നെയ്മറിന്റെ പരിക്ക് ഗുരുതരം, ഒരു മാസത്തോളം പുറത്തിരിക്കും

പിഎസ്ജി ആരാധകരുടെ പ്രാർത്ഥനകൾ വിഫലം. നെയ്മർ ജൂനിയർ ഒരു മാസത്തോളം കളത്തിന് പുറത്തിരിക്കും. പിഎസ്ജി സോഷ്യൽ മീഡിയയിലൂടെയാണ് നെയ്മറിന്റെ മെഡിക്കൽ അപ്ഡേറ്റ്സ് പങ്ക് വെച്ചത്. ബ്രസീലിന് വേണ്ടി സൗഹൃദ മത്സരം കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. നൈജീരിയയെ നേരിടാൻ ഇറങ്ങിയ നെയ്മർ ആകെ‌ 12 മിനുട്ട് മാത്രമെ കളിച്ചുള്ളൂ. കാൽ മസിലിന് വേദനയനുഭവപ്പെട്ട നെയ്മർ ഉടൻ തന്നെ സബ്ബായി കളം വിടുകയായിരുന്നു. ഇത്തവണയും ഹാംസ്ട്രിംഗിലെ സ്ട്രെയിൻ തന്നെയാണ് നെയ്മറിന് വില്ലനായത്.

ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ് ബ്രൂജിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും. കഴിഞ്ഞ സീസൺ അവസാനത്തിൽ പരിക്കേറ്റ നെയ്മറിന് കോപ അമേരിക്ക അടക്കമുള്ള വലിയ മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ സീസൺ തുടക്കത്തിലും നെയ്മറിന് കളിക്കാൻ ആയിരുന്നില്ല. കളത്തിൽ തിരിച്ചെത്തി തന്റെ പതിവ് ഫോമിലേക്ക് മടങ്ങുന്നതിനിടയിൽ വീണ്ടും പരിക്കേറ്റിരിക്കുന്നത് നെയ്മറിന്റെ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ബ്രസീലിനായി ചരിത്രമെഴുതി നെയ്മർ

ബ്രസീലിന് വേണ്ടി ചരിത്രമെഴുതി പിഎസ്ജിയുടെ സൂപ്പർ താരം നെയ്മർ ജൂനിയർ. ബ്രസീലിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി നെയ്മർ. സെനഗലിനെതിരായ സൗഹൃദമത്സരത്തിലാണ് ഈ നേട്ടം നെയ്മർ സ്വന്തമാക്കിയത്. ബ്രസീൽ സെനഗൽ മത്സരം സമനിലയിൽ പിരിഞ്ഞു. 27ആം വയസിലാണ് ബ്രസീലിയൻ ദേശീയ ടീമിന് വേണ്ടി ഈ നേട്ടം നെയ്മർ കുറിക്കുന്നത്.

100 മത്സരങ്ങൾ തികച്ച നെയ്മർ 61 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിനു പുറമേ 41 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ മൂന്നാം സ്ഥാനത്താണ് നെയ്മർ. ഇതിഹാസ താരങ്ങളായ പെലെയും റോണോൾഡോയുമാണ് ഇനി നെയ്മറിന് മുന്നിലുള്ളത്. 77 ഗോളുകളാണ് പെലെ 92 മത്സരങ്ങളിൽ നിന്നായി നേടിയിട്ടുള്ളത്. പെലെയുടെ റെക്കോർഡ് മറികടക്കാൻ നെയ്മറിനാകുമെന്നാണ് ബ്രസീലിയൻ ആരാധകർ പ്രതിക്ഷിക്കുന്നത്.

