരത്തില്‍ 185 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ക്രിസ് ഗെയില്‍ 63 പന്തില്‍ നിന്ന് നേടിയ 99 റണ്‍സിന്റെ ബലത്തിലാണ് പഞ്ചാബിന്റെ ഈ സ്കോര്‍. ശതകത്തിന് തൊട്ടരികില്‍ ജോഫ്ര ഗെയിലിനെ പുറത്താക്കുകയായിരുന്നു.

ആദ്യ ഓവറില്‍ തന്നെ മന്‍ദീപ് സിംഗിനെ നഷ്ടപ്പെട്ട പഞ്ചാബിനെ പിന്നെ ഗെയിലും ലോകേഷ് രാഹുലും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. ഗെയിലിന്റെ വ്യക്തിഗത സ്കോര്‍ 12ല്‍ നില്‍ക്കെ താരത്തിന്റെ ക്യാച്ച് രാജസ്ഥാന്‍ റോയല്‍സ് കൈവിട്ടത് ടീമിന് തിരിച്ചടിയായി.

കെഎല്‍ രാഹുല്‍ മെല്ലെ തന്റെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചപ്പോള്‍ മറുവശത്ത് ഗെയിലാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തിരഞ്ഞ് പിടിച്ചടിച്ചത്. 33 പന്തില്‍ നിന്നാണ് ഗെയില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്. 46 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ പുറത്തായതോടെ രണ്ടാം വിക്കറ്റിലെ 120 റണ്‍സ് കൂട്ടുകെട്ടിന് തിരശ്ശീല വീഴുകയായിരുന്ന. സ്റ്റോക്സിനായിരുന്നു വിക്കറ്റ്.

121/2 എന്ന നിലയില്‍ നിന്ന് ഗെയിലും നിക്കോളസ് പൂരനുമാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ മുന്നോട്ട് നയിച്ചത്. ക്രിസ് ഗെയില്‍ 8 സിക്സും 6 ഫോറുമാണ് നേടിയത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും രണ്ട് വിക്കറ്റ് നേടി.

 

എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് ഒരു നിശ്ചയവുമില്ല – കെഎല്‍ രാഹുല്‍

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ചേസിംഗിന് എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് യാതൊരു തരത്തിലുമുള്ള ഐഡിയ ഇല്ലെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ഇന്നലെ അവസാന ഓവറില്‍ 2 റണ്‍സ് നേടേണ്ട ടീം അവസാന പന്തില്‍ മാത്രമാണ് വിജയം നേടിയത്. ഇതിന് മുമ്പും മൂന്നോളം മത്സരങ്ങളില്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ നിന്ന് കിംഗ്സ് ഇലവന്‍ പഞ്ചാബ് തോല്‍വിയിലേക്ക് വീഴുകയും ചെയ്തിരുന്നു.

ഇന്നലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു ലോകേഷ് രാഹുല്‍. തന്റെ ഹൃദയമിടിപ്പ് ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നുവെന്നും തനിക്ക് ഇതിനെക്കുറിച്ച് പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നുമാണ് ലോകേഷ് രാഹുല്‍ അഭിപ്രായപ്പെട്ടത്.

സമ്മര്‍ദ്ദത്തിലായെങ്കിലും അവസാനം കടമ്പ കടക്കാനായതില്‍ തനിക്ക് ഏറെ സന്തേഷമുണ്ടെന്നും ഈ വിജയം ടീമിന്റെ ആത്മവിശ്വാസത്തിന് കരുത്ത് പകരുമെന്നും ലോകേഷ് രാഹുല്‍ വ്യക്തമാക്കി.

വീണ്ടും പടിക്കല്‍ കലമുടയ്ക്കുമെന്ന് തോന്നിപ്പിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്, അവസാന പന്തില്‍ വിജയം

അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ട സാഹചര്യത്തില്‍ നിന്ന് അവസാന പന്തില്‍ ഒരു റണ്‍സെന്ന നിലയിലേക്ക് സ്വയം സമ്മര്‍ദ്ദം സൃഷ്ടിച്ച ശേഷം നിക്കോളസ് പൂരന്‍ നേടിയ സിക്സിന്റെ ബലത്തില്‍ വിജയിച്ച് കിംഗ്സ് ഇലവന്‍ പഞ്ചാബ്. അനായാസം നേടുമെന്ന കരുതിയ വിജയം ആണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാന പന്ത് വരെ കൊണ്ടെത്തിച്ചത്.