നെയ്മറിന് ബലോൺ ഡി ഓർ നേടാനുള്ള കഴിവ് ഉണ്ടെന്ന് ഹെരേര

പി.എസ്.ജി താരം നെയ്മറിന് ബലോൺ ഡി ഓർ പുരസ്‌കാരം നേടാനുള്ള എല്ലാ കഴിവും ഉണ്ടെന്ന് പി.എസ്.ജിയിൽ നെയ്മറിന്റെ സഹ താരമായ അൻഡർ ഹെരേര. ലിയോണിനെതിരെ അവസാന മിനുറ്റിലെ നെയ്മറിന്റെ ഗോളിൽ പി.എസ്.ജി തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഹെരേര. കഴിഞ്ഞ ദിവസം സ്ട്രാസ്ബർഗിനെതിരെയും ഇഞ്ചുറി ടൈമിൽ ഗോൾ നേടി നെയ്മർ പി.എസ്.ജിക്ക് ജയം നേടികൊടുത്തിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ഹെരേര പി.എസ്.ജിയിൽ എത്തുന്നത്. നെയ്മറിന്റെ കൂടെ കളിയ്ക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നെയ്മറിന് ഈ സീസണിലോ അല്ലെങ്കിൽ അടുത്ത രണ്ട് വർഷത്തിനിടയിലോ ബലോൺ ഡി ഓർ പുരസ്‌കാരം നേടാൻ സാധിക്കുമെന്നും ഹെരേര പറഞ്ഞു. നെയ്മറിന്റെ പ്രകടനത്തിൽ എല്ലാവരും സന്തോഷവാന്മാർ ആണെന്നും താരം ഇതേ പ്രകടനം സീസൺ മുഴുവൻ പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹെരേര പറഞ്ഞു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ പി.എസ്.ജിയിൽ നിന്ന് ബാഴ്‌സലോണയിൽ എത്തുമെന്ന് കരുതപ്പെട്ടെങ്കിലും താരത്തിന്റെ ട്രാൻസ്ഫർ നടന്നിരുന്നില്ല.

നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് ടീമിന് ഗുണം ചെയ്‌തെന്ന് പി.എസ്.ജി പരിശീലകൻ

റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരങ്ങളായ നെയ്മറും കവാനിയും എമ്പപ്പെയുമില്ലാത്തത് പി.എസ്.ജിക്ക് ഗുണം ചെയ്തുവെന്ന് പി.എസ്.ജി പരിശീലകൻ തോമസ് ടൂക്കൽ. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൂന്ന് സൂപ്പർ താരങ്ങൾ പി.എസ്.ജി നിരയിൽ ഇല്ലാതിരുന്നിട്ടും ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പി.എസ്.ജി റയൽ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ ഒരു ഷോട്ട് പോലും പി.എസ്.ജിയുടെ പോസ്റ്റിലേക്ക് അടിക്കാൻ റയൽ മാഡ്രിഡിനായിരുന്നില്ല.

കവാനി, നെയ്മർ, എമ്പപ്പെ എന്നീ മൂന്ന് താരങ്ങളുടെ അഭാവം ടീമിന് ഗുണം ചെയ്തു. ഈ മൂന്ന് താരങ്ങളുമില്ലാതെ ജയിക്കാൻ കഴിയില്ലെന്ന തോന്നൽ ടീമിൽ നിന്ന് സമ്മർദ്ദം അകറ്റിയെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. ഈ മൂന്ന് താരങ്ങളുടെ അഭാവത്തിൽ മത്സരത്തിൽ പി.എസ്.ജിക്ക് സാദ്ധ്യതകൾ കുറവായിരുന്നെന്നും അത് കൊണ്ട് താരങ്ങൾക്ക് കൂടുതൽ സമ്മർദ്ദം ഇല്ലാതെ കളിക്കാൻ പറ്റിയെന്നും പി.എസ്.ജി പരിശീലകൻ പറഞ്ഞു. നെയ്മറിന് രണ്ട് മത്സരങ്ങളിൽ നിന്നുള്ള വിലക്ക് മൂലമാണ് റയൽ മാഡ്രിഡിനെതിരെ കളിയ്ക്കാൻ പറ്റാതിരുന്നത്. അതെ സമയം എമ്പപ്പെക്കും കവാനിക്കും പരിക്ക് മൂലമാണ് റയൽ മാഡ്രിഡിനെതിരായ മത്സരം നഷ്ടമായത്.