പഞ്ചാബ് ഓപ്പണര്‍മാര്‍ തങ്ങളുടെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയതിനോടൊപ്പം ടീമിലേക്ക് തിരികെ എത്തിയ ക്രിസ് ഗെയിലും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തപ്പോള്‍ 8 വിക്കറ്റിന്റെ വിജയം നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ലോകേഷ് രാഹുലും ക്രിസ് ഗെയിലും അര്‍ദ്ധ ശതകം നേടിയപ്പോള്‍ മയാംഗ് ടോപ് ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുകയായിരുന്നു.

എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ യൂസുവേന്ദ്ര ചഹാല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് വീണ്ടും പടിക്കല്‍ കലം കൊണ്ടുടയ്ക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിക്കോളസ് പൂരന്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച് സിക്സര്‍ നേടി അവസാന പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

ആറോവറില്‍ 56 റണ്‍സാണ് വിക്കറ്റ് നഷ്ടമില്ലാതെ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 8ാം ഓവറില്‍ ചഹാലിനെ സിക്സര്‍ പറത്തിയ മയാംഗ് എന്നാല്‍ അവസാന പന്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. 78 റണ്‍സാണ് രാഹുല്‍ – മയാംഗ് കൂട്ടുകെട്ട് ഇന്ന് നേടിയത്. 25 പന്തില്‍ നിന്ന് 45 റണ്‍സാണ് മയാംഗ് ഇന്ന് നേടിയത്.

മയാംഗ് പുറത്തായ ശേഷം ക്രീസിലെത്തിയ ക്രിസ് ഗെയില്‍ മെല്ലെയാണ് തുടങ്ങിയതെങ്കിലും വാഷിംഗ്ടണ്‍ സുന്ദറിനെ ഒരോവറില്‍ രണ്ട് സിക്സുകള്‍ക്ക് പറത്തി തന്റെ പഴയ പ്രതാപം കൈവമോശം വന്നില്ലെന്ന ചെറിയ സൂചന നല്‍കി. പത്തോവര്‍ പിന്നിടുമ്പോള്‍ 84 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നേടിയത്.

37 പന്തില്‍ നിന്ന് രാഹുല്‍ തന്റെ അര്‍ദ്ധ ശതകം തികച്ച് ഈ സീസണിലെ തന്റെ മികച്ച ഫോം തുടര്‍ന്നു. അവസാന ആറോവറില്‍ 49 റണ്‍സായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 9 വിക്കറ്റും.

സൈനി എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വന്നപ്പോള്‍ സിറാജ് എറിഞ്ഞ 16ാം ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സാണ് രാഹുലും ഗെയിലും ചേര്‍ന്ന് നേടിയത്. ഇതിനിടെ ഇരുവരും ചേര്‍ന്ന് തങ്ങളുടെ അര്‍ദ്ധ ശതക കൂട്ടുകെട്ടും ഓവറില്‍ പൂര്‍ത്തിയാക്കിയിരുന്നു.

വീണ്ടും ബൗളിംഗിലേക്ക് എത്തിയ വാഷിംഗ്ടണ്‍ സുന്ദറിനെ തുടരെ സിക്സുകള്‍ക്ക് പറത്തി ലക്ഷ്യം 18 പന്തില്‍ 11 റണ്‍സാക്കുക ചെയ്ത. ഓവറില്‍ നിന്ന് 15 റണ്‍സാണ് പിറന്നത്. 36 പന്തില്‍ നിന്നാണ് ഗെയില്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്.

93 റണ്‍സാണ് രാഹുലും ഗെയിലും ചേര്‍ന്ന് ഇന്ന് നേടിയത്. അവസാന ഓവറില്‍ രണ്ട് റണ്‍സ് നേടേണ്ടിയിരുന്ന ടീമിന് ചഹാലിനെതിരെ സ്കോറിംഗ് പ്രയാസമായി മാറുകയായിരുന്നു. ആദ്യ മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് നേടി ഗെയില്‍ വിജയ റണ്‍സ് നേടുവാന്‍ രാഹുലിനെ ഏല്പിക്കുകയായിരുന്നു. എന്നാല്‍ സിംഗിള്‍ ഓടുവാന്‍ ശ്രമിക്കുന്നതിനിടെ ക്രിസ് ഗെയില്‍ റണ്ണൗട്ടാകുകയായിരുന്നു. വീണ്ടുമൊരു മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിക്കോളസ് പൂരന്‍ സിക്സര്‍ പറത്തി മത്സരം കിംഗ്സ് ഇലവന് അനുകൂലമാക്കി.

45 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഗെയില്‍ 5 സിക്സാണ് നേടിയത്. ലോകേഷ് രാഹുല്‍ 49 പന്തില്‍ നിന്ന് പുറത്താകാതെ 61 റണ്‍സ് നേടി. 5 സിക്സാണ് താരം നേടിയത്.

നിക്കോളസ് പൂരന്‍ തന്നില്‍ ഭീതി പടര്‍ത്തി – ഡേവിഡ് വാര്‍ണര്‍

നിക്കോളസ് പൂരന്റെ പവര്‍ ഹിറ്റിംഗ് തന്നെ ടെന്‍ഷനിലാക്കിയെന്ന് സമ്മതിച്ച് ഡേവിഡ് വാര്‍ണര്‍. നിക്കോളസ് പൂരനെക്കുറിച്ച് തനിക്ക് എന്നും വലിയ മതിപ്പാണെന്നും ആ യുവതാരത്തിനൊപ്പം ബംഗ്ലാദേശില്‍ കളിക്കുവാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരത്തെ പുറത്താക്കുവാന്‍ താനെന്ത് ചെയ്യുമെന്ന് ഏറെ വേവലാതിപ്പെട്ടുവെന്നും സണ്‍റൈസേഴ്സ് നായകന്‍ വ്യക്തമാക്കി.

റഷീദ് ഖാനെ പോലൊരു ലോകോത്തര ബൗളര്‍ ടീമിലുള്ളത് തനിക്ക് പലപ്പോഴും തുണയായിട്ടുണ്ടെന്നും. ഇത്തരം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ താരം എന്നും ടീമിന് വിക്കറ്റുകള്‍ നേടി തന്നിട്ടുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇത്തരം വെല്ലുവിളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റഷീദ് ഖാനെന്നും വാര്‍ണര്‍ വ്യക്തമാക്കി.

പൂരനെ വീഴ്ത്തി റഷീദ് ഖാന്‍, സണ്‍റൈസേഴ്സിന് ആധികാരിക വിജയം

നിക്കോളസ് പൂരന്റെ വെടിക്കെട്ടിന് പിന്തുണ നല്‍കുവാന്‍ മറ്റു പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 69 റണ്‍സ് വിജയം കരസ്ഥമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. 19 പന്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ നിക്കോളസ് പൂരന്‍ തന്റെ ചുറ്റും വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോളും ഒരു വശത്ത് സ്കോറിംഗുമായി മുന്നോട്ട് പോയി. റഷീദ് ഖാന്‍ താരത്തെ പുറത്താക്കിയപ്പോള്‍ 37 പന്തില്‍ നിന്ന് 77 റണ്‍സ് നേടിയാണ് പൂരന്‍ മടങ്ങിയത്. 5 ഫോറും 7 സിക്സും അടങ്ങിയതായിരുന്നു പൂരന്റെ ഇന്നിംഗ്സ്.

പൂരന്റെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ നിന്ന് 96 റണ്‍സിലേക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ എത്തിയ്ക്കുകയായിരുന്നു. അപകടകാരിയായ മാക്സ്വെല്ലിനെ പ്രിയം ഗാര്‍ഗ് റണ്ണൗട്ടാക്കിയതോടെ പഞ്ചാബിന് നാലാം വിക്കറ്റും നഷ്ടമായി. റഷീദ് ഖാനെ രംഗത്തിറക്കി ഡേവിഡ് വാര്‍ണര്‍ മന്‍ദീപ് സിംഗിനെയും മടക്കിയതോടെ 115/5 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.