മെസ്സി നമ്പർ വൺ താരം, നെയ്മർ ആദ്യ മൂന്നിൽ ഇല്ലെന്ന് റിവാൾഡോ

നിലവിൽ ഏറ്റവും മികച്ച താരം ബാഴ്‌സലോണയുടെ അർജന്റീന താരം മെസ്സിയാണെന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ.  അതെ സമയം പി.എസ്.ജിയുടെ ബ്രസീൽ താരം നെയ്മർ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഉൾപ്പെടില്ലെന്നും റിവാൾഡോ പറഞ്ഞു. മെസ്സിക്ക് പിറകിൽ മികച്ച രണ്ടാമത്തെ താരം യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്നും മികച്ച മൂന്നാമത്തെ താരം ആരാണെന്ന് താൻ ചിന്തിച്ചിട്ടില്ലെന്നും റിവാൾഡോ പറഞ്ഞു.

അതെ സമയം ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ സ്പാനിഷ് ലാ ലീഗയിൽ എത്തുകയാണെങ്കിൽ അടുത്ത സീസണിൽ നെയ്മർ ഏറ്റവും മികച്ച മൂന്ന് താരങ്ങളുടെ പട്ടികയിലോ അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായോ മാറുമെന്നും റിവാൾഡോ പറഞ്ഞു.  നെയ്മർ ബാഴ്‌സലോണ വിട്ട് പോയത് ഒരു തെറ്റായിരുന്നെന്നും അതെ സമയം താരം ബാഴ്‌സലോണയിലേക്ക് തിരിച്ചുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും ലോകകപ്പ് ജേതാവ് കൂടിയായ റിവാൾഡോ പറഞ്ഞു.

നെയ്മർ സെപ്റ്റംബർ രണ്ടിന് അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിൽ എത്താനുള്ളതിനേക്കാൾ സാധ്യത ബാഴ്‌സലോണയിൽ ഇതാണ് ആണെന്നും റിവാൾഡോ പറഞ്ഞു. എന്നാൽ നെയ്മർ റയൽ മാഡ്രിഡിൽ എത്തിയാലും അത് നെയ്മറിനും റയൽ മാഡ്രിഡിനും നല്ലത് മാത്രമേ വരൂ എന്നും റിവാൾഡോ പറഞ്ഞു.

നെയ്മർ ബാഴ്‌സലോണയിലേക്കില്ലെന്ന് ബാഴ്‌സ വൈസ് പ്രസിഡന്റ്

ഈ സമ്മർ വിൻഡോയിൽ നെയ്മർ ബാഴ്‌സലോണയിൽ എത്തില്ലെന്ന് ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോർഡി കാർഡോണർ. ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മർ ബാഴ്‌സലോണയിൽ തിരിച്ചെത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. താരത്തിന് പി.എസ്.വിടണമെന്ന് ക്ലബ്ബിനെ അറിയിച്ചിരുന്നതായും വാർത്തകൾ വന്നു. എന്നാൽ കൂടുതൽ തുക ലഭിക്കാതെ നെയ്മറിനെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് പി.എസ്.ജി വ്യക്തമാക്കിയതോടെ നെയ്മറിന്റെ ട്രാൻസ്ഫർ നടന്നിരുന്നില്ല.

പി.എസ്.ജിയിൽ നെയ്മർ സന്തോഷവാൻ അല്ലെന്ന് അറിയാമെന്നും എന്നാൽ ആ കാര്യങ്ങൾ നെയ്മറും പി.എസ്.ജിയും കൂടിച്ചേർന്ന് തീരുമാനിക്കേണ്ടതാണെന്നും ജോർഡി കാർഡോണർ പറഞ്ഞു. ഇന്നത്തെ കണക്കനുസരിച്ച് നെയ്മർ ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണയിൽ എത്താൻ ഒരു സാധ്യതയും ഇല്ലെന്നും ബാഴ്‌സലോണ വൈസ് പ്രസിഡന്റ് പറഞ്ഞു.

പി.എസ്.ജിയും ബാഴ്‌സലോണയും തമ്മിൽ വളരെയധികം ബഹുമാനം ഉണ്ടെന്നും എന്നെങ്കിലും നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള വരവിന് സാധ്യതയുണ്ടെങ്കിൽ അന്ന് അതിനെ പറ്റി സംസാരിക്കാമെന്നും ജോർഡി കാർഡോണർ കൂട്ടിച്ചേർത്തു.

നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ ബുദ്ധിമുട്ടുള്ളത് : ഗ്രീസ്മാൻ

പി.എസ്.ജി സൂപ്പർ താരം നെയ്മറിന്റെ ബാഴ്‌സലോണയിലേക്കുള്ള ട്രാൻസ്ഫർ നടക്കാൻ ബുദ്ധിമുട്ട് ഉള്ളതാണെന്ന് കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡിൽ നിന്ന് ബാഴ്‌സലോണയിൽ എത്തിയ അന്റോണിയോ ഗ്രീസ്മാൻ. ഗ്രീസ്മാന്റെയും മെസ്സിയുടെയും സുവാരസിന്റെയും കൂടെ നെയ്മറും കൂടി ചേരുന്നതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് ഗ്രീസ്മാൻ നെയ്മറിന്റെ ട്രാൻസ്ഫറിനെ കുറിച്ച് സംസാരിച്ചത്.

നെയ്മറുടെ ട്രാൻസ്ഫർ ആദ്യം പൂർത്തിയാക്കണമെന്നും പക്ഷെ അത് നടക്കാൻ ബുദ്ധിമുട്ടുള്ളതാണെന്നും ഗ്രീസ്മാൻ പറഞ്ഞു. നിലവിൽ ബാഴ്‌സലോണയിലുള്ള ഡെംബലെ, കൂട്ടീഞ്ഞോ, മാൽകം എന്നിവർ മികച്ച താരങ്ങൾ ആണെന്നും അവരുടെ കൂടെ ഒരുപാടു കിരീടങ്ങൾ നേടാൻ സാധിക്കുമെന്നും ഗ്രീസ്മാൻ പറഞ്ഞു.  ബാഴ്‌സലോണയിൽ തനിക്ക് മികച്ച സ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ബാഴ്‌സലോണയെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗ്രീസ്മാൻ പറഞ്ഞു.

സുവാരസിന് പിന്തുണയുമായി നെയ്മർ

കോപ്പ അമേരിക്ക മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കിക്ക്‌ നഷ്ടപ്പെടുത്തിയ സുവാരസിന് പിന്തുണയുമായി ബാഴ്‌സലോണയിൽ തന്റെ സഹ താരമായിരുന്ന നെയ്മർ രംഗത്ത്. തന്റെ സോഷ്യൽ മീഡിയയിൽ കൂടിയാണ് സുവാരസിന് പിന്തുണയുമായി നെയ്മർ രംഗത്തെത്തിയത്.

മത്സരത്തിൽ സുവാരസ് നഷ്ടപ്പെടുത്തിയ പെനാൽറ്റിയിൽ ഉറുഗ്വ കോപ്പ അമേരിക്കയിൽ നിന്ന് പുറത്തായിരുന്നു. ആദ്യ കിക്ക്‌ എടുത്ത സുവാരസിന്റെ ശ്രമം പെറു ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. മത്സരം ശേഷം സുവാരസ് കരയുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിച്ചിരുന്നു. സുവാരസ് കരയുന്ന വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് നെയ്മർ സുവാരസിന് പിന്തുണ നൽകിയത്.

സുവാരസ് വളരെ വലിയവനാണെന്നും സുവാരസിനെ ഇഷ്ടമാണെന്നും പറഞ്ഞാണ് നെയ്മർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. പി.എസ്.ജി വിട്ട് നെയ്മർ വീണ്ടും ബാഴ്‌സലോണയിലേക്ക് തിരിച്ചുവരുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടയിലാണ് നെയ്മറിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റ്. പരിക്ക് മൂലം നെയ്മറിന് കോപ്പ അമേരിക്ക കളിക്കാൻ പറ്റിയിരുന്നില്ല.

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ ശക്തരെന്ന് ഡാനി ആൽവേസ്

കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ നെയ്മർ ഇല്ലെങ്കിൽ ബ്രസീൽ ടീം ശക്തരാണെന്ന് പ്രതിരോധ താരം ഡാനി ആൽവേസ്. ഖത്തറിനെതിരായ സൗഹൃദ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ആംഗിളിനാണ് പരിക്കേറ്റത്. ഇതോടെയാണ് കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ നിന്ന് നെയ്മർ പുറത്തായത്.