പൂരനെയും ഷമിയെയും പുറത്താക്കി ഡബിള്‍ വിക്കറ്റ് മെയ്ഡന്‍ നേടിയ റഷീദ് ഖാന്‍ പഞ്ചാബിന്റ തോല്‍വി വേഗത്തിലാക്കുകയായിരുന്നു. അവസാന രണ്ട് വിക്കറ്റുകളും നേടിയത് ടി നടരാജനായിരുന്നു. 16.5 ഓവറില്‍ 132 റണ്‍സിനാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓള്‍ഔട്ട് ആയത്. നാലോവറില്‍ വെറും 12 റണ്‍സ് വിട്ട് നല്‍കിയാണ് റഷീദ് ഖാന്‍ തന്റെ മൂന്ന് വിക്കറ്റ് നേടിയത്. ഖലീല്‍ അഹമ്മദിന് രണ്ട് വിക്കറ്റ് ലഭിച്ചു.

 

പൂരവെടിക്കെട്ടുമായി നിക്കോളസ് പൂരന്‍, സഞ്ജു സാംസണിന്റെ പേരിലുള്ള റെക്കോര്‍ഡ് മറികടന്നു

6 സിക്സുകള്‍ അടക്കം ഈ ഐപിഎലിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം സ്വന്തമാക്കി നിക്കോളസ് പൂരന്‍. അബ്ദുള്‍ സമാദ് എറിഞ്ഞ ഇന്നിംഗ്സിലെ ഒമ്പതാം ഓവറില്‍ 28 റണ്‍സ് നേടുന്നതിനിടെ നിക്കോളസ് പൂരന്‍ 17 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഈ ഐപിഎലില്‍ 19 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ സഞ്ജു സാംസണിന്റെ റെക്കോര്‍ഡാണ് പൂരന്‍ മറികടന്നത്.

202 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബിന് 9 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സാണ് നേടാനായിട്ടുള്ളത്. കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടി നേടിയ അര്‍ദ്ധ ശതകങ്ങളില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ദ്ധ ശതകമാണ് ഇത്. 14 പന്തില്‍ 2018ല്‍ കെഎല്‍ രാഹുല്‍ നേടിയ അര്‍ദ്ധ ശതകമാണ് ഏറ്റവും വേഗതയേറിയ പ്രകടനം.

വീണ്ടും തിളങ്ങി കെഎല്‍ രാഹുല്‍, പൂരനെയും രാഹുലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ശര്‍ദ്ധുല്‍ താക്കൂര്‍

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബിന് 178 റണ്‍സ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മയാംഗ് അഗര്‍വാളും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ക്രീസിലെത്തിയ മന്‍ദീപ് സിംഗും നിക്കോളസ് പൂരനുമെല്ലാം വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ കിംഗ്സ് ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുകയായിരുന്നു.

അവസാന ഓവറുകളില്‍ ചെന്നൈ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. രാഹുലിനെയും പൂരനെയും പുറത്താക്കിയ ശര്‍ദ്ധുല്‍ താക്കൂറും റണ്‍സ് വിട്ട് നല്‍കാതെ ബ്രാവോയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

8.1 ഓവറില്‍ 61 റണ്‍സാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാര്‍ നേടിയത്. 19 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് പിയുഷ് ചൗളയാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ മന്‍ദീപ് സിംഗും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 33 റണ്‍സ് നേടി. 16 പന്തില്‍ 27 റണ്‍സ് നേടിയ മന്‍ദീപിനെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി തന്റെ അര്‍ദ്ധ ശതകം നേടിയ കെഎല്‍ രാഹുല്‍ അടുത്ത രണ്ട് പന്തുകളില്‍ നിന്ന് ബൗണ്ടറിയും നേടി. 17 പന്തില്‍ 33 റണ്‍സ് നേടിയ നിക്കോളസ് പൂരനെ മികച്ച ക്യാച്ചിലൂടെ ജഡേജ കൈപ്പിടിയിലൊതുക്കിയപ്പോള്‍ താക്കൂറിന് തന്റെ ആദ്യ വിക്കറ്റ് ലഭിച്ചു.

അടുത്ത പന്തില്‍ രാഹുലിനെയും പുറത്താക്കി താക്കൂര്‍ തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ 152/2 എന്ന നിലയില്‍ നിന്ന് 152/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു. 52 പന്തില്‍ നിന്ന് 63 റണ്‍സാണ് രാഹുലിന്റെ സ്കോര്‍. അടുത്ത പന്തില്‍ സര്‍ഫ്രാസിനെ എഡ്ജ് ചെയ്യിപ്പിക്കുവാന്‍ സര്‍ഫ്രാസിന് സാധിച്ചുവെങ്കിലും സ്ലിപ്പിലേക്ക് പന്ത് എത്താതിനാല്‍ താരത്തിന് ഹാട്രിക് നേടുവാന്‍ സാധിച്ചില്ല.