എല്ലാ സമയവും തങ്ങൾ ദേശീയ ടീമിൽ എത്തുമ്പോൾ നെയ്മർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രസീൽ മികച്ച ടീമാണെന്ന് തെളിയിക്കണമെന്നും നെയ്മറെ പോലെ ഒരു താരം ടീമിലെത്തുമ്പോൾ ബ്രസീലിന്റെ ശക്തി വർദ്ധിക്കുകയാണെന്നും ഡാനി ആൽവേസ് പറഞ്ഞു. നെയ്മറിന്റെ അഭാവത്തിൽ ടീമിന്റെ കഴിവുകൾ കുറയില്ലെന്നും പി.എസ്.ജി താരം കൂടിയായ ആൽവേസ് പറഞ്ഞു.

നെയ്മറിന്റെ അഭാവത്തിൽ കോപ്പ അമേരിക്കയിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ബ്രസീൽ 3-0ന് ബൊളീവിയയെ തോൽപ്പിച്ചിരുന്നു. നെയ്മറിന്റെ അഭാവത്തിൽ ഇരട്ട ഗോൾ നേടിയ കൂട്ടീഞ്ഞോയും ഒരു ഗോൾ നേടിയ എവർട്ടണും ബ്രസീലിന്റെ വിജയം ഉറപ്പിച്ചിരുന്നു. ജൂൺ 19ന് വെനിസ്വലയാണ് അടുത്ത മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ.

നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് വിനീഷ്യസ്

ബ്രസീൽ സൂപ്പർ താരം നെയ്മറാണ് തന്റെ ആരാധനാപാത്രമെന്ന് ബ്രസീൽ യുവതാരം വിനീഷ്യസ് ജൂനിയർ. 18കാരനായ വിനീഷ്യസ് നെയ്മറിന് ശേഷം ബ്രസീലിന്റെ ഭാവി താരമായാണ് കണക്കാക്കപ്പെടുന്നത്. നെയ്മറെ കൂടാതെ റൊണാൾഡീഞ്ഞോയും തന്റെ ആരാധനാപാത്രമാണെന്ന് വിനീഷ്യസ് പറഞ്ഞു. ഗ്രൗണ്ടിൽ നെയ്മർ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും വിനീഷ്യസ് പറഞ്ഞു. നെയ്മറുടെ കളിക്കളത്തിലെ പ്രകടനങ്ങൾ താരം തനിക്ക് വീഡിയോയായി അയച്ചു തരാറുണ്ടെന്നും അതെ പോലെ ചെയ്യാൻ തന്നോട് പറയാറുണ്ടെന്നും വിനീഷ്യസ് പറഞ്ഞു.

റയൽ മാഡ്രിഡ് താരമായ വിനീഷ്യസിന് കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ബ്രസീൽ ടീമിൽ ഇടം ലഭിച്ചിരുന്നില്ല. പരിക്കേറ്റ് കോപ്പ അമേരിക്കക്കുള്ള ബ്രസീൽ ടീമിൽ നിന്ന് പുറത്തുപോയ സൂപ്പർ താരം നെയ്മറിന് പകരം വിനീഷ്യസ് ഇടം നേടുമെന്ന് കരുതപ്പെട്ടെങ്കിലും ചെൽസി താരം വില്യനാണ് ബ്രസീൽ ടീമിൽ ഇടം ലഭിച്ചത്.