അവസാന ഓവറുകളില്‍ സെറ്റായ ബാറ്റ്സ്മാന്മാരെ പുറത്താക്കുവാന്‍ ചെന്നൈ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ മത്സരത്തില്‍ 200നടുത്തുള്ള സ്കോറിലേക്ക് എത്തുവാന്‍ പഞ്ചാബിന് സാധിച്ചില്ലെങ്കിലും മാക്സ്വെല്ലും സര്‍ഫ്രാസും ചേര്‍ന്ന് ടീം സ്കോര്‍ 178 ലേക്ക് എത്തിയ്ക്കുകയായിരുന്നു.

വിക്കറ്റ് വലിച്ചെറിഞ്ഞ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ബാറ്റ്സ്മാന്മാര്‍, പൊരുതി നോക്കിയത് പൂരന്‍ മാത്രം

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ആധികാരിക വിജയവുമായി മുംബൈ ഇന്ത്യന്‍സ്. 192 റണ്‍സ് വിജയം ലക്ഷ്യം മുന്നോട്ട് വെച്ച മുംബൈയ്ക്കെതിരെ കിംഗ്സ് ഇലവന് 20 ഓവറില്‍ നിന്ന് 143 റണ്‍സ് മാത്രമേ നേടാനായുള്ളു. 8 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ഈ സ്കോര്‍ നേടിയത്. മുംബൈ 48 റണ്‍സ് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

മയാംഗ് അഗര്‍വാള്‍ തന്റെ മികവ് ഈ മത്സരത്തിലും തുടര്‍ന്നപ്പോള്‍ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാല്‍ ജസ്പ്രീത് ബുംറ 25 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെ പുറത്താക്കിയതോടെ പഞ്ചാബ് പ്രതിസന്ധിയിലായി. 38/0 എന്ന നിലയില്‍ നിന്ന് 39/2 എന്ന നിലയിലേക്കായി അധികം വൈകാതെ പഞ്ചാബ്. കരുണ്‍ നായരുടെ വിക്കറ്റാണ് ക്രുണാള്‍ പാണ്ഡ്യ വീഴ്ത്തിയത്.

അധികം വൈകാതെ ക്യാപ്റ്റന്‍ ലോകേഷ് രാഹുലിനെ(17) മടക്കി രാഹുല്‍ ചഹാറും വിക്കറ്റ് വേട്ടയില്‍ സ്ഥാനം പിടിച്ചു. രാഹുല്‍ പുറത്താകുമ്പോള്‍ 60/3 എന്ന നിലയിലായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ്. 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി നിക്കോളസ് പൂരന്‍ – ഗ്ലെന്‍ മാക്സ്വെല്‍ കൂട്ടുകെട്ട് പഞ്ചാബിന് നേരിയ പ്രതീക്ഷ നല്‍കിയെങ്കിലും ബൗളിംഗിലേക്ക് മടങ്ങിയെത്തിയ ജെയിംസ് പാറ്റിന്‍സണ്‍ നിക്കോളസ് പൂരനെ പുറത്താക്കി ശക്തമായ മേല്‍ക്കൈ മത്സരത്തില്‍ മുംബൈയ്ക്ക് നേടിക്കൊടുത്തു. 27 പന്തില്‍ നിന്ന് 44 റണ്‍സാണ് പൂരന്‍ നേടിയത്.

അധികം വൈകാതെ ഗ്ലെന്‍ മാക്സ്വെല്ലിനെയും(11) രാഹുല്‍ ചഹാര്‍ പുറത്താക്കി മുംബൈ വിജയത്തിലേക്ക് അടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജെയിംസ് നീഷത്തിനെ ബുംറ പുറത്താക്കിയപ്പോള്‍ 16 ഓവറില്‍ പഞ്ചാബ് 112/6 എന്ന നിലയിലേക്ക് വീണു.

മത്സരം അവസാനിച്ചപ്പോള്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടിയത്. കൃഷ്ണപ്പ ഗൗതം 13 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈയ്ക്കായി ജെയിംസ് പാറ്റിന്‍സണ്‍, ജസ്പ്രീത് ബുംറ, രാഹുല്‍ ചഹാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

 

Exit mobile version