പരിശീലനത്തിനിടെ നെയ്മറിന് വീണ്ടും പരിക്ക്

കോപ്പ അമേരിക്കക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിക്ക് വീണ്ടും ഭീഷണി. കഴിഞ്ഞ ദിവസം ബ്രസീൽ ടീമിന്റെയൊപ്പം പരിശീലനത്തിനിടെയാണ് സൂപ്പർ താരം താരം നെയ്മറിന് പരിക്കേറ്റത്. താരത്തിന്റെ ഇടത് കാൽ മുട്ടിനാണ് പരിക്കേറ്റത്. ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നെയ്മറെ പരിശീലകൻ നീക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് പരിശീലനത്തിനിടെ നെയ്മറിന് പരിക്കേറ്റത്. നെയ്മറിന്റെ പരിക്കിന്റെ വ്യപ്തി എത്രയാണെന്ന് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2007ന് ശേഷം ഒരു പ്രധാന കിരീടം നേടി ഇറങ്ങുന്ന ബ്രസീലിന് നെയ്മറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്. 1989ന് ശേഷം ആദ്യമായി ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക എന്ന പ്രത്യേകതയും ഈ വർഷത്തെ ടൂർണമെന്റിന് ഉണ്ട്. ജൂൺ 15ന് നടക്കുന്ന ബ്രസീൽ – ബൊളീവിയ മത്സരത്തോടെയാണ് ഈ വർഷത്തെ കോപ്പ അമേരിക്കയുടെ തുടക്കം. കഴിഞ്ഞ രണ്ടു സീസണുകളിൽ പരിക്ക് വിടാതെ പിന്തുടരുന്ന നെയ്മറിന് പരിക്ക് മൂലം ഒരുപാടു മത്സരങ്ങൾ നഷ്ടമായിരുന്നു. കഴിഞ്ഞ സീസണിൽ കാലിനേറ്റ പരിക്കുമായിട്ടാണ് നെയ്മർ റഷ്യയിൽ നടന്ന ലോകകപ്പ് കളിക്കാൻ ഇറങ്ങിയത്. ഈ സീസണിലും പരിക്കേറ്റ് നെയ്മർ മാസങ്ങളോളം പുറത്തിരുന്നിരുന്നു.

അടുത്തിടെ റെന്നീസ് ആരാധകന്റെ മുഖത്തിടിച്ചതിന്റെ പേരിൽ ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ നെയ്മറിന് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂടാതെ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരായ പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയതിന് യുവേഫ നെയ്മറെ മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.

ഹസാർഡിനൊപ്പം കളിക്കുക എന്നത് വലിയ ആഗ്രഹം- നെയ്മർ

ബെൽജിയൻ സൂപ്പർ താരം ഈഡൻ ഹസാർഡിനൊപ്പം കളിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ ജൂനിയർ. ഫോക്‌സ് സ്പോർഡ്സിന് അനുവദിച്ച അഭിമുഖത്തിലാണ്‌ നെയ്‌നർ തനിക്ക് ഹസാർഡിന്റെ കൂടെ കളിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. ഇരുവരും റയൽ മാഡ്രിഡിൽ എത്തിയേക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് നെയ്മറിന്റെ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.

‘ഹസാർഡ് വുത്യസ്തനായ കളിക്കാരനാണ്, എന്റെ ഫുട്‌ബോൾ ശൈലിയുമായി ഹസാർഡിന്റെ കളിക്ക് ഏറെ ബന്ധമുണ്ട്’ എന്നാണ് നെയ്‌നർ ഹസാർഡിന്റെ കളിയെ വിലയിരുത്തിയത്. നേരത്തെ ലോകകപ്പിൽ ഇരുവരും ഏറ്റു മുട്ടിയപ്പോൾ ഹസാർഡിന്റെ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്തായിരുന്നു.

പരിക്കേറ്റ് പുറത്തിരിക്കുന്നതിനിടെ ബ്രസീലിൽ റിയോ കാർണിവലിൽ പങ്കെടുത്ത നെയ്മറിന്റെ നടപടിക്കെതിരെ പി എസ് ജി ആരാധകർ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാൽ ആ സമയത്ത്‌ പരിക്ക് ഏറെക്കുറെ മാറിയിരുന്നു എന്നും, താൻ പരിശീലനം ആരംഭിച്ചിരുന്നു എന്നും നെയ്മർ പ്രതികരിച്ചു. ഫുട്‌ബോൾ കളിച്ചിരുന്ന കാലത്ത് തന്നെക്കാൾ മോശം കാര്യങ്ങൾ ചെയ്ത മുൻ കളിക്കാർ തന്നെ വിമർശിക്കുന്നതിനെയും നെയ്മർ അഭിമുഖത്തിൽ വിമർശിച്ചു.

Exit mobile